കൂട്ടക്കുരുതിയും വിഭാഗീയ അജണ്ടകളും
'ഇരുപക്ഷത്തെയും ഒതുക്കുക' (Dual Containment) എന്നത് അമേരിക്കന്‍ വിദേശ നയത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇറാന്‍-ഇറാഖ് യുദ്ധവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പരിശോധിച്ചാല്‍ ഇതുകൊണ്ട് അമേരിക്ക എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാവും. അണഞ്ഞു കിടക്കുന്ന അതിര്‍ത്തിത്തര്‍ക്കങ്ങളും മറ്റും ഊതിക്കത്തിച്ച് അയല്‍രാഷ്ട്രങ്ങള്‍ തമ്മില്‍ കൊടിയ ശത്രുത ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ഒന്നാമത്തെ ഘട്ടം. അത് ഉണ്ടായിക്കഴിഞ്ഞാല്‍ അമേരിക്ക സൗഹൃദം നടിച്ച് ഒരു രാജ്യത്തിന്റെ പക്ഷത്ത് ചേരും. അവര്‍ക്ക് വേണ്ട സൈനികവും മറ്റുമായ എല്ലാ കോപ്പുകളും നല്‍കും. എന്നിട്ട് ഏതെങ്കിലുമൊക്കെ കാരണമുണ്ടാക്കി മറ്റേ രാഷ്ട്രത്തെ ആക്രമിക്കാന്‍ പ്രേരണ നല്‍കിക്കൊണ്ടിരിക്കും. എല്ലാം രഹസ്യമായിരിക്കും. അമേരിക്ക ചിത്രത്തിലേ ഉണ്ടാവില്ല. ഈ കെണിയില്‍ വീണാണ് സദ്ദാം ഹുസൈന്‍ ഇറാനെ ആക്രമിച്ചത്. പത്തു വര്‍ഷം നീണ്ട യുദ്ധത്തിന് സകല സന്നാഹങ്ങളും ഒരുക്കിക്കൊടുത്തത് അമേരിക്കയും മേഖലയിലെ അതിന്റെ കൂട്ടാളികളും. ഇറാനെ സൈനികമായും സാമ്പത്തികമായും തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, ഇറാനെ മാത്രമല്ല, ഇറാഖിനെയും തകര്‍ക്കുക ഈ 'ഒതുക്കല്‍ നയ'ത്തിന്റെ ഭാഗമാണ്. അതാണ് രണ്ടാം ഘട്ടം. സദ്ദാമിനെ കുവൈത്ത് കൈയേറാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് അതിന് കെണിയൊരുക്കിയത്. ആ കെണിയിലും സദ്ദാം വീണു. ഇറാഖില്‍ അധിനിവേശം നടത്താന്‍ അത് അമേരിക്കക്ക് മതിയായ കാരണവുമായി. ഇസ്രയേലിന് ഭീഷണിയായി കരുതപ്പെട്ടിരുന്ന ഇറാഖീ സൈന്യത്തെ അമേരിക്ക തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു. ഇതാണ് 'ഇരുപക്ഷത്തെയും ഒതുക്കുന്നതി'ന്റെ പ്രായോഗിക രൂപം. അമേരിക്ക ഇടപെടുന്ന അയല്‍രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏതു തര്‍ക്കങ്ങളിലും, തമ്മിലടിപ്പിച്ച് ഇരു രാഷ്ട്രങ്ങളെയും തകര്‍ക്കുക എന്ന കുടിലതന്ത്രം ഒളിഞ്ഞിരിപ്പുണ്ട്.
രാഷ്ട്രങ്ങളെ ആഭ്യന്തരമായി തകര്‍ക്കാനും ഈ തന്ത്രമാണ് അമേരിക്ക പയറ്റുക. ഇറാഖിനു ശേഷം നാമത് കണ്ടത് ലിബിയയിലാണ്. ദേശീയവാദികളും മിതവാദി ഇസ്‌ലാമിസ്റ്റുകളുമെല്ലാം ചേര്‍ന്ന സഖ്യം അവിടെ ഒരു ഇടക്കാല ഗവണ്‍മെന്റിന് രൂപം നല്‍കി, തെരഞ്ഞെടുപ്പു പ്രക്രിയക്കു വരെ തുടക്കം കുറിച്ചതാണ്. അപ്പോഴാണ് അമേരിക്കയും കൂട്ടാളികളും ഖലീഫ ഹഫ്തര്‍ എന്ന ഒരു റിട്ടയേര്‍ഡ് കേണലിനെ ലിബിയയില്‍ നൂല്‍ കെട്ടിയിറക്കുന്നത്. അമേരിക്കയുടെയും സില്‍ബന്ധികളുടെയും ആയുധ-സൈനിക സഹായമെല്ലാം ലഭിക്കുന്നത് പിന്നീട് ഇയാള്‍ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന് മാത്രമാണ്. ഏറ്റവുമൊടുവില്‍ ലിബിയയില്‍നിന്ന് വരുന്നത്, ഹഫ്തറിന്റെ സൈന്യം എണ്ണ കയറ്റുമതി ചെയ്യുന്ന പ്രമുഖ തുറമുഖങ്ങളെല്ലാം കൈയടക്കിയിരിക്കുന്നു എന്ന വാര്‍ത്തയാണ്. ഇസ്‌ലാമിസ്റ്റ്-ദേശീയവാദി സഖ്യം തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കില്ല എന്ന ഒറ്റക്കാരണത്താലാണ് അമേരിക്ക ഈ അട്ടിമറി സംഘടിപ്പിച്ചത്. ലിബിയയില്‍ പൂര്‍വാധികം ശക്തിയോടെ രക്തച്ചൊരിച്ചില്‍ തുടരുമെന്നും അവര്‍ ഉറപ്പാക്കി.
