Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 21

2972

1438 മുഹര്‍റം 20

വീണ്ടും മുത്ത്വലാഖ് വിവാദം

മുജീബ്

'മുത്ത്വലാഖ് നിരോധനത്തിന് പിന്തുണ അറിയിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ നേരത്തേ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍, വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി എന്നിവര്‍ കൂടിയാലോചിച്ചാണ് സത്യവാങ്മൂലം തയാറാക്കിയത്. മുത്ത്വലാഖ് വിഷയത്തില്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍ അറിയിച്ച നിലപാടിന് എതിരാണ് കേന്ദ്രത്തിന്റെ നിലപാട്. ശരീഅത്ത് ദൈവികമാണെന്നും അതില്‍ കോടതികള്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്നുമുള്ള നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. എന്നാല്‍ മുത്ത്വലാഖ് ശരീഅത്തിന് അനുസൃതമല്ലെന്നും മുസ്‌ലിം രാജ്യങ്ങളില്‍ പോലും നിലനില്‍ക്കുന്നില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം'' (മാധ്യമം 29.9.2016). പ്രതികരണം? '

പി.വി.സി മുഹമ്മദ് 

ഇതേ പംക്തിയില്‍ പലവട്ടം വിശദീകരിക്കപ്പെട്ടതാണ് മുസ്‌ലിം സമുദായത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിവാഹ മോചന സമ്പ്രദായമായ മുത്ത്വലാഖ് (ഇംഗ്ലീഷിലെ ട്രിപ്പ്ള്‍ ത്വലാഖ്). ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ ഇപ്പോഴത് സുപ്രീം കോടതിയുടെയും പരിഗണനക്ക് വന്നിരിക്കുന്നു. ഇസ്‌ലാമിക ശരീഅത്തിന് തന്നെ വിരുദ്ധമായ മുത്ത്വലാഖ് നിരോധിക്കപ്പെടേണ്ടതാണെന്നും പ്രശ്‌നത്തെ ഏക സിവില്‍ കോഡുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഇരുപതോളം മുസ്‌ലിം രാജ്യങ്ങളില്‍തന്നെ വിലക്കപ്പെട്ട മുത്ത്വലാഖ് ഇന്ത്യയില്‍ ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ശരീഅത്തില്‍ അനുവാദമുള്ള മുത്ത്വലാഖ് നിരോധിക്കുന്നത് ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യത്തിന് വിരുദ്ധവും പ്രശ്‌നത്തില്‍ കോടതി ഇടപെടാന്‍ പാടില്ലാത്തതുമാണെന്ന നിലപാടാണ് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. വിഷയത്തില്‍ കക്ഷി ചേരാന്‍ ദയൂബന്ദ് ദാറുല്‍ ഉലൂമും കേരളത്തിലെ എം.ഇ.എസും തീരുമാനിച്ചിട്ടുണ്ട്. അവരുടെ വാദഗതി എന്താണെന്ന് അറിയാനിരിക്കുന്നേയുള്ളൂ. 
