Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 09

2792

1438 റബീഉല്‍ അവ്വല്‍ 09

ശൈഖ് സുറൂര്‍: പുതിയ ചിന്താസരണിക്ക് ജന്മം നല്‍കിയ പണ്ഡിതന്‍

ഹുസൈന്‍ കടന്നമണ്ണ

ആധുനിക ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഒരു പണ്ഡിതശ്രേഷ്ഠന്‍ കൂടി വിടപറഞ്ഞു. ശൈഖ് സുറൂര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് സുറൂര്‍ ബിന്‍ നായിഫ് സൈനുല്‍ ആബിദീന്‍ (1938-2016). ഇരുപതാം നൂറ്റാണ്ടിന്റെ രാം പാതി മുതലിങ്ങോട്ടുള്ള ഇസ്‌ലാമിക നവജാഗരണ യത്‌നങ്ങളില്‍ ശൈഖ് സുറൂറിന്റെ സ്പര്‍ശമുണ്ടായിരുന്നു.

ദക്ഷിണ സിറിയയിലെ ഹൗറാനില്‍ 1938-ല്‍ ജനിച്ച ശൈഖ് സുറൂര്‍ പഠനകാലത്തുതന്നെ മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും ഹാഫിസുല്‍ അസദിന്റെ ഏകാധിപത്യഭരണകൂടം ബ്രദര്‍ഹുഡ് വേട്ട തുടങ്ങിക്കഴിഞ്ഞിരുന്നു. ഡോ. മുസ്ത്വഫസ്സിബാഈ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുത്ത പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടണ്ടിരുന്ന കാലം. ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലെ ഇസ്‌ലാമിക നവജാഗരണത്തെ ചോരയില്‍ മുക്കിക്കൊല്ലുകയും മഹാഭൂരിപക്ഷം വരുന്ന സിറിയന്‍ സുന്നിസമൂഹത്തെ പേടിപ്പിച്ചുനിര്‍ത്തുകയുമായിരുന്നു ഭരണകൂടം. ആ പീഡനശൃംഖലയിലെ ഏറ്റവും നികൃഷ്ടവും ക്രൂരവുമായ എപ്പിസോഡായിരുന്നു ഹമാത്ത് കൂട്ടക്കുരുതി. 1982 ഫെബ്രുവരി 2-നു ഹാഫിസുല്‍ അസദിന്റെ സഹോദരന്‍ കേണല്‍ രിഫ്അത്തുല്‍ അസദിന്റെ നേതൃത്വത്തില്‍ പട്ടാളം ബ്രദര്‍ഹുഡിന്റെ ശക്തികേന്ദ്രമായ ഹമാത്ത് നഗരം വളഞ്ഞ്, സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആരെയും പുറത്തു പോകാന്‍ അനുവദിക്കാതെ ടാങ്കും പീരങ്കിയും മറ്റായുധങ്ങളുമുപയോഗിച്ചു നടത്തിയ നരനായാട്ടിന്റെ ഭയാനകത ഇന്നും അറബ്‌ലോകത്ത് തളംകെട്ടി നില്‍ക്കുന്നു. 27 ദിവസം നീണ്ടണ്ടുനിന്ന ആ മനുഷ്യവേട്ടയില്‍ ലക്ഷത്തിലധികം പേരാണ് രക്തസാക്ഷികളായത്.  

സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് പല ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും നേരത്തേ സിറിയ വിടാന്‍ തുടങ്ങിയിരുന്നു. കൂട്ടത്തില്‍ ശൈഖ് സുറൂര്‍ ചേക്കേറിയത് സുഊദി അറേബ്യയിലാണ്. ഭരണകൂട വേട്ടക്കിരയായിക്കൊണ്ടണ്ടിരുന്ന ഈജിപ്തിലെയും സിറിയയിലെയും ബ്രദര്‍ഹുഡ് നേതാക്കളില്‍ പലര്‍ക്കും അക്കാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ അഭയം നല്‍കി. ഫൈസല്‍ രാജാവിന്റെ ഭരണകാലത്ത് ഇത്തരത്തിലുള്ള ഒട്ടേറെ നേതാക്കളെ സുഊദി സ്വീകരിക്കുകയുണ്ടണ്ടായി. 

