വീണ്ടും ഒരു പ്രവാസിപ്പാട്ട്
മനുഷ്യസമൂഹത്തിന്റെ ചരിത്രം പലായനങ്ങളുടേതും പ്രവാസങ്ങളുടേതുമാണ്. ജീവന്‍ നിലനിര്‍ത്താനും ജീവസന്ധാരണത്തിനും മനുഷ്യന്‍ പ്രവാസിയായിട്ടുണ്ട്. മലയാളിയുടെ ജീവിതവും ഭിന്നമല്ല. റങ്കൂണും സിലോണും പിന്നെ പശ്ചിമേഷ്യയും അല്‍പം കൂടി ഭേദപ്പെട്ടവര്‍ക്ക് പടിഞ്ഞാറന്‍നാടുകളും. കണ്ണുനീര്‍ തുള്ളികളുടെ ഉപ്പുരസം അനുഭവിച്ചവരും രിയാലിന്റെയും ദീനാറിന്റെയും ഡോളറിന്റെയും തൂവല്‍സ്പര്‍ശം ആസ്വദിച്ചവരും...
ഇന്നും നിലക്കാതെ ആ പ്രവാസം...
പ്രവാസം പ്രമേയമാക്കി ഒട്ടേറെ സിനിമകളും ഇതര കലാസൃഷ്ടികളുമുണ്ട്. കരളുരുക്കുന്ന കത്തുപാട്ടുകളും മാപ്പിളപ്പാട്ടുകളും നിരവധി. അക്കൂട്ടത്തിലെ ഒടുവിലത്തെ ശ്രമമാണ് 'കനല്‍ഭൂവില്‍: പ്രവാസിയുടെ പാട്ട്'.
ചില പ്രത്യേകതകള്‍ ഈ ആല്‍ബത്തിനുണ്ട്. നീണ്ട വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുന്നവരാണ് അണിയറശില്‍പികള്‍. വാദ്യോപകരണങ്ങളുടെ അതിപ്രസരമില്ല. ശുദ്ധസംഗീതത്തോട് ചേര്‍ന്നും മാപ്പിളപ്പാട്ടിനെ അവഗണിക്കാതെയുമാണ് ഇതിലെ പാട്ടുകള്‍.
പുലര്‍ക്കാലത്ത് ചുടുചുംബനം നല്‍കി കാണാമറയത്തേക്ക് പോകുന്ന പിതാവിനെ ഓര്‍ത്തുള്ള മകളുടെ നൊമ്പരം, ഗള്‍ഫ് ജീവിതത്തില്‍ എരിഞ്ഞുതീരുന്ന വീട്ടുവേലക്കാരിയുടെ കീഴാള ജന്മത്തെക്കുറിച്ചുള്ള ആത്മനൊമ്പരങ്ങള്‍, സ്വയം മെഴുകുതിരിയായി ഉരുകിത്തീരുന്ന പ്രവാസി യുവാവ്, പിരിഞ്ഞിരിക്കുന്ന കുടുംബങ്ങളെ ഒരു കൂട്ടപ്പാട്ടിലൂടെ മറക്കാന്‍ ശ്രമിക്കുന്ന കെട്ടിട നിര്‍മാണത്തൊഴിലാളികള്‍....
ഒടുവില്‍, ബഷീറിയന്‍ പ്രയോഗം പോലെ ക്ഷാമമില്ലാത്ത അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഖജനാവില്‍ ഉറച്ച പ്രതീക്ഷയോടെ ഭരമേല്‍പ്പിക്കുന്ന യുവാവ്..
രണ്ടാമത്തെ ഗാനമായ 'കനല്‍ഭൂവില്‍..' ഈ ആല്‍ബത്തിലെ ഏറ്റവും ശ്രദ്ധേയമായ പാട്ടാണ്. പൊതുവെ പ്രവാസകവികള്‍ പാടിയിട്ടില്ലാത്ത, നാട്ടിലെ ചെറുകൂരയിലെ കരിന്തിരിവെട്ടം അണയാതിരിക്കാന്‍, സ്വയം ഉരുകുന്ന ഒരു വീട്ടുവേലക്കാരിയുടെ ഹൃദയനൊമ്പരങ്ങള്‍ കവി ഇവിടെ കോറിയിടുന്നു, മണല്‍ക്കാട്ടിലെ ഊഷരതയും. ഹിന്ദുസ്ഥാനി രാഗമായ ജോഗില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം ശ്രുതിമധുരമായി ആലപിക്കാന്‍ ശ്വേതക്ക് കഴിഞ്ഞിട്ടുണ്ട്.
