ദല്‍ഹി ഗാഥകള്‍
വര്‍ഷങ്ങള്‍ക്കു മുമ്പ് 'ദല്‍ഹി' എന്ന മഹത്തായ രചനക്ക് ശേഷം എം. മുകുന്ദന്‍, ദല്‍ഹി പശ്ചാത്തലമാക്കിയെഴുതിയ അസാധാരണ നോവലാണ് 'ദല്‍ഹി ഗാഥകള്‍'.
ദല്‍ഹി ദര്‍ശിച്ച യുദ്ധങ്ങളും അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളും ഇന്ദിരാ വധവും തുടര്‍ന്നുണ്ടായ സിഖ് കൂട്ടക്കൊലകളും വല്ലാതെ അനുഭവിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യുന്നുണ്ടണ്ട്.
സഹദേവന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ എല്ലാവിധ ദാര്‍ശനിക സമസ്യകള്‍ക്കുമപ്പുറം ഒരിന്ത്യന്‍ യുവത്വം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രവാസത്തിന്റെ ഉള്ളുരുക്കങ്ങളും നോവലില്‍ പ്രതിപാദിക്കുന്നു.
കമ്യൂണിസ്റ്റ് സ്വപ്‌നവും യുദ്ധത്തിന്റെ ആഘാതത്തില്‍ പൊലിയുന്ന ശ്രീധരനുണ്ണിയുടെ മരണവും, തുടര്‍ന്ന് ആ കുടുംബം നേരിടുന്ന പ്രയാസങ്ങളും ദരിദ്ര ഇന്ത്യയുടെ നേര്‍ക്കാഴ്ചകള്‍ തന്നെ. ചേരികൡ ഉണ്ടും ഉറങ്ങിയും കഴിയുന്ന ഒരുപാട് പേരുടെ നരകപ്പാടുകള്‍ക്കിടയില്‍ തന്റെ വ്യഥകള്‍ ഒന്നുമല്ലെന്ന് സഹദേവന്‍ നിരീക്ഷിക്കുന്നുണ്ട്. തന്റെ എഴുതിത്തീരാത്ത നോവലില്‍, ഒരു കറുത്ത അധ്യായം കൂടി. അപ്പോഴേക്കും പാകിസ്താന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇവിടെയും ഇരകളാവുന്നത് നിരപരാധികളായ ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരാണ്.
'കര്‍ബലയില്‍ താമസിക്കുന്ന അബ്ദുല്ല ബാവ എന്ന തട്ടുകടക്കാരന്‍ ഇപ്പോള്‍ ജയിലിലാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍തന്നെ തുഗ്ലക് റോഡിലൂടെ പോലീസ് സ്‌റ്റേഷനിലേക്ക് അയാളെ ബലമായി പിടിച്ചുകൊണ്ടുപോയി. ചെയ്ത കുറ്റമെന്താണെന്ന് ആ പാവം തിരിച്ചറിയുന്നില്ല. ചോദിക്കുമ്പോഴുള്ള ഏക ഉത്തരം - 'തും മുസല്‍മാന്‍ ഹെ!' ഖാന്‍ മാര്‍ക്കറ്റിലെ അയാളുടെ പൂട്ടിയ തട്ടുകട നോക്കി ആ കുടുംബത്തിന്റെ ദുഃസ്ഥിതിയോര്‍ത്ത് സഹദേവന്‍ വേദനിക്കുകയും അരിശം കൊള്ളുകയും ചെയ്യുന്നുണ്ട്. വളരെ ബൃഹത്തായ ഈ നോവലില്‍ ഇത്തരം മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്.
നാട്ടില്‍നിന്നും ദല്‍ഹി കാണാനെത്തുന്ന അബ്ദുന്നിസാറിന്റെ ദുരവസ്ഥയും സഹദേവനെ സങ്കടപ്പെടുത്തുന്നു. അദ്ദേഹം താമസിക്കുന്ന സ്ഥലത്തേക്ക് വീട്ടുടമസ്ഥനും ഗുണ്ടകളും പാഞ്ഞുവരികയാണ്. യാതൊരുവിധ ചോദ്യവുമില്ലാതെ അവര്‍ അദ്ദേഹത്തിന്റെ സാധനങ്ങളൊക്കെ പുറത്തേക്ക് വലിച്ചെറിയുന്നു. അക്രമിക്കാനൊരുങ്ങുന്നു. വീടിന് വെളിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോവുന്നു. കാരണം മറ്റൊന്നുമല്ല. അബ്ദുന്നിസാര്‍ മുസ്‌ലിമാണ്!
