Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 09

2792

1438 റബീഉല്‍ അവ്വല്‍ 09

ഇസ്‌ലാമോഫോബിയയും മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വവും

സല്‍മാന്‍ സയ്യിദ്

തീവ്രവാദം എന്ന മുദ്ര ചാര്‍ത്തപ്പെടുകയും 'പൊതുവായതില്‍'നിന്ന് വ്യത്യസ്തത ആരോപിക്കുകയും ചെയ്യപ്പെടുന്ന മുസ്‌ലിം വിഷയികളെ(Muslim Subjects)ക്കുറിച്ചാണ് ഈ പഠനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഭീതിപ്പെടുത്തുന്നതും കാല-ദേശങ്ങളിലൊതുങ്ങാത്തതും അപൂര്‍ണവുമായ വിഷയികളായാണ് (Subjects) മുസ്‌ലിംകള്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. അപൂര്‍ണമായ ഈ വംശീയ വിഷയികളെ (Racial Subjects) ശരിപ്പെടുത്തുന്ന ജ്ഞാനവ്യവഹാരമായാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തനക്ഷമമാവുന്നത്. അതിന്റെ വംശീയ സ്വഭാവത്തെ നിഷേധിച്ചുകൊണ്ടാണ് അത് സ്വയം നിലനില്‍പ്പ് സാധ്യമാക്കുന്നത്. നിയമലംഘകരെ നിയന്ത്രിക്കുക എന്നതില്‍നിന്ന് ഒരു ജനതയെ മുഴുവന്‍ തീവ്രവാദികളാക്കുന്നതിലേക്കുള്ള മാറ്റം അതിനുദാഹരണമാണ്.

2003-ല്‍ പുറത്തിറങ്ങിയ ജെയിംസ് മന്‍ഗോള്‍ഡിന്റെ 'ഐഡന്റിറ്റി' എന്ന സിനിമ ഒരു മനഃശാസ്ത്ര വിദഗ്ധനും വ്യത്യസ്ത വ്യക്തിത്വങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്താല്‍ ഏകാത്മക വ്യക്തിത്വം രൂപപ്പെടുത്താന്‍ കഴിയാത്ത  മാനസികനില തെറ്റിയ ഒരു കൊലപാതകിയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് വികസിക്കുന്നത്. ബഹുമുഖങ്ങളായ ആഖ്യാനങ്ങളുണ്ട് എന്നതാണ് സിനിമയുടെ പ്രത്യേകത. ഒരു ഹോട്ടലില്‍ കുടുങ്ങിയ അതിഥികളായ ഏതാനും അപരിചിതരെക്കുറിച്ച കഥയും സമാനമായി സിനിമയില്‍ പറയുന്നുണ്ട്. അവര്‍ ഓരോന്നായി വധിക്കപ്പെടുന്നു. എന്നാല്‍ പിന്നീടാണ് അവര്‍ യഥാര്‍ഥ മനുഷ്യരല്ല എന്ന് മനസ്സിലാകുന്നത്. നേരത്തേ സൂചിപ്പിച്ച കൊലപാതകിയുടെ ഒട്ടനവധി വ്യക്തിത്വങ്ങളുടെ പ്രതിനിധാനങ്ങളാണവ. ഒടുവില്‍ കൊലപാതകിയുടെ മാനസിക സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തപ്പെടുകയാണ്. അതിഥികളില്‍ സ്വയം അതിജീവിക്കുന്നവനായിരിക്കും കൊലപാതകിയുടെ ശരിയായ വ്യക്തിത്വം. പരസ്പര സഹകരണത്തോടെയുള്ള നിലനില്‍പ്പ് വ്യത്യസ്ത വ്യക്തിത്വങ്ങള്‍ തമ്മില്‍ സാധ്യമല്ലാത്തതുകൊണ്ടാണ് ഒന്നൊഴികെ ബാക്കിയെല്ലാം ഇല്ലാതാക്കപ്പെടുന്നത്.

