സിറിയ വിഭാഗീയതയുടെ ചോരമതിലുകള്‍ പണിയുന്നത് അമേരിക്ക
കഴിഞ്ഞ അഞ്ചു വര്‍ഷമായി അമേരിക്ക സിറിയന്‍ പ്രശ്‌നത്തില്‍ അനുവര്‍ത്തിക്കുന്ന നയം ഇങ്ങനെ ഒതുക്കിപ്പറയാം: ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുക. എന്നാല്‍ അതിനെ പുറത്താക്കാനുള്ള ആത്മാര്‍ഥമായ ഒരു ശ്രമവും നടത്താതിരിക്കുക. സിറിയന്‍ ജനതയുടെ ഈ ചിരകാലാഭിലാഷത്തിന് വിലങ്ങടിച്ചുനില്‍ക്കുക മാത്രമല്ല, ബശ്ശാര്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങളില്‍നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കാതിരിക്കുകയും ചെയ്യുക.
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ശിഥിലീകരിക്കുക, ദുര്‍ബലപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ സിറിയന്‍ നയം. അങ്ങനെ സിറിയന്‍ പ്രദേശങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമിടയില്‍ രക്തത്തിന്റെ മതിലുകള്‍ സൃഷ്ടിക്കുക. വംശീയവും വിഭാഗീയവുമായ പുതിയൊരു സൈക്‌സ്-പീക്കോ (Sykes Picot) കരാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. എന്നാല്‍, ഇതുകൊണ്ടൊക്കെ പുതിയ രാഷ്ട്രീയ അതിര്‍ത്തികള്‍ വരക്കാനാവുമോ എന്ന തീര്‍ച്ച ഒട്ടുമില്ല താനും. അതിനാല്‍, അമേരിക്ക ദുര്‍ബലമായതിനാലാണ് അവര്‍ സിറിയയില്‍നിന്ന് പിന്‍വാങ്ങുന്നതെന്നും ഇറാന്റെയും റഷ്യയുടെയും ഇടപെടല്‍ നടക്കുന്നതെന്നുമുള്ള നിഗമനം തെറ്റാണ്. ഇറാന്‍-റഷ്യന്‍ ഇടപെടല്‍ തന്നെ അമേരിക്കന്‍ അജണ്ടയുടെ ഭാഗമാണ് എന്നതാണ് വസ്തുത. സാമ്പത്തികമോ സൈനികമോ ആയ ബാധ്യതകള്‍ അമേരിക്ക ഏല്‍ക്കേണ്ടതായും വരുന്നില്ല. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക കാര്യമായ ശ്രമമൊന്നും നടത്താതിരിക്കുമ്പോള്‍ സ്വാഭാവികമായും സംഘട്ടനം നീണ്ടുപോവുകയും അതില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളും തളരുകയും ചെയ്യും. 'പരിപ്പ് വേവാന്‍' കാത്തിരിക്കുകയാണ് അമേരിക്ക എന്നര്‍ഥം. വേവിക്കാന്‍ തീ കത്തിക്കുന്നത് തങ്ങളുടെ എതിരാളികളോ ശത്രുക്കളോ ആണെങ്കില്‍ പോലും അമേരിക്കക്ക് അത് പ്രശ്‌നവുമല്ല.
ഇറാഖില്‍ ചെയ്തതുപോലെ അമേരിക്ക സിറിയയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഇതാണ്:
1. ആഭ്യന്തരയുദ്ധം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവുക. അങ്ങനെ സിറിയന്‍ ജനത ശിഥിലമായിത്തീരണം. അവര്‍ക്കിടയില്‍ വംശീയ-വിഭാഗീയ രക്തമതിലുകള്‍ ഉയരണം.
2. സിറിയയുടെ ഇന്‍ഫ്രാസ്ട്രക്ചറും സമ്പദ്ഘടനയും ഉല്‍പാദനോപാധികളുമെല്ലാം പൂര്‍ണമായി തകരുന്നതുവരെ സംഘട്ടനം നീണ്ടുനില്‍ക്കണം.
3. നിലവിലുള്ള രാഷ്ട്രവും അതിന്റെ സൈന്യവും തകര്‍ക്കപ്പെടണം. പ്രതിപക്ഷത്തിന്റെ കേന്ദ്രീകൃത സ്വഭാവമുള്ള വിപ്ലവ സേനകള്‍ പകരം വരികയുമരുത്. ഓരോരോ മേഖലയിലും വിവിധ വംശീയ-വിഭാഗീയ മിലീഷ്യകള്‍ ഉയര്‍ന്നുവരികയും അങ്ങനെ കേന്ദ്രഭരണം ദുര്‍ബലമായി തുടരുകയും വേണം.
4. ഭാവിയില്‍ വരാനിരിക്കുന്ന ഏത് ഒത്തുതീര്‍പ്പു ഫോര്‍മുലയിലും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുക.
സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കക്ക് നേരിട്ട് ഇടപെടാന്‍ താല്‍പര്യമില്ല എന്ന് ചുരുക്കം. മേഖലയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി 'കളികള്‍' അവസാനിപ്പിക്കാതെ നീട്ടിക്കൊണ്ടുപോവുന്നതില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ശക്തിപ്രകടനത്തിന്റെ 'മൃദു' രൂപങ്ങള്‍ പിന്തുടരുന്ന ഒബാമ ഭരണകൂടത്തിന്റെ രീതികളുമായി യോജിച്ച നിലപാടുമാണിത്.
വിദേശ ഇടപെടലിന്റെ പശ്ചാത്തലം
2003-ല്‍ ഇറാഖിലെ സദ്ദാം ഹുസൈന്‍ പുറത്താക്കപ്പെടുകയും 2005-ല്‍ ലബനീസ് പ്രധാനമന്ത്രി റഫീഖ് ഹരീരി വധിക്കപ്പെടുകയും ചെയ്തതോടെ അമേരിക്കന്‍ ഭരണകൂടത്തിലെ നവ യാഥാസ്ഥിതികര്‍ (ചലീഇീിലെൃ്മശേ്‌ല)െ, ഇസ്രയേലിനെതിരായ പ്രതിരോധം അവസാനിപ്പിക്കാനും സമാധാന പ്രക്രിയയില്‍ ഭാഗഭാക്കാകാനും സിറിയക്ക് മേല്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. ചാള്‍സ് ക്രോഥമര്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ (1-4-2005) സിറിയ, ഇറാന്‍, ഹമാസ്, ഹിസ്ബുല്ല, ഇസ്‌ലാമിക് ജിഹാദ് എന്നിവ ചേര്‍ന്ന 'തിന്മയുടെ അച്ചുതണ്ട് ശക്തികള്‍' രൂപപ്പെട്ട് വരുന്നതായി ആരോപിച്ചിരുന്നു. ഇതിലേറ്റവും ദുര്‍ബലം സിറിയ ആണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. റോബര്‍ട്ട് സ്റ്റലോഫ്, ഡെന്നിസ് റോസ് തുടങ്ങിയ അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ധരും സിറിയന്‍ ഭരണകൂടത്തിന്റെ ജനിതക ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യാന്‍ അമേരിക്ക മുന്നോട്ടുവരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഈ വിദഗ്ധരുടെ എഴുത്തുകളെല്ലാം സിറിയ ഇറാഖിലും ലബനാനിലും എന്തു ചെയ്യണം, സമാധാന പ്രക്രിയയിലും പ്രതിരോധ വിഷയത്തിലും എന്തു നിലപാടെടുക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാത്രമായിരുന്നു. സിറിയയുടെ ജനാധിപത്യവത്കരണമോ ഘടനാ പരിഷ്‌കാരങ്ങളോ അവരുടെ വിഷയമേ ആയിരുന്നില്ല.
2011 വസന്തകാലത്ത് സിറിയയില്‍ മാറ്റത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ആരംഭിക്കുന്നു. മാസങ്ങളോളം പ്രക്ഷോഭം സമാധാനപരമായിരുന്നു. വൈകാതെ സിറിയന്‍ ഭരണകൂടം പ്രക്ഷോഭത്തെ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ തുടങ്ങി. 2011 അവസാനിക്കുമ്പോഴേക്കും ആറായിരം പേരെ സിറിയന്‍ ഭരണകൂടം കൊന്നൊടുക്കിയിരുന്നു. പ്രക്ഷോഭം സൈനികവത്കരിക്കപ്പെട്ടത് അങ്ങനെയാണ്. ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഒരു ജനാധിപത്യ മാറ്റത്തിനുള്ള സമാധാനപരമായ പ്രക്ഷോഭ വഴികള്‍ അതോടെ കൊട്ടിയടക്കപ്പെടുകയായിരുന്നു. വളരെ അപകടം പിടിച്ചതായിരുന്നു പ്രക്ഷോഭത്തിന്റെ 'സൈനികവത്കരണം.' മാറ്റത്തിന്റെ കാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ ഇത് ബശ്ശാര്‍ ഭരണകൂടത്തിന് സുവര്‍ണാവസരമൊരുക്കി. ഒരു വിഭാഗം പ്രക്ഷോഭകര്‍ ആയുധമെടുത്തതോടെ, അടിച്ചമര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ സിറിയന്‍ ഭരണകൂടം അവസരം ശരിക്കും ഉപയോഗിച്ചു. ഇതിനെ നേരിടാനുള്ള സൈനിക ബലമൊന്നും പ്രതിപക്ഷത്തിന് ഉണ്ടായിരുന്നില്ല. പ്രക്ഷോഭകരെ തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിച്ചും ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാശ്ചാത്യരോടൊപ്പമാണ് തങ്ങളെന്ന് വരുത്തിത്തീര്‍ത്തും ബശ്ശാര്‍ ഭരണകൂടം വ്യാപകമായ പ്രചാരണമഴിച്ചുവിടുകയും ചെയ്തു. ചില പാശ്ചാത്യ വിദഗ്ധരൊക്കെ ഈ കെണിയില്‍ വീണുപോയിട്ടുമുണ്ട്. ഇരു വിഭാഗങ്ങളും സൈനികമായി ഏറ്റുമുട്ടിയതോടെ, ഇരുപക്ഷത്തിനും മുന്നേറാനും പിടിച്ചുനില്‍ക്കാനും വിദൂര രാജ്യങ്ങളില്‍നിന്നും അയല്‍രാജ്യങ്ങളില്‍നിന്നുമൊക്കെ സൈനിക സഹായം ആവശ്യമായിവന്നു. വിദേശ ശക്തികള്‍ സിറിയന്‍ മണ്ണില്‍ കളി തുടങ്ങുകയും ചെയ്തു. കളി നിയന്ത്രകന്റെ വേഷത്തില്‍ അമേരിക്കയും കളത്തിലിറങ്ങി.
