Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 21

2972

1438 മുഹര്‍റം 20

സര്‍ജിക്കല്‍ സ്‌ട്രൈക്‌സ് എന്ന വിശുദ്ധ പശു

ഇഹ്‌സാന്‍

ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആരവം തുടങ്ങുമ്പോള്‍ മറ്റെല്ലാവരേക്കാളും ബഹുദൂരം മുന്നിലായിരുന്നു ബി.ജെ.പി. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ അനുസരിച്ച് അവയുടെ പരിധിയില്‍ വരുന്ന 403 അസംബ്ലി സീറ്റുകളില്‍ 324-ലും ബി.ജെ.പിയാണ് മുന്നിട്ടുനിന്നത്. മുസഫര്‍ നഗര്‍ കലാപം സംസ്ഥാനത്തുണ്ടാക്കിയ വര്‍ഗീയ ധ്രുവീകരണവും 'അഛാ ദിന്‍' വാഗ്ദാനങ്ങളും സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റുകളില്‍ 73-ഉം കൈയടക്കാന്‍ പാര്‍ട്ടിയെ സഹായിച്ചു. ഭരണത്തിലിരുന്നിട്ടും സമാജ്‌വാദി പാര്‍ട്ടി ഏതാണ്ട് തകര്‍ന്നടിഞ്ഞു. ബി.എസ്.പി തൂത്തെറിയപ്പെട്ടു. സോണിയയും രാഹുലും വിജയിച്ചതൊഴിച്ചാല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് നിലംപരിശായി. ഈ അഹങ്കാരത്തിന്റെ തേരിലേറി യു.പിയില്‍ അസംബ്ലി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിയുടെ ചിത്രം പക്ഷേ അന്നത്തെ സൂചകങ്ങള്‍ വെച്ചു വിലയിരുത്തുമ്പോള്‍ പരമദയനീയമാണെന്നുതന്നെ പറയേണ്ടിവരും. പാകിസ്താനെ തിന്മയുടെ പ്രതീകമായ രാവണനാക്കിയും നന്മയുടെ ദൈവമായ ശ്രീരാമന്റെ സ്ഥാനത്ത് നരേന്ദ്ര മോദിയെ പ്രതിഷ്ഠിച്ചുമാണ് ഒടുവില്‍ അസംബ്ലിയിലേക്ക് പാര്‍ട്ടി വോട്ടു ചോദിക്കാനൊരുങ്ങുന്നത്. 

ഭീകരത എന്നത് പാകിസ്താന്‍ എന്ന രാവണനാണെങ്കില്‍ ലങ്കാദഹനം കഴിഞ്ഞു മടങ്ങിയ ശ്രീരാമനെ പോലെയാണ് 'സര്‍ജിക്കല്‍ സ്‌ട്രൈക്‌സ്' കഴിഞ്ഞശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് പാര്‍ട്ടി ഊറ്റം കൊള്ളുന്നത്. ഈ ആക്രമണത്തോടെ പാകിസ്താനിലെ ഭീകരത അവസാനിച്ചുവെന്ന മട്ടിലായിരുന്നു ഛോട്ടാ നേതാക്കളുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍. പാകിസ്താന്‍ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ടുവെന്നും ബി.ജെ.പി പറഞ്ഞുകൊണ്ടേയിരുന്നു. പാകിസ്താനിലെ സൈന്യവും ഐ.എസ്.ഐയും കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ നിഴല്‍യുദ്ധം പക്ഷേ 2014 മെയ് മാസത്തിനു ശേഷം ആരംഭിക്കുകയും സെപ്റ്റംബര്‍ 29-ന് സര്‍ജിക്കല്‍ സ്‌ട്രൈകോടെ അവസാനിക്കുകയും ചെയ്ത ഒന്നായിരുന്നില്ല. ലഖ്‌നൗവില്‍ കൈയില്‍ സുദര്‍ശന ചക്രവും പിടിച്ച് പ്രധാനമന്ത്രി നെഞ്ചു വിരിച്ചുനില്‍ക്കുമ്പോള്‍ കശ്മീരിലെ പാംപൊരയില്‍ 35 മണിക്കൂര്‍ പിന്നിട്ട ഒരു ഭീകരാക്രമണം നടക്കുന്നുണ്ടായിരുന്നു. അതിര്‍ത്തിയിലൂടെ 250-ഓളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പിറകെ വരുന്നുണ്ടായിരുന്നു. അതിര്‍ത്തിയില്‍നിന്നും നൂറിലേറെ കിലോമീറ്റര്‍ ദൂരമുള്ള, ശ്രീനഗറിന്റെ ഏതാണ്ട് വിളിപ്പാടകലെയുള്ള പാംപൊരയിലെ സര്‍ക്കാര്‍ െകട്ടിടത്തില്‍ ഇങ്ങനെ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ പിന്നെന്ത് ലങ്കാദഹനം?