ഭീകരതക്കെതിരായ യുദ്ധത്തിന്റെ കാലത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ഈ മാതൃകയിലാണ്. അധീശ ഭാവനകളില്‍ മുസ്‌ലിംകള്‍ അയഥാര്‍ഥമായ വിഷയികളാണ്. വംശീയ ന്യൂനപക്ഷങ്ങള്‍ പാശ്ചാത്യ രാഷ്ട്രങ്ങളില്‍ മനസ്സിലാക്കപ്പെടുകയും നിര്‍വചിക്കപ്പെടുകയും ചെയ്യുന്ന രീതികളെ മുസ്‌ലിം സ്വത്വങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട് എന്നതാണ് അതിന് കാരണം. വംശീയ ഭാവനയുടെ യുക്തിക്കകത്ത് വംശീയ ന്യൂനപക്ഷങ്ങള്‍ക്കുള്ള കര്‍തൃത്വമല്ല മുസ്‌ലിംകള്‍ക്കുള്ളത്. അത് തികച്ചും സവിശേഷമാണ്. വംശീയ ന്യൂനപക്ഷങ്ങളെക്കുറിച്ച പാശ്ചാത്യ ഭാവനകള്‍ക്കകത്ത് അതിന് നിലനില്‍ക്കാനാവില്ല. അതിനാല്‍തന്നെ മുസ്‌ലിമിന്റെ സാന്നിധ്യം എപ്പോഴും പ്രശ്‌നാധിഷ്ഠിതമാണ്. ദേശത്തിന്റെ സ്വസ്ഥമായ നിലനില്‍പ്പിനുതന്നെ ഭീഷണിയാണത്. അതിനാല്‍തന്നെ ദേശത്തെ അപകടപ്പെടുത്തുന്ന വ്യത്യസ്തതകളെ തുടച്ചുനീക്കുക എന്നതാണ് അതിനുള്ള പരിഹാരം.

വംശപരമായി അടയാളപ്പെടുത്തപ്പെട്ടവരെ വംശീയ സമൂഹമായി കാണുകയാണ് ഈ വ്യവഹാരം ചെയ്യുന്നത്. എന്നാല്‍ അതേസമയം മുസ്‌ലിംകളെ അപൂര്‍ണമായി വംശവത്കരിക്കപ്പെട്ടവരായി കാണുകയും ചെയ്യുന്നു. അഥവാ, മുസ്‌ലിംകള്‍ ഒരു വംശസമൂഹമല്ല. ഇസ്‌ലാമോഫോബിയക്കെതിരായ സംരക്ഷണത്തിന്റെ ആവശ്യകതയെ നിഷേധിക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന കാരണം ഇതിന് നല്ലൊരുദാഹരണമാണ്. അവര്‍ പറയുന്നത് ഇസ്‌ലാമോഫോബിയക്ക് വംശീയസ്വഭാവമില്ല എന്നാണ്. ഇസ്‌ലാമോഫോബിയയുടെ സ്വഭാവത്തെയല്ല അവര്‍ നിഷേധിക്കുന്നത്. മറിച്ച്, മുസ്‌ലിം സ്വത്വങ്ങളുടെ സ്വഭാവത്തെയാണ്. അഥവാ, മുസ്‌ലിംകള്‍ ഒരു വംശീയ സമൂഹമല്ലാത്തതുകൊണ്ടുതന്നെ ഇസ്‌ലാമോഫോബിയ ഒരു വംശീയരൂപമല്ല. അതിന് കാരണമായി പറയുന്നത് മുസ്‌ലിംകള്‍ വംശീയമായി അപൂര്‍ണരാണ് എന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ വംശം എന്നതിന് ജൈവശാസ്ത്രപരമായ അടിത്തറയില്ല. ജനങ്ങള്‍ പ്രത്യേക രീതിയില്‍ വേര്‍തിരിക്കപ്പെടുകയും അവര്‍ വംശീയമായി നിര്‍മിക്കപ്പെടുകയുമാണ് ചെയ്യുന്നത്. മുസ്‌ലിംകള്‍ വംശീയമായി അപൂര്‍ണമാണ് എന്ന് സ്ഥാപിക്കപ്പെടുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ഒന്നാമതായി, ഇസ്‌ലാമോഫോബിയയുടെ നിലനില്‍പ്പിനെ നിഷേധിക്കുന്നതിലൂടെ മുസ്‌ലിംവിരുദ്ധ വംശീയതയുടെ സാധ്യതകളെ അത് തുറന്നിടുന്നു. അതോടൊപ്പം വേറൊരു തലത്തില്‍ മുസ്‌ലിംകളെ വംശീയവത്കരണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.

