Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 21

2972

1438 മുഹര്‍റം 20

ഖുദ്‌സ് സന്ദര്‍ശനത്തിന് അനുവാദമുണ്ടോ ?

അലി മുഹ്‌യിദ്ദീന്‍ അല്‍ ഖുറദാഗി (ലോക മുസ്‌ലിം പണ്ഡിത വേദി നിലപാട് വ്യക്തമാക്കുന്നു)

ആഗോള മുസ്‌ലിം സമൂഹം, വിശിഷ്യാ അറബ് ജനത അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വൈദേശികാക്രമണങ്ങളും ആഭ്യന്തരകലാപങ്ങളും മുസ്‌ലിം ലോകത്തെ സംഘര്‍ഷഭൂമിയാക്കി മാറ്റിയിരിക്കുന്നു. ലോകത്തെമ്പാടുമുള്ള മുസ്‌ലിംകളുടെ മനസ്സില്‍ അത് ഏല്‍പിക്കുന്ന മുറിവിന്റെ ആഴം ചെറുതല്ല. മുഴുവന്‍ മുസ്‌ലിംകളും തോളോടുതോള്‍ ചേര്‍ന്നുനിന്ന് പരസ്പരം സഹകരിച്ചും ഐക്യപ്പെട്ടും മുന്നോട്ടുപോകേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. ഇന്ന് മുസ്‌ലിം സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഫലസ്ത്വീനും ബൈത്തുല്‍ മഖ്ദിസുമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. സയണിസ്റ്റ് ശക്തികളുടെ ക്രൂരമായ അധിനിവേശത്തിന്റെ ഫലമായി ആ പുണ്യഭവനം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടു. ആ നഷ്ടത്തിന് മുസ്‌ലിം സമൂഹം കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. മുസ്‌ലിംകളുടെ ദൗര്‍ബല്യം മുതലെടുത്ത് ഇസ്രയേല്‍ അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ധൃതിപ്പെടുന്നു. 

സയണിസ്റ്റ് അധിനിവേശത്തിന്റെ ഭീകരമായ ഉപരോധം കാരണം ഫലസ്ത്വീനിലെ ജനജീവിതം ദുസ്സഹമായിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും കൊണ്ട് അവര്‍ വീര്‍പ്പുമുട്ടുന്നു. നിരവധി ഫലസ്ത്വീനികള്‍ ഇത്തരം തീക്ഷ്ണമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശനം ഫലസ്ത്വീനികളല്ലാത്തവര്‍ക്ക് അനുവദനീയമാണോ എന്ന ചര്‍ച്ച ഉയര്‍ന്നുവന്നത്. ചില പണ്ഡിത•ാരും മുഫ്തികളും പ്രബോധകരും ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശനത്തിന് പ്രേരിപ്പിക്കുകയും അതിനനുകൂലമായി ഫത്‌വ നല്‍കാന്‍ ആവേശം കാണിക്കുകയും ചെയ്യുന്ന സന്ദര്‍ഭം കൂടിയാണിത്. അതുകൊണ്ടുതന്നെ ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശനത്തിന്റെ വിധി എന്താണെന്ന് വ്യക്തമാക്കല്‍ മുഴുവന്‍ പണ്ഡിത•ാരുടെയും ബാധ്യതയാണ്. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും പ്രസ്തുത സന്ദര്‍ശനത്തിന്റെ പരിണിതഫലം പരിഗണിച്ചുകൊണ്ടുമാണ് ഈ വിഷയത്തില്‍ വിധി പറയേണ്ടത്.

വിധിപറയുന്നതിനു മുമ്പ് ചില അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്:  

1. സയണിസ്റ്റ് അധിനിവേശത്തിനു കീഴിലുള്ള ബൈത്തുല്‍ മഖ്ദിസ് ഫലസ്ത്വീനികളല്ലാത്തവര്‍ സന്ദര്‍ശിക്കുന്നതിനെ സംബന്ധിച്ചാണ് ഇവിടെ ചര്‍ച്ച. ഇസ്രയേല്‍ അധിനിവേശ ശക്തി ആ പുണ്യഭവനത്തെ പൂര്‍ണമായും വിഴുങ്ങാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. ഫലസ്ത്വീനികള്‍ ഒരുകാലത്തും ഖുദ്‌സിലേക്ക് തിരിച്ചുവരാതിരിക്കാനുള്ള പദ്ധതികള്‍ അവര്‍ ആസൂത്രണം ചെയ്യുന്നു.

2. അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു: ''മൂന്ന് പള്ളികളിലേക്കല്ലാതെ തീര്‍ഥാടനം അനുവദനീയമല്ല. എന്റെ ഈ പള്ളി (അല്‍മസ്ജിദുന്നബവി), മസ്ജിദുല്‍ഹറം, മസ്ജിദുല്‍ അഖ്‌സ്വാ.''

മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് പുണ്യം തേടി പുറപ്പെടല്‍ നിര്‍ബന്ധമാണെന്നല്ല ഈ ഹദീസിന്റെ ആശയം. അഭിലഷണീയതയെ കുറിക്കുന്ന പ്രവാചക വചനമാണിത്. ഇക്കാര്യത്തില്‍ പണ്ഡിത•ാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ശരീഅത്തിലെ മറ്റെല്ലാ വിധികളും പോലെ ഈ വിധിക്കും നിബന്ധനകളും ഉപാധികളുമുണ്ട്. ആനുകാലിക പ്രശ്‌നങ്ങളുടെ കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയമാണിത്. നിരുപാധികമായ പ്രമാണമല്ല. എല്ലാ സാഹചര്യത്തിലും അവസ്ഥകളിലും ബാധകമായ പൊതുവായ തെളിവുമല്ല. പ്രസ്തുത പ്രമാണം വ്യക്തവും പ്രബലവും ആയിരിക്കെത്തന്നെ ചില നിര്‍ണിത സാഹചര്യങ്ങളില്‍ പ്രയോഗവല്‍ക്കരിക്കുമ്പോള്‍ അതിന്റെ പരിണിതഫലം കൂടി പരിഗണിക്കേണ്ടതുണ്ട്. 

ഇന്ന് ഖുദ്‌സ് സയണിസ്റ്റ് അധിനിവേശത്തിനു കീഴിലാണ്. ഈ സാഹചര്യത്തില്‍ ആ പുണ്യഭവനം സന്ദര്‍ശിക്കുന്നതിന്റെ അനന്തരഫലമായി ഉണ്ടാകുന്ന ഗുണദോഷങ്ങള്‍ അളന്നുനോക്കല്‍ അനിവാര്യമാണ്.

3. ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിക്കാന്‍ ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകള്‍ക്കും അങ്ങേയറ്റത്തെ ആഗ്രഹമുണ്ട്. അധിനിവിഷ്ട ഖുദ്‌സ് സന്ദര്‍ശിക്കല്‍ അനുവദനീയമല്ല എന്ന് അഭിപ്രായപ്പെടുന്നവരും ആ പുണ്യഭവനം സന്ദര്‍ശിക്കാന്‍ കൊതിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം കൂടുതല്‍ വിശകലനവും ചര്‍ച്ചയും ആവശ്യപ്പെടുന്നു. ഗുണമാണോ ദോഷമാണോ അതില്‍ കൂടുതലുള്ളത് എന്ന് അതുവഴി വ്യക്തമാകും.

4. ഖുദ്‌സ് സന്ദര്‍ശിക്കാന്‍ ചില മുഫ്തികള്‍ കാണിക്കുന്ന അതിരുകടന്ന അഭിനിവേശം ഈ സന്ദര്‍ഭത്തില്‍ ഒട്ടും ഉചിതമല്ല. അവര്‍ പറയുന്നതിങ്ങനെയാണ്: 'ബൈത്തുല്‍ മഖ്ദിസിനെ വിഴുങ്ങാന്‍ പാകത്തിന് അക്രമികളായ അധിനിവേശ ശക്തികള്‍ക്ക് നാം അതിനെ വിട്ടുകൊടുക്കണോ? അതോ പ്രവാചകന്റെ (സ) കല്‍പനയനുസരിച്ച് അത് സന്ദര്‍ശിക്കണോ? സാധ്യമാകുന്നവരെല്ലാം തീര്‍ച്ചയായും ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു.' ഈ അഭിനിവേശം ഖുദ്‌സ് സന്ദര്‍ശനം അനുവദനീയമാകുന്നതിനുള്ള മതിയായ ന്യായമല്ല. മുസ്‌ലിംകള്‍ സന്ദര്‍ശിച്ചില്ലെങ്കില്‍ അധിനിവേശ ശക്തികള്‍ക്ക് വിഴുങ്ങാന്‍ സാധിക്കുമാറ് ബൈത്തുല്‍ മഖ്ദിസ് മാറുമെന്ന് ഇത് കേട്ടാല്‍ ധരിച്ചുപോകും. ബാലിശമായ അഭിപ്രായമാണിത്. മുസ്‌ലിംകളുടെ ഖുദ്‌സ് സന്ദര്‍ശനം സയണിസ്റ്റ് താല്‍പര്യങ്ങളെ ഒരു നിലക്കും പ്രതികൂലമായി ബാധിക്കുകയില്ല. എന്നുമാത്രമല്ല ആ വിശുദ്ധ നഗരം മുഴുവനായും സ്വന്തമാക്കാനുള്ള അവരുടെ സ്ട്രാറ്റജിയെ അത് സഹായിക്കുകയും ചെയ്യും. മുസ്‌ലിംകളുടെ സന്ദര്‍ശനം ഫലത്തില്‍ ഗുണംചെയ്യുക ഇസ്രയേലിനാണ്.