അമേരിക്കന്‍ നയവും താല്‍പര്യങ്ങളും
അമേരിക്ക അതിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യം ബശ്ശാറിനെ പുറത്താക്കുന്നതിന് പ്രക്ഷോഭം നടത്തുന്ന സിറിയന്‍ പ്രതിപക്ഷത്തെ പിന്തുണച്ചു. സിറിയയുടെ പല ഭാഗങ്ങളും പിടിച്ച് പ്രതിപക്ഷം മുന്നേറുകയും ഭരണകൂടം വീഴുമെന്ന ഘട്ടമെത്തുകയും ചെയ്തപ്പോള്‍ അമേരിക്കന്‍ സഹായം പൊടുന്നനെ നിന്നു. ആ ഘട്ടത്തില്‍ ആവശ്യമായ ആയുധങ്ങളൊന്നും അമേരിക്ക പ്രതിപക്ഷത്തിന് നല്‍കിയില്ല. അത്തരം ആയുധങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള സുഊദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ പോലുള്ള രാജ്യങ്ങളെ അതില്‍നിന്ന് തടയുകയും ചെയ്തു.
മറുവശത്ത്, ബശ്ശാര്‍ ഭരണകൂടത്തെ നിലനിര്‍ത്താന്‍ ഇറാനും ഹിസ്ബുല്ലയും ആയുധക്കൂമ്പാരങ്ങളുമായി പടയാളികള്‍ക്കൊപ്പം സിറിയയിലേക്ക് കടക്കുന്നുണ്ടായിരുന്നു. അമേരിക്ക ഒന്നും കണ്ടില്ലെന്ന് നടിച്ചു. അതും അമേരിക്കന്‍ നയത്തിന്റെ ഭാഗം തന്നെ. ഇറാനും ഹിസ്ബുല്ലയും ഇടപെട്ടാല്‍ അത് സുന്നീ-ശീഈ ചേരിപ്പോരായി മാറുമെന്ന് അമേരിക്കക്ക് അറിയാം. അതു പറഞ്ഞ് ഇറാനെതിരെ കണ്ണുരുട്ടാം. അതേസമയം, ജനാഭിലാഷത്തിന് തുരങ്കം വെച്ചവരെന്ന് ചിത്രീകരിച്ച് ഇറാനെതിരെ ജനരോഷം ഇളക്കിവിടുകയും ചെയ്യാം. ആയുധങ്ങളും പടയാളികളും ലഭിച്ചതോടെ ബശ്ശാര്‍ ഭരണകൂടത്തിന് പിടിച്ചുനില്‍ക്കാന്‍ മാത്രമല്ല, പ്രതിപക്ഷത്തിനെതിരെ കനത്ത ആക്രമണം നടത്താനും സാധ്യമായി. അപ്പോഴതാ വരുന്നു, നഷ്ടപ്പെട്ട തങ്ങളുടെ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രതിപക്ഷ സഖ്യത്തിന് അമേരിക്കന്‍ വക സൈനിക സഹായം! ഇപ്പോള്‍ ഇരു കൂട്ടര്‍ക്കും വേണ്ടത്ര ആയുധങ്ങളായി. യുദ്ധത്തില്‍ ജയിക്കാമെന്ന പ്രതീക്ഷയുമുണ്ട് ഇരുപക്ഷത്തിനും. ഫലമെന്തായിരിക്കും? അവസാനിക്കാത്ത രക്തച്ചൊരിച്ചില്‍.