ദേശത്തിന്റെ സൈ്വരവിഹാരത്തെ തടസ്സപ്പെടുത്തുന്ന സാന്നിധ്യമായാണ് ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ വംശീയവത്കരിക്കുന്നത്. ദേശത്തിനും മുസ്‌ലിംകള്‍ക്കും പരസ്പരം പങ്കുവെക്കാവുന്ന പൊതുഭൂമികയൊന്നുമില്ല. ഉദാഹരണത്തിന്, ജര്‍മനിയില്‍ ഇസ്‌ലാമികവത്കരണം നടക്കുന്നു എന്നാരോപിച്ചു കൊണ്ടാണ് ജര്‍മന്‍ ഫ്രീഡം പാര്‍ട്ടി തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം ഉറപ്പിച്ചത്. ദേശവും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകളാണ് അത് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്, ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ ഡച്ച് പാര്‍ട്ടി ഫോര്‍ ഫ്രീഡം, ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയവയെല്ലാം മുസ്‌ലിംകള്‍ ദേശത്തിന്റെ രാഷ്ട്രീയ ഭാവനകള്‍ക്ക് പുറത്താണ് എന്ന് വാദിക്കുന്നവരാണ്. ചുരുക്കത്തില്‍, ദേശവും മുസ്‌ലിംകളും തമ്മില്‍ പരസ്പര സഹകരണത്തിന്റേതായ ഒരു നിലനില്‍പ്പ് സാധ്യമല്ല. ന്യൂനപക്ഷങ്ങളില്‍ അന്തര്‍ലീനമായ വ്യത്യസ്തതയുടെ ആധിക്യംകൊണ്ടാണ് അവരെ നിയന്ത്രിക്കാന്‍ കഴിയാത്തത് എന്നാണ് ഇത്തരം അധീശവ്യവഹാരങ്ങള്‍ പറയുന്നത്. ഫ്രാന്‍സിലും ഇറ്റലിയിലും നെതര്‍ലാന്റിലുമൊക്കെ നടപ്പിലാക്കിയ, നടപ്പിലാക്കുന്ന ബുര്‍ഖാനിരോധം ഈ വ്യത്യസ്തതകളുടെ ആധിക്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മുസ്‌ലിം സാന്നിധ്യം വെല്ലുവിളിക്കുന്ന വംശത്തിന്റെ അധീശമായ വ്യാകരണത്തെ സ്ഥിരപ്പെടുത്താനുള്ള ശ്രമമാണത്. അതുകൊണ്ടാണ് മുസ്‌ലിംകളെ അയഥാര്‍ഥമായ, പ്രേതസാന്നിധ്യമായി ഇസ്‌ലാമോഫോബിയ പ്രതിനിധാനം ചെയ്യുന്നത്. വലതുപക്ഷവും ലിബറലുകളും പുരോഗമനകാരികളും ഒരുപോലെ ഇതുന്നയിക്കുന്നുണ്ട് എന്നതാണ് രസകരം. 'തെരുവും' 'ദേശവും' ഒരുപോലെ നടത്തുന്ന മുസ്‌ലിംവിരുദ്ധ വംശീയതയെക്കുറിച്ചുള്ള പഠനങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ഇസ്‌ലാമോഫോബിയയെക്കുറിച്ച് ഇംഗ്ലണ്ടില്‍ പുറത്തിറങ്ങിയ പഠനങ്ങളില്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. അഥവാ, യൂറോപ്പിനെ ബുര്‍ഖകൊണ്ടും വയലന്‍സ്‌കൊണ്ടും ഭീഷണിപ്പെടുത്തുന്ന മുസ്‌ലിംകളെക്കുറിച്ചാണ് തെരുവുകളും ദേശവും ഒരുപോലെ സംസാരിക്കുന്നത്.