ഇസ്‌ലാമിക ശരീഅത്തില്‍ വിവാഹം പോലെ സുതാര്യവും ലളിതവുമാണ് വിവാഹമോചന പ്രക്രിയയും. ദമ്പതികള്‍ക്കിടയില്‍ അനുരഞ്ജനത്തിന്റെയും മാധ്യസ്ഥ്യത്തിന്റെയും എല്ലാ സാധ്യതകളും അടയുമ്പോള്‍ അറ്റകൈക്ക് മാത്രം സ്വീകരിക്കേണ്ട പ്രയോഗമാണ് ത്വലാഖ് എന്ന് ഇസ്‌ലാം അനുശാസിക്കുന്നു. അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ അവന്ന് ഏറ്റവും ക്രോധകരമായത് എന്നാണ് ത്വലാഖിനെ പ്രവാചകന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഒരു നിലക്കും പുനഃസംയോജനം സാധ്യമാവില്ലെന്നുറപ്പായ ദാമ്പത്യജീവിതം മുള്‍ക്കിരീടം കണക്കെ ഭാര്യാഭര്‍ത്താക്കന്മാര്‍ ചുമന്നുനടക്കേണ്ടതില്ലെന്നതാണ് ശരീഅത്തിന്റെ നിലപാട്. ആ പതനത്തിലെത്തിയാല്‍ ഭര്‍ത്താവ് മതിയായ മതാഅ് (പ്രായശ്ചിത്തം) നല്‍കി ഭാര്യയെ ആര്‍ത്തവമില്ലാത്ത നേരത്ത്, ശാരീരികബന്ധം നടത്താതെ നീ വിവാഹമോചിതയാണ് എന്നര്‍ഥം വരുന്ന ഏതെങ്കിലും വാചകം സാക്ഷികളുടെ സാന്നിധ്യത്തില്‍ ഉച്ചരിച്ചോ എഴുതിയോ നല്‍കിയാല്‍ അതാണ് ത്വലാഖ്. ഇങ്ങനെ ത്വലാഖ് ചൊല്ലിയാലും ഭാര്യ ഭര്‍ത്താവിന്റെ വസതിയില്‍ തന്നെ മൂന്ന് ആര്‍ത്തവകാലം, അല്ലെങ്കില്‍ ശുദ്ധികാലം കഴിച്ചുകൂട്ടണം. അതിനിടെ ഭര്‍ത്താവിന് അവളെ പുനര്‍വിവാഹം കൂടാതെ തിരിച്ചെടുക്കാം. വീണ്ടും തമ്മില്‍ അകലുകയും അനുരഞ്ജനം സാധ്യമല്ലാതെ വരികയും ചെയ്താല്‍ മുന്‍പ്രക്രിയ ആവര്‍ത്തിക്കണം. മൂന്നാമതും പൊരുത്തക്കേട് മൂര്‍ഛിക്കുകയും ഒത്തുതീര്‍പ്പ് സാധ്യമല്ലാതെ വരികയും ചെയ്താല്‍ പിന്നീടുള്ള ത്വലാഖ് അന്തിമമായിരിക്കും. ഇദ്ദ പീരിയഡില്‍ മടക്കിയെടുക്കാനോ അതിനു ശേഷം ആദ്യ ഭര്‍ത്താവിന് മുന്‍ഭാര്യയെ പുനര്‍വിവാഹം ചെയ്യാനോ അനുവാദമില്ല. എന്നാല്‍ സ്ത്രീയുടെ രണ്ടാം വിവാഹവും പരാജയപ്പെടുകയും രണ്ടാമത്തെ ഭര്‍ത്താവ് അവളെ മേല്‍പറഞ്ഞ പോലെ മൂന്ന് ഘട്ടങ്ങളിലായി ത്വലാഖ് ചൊല്ലുകയും ചെയ്താല്‍ മാത്രം ആദ്യ ഭര്‍ത്താവിന് പുനര്‍വിവാഹത്തിലൂടെ തിരിച്ചെടുക്കാം. പക്ഷേ അയാള്‍ക്ക് പുനര്‍വിവാഹം ചെയ്യാന്‍ വഴിയൊരുക്കുന്നതിന് മാത്രമായി സ്ത്രീയെ മറ്റൊരാള്‍ക്ക് ചടങ്ങുവിവാഹം ചെയ്തുകൊടുക്കുന്ന ഏര്‍പ്പാട് അറുവഷളാണ്. അങ്ങനെയുള്ളവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നാണ് പ്രവാചക വചനം. വിശുദ്ധ ഖുര്‍ആന്‍ ഏര്‍പ്പെടുത്തിയ ഈ ത്വലാഖ് വ്യവസ്ഥ ശ്രദ്ധിച്ചാല്‍ വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്:  
ഒന്ന്, വിവാഹമോചനം പരമാവധി ഒഴിവാക്കാനും ദമ്പതിമാര്‍ക്കിടയില്‍ അവസാന നിമിഷം വരെ അനുരഞ്ജന സാധ്യത നിലനിര്‍ത്താനുമാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. 
രണ്ട്, ഒരു കാരണവശാലും ഒത്തുതീര്‍പ്പ് സാധ്യമല്ലെങ്കില്‍ പിന്നെ പരസ്പരം ദുരാരോപണങ്ങളുമായി നീണ്ടകാലം കോടതിയില്‍ കയറിയിറങ്ങാന്‍ ഭാര്യാഭര്‍ത്താക്കന്മാരെ നിര്‍ബന്ധിക്കാതെ മാന്യമായ വിവാഹമോചനത്തിന് ഇസ്‌ലാം സുരക്ഷാ പാതയൊരുക്കിയിട്ടുണ്ട്. 