ഈ അമേരിക്കന്‍ നയത്തിന്റെ ദുരന്തമാണ് നാം സിറിയയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2016 മെയ് 25 വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ 2,82,000 സിറിയക്കാരാണ് കൊല്ലപ്പെട്ടത്. രണ്ട് മില്യന്‍ പേര്‍ക്ക് മുറിവേറ്റു. പതിനൊന്നു മില്യന്‍ ജനങ്ങള്‍ പലായനം ചെയ്തു. ബശ്ശാര്‍ സൈന്യത്തിനും അവരുടെ സഹായികളായ മിലീഷ്യകള്‍ക്കും ഉണ്ടായ ആള്‍നാശം ഒരു ലക്ഷം കവിയും. ഈ മനുഷ്യദുരന്തം തടയാന്‍ ബശ്ശാറിന്റെ യുദ്ധവിമാനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഒരു നോ ഫ്‌ളൈ സോണ്‍ അമേരിക്ക പ്രഖ്യാപിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. വല്ലാതെയൊന്നും പ്രയാസപ്പെടാതെ അമേരിക്കക്ക് അത് ചെയ്യാമായിരുന്നു. പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെല്ലാം ബോംബ് വര്‍ഷം നടത്താന്‍ ഇതു കാരണം ബശ്ശാര്‍ ഭരണകൂടത്തിന് എളുപ്പമായി. അതേസമയം വിമാനവേധ ആയുധങ്ങള്‍ (Anti Aircraft Weopon) പ്രതിപക്ഷത്തിന് ലഭ്യമാക്കാനുള്ള ശ്രമങ്ങളെ അമേരിക്ക തടയുകയും ചെയ്തു. കുര്‍ദുകള്‍ക്ക് സംരക്ഷണ കവചമൊരുക്കാന്‍ 1991 മുതല്‍ വടക്കന്‍ ഇറാഖിനെ അമേരിക്ക നോ ഫ്‌ളൈ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. ലിബിയയിലും അത് പരീക്ഷിച്ചിരുന്നു. സിറിയന്‍ കമ്മിറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2015-ല്‍ മാത്രം 619 കൂട്ടക്കൊലകളാണ് നടന്നത്. ഇതില്‍ 413-ഉം നടത്തിയത് സിറിയന്‍ യുദ്ധവിമാനങ്ങള്‍; 79 എണ്ണം റഷ്യന്‍ യുദ്ധവിമാനങ്ങളും. തുര്‍ക്കിയോട് ചേര്‍ന്ന വടക്കന്‍ സിറിയയില്‍ 'സുരക്ഷാ മേഖലകള്‍' ഒരുക്കാനുള്ള ശ്രമങ്ങളെ അമേരിക്ക മനഃപൂര്‍വം അട്ടിമറിക്കുകയായിരുന്നു. സുരക്ഷാ മേഖലകള്‍ ഒരുക്കിയിരുന്നെങ്കില്‍ പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്കും സിറിയന്‍ പ്രതിപക്ഷത്തിനും അവ അഭയസ്ഥാനമാവുമായിരുന്നു. ഇതിനു വേണ്ട സൈനിക ചെലവുകള്‍ തുര്‍ക്കിയും സുഊദിയും ഖത്തറും ചേര്‍ന്ന് വഹിക്കുകയും ചെയ്യുമായിരുന്നു.
2013-ല്‍ ബശ്ശാര്‍ ഭരണകൂടം മാരകമായ സരിന്‍ വാതകം പ്രയോഗിച്ച് 1400 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഇടപെടാന്‍ അമേരിക്ക ഒരുങ്ങിവന്നതാണ്. സിറിയന്‍ സൈന്യത്തെ ആക്രമിക്കാനുള്ള പദ്ധതി പെട്ടെന്ന് ഉപേക്ഷിക്കുന്നതാണ് പിന്നീട് കണ്ടത്. പിന്മാറ്റത്തിന് പ്രത്യേകിച്ച് കാരണമൊന്നും അമേരിക്ക പറഞ്ഞതുമില്ല. പിന്മാറാന്‍ തീരുമാനിച്ച ആ ദിവസം, 'ലോകത്തെ ഏക വന്‍ ശക്തി എന്ന അമേരിക്കയുടെ പദവിക്കാണ് ഒബാമ അകാലത്തില്‍ അന്ത്യം കുറിച്ചത്' എന്ന് ദി അറ്റ്‌ലാന്റികിന്റെ 2016 ഏപ്രില്‍ ലക്കത്തില്‍ ജെഫ്രി ഗോള്‍ഡ്ബര്‍ഗ് എഴുതി. ഒബാമയുടെ നിലപാട് തന്നെയാണ് അതിന് കാരണമെന്നും അദ്ദേഹം പറയുന്നു. ഏതെങ്കിലുമൊരു മനുഷ്യ ദുരന്തം തടയാന്‍ അമേരിക്കന്‍ ഭടന്മാരെ അപകടത്തില്‍ ചാടിക്കരുതെന്നും, ആ മനുഷ്യദുരന്തം അമേരിക്കന്‍ സുരക്ഷക്ക് ഭീഷണിയാണെങ്കില്‍ മാത്രമേ സൈനികമായി ഇടപെടേണ്ടതുള്ളൂ എന്നുമാണ് ഒബാമ തിയറി.
വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഈ തിയറി സിറിയയുടെ കാര്യത്തിലെങ്കിലും തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കുന്നതാണ്. സിറിയയിലെയും ഇറാഖിലെയും ഐ.എസ് ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനും സിറിയയിലെ കുര്‍ദ് ശക്തികളെ പിന്തുണക്കാനുമെല്ലാം അമേരിക്ക അതിന്റെ വ്യോമസേനയെ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ഇറാഖിലുള്ള 4,600 അമേരിക്കന്‍ സൈനികര്‍ അവരുടെ തന്നെ വ്യോമസേന ഒരുക്കുന്ന സുരക്ഷാ വലയത്തില്‍നിന്നുകൊണ്ടാണ് ഐ.എസിനെതിരെ പട നയിക്കുന്നത്. അതിനാല്‍ സിറിയന്‍ പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ അമേരിക്ക ഇടപെടാതിരിക്കുന്നത്, സംഭവങ്ങള്‍ തങ്ങളുടെ അജണ്ടക്കനുസരിച്ചായതിനാല്‍ അത് വേണ്ടെന്ന് വെച്ചതുകൊണ്ടുതന്നെയാണ്.
ഇനി, ബശ്ശാര്‍ ഭരണകൂടം കൈവശം വെക്കുന്ന രാസായുധങ്ങളുടെ കാര്യത്തിലുള്ള അമേരിക്കന്‍ നിലപാട് പരിശോധിക്കാം. ഇക്കാര്യത്തില്‍ തങ്ങളെ സൈനികമായി തളര്‍ത്തുന്നതും ഇസ്രയേലിന് ഗുണം ചെയ്യുന്നതുമായ ഒരു കരാറില്‍ ബശ്ശാര്‍ ഭരണകൂടം എത്തുകയുണ്ടായി. രാസായുധങ്ങള്‍ പ്രയോഗിക്കുകയില്ല എന്നതാണ് കരാര്‍. പക്ഷേ, ഇതിന്റെ മറവില്‍ ഇതല്ലാത്ത മറ്റെല്ലാ ആയുധങ്ങളും യഥേഷ്ടം പ്രയോഗിക്കാന്‍ ബശ്ശാറിന് മൗനസമ്മതം നല്‍കുകയായിരുന്നു അമേരിക്ക. സിറിയന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്ക് പ്രകാരം, മറ്റു ആയുധങ്ങള്‍ കൊണ്ട് അഞ്ച് വര്‍ഷത്തിനകം ബശ്ശാര്‍ ഭരണകൂടം കൊന്നുതള്ളിയത് 1,84,000 പേരെയാണ്. ഇക്കാലയളവില്‍ പ്രതിപക്ഷ സഖ്യത്തിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത് മുവ്വായിരം പേരും ഐ.എസ് വധിച്ചത് 2,200 പേരെയുമാണെന്ന് ഓര്‍ക്കണം.
അമേരിക്ക-റഷ്യ ഒത്തുകളി
അമേരിക്കയുടെ മൗനാനുവാദമില്ലാതെ റഷ്യന്‍ സൈനികര്‍ക്ക് ബശ്ശാറിനെ സൈനികമായി സഹായിക്കാന്‍ കഴിയുമായിരുന്നില്ല. സിറിയന്‍ ചതുപ്പിലേക്ക് റഷ്യക്കാര്‍ ആണ്ടുപോയ്‌ക്കൊള്ളട്ടെ എന്നാവും അമേരിക്ക കണക്കുകൂട്ടുന്നുണ്ടാവുക. ഇതിനിടെ അവര്‍ ബശ്ശാര്‍ ഭരണകൂടത്തെ പൊക്കിനിര്‍ത്തുന്നതോ പ്രതിപക്ഷത്തെ ആക്രമിക്കുന്നതോ അമേരിക്കക്ക് പ്രശ്‌നമല്ല; മാറ്റത്തെക്കുറിച്ച് ദേശീയമോ ഇസ്‌ലാമികമോ ആയ കാഴ്ചപ്പാട് പുലര്‍ത്തുന്ന, യു.എസ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത പ്രതിപക്ഷ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രത്യേകിച്ചും.