1965-ല്‍ സുഊദിയിലെത്തിയ ശൈഖ് സൂറൂര്‍ അല്‍ ഖസീം പ്രവിശൃയിലെ ബുറൈദയിലുള്ള 'മഅ്ഹദുല്‍ ഇല്‍മി'യില്‍ അധ്യാപകനായി പ്രവാസജീവിതത്തിന് തുടക്കം കുറിച്ചു. കുറഞ്ഞ കാലം കൊണ്ടണ്ടുതന്നെ അദ്ദേഹം പ്രദേശത്ത് ഏറെ പ്രശസ്തനാവുകയും വിപുലമായ ബന്ധങ്ങളുടെ ഉടമയാവുകയും ചെയ്തു. പ്രഗത്ഭനായ അധ്യാപകന്‍ എന്നതിനു പുറമെ ജനപ്രിയ പ്രഭാഷകനായും അനുഗൃഹീത എഴുത്തുകാരനായും അറബ്‌ലോകത്തൊന്നാകെ അദ്ദേഹം പേരെടുത്തു. അദ്ദേഹത്തിന്റെ ശിഷ്യന്മാരും പില്‍ക്കാലത്ത് ലോകപ്രശസ്തരായി. ശൈഖ് സല്‍മാനുല്‍ ഔദ, ശൈഖ് സഫ്‌റുല്‍ ഹവാലി, ശൈഖ് അലി അബ്ദുര്‍റഹ്മാന്‍ അല്‍ ഹുദൈഫി, ശൈഖ് നാസിറുല്‍ ഉമര്‍, ശൈഖ് ആഇദുല്‍ ഖഹ്ത്താനി തുടങ്ങിയവര്‍ കൂട്ടത്തില്‍ ചിലര്‍ മാത്രം.

ബ്രദര്‍ഹുഡ് പ്രവര്‍ത്തകനായി പ്രബോധനപാതയില്‍ പ്രവേശിച്ച ശൈഖ് സൂറൂര്‍ പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ പൂര്‍ണമായി സ്വീകരിക്കാന്‍ തയാറല്ലായിരുന്നു. അതേസമയം വിദ്യാഭ്യാസ കാലഘട്ടത്തിലും തുടര്‍ന്നും തന്നെ സ്വാധീനിച്ച സലഫീ ചിന്തയില്‍നിന്ന് കുതറിമാറാനുമായില്ല. ഈ ഇരട്ടവൃക്തിത്വം അദ്ദേഹത്തില്‍ ആശയസംഘര്‍ഷം സൃഷ്ടിച്ചു. ശഹീദ് സയ്യിദ് ഖുത്വ്ബിന്റെ ആശയപ്രപഞ്ചത്തില്‍നിന്ന് ഊറ്റിയെടുത്ത ആദര്‍ശദാര്‍ഢ്യവും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ ജ്ഞാനകേദാരത്തില്‍നിന്ന് കോരിയെടുത്ത കര്‍മവീര്യവും ബ്രദര്‍ഹുഡിന്റെ വിസ്മയാവഹമായ പ്രാസ്ഥാനികതയും സലഫിസത്തിന്റെ ജ്ഞാനാര്‍ജവമുള്ള തീവ്രാവതരണവും ആ വ്യക്തിത്വത്തില്‍ സന്ധിച്ചപ്പോള്‍ പുതിയൊരു കര്‍മധാര പിറവികൊണ്ടണ്ടു. അതിനെ പുറത്തുള്ളവര്‍ 'സുറൂറിസം' എന്നു വിളിച്ചു. അദ്ദേഹമോ ശിഷ്യന്മാരോ പക്ഷേ അങ്ങനെയൊരു നാമകരണത്തെ അംഗീകരിച്ചില്ല. സുറൂറിസം, അങ്ങനെയൊന്നുണ്ടെങ്കില്‍ അതൊരു സംഘടനയോ പ്രസ്ഥാനമോ ആയിരുന്നില്ല; ഒരു ആശയമായിരുന്നു, പ്രതികരണമായിരുന്നു, അതിചിന്തയില്‍നിന്ന് ഉയിരെടുത്ത വ്യത്യസ്തമായ ഒരു കര്‍മാവേശമായിരുന്നു. 