വംശീയമായും വര്‍ഗപരമായും അടയാളപ്പെടുത്തപ്പെട്ട ജനങ്ങള്‍ സംഘടിക്കപ്പെട്ടത് പ്രത്യേക തരത്തിലുള്ള നാമധാരണത്തിലൂടെയായിരുന്നു (Namings). അങ്ങനെയാണ് അവരെ ഭരണനിര്‍വഹണത്തിന് വിധേയമാക്കാന്‍ ദേശരാഷ്ട്രങ്ങള്‍ക്ക് സാധിച്ചത്. വംശീയവല്‍ക്കരണത്തിലൂടെയും ദേശരാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ചെറുത്തുനില്‍പ്പുകളിലൂടെയുമൊക്കെയാണ് നാമധാരണം (Namings)സാധ്യമാകുന്നത്. എന്നാല്‍, കൊളോണിയല്‍ വികാസത്തിന്റെയും അടിമത്തത്തിന്റെയും പശ്ചാത്തലത്തില്‍ ഉണ്ടായ ഭാവനയുടെ മേല്‍ക്കോയ്മയാണ് ഇതര ജനങ്ങളുടെ ബുദ്ധിയും വിവരവുമെല്ലാം അളക്കാനുള്ള മാനദണ്ഡം. ഈ അധീശമായ സാമൂഹികവിഷയി എപ്പോഴും വെളുത്ത പുരുഷനായിരിക്കും. വെളുത്തവരല്ലാത്ത ജനസമൂഹങ്ങള്‍ തങ്ങളുടെ നിലനില്‍പ്പ് സാധ്യമാക്കേണ്ടത് വെളുപ്പിന്റെ സത്താപരത(White Ontology)യെ സ്വാംശീകരിച്ചുകൊണ്ടാവണം. എന്നാല്‍, എല്ലാ ആധുനിക വംശീയ പദ്ധതികളിലും, ജനങ്ങള്‍ തങ്ങളുടെ മേലുള്ള വംശീയമായ നാമധാരണത്തെ വെല്ലുവിളിക്കുകയും സ്വന്തമായ ആവിഷ്‌കാരങ്ങള്‍ സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ബ്രിട്ടനില്‍ 1970-കളില്‍തന്നെ വംശീയതയെ ചെറുക്കുന്നതോടൊപ്പം കറുപ്പ് (Blackness) സവിശേഷമായ ഒരു കര്‍തൃത്വസ്ഥാനം കറുത്ത വര്‍ഗക്കാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, റാഡിക്കലായ കറുത്ത രാഷ്ട്രീയ സ്വത്വങ്ങളുടെ സാന്നിധ്യത്തെ സ്റ്റേറ്റ് ഭയന്നിരുന്നതിനാലും കറുപ്പിന്റെ (Blackness) നിശ്ചിതവല്‍ക്കരണ(Essentialization)ത്തെ വംശീയവിരുദ്ധര്‍ എതിര്‍ത്തിരുന്നതിനാലും ചെറുത്തുനില്‍പ്പിന്റെ  രാഷ്ട്രീയ സൂചകമായി മാറാന്‍ കറുപ്പിന് (Blackness) കഴിഞ്ഞില്ല. കറുത്തവര്‍, ഏഷ്യക്കാര്‍ എന്നിങ്ങനെയുള്ള നിര്‍ണയങ്ങളെ വ്യത്യസ്തങ്ങളായ വംശവിഭാഗങ്ങളില്‍പെട്ട കുടിയേറ്റ ജനങ്ങളുടെ സാന്നിധ്യം ചോദ്യംചെയ്തു. ഏകാത്മകമായി ജനസമൂഹങ്ങളെ നിര്‍വചിക്കുന്ന ദേശരാഷ്ട്രത്തിന്റെ രീതികളെയും അത് തകിടംമറിക്കുകയുണ്ടായി. ദേശരാഷ്ട്രത്തിന്റെ വംശീയമായ നിര്‍ണയങ്ങളെ മറികടന്ന് ന്യൂനപക്ഷങ്ങള്‍ പുതിയ ഭാഷയും വ്യാകരണവും വികസിപ്പിച്ചു. സാത്താനിക് വേഴ്‌സസ് വിവാദകാലത്തും ഒന്നാം ഗള്‍ഫ് യുദ്ധകാലത്തും ഉണ്ടായ മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഈ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.

സ്വയം നാമവത്കരണം നല്‍കുന്നതിലൂടെയാണ് സമകാലിക മുസ്‌ലിം ആവിഷ്‌കാരങ്ങള്‍ അധീശമായ നിര്‍ണയങ്ങളെ വെല്ലുവിളിക്കുന്നത്. സാമൂഹികതയുടെ സത്താപരതയെത്തന്നെയാണ് (Ontology of the Social) മുസ്‌ലിം വിഷയികളുടെ (Muslim Subjects) കൂട്ടായ രംഗപ്രവേശം അസ്ഥിരമാക്കുന്നത്. അതുകൊണ്ടാണ് മുസ്‌ലിംകളുടെ സാന്നിധ്യത്തെ നിയന്ത്രിക്കാനുള്ള പ്രത്യേകമായ പരിപാടികള്‍ ദേശരാഷ്ട്രങ്ങള്‍ക്ക് ആവിഷ്‌കരിക്കേണ്ടിവരുന്നത്.  മുസ്‌ലിംകള്‍ എങ്ങനെയാണ് നാമകരണം ചെയ്യപ്പെടുന്നതെന്നും നിയന്ത്രിക്കപ്പെടുന്നതെന്നും മനസ്സിലാക്കാന്‍ അധികാരത്തെയും സ്വത്വങ്ങളെയും ഭരണനിര്‍വഹണത്തെയും കുറിച്ച ചോദ്യങ്ങള്‍ അനിവാര്യമാണ്.

ജനങ്ങളില്‍ സ്വയം അതിജീവിക്കാന്‍ കഴിയുന്നവരും അല്ലാത്തവരുമെന്ന ദ്വന്ദ്വനിര്‍മിതിയിലൂടെയാണ് ദേശരാഷ്ട്രത്തില്‍ ജനങ്ങള്‍ ഭരിക്കപ്പെടുന്നത്. രഹസ്യനിരീക്ഷണമുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ദേശരാഷ്ട്രം അത് സാധ്യമാക്കുന്നത്. 9/11-നുശേഷം മുസ്‌ലിംകളുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. അവരെ നിയന്ത്രിക്കാനായി ദിനേനയെന്നോണം ദേശരാഷ്ട്രങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