അതിവേഗം നിയന്ത്രണം നഷ്ടമായിക്കൊണ്ടിരുന്ന ബശ്ശാര്‍ ഭരണകൂടത്തെ രക്ഷപ്പെടുത്തുകയായിരുന്നു 2015-ലെ റഷ്യന്‍ ഇടപെടലിലൂടെ. രക്തച്ചൊരിച്ചില്‍ തുടരുമെന്ന് അതോടെ ഉറപ്പായി. അതാണ് അമേരിക്ക ആഗ്രഹിച്ചിരുന്നതും. സിറിയയില്‍ ഇറാനുണ്ടായിരുന്ന സ്വാധീനം കുറക്കാനും റഷ്യന്‍ ഇടപെടല്‍ കാരണമായിട്ടുണ്ട്. ഇറാനാകട്ടെ ഒരു ഭാരം ഒഴിഞ്ഞുകിട്ടിയ ആശ്വാസത്തിലുമാണ്. റഷ്യന്‍ ഇടപെടല്‍ വ്യംഗ്യമായി അമേരിക്കന്‍ താല്‍പര്യങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മേഖലയിലെ ജനസമൂഹങ്ങളുടെ രോഷം മുഴുവന്‍ അമേരിക്കക്ക് എതിരെയായിരുന്നല്ലോ, ഇതുവരെ. ഇനിയത് റഷ്യക്കെതിരെ തിരിഞ്ഞുകൊള്ളും.
സിറിയയുടെ ഭാവി എന്താകണമെന്നതിനെക്കുറിച്ചും അമേരിക്കയും റഷ്യയും തമ്മില്‍ തന്ത്രപരമായ ചില ധാരണകളുണ്ട്. ആ പങ്കുവെപ്പില്‍ അമേരിക്കക്ക് സ്വീകാര്യമാവുന്ന ഒരു ഓഹരി റഷ്യക്കും ലഭിക്കും. മോസ്‌കോയുടെ പ്രഖ്യാപനങ്ങള്‍ക്ക് നേര്‍വിരുദ്ധമായി ഐ.എസ് ഒഴികെയുള്ള പ്രതിപക്ഷ നിരയെയാണ് റഷ്യ കാര്യമായി ആക്രമിക്കുന്നത് എന്നതും കാണാതെ പോകരുത്. ആശുപത്രികളും സ്‌കൂളുകളും ബേക്കറികളും മറ്റു സിവിലിയന്‍ കേന്ദ്രങ്ങളുമൊക്കെ റഷ്യന്‍ വിമാനങ്ങള്‍ ഉന്നം വെച്ചു. റഷ്യന്‍ ഇടപെടലിന് ഏഴു മാസമായപ്പോള്‍ തന്നെ (30-4-2016 വരെയുള്ളത്) സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്ക് പ്രകാരം, റഷ്യക്കാര്‍ കൊന്നത് 5,800 പേരെയാണ്. ഇതില്‍ രണ്ടായിരത്തില്‍പരം പേര്‍ സിവിലിയന്മാര്‍. അവരില്‍ 800 കുട്ടികളും ഉള്‍പ്പെടും. റഷ്യന്‍ അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ജൂണില്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. റഷ്യയുടെ നീക്കങ്ങളില്‍, പ്രത്യേകിച്ച് ഇസ്രയേലിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയാണ് നെതന്യാഹു ചെയ്തത്. ഇക്കാര്യത്തില്‍ റഷ്യ-ഇസ്രയേല്‍ ധാരണ കൂടി ഉണ്ടെന്നര്‍ഥം.
ഐ.എസും പിന്നാമ്പുറ കളികളും
സിറിയന്‍ ഭരണകൂടവും അതിന്റെ കൂട്ടാളികളും പറഞ്ഞുപരത്തുന്നത്, അവര്‍ നേരിടുന്നത് 'ഭീകരന്മാരെയും തീവ്രവാദി ഗ്രൂപ്പുകളെയും' ആണെന്നാണ്. ഈ പ്രോപഗണ്ടയില്‍ അമേരിക്കയും വീണുപോയി. ജനകീയ പ്രക്ഷോഭമല്ല, 'ഭീകരത'യാണ് സിറിയയുടെ പ്രശ്‌നം എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. അമേരിക്കന്‍ സൈനിക നടപടികള്‍ കേന്ദ്രീകരിക്കുന്നത് ഐ.എസിനും ജബ്ഹതുന്നുസ്വ്‌റക്കുമെതിരെയാണെന്ന് കാണാം. പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് എന്തെങ്കിലും സഹായം നല്‍കണമെങ്കില്‍ അവര്‍ ഐ.എസിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കണം എന്നും അമേരിക്ക ഉപാധി വെക്കുന്നു. സിറിയന്‍ ഭരണകൂടത്തെ എതിരിടുക എന്നത് എവിടെയും ഉപാധിയായി വരുന്നില്ല.
