Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 05

2962

1437 ദുല്‍ഖഅദ് 02

കേരളീയ മുസ്‌ലിം എന്നു മുതലാണ് ഇങ്ങെനെയാക്കെയായിത്തീര്‍ന്നത്...?

ജലീല്‍ പടന്ന

മദ്യപിക്കാത്ത മുസ്‌ലിം, കളവ് നടത്താത്ത മുസ്‌ലിം, പലിശ വാങ്ങാത്ത മുസ്‌ലിം തുടങ്ങിയ വിശേഷണങ്ങളില്‍നിന്നും, പാട്ടു കേള്‍ക്കാത്ത മുസ്‌ലിം, താടി വടിക്കാത്ത മുസ്‌ലിം, ഓണസദ്യ കഴിക്കാത്ത മുസ്‌ലിം എന്നിടത്തേക്കുള്ള മാറ്റം ഒടുവില്‍ എവിടെയെത്തി എന്ന ചോദ്യത്തിനുള്ള മറുപടികളില്‍ ഒന്നു മാത്രമാണ് മലബാറില്‍നിന്നുള്ള ചില മുസ്‌ലിം കുടുംബങ്ങളുടെ ദുരൂഹമായ തിരോധാനം.

ഒരു ശരാശരി കേരളീയ മുസ്‌ലിം ഇപ്പോള്‍ അനുഭവിക്കുന്ന ധര്‍മസങ്കടങ്ങള്‍ നിരവധിയാണ്. സലഫികളിലെ നവയാഥാസ്ഥിതികര്‍ കല്‍പിച്ചുനല്‍കുന്ന വിലക്കുകളുടെ ഒരു നീണ്ട നിരയുണ്ട്. പാട്ടു കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടോ? എന്നാല്‍ ഇവിടെ പാട്ടു കേള്‍ക്കുന്നതും വലിയ പാതകമാണ്. തമാശ കേട്ടും കണ്ടും ചിരിക്കാനാഗ്രഹിക്കാത്തവര്‍ ആരാണുണ്ടാവുക! അതും വിലക്കപ്പെടുന്നു. അങ്ങനെ വിലക്കുകളുടെ തടവറയിലാണ് ഇപ്പോള്‍ ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍!!

സൗന്ദര്യം ഇഷ്ടപ്പെടാത്തവരുണ്ടോ? പ്രവാചകന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു. വൃത്തിയും വെടിപ്പുമുള്ളവരാകാന്‍ തന്റെ അനുചരന്മാരോട് കല്‍പിച്ചു. പിന്നെ ആരാണ് മലയാളി മുസ്‌ലിംകളില്‍ ചിലരെ കോലം കെട്ടുംവിധം താടി നീട്ടിയും തുണി മുട്ടുവരെ കയറ്റിയും വിരൂപരാക്കിയത്? അലക്ഷ്യമായി വളരാന്‍ വിട്ട താടിരോമങ്ങള്‍ ഒട്ടും സൗന്ദര്യാത്മകമായിരിക്കില്ല, എന്നല്ല അതില്‍ സാമൂഹികവിരുദ്ധതയുമുണ്ട്. വസ്ത്രം നിലത്തിഴച്ചു നടക്കുന്നത് പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അഹങ്കാരത്തോടെ അങ്ങനെ നടന്ന ഒരു വിഭാഗത്തിനെതിരെ എടുത്ത രാഷ്ട്രീയ നിലപാടായിരുന്നു അത്. അവിടെയും വസ്ത്ര ധാരണത്തിലെ സൗന്ദര്യബോധത്തെ പ്രവാചകന്‍ നിരാകരിക്കുന്നില്ല. എന്നല്ല അവിടെയും അഹങ്കരിക്കാത്ത മുസ്‌ലിമിനെയാണ് പ്രവാചകന്‍ വരച്ചുകാട്ടാന്‍ ശ്രമിച്ചത്.

പിന്നെ ആരാണ് പാന്റും ജീന്‍സും മുസ്‌ലിമിന് കറാഹത്താക്കിയത്? നജ്‌റാനിലെ യാത്രാസംഘത്തെ മദീനാ പള്ളിയില്‍ സ്വീകരിച്ചിരുത്തി പ്രവാചകന്‍ അവരെ ആശ്ലേഷിച്ച് സ്‌നേഹം പങ്കിട്ടു, പ്രാര്‍ഥന നടത്താന്‍ സൗകര്യം ഒരുക്കിക്കൊടുത്തു. പിന്നെ എന്തിനാണ് കടന്നപ്പള്ളി രാമചന്ദ്രനെ പള്ളിക്കകത്തു കണ്ടപ്പോള്‍ മലയാളി സലഫിമുസ്‌ലിം അസ്വസ്ഥനായത്?!