ഇസ്‌ലാമിന്റെ ആദര്‍ശാധിഷ്ഠിതമായ സമ്പൂര്‍ണ ആവിഷ്‌കാരവും വിട്ടുവീഴ്ചയില്ലാത്ത സംഘടനാഭദ്രതയും സമകാല ജ്ഞാനശാഖകളിലുള്ള അഗാധ വ്യുല്‍പത്തിയും ആസൂത്രിതമായ പ്രവര്‍ത്തനപരിപാടികളും ബ്രദര്‍ഹുഡിനെ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അനുപമമാക്കുന്നുണ്ടെങ്കിലും, അത് മുറുകെപ്പിടിക്കുന്ന അവധാനതയും മിതത്വവും വേഗക്കുറവും ചിലരെങ്കിലും ഒരു ന്യൂനതയായി കാണുന്നു. പ്രസ്ഥാനപ്രവര്‍ത്തകര്‍ ക്രൂരമായ പീഡനങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കുമിരയാവുമ്പോള്‍ പോലും  തങ്ങള്‍ സ്വീകരിച്ച മിതത്വത്തിന്റെയും സമാധാനത്തിന്റെയും സര്‍ഗാത്മക പ്രതികരണത്തിന്റെയും പാതയില്‍നിന്ന് അണുഅളവ് വൃതിചലിക്കാന്‍ തയാറാവാത്ത പ്രസ്ഥാനം തീവ്രപ്രതികരണം ആഗ്രഹിക്കുന്നവരുടെ അധിക്ഷേപത്തിനിരയാവുക സ്വാഭാവികം. ഇസ്‌ലാമേതര സംസ്‌കൃതികളുമായുള്ള സഹജീവിതത്തിനിടക്ക് ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളുടെ തെളിമയില്‍ അന്ധവിശ്വാസങ്ങള്‍ കലരുന്ന പ്രതിഭാസത്തെ പ്രസ്ഥാനം സഗൗരവം സമീപിക്കുന്നില്ലെന്നും ശരീഅത്തിലും കര്‍മശാസ്ത്രത്തിലും പ്രവര്‍ത്തകര്‍ക്ക് ജ്ഞാനമികവില്ലെന്നുമുള്ള വിമര്‍ശങ്ങളുമുണ്ടണ്ട്. 

മറുവശത്ത് സലഫിസമാകട്ടെ ഇസ്‌ലാമിക വിശ്വാസത്തെളിമ സംരക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്യുമ്പോഴും ഇസ്‌ലാമിന്റെ സമ്പൂര്‍ണാവിഷ്‌കാരത്തിന് പരിഗണന നല്‍കുന്നില്ലെന്നും രാഷ്ട്രീയത്തില്‍നിന്ന് ഒളിച്ചോടുകയാണെന്നും ഭരണാധികാരികളുടെ വ്യതിചലനങ്ങള്‍ ചൂണ്ടണ്ടിക്കാട്ടി തിരുത്തുന്നില്ലെന്നും ആ ചിന്താധാരയെ സ്‌നേഹിക്കുന്നവര്‍ തന്നെ അഭിപ്രായപ്പെടുന്നു. 