2016 ഏപ്രില്‍ വരെ യു.പി തെരഞ്ഞെടുപ്പില്‍ മുന്നിട്ടുനിന്ന ബി.ജെ.പി പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിംഗ് മായാവതിക്കെതിരെ നടത്തിയ ഒരു പരാമര്‍ശത്തിലൂടെയാണ് പിന്നാക്കം പോകാന്‍ തുടങ്ങിയത്. അതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന മായാവതി പൊടുന്നനെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും ബി.ജെ.പി പിറകിലാവുന്നതുമായിരുന്നു പിന്നീടുള്ള കാഴ്ച. ദയാ സിംഗിനെ പുറത്താക്കുക മാത്രമല്ല രാജ്യസഭയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മായാവതിയോട് മാപ്പു ചോദിക്കുക പോലുമുണ്ടായി. ക്രമേണ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുമൊക്കെ ചിത്രത്തിലേക്ക് കയറിവരാന്‍ തുടങ്ങി. രാഹുലിന്റെ കര്‍ഷക റാലി സംസ്ഥാനത്ത് ചില മേഖലകളിലെങ്കിലും പ്രകമ്പനം സൃഷ്ടിച്ചു. അത്രയേറെ ആളുകള്‍ അടുത്തൊന്നും കോണ്‍ഗ്രസിന്റെ റാലികളില്‍ പങ്കെടുത്തിരുന്നില്ല. സമാജ്‌വാദി പാര്‍ട്ടി വീണ്ടും മേല്‍ക്കൈ നേടുമെന്ന് തോന്നിത്തുടങ്ങിയ ഒരു ഘട്ടത്തിലാണ് ശിവ്പാല്‍ യാദവിന്റെ വിമത നീക്കം അഖിലേഷ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നതും ബി.ജെ.പിക്ക് പ്രതീക്ഷ തിരിച്ചുകിട്ടുന്നതും. എന്നാല്‍, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കിഴക്കന്‍ യു.പിയിലെ ഖൗമി ഏകതാ ദള്‍, സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിച്ചതോടെ ശിവ്പാല്‍ യാദവിന് ഒറ്റക്ക് നിന്നാല്‍ ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണ് രൂപപ്പെട്ടത്. വടക്കന്‍ മേഖലയില്‍ മുസ്‌ലിം വോട്ടു ബാങ്കിനെ സ്വാധീനിക്കുന്ന ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ കോണ്‍ഗ്രസിലേക്കാണ് ചായുന്നത്. ഇതെല്ലാം കൊണ്ടാണ് ഒരു കാലത്ത് 324 സീറ്റുകള്‍ സ്വപ്‌നം കണ്ട പാര്‍ട്ടിയെ 220 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് അമിത് ഷാ പുനര്‍വിന്യസിച്ചത്. ഈ 220-ഉം കിട്ടുക അസാധ്യമാകുന്ന സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മാറിമറിയുന്നതെന്നാണ് സൂചനകള്‍.

ഇനിയൊരു വര്‍ഗീയ കലാപം ബി.ജെ.പിക്ക് സംസ്ഥാനത്ത് ഗുണം ചെയ്യാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദലിതര്‍ ബി.ജെ.പിക്കൊപ്പം നിന്ന 2014-ലെ ലോക്‌സഭാ കാലത്തെ ചിത്രമല്ല ഇപ്പോഴുള്ളത്. ദയാസിംഗിന്റെ പരാമര്‍ശവും ഉന സംഭവവും യു.പിയിലെ അടിയൊഴുക്കുകളെ സ്വാധീനിക്കുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടി പിന്നാക്ക ഒ.ബി.സി വോട്ടുകളും മായാവതി ദലിത് വോട്ടുകളും ഉറപ്പിച്ചതോടെ ബി.ജെ.പി മഹാദലിത് വോട്ടുകളിലേക്കും എം.ബി.സികളിലേക്കും ചൂണ്ടയെറിയുന്നതാണ് ഇപ്പോഴത്തെ ചിത്രം. കുര്‍മികളുടെ അപ്‌നാ ദളും രാജ്ബര്‍ സമുദായത്തിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ലോനിയ, നോനിയ, ഗോലെ താക്കൂര്‍, ലോനിയ ചൗഹാന്‍ മുതലായ അതിപിന്നാക്ക സമുദായങ്ങളുടെ ജന്‍വാദി പാര്‍ട്ടിയുമാണ് നിലവില്‍ ബി.ജെ.പിയുടെ ഒപ്പമുള്ളത്. ശിവസേന സംസ്ഥാനത്തെ 300-ല്‍പരം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്‍.ഡി.എയുടെ വിജയം ഉറപ്പു വരുത്തുന്ന യാതൊരു സമീകരണവും യു.പിയില്‍ ഉയര്‍ന്നുവരാത്ത സാഹചര്യത്തിലാണ് 'സര്‍ജിക്കല്‍ സ്‌ട്രൈക്‌സ്' എന്ന മായാവാഹനത്തിന്റെ ചിറകിലേറി ബി.ജെ.പി യു.പിയില്‍ അങ്കത്തിനിറങ്ങുന്നത്. എതിരാളികള്‍ അങ്ങനെയങ്ങ് വിട്ടുകൊടുക്കാതെ രാജ്യസ്‌നേഹത്തിന്റെ ഈ വിശുദ്ധ പശുവിനെ ചോദ്യം ചെയ്യുന്നുണ്ട് എന്നതാണ് യു.പിയുടെ പുതിയ ചിത്രം. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 14-16
എ.വൈ.ആര്‍

ഹദീസ്‌

ഗുണകാംക്ഷയുെട തലങ്ങള്‍
എം.എസ്.എ റസാഖ്‌