രാജേഷും പ്രസൂണുമായിരുന്നു കഴിഞ്ഞ ചെറിയ പെരുന്നാളിന് എന്റെ വീട്ടിലെ അതിഥികള്‍. അവരില്‍ വര്‍ഗീയത വളരില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തുന്നു, ഓണത്തിന് അവരുടെ വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ എന്തിന് ബേജാറാകണം? അവര്‍ വിളമ്പുന്ന പായസം പാഷാണമായി കരുതാന്‍ എന്നു മുതലാണ് മനസ്സ് വിഷലിപ്തമായത്?

പെരുന്നാളിന് എനിക്ക് ആശംസകളും സന്തോഷവും നേര്‍ന്ന തോമസേട്ടനെ ക്രിസ്മസ് വരുമ്പോള്‍ എനിക്കെങ്ങനെ ഓര്‍ക്കാതിരിക്കാനാകും? ക്രിസ്മസ് ആശംസകള്‍ നേരുന്നത് എങ്ങനെയാണ് എന്റെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുക!

വിലക്കുകളില്‍ വരിഞ്ഞുമുറുക്കപ്പെട്ട മുസ്‌ലിം ചെറുപ്പത്തിന് ഭൗതികതയോട് തന്നെ വിരക്തി തോന്നി തുടങ്ങുക സ്വാഭാവികം. വാഹനത്തില്‍ കയറും മുമ്പ് അവന്‍ ഉറപ്പു വരുത്തണം, ഇതിന് ബാങ്ക് വായ്പയില്ലെന്ന്. കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറുമ്പോഴും ഇതേ ആധി അവനെ വല്ലാതെ അസ്വസ്ഥനാക്കുന്നു. ഈ ജീവിതം കുടുംബത്തിലും സമൂഹത്തിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു.

തന്നെ പിടികൂടിയ കടുത്ത ആത്മീയ മനോവിഭ്രാന്തി മറ്റുള്ളവരിലും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍, നഷ്ടപ്പെട്ടുതുടങ്ങും കുടുംബത്തിനകത്തെ സമാധാനം. ആത്മീയ ഉന്മാദാവസ്ഥയില്‍ എത്തിയ ഇവരെ പ്രചോദിപ്പിക്കുന്നത് ലഭിക്കാന്‍ പോകുന്ന സ്വര്‍ഗരാജ്യമത്രെ!!

 

ബഹുസ്വരത, ഇസ്‌ലാം

ഇസ്‌ലാം ബഹുസ്വരതയെ നിരാകരിക്കുന്നില്ല. എന്നല്ല ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം എങ്ങനെയായിരിക്കണം എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. മനുഷ്യനോടും പ്രകൃതിയോടും കനിവ് കാട്ടുന്നവനുള്ളതാണ് സ്വര്‍ഗം. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക, അവന്‍ പട്ടിണി കിടക്കുമ്പോള്‍ നീ വയറ് നിറക്കരുത്, പാചകം ചെയ്യുമ്പോള്‍ മണം അടുത്ത വീട്ടിലെത്തിയാല്‍ ആ വിഭവത്തില്‍ അവര്‍ക്ക് കൂടി അവകാശമുണ്ട്, ഇവിടെയൊന്നും മതം പരിഗണനീയമല്ല. എത്ര മനോഹരമാണീ വിശ്വ മാനവിക ദര്‍ശനം!