5. ചില പണ്ഡിത•ാര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ഫത്‌വ കൊടുക്കാന്‍ മാത്രം ഖുദ്‌സ് പ്രശ്‌നം ശാഖാപരമായ ഒറ്റപ്പെട്ട വിഷയമല്ല. മുസ്‌ലിം സമുദായത്തെ ആകമാനം ബാധിക്കുന്ന നിര്‍ണായകമായ പൊതുപ്രശ്‌നമാണ്. മുഴുവന്‍ മുസ്‌ലിം പണ്ഡിത•ാരും കൂടിയാലോചിച്ച് ഐകകണ്‌ഠ്യേന അല്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായപ്രാകരം തീരുമാനിക്കേണ്ട ഗൗരവപ്പെട്ട സംഗതിയാണ്. ഈജിപ്ത് പ്രസിഡന്റായിരിക്കെ അന്‍വര്‍ സാദാത്ത് ഖുദ്‌സ് സന്ദര്‍ശിച്ചത് അപരാധമായിട്ടായിരുന്നു ആഗോള മുസ്‌ലിം സമൂഹത്തിലെ ഭൂരിപക്ഷവും കണ്ടത്. അദ്ദേഹം സന്ദര്‍ശിക്കുന്ന സന്ദര്‍ഭത്തിലാണെങ്കില്‍ ഖുദ്‌സിന്റെ അവസ്ഥ നിലവിലുള്ളതിനേക്കാള്‍ ആയിരം മടങ്ങ് മെച്ചവുമായിരുന്നു. എന്നാല്‍ അന്ന് നിഷിദ്ധമായിരുന്നത് ഇപ്പോഴെങ്ങനെ അനുവദനീയമായി മാറി? അന്ന് വഞ്ചനയായി വിലയിരുത്തപ്പെട്ടത് ഇന്നെങ്ങനെ അമാനത്തായി പരിഗണിക്കപ്പെട്ടു? അന്നുണ്ടായിരുന്ന ദോഷം ഇപ്പോഴെങ്ങനെ ഗുണമായി പരിവര്‍ത്തിപ്പിക്കപ്പെട്ടു?

6. ഫലസ്ത്വീനികളല്ലാത്തവര്‍ ഖുദ്‌സ്  സന്ദര്‍ശിക്കുന്നത് ഹറാമാണെന്ന് ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് മുമ്പും പണ്ഡിത•ാര്‍ ഫത്‌വ നല്‍കിയിട്ടുണ്ട്. മുന്‍ ശൈഖുല്‍ അസ്ഹര്‍ ഡോ. അബ്ദുല്‍ ഹമീദ്, ഈജിപ്തിലെ മുന്‍ ഔദ്യോഗിക മുഫ്തിയും ശൈഖുല്‍ അസ്ഹറുമായിരുന്ന ജാദുല്‍ ഹഖ് അലി തുടങ്ങിയ നിരവധി പണ്ഡിത•ാരുടെ ഫത്‌വകള്‍ ഉദാഹരണം. ഖുദുസ് സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ കുറ്റക്കാരാണ് എന്ന് ഈ രണ്ട് പണ്ഡിത•ാരും അഭിപ്രായപ്പെടുന്നു. കവര്‍ച്ചക്കാരായ ജൂത സയണിസ്റ്റുകളില്‍നിന്ന് ഖുദ്‌സ് മുക്തമാവുകയും അത് അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചു കിട്ടുകയും ചെയ്യുന്നതുവരെ  ഖുദ്‌സ്  സന്ദര്‍ശിക്കല്‍ നിഷിദ്ധമാണെന്നും ബൈത്തുല്‍ മഖ്ദിസിന്റെ വിമോചനത്തിനു വേണ്ടി പോരാടേണ്ടണ്ടത് എല്ലാ മുസ്‌ലിംകളുടെയും ബാധ്യതയാണെന്നും അവര്‍ വ്യക്തമാക്കുന്നു. 

മുന്‍ ശൈഖുല്‍ അസ്ഹര്‍ മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവി പറയുന്നു: ''സയണിസ്റ്റ് അധിനിവേശ ശക്തികളുടെ മേല്‍നോട്ടത്തിലല്ലാതെ ഖുദ്‌സ്  സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. ജൂത അധിനിവേശത്തിന്റെ ചങ്ങലകളില്‍ ഖുദ്‌സ്  ബന്ധിതമായിരിക്കെ അത് സന്ദര്‍ശിക്കല്‍ അനുവദനീയമല്ല. കാരണം ഈ സന്ദര്‍ഭത്തിലുള്ള ഖുദുസ് സന്ദര്‍ശനം ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമസാധുത അംഗീകരിക്കലായാണ് പരിഗണിക്കപ്പെടുക. ആ അധിനിവേശ ശക്തിയെ പവിത്രീകരിക്കുകയും അധിനിവേശത്തോട് രാജിയാവുകയും ചെയ്യുന്നതിന് സമാനമാണത്.'' 