ചില്ലറ വ്യത്യാസങ്ങളോടെ ഇതേ കള്ളച്ചൂതു തന്നെയാണ് സിറിയയിലും അരങ്ങേറുന്നത്. അവിടെ കളിക്കാര്‍ കുറച്ചു കൂടുതലാണെന്നു മാത്രം. ബശ്ശാര്‍ ഭരണകൂടത്തെ പുറന്തള്ളാനുള്ള ഒന്നിലധികം അവസരങ്ങള്‍ പ്രതിപക്ഷ സഖ്യത്തിന് ഒത്തുകിട്ടിയതാണ്. ബശ്ശാര്‍ നാടുവിട്ടു എന്നുവരെ കിംവദന്തിയുണ്ടായിരുന്നു. ആ നിര്‍ണായക ഘട്ടങ്ങളിലെല്ലാം പ്രതിപക്ഷ സഖ്യത്തിന് സൈനിക സഹായം തടയുക എന്ന കുതന്ത്രമാണ് അമേരിക്ക പയറ്റിയത്. അതേസമയം, പറ്റേ ദുര്‍ബലമായിക്കഴിഞ്ഞ ബശ്ശാര്‍ ഭരണകൂടത്തെ സഹായിക്കാന്‍ ഇറാനെയും ഹിസ്ബുല്ലയെയും ഒടുവില്‍ റഷ്യയെയും അനുവദിക്കുകയും ചെയ്തു. തങ്ങള്‍ പുതിയ സിറിയന്‍ ഫോര്‍മുല മുന്നോട്ടുവെക്കുമ്പോള്‍ റഷ്യയും ഇറാനും സഹകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ സഹായം. പക്ഷേ, ഇറാനും റഷ്യയും അമേരിക്കയെ ഒട്ടും വകവെക്കാതെ തങ്ങളുടേതായ അജണ്ടകളുമായി മുന്നോട്ടുപോകുന്നതാണ് ഒടുവിലത്തെ ചിത്രം.
മനുഷ്യാവകാശങ്ങളോടോ ജനാധിപത്യക്രമത്തോടോ ഒരു തരത്തിലുള്ള പ്രതിബദ്ധതയും ഉള്ള ആളല്ല റഷ്യന്‍ സ്വേഛാധിപതി വഌദിമിര്‍ പുടിന്‍. അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനുമല്ല റഷ്യന്‍ സേന സിറിയയില്‍ കടന്നതും. മേഖലയില്‍ ഇനി കാര്യങ്ങള്‍ തീരുമാനിക്കുന്നത് തങ്ങളാണെന്ന് അവര്‍ക്ക് വരുത്തിത്തീര്‍ക്കണം. അതിന്റെ ഭാഗമായാണ് ആശുപത്രികള്‍ ഉള്‍പ്പെടെ സകല സിവിലിയന്‍ കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തുള്ള റഷ്യയുടെ 'ശക്തിപ്രകടനം.' പുതിയ പലതരം ആയുധങ്ങളും റഷ്യ അവിടെ പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖില്‍ ചെയ്തതുപോലെ, തങ്ങളുടെ വിഭാഗീയ അജണ്ടകള്‍ പുറത്തെടുക്കാനുള്ള ഏറ്റവും നല്ല അവസരമായി ഇറാനും ഹിസ്ബുല്ലയും ഇതിനെ ഉപയോഗിക്കുന്നു എന്ന വസ്തുതയും കാണാതിരുന്നുകൂടാ. സുന്നികള്‍ ഭൂരിപക്ഷമായ, അവരുടെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയായ അലപ്പോ പോലുള്ള നഗരങ്ങള്‍ നാമാവശേഷമാക്കുകയും അവിടത്തെ നിവാസികളെ ആട്ടിപ്പായിക്കുകയും ചെയ്യുക എന്നതും അവരുടെ ലക്ഷ്യമാണെന്നുവേണം കരുതാന്‍. കണ്ണില്‍ ചോരയില്ലാത്ത ഈ കൂട്ടക്കൊലകള്‍ക്കും നശീകരണത്തിനും മറ്റെന്ത് കാരണമാണ് അവര്‍ക്ക് പറയാനുള്ളത്? മുസ്‌ലിം രാഷ്ട്രങ്ങളും ആഗോള കൂട്ടായ്മകളും എത്രയും പെട്ടെന്ന് ക്രിയാത്മകമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ പറ്റേ കൈവിട്ടുപോകും.
Comments