നമസ്‌കരിക്കുന്നവന്നും നോമ്പെടുക്കുന്നവന്നും ഹജ്ജ് ചെയ്തവന്നും സ്വര്‍ഗം നല്‍കാമെന്ന് ദൈവം എവിടെയും ഒരു  ഉറപ്പും കൊടുത്തിട്ടില്ല. അങ്ങനെ പോയവരോടുള്ള അല്ലാഹുവിന്റെ ചോദ്യങ്ങളെക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അല്ലാഹു ചോദിക്കുമത്രെ, ഞാന്‍ വിശന്നപ്പോള്‍  എന്തേ നീ എനിക്ക് ഭക്ഷണം തന്നില്ല? ദാഹിച്ചപ്പോള്‍ എന്തേ വെള്ളം തന്നില്ല? രോഗിയായപ്പോള്‍ എന്തേ കാണാന്‍ വന്നില്ല? ഒന്നും തിരിയാതെ അന്ധാളിച്ചുനില്‍ക്കുന്ന പ്രാക്ടീസിംഗ് മുസ്‌ലിമിനോട് അല്ലാഹു വിശദീകരിക്കും, അതേ വിശന്നും ദാഹിച്ചും പട്ടിണി കിടന്ന എന്റെ ഒരു ദാസന്‍ വലഞ്ഞപ്പോള്‍, അവിടെ ഞാനുണ്ടായിരുന്നല്ലോ! ഇവിടെയും മാനവികതാബോധമാണ് ഇസ്‌ലാം പഠിപ്പിച്ചത്.

അനാഥനെ സംരക്ഷിക്കുന്നവന്നും അഗതിക്ക് അന്നം കൊടുക്കുന്നവന്നും നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവന്നുമാണ് സ്വര്‍ഗം ഓഫര്‍ ചെയ്തിട്ടുള്ളത്. അല്ലാതെ സമൂഹത്തില്‍നിന്ന് ഒളിച്ചോടുന്നവര്‍ക്കല്ല. മിതത്വമാണ് ഇസ്‌ലാം. തീവ്രവും ഉന്മാദവുമായ ആത്മീയത ഇസ്‌ലാമിന് അന്യമാണ്.

 

പ്രതികള്‍ ഹാജറുണ്ട്

പാലക്കാട്ടെയും കാസര്‍കോട്ടെയും മുസ്‌ലിം കുടുംബങ്ങളുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകളും ആശങ്കകളും ഇനിയും നീങ്ങിയിട്ടില്ല. അന്വേഷണം പുരോഗമിക്കുമ്പോഴും രണ്ട് സാധ്യതകളാണ് കല്‍പിക്കപ്പെടുന്നത്. ഐ.എസ് എന്ന കൊടും ഭീകര സംഘത്തില്‍ എത്തിപ്പെട്ടു എന്നതാണ് ഒന്ന്. അത്യന്തം ഭീതിയും ഞെട്ടലും ഉളവാക്കുന്നതാണ് ഈ അനുമാനം. ഇതിനുള്ള സാധ്യത അന്വേഷണ ഏജന്‍സികളോടൊപ്പം കുടുംബാംഗങ്ങളും തള്ളിക്കളയുന്നില്ല. എന്നാല്‍, ഇത് സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ ഇനിയും ലഭ്യമായിട്ടുമില്ല. ഭൗതിക ജീവിതത്തോട്  പാടേ വിരക്തി പൂണ്ട് സന്യാസ ജീവിതം തെരഞ്ഞെടുത്തതാകാം എന്നതാണ് മറ്റൊരു അനുമാനം. തീവ്ര സലഫി ചിന്താധാരയില്‍ മുഴുകി ആത്മീയ ഉന്മാദാവസ്ഥയില്‍ എത്തപ്പെട്ട അവസ്ഥയില്‍ കേരളത്തിലെ മുജാഹിദ് വിഭാഗത്തില്‍നിന്ന് വേര്‍പ്പെട്ടുപോയ ഒരു കൂട്ടര്‍  ഇപ്പോള്‍  ഈ അവസ്ഥയിലാണ്. ഇവരുടെ വിശ്വാസസംഹിതക്കനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍നിന്നും ഇവര്‍ ഒളിച്ചോട്ടം ആഗ്രഹിക്കുന്നു. അങ്ങനെ യമനിലേക്കും സിറിയയിലേക്കും ഇവര്‍ പലായനം ചെയ്യുകയാണത്രെ!

എന്നാല്‍, ഇത് രണ്ടും ഇസ്‌ലാമിന് അന്യമായ തീവ്രവാദമാണ്. ഒന്ന്, അത്യന്തം അപകടകരവും മാരകവുമായത്. രണ്ടാമത്തേത് അവരുടെ കുടുംബത്തെയും സമുദായത്തെയും അസ്വസ്ഥപ്പെടുത്തുന്നതും ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാന്‍ കാരണമാകുന്നതും!

