Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 09

2792

1438 റബീഉല്‍ അവ്വല്‍ 09

പൊങ്ങച്ചത്തിന്റെ കുതിരപ്പുറത്ത് ശതകോടീശ്വര വിളയാട്ടം!

റഹ്മാന്‍ മധുരക്കുഴി

പൊങ്ങച്ചം തലക്കു പിടിച്ച 'സോഷ്യലിസ്റ്റ്' രാഷ്ട്രത്തിലെ അതിസമ്പന്നര്‍, മക്കളുടെ വിവാഹം 'നാലു പേര്‍' അറിയണമെന്നും നാട്ടിലാകെ ചര്‍ച്ചയാവണമെന്നും ആഗ്രഹിച്ച് 'പെര്‍ഫോം' ചെയ്യുന്നത് ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു. ഇതില്‍ ഏറ്റവും പുതിയതാണ് കര്‍ണാടകയിലെ ഖനി മാഫിയ തലവനും മുന്‍ മന്ത്രിയുമായ ഗാലി ജനാര്‍ദന റെഡ്ഡി 500 കോടി ഇടിച്ചുതള്ളി നടത്തിയ മകളുടെ വിവാഹ മാമാങ്കം.

ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു വിവാഹം. 150 കോടി രൂപയാണ്, വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാര മാതൃകയില്‍ മകള്‍ ബ്രാഹ്മിണിയുടെ വിവാഹപ്പന്തലിന് മാത്രം ചെലവിട്ടത്. വധു അണിഞ്ഞ സാരിക്ക് 17 കോടി രൂപമാത്രം! അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ 50 കോടി! ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി വി.വി.ഐ.പികള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബംഗളൂരു നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അതിഥികള്‍ക്കായി 1500 ലക്ഷ്വറി റൂമുകള്‍. അവരെ കല്യാണ പന്തലിലേക്ക് ആനയിക്കാന്‍ 2000 ആഡംബര ടാക്‌സികള്‍. പാലസ് ഗ്രൗണ്ടില്‍ 15 ഹെലികോപ്റ്ററുകള്‍.

കേരളീയരും ഒട്ടും പിറകിലല്ല. രവി പിള്ളയുടെ മകള്‍ ആരതിയുടെ കല്യാണച്ചെലവ് വെറും 55 കോടി! കൊല്ലം ആശ്രാമം മൈതാനിയില്‍ 23 കോടി രൂപ ചെലവില്‍ രാജകൊട്ടാരങ്ങളുടെ അകത്തളത്തിന് സമാനമായ സെറ്റായിരുന്നു ചടങ്ങുകള്‍ക്ക് ഒരുക്കിയത്. കേരളത്തിലെ കല്യാണങ്ങളുടെ മൊത്തം വാര്‍ഷിക ചെലവ് 6,876 കോടി വരുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സര്‍വേ പറയുന്നു. 

അടുത്തകാലത്ത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമായിരുന്നു 'സഹാറ' ഗ്രൂപ്പ് ഉടമയുടേത്. ഇദ്ദേഹത്തിന്റെ രണ്ട് പുത്രന്മാര്‍ 2004-ലെ വാലന്റയിന്‍ ദിനത്തിലാണ് വിവാഹിതരായത്. 11000 അതിഥികളായിരുന്നു കല്യാണത്തിന് ഒത്തുകൂടിയത്.  കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ മുതല്‍ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും വരെ ഒട്ടേറെ വി.ഐ.പികള്‍ പങ്കെടുത്ത മെഗാ മംഗലത്തെ ലണ്ടനില്‍നിന്നെത്തിയ ഓര്‍ക്കസ്ട്രക്കാരും യൂറോപ്പില്‍നിന്നെത്തിയ നര്‍ത്തകരും ചേര്‍ന്ന് സംഗീതസാന്ദ്രമാക്കി.

30 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തല്‍ മകള്‍ വാനിഷയുടെ വിവാഹം പൊടിപൊടിച്ചത്. 2006-ല്‍ നടന്ന മിത്തല്‍ വിവാഹവും ലണ്ടനിലായിരുന്നു. ഇന്ത്യക്കാര്‍ ലോകം പിടിച്ചടക്കിയിരിക്കുന്നുവെന്ന് ഇംഗ്ലീഷുകാരെ ബോധ്യപ്പെടുത്താനായി വെര്‍സയില്‍സ് കൊട്ടാരത്തിന്റെ പകുതി വാടകക്ക് എടുത്തായിരുന്നു മിത്തലിന്റെ വിവാഹ മാമാങ്കം. ഇതിനെക്കുറിച്ച് 2007 ഫെബ്രുവരി ഏഴിലെ ഫിനാന്‍ഷ്യല്‍ ടൈംസ് എഴുതി: ''ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യന്‍ താനാണെന്ന് ലോകത്തെ അറിയിക്കാനായിരുന്നു ചരിത്രപ്രസിദ്ധമായ വെര്‍സയില്‍സ് കൊട്ടാരം വാടകക്കെടുത്ത് അദ്ദേഹം മകളുടെ കല്യാണം മഹാ സംഭവമാക്കിയത്.''

