Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 21

2972

1438 മുഹര്‍റം 20

മക്കളോട് കലഹിക്കുന്നവര്‍

ജാസിമുല്‍ മുത്വവ്വ

മക്കളുടെ പെരുമാറ്റവും ഇടപാടുകളുമൊന്നും തങ്ങള്‍ക്ക് മനസ്സിലാക്കാനാവുന്നില്ലെന്ന പരാതിയാണ് മിക്ക മാതാപിതാക്കള്‍ക്കും; 'അവര്‍ ഞങ്ങളുടെ വാക്കുകള്‍ക്ക് ചെവിതരുന്നില്ല.'' സത്യമെന്താണ്? കാര്യങ്ങളെ കാണുകയും വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതില്‍ നമ്മളും അവരും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. നാം മക്കളെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോള്‍ നാം കരുതുന്നത് നാം ഉദ്ദേശിക്കുന്നത് പൂര്‍ണമായി അവര്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്നാണ്. നമ്മുടെ മക്കളോട് നാം ഭിന്നിക്കുന്ന ചില ഉദാഹരണങ്ങള്‍ ഞാന്‍ നിരത്താം. അവര്‍ മനഃപൂര്‍വം നമ്മോടു കലഹിക്കുകയും ഭിന്നിക്കുകയും ചെയ്യുകയാണെന്ന് നാം ധരിക്കും. പിന്നെ ശിക്ഷയായി, യുദ്ധപ്രഖ്യാപനമായി, കുഴപ്പമായി, വീടകം കലഹത്തിന്റെ വിഹാര വേദിയായി. യഥാര്‍ഥത്തില്‍ നമ്മോട് വിയോജിക്കണമെന്ന ഉദ്ദേശ്യം അവര്‍ക്കില്ല. നാം ഗ്രഹിക്കുന്നതില്‍നിന്ന് ഭിന്നമായാണ് അവര്‍ ഗ്രഹിക്കുന്നത് എന്നതാണ് സത്യം. 

ഒന്നാമത്തെ ഉദാഹരണം: നമുക്ക് അവരുമായുള്ള ഭിന്നിപ്പ് 'കാലം' എന്നതിനെ കുറിച്ച പരികല്‍പനയെചൊല്ലിയാണ്. നമ്മുടെ കണക്കിലെ കാലം എന്നത് സെക്കന്റുകളും മിനിറ്റുകളും മണിക്കൂറുകളുമാണ്. അവരുടെ കണക്കിലെ കാലം കളികളും വിനോദങ്ങളുമാണ്. കളിവിനോദങ്ങളില്‍ സന്തുഷ്ടി കാണുമെന്നിരിക്കെ കാലത്തിന് അവര്‍ വലിയ വില കല്‍പ്പിക്കില്ല. നാം ആവശ്യപ്പെടുന്ന നമസ്‌കാരം പോലുള്ള കാര്യങ്ങളില്‍ കൃത്യത പുലര്‍ത്താന്‍ അവര്‍ അമാന്തിക്കുന്നത് തന്നിമിത്തമാണ്. അവരുടെ മുന്‍ഗണന കളിവിനോദങ്ങള്‍ക്കാണ്. 

രണ്ട്, സ്ഥലം. വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം യഥാസ്ഥാനങ്ങളില്‍ അടുക്കോടും ചിട്ടയോടും വൃത്തിയായും സംവിധാനിക്കപ്പെട്ടു കാണണമെന്നാണ് നമ്മുടെ ആഗ്രഹം. അതേ സന്ദര്‍ഭത്തില്‍ അവയെല്ലാം അതതിടങ്ങളില്‍നിന്ന് മാറ്റി വലിച്ചു വാരിയിട്ടു അലങ്കോലപ്പെടുത്തുന്നതില്‍ അവര്‍ക്ക് ഒരു അസ്‌ക്യതയും അനുഭവപ്പെടില്ല. ഓരോന്നിന്റെയും പരിപ്പെടുത്ത് അഴിച്ച് നാനാവിധമാക്കി ഉപയോഗിക്കുകയാണ് അവര്‍ക്ക് പഥ്യം. ഒമ്പത് വയസ്സ് വരെ ഇതാവും സ്ഥിതി. 

മൂന്ന്, ശ്രദ്ധിച്ചു കേള്‍ക്കുന്നതിലെ തെരഞ്ഞെടുപ്പ്. ഒരാളുടെ സംസാരം നമുക്ക് പിടിക്കട്ടെ, പിടിക്കാതിരിക്കട്ടെ, നാമത് ശ്രദ്ധിച്ചു കേള്‍ക്കുന്നതായി ഭാവിക്കും. അല്ലെങ്കില്‍ ശ്രദ്ധിച്ചു കേള്‍ക്കും. എന്നാല്‍ മക്കളാവട്ടെ അഞ്ച് വയസ്സ് കഴിഞ്ഞാല്‍ തങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കേണ്ടതെന്തെന്ന് അവര്‍ തെരഞ്ഞെടുക്കും. അവര്‍ക്ക് പ്രത്യക്ഷത്തില്‍ ആവശ്യമായി തോന്നാത്തതാണ് നിങ്ങള്‍ ഉന്നയിക്കുന്ന ആവശ്യമെങ്കില്‍ അവര്‍ അത് അവഗണിക്കും. 

നാല്: ക്ഷമയെക്കുറിച്ച സങ്കല്‍പം. നമുക്ക് ക്ഷമാശീലമുണ്ടായെന്നിരിക്കും. കാരണം ക്ഷമ കൊണ്ടുള്ള ഭാവി ഫലങ്ങളിലാണ് നമ്മുടെ നോട്ടം. അവരാവട്ടെ നിരന്തരം അസ്വസ്ഥത പ്രകടിപ്പിച്ചുകൊിരിക്കും. ക്ഷമയും സഹനശേഷിയും കുറവായിരിക്കും അവര്‍ക്ക്. 