മുന്‍ ശൈഖുല്‍ അസ്ഹര്‍ ഡോ.അഹമദ് അത്ത്വയ്യിബിന്റെ അധ്യക്ഷതയില്‍ 19/04/2012 ന് അസ്ഹര്‍ സര്‍വകലാശാലയും അതിന്റെ ഇസ്‌ലാമിക ഗവേഷണ വേദിയും ചേര്‍ന്ന് ഒരു അടിയന്തര യോഗം വിളിച്ചിരുന്നു. മുഫ്തിയായ ശൈഖ് അലി ജുംഅ ഖുദ്‌സ് സന്ദര്‍ശിച്ചതിനെ സംബന്ധിച്ച് തുടര്‍ച്ചയായ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയും നടന്നു. ഖുദ്‌സും മസ്ജിദുല്‍ അഖ്‌സ്വായും ഇസ്രയേല്‍ അധിനിവേശത്തിന് കീഴിലായിരിക്കെ അത് സന്ദര്‍ശിക്കുന്നത് ഹറാമാണ് എന്ന അസ്ഹര്‍ സര്‍വകലാശാലയുടെ മുന്‍ നിലപാട് യോഗം ആവര്‍ത്തിക്കുകയാണുണ്ടായത്. എന്തുകൊണ്ടെന്നാല്‍ ഖുദ്‌സ് സന്ദര്‍ശിക്കണമെങ്കില്‍ ഇസ്രയേലില്‍നിന്ന് വിസ ലഭിക്കണം. അതാകട്ടെ ഖുദ്‌സിനുമേലുള്ള അവരുടെ അധികാരത്തെ അംഗീകരിക്കുന്നതിന് തുല്യമാണ്. ആഗോള മുസ്‌ലിം പണ്ഡിത സഭയും ഫലസ്ത്വീന്‍ പണ്ഡിത സഭയും മുഴുവന്‍ മുസ്‌ലിം പണ്ഡിത വേദികളും പ്രസ്തുത ഫത്‌വ നല്‍കിയിട്ടുണ്ട്. അധിനിവിഷ്ട ഖുദ്‌സ് സന്ദര്‍ശിക്കല്‍ അനുവദനീയമല്ല എന്ന വിധിയില്‍ ഭൂരിഭാഗം മുസ്‌ലിം പണ്ഡിത•ാരും ഏകോപിച്ചിരിക്കുന്നു.

ഈജിപ്തിലെ മുന്‍ മുഫ്തി നസ്വ്ര്‍ ഫരീദ് വാസില്‍ പറയുന്നു: ''സയണിസ്റ്റ് അധിനിവേശത്തില്‍നിന്ന് ഖുദ്‌സ്  മോചിതമാകാതെ ഞാന്‍ അവിടം ഒരിക്കലും സന്ദര്‍ശിക്കുകയില്ല. കാരണം ലോകത്തുള്ള ഏതൊരു മുസ്‌ലിമിന്റെയും ഖുദ്‌സ്  സന്ദര്‍ശനം ആ അധിനിവേശത്തെ അംഗീകരിക്കലും അതിനോട് രാജിയാകലുമാണ്. അതിന്റെ നിയമസാധുത വകവെച്ചുകൊടുക്കലാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഖുദ്‌സ് സ്വതന്ത്രമായിക്കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവരും അത് സന്ദര്‍ശിക്കുന്നതാണ്. ആ വിശുദ്ധ നഗരം മുസ്‌ലിംകളുടെ മേലുള്ള അമാനത്താണ്. അതിന്റെ വിമോചനത്തിനായി ശ്രമിക്കാന്‍ എല്ലാ മുസ്‌ലിംകളും ബാധ്യസ്ഥരാണ്.'' 

അസ്ഹര്‍ ഇസ്‌ലാമിക ഗവേഷണ സഭാംഗം ഡോ. അബ്ദുല്‍ മുഅ്ത്വി ബയൂമി പറയുന്നു: ''ഈ സന്ദര്‍ഭത്തിലുള്ള ഖുദ്‌സ്  സന്ദര്‍ശനം, കാര്യങ്ങള്‍ അവിടെ സാധാരണ നിലയിലാണ് മുന്നോട്ടു പോകുന്നത് എന്ന തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുക. മാത്രമല്ല അവിടെ പ്രവേശിക്കണമെങ്കില്‍ ഇസ്രയേല്‍ എംബസിയില്‍നിന്ന് വിസ ലഭിക്കണം. അതാകട്ടെ അവരുടെ അധിനിവേശം നിയമവിധേയമാണെന്ന് അംഗീകരിക്കലുമാണ്.''

ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി, പ്രഗത്ഭരായ സുഊദി പണ്ഡിതര്‍, ജോര്‍ദാനിലെയും ഫലസ്ത്വീനിലെയും സിറിയയിലെയും പണ്ഡിതര്‍ എന്നിവര്‍ ഇതേ അഭിപ്രായമുള്ളവരാണ്. എന്നല്ല ചില ക്രൈസ്തവ പണ്ഡിത•ാര്‍ ഖുദ്‌സ് സന്ദര്‍ശിക്കുന്നതില്‍നിന്ന് തങ്ങളുടെ അനുയായികളെ വിലക്കുക പോലും ചെയ്തിട്ടുണ്ട്.