2006-ല്‍ ന്യൂയോര്‍ക്കിലെ ഹോട്ടലുടമ ചട്ട്‌വാള്‍ തന്റെ മകന്റെ വിവാഹം നടത്തി. 'ഡിസ്‌കവറി' ചാനല്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍ വെഡ്ഡിംഗ്' എന്ന ഡോക്യുമെന്ററിയായി ഈ കല്യാണം അവതരിപ്പിച്ചു. സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയും യൂറോപ്പും ആര്‍ഭാട ഭരിതമായ ഈ ഇന്ത്യന്‍ വെഡ്ഡിംഗ് കണ്ട് വിസ്മയിച്ചുപോയത്രെ!

ലാളിത്യത്തിന്റെ പ്രതീകമായി ആര്‍.എസ്.എസ് നേതൃത്വം വിശേഷിപ്പിച്ചിരുന്ന ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് നിതിന്‍ ഗഡ്ഗരിയുടെ മകന്റേതാണ് 'തിളങ്ങുന്ന' ഇന്ത്യയില്‍ നടന്ന മറ്റൊരു വിവാഹം. കര്‍ഷക ആത്മഹത്യക്ക് പേരുകേട്ട മഹാരാഷ്ട്ര വിദര്‍ഭ മേഖലയില്‍ പെടുന്ന നാഗ്പൂര്‍ ആദ്യമായാണത്രെ ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും വലിയ വിവാഹത്തിന് സാക്ഷിയാവുന്നത്. മുകേഷ് അംബാനി, അനില്‍ അംബാനി, രത്തന്‍ ടാറ്റ, കുമരമംഗലം ബിര്‍ള, മദ്യ രാജാവ് വിജയ് മല്യ എന്നിവര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേര്‍ന്നു. വി.വി.ഐ.പികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്തത് 22 വിമാനങ്ങളും 14 ഹെലികോപ്റ്ററുകളും. നാഗ്പൂരിലെ എല്ലാ പ്രധാന ഹോട്ടലുകളും ലോഡ്ജുകളും നൂറുകണക്കിന് സ്വകാര്യ കാറുകളും വിവാഹത്തിനായി ഗഡ്കരി ബുക്ക് ചെയ്തു. വിവാഹചടങ്ങിന് ഭംഗം വരാതിരിക്കാന്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം വിലക്കി പ്രധാന നിരത്തുകളെല്ലാം അടച്ചത് പ്രതിഷേധം ക്ഷണിച്ചുവരുത്തുകയുണ്ടായി. കോടികള്‍ ഇടിച്ചുതള്ളിയ വിവാഹത്തിന് തങ്ങളെ കൂടി ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കടം മൂലം ആത്മഹത്യ ചെയ്ത വിദര്‍ഭയിലെ കര്‍ഷകരുടെ ഭാര്യമാര്‍ രംഗത്തെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു ശരാശരി ഇന്ത്യന്‍ വിവാഹത്തിന് നാലായിരം അമേരിക്കന്‍ ഡോളര്‍ മുതല്‍ 4 ലക്ഷം ഡോളര്‍ വരെ ചെലവാകുമെന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്. അമേരിക്കയിലെ വമ്പന്‍ വിവാഹങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യന്‍ ഉപരി വര്‍ഗ വിവാഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞുവത്രെ. ഒട്ടകങ്ങളും ആനകളും അമ്പാരികളുമായി പൊടിപൊടിക്കുന്ന രാജസ്ഥാനി വെഡ്ഡിംഗുകള്‍ വര്‍ണപ്പകിട്ടിന്റെ മേളകള്‍ കൂടിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഹണിമൂണ്‍ ട്രാവല്‍സ് ഇന്ത്യയില്‍നിന്നാണെന്ന് സര്‍വേകള്‍ പറയുന്നു. 

20 രൂപ പോലും നിത്യ വരുമാനമില്ലാത്ത 80 കോടിയിലധികം പാവങ്ങള്‍ അധിവസിക്കുന്ന രാജ്യമാണിത്. 12 വര്‍ഷത്തിനുള്ളില്‍ 1,99,132 കര്‍ഷകര്‍ ഇവിടെ കടക്കെണിയില്‍ പെട്ട് ജീവനെടുക്കിയെന്നാണ് നാഷ്‌നല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍. തലസ്ഥാന നഗരിയായ ദല്‍ഹിയില്‍ മാത്രം ഭവനരഹിതരായി തെരുവില്‍ അന്തിയുറങ്ങുന്നത് 14 ലക്ഷം പേര്‍. പാതയോരങ്ങളിലും മറ്റും കിടന്നുറങ്ങുന്നവരില്‍ പലരും കൊടും തണുപ്പും പോഷകാഹാരക്കുറവും മൂലം മരണപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആംബുലന്‍സിന് പണം കൊടുക്കാനില്ലാതെ, സ്വന്തം ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയിലോ സ്വന്തം ചുമലിലോ കയറ്റി കിലോമീറ്ററുകളോളം താണ്ടേണ്ടിവരുന്ന ദൈന്യത നിലനില്‍ക്കുന്ന രാജ്യമാണിത്.

'പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും പറയുവാനില്ലേ' എന്ന് കവിയെപ്പോലെ നമുക്കും വിലപിക്കാം! 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (38-40)
എ.വൈ.ആര്‍

ഹദീസ്‌

മനുഷ്യനെ കാണുന്ന ധര്‍മപാതകള്‍
ടി.ഇ.എം റാഫി വടുതല