'തിരിയായ്' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കപ്പെട്ടത് മാപ്പിളപ്പാട്ടുകളുടെ 'ഔദ്യോഗിക' രാഗം എന്ന് ഖ്യാതിയുള്ള സിന്ധുഭൈരവിയിലാണ്. കണ്ണൂര്‍ ശരീഫ് സ്വതഃസിദ്ധമായ ആലാപന സൗകുമാര്യത്തോടെയും ഗമകങ്ങളോടെയും ഇത് ഭംഗിയാക്കി.
സുരേഷ് മണിയൂര്‍ (നന്മണ്ട) ആലപിച്ച നാടോടി സംഗീതത്തിന്റെ ചേരുവകളുള്ള 'നാടതിന്റെ സ്വപ്‌നം...' എന്നു തുടങ്ങുന്ന സംഘഗാനം ഗൃഹാതുരത്വത്തിലേക്കും ഗ്രാമീണ സൗന്ദര്യത്തിലേക്കും നമ്മെ ആനയിക്കുന്നു. കണ്ണൂര്‍ ശരീഫ് തന്നെ പാടിയ പന്‍തുവരാളി രാഗത്തിലുള്ള 'കരയും കണ്ണിലെ..' എന്ന് തുടങ്ങുന്ന ഹമീദ് ഹാജി എടക്കാടിന്റെ മനോഹര വരികള്‍ ദുഃഖങ്ങള്‍ക്കും മോഹഭംഗങ്ങള്‍ക്കുമൊടുവില്‍ കാരുണ്യവാനായ നാഥന്റെ സവിധത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ശരീഫിന്റെ മികച്ച പ്രാര്‍ഥനാ ഗാനങ്ങളിലൊന്നാണിത്.
ഈ ആല്‍ബം പരിണിതപ്രജ്ഞരായ കവികളോ സംഗീത സംവിധായകരോ ചെയ്തതല്ല. എന്നിട്ടും പാട്ടുകളെ കര്‍ണാനന്ദകരമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. പ്രവാസത്തിന്റെ ദുഃഖസാന്ദ്രത മാത്രമേ ഇതില്‍ കടന്നുവരുന്നുള്ളൂ. ആനന്ദാഹ്ലാദങ്ങളും കടന്നുവരേണ്ടതല്ലേ? സുഖദുഃഖ സമ്മിശ്രമല്ലേ പ്രവാസം, ജീവിതം? സാങ്കേതികത്വത്തിലും കുറച്ചുകൂടി മികവ് പുലര്‍ത്താമായിരുന്നു; റിക്കോര്‍ഡിംഗിലും മിക്‌സിംഗിലും മറ്റും. ഫ്‌ളൂട്ട് വാദ്യം ഹൃദ്യമാണെങ്കിലും വയലിന്‍ പോലെയുള്ള ഉപകരണങ്ങളുടെ അഭാവം കുറവായി അനുഭവപ്പെടുന്നു.
അനാകര്‍ഷകമായ കവര്‍ ഡിസൈനിംഗും പോരായ്മ തന്നെ. മാപ്പിളപ്പാട്ടിന്റെ രാജകുമാരനായി കണക്കാക്കപ്പെടുന്ന കണ്ണൂര്‍ ശരീഫിനെയും ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി ശ്വേതാ അശോകിനെയും വേണ്ടവിധം രേഖപ്പെടുത്താതിരുന്നത് ശരിയായില്ല.
ഈ ആല്‍ബത്തെ സവിശേഷമാക്കുന്നത്, ഇതിന്റെ വില്‍പനയില്‍നിന്നുള്ള ആദായം അനാഥ ബാല്യങ്ങള്‍ക്ക് നീക്കിവെക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
Comments