അധിനിവിഷ്ട ഖുദ്‌സ് ഫലസ്ത്വീനികളല്ലാത്തവര്‍ സന്ദര്‍ശിക്കുന്നത് നിഷിദ്ധമാണെന്ന ഫത്‌വക്ക് ആധാരമായി നിരവധി തെളിവുകളുണ്ട്:  

(1) ഒരു ഇസ്‌ലാമിക ഭൂപ്രദേശം അധിനിവേശത്തിനിരയാല്‍ അധിനിവേശ ശക്തികളില്‍നിന്നും അതിനെ മോചിപ്പിക്കുന്നതു വരെ പോരാട്ടത്തിലേര്‍പ്പെടേണ്ടത്  അന്നാട്ടിലെ മുസ്‌ലിംകളുടെ ബാധ്യതയാണ്. അവര്‍ക്ക് അതിനുള്ള ശേഷിയില്ലെങ്കില്‍ അതിനടുത്ത പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ അവരെ സഹായിക്കണം. ആവശ്യമെങ്കില്‍ മുഴുവന്‍ മുസ്‌ലിംകളുടെമേലും അത് നിര്‍ബന്ധ ബാധ്യതയാകും. പൗരാണികരും അധുനികരുമായ പണ്ഡിത•ാര്‍ക്കിടയില്‍ 'ഇജ്മാഅ്' ഉള്ള വിധിയാണിത്. അധിനിവേശത്തിനിരയാകുന്ന ഏതൊരു ഇസ്‌ലാമിക ഭൂപ്രദേശത്തെ സംബന്ധിച്ചും ഈ വിധി സ്ഥിരപ്പെട്ടതാണ്. അങ്ങനെയെങ്കില്‍ സയണിസ്റ്റ് ഭീകരര്‍ അധിനിവേശം നടത്തിയ മുസ്‌ലിം സമുദായത്തിന്റെ ഒന്നാമത്തെ ഖിബ്‌ലയായ ബൈത്തുല്‍ മഖ്ദിസിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഖുബ്ബത്തസ്സഖ്‌റയും ബൈത്തുല്‍ മഖ്ദിസും പൂര്‍ണമായും തകര്‍ത്ത് തല്‍സ്ഥാനത്ത് ഹൈക്കല്‍ സുലൈമാന്‍ സ്ഥാപിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയുകയാണ് സയണിസ്റ്റുകള്‍. ഇതൊക്കെ മറന്ന് സയണിസ്റ്റ് ശക്തികള്‍ക്ക് വിധേയരായി അവരുടെ അധിനിവേശത്തോട് രാജിയായി ഖുദ്‌സ്  സന്ദര്‍ശിക്കാന്‍ മുസ്‌ലിംകള്‍ യാത്ര പുറപ്പെടുകയാണോ? 

(2) അക്രമത്തിനും അനീതിക്കും അവകാശ നിഷേധത്തിനും ഇരയായ ജനതക്കു വേണ്ടി സമരത്തിനിറങ്ങല്‍ മുസ്‌ലിംകളുടെ ബാധ്യതയാണെന്ന് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആന്‍ വചനങ്ങളുണ്ട്. ഈ ബാധ്യത നിറവേറ്റുന്നതിനു പകരം ഖുദ്‌സ്  സന്ദര്‍ശിക്കുന്നതില്‍ മാത്രം നിര്‍വൃതി കണ്ടെത്തുന്നത്, പോരാട്ടത്തിന് സജ്ജമാകാന്‍ കഴിയാത്തവിധം മുസ്‌ലിം സമുദായത്തെ മയക്കിക്കിടത്തുകയില്ലേ? ആ ബാധ്യത നിര്‍വഹിക്കാത്തതിലുള്ള കുറ്റബോധം പോലും അതുവഴി അവരില്‍ ഇല്ലാതാകുന്നു. 

(3) ഇസ്രയേല്‍ വിസയില്‍ ഖുദ്‌സ്  സന്ദര്‍ശിക്കുന്നതുകൊണ്ട് നിരവധി ഗുരുതരമായ അപകടങ്ങളും നഷ്ടങ്ങളും ഫലസ്ത്വീനിനും മുസ്‌ലിം സമുദായത്തിനും ഉണ്ടാകുന്നുണ്ട്. അതുവഴി ഒരു ഗുണവും ലഭിക്കുന്നുമില്ല. അതില്‍ ഗുണമുണ്ടെന്ന് കരുതുന്നത് തെറ്റിദ്ധാരണ മാത്രമാണ്. എന്തൊക്കെയാണതിന്റെ പ്രത്യാഘാതങ്ങളും ദോഷഫലങ്ങളും? 