മറ്റു ചില കാര്യങ്ങളും ഇവിടെ വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഐ.എസ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത് ബശ്ശാര്‍ ഭരണകൂടത്തിനല്ല, സിറിയന്‍ പ്രതിപക്ഷത്തിനാണ് എന്നതാണ് അതില്‍ പ്രധാനം. ഐ.എസിന്റെ വെട്ടിപ്പിടിത്തം നടക്കുന്നതും പ്രതിപക്ഷത്തെ രക്തച്ചൊരിച്ചിലിലേക്ക് വലിച്ചിഴച്ചുകൊണ്ടാണ്. ബശ്ശാര്‍ ഭരണകൂടമാകട്ടെ, ഐ.എസിന്റെ ഭീകരവാദം തന്നെയാണ് പ്രതിപക്ഷത്തിന്റേതും (മിതവാദികളായ ദേശീയ-ഇസ്‌ലാമിക കക്ഷികളും ഇതില്‍പെടും) എന്ന് താറടിച്ച് സ്വന്തം നിലനില്‍പിനെയും സൈനിക നീക്കങ്ങളെയും ന്യായീകരിക്കുന്നു. സിറിയന്‍ പ്രക്ഷോഭം ആരംഭിച്ചയുടനെ നൂറുകണക്കിന് തീവ്രവാദികളെ ഭരണകൂടം കൂട്ടത്തോടെ ജയിലില്‍നിന്ന് തുറന്നുവിട്ടിരുന്നു. പ്രതിപക്ഷ നിരയിലെ മേല്‍ക്കൈ അത്തരം തീവ്രവാദികള്‍ പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരിക്കാം ആ നടപടി. വിഷയം വഴിതിരിച്ചുവിടാനും പ്രതിപക്ഷത്തിന്റെ പേര് മോശമാക്കാനും അവരുടെ സാന്നിധ്യം ഉപകരിക്കുമെന്നും ഭരണകൂടം കണക്കുകൂട്ടിയിട്ടുണ്ടാവണം.
ഇതില്‍ ഐ.എസ് നിര്‍വഹിക്കുന്ന പങ്കിനെപ്പറ്റി വിശദമായ പഠനം തന്നെ നടക്കേണ്ടതുണ്ട്. എങ്ങനെയാണ് അവര്‍ക്ക് സിറിയയുടെയും ഇറാഖിന്റെയും ഇത്രയധികം ഭൂപ്രദേശങ്ങള്‍ ഇത്ര വേഗത്തില്‍ പിടിച്ചെടുക്കാനായത്? അമേരിക്കയുടെയും ബശ്ശാര്‍ ഭരണകൂടത്തിന്റെയും അവരുടെ കൂട്ടാളികളുടെയും കണ്‍മുന്നിലാണല്ലോ ഇതൊക്കെ അരങ്ങേറുന്നത്? മൂന്നാഴ്ചകള്‍ക്കകം ഇറാഖ് അധിനിവേശപ്പെടുത്തിയ അമേരിക്ക എന്തുകൊണ്ടാണ് ഐ.എസിനെ തുരത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് പറയുന്നത്? 2014-ല്‍ അമേരിക്കയുടെ ഐ.എസ് വിരുദ്ധ ഗ്രൂപ്പിന്റെ കമാന്ററായിരുന്ന ജെയിംസ് ടെറി പറഞ്ഞത്, ഐ.എസ് വിരുദ്ധ നീക്കങ്ങള്‍ ഒരു വഴിത്തിരിവിലെത്താന്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും വേണമെന്നാണ്. മുന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ലിയണ്‍ പനറ്റ പറയുന്നത്, അമേരിക്ക ഐ.എസിനെതിരെ മുപ്പത് വര്‍ഷത്തെ യുദ്ധം മുന്നില്‍ കാണുന്നുണ്ടെന്നാണ്. ഐ.എസ് എന്ന നോക്കുകുത്തി കാണിച്ച് പേടിപ്പിച്ച് തങ്ങളുദ്ദേശിച്ച വിധം കാര്യങ്ങള്‍ ശരിപ്പെടുത്തുന്നതുവരെ അമേരിക്ക മേഖലയില്‍ തങ്ങും എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.
