അറുത്തുമാറ്റരുത് മനുഷ്യ ബന്ധങ്ങള്‍
മനുഷ്യന്‍ തന്നില്‍നിന്നും മറ്റൊരാളിലേക്ക് വികസിക്കുന്നതിന്റെ പ്രാഥമിക തലങ്ങള്‍ കുടുംബവും അയല്‍പക്കവുമാണ്. അവരോടുള്ള ഇടപഴക്കത്തെക്കുറിച്ച് നല്‍കപ്പെടുന്ന നിര്‍ദേശങ്ങളുടെ സ്വഭാവമാണ് ഒരാളുടെ സാമൂഹിക ജീവിതത്തിന്റെ തന്നെ സ്വഭാവം നിര്‍ണയിക്കുന്നത്. സാമൂഹിക ബന്ധങ്ങള്‍ അനുദിനം രോഗാതുരമാകുന്ന കാലത്തു തന്നെയാണ് എരിതീയില്‍ എണ്ണയൊഴിക്കും വിധം 'അടുക്കലും അകലലും' ചര്‍ച്ചക്കിട്ട് അകലങ്ങളിലേക്ക് വഴികള്‍ നിര്‍ദേശിച്ച് സാമൂഹിക സഹവര്‍ത്തിത്വത്തിന് കോടാലിവെക്കാന്‍ ചിലര്‍ രംഗപ്രവേശം ചെയ്യുന്നത്. സാമൂഹിക ബന്ധങ്ങളിലെ ഊഷ്മളമായ ആദാനപ്രദാനങ്ങളുടെ പാഠങ്ങള്‍ ഖുര്‍ആനും പ്രവാചകനും എമ്പാടും പകര്‍ന്നുനല്‍കുന്നുണ്ടണ്ട്. സാഹോദര്യപൂര്‍ണമായ സഹവര്‍ത്തിത്വം ആഗ്രഹിക്കുന്നവര്‍ക്ക് ഊര്‍ജം നല്‍കാന്‍ വേണ്ട പാഠങ്ങള്‍ അതിലുണ്ടണ്ട്. മാത്രമല്ല, സാഹോദര്യവിരുദ്ധ ജല്‍പനങ്ങളുടെ കുന്തമുന ഒടിച്ചുകളയുകയും ചെയ്യുന്നുണ്ട് ഖുര്‍ആനും സുന്നത്തും.
''അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് ഉദാരമായ നന്മയോടെ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും ബന്ധുക്കളായ അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസീദാസന്മാരോടും അപ്രകാരം വര്‍ത്തിക്കുവിന്‍. നിശ്ചയം അഹങ്കാരിയും ഭള്ള് പറയുന്നവനുമായ ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല'' (ഖുര്‍ആന്‍: 4:36). മനുഷ്യ ബന്ധങ്ങളുടെ വിശാലതയാണ് സൂക്തത്തിലെ പ്രമേയം. ഇവിടെ രണ്ടു തരം അയല്‍വാസികള്‍ പരാമര്‍ശിക്കപ്പെടുന്നു. ഒന്ന്, ബന്ധുക്കളായ അയല്‍ക്കാര്‍. രണ്ട്, ബന്ധുക്കളല്ലാത്ത അയല്‍ക്കാര്‍. ബന്ധുക്കളായ അയല്‍ക്കാരുമായുള്ള സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വമാണെങ്കില്‍ ബന്ധുക്കളല്ലാത്ത അയല്‍വാസികളുമായുള്ള സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനം അയല്‍പക്കം എന്നതു മാത്രമാണ്. അഥവാ അവരുടെ ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷാ വ്യത്യാസം പരിഗണനീയമല്ല. അവര്‍ അയല്‍വാസികളാവുക എന്നതു തന്നെ മതി! ദൈവത്തോടുള്ള ബന്ധം പറയുന്ന, മതത്തിന്റെ അടിസ്ഥാനങ്ങള്‍ ചര്‍ച്ചചെയ്യുന്ന സൂക്തത്തില്‍ വിശദാംശങ്ങളോടെ അയല്‍പക്ക ബന്ധങ്ങളുടെ ആഴം പഠിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അകലങ്ങളിലേക്ക് പോകാനും ബന്ധങ്ങള്‍ക്ക് മതിലുപണിയാനും കൊതിക്കുന്നവരുടെ ആശയ ദുര്‍വ്യാഖ്യാനങ്ങള്‍ റദ്ദ് ചെയ്യുകയാണ് 'കുടുംബക്കാരായ അയല്‍ക്കാര്‍, കുടുംബക്കാരല്ലാത്ത അയല്‍ക്കാര്‍' എന്ന സവിശേഷ പരാമര്‍ശത്തിലൂടെ ഖുര്‍ആന്‍.