എ) ഖുദ്‌സ് സന്ദര്‍ശന വിസ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന മുസ്‌ലിംകളാല്‍ ഇസ്രയേല്‍ കോണ്‍സുലേറ്റുകളും എംബസികളും നിറഞ്ഞുകവിയുന്നു. അതാകട്ടെ അവരുടെ അധിനിവേശത്തിന് നല്‍കുന്ന ജനകീയ അംഗീകാരമാണെന്ന കാര്യത്തില്‍ സംശയമില്ല. സയണിസ്റ്റുകളുമായി ഒരു ബന്ധവും പുലര്‍ത്താത്ത മുസ്‌ലിം രാജ്യങ്ങളില്‍ പോലും കോണ്‍സുലേറ്റുകള്‍ തുറക്കാന്‍ ഇസ്രയേലിന് അതവസരം നല്‍കുന്നു. തങ്ങളുടെ അധിനിവേശത്തിന് നിയമസാധുത ലഭിക്കാനുള്ള മികച്ച കവാടമായി അവരതിനെ കാണുന്നു. സമീപഭാവിയില്‍ അല്ലെങ്കില്‍ വിദൂരഭാവിയില്‍ വ്യംഗ്യമായെങ്കിലും ഇസ്രയേല്‍ അധിനിവേശം നിയമവിധേയമാണെന്ന് അംഗീകരിക്കപ്പെടുന്ന അവസ്ഥ അതുവഴി സംജാതമാകും. ഇസ്രയേല്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. 

ബി) ഖുദ്‌സ് സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കുന്ന ഫത്‌വ, ഇസ്രയേല്‍ അധിനിവേശത്തിനെതിരെ മനുഷ്യ മനസ്സുകളില്‍ ആളിക്കത്തുന്ന പ്രതിഷേധത്തെയും അമര്‍ഷത്തെയും കെടുത്തിക്കളയും. 

സി) സന്ദര്‍ശകരെ ആകര്‍ഷിക്കുംവിധം മികച്ച പാക്കേജുകള്‍ ഖുദ്‌സ് സന്ദര്‍ശനത്തിനായി ഇസ്രയേല്‍ ഭാവിയില്‍ രൂപപ്പെടുത്തും. അതിലൂടെ തങ്ങളെക്കുറിച്ച് മതിപ്പുളവാക്കുന്ന ചിത്രം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ഖുദ്‌സില്‍ കാര്യങ്ങള്‍ നീതിപൂര്‍വം കൈകാര്യം ചെയ്യപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കാനും അവര്‍ക്ക് സാധിക്കുന്നു. 

ഡി) ഖുദ്‌സ് സന്ദര്‍ശിക്കാന്‍ മറ്റു ദേശങ്ങളിലെ  മുസ്‌ലിംകള്‍ ചെന്നാല്‍ അത് ഫലസ്ത്വീന്‍ പോരാളികളില്‍ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതം ചെറുതല്ല. അധിനിവേശത്തോട് രാജിയായി മുസ്‌ലിം സമുദായം പോരാട്ടഭൂമിയില്‍ തങ്ങളെ കൈവെടിഞ്ഞിരിക്കുന്നു എന്ന ചിന്തയാണതവരില്‍ സൃഷ്ടിക്കുക. 

ഇ) ഇസ്രയേല്‍ കോണ്‍സുലേറ്റുകളും എംബസികളും മുസ്‌ലിംകളിലെ ചില ദുര്‍ബലമനസ്‌കരെ വിലക്കെടുത്ത് ചാര•ാരായി ഖുദ്‌സ് സന്ദര്‍ശനത്തിന് നിയോഗിക്കാറുണ്ട്. അവര്‍ വിലപ്പെട്ട വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്‍ത്തിക്കൊടുക്കും. പരിശുദ്ധ ഭവനത്തിലേക്ക് തീര്‍ഥാടത്തിന് വന്ന ഭക്ത•ാരാണവര്‍ എന്ന് നമ്മള്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. 

എഫ്) ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിക്കാന്‍ ഇസ്രയേല്‍ ഫലസ്ത്വീനികളെ മിക്ക ദിനങ്ങളിലും അനുവദിക്കാറില്ല. അക്കൂട്ടര്‍ ഫലസ്ത്വീനികളല്ലാത്തവര്‍ക്ക് യഥേഷ്ടം സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്നതിന് പിന്നിലെ ചേതോവികാരം സേവനമനസ്‌കതയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. 

ജി) സയണിസ്റ്റ് വിസയില്‍ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള മുസ്‌ലിംകള്‍ ബൈത്തുല്‍ മഖ്ദിസ് യഥേഷ്ടം സന്ദര്‍ശിക്കുന്ന കാഴ്ച ആ പരിശുദ്ധ ഭവനത്തിലേക്കുള്ള പ്രവേശനം നിരന്തരം നിഷേധിക്കപ്പെടുന്ന ഫലസ്ത്വീനികളുടെ മനസ്സിനെ വളരെയേറെ നൊമ്പരപ്പെടുത്തും. 