ഇവിടെയാണ് ഒരേസമയം ബ്രദര്‍ഹുഡിന്റെയും സലഫിസത്തിന്റെയും മേന്മകളായി ഗണിക്കപ്പെടുന്ന ഘടകങ്ങളെ സംയോജിപ്പിച്ചും ഇരു ചിന്താധാരകളുടെയും പോരായ്മകളെ ഒഴിവാക്കിയും പുതിയൊരു കര്‍മധാരയുടെ സാധ്യതകള്‍ തങ്ങള്‍ അന്വേഷിക്കുകയാണെന്ന വാദവുമായി ശൈഖ് സുറൂറും കൂട്ടരും രംഗത്തുവരുന്നത്. ഇരുപക്ഷത്തുമുള്ള ഒരു വിഭാഗം ഇതിനെ ആദര്‍ശവ്യതിയാനമായി വിലയിരുത്തി എതിര്‍ത്തു. ഇരു പക്ഷത്തുമുള്ള മറ്റൊരു വിഭാഗം ഇതിനെ പ്രസ്ഥാനചിന്താമണ്ഡലത്തിന്റെ വികാസമായും സാഹസിക പരീക്ഷണമായും വിലയിരുത്തി. 'ധൃതിപ്പെടേണ്ടണ്ട, അതിന്റെ കാതലും പൂതലും ചരിത്രം ചവിട്ടിപ്പുറത്തിടുന്നതുവരെ കാത്തിരിക്കുക' എന്നവര്‍ നിരീക്ഷിക്കുകയും ചെയ്തു. 

സുറൂറി ചിന്താധാര സുഊദി അറേബ്യയിലാണ് കൂടുതല്‍ ശക്തിപ്പെട്ടത്. വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടണ്ടിരുന്നപ്പോഴും ഇഖ്‌വാന്‍-സലഫി പക്ഷങ്ങളുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിച്ചു ശൈഖും ശിഷ്യന്മാരും; തിരിച്ചും അങ്ങനെത്തന്നെ. 1970-കളുടെ ഒടുക്കം, വിശിഷ്യാ ഫൈസല്‍ രാജാവിന്റെ മരണശേഷം ഗള്‍ഫ് രാജ്യങ്ങളിലെ പൊതുമണ്ഡലത്തിലും ഔദ്യോഗിക ടി.വി പരിപാടികളിലും മറ്റും പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം പ്രകടമായിത്തുടങ്ങി. ഈ വ്യതിയാനത്തില്‍ സലഫീ മുഖ്യധാരയുടെ ഉള്ളകം പുകഞ്ഞെങ്കിലും അവര്‍ മൗനം പാലിച്ചു. പക്ഷേ ചില പണ്ഡിതന്മാരെങ്കിലും അല്‍പം രൂക്ഷമായി പ്രതികരിച്ചു. ശൈഖ് സുറൂറിന്റെ പക്ഷം അക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടണ്ടായിരുന്നു.

ആയിടെയാണ് ഖുമൈനിയുടെ നേതൃത്വത്തില്‍ ഇറാന്‍ വിപ്ലവം അരങ്ങേറുന്നത്. ശീഈ പക്ഷത്തുനിന്ന് ഇസ്‌ലാമിന്റെ മേല്‍വിലാസത്തില്‍ നടന്ന വിപ്ലവവും ഖുമൈനിയുടെ വ്യക്തിത്വവും സുന്നി മേഖലയെപ്പോലും ത്രസിപ്പിച്ചു. പശ്ചാത്യ സംസ്‌കാര വിരുദ്ധതയുടെ തണലില്‍ സ്വജനതകളില്‍ വളരുന്ന പ്രതിപക്ഷ മനസ്സിനെയും ഇസ്‌ലാമികലോകത്തുടനീളം അലയടിച്ച ഇറാന്‍ വിപ്ലവ പ്രതിഭാസത്തെയും അറബ് ഭരണാധികാരികള്‍ക്ക് പ്രതിരോധിക്കേണ്ടണ്ടതുണ്ടണ്ടായിരുന്നു. അതിന് മൂന്നു വഴികളാണ് അവര്‍ കണ്ടെണ്ടത്തിയത്. ഒന്ന്: ഇറാഖിനെ മുന്നില്‍ നിര്‍ത്തി ഇറാനുമായി നേര്‍ക്കുനേരെ യുദ്ധമുഖം തുറക്കുക. രണ്ടണ്ട്: സുന്നി മേഖലയുടെ ജിഹാദീവികാരം ശമിപ്പിക്കുന്നതിനും വിപ്ലവാവേശം വഴിതിരിച്ചുവിടുന്നതിനുമായി സോവിയറ്റ് അധിനിവേശത്തിനെതിരെയുള്ള അഫ്ഗാന്‍ജിഹാദിനെ നിര്‍ലോഭം പിന്തുണക്കുക. മൂന്ന്: സ്വന്തം മണ്ണില്‍ ശക്തി പ്രാപിച്ചുവരുന്ന സലഫീധാരയില്‍നിന്നടക്കമുള്ള ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളോട് സൗഹൃദത്തിന്റേതും സഹകരണത്തിന്റേതുമായ ഉദാര നയം സ്വീകരിക്കുക. തദടിസ്ഥാനത്തില്‍ അറേബ്യന്‍ ഉപദ്വീപിലെ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ സുവര്‍ണകാലം 1980-നും '90-നുമിടക്കുള്ള പത്തു വര്‍ഷമാണെന്നു കാണാം. ഈ കാലഘട്ടത്തില്‍ പുറമേക്കെങ്കിലും വളരെ ഊഷ്മളമായ ബന്ധമാണ് പ്രസ്ഥാന നേതാക്കന്മാരും ഭരണാധികാരികളും തമ്മിലുണ്ടണ്ടായിരുന്നത്. 