ദൈവത്തോടുള്ള ബന്ധം നിലനിര്‍ത്താന്‍ കാണിക്കുന്ന ജാഗ്രതയും സൂക്ഷ്മതയും അതിലേക്കാവശ്യമായ ത്യാഗവും സമര്‍പ്പണവും അയല്‍പക്ക ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും കാണിക്കണമെന്നും, ദൈവത്തിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അനുസരിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയും സമാധാനവും അയല്‍വാസികളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുമ്പോഴും അവരോട് സൗഹൃദം പങ്കിടുമ്പോഴും ലഭിക്കണമെന്നുമാണ് പ്രവാചകന്‍ വാക്കും പ്രവൃത്തിയും കൊണ്ട് നമ്മെ അറിയിച്ചത്. 'അല്ലാഹുവാണ, അവന്‍ വിശ്വാസിയല്ല' എന്ന് മൂന്ന് പ്രാവശ്യം പ്രവാചകന്‍ ആവര്‍ത്തിച്ചപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു; 'അവനാരാണ് പ്രവാചകരേ?' 'അവന്റെ ഉപദ്രവത്തില്‍നിന്ന് അയല്‍വാസികള്‍ നിര്‍ഭയരാകാത്തവര്‍' (മുസ്‌ലിം 46) എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ താമസം അയല്‍വാസികള്‍ക്ക് സുരക്ഷാബോധവും സമാധാനവും നല്‍കണമെന്നു സാരം. ശാരീരിക പീഡനത്തേക്കാള്‍ ഭയാനകമാണ് മാനസിക പീഡനം. എന്റെ അയല്‍വാസി എന്നോട് മിണ്ടുന്നില്ല, എന്റെ വീട്ടില്‍ കയറി വരുന്നില്ല, അവന്റെ കുട്ടികള്‍ എന്റെ കുട്ടികളുടെ കൂടെ കളിക്കുന്നില്ല, ഞാന്‍ കൊടുക്കുന്ന ആഹാരം അവന്‍ കഴിക്കുന്നില്ല എന്നത് ഒരു മനുഷ്യനില്‍ ഉളവാക്കുന്ന മാനസികാഘാതങ്ങള്‍ എന്തുമാത്രം കടുത്തതായിരിക്കും! കൊണ്ടും കൊടുത്തും ഊട്ടിയുറപ്പിക്കേണ്ട സൗഹൃദങ്ങള്‍ അടച്ചുവെച്ചാല്‍ പിന്നെന്ത് സുരക്ഷാ ബോധമാണ്, നിര്‍ഭയത്വമാണ് ഒരാള്‍ക്ക് അയല്‍വാസിയില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുക? ഇങ്ങനെ ഒരാലോചനയിലൂടെ വായിക്കുമ്പോഴാണ് അല്ലാഹുവില്‍ മൂന്ന് തവണ ആണയിട്ട് 'അവന്‍ വിശ്വാസിയല്ല' എന്ന പ്രവാചകവചനത്തിന്റെ പൊരുള്‍ ഗ്രഹിക്കാനാവുക. സര്‍വാംഗീകൃതമായ വേറെയും പ്രവാചക വചനങ്ങള്‍ ഈ ആശയത്തെ കൂടുതല്‍ പ്രഫുല്ലമാക്കുന്നുണ്ട്. 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍പെട്ടവനല്ല' എന്ന പ്രസിദ്ധ വചനത്തില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്നത് അയല്‍വാസിക്ക് ലഭ്യമാക്കേണ്ട അവകാശങ്ങളെ കുറിച്ച ബോധമാണ്. അയല്‍വാസിയുടെ അവകാശങ്ങള്‍ പഠിപ്പിച്ച നബിവചനം ത്വബറാനി ഉദ്ധരിക്കുന്നതിങ്ങനെയാണ്: ''സഹായം ആവശ്യമുള്ളപ്പോള്‍ സഹായിക്കുക, കടം ചോദിച്ചാല്‍ നല്‍കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, അവന്റെ സന്തോഷത്തില്‍ പങ്കുചേരുക, വിപത്തുണ്ടായാല്‍ അവനെ ശാക്തീകരിക്കുക, മയ്യിത്തിനെ അനുഗമിക്കുക, അവന്റെ വീട്ടിലേക്കുള്ള വായുസഞ്ചാരത്തിന് തടസ്സമാകുന്ന വിധം നിന്റെ ചുമര്‍ ഉയര്‍ത്താതിരിക്കുക, പഴവര്‍ഗങ്ങള്‍ കൊണ്ടു വന്നാല്‍ അവര്‍ക്കും കൊടുക്കുക...'' എണ്ണിപ്പറഞ്ഞ അവകാശങ്ങള്‍ ഓരോന്നും പുതിയ കാലത്ത് ഒട്ടനവധി വിശദീകരണ സാധ്യതകളുള്ളതാണ്.