എങ്ങനെയാണ് മുസ്‌ലിം ചെറുപ്പം ഈ അവസ്ഥയില്‍ എത്തപ്പെടുന്നത്? ആരാണ് ഇവരെ ഈ രൂപത്തില്‍ പരുവപ്പെടുത്തിയത്? ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിന്റെ പ്രതിനിധാനത്തെക്കുറിച്ച് തികച്ചും പ്രതിലോമകരമായ വിശ്വാസം വെച്ചുപുലര്‍ത്തുന്ന തീവ്ര സലഫിസം ഇവിടെ പ്രതിക്കൂട്ടിലാണ്. കാണാതായവരുടെ മാനസിക പരിവര്‍ത്തന വഴികള്‍ പരിശോധിച്ചാല്‍ ഇത് വെളിപ്പെടും.

യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തില്‍ ജനിച്ച്, ചുറ്റുപാടുകളുമായി ഇണങ്ങിയും സഹവസപ്പെട്ടും വളര്‍ന്നു വന്ന ഇവരില്‍ പൊടുന്നനെ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നു. വേഷത്തിലും രൂപത്തിലും മാത്രമല്ല സ്വഭാവത്തിലും അടിമുടി മാറ്റം. ചുറ്റുപാടുകളുമായി ഒരു നിലക്കും ഇണങ്ങാത്ത അന്യഗ്രഹ ജീവികളെപ്പോലെ. ജൈവികമായ എല്ലാ സ്വഭാവ സവിശേഷതകളും ആരോ ഇവരില്‍നിന്നും എടുത്തുമാറ്റിയതുപോലെ. ഇവരുടെ വികലമായ ശാഠ്യങ്ങള്‍ കുടുംബത്തിലും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു. കൂടെ കളിച്ചും പഠിച്ചും വളര്‍ന്ന കൂട്ടുകാരോടു പോലും ഒന്ന് തമാശ പറയാനോ ചിരിക്കാനോ കൂട്ടാക്കാത്ത വിധം ഇവരില്‍ വല്ലാത്തൊരു രാസപരിണാമം സംഭവിക്കുന്നു.

ഈ മാറ്റം യാദൃഛികമായി സംഭവിക്കുന്നതാണോ? അല്ല, ഇവരെ ഈ നിലയിലേക്ക് മാറ്റിയെടുക്കുന്നതില്‍ ഇന്ന് ഇവരെ തള്ളിപ്പറയുന്ന സലഫി ചിന്താധാരക്ക് പങ്കുണ്ടോ? പാട്ടും തമാശയും അനിസ്‌ലാമികം, ഇതര മതസ്ഥരെങ്ങാനും പള്ളിയില്‍ കയറിപ്പോയാല്‍ വിശ്വാസം ഇടിഞ്ഞുവീഴും! ഇങ്ങനെ അസഹിഷ്ണുതയുടെ വിത്തിറക്കുമ്പോള്‍ ആലോചിച്ചില്ല, ഇസ്‌ലാമിന്റെ മനോഹരമായ മുഖമാണ് തങ്ങള്‍ വികൃതമാക്കുന്നതെന്ന്. ഇസ്‌ലാമിക ദര്‍ശനത്തിന് അക്ഷരങ്ങള്‍ക്കപ്പുറവും വിശാലമായ അര്‍ഥ തലങ്ങളുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം മനസ്സുകളെ അവര്‍ താഴിട്ടുപൂട്ടി. അതിനകത്തുനിന്ന് അവര്‍ ഞെരിപിരി കൊണ്ടു. ഒടുവിലത് അപകടകരമാംവിധം വിശ്വരൂപം പൂണ്ടു!

ഇത് ക്രമപ്രവൃദ്ധമായി സംഭവിച്ച പരിണാമമാണ്. ഈ വികല വിശ്വാസം ഇവരില്‍ കുത്തിവെച്ചവര്‍ കുറ്റസമ്മതം നടത്തി തെറ്റു തിരുത്താന്‍ തയാറാവണം. ഇല്ലെങ്കില്‍ ഇത്തരം ദുരന്ത വാര്‍ത്തകള്‍ക്ക്  ഇനിയും  കാതോര്‍ക്കേണ്ടിവന്നേക്കാം.  


Comments

Other Post

ഹദീസ്‌

ജനസേവനത്തിലാണ് പാരത്രിക വിജയം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 51-54
എ.വൈ.ആര്‍