അവറാന്‍ മൗലവി: അഞ്ച് തലമുറയുടെ ഉസ്താദ്
ജമാഅത്തെ ഇസ്‌ലാമി കേരള വിദ്യാഭ്യാസ വകുപ്പും മേപ്പാടം പൗരാവലിയും ചേര്‍ന്ന് ആദരിക്കുന്ന അവറാന്‍ മൗലവിയെക്കുറിച്ച്:
ഹാജി സാഹിബ് വിടവാങ്ങുന്നതിന്റെ തൊട്ടുമുമ്പ് സന്ദര്‍ശനം നടത്തിയ പ്രദേശമാണ് മലപ്പുറം ജില്ലയിലെ മമ്പാട്. മമ്പാട്ടും സമീപപ്രദേശങ്ങളിലും ഹാജി സാഹിബ് നീണ്ട പ്രഭാഷണങ്ങള്‍ നടത്തിയത് ഇന്നലെ കണ്ട പോലെ ഓര്‍ത്തെടുക്കുന്നു അവറാന്‍ മൗലവി. ഇസ്‌ലാമിക പ്രസ്ഥാനത്തിന് കേരളത്തിന്റെ മുക്കുമൂലകളില്‍ ബീജാവാപം നടത്തിയ ഇസ്സുദ്ദീന്‍ മൗലവിയുമായും സുഹൃദ്ബന്ധമുണ്ടായിരുന്നു അവറാന്‍ മൗലവിക്ക.് ഇസ്സുദ്ദീന്‍ മൗലവിയുടെ പ്രഭാഷണങ്ങളുടെ സംഘാടനത്തിന് ചുക്കാന്‍ പിടിച്ചും മൗലവി നിറഞ്ഞുനിന്നു.
അറുപത് വര്‍ഷം മമ്പാട് മേപ്പാടം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അവറാന്‍ മൗലവിയുടെ ശിഷ്യഗണങ്ങളില്‍, പ്രദേശത്തെ പല തലമുറകളിലെ മുതിര്‍ന്നവരും മധ്യവയസ്‌കരും യുവജനങ്ങളും കുഞ്ഞുങ്ങളുമെല്ലാം ഉള്‍പ്പെടും. അവരില്‍ പലരും നാട്ടിലും വിദേശരാജ്യങ്ങളിലും മത-രാഷ്ട്രീയ-സാമൂഹിക-ഉദ്യോഗ മേഖലകളില്‍ നിറസാന്നിധ്യമാണ്.
മലപ്പുറം ജില്ലയിലെ ആമയൂര്‍, പുളിയക്കോട് ദര്‍സുകളില്‍ ദീര്‍ഘകാലം പഠിച്ച മൗലവി 1957-ലാണ് മമ്പാട്ട് എത്തുന്നത്. മമ്പാട് പ്രദേശത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന ഹസന്‍ മോയിന്‍ മൗലവിയുടെ അനുജനാണ് അവറാന്‍ മൗലവി. ജ്യേഷ്ഠനാണ് മൗലവിയെ പഠിപ്പിച്ചതും വളര്‍ത്തിയതും. മേപ്പാടത്ത് ഒരു മദ്‌റസ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ആ ചരിത്രനിയോഗം അവറാന്‍ മൗലവി സ്വയം ഏറ്റെടുക്കുകയായിരുന്നു. തലമുറകള്‍ക്ക് ഖുര്‍ആനും മറ്റു ദീനീവിഷയങ്ങളും പഠിപ്പിച്ചതിന്റെ ചാരിതാര്‍ഥ്യം മൗലവിയുടെ വാക്കുകളില്‍ വായിച്ചെടുക്കാം. തന്നേക്കാള്‍ മുതിര്‍ന്നവര്‍ക്കു പോലും നമസ്‌കാരത്തിന്റെ ബാലപാഠങ്ങള്‍ വരെ അജ്ഞാതമായിരുന്ന കാലത്താണ് ചില സംരംഭങ്ങള്‍ നാട്ടിലെ മുതിര്‍ന്നവരും, മൗലവിയും ഏറ്റെടുത്ത് വിജയിപ്പിച്ചത്. 'വയോജന ദീനീ വിദ്യാഭ്യാസം' അതിലൊന്നാണ്. നേരമിരുട്ടുമ്പോള്‍ പെട്രോമാക്‌സിന്റെ വെളിച്ചത്തിനടുത്തേക്ക് വിദ്യാര്‍ഥികള്‍ എത്തിത്തുടങ്ങും. ആ അരണ്ട വെളിച്ചത്തില്‍ ഖുര്‍ആനിന്റെ വെളിച്ചം ജീവിതത്തിലേക്ക് പകര്‍ത്തിയ പലരും ഇന്നും മേപ്പാടത്തുണ്ട്. കൊച്ചു മക്കള്‍ക്ക് ക്ലാസെടുക്കും പോലെയാണ് മൗലവി അവരെ പരിശീലിപ്പിച്ചെടുത്തത്.
