ടി.കെ കുഞ്ഞിയേറ്റി ഹാജി
ഏഴു പതിറ്റാണ്ടായി പാറക്കടവിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു തീക്കുന്നുമ്മല്‍ കുഞ്ഞമ്മദ് കുട്ടി ഹാജി എന്ന ടി.കെ കുഞ്ഞിയേറ്റി ഹാജി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും നിഷ്‌കളങ്കമായ പുഞ്ചിരിയോടെ ഇടപെടുന്ന സമീപനം അദ്ദേഹത്തെ ജനകീയനാക്കി. കൗമാരത്തില്‍തന്നെ സഹോദരന്‍ ടി.കെ കുഞ്ഞബ്ദുല്ല ഹാജിക്കൊപ്പം വ്യാപാരരംഗത്തേക്ക് കടന്ന അദ്ദേഹം ഇടപാടുകളില്‍ മതപരമായ സൂക്ഷ്മത പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു. പ്രസിദ്ധമായ പാറക്കടവ് മഹല്ല് കമ്മിറ്റിയുടെ സാരഥ്യം വര്‍ഷങ്ങള്‍ക്കു മുമ്പേ ഏറ്റെടുത്ത ഹാജി മരണം വരെ ആ സ്ഥാനത്ത് തുടരുകയും, മഹല്ല് സംവിധാനം കാലോചിതമായി പരിഷ്‌കരിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുകയും ചെയ്തു. 'സമസ്ത'യുടെ മുന്‍കാല നേതാക്കളായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായി ദൃഢമായ വ്യക്തിബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാദേശികതര്‍ക്കങ്ങളിലെ അദ്ദേഹത്തിന്റെ നീതിയുക്തമായ തീര്‍പ്പുകള്‍ ഏറെ പ്രശംസിക്കപ്പെട്ടു. നിലപാടുകള്‍ കര്‍ക്കശമായിരുന്നുവെങ്കിലും വിവിധ വശങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള തീരുമാനം എല്ലാവരാലും അംഗീകരിക്കപ്പെട്ടു. മരണം വരെ 'സമസ്ത'യുടെ പക്ഷത്ത് ഉറച്ചുനിന്ന അദ്ദേഹം പ്രദേശത്തെ നവോത്ഥാന പ്രസ്ഥാന പ്രവര്‍ത്തകരോട് അങ്ങേയറ്റം മാന്യതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും വര്‍ത്തിക്കുകയും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തു.
രണ്ട് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമുണ്ട്.
എ. ശൗക്കത്തലി
ജീവിതലാളിത്യത്തിലൂടെയും ആകര്‍ഷക സ്വഭാവത്തിലൂടെയും എല്ലാവരുടെയും ഹൃദയത്തില്‍ സ്ഥാനം പിടിച്ച വ്യക്തിയായിരുന്നു ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം വഴുതക്കാട് കാര്‍കുന്‍ ഹല്‍ഖാ സെക്രട്ടറിയായിരുന്ന എഞ്ചിനീയര്‍ ശൗക്കത്തലി (67). സഹപ്രവര്‍ത്തകരില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനം വളരെ ആഴത്തിലുള്ളതാണ്. പല നിലകളിലും അദ്ദേഹം മാതൃകയായിരുന്നു. പറയുന്നത് പ്രവര്‍ത്തിച്ചു, പ്രവര്‍ത്തിക്കാത്തത് പറഞ്ഞില്ല.
സംസ്ഥാന ജലസേചന വകുപ്പില്‍ ഉയര്‍ന്ന പദവിയിലായിരുന്നിട്ടും ജീവിതവും പെരുമാറ്റവും ലാളിത്യമാര്‍ന്നതായിരുന്നു. പരലോകബോധം സദാ അദ്ദേഹത്തെ അസ്വസ്ഥനാക്കി. ആരോടും പരിഭവമില്ലാത്ത, ചെയ്തതൊന്നും എടുത്തുപറയാത്ത പ്രകൃതം. എല്ലാ കാര്യങ്ങളിലും കൃത്യമായ അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന സൗമ്യ സമീപനം. ഗൗരവതരമായ അഭിപ്രായങ്ങള്‍ ചുരുങ്ങിയ വാക്കുകളിലൊതുക്കും, അത് കൃത്യമായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങളും മറ്റും അദ്ദേഹത്തിന്റെ ആവേശം ചോര്‍ത്തിയില്ല. മരണത്തിന്റെ തൊട്ടുമുമ്പുള്ള മണിക്കൂറുകള്‍ വരെ ഉത്തരവാദിത്തങ്ങളില്‍ വ്യാപൃതനായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്ററിനും മലര്‍വാടി ബാലസംഘത്തിനും ശൗക്കത്തലി സാഹിബിന്റെ സേവനം മറക്കാനാവില്ല. അദ്ദേഹത്തിന്റെ പല രഹസ്യ നന്മകളും മരണാനന്തരമാണ് ഞങ്ങളറിയുന്നത്. വനിതാ വിഭാഗം തിരുവനന്തപുരം സിറ്റി ഏരിയാ ഓര്‍ഗനൈസറായ സകീന ടീച്ചറാണ് ഭാര്യ. രണ്ടു മക്കളുണ്ടണ്ട്.
അഡ്വ. കെ.ടി കമാലുദ്ദീന്‍
കുഞ്ഞുമോന്‍ കുറ്റിക്കാട്
കുഞ്ഞുമോന്‍ കുറ്റിക്കാട് എന്ന മുഹമ്മദ് ഇസ്മാഈല്‍ സജീവ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരിക്കെ, കാഞ്ഞിരപ്പള്ളി ജമാഅത്തെ ഇസ്‌ലാമി മുത്തഫിഖ് ഘടകം രൂപീകരിക്കപ്പെട്ടപ്പോള്‍ അതിലേക്ക് കടന്നുവന്ന് മരണംവരെ പ്രസ്ഥാനത്തിന്റെ ഉറ്റ ബന്ധുവും സഹകാരിയുമായി.
അനിതരസാധാരണമായ സേവനമനസ്സിന്റെ ഉടമയായ കുഞ്ഞുമോന്‍ അനാഥര്‍ക്കും അശരണര്‍ക്കും രോഗികള്‍ക്കും എന്നും താങ്ങും തണലുമായിരുന്നു. നിരാലംബര്‍ക്കു വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന വ്യക്തിത്വം. വീടില്ലാത്തവര്‍ക്ക് വീടുവെച്ചുനല്‍കുന്നതിലും അതിനാവശ്യമായ സ്ഥലം സംഘടിപ്പിച്ചുകൊടുക്കുന്നതിലും രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലുമെല്ലാം, രോഗിയാകുന്നതുവരെ അദ്ദേഹം മുന്‍പന്തിയിലായിരുന്നു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി നിലയുറപ്പിച്ച അദ്ദേഹം, താന്‍ ശരിയെന്നു മനസ്സിലാക്കിയ കാര്യങ്ങള്‍ ആരോടും തുറന്നുപറയുന്ന സ്വഭാവത്തിന്റെ ഉടമയായിരുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അബ്ദുല്‍മജീദ് കാഞ്ഞിരപ്പള്ളി
Comments