മൂന്ന്, വിവാഹമുക്തയുടെ പുനര്‍വിവാഹ പരീക്ഷണം പരാജയപ്പെട്ടാല്‍ ആദ്യ ഭര്‍ത്താവായിരുന്നു തമ്മില്‍ ഭേദമെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കി അയാളെ വീണ്ടും വേള്‍ക്കാനും പഴുത് ബാക്കിനിര്‍ത്തിയിരിക്കുന്നു. 
ഇത്രയും സുതാര്യവും മാനുഷികവുമായ ത്വലാഖ് രീതിക്ക് പകരം നിലവിലെ മറ്റു സമുദായങ്ങളുടെ ദുര്‍ഘടവും സ്ത്രീയെയും പുരുഷനെയും ഒരുപോലെ വട്ടംകറക്കുന്നതുമായ രീതിയിലേക്ക് മുസ്‌ലിംകളെ കൂടി കൊണ്ടുപോവണമെന്ന ശാഠ്യം എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ത്വലാഖിനുള്ള അധികാരം പുരുഷനുള്ളതുപോലെ സ്ത്രീകള്‍ക്കില്ല എന്നതാണൊരു ആക്ഷേപം. വിവരക്കേടില്‍നിന്നാണീ പരാതി. ഭര്‍ത്താവ് സ്ത്രീപീഡകനോ പെരുമാറ്റദൂഷ്യമുള്ളവനോ നിത്യരോഗിയോ ജീവനാംശം നല്‍കാന്‍ ശേഷിയില്ലാത്തവനോ ലൈംഗികമായി ബലഹീനനോ ദീര്‍ഘകാലം തടവുശിക്ഷ അനുഭവിക്കുന്നവനോ എങ്ങോ പോയിമറഞ്ഞവനോ ആണെങ്കില്‍ വിവാഹം റദ്ദാക്കാന്‍ (ഫസ്ഖ്) ഭാര്യക്ക് ഇസ്‌ലാം അനുമതി നല്‍കിയിരിക്കുന്നു. സത്യാവസ്ഥ ഖാദിയെ, അഥവാ ബന്ധപ്പെട്ട അധികൃത കേന്ദ്രത്തെ ബോധ്യപ്പെടുത്തണം എന്നു മാത്രം. ഇതൊന്നും ഇല്ലാതെത്തന്നെ പുരുഷന്റെ കൂടെ സംതൃപ്തമായ കുടുംബ ജീവിതം സാധ്യമല്ലെന്ന് സ്ത്രീക്ക് തോന്നിയാല്‍ അയാള്‍ക്ക് മഹ്ര്‍ മടക്കിക്കൊടുത്ത് ത്വലാഖ് ചോദിച്ചുവാങ്ങുകയും ചെയ്യാം. ഈ രീതിക്കാണ് 'ഖുല്‍അ്' എന്ന് പറയുന്നത്. 
എന്നാല്‍ നടേ വിവരിച്ച പോലെ മൂന്നു ഘട്ടങ്ങളിലായി അനുപേക്ഷ്യമാണെങ്കില്‍ നടത്തേണ്ട ത്വലാഖ് മൂന്നും ഒറ്റയിരുപ്പില്‍ അകാരണമായും അനാവശ്യമായും ചൊല്ലിപ്പിരിക്കുന്ന ദുരാചാരം ഇന്ന് മുസ്‌ലിം സമുദായത്തിലുണ്ട്. അതിനാണ് മുത്ത്വലാഖ് എന്ന് പറയുന്നത്. പ്രവാചകന്റെയും ഒന്നാം ഖലീഫയുടെയും കാലത്ത് ഇങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. അന്നൊക്കെ കോപവശാല്‍ അപൂര്‍വം ഭര്‍ത്താക്കന്മാര്‍ മുത്ത്വലാഖ് ചൊല്ലിയാലും പിന്നീടവര്‍ ഖേദിക്കും, നബിയെ അഥവാ ഖലീഫയെ ചെന്നുകാണും. അയാള്‍ക്ക് അബദ്ധം പിണഞ്ഞതാണെന്ന് ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടാല്‍ ഒരൊറ്റ ത്വലാഖായി പരിഗണിച്ച് ഭാര്യയെ തിരിച്ചെടുക്കാന്‍ അയാളെ അനുവദിക്കും (സ്ത്രീകളായിരുന്നില്ല പരാതിക്കാരെന്നതും ശ്രദ്ധേയം). എന്നാല്‍ രണ്ടാം ഖലീഫ ഉമറിന്റെ കാലമായപ്പോള്‍ മുത്ത്വലാഖ് പ്രയോഗം പെരുകാന്‍ തുടങ്ങി. കുപിതനായ ഖലീഫ അത്തരം ഭര്‍ത്താക്കന്മാര്‍ക്ക് ശിക്ഷയായി വല്ലവനും മുത്ത്വലാഖ് ചൊല്ലിയാല്‍ മൂന്നായി തന്നെ കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു. മുത്ത്വലാഖിന്റെ പഴുതടക്കാനാണിതെന്ന് വ്യക്തം. പില്‍ക്കാലത്ത് മദ്ഹബുകള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ മുത്ത്വലാഖ് ഹറാമും ക്രമരഹിതവും (ബിദ്ഈ) ആയിരിക്കെത്തന്നെ അത് സാധുവാണെന്നും ഭാര്യയെ മടക്കിയെടുക്കാനുള്ള അവസരങ്ങളെല്ലാം അതോടെ നഷ്ടമാവുമെന്നും ഇമാമുമാര്‍ ഫത്‌വ നല്‍കി. അതേയവസരത്തില്‍ അബൂമൂസാ, അലി, ഇബ്‌നു അബ്ബാസ്, ജാബിര്‍ മുതലായ സ്വഹാബിമാരും ഒട്ടേറെ പിന്‍ഗാമികളും ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയ പില്‍ക്കാല പണ്ഡിതന്മാരും മുത്ത്വലാഖ് ഒരേയൊരു ത്വലാഖായേ പരിഗണിക്കാവൂ എന്ന അഭിപ്രായക്കാരാണ് (ഇമാം ശൗകാനിയെ ഉദ്ധരിച്ച് സയ്യിദ് സാബിഖ് ഫിഖ്ഹുസ്സുന്നയില്‍). 
യാഥാസ്ഥിതിക പണ്ഡിതന്മാരും മദ്ഹബ് പക്ഷപാതികളും കൂടി അടങ്ങുന്ന ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് മുത്ത്വലാഖിന്നനുകൂലമായാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. അതെന്തായാലും പരിഗണിക്കപ്പെടേണ്ട പ്രശ്‌നം മറ്റൊന്നാണ്. ഒരു പ്രാവശ്യം ത്വലാഖ് ചൊല്ലിയാല്‍ മാത്രം മതി വിവാഹമോചനത്തിന് എന്നിരിക്കെ മുത്ത്വലാഖ് വേണമെന്ന് വാദിക്കുന്ന ഒരു മദ്ഹബും പണ്ഡിതനും ഇല്ല. എങ്കില്‍ മുത്ത്വലാഖ് നിരോധിച്ചാല്‍ മുസ്‌ലിം സമുദായത്തിന്റെ ഏതവകാശത്തെയാണ് ബാധിക്കുക? 
അതേസമയം ഒരു സംശയം ദൂരീകരിക്കപ്പെടാതെ തുടരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത് കേവലമായ ത്വലാഖോ മുത്ത്വലാഖോ? ത്വലാഖ് തന്നെ നിരോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉള്ളിലിരിപ്പെങ്കില്‍ അത് അങ്ങേയറ്റം ലളിതവും സുതാര്യവും മാനുഷികവുമായ ഒരു നിയമത്തെ അനാവശ്യമായി വിലക്കാനുള്ള നീക്കമാണ്. അതിനെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ ന്യായമുണ്ട്. പുറത്തു പറയുന്നതിന് വിരുദ്ധമായി ഏകസിവില്‍ കോഡിലേക്ക് വഴിതുറക്കലാണ് ഹിന്ദുത്വസര്‍ക്കാറിന്റെ അജണ്ട എങ്കില്‍ അക്കാരണത്താലും ഈ നീക്കത്തെ എതിര്‍ക്കണം. ഏകസിവില്‍ കോഡിനു വേണ്ടി നിയമ കമീഷന്‍ നീക്കം ആരംഭിച്ചിരിക്കെ ആശങ്കകള്‍ അകാരണമല്ല. മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്നതായി പറയപ്പെടുന്ന പീഡനങ്ങളുടെ പേരിലാണിതൊക്കെ നടക്കുന്നതെങ്കിലും ബഹുഭാര്യത്വവും മുത്ത്വലാഖും എത്രമാത്രം മുസ്‌ലിം സമുദായത്തിലുണ്ടെന്നതിനെകുറിച്ച് ഒരു പഠനവും ഇതുവരെ നടത്തപ്പെട്ടിട്ടില്ല. ഏകശിലാമുഖമായ ഒരു പ്രാചീന സംസ്‌കാരത്തെ രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത്തരം നടപടികളെ കാണുന്നവരെ കുറ്റപ്പെടുത്താനാവില്ല.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 14-16
എ.വൈ.ആര്‍

ഹദീസ്‌

ഗുണകാംക്ഷയുെട തലങ്ങള്‍
എം.എസ്.എ റസാഖ്‌