അക്കാലത്തെ രസകരമായ പല ഓര്‍മകകളുമുണ്ട് മൗലവിക്ക്. ഒരിക്കല്‍ മഗ്‌രിബ് നമസ്‌കാരത്തില്‍ സൂറത്തുല്‍ ഖദ്ര്‍ ഓതി. നമസ്‌കാരം കഴിഞ്ഞയുടന്‍ ഒരാള്‍ ചോദിച്ചുവത്രെ: ''മൗലവീ, ഇങ്ങക്ക് തെറ്റി. ഇത് സ്വുബ്ഹ് നിസ്‌കാരത്തില്‍ ഓതേണ്ട സൂറത്ത് അല്ലേ?'' സ്വുബ്ഹ് നമസ്‌കാരത്തില്‍ തിലാവത്തിന്റെ സുജൂദ് ചെയ്ത മറ്റൊരവസരത്തില്‍ പിന്തുടര്‍ന്നവരില്‍ ചിലര്‍ ഉറക്കെ ആവര്‍ത്തിച്ച് 'സുബ്ഹാനല്ലാഹ്' ചൊല്ലുന്നുണ്ടായിരുന്നു. മഅ്മൂമുകളില്‍ ചിലര്‍ 'എന്തുവന്നാലും വേണ്ടില്ല ഇമാമിനെ പിന്തുടരാം' എന്ന മനോഭാവത്തോടെ കൂടെ ചെയ്തു. മറ്റു ചിലര്‍ എന്തുചെയ്യണമെന്നറിയാതെ നിന്നും കുമ്പിട്ടും ഇരുന്നും സുജൂദില്‍ കിടന്നും അസ്വസ്ഥരായി. നമസ്‌കാരം കഴിഞ്ഞ് അതെല്ലാം മൗലവി അവരെ പഠിപ്പിച്ചു. ജനങ്ങള്‍ക്ക് തിലാവത്തിന്റെ സുജൂദ് പോലുള്ള കാര്യങ്ങളൊന്നും അറിയുമായിരുന്നില്ല.
തൂവെള്ള വസ്ത്രം ധരിച്ച് അഞ്ച് മിനിറ്റ് മുമ്പേ മദ്‌റസയിലെത്തുക-മൗലവി 60 വര്‍ഷം മുടക്കം വരുത്താതെ കൊണ്ടണ്ടുനടന്ന ദിനചര്യ. അക്കാലമത്രയും ആവശ്യത്തിന് പോലും ഒരു ലീവെടുക്കാന്‍ അദ്ദേഹം മടിച്ചു. ഹജ്ജ് നിര്‍വഹിക്കാന്‍ മാത്രമാണ് ആറു പതിറ്റാണ്ടുകാലത്തിനിടെ ഒരു മാസം അദ്ദേഹം ലീവെടുത്തത്. മദ്‌റസ വിട്ടുകഴിഞ്ഞാലുടന്‍ അദ്ദേഹം കൃഷിയിടത്തിലേക്ക് നീങ്ങും. മേല്‍നോട്ടക്കാരനായും തൊഴിലാളികളില്‍ ഒരുവനായും മൗലവി വയലിലും വരമ്പിലും തൊടിയിലും വിയര്‍ത്തൊലിച്ച് പണിയെടുത്തു. സൂര്യോദയം മുതല്‍ അസ്തമയം വരേക്കും ആ മനസ്സും ദേഹവും ക്രിയാത്മകമായി നിലകൊണ്ടു.
അവറാന്‍ മൗലവിക്ക് ഇപ്പോള്‍ പ്രായം 90. കാണാന്‍ ചെല്ലുമ്പോള്‍ മൗലവി വീട്ടിലില്ല, പാടത്താണ്. വയല്‍ വരമ്പിലെ മണ്ണില്‍ തൂമ്പകൊണ്ട് കിളക്കുന്നു. ഒരു മണിക്കുര്‍ നേരം തന്റെ പൂര്‍വകാലം ഓര്‍ത്തെടുത്ത് മൗലവി വാചാലനായി. മൗലവിക്ക് വാര്‍ധക്യസഹജമായി കാര്യമായ അസുഖമേതുമില്ല. അക്കാരണത്താല്‍ കനപ്പെട്ട മരുന്നുകളുമില്ല.
സ്വന്തം മക്കളെപ്പോലെ അഞ്ച് തലമുറയെ അവറാന്‍ മൗലവി ശാസിച്ചു, ശിക്ഷിച്ചു, ദീനീ അറിവ് പകര്‍ന്നുകൊടുത്തു. നായാട്ടിന്റെയും കാളപ്പൂട്ടിന്റെയും മാത്രം വര്‍ത്തമാനങ്ങള്‍ പറഞ്ഞ് പീടികത്തിണ്ണകളില്‍ ചുറ്റിത്തിരിഞ്ഞിരുന്ന പലരും മൗലവിയുടെ വയോജനക്ലാസുകളില്‍ പങ്കെടുത്തതിന്റെ സ്മരണ പുതുക്കി. മേപ്പാടം പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക പുരോഗതിയുടെ ആദ്യഘട്ടങ്ങളില്‍തന്നെ മൗലവി നിര്‍വഹിച്ച വിലപ്പെട്ട സേവനവും ഓര്‍ക്കാതെ വയ്യ. അക്കാരണത്താല്‍ കൂടിയാണ് ജമാഅത്തെ ഇസ്‌ലാമി കേരള വിദ്യാഭ്യാസ വകുപ്പും മേപ്പാടം പൗരാവലിയും ചേര്‍ന്ന് അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചത്.
Comments