എഛ്) ലോക മുസ്‌ലിംകള്‍ക്ക് ഖുദ്‌സ് സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കുകയും അതിനായി ആകര്‍ഷണീയമായ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും അത് ലോക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്രയേല്‍ വലിയൊരു തെറ്റിദ്ധാരണയാണ് സൃഷ്ടിക്കുന്നത്. ഖുദ്‌സ്  സന്ദര്‍ശിക്കാന്‍ എല്ലാവര്‍ക്കും ഞങ്ങള്‍ അനുവാദം നല്‍കുന്നു, എല്ലാവരുടെയും നാടായാണ് ഞങ്ങളതിനെ പരിഗണിക്കുന്നത്, ഞങ്ങള്‍ അതിന്റെ സംരക്ഷകര്‍ മാത്രമാണ് തുടങ്ങിയ പ്രചാരണങ്ങളിലൂടെ അന്യായമായ അധിനിവേശത്തെ അവര്‍ മറച്ചുവെക്കുകയാണ്. 

ഐ) ഖുദ്‌സ് സന്ദര്‍ശിക്കല്‍ അനുവദനീയമാണെന്ന് ഫത്‌വ നല്‍കുന്നവര്‍ അധിനിവേശത്തോട് രാജിയാവുകയും അതിന് നിയമസാധുത കല്‍പിക്കുകയുമാണ്. ഇത് ജനകീയ അംഗീകാരമാണ്. രാഷ്ട്രീയ അംഗീകാരത്തേക്കാള്‍ എത്രയോ അപകടകരമാണ് ജനകീയ അംഗീകാരം. ഫലസ്ത്വീനികളും മറ്റു മുസ്‌ലിംകളുമായുള്ള ഇസ്രയേലിന്റെ ബന്ധം അധിനിവേശ ശക്തികളും അതിന്റെ ഇരകളും തമ്മിലുള്ള ബന്ധമാണ്. അതുകൊണ്ടുതന്നെ അധിനിവേശം അവസാനിപ്പിക്കാത്തേടത്തോളം അവര്‍ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാവുകയില്ല. 

ഖുദ്‌സ് സന്ദര്‍ശിക്കാന്‍ പ്രേരണ നല്‍കുന്ന മുഫ്തികളും പണ്ഡിത•ാരും അതിന് അവലംബമായി പരിഗണിക്കുന്ന തെളിവുകളും അടിസ്ഥാനങ്ങളും അല്‍പം വിശകലനം ചെയ്യേണ്ടതുണ്ട്.

ഖുദ്‌സ് സന്ദര്‍ശനത്തിന് നിരവധി നേട്ടങ്ങളും ഗുണഫലങ്ങളുമുണ്ട്. ഖുദ്‌സ്  സന്ദര്‍ശിക്കാന്‍ മുസ്‌ലിംകള്‍ കടന്നുവരുമ്പോള്‍ ഒറ്റപ്പെടലില്‍നിന്ന് ഫലസ്ത്വീന്‍ ജനതക്ക് അത് ആശ്വാസമാവുകയും അവര്‍ക്കത് കരുത്ത് പകരുകയും ചെയ്യുന്നു. ഇതാണ് ഒരു വാദം. 

യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ഊഹം മാത്രമാണിത്. അധിനിവേശത്തിന്റെ ഇരകളായ ഖുദ്‌സ്  നിവാസികള്‍ക്ക് ക്ലേശകരമായ നിബന്ധനകള്‍ പൂര്‍ത്തീകരിക്കാതെ ബൈത്തുല്‍ മഖ്ദിസില്‍ നമസ്‌കരിക്കാന്‍ പോലും സയണിസ്റ്റുകള്‍ അനുവാദം നല്‍കുന്നില്ല. പെര്‍മനന്റ് ഇഖാമ പിന്‍വലിക്കപ്പെട്ട, വിദേശത്ത് താമസിക്കുന്ന ഖുദ്‌സ് നിവാസികള്‍ക്ക് തങ്ങളുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാനായി ഖുദ്‌സില്‍ പ്രവേശിക്കാന്‍ അവര്‍ സമ്മതിക്കുന്നില്ല. എന്നല്ല രണ്ട് ജനപ്രതിനിധികളടക്കം പ്രഗത്ഭ വ്യക്തികളെ അവര്‍ നാടുകടത്തുകയും ചെയ്തിരിക്കുന്നു. ഫലസ്ത്വീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അമേരിക്കന്‍-യൂറോപ്യന്‍ ആക്ടിവിസ്റ്റുകള്‍ക്കും അവിടേക്ക് പ്രവേശനമില്ല. ലോക മുസ്‌ലിംകള്‍ ഖുദ്‌സ് സന്ദര്‍ശിക്കുന്നതുകൊണ്ട് ഫലസ്ത്വീനികള്‍ക്കോ മുസ്‌ലിം സമുദായത്തിനോ ഒരു നേട്ടവും ഉണ്ടാകുന്നില്ല എന്നര്‍ഥം. അതിന്റെ ഗുണഫലം അനുഭവിക്കുന്നത് ഇസ്രയേലാണ്.