ഐ.എസ് ഭീകരത വംശീയ വിഭാഗീയ ധ്രുവീകരണത്തിന് നല്ല വളമായിത്തീര്‍ന്നു എന്നത് നിഷേധിക്കാനാവുകയില്ല. 'സുന്നീ ഭീകരത' (ചിലര്‍ ഇങ്ങനെയേ പറയൂ, സിറിയന്‍ ജനകീയ പ്രക്ഷോഭം എന്ന് പറയില്ല)യെ നേരിടാന്‍ ഇപ്പുറത്ത് അലവി, ശീഈ, ഡ്രൂസ്, ക്രിസ്ത്യന്‍, കുര്‍ദ് നീക്കങ്ങള്‍. കൃത്യമായ ഭാവി പരിപാടികളുള്ള ഒരു പ്രതിപക്ഷ സഖ്യം ബശ്ശാര്‍ ഭരണത്തിന് പകരമായി വരുന്നത് വാഷിംഗ്ടണ്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അണിയറയില്‍ വിഭാഗീയ നീക്കങ്ങള്‍ മുറുകുന്നത് എന്നു വേണം മനസ്സിലാക്കാന്‍. മേഖലയെ ദുര്‍ബലപ്പെടുത്തുകയും ശിഥിലമാക്കുകയും ചെയ്യുക എന്നതാണ് അമേരിക്കന്‍ നയനിര്‍മാതാക്കളുടെ ലക്ഷ്യം. അതിനാല്‍ ഐ.എസ് വിരുദ്ധ പോരാട്ടം തന്നെയായിരിക്കും രാഷ്ട്രീയത്തിലും മീഡിയാ ചര്‍ച്ചകളിലൊക്കെ നിറഞ്ഞുനില്‍ക്കുക. വിപ്ലവത്തിന്റെ മുഖ്യ ഘടകമായ 'സുന്നി മുസ്‌ലിം ഫാക്ടര്‍' ദുര്‍ബലമാകുന്നതുവരെ ഈ നയത്തില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
സകലവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും ഉപേക്ഷിക്കാന്‍ അസദ് ഭരണകൂടത്തിനുമേല്‍ അമേരിക്ക നിരന്തരം സമ്മര്‍ദം ചെലുത്തിവരുന്നുണ്ടെന്നതാണ് മറ്റൊരു വശം. എന്നിട്ട് 'സമാധാന പ്രക്രിയ'യില്‍ ഭാഗഭാക്കാകണം. അതായത് ഇസ്രയേലുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തി 'മിതവാദി' അച്ചുതണ്ടില്‍ ഉള്‍പ്പെടുക. കഴിഞ്ഞ നാല് പതിറ്റാണ്ടായി, ഇസ്രയേല്‍ കൈയടക്കിവെച്ചിരിക്കുന്ന സിറിയയുടെ ജൂലാന്‍ കുന്നുകളുടെ വിഷയത്തില്‍ സിറിയന്‍ ഭരണകൂടം പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്തത് അമേരിക്കയെയും ഇസ്രയേലിനെയും സന്തോഷിപ്പിക്കുന്നുണ്ട്. അതിനാല്‍ ഈ രാഷ്ട്രങ്ങളും സിറിയയില്‍ ഭരണമാറ്റം ഉണ്ടാവുന്നതിന് എതിരാണ്; ബദലായി വരുന്നത് ജനാധിപത്യ, ലിബറല്‍ ഭരണകൂടമായിരുന്നാല്‍ പോലും. പുതിയ ഭരണത്തില്‍ തങ്ങള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ സ്വാധീനം ഉണ്ടാവുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ അമേരിക്കയും ഇസ്രയേലും ഭരണമാറ്റത്തെക്കുറിച്ച് ചിന്തിക്കൂ. സിറിയന്‍ പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ ഭരണകൂടത്തേക്കാള്‍ കടുത്ത ഇസ്രയേലിവിരുദ്ധ നിലപാടാവും അവര്‍ സ്വീകരിക്കുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിനാല്‍ ബശ്ശാര്‍ പുറത്തായാല്‍ പോലും ആ ഭരണകൂടത്തെ നിലനിര്‍ത്താന്‍ അമേരിക്കയും ഇസ്രയേലും ബദ്ധശ്രദ്ധരായിരിക്കും.
സിറിയയിലെ ന്യൂനപക്ഷ വിഭാഗമായ അലവികളുടേതാണ് ബശ്ശാര്‍ ഭരണകൂടം. അതാകട്ടെ തികഞ്ഞ ഏകാധിപത്യ സ്വഭാവമുള്ളതും. ഭരണകൂടത്തിന്റെ നിയമാനുസൃതത്വത്തെ ദുര്‍ബലപ്പെടുത്തുന്ന ഈ രണ്ട് കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് ആ ഭരണകൂടത്തെക്കൊണ്ട് പലതും അംഗീകരിപ്പിക്കുക എന്നതാണ് അമേരിക്ക പയറ്റുന്ന തന്ത്രം. അതിനാല്‍, സിറിയന്‍ ജനതയുടെ വികാരം ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ സംവിധാനത്തെ അമേരിക്ക പിന്തുണക്കും എന്ന് നാം കരുതേണ്ടതില്ല. മേഖലയിലെ ഏതൊരു ജനാധിപത്യ പ്രതിനിധാനവും അമേരിക്കന്‍ താല്‍പര്യങ്ങളെ അപകടപ്പെടുത്തും എന്നതുതന്നെ കാരണം. ന്യൂനപക്ഷ സംരക്ഷണത്തിന്റെയും മറ്റും പേരു പറഞ്ഞുകൊണ്ടായിരിക്കും ജനകീയാഭിലാഷത്തെ അമേരിക്ക തുരങ്കം വെക്കുക എന്നു മാത്രം.
(സൈത്തൂന സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് കണ്‍സള്‍ട്ടേഷന്‍സിന്റെ ജനറല്‍ മാനേജറും മലേഷ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം മുന്‍ മേധാവിയുമാണ് ലേഖകന്‍)
Comments