ഹാഫിസുല്‍ അസദിന്റെ തീവ്ര ശീഈ പക്ഷത്തുനിന്ന് സിറിയയിലെ സുന്നികള്‍ക്ക് പൊതുവെയും ഇഖ്‌വാനികള്‍ക്ക് വിശേഷിച്ചും ഉണ്ടായ തിക്താനുഭവങ്ങളും അസദിന്റെ നരനായാട്ടിന് ഇറാന്‍ നല്‍കിയ കലവറയില്ലാത്ത പിന്തുണയും  ശൈഖ് സുറൂറിനെയും ശിഷൃന്മാരെയും കടുത്ത ശീഈ വിരുദ്ധരാക്കിയിരുന്നു. സുന്നിമേഖലയെ തകര്‍ക്കാന്‍ ആരുമായും കൂട്ടുകൂടാനുള്ള അവരുടെ സന്നദ്ധതയും ഇസ്‌ലാമിക ചരിത്രത്തിലെ സമാദരണീയ വൃക്തിത്വങ്ങളോടും സംഭവങ്ങളോടും പുലര്‍ത്തുന്ന അനാദരവും ശൈഖ് സുറൂറിന്റെ തൂലികയിലൂടെ വിരചിതമായപ്പോഴാണ് 'മജൂസികളുടെ റോള്‍ സമാഗതമായി!' (വ ജാഅ ദൗറുല്‍ മജൂസ്) എന്ന കൃതിയുടെ പിറവി. എല്ലാവരും പാടിപ്പുകഴ്ത്തുന്ന വിപ്ലവാനന്തര ഇറാന്‍ പ്രശംസക്കര്‍ഹമല്ലെന്നും അതിന്റെ ഇസ്‌ലാംസ്‌നേഹം കപടമാണെന്നും അവസരം കിട്ടിയാല്‍ ഇസ്‌ലാം വിരുദ്ധശക്തികള്‍ക്കൊപ്പം നിലയുറപ്പിച്ച് സുന്നിമേഖലയെ വിഴുങ്ങാന്‍ ആ രാജൃം ഒരുമ്പെടുമെന്നും ശൈഖ് സുറൂര്‍ ദീര്‍ഘദര്‍ശനം ചെയ്തു.  