അഞ്ച്: കളി. നമുക്ക് കളിയെന്നാല്‍ ഒറ്റക്കോ കൂട്ടായോ ആണ്. അവരുടെ കളി നാല് വിധമാണ്. ഒറ്റക്കാവാം, ഒന്നിച്ചാവാം, മറ്റുള്ളവരുമായി സഹകരിച്ചാവാം, കേവലം കാഴ്ചക്കാരായി ആവാം. 

ആറ്: ദൃഷ്ടി സംവേദനം. നാം അവരിലേക്ക് ദൃഷ്ടി അയക്കാതെ അവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയാണെങ്കില്‍ അവര്‍ ധരിക്കുക നാം അവരുടെ വാക്കുകള്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ലെന്നാണ്. നോക്കുന്നില്ലെങ്കിലും ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നാവും നമ്മുടെ മനസ്സിലിരിപ്പ്. 

ഏഴ്: ശരീര ഭാഷ. നാം അവരോട് സംസാരിക്കുമ്പോള്‍ ശാരീരികമായല്ല, വാചികമായാണ് അധികവും നമ്മുടെ ആശയങ്ങള്‍ അവരോട് പ്രകടിപ്പിക്കുന്നത്. അവരാവട്ടെ വാചികമായ ആശയ പ്രകാശനത്തേക്കാള്‍ ശരീര പ്രകടനത്തിലൂടെയുള്ള ആശയസംവേദനത്തിലാണ് ശ്രദ്ധയൂന്നുന്നത്. 

എട്ട്: അയഥാര്‍ഥ സുഹൃത്ത്. നമ്മുടെ മക്കള്‍ ഒരു അയഥാര്‍ഥ സുഹൃത്തിനെ മനസ്സില്‍ പ്രതിഷ്ഠിച്ച് കളിക്കുമ്പോള്‍ നാം തെറ്റിദ്ധരിക്കും. ഉദാഹരണമായി കുളിമുറിയില്‍ കയറി സ്വയം സംസാരിക്കുകയോ പാടുകയോ ചെയ്യുമ്പോള്‍ നാം മനസ്സിലാക്കില്ല അവര്‍ തങ്ങളുടെ ഭാവനയിലെ സുഹൃത്തുമായാണ് സംവദിക്കുന്നതെന്ന്. 

ഒമ്പത്: നമ്മുടെ മകന്റെ മുടി വെട്ടിയ സ്റ്റൈലിനെ കുറിച്ചോ അവന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ നിറത്തെ കുറിച്ചോ നാം നടത്തുന്ന ഒരു കമന്റ്. തമാശരൂപേണയാവാം പറഞ്ഞത്. എങ്കിലും അവന്‍ കരുതുക അവനെ അവഹേളിക്കാനും കൊച്ചാക്കാനുമാണ് ആ അഭിപ്രായപ്രകടനം എന്നാണ്. 

ഈ ഉദാഹരണങ്ങള്‍ മനസ്സിലാക്കിയാല്‍ നാം നമ്മോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നമ്മുടെ മക്കളെ കുറിച്ച 'തിരിയായ്മ' നാം എത്ര കാലം തുടരും? നമ്മുടെ രക്ഷാകര്‍തൃത്വബന്ധം വിനഷ്ടമാവുകയല്ലേ അതുമൂലം? 

രണ്ട് ചുവടുവെപ്പിലൂടെയാവാം ഇതിനുള്ള മറുപടി. ഒന്ന്: ശരിയായ ധാരണയും അറിവും. രണ്ട്: സംഭാഷണവും വ്യക്തമാക്കിക്കൊടുക്കലും. നമ്മുടെ ധാരണകളും മക്കളുടെ ധാരണകളും എങ്ങനെ ഭിന്നമാകുന്നു എന്ന തിരിച്ചറിവാണ് ഒന്നാമതായി വേണ്ടത്. നാം നടേ സൂചിപ്പിച്ച കാലത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമെല്ലാമുള്ള നമ്മുടെയും അവരുടെയും ധാരണകള്‍ തമ്മിലെ വ്യത്യാസം ഓര്‍ക്കാമല്ലോ. 

രണ്ട് കാഴ്ചപ്പാടിലെയും വ്യത്യാസങ്ങള്‍ മക്കള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ് അടുത്ത പടി. കാലം കണക്കാക്കേണ്ടത് സമയ ക്ലിപ്തതയിലൂടെയാണെന്നും കളിവിനോദങ്ങളിലൂടെയല്ലെന്നും നിങ്ങളുടെ വിവരണത്തിലൂടെ അവര്‍ക്ക് ബോധ്യമാവണം. മനുഷ്യന് പല കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട് ചെയ്തുതീര്‍ക്കാനെന്ന് അവരെ ധരിപ്പിക്കുന്നതാവണം നിങ്ങളുടെ വര്‍ത്തമാന രീതി. പല തവണ ഈ രീതി പരീക്ഷിച്ചാല്‍ നമ്മളും മക്കളും തമ്മിലെ ഭിന്നത തീര്‍ക്കാവുന്നതേയുള്ളൂ. ദേഷ്യവും ക്രോധവും അട്ടഹാസവുമൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കില്ലെന്നോര്‍ക്കുക. 

വിവ: പി.കെ ജമാല്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 14-16
എ.വൈ.ആര്‍

ഹദീസ്‌

ഗുണകാംക്ഷയുെട തലങ്ങള്‍
എം.എസ്.എ റസാഖ്‌