സ്വന്തം ശരീരം വിറ്റാണെങ്കിലും പുതിയൊരു ജീവിതം സ്വപ്‌നം കാണുന്ന റോസിലിയും അസ്തിത്വദുഃഖം പേറുന്ന വാസുപ്പണിക്കര്‍ എന്ന ചിത്രകാരനും പത്രപ്രവര്‍ത്തകനായ കുഞ്ഞികൃഷ്ണനും കുടുംബവും ബാര്‍ബര്‍ ദാസപ്പനും ആക്ടിവിസ്റ്റായ ജാനകിക്കുട്ടിയും ഉള്‍പ്പെടെ മലയാളി കഥാപാത്രങ്ങള്‍ക്ക് പുറമേ ഇതര ദല്‍ഹിവാസികളിലും നോവലിസ്റ്റിന്റെ നോട്ടമെത്തുന്നുണ്ട്.
പെണ്‍കുട്ടികള്‍ മാത്രം പിറന്നുപോയതിന്റെ ജാള്യം മറക്കാന്‍ സ്വന്തം കമ്പനിക്ക് 'വാധ്‌വ ആന്റ് സണ്‍സ്' എന്ന് പേരിടുന്ന ഗജീന്ദ്രര്‍ സിംഗിന്റെ, അതുപോലുള്ള ഒരുപാട് സര്‍ദാര്‍ജിമാരുടെ ജീവിതപ്രശ്‌നങ്ങളിലേക്ക് നോവല്‍ വെളിച്ചംവീശുന്നുണ്ട്.
നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയുടെ പരിസരങ്ങളില്‍ കഴിയുന്നത് ദരിദ്രരായ മുസ്‌ലിംകളാണ്. സഹദേവന്‍ ആ വഴി കടന്നുപോകുമ്പോഴൊക്കെ ആ ദാരുണ കാഴ്ചകള്‍ക്ക് സാക്ഷിയാകാറുണ്ട്. ഒരു ദിവസം, 'ഹുമയൂണ്‍ റോഡിനരികിലുള്ള ശിവക്ഷേത്രത്തില്‍ തൊഴുത് ശുഭ്ര വസ്ത്രധാരിയായ ഒരു മധ്യവയസ്‌കന്‍ സൈക്കിളില്‍ അവിടെ വന്നിറങ്ങുന്നു. ഒരു പ്രകോപനവുമില്ലാതെ അയാള്‍ കല്ലെടുത്ത് നഗ്‌നരായ ആ കുട്ടികളെ എറിയുകയാണ്. അയാള്‍ ഉന്നംവെച്ചത് സുന്നത്ത് ചെയ്ത അവരുടെ നാഭിയായിരുന്നു.' കുട്ടികള്‍ വേദന കൊണ്ട് പിടയുകയാണ്. ഇതു കണ്ടപ്പോള്‍ പെണ്ണുങ്ങളുടെ കൂട്ടനിലവിളിയും ഉയര്‍ന്നു.
വര്‍ത്തമാന ഇന്ത്യനവസ്ഥകളിലും ഈ ദീനരോദനം തുടരുകയാണ്. ചോരപൊടിയുന്ന നിലവിളികള്‍! സഹദേവന് തന്നോടുതന്നെ അവജ്ഞ തോന്നിയ നിമിഷങ്ങള്‍.
എം. മുകുന്ദന്‍ എന്ന അനുഗൃഹീത എഴുത്തുകാരന്റെ ഈ മാസ്മരിക രചന ഇന്നും വേട്ടയാടപ്പെടുന്ന ഇരകളുടെ മാനിഫെസ്റ്റോ തന്നെയാണ്.
Comments