ശൈഖ് സുറൂര്‍ ഇഖ്‌വാന്‍ - സലഫി പക്ഷങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും സലഫീപക്ഷത്തെ പരമ്പരാഗത വിഭാഗം സുറൂറിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹത്തെ അവര്‍  ഇഖ്‌വാനിയായി കാണുകയും അദ്ദേഹത്തിന്റെ സ്വാധീനം ഇഖ്‌വാന്റെ സ്വാധീനമായി വ്യാഖ്യാനിക്കുകയും ചെയ്തു. പിന്നീടുണ്ടണ്ടായ ചില അടിയൊഴുക്കുകള്‍ അദ്ദേഹത്തെ കുവൈത്തിലേക്കെത്തിച്ചു. കുവൈത്തിലെത്തിയ ശൈഖ് സുറൂറിനു അവിടത്തെ പൊതു അന്തരീക്ഷം സുഊദിയിലേതു

പോലെ വളക്കൂറുള്ളതായി തോന്നിയില്ല. താമസിയാതെ അദ്ദേഹം ലണ്ടണ്ടനിലേക്കു പോയി. ചിന്താസ്വാതന്ത്ര്യമുള്ള പാശ്ചാത്യരാജ്യത്തെ സാധ്യതകള്‍ ശൈഖ് സുറൂര്‍ നന്നായി ഉപയോഗപ്പെടുത്തി. അവിടെ പ്രവാചകചര്യക്കായുള്ള ഒരു പഠനകേന്ദ്രം സ്ഥാപിച്ചതിനു പുറമെ 'അസ്സുന്ന' എന്ന പേരില്‍ വാരികയും പ്രസിദ്ധീകരിച്ചു. കുറഞ്ഞ കാലം കൊണ്ടണ്ടുതന്നെ വാരിക ലോകപ്രശസ്തമായി. ഈടുറ്റ ലേഖനങ്ങളാലും തുറന്ന വിമര്‍ശനങ്ങളാലും ശ്രദ്ധേയമായ വാരിക പല അറബ്‌രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടണ്ടായി. ഇസ്‌ലാമിക ചിന്താ മണ്ഡലത്തിലെ അഗ്നിസ്ഫുലിംഗമായിട്ടാണ് 'അസ്സുന്ന' അറിയപ്പെട്ടത്. സലഫീചിന്തയുടെ നായകനായിരുന്ന ശൈഖ് റശീദ് രിദയെ നവോത്ഥാന പാതയില്‍ തന്റെ മാര്‍ഗദര്‍ശിയായി സ്വീകരിച്ചിരുന്ന സുറൂര്‍ പ്രസിദ്ധീകരണം നിലച്ചുപോയ 'അല്‍ മനാറി'ന്റെ പുതുപ്പിറവിയായാണ് 'അസ്സുന്ന'യെ വിശേഷിപ്പിച്ചിരുന്നത്. 

1991-ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തോടെ അറബ് ഭരണാധികാരികളും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം പിന്നെയും തകരാറിലായി. ഒരു വശത്ത് അധിനിവേശത്തെ ശക്തിയുക്തം എതിര്‍ത്ത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍, മറുവശത്ത് കുവൈത്ത് മോചനത്തിനായി പാശ്ചാത്യസേനകളെ വിളിച്ചുവരുത്തുന്നതിനോട് ശക്തിയായി വിയോജിച്ചു. വരുന്നവര്‍ പിന്നീട് തിരിച്ചുപോകില്ലെന്നും ഫലസ്ത്വീന്‍ പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ അതിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാവുമെന്നും അവര്‍ ദീര്‍ഘദര്‍ശനം ചെയ്തു. പക്ഷേ ആ വിയോജിപ്പ് ഔദ്യോഗികതലത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല അതു രാജ്യദ്രോഹത്തിനു സമാനമായി വിലയിരുത്തപ്പെടുകയും ചെയ്തു. സുറൂര്‍ പക്ഷം വളരെ രൂക്ഷവും തീവ്രവുമായാണ് വിദേശസേനകളെ ക്ഷണിച്ചുവരുത്തുന്നതിനെ എതിര്‍ത്തത്. 'അസ്സുന്ന' എതിര്‍പ്പിന്റെ മുന്‍പന്തിയിലുണ്ടണ്ടായിരുന്നു. 

പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം വ്യക്തമാവുന്നു. ഇറാഖ്, സിറിയ, യമന്‍.. എല്ലാം അനുഭവ പാഠങ്ങളായി നില്‍ക്കുന്നു. രണ്ടണ്ടാം ഗള്‍ഫ് യുദ്ധാനന്തരം ശൈഖ് സുറൂറിന്റെയും 'അസ്സുന്ന'യുടെയും വിമര്‍ശനത്തിന് രൂക്ഷത കൂടി. അദ്ദേഹത്തിന്റെ ചില അനുയായികള്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.  വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞുവന്നത് 2001-നു ശേഷമാണ്. അതോടെ അറബ് ഭരണകൂടങ്ങള്‍ സുറൂറിധാരയോട് മൃദുസമീപനം പുലര്‍ത്തിത്തുടങ്ങുകയും നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന പല പണ്ഡിതന്മാരെയും ജനപ്രിയ പ്രഭാഷകരും എഴുത്തുകാരുമായി സ്വീകരിച്ചാനയിക്കുകയും ചെയ്തു.  

ഇതിനിടെ ലണ്ടണ്ടനില്‍നിന്ന് ശൈഖ് സുറൂര്‍ ജോര്‍ദാനിലേക്ക് പോയെങ്കിലും അവിടെ അധികകാലം തുടരാനായില്ല. ഏറ്റവുമൊടുവില്‍ അദ്ദേഹം ജീവിച്ചത് ഖത്തറിലാണ്. അറബ്‌വസന്തത്തിന്റെ തുടക്കം മുതല്‍ ശൈഖ് സുറൂര്‍ അതിന് സര്‍വ പിന്തുണയുമേകി. ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിയ സിറിയന്‍ വിപ്ലവത്തില്‍ അദ്ദേഹം വിപ്ലവകാരികളെ തന്റെ അന്ത്യംവരെ പ്രചോദിപ്പിച്ചുകൊണ്ടണ്ടിരുന്നു. ഇടക്കാലത്ത് സിറിയയിലെ പ്രഗത്ഭ പണ്ഡിതരുമായി ചേര്‍ന്ന് പഴയ സിറിയന്‍ പണ്ഡിതവേദിയെ പുനരുജ്ജീവിപ്പിക്കുകയുണ്ടണ്ടായി. 20-ാം നൂറ്റാണ്ടണ്ടിന്റെ മധ്യത്തില്‍ രൂപീകൃതമായ സിറിയിലെ ഏറ്റവും വലിയ സുന്നി പണ്ഡിതവേദിയെ ഹാഫിസുല്‍ അസദ് ഭരണകൂടം ശ്വാസം മുട്ടിച്ച് കൊന്നതായിരുന്നു. 2012-ല്‍ ഇസ്തംബൂളിലാണ് സുറൂറും പണ്ഡിത സുഹൃത്തുക്കളും അതിനെ പുനരുജ്ജീവിപ്പിച്ചത്.  

2016 നവംബര്‍ 11-ന് ദോഹയില്‍ വെച്ച് ലോകത്തോടു വിടപറഞ്ഞ ശൈഖ് സുറൂര്‍ ഒട്ടേറെ ഗ്രന്ഥങ്ങളിലൂടെ ഇസ്‌ലാമിക വിജ്ഞാനശാഖയെ സമ്പന്നമാക്കി. നബിചര്യയിലെ പഠനങ്ങള്‍, പ്രബോധനത്തിന്റെ പ്രവാചകസരണി, ഹിസ്ബുല്ല വിജയത്തിന്റെ യാഥാര്‍ഥ്യം, പണ്ഡിതന്മാരും സത്യസന്ധതയും, ധാര്‍മികപ്രതിസന്ധി തുടങ്ങിയ ഗ്രന്ഥങ്ങള്‍ കൂട്ടത്തില്‍ ചിലതാണ്. ദോഹയിലെ അബൂഹമൂര്‍ ഖബ്‌റിസ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം മറമാടി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി അനുശോചനമറിയിക്കുകയുണ്ടണ്ടായി.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (38-40)
എ.വൈ.ആര്‍

ഹദീസ്‌

മനുഷ്യനെ കാണുന്ന ധര്‍മപാതകള്‍
ടി.ഇ.എം റാഫി വടുതല