മുസ്‌ലിംകളുടെ സ്ഥല-കാലമില്ലായ്മയെയും അപൂര്‍ണമായ വംശീയപരതയെയും കുറിച്ച വ്യവഹാരങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. അപൂര്‍ണ വിഷയികളായ (Incomplete Subjects) മുസ്‌ലിംകള്‍ ഏതു സമയത്തും ലോകത്തിനു മേല്‍ വയലന്‍സ് പ്രയോഗിക്കാന്‍ ശേഷിയുള്ളവരാണ്. ഇങ്ങനെ അദൃശ്യരായും അയഥാര്‍ഥ ലോകത്ത് ജീവിക്കുന്നവരായും ഭീതിപ്പെടുത്തുന്നവരായും മുസ്‌ലിംകളെ അടയാളപ്പെടുത്തുന്നതിലൂടെയാണ് അവര്‍ക്കെതിരെ ഭരണനിര്‍വഹണം സാധ്യമാക്കാന്‍ ദേശരാഷ്ട്രങ്ങള്‍ക്ക് കഴിയുന്നത്. ഉദാഹരണത്തിന്, ബുര്‍ഖയെ ചൂണ്ടിക്കാട്ടിയാണ് ഒരു ന്യൂനപക്ഷ സമൂഹത്തെ മുഴുവന്‍ മധ്യകാല സ്വഭാവം പേറുന്നവര്‍ എന്ന് മുദ്രകുത്തുന്നത്. 0.003 ശതമാനം മാത്രമേ മുസ്‌ലിംകള്‍ ഉള്ളൂ എങ്കിലും ഡെന്‍മാര്‍ക്കില്‍ ബുര്‍ഖാനിരോധനം നടപ്പില്‍വരികയുണ്ടായി. ഒക്‌ലഹോമയിലെ ശരീഅ കോടതികള്‍ക്കെതിരായ നിയമനിര്‍മാണത്തിലും ഇതേ യുക്തിതന്നെയാണ് അടങ്ങിയിരിക്കുന്നത്. അഥവാ, സ്വയം നിലനില്‍പ്പില്ലെങ്കിലും ലോകത്തിന്റെ സൈ്വരവിഹാരത്തെ നശിപ്പിക്കുന്ന മുസ്‌ലിം പ്രേതങ്ങളെയാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍ ലക്ഷ്യമിടുന്നത്. മുസ്‌ലിംകളാണെന്ന് തെറ്റിദ്ധരിച്ച് അമുസ്‌ലിംകള്‍ വ്യാപകമായി കൈയേറ്റത്തിന് വിധേയമാകുന്നതും ഈ പ്രേത മുസ്‌ലിമിന്റെ അനിര്‍വചനീയമായ സാന്നിധ്യത്തോടുള്ള ഭയം മൂലമാണ്.

എങ്ങനെയാണ് ഭീകരരെ തിരിച്ചറിയുക എന്നതിനെക്കുറിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ എങ്ങനെ മുസ്‌ലിംകളെ തിരിച്ചറിയാം എന്ന ചോദ്യത്തിലേക്ക് മാറിയതായി നമുക്ക് കാണാന്‍ സാധിക്കും. ഉദാഹരണത്തിന്, 2005 ജൂലൈ 7-ന് ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം, മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അപരിചിതരായിരുന്ന ആക്രമണകാരികളെ വിശേഷിപ്പിക്കാന്‍ 'നല്ല വൃത്തിയുള്ള തൊലിയുള്ളവര്‍' (Clean Skini) എന്നൊരു പ്രയോഗം നടത്തുകയുണ്ടായി. മുസ്‌ലിംകളുടെ വംശീയമായ അപൂര്‍ണതയെക്കുറിച്ചും ഇല്ലായ്മയെക്കുറിച്ചുമുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഈ പദത്തിന് സവിശേഷമായ പ്രസക്തിയുണ്ട്. 

ഭീകരരെ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് കുടിയേറ്റ നിരോധവും മറ്റ് മുസ്‌ലിംവിരുദ്ധ നിയമനിര്‍മാണങ്ങളും ദേശരാഷ്ട്രങ്ങള്‍ നടപ്പിലാക്കുന്നത്. അഥവാ, കൃത്യം നടത്തിയവര്‍ മാത്രമല്ല, മറിച്ച് 'നല്ല വൃത്തിയുള്ള' തൊലിയുള്ളവരും ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ക്കിരയാകുന്നു. 9/11-നു ശേഷം അമേരിക്കയില്‍ മുസ്‌ലിംകള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നത് ഇതിനുദാഹരണമാണ്. അമേരിക്കയില്‍ മാത്രമല്ല, ഒട്ടനവധി ദേശരാഷ്ട്രങ്ങളില്‍ മുസ്‌ലിംകള്‍ ഭരണകൂട വേട്ടക്കിരയാകുന്നുണ്ട്. 2001-നും 2003-നുമിടയില്‍ ഭീകരരെ കണ്ടെത്താനെന്ന പേരില്‍ എട്ട് മില്യനോളം വരുന്ന മുസ്‌ലിംകളെ ജര്‍മന്‍ പോലീസ് രഹസ്യനിരീക്ഷണത്തിന് വിധേയമാക്കുകയുണ്ടായി. മുസ്‌ലിംകളെ ഒരേസമയം സന്നിഹിതവും അസന്നിഹിതവുമായ ഭീഷണിയായാണ് ഇസ്‌ലാമോഫോബിയ കണക്കാക്കുന്നതെന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.