ബന്ധങ്ങള്‍ അടഞ്ഞുപോകുന്ന കാലത്ത് അയല്‍പക്ക ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ സാഹോദര്യത്തിന്റെ പരിമളം പരത്തുന്ന ഇത്തരം പാഠങ്ങള്‍ കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്. സംശയ-വിദ്വേഷങ്ങളുടെ രോഗബീജത്തെ ഉറവിടത്തില്‍തന്നെ നശിപ്പിക്കാനുള്ള സിദ്ധൗഷധവും ഇതുതന്നെ.
'മുഹമ്മദലി ക്ലേ' എന്ന പേരില്ല
ഈയിടെ അന്തരിച്ച ലോകപ്രശസ്ത ബോക്‌സിങ് ഇതിഹാസത്തിന്റെ പേര് മുഹമ്മദലി ക്ലേ എന്നല്ല. 1964 വരെ കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയറും ശേഷം മുഹമ്മദലിയുമാണ് അദ്ദേഹം. മുഹമ്മദലി ക്ലേ എന്ന പേര് അദ്ദേഹം സ്വീകരിച്ചിട്ടില്ല. പക്ഷേ, മലയാളത്തില്‍ അദ്ദേഹത്തെ കുറിച്ച് ഏറ്റവുമൊടുവില്‍ വന്ന പ്രബോധനം ലേഖനത്തിലും (ലക്കം 2969) പുറത്തിറങ്ങാനിരിക്കുന്ന ഐ.പി.എച്ച് പുസ്തകത്തിന്റെ പരസ്യത്തിലും (2970) കാണുന്നത് മുഹമ്മദലി ക്ലേ എന്നു തന്നെ! ഇസ്‌ലാം ആശ്ലേഷിച്ചതോടെ തന്റെ പഴയ നാമങ്ങള്‍ അദ്ദേഹം പൂര്‍ണമായും ഉപേക്ഷിക്കുകയും മുഹമ്മദലി എന്ന് പേര് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അന്താരാഷ്ട്രവേദികളില്‍ അദ്ദേഹത്തിന്റെ പേര് മുഹമ്മദലി എന്നു തന്നെയാണ് വന്നിരുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക സൈറ്റുകളിലും പ്രൊഫൈലുകളിലുമെല്ലാം സ്വയം പരാമര്‍ശിക്കുന്നതും മറ്റുള്ളവര്‍ എഴുതുന്നതും മുഹമ്മദലി എന്നു മാത്രമാണ്. പിന്നെ എന്തു കൊണ്ടാണ് കേരളത്തില്‍ മാത്രം അദ്ദേഹത്തിന് പുതിയൊരു നാമം? പേര് സ്വീകരിക്കുന്നതിലും അദ്ദേഹത്തിന് ചില രാഷ്ട്രീയമുണ്ടായിരുന്നു. 'Cassius Clay is a slave name.I didnt choose it and i dont want it.I am Muhammed Ali,a free name-it means beloved of God and I insist people use it when people speak to me and of me'-അദ്ദേഹത്തിന്റെ കൃത്യമായ പ്രഖ്യാപനം. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി ഇവിടെ പരിചിതനാണെന്നിരിക്കെ അദ്ദേഹത്തിന് ഇഷ്ടമില്ലാതിരുന്ന ഒരു പേര് കൂട്ടിക്കെട്ടേണ്ടതില്ല. കമലാ സുറയ്യ പരിചിതമായ ഒരു നാട്ടില്‍ തിരിച്ചറിയാന്‍ കമലാ സുറയ്യ മാധവിയെന്നോ, കമലാ സുറയ്യക്കുട്ടി എന്നോ പേരിടുമോ? വ്യക്തിചരിത്രം വിവരിക്കുന്ന രചനകളില്‍ യഥാര്‍ഥ പേര് തന്നെ ഉപയോഗിക്കുന്നതാണ് ശരി.