മക്കയും കഅ്ബയും ഖുറൈശികളുടെ അധീനതയിലായിരിക്കെ പ്രവാചക(സ)നും അനുയായികളും ഉംറ നിര്‍വഹിക്കാനായി മദീനയില്‍നിന്ന് മക്കയിലേക്ക് വരുകയും കഅ്ബ സന്ദര്‍ശിക്കുകയും ചെയ്തിരുന്നല്ലോ. ഇതാണ് അവര്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു തെളിവ്.

ഇവിടെ 'ഖിയാസ്' നടത്തിയിരിക്കുന്നത് തെറ്റായ രീതിയിലാണ്. കാരണം ഖുറൈശികള്‍ മക്ക അധിനിവേശം നടത്തിയവരായിരുന്നില്ല. ഹുദൈബിയ സന്ധിയിലെ വ്യവസ്ഥ പ്രകാരം ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചുതന്നെയാണ് പ്രവാചകന്‍ (സ) മക്കയില്‍ പ്രവേശിച്ചത്. മുഴുവന്‍ മുസ്‌ലിംകളും ഒരുമിച്ചായിരുന്നു കഅ്ബ സന്ദര്‍ശിച്ചത്. അതിന്റെ അനന്തരഫലമായി ഒരു ദോഷവും മുസ്‌ലിം സമൂഹത്തിനുണ്ടായിട്ടില്ല. അതിന്റെ പരിണതി ഒരു നഷ്ടവും വരുത്തിയിട്ടുമില്ല.

ഇമാം ഗസാലിയടക്കം മഹാ പണ്ഡിത•ാരില്‍ ചിലര്‍ അധിനിവേശത്തിനു കീഴിലായിരിക്കെ ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിച്ചിട്ടുണ്ടെന്നാണവരുടെ മറ്റൊരു വാദം.  ഏതെങ്കിലും ഒരു പണ്ഡിതന്റെ പ്രവൃത്തി ദീനില്‍ പ്രമാണമല്ല എന്ന വസ്തുത ആദ്യം മനസ്സിലാക്കണം. ഖുര്‍ആനും സുന്നത്തും അവയുടെ വെളിച്ചത്തിലുള്ള ഇജ്തിഹാദുമാണ് ഫത്‌വക്ക് ആധാരമാക്കേണ്ടത്. ഇമാം ഗസാലിയാകട്ടെ അധിനിവേശത്തിനു മുമ്പ് ഹി: 488-ലാണ് ഖുദ്‌സ് സന്ദര്‍ശിച്ചതെന്ന് ചരിത്രത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇബ്‌നു അസീര്‍ അല്‍കാമില്‍ എന്ന ചരിത്രഗ്രന്ഥത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഖുദ്‌സ് അധിനിവേശത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മുസ്‌ലിംകളും കുരിശുസേനയും തമ്മില്‍ അവിടെ അതിശക്തമായ യുദ്ധം നടന്നിരുന്നു. ആ സന്ദര്‍ഭത്തില്‍ ഒരു മുസ്‌ലിമിനെയും ഖുദ്‌സ്  സന്ദര്‍ശിക്കാന്‍ കുരുശുസേന അനുവദിച്ചിരുന്നില്ല. മുസ്‌ലിം സൈന്യവും കുരിശു ശക്തികളും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക യുദ്ധവിരാമ ഉടമ്പടിയുടെ സന്ദര്‍ഭത്തില്‍, മുസ്‌ലിംകള്‍ക്ക് ഖുദ്‌സ്  സന്ദര്‍ശിക്കാന്‍ അധികാരം നല്‍കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മേല്‍നോട്ടത്തിലാണ് അക്കാലത്ത് ചില പണ്ഡിത•ാര്‍ ഖുദ്‌സ്  സന്ദര്‍ശിച്ചത്. അങ്ങനെയായിരുന്നില്ല എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെയും ഒരു പണ്ഡിതന്റെ പ്രവൃത്തി ദീനില്‍ പ്രമാണമായി പരിഗണിക്കപ്പെടുന്നില്ല.

ഇസ്‌ലാമിന്റെ എല്ലാ അടയാളങ്ങളും തുടച്ചുനീക്കി ഖുദ്‌സിനെ ഇസ്രയേലിന്റെ ശാശ്വത തലസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കാനും തങ്ങളുടെ അധിനിവേശത്തിന് രാഷ്ട്രീയ-ജനകീയ അംഗീകാരം നേടിയെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന സയണിസ്റ്റ് ഭീകരരുടെ കീഴിലുള്ള ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിക്കുക വഴി മുസ്‌ലിം സമുദായത്തിനും ഫലസ്ത്വീനിനും ഒട്ടേറെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടണ്ടിവരുമെന്ന് സാരം. 

(ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഡോ. ഖുറദാഗി. വിവ: സി.എസ് ശാഹിന്‍, അല്‍ജാമിഅ ശാന്തപുരം)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 14-16
എ.വൈ.ആര്‍

ഹദീസ്‌

ഗുണകാംക്ഷയുെട തലങ്ങള്‍
എം.എസ്.എ റസാഖ്‌