നാം/അവര്‍ എന്ന ദ്വന്ദ്വനിര്‍മിതിയെ അടിസ്ഥാനമാക്കിയാണ് മുസ്‌ലിം എന്ന പ്രേതസാന്നിധ്യത്തെക്കുറിച്ച വ്യവഹാരങ്ങള്‍ രൂപപ്പെടുന്നത്. ഭീകരതക്കെതിരായ യുദ്ധത്തിനു മുമ്പ് മുസ്‌ലിം ന്യൂനപക്ഷങ്ങളെക്കുറിച്ച പ്രത്യേക തരത്തിലുള്ള അര്‍ഥോല്‍പാദനങ്ങളിലൂടെയായിരുന്നു ദേശരാഷ്ട്രങ്ങള്‍ അധീശവ്യവഹാരങ്ങള്‍ ഉല്‍പാദിപ്പിച്ചിരുന്നത്. ദേശീയ സ്വത്വത്തെ മുസ്‌ലിംകളുടെ അമിതമായ വ്യത്യസ്തത (Excessive Difference of Muslims)അസ്ഥിരപ്പെടുത്തുന്നു എന്ന വാദം ഇതിനുദാഹരണമാണ്. ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി ബ്ലങ്കെറ്റ് പറയുന്നത് നോക്കൂ: ''ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ചില മൂല്യങ്ങളുണ്ട്. ഞങ്ങളുടെ നാട്ടിലേക്ക് വരുന്നവര്‍ അവ അനുസരിക്കേണ്ടതുണ്ട്.'' ഇത്തരം വാദങ്ങള്‍ ബഹുസ്വരമായ ഒരു സാമൂഹികാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് ലിബറല്‍ ബുദ്ധിജീവികള്‍ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. ദേശീയവാദികളെ സംബന്ധിച്ചേടത്തോളം മള്‍ട്ടികള്‍ച്ചറലിസം 'പൊതുവായ'ദേശതാല്‍പര്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന വ്യവഹാരമാണ്. മുസ്‌ലിം വ്യത്യസ്തതകള്‍ അംഗീകരിക്കപ്പെടുന്ന രാഷ്ട്രീയാന്തരീക്ഷം ഉണ്ടാവുക എന്നത് ദേശത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. അതിനാല്‍തന്നെ ഈ ന്യൂനപക്ഷ വിഷയികളെ (Minortiy Subjects) എന്ത് വില കൊടുത്തും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മുസ്‌ലിംകള്‍ക്കെതിരായ ദൈനംദിന വംശീയാതിക്രമങ്ങളായിരുന്നു അതിന്റെ ഫലം. മാത്രമല്ല, എപ്പോഴും സംശയിക്കപ്പെടേണ്ട സമുദായമായി മുസ്‌ലിംകള്‍ മാറുകയും ചെയ്തു. മാത്രമല്ല, മുസ്‌ലിംകളെ അപൂര്‍ണമായ വംശീയ സമൂഹമായാണ് ദേശരാഷ്ട്രം നിര്‍വചിക്കുന്നത്. അതുപോലെ അവര്‍ അമിതമായ വ്യത്യസ്തത(Excessive Difference)യുള്ളവരുമാണ്. അവരെ 'ശരിപ്പെടുത്തുക' എന്നത് ലോകത്തിന്റെതന്നെ സ്ഥിരതക്കും സമാധാനത്തിനും അത്യന്താപേക്ഷിതമാണ്. ചെസ്സ് കളിക്കാന്‍ കറുപ്പും വെളുപ്പും വേര്‍തിരിക്കേണ്ടത് അത്യാവശ്യമാണ് എന്നതുപോലെ 'അസ്ഥിരമായ' രാഷ്ട്രീയ വിഷയികളെ (Political Subjects) ശരിപ്പെടുത്തേണ്ടത് ദേശതാല്‍പര്യങ്ങളെ സംരക്ഷിക്കേണ്ടതിന് അനിവാര്യമാണ്.