കെ.സുഹൈറലി, തിരുവിഴാംകുന്ന്
വിവര്‍ത്തകന്റെ
പേര് വിട്ടുപോയി
മനുഷ്യാവകാശ പ്രവര്‍ത്തകയായ മനീഷാ സേഥി രചിച്ച Kafka Land-ന്റെ മലയാള വിവര്‍ത്തനം 'കാഫ്കനാടി'നെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പി.എ നാസിമുദ്ദീന്റെ ലേഖനം ('പൊലിഞ്ഞ ജീവനുകള്‍ കഥ പറയുമ്പോള്‍'-ലക്കം 2969) ശ്രദ്ധേയമായി. എന്തുമാത്രം സാഹസികമായാണ് സേഥി 'കാഫ്കലാന്റ്' തയാറാക്കിയിട്ടുള്ളതെന്ന് ലേഖനത്തിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. എന്നാല്‍ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ മാത്രം പരിമിതമായിപ്പോയി പരിചയപ്പെടുത്തല്‍. കെട്ട്, മട്ട് എന്നിത്യാദികളൊന്നും ലേഖകന്‍ നിരൂപണവിധേയമാക്കിയിട്ടില്ല.
കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും ഏറെ പ്രയാസപ്പെട്ട് കാഫ്കലാന്റ് ലളിതസുന്ദരമായി മൊഴിമാറ്റിയ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.കെ ബിജുരാജിനെ പരാമര്‍ശിക്കാതെ പോയതും പോരായ്മയായി.
എന്‍.കെ ഹുസൈന്‍ കുന്ദമംഗലം
സമപ്പെടുത്തുന്ന ദര്‍ശനം
'സന്തുലിതത്വമാണ് ഇസ്‌ലാം' എന്ന ലേഖന(ലക്കം 2969)മാണ് ഈ കുറിപ്പിന് പ്രേരകം. വൈയക്തിക ജീവിത വ്യവഹാരങ്ങള്‍ മുതല്‍ ഭരണക്രമം വരെയുള്ള മേഖലകളില്‍ ഇസ്‌ലാമിന്റെ സമീപനം സന്തുലിതമാണെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് വിശദീകരിക്കുന്നു. സന്തുലന ഗതിയിലുള്ള പ്രപഞ്ചസഞ്ചാരത്തെ ചൂണ്ടി ജീവിതവഴികളിലുണ്ടായിരിക്കേണ്ട സന്തുലിതത്വം എത്ര പാകതയോടെയാണ് വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുന്നത്. ഒപ്പം, അസന്തുലിതാവസ്ഥ ഉായപ്പോഴെല്ലാം സംഭവിച്ച പ്രതിപ്രവര്‍ത്തനം എവ്വിധമായിരുന്നുവെന്നും അതിന്റെ ദുരന്ത പര്യവസാനം എത്രമാത്രം ബീഭത്സമായിരുന്നുവെന്നും ഖുര്‍ആന്‍ ഉദാഹരണസഹിതം പറഞ്ഞുവെക്കുന്നു. പ്രവാചക വചനങ്ങളിലൂം ഒട്ടുവളരെ പരാമര്‍ശങ്ങളുണ്ടണ്ട്.
വിശുദ്ധ ഖുര്‍ആന്‍ സന്തുലിതാവസ്ഥക്ക് (വസത്വ്) സമാനമായി പ്രയോഗിച്ച മറ്റൊരു പദം നീതി(അദ്ല്‍)യാണ്. 28-ഓളം സ്ഥലങ്ങളില്‍ ജീവിത തുറകളില്‍ അനിവാര്യമായുണ്ടാകേണ്ട നീതിബോധം വ്യത്യസ്ത ആശയാര്‍ഥങ്ങളോടെ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
തീവ്രത, ഭീകരത, പ്രകോപനം, സംഘട്ടനം, കൈയേറ്റം, അഴിമതി, അധര്‍മം, ആക്രമണം, ബലാത്കാരം, പീഡനം, അടച്ചാക്ഷേപിക്കല്‍, അന്യായം, അനീതി, അവഗണന, അരികുവത്കരണം, അഹംഭാവം, അമിതാവേശം, ഉള്‍വലിയല്‍, ഒളിച്ചോട്ടം, ധൂര്‍ത്ത്, ദുര്‍വ്യയം, ചൂഷണം, ആര്‍ത്തി, ഭീരുത്വം തുടങ്ങിയവ അസന്തുലിതത്വത്തിന്റെ പ്രകടനങ്ങളാണെന്നു മനസ്സിലാക്കാം.
അസംതൃപ്തിയുടെ മൂലകാരണം അസന്തുലിതാവസ്ഥയാണ്. ഇസ്‌ലാമികദര്‍ശനം ഇതിന്റെ കാരണവും പരിഹാരവും ചൂണ്ടണ്ടിക്കാട്ടുന്നുണ്ടണ്ട്. അതിവാദങ്ങള്‍ വളരാനുള്ള പഴുതുകള്‍ അടച്ചുകൊണ്ട് ഇസ്‌ലാമിക ദര്‍ശനത്തിന്റെ സന്തുലിതത്വം കൂടുതല്‍ ശക്തമായി പ്രബോധനം ചെയ്യേണ്ട കാലമാണിത്.
Comments