Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 05

2962

1437 ദുല്‍ഖഅദ് 02

ഇസ്‌ലാഹി പ്രസ്ഥാനം സര്‍ഗാത്മകത തിരിച്ചുപിടിക്കെട്ട

ടി. റിയാസ് മോന്‍

ചരിത്രത്തിലെ വലിയൊരു പ്രതിസന്ധിയിലാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. ഈ പ്രതിസന്ധി മറികടക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് എങ്ങനെ സാധിക്കുമെന്ന് മുസ്‌ലിം സമുദായം മാത്രമല്ല നവോത്ഥാന തല്‍പരരെല്ലാം സാകൂതം വീക്ഷിക്കുന്നുണ്ട്. രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടു ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായി സല്‍പേര് നേടിയെടുക്കുകയും ചെയ്തിട്ടുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ് വര്‍ത്തമാനകാല സംഭവവികാസങ്ങള്‍. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടെ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയും സല്‍പേരും വീണ്ടെടുക്കേണ്ട ഉത്തരവാദിത്തം മുജാഹിദ് സംഘടനകളുടെ നേതാക്കള്‍ക്കുണ്ട്.

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സലഫീ കാഴ്ചപ്പാടുള്ള ഒരു സാമൂഹിക പ്രസ്ഥാനമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സലഫീ കാഴ്ചപ്പാടുള്ള സംഘങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇവയൊന്നും തന്നെ നയനിലപാടുകളിലോ സമീപനങ്ങളിലോ ഏകീകൃത സ്വഭാവം ഉള്ളവയല്ല. സലഫീ സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ലോകാടിസ്ഥാനത്തില്‍ കോര്‍ഡിനേഷനോ കേന്ദ്രീകൃത നേതൃത്വമോ ഇല്ല. മിക്ക പ്രസ്ഥാനങ്ങളും സലഫി എന്ന പേരു തന്നെ ഉപയോഗിക്കുന്നില്ല. പ്രസ്ഥാനങ്ങള്‍ എന്നു വിശേഷിപ്പിക്കാന്‍ മാത്രമുള്ള സംഘടനാ ചട്ടക്കൂടോ അച്ചടക്കമോ ബഹുജന പിന്തുണയോ മിക്കതിനും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനമോ ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അഹ്‌ലെ ഹദീസോ സലഫി എന്ന പേര് ഉപയോഗിക്കുന്നില്ല.

കേരള നദ്‌വത്തുല്‍ മുജാഹിദീനും അതിനോട് അനുഭാവം പൂലര്‍ത്തുന്ന പ്രാദേശിക കൂട്ടായ്മകളും ഈ നാടിന്റെ സവിശേഷമായ സാഹചര്യത്തില്‍ രൂപം കൊണ്ട ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്. മുജാഹിദ് പ്രസ്ഥാനം സലഫീ ആശയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്നതിനേക്കാള്‍ ഖുര്‍ആനും സുന്നത്തുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയാണ് എന്ന് പറയുന്നതാണ് ഉചിതം. അതിന് കൃത്യമായ നിയമാവലിയും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ നി

യമാവലികള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്താണ് കേരള നദ്‌വത്തുല്‍ മുജാഹിദീനും അനുബന്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നത്.

ആഗോളതലത്തില്‍ സലഫീ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശയവൈജാത്യങ്ങള്‍ കേരളത്തിലെ ചിലരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കിലും സ്ഥായിയായ തരത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിനകത്ത് അത്തരം ആഗോള ചിന്തകള്‍ക്ക് ഇടമുണ്ടാകില്ല. ഇന്റര്‍നെറ്റിന്റെയും വാര്‍ത്താമാധ്യമങ്ങളുടെയും അതിപ്രസരം സൃഷ്ടിച്ച ഇന്‍ഫര്‍മേഷനുകളുടെ കുത്തൊഴുക്കില്‍ ഉണ്ടായ സ്ഥലകാലവിഭ്രമം മാത്രമാണ് നിലവിലുള്ള പ്രശ്‌നം. സമചിത്തത കൈവരിച്ച് മുന്നോട്ടുപോകാനുള്ള സാധ്യതകള്‍ ഇനിയും അടഞ്ഞുപോയിട്ടില്ല. അറബ് സലഫിസത്തെ പാടേ തള്ളിക്കളഞ്ഞു കൊണ്ട് ഔദ്യോഗിക കെ.എന്‍.എം നടത്തിയ പ്രസ്താവനകള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇന്റര്‍നെറ്റിന്റെ ലഭ്യത ലോകത്തെ വിവിധ സലഫീചിന്തകളെ കുറിച്ച് വിവരം കിട്ടാനുള്ള വഴികള്‍ മലയാളിക്ക് മുന്നില്‍ തുറന്നു കൊടുത്തു. ഇന്ത്യന്‍ സാഹചര്യത്തില്‍ തികച്ചും അപ്രായോഗികമായ ഉട്ടോപ്യന്‍ സലഫിസത്തെ യഥാര്‍ഥ ഇസ്‌ലാമാണെന്നും, പരിശുദ്ധമായ സലഫിയ്യത്താണെന്നും ചിലര്‍ തെറ്റിദ്ധരിക്കുകയും ചെയ്തു. ഇന്റര്‍നെറ്റിലെ വിവരങ്ങളുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് നമ്മളിതുവരെ ബോധവാന്മാരായിട്ടില്ല.

ഇന്റര്‍നെറ്റിന്റെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, അശ്ലീല സൈറ്റുകളുടെ ഉപയോഗം എന്നിവയൊക്കെ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും മുസ്‌ലിംകളുടെ ആത്മീയതയില്‍ ഇന്റര്‍നെറ്റ് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ പഠനവിധേയമായിട്ടില്ല. അതിന്റെ കൂടി പരിമിതിയാണ് ഇപ്പോള്‍ ബോധ്യമാകുന്നത്. വരുംകാലത്ത് വിശ്വാസിയുടെ ഏറ്റവും വലിയ സമ്പത്ത് ആടുകളായിരിക്കുമെന്നും, തന്റെ ഈമാനും മുറുകെ പിടിച്ച് അവന്‍ വല്ല മലഞ്ചെരുവിലേക്കോ കുന്നിന്‍മുകളിലേക്കോ പലായനം ചെയ്യുമെന്നും ഒരു ഹദീസിലുണ്ട്. പുത്തന്‍ ആത്മീയദാഹികള്‍ ഹദീസുകള്‍ സ്വീകരിക്കുന്നത് പഴയ ഹദീസ് ഗ്രന്ഥങ്ങളില്‍നിന്നല്ല. പകരം ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന ഒറ്റപ്പേജിലോ അരപ്പേജിലോ ഒതുങ്ങുന്ന ഫത്‌വകളില്‍നിന്നാണ്. ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി ഒറ്റത്തവണ വായിക്കുന്