അധീശമായ അര്‍ഥങ്ങളെ ചോദ്യംചെയ്യുന്ന ഇടങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് ജനപ്രിയ സംസ്‌കാരത്തിന്റെ പ്രത്യേകത. അത്തരം ഇടങ്ങളെക്കുറിച്ച ഭീതിയില്‍നിന്നാണ് കൂട്ട ജയില്‍നിറക്കലുകളും വംശീയാതിക്രമങ്ങളും ഭരണകൂടത്തിന്റെ ഒളിഞ്ഞുനോട്ടങ്ങളും രൂപപ്പെടുന്നത്. അവ കൂടുതലായി നടപ്പിലാക്കപ്പെടുന്നത് 'അന്ധവിശ്വാസങ്ങള്‍ പേറുന്ന, വംശീയമായി അപൂര്‍ണമായ, ദേശത്തിന്റെ സൈ്വരവിഹാരങ്ങളെ തകര്‍ക്കുന്ന' മുസ്‌ലിം സമൂഹങ്ങള്‍ക്കെതിരാണ് എന്നതാണ് യാഥാര്‍ഥ്യം. പാശ്ചാത്യ ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായ ഈ മുസ്‌ലിം സാന്നിധ്യത്തെ അവര്‍ പല രീതികളില്‍ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തീവ്രവാദമാണ് അതിലൊന്ന്. തീവ്രവാദത്തെക്കുറിച്ച് നിര്‍മിക്കപ്പെടുന്ന വ്യവഹാരങ്ങള്‍ വംശീയവത്കൃത ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വത്തെയാണ് വെല്ലുവിളിക്കുന്നത്. അഥവാ, ന്യൂനപക്ഷങ്ങളെ ഒന്നടങ്കം ദേശരാഷ്ട്രത്തിന്റെ സാമൂഹികഭാവനകള്‍ക്കു കീഴില്‍ കൊണ്ടുവരാന്‍ 'തീവ്രവാദ' വ്യവഹാരങ്ങള്‍ക്ക് സാധ്യമാകുന്നു.

1990-കള്‍ക്കുമുമ്പ് മുസ്‌ലിം രാഷ്ട്രീയ സാന്നിധ്യത്തെ വിശേഷിപ്പിക്കാന്‍ ഇസ്‌ലാമിക് ഫണ്ടമെന്റലിസം എന്ന പദമായിരുന്നു ഉപയോഗിച്ചിരുന്നത്. 1990-കളിലാണ് 'തീവ്രവാദം' എന്ന പ്രയോഗം കടന്നുവരുന്നത്. പടിഞ്ഞാറിലെ മുസ്‌ലിം ആവിഷ്‌കാരങ്ങളെക്കുറിച്ച ഭീതിയില്‍നിന്നാണ് ആ പദം ഉദ്ഭവിക്കുന്നത്. തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത, പടിഞ്ഞാറിന്റെ വംശീയ ഭാവനയെത്തന്നെ വെല്ലുവിളിക്കുന്ന ന്യൂനപക്ഷ വിഷയികളെ (Minortiy Subjects) വിശേഷിപ്പിക്കാനാണ് ഈ പദം കൂടുതലായും ഉപയോഗിക്കപ്പെട്ടത്. മതേതരത്വത്തെക്കുറിച്ച ആശങ്കകളില്‍നിന്നാണ് ഫണ്ടമെന്റലിസം എന്ന പദം ഒരു രാഷ്ട്രീയ പ്രസ്താവനയായി വികസിക്കുന്നതെങ്കില്‍, വംശീയതയെക്കുറിച്ച അധീശവ്യവഹാരങ്ങളെ തകിടം മറിക്കുന്ന മുസ്‌ലിം സ്വത്വരാഷ്ട്രീയത്തോടുള്ള പ്രതികരണമായാണ് 'മുസ്‌ലിം തീവ്രവാദം' എന്ന വിശേഷണം യൂറോപ്യന്‍ പദാവലികളില്‍ ഇടംപിടിക്കുന്നത്. അതുകൊണ്ടാണ് മുസ്‌ലിംകള്‍ക്കിടയിലെ ഒറ്റപ്പെട്ട 'തീവ്രവാദ' പ്രവണതകളെ മുസ്‌ലിം/ഇസ്‌ലാം എന്ന 'വ്യത്യാസ'(Difference)ത്തിലേക്ക് നീട്ടുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ വൈവിധ്യത്തെ അഭിമുഖീകരിക്കാതെ ഒരൊറ്റ ഏകാത്മക കാറ്റഗറിയായി മുസ്‌ലിംസ്വത്വത്തെ നിര്‍വചിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അഥവാ, ആഗോള മുസ്‌ലിംസമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ചലനങ്ങളെ നിയന്ത്രിക്കുകയാണ് തീവ്രവാദ വ്യവഹാരങ്ങള്‍ ചെയ്യുന്നത്. തീവ്രവാദികളെ എങ്ങനെ കണ്ടെത്താം എന്ന ചോദ്യം മുസ്‌ലിംകളെ എങ്ങനെ കണ്ടെത്താം എന്ന ചോദ്യത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടു. ഉദാഹരണത്തിന്, ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും  ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ടില്‍ വെച്ച് 2002-ല്‍ കനേഡിയന്‍ പൗരന്‍ മാഹിര്‍ അറാര്‍ അറസ്റ്റ് ചെയ്യപ്പെടുകയും സിറിയയിലേക്ക് നാട് കടത്തപ്പെടുകയുമുണ്ടായി. അതുപോലെ 9/11 ആക്രമണങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ലുത്ഫി റെയ്‌സി എന്ന നിരപരാധിയായ ഒരു പൈലറ്റിനെ ലണ്ടനിലെ വസതിയില്‍ വെച്ച് എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വെബ്‌സൈറ്റില്‍നിന്ന് ഗവേഷണപരമായ ആവശ്യങ്ങള്‍ക്കായി ഭീകരതയെക്കുറിച്ച വിവരങ്ങള്‍ ശേഖരിച്ച ഹിശാം യെസ്സ എന്ന വിദ്യാര്‍ഥി അറസ്റ്റ് ചെയ്യപ്പെട്ട സംഭവമാണ് രസകരം. ഈ സംഭവങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ എന്ന പേരില്‍ അവയെല്ലാം ആഘോഷിക്കപ്പെടുകയാണുണ്ടായത്. യൂറോപ്പിലെ വലതുപക്ഷ സംഘടനകളും മുസ്‌ലിംകള്‍ക്കെതിരായ തങ്ങളുടെ വംശീയാതിക്രമങ്ങളെ ന്യായീകരിക്കുന്നത് ഇസ്‌ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടമാണത് എന്ന് സൂചിപ്പിച്ചുകൊണ്ടാണ്.

മുസ്‌ലിംവിരുദ്ധ വംശീയ വ്യവഹാരങ്ങള്‍ ഒരു പൊതുസമ്മതമായി മാറിയിട്ടുണ്ട്. ദേശരാഷ്ട്രത്തിന്റെ മുസ്‌ലിം നിര്‍വചനങ്ങള്‍ തന്നെയാണ് പോപ്പുലര്‍ ഭാവനകളില്‍ നിലനില്‍ക്കുന്നത്. അതിനാല്‍തന്നെ ദേശരാഷ്ട്രത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മുസ്‌ലിംവിരുദ്ധ വംശീയാതിക്രമങ്ങള്‍ വളരെ പെട്ടെന്നുതന്നെ ന്യായീകരിക്കപ്പെടുകയും അതിന് പൊതുസമ്മതി ലഭിക്കുകയും ചെയ്യുന്നു. മുസ്‌ലിം വ്യത്യാസത്തിന്റെ (Muslim Difference) അനിവാര്യമായ അവസ്ഥയായി 'തീവ്രവാദത്തെ' നിര്‍മിക്കുന്നതോടെ ആ മുസ്‌ലിം വ്യത്യാസത്തെ അസന്നിഹിതമാക്കേണ്ടത് ദേശരാഷ്ട്രങ്ങള്‍ക്ക് അനിവാര്യമായിത്തീരുന്നു. കാരണം അപൂര്‍ണമായി വംശീയവത്കരിക്കപ്പെട്ട, അധീശമായ വംശീയഭാവനകളെ വെല്ലുവിളിക്കുന്ന മുസ്‌ലിം പ്രേതങ്ങളെ (Muslim Ghosts) ഉന്മൂലനം ചെയ്യേണ്ടത് ലോക സന്തുലനത്തിനും സമാധാനത്തിനും അനിവാര്യമാണ്. 

 

(ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിലെ  സ്‌കൂള്‍ ഓഫ് സോഷ്യോളജി ആന്റ് സോഷ്യല്‍ പോളിസിയില്‍ റീഡറാണ് സല്‍മാന്‍ സയ്യിദ്.Thinking Through Islamophobia, A Fundamental Fear, Recalling the Caliphate: Decolonisation and World Order  തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. Islamism as Philosophy എന്ന തലക്കെട്ടില്‍ അദ്ദേഹത്തിന്റെ പുതിയ പുസ്തകം 2017-ല്‍ പ്രസിദ്ധീകരിക്കപ്പെടും. ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന അപകോളനീകരണ വായനയിലെ ഇസ്‌ലാമും മുസ്‌ലിംകളും എന്ന കൃതിയില്‍നിന്ന്)

വിവ: സഅ്ദ് സല്‍മി

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (38-40)
എ.വൈ.ആര്‍

ഹദീസ്‌

മനുഷ്യനെ കാണുന്ന ധര്‍മപാതകള്‍
ടി.ഇ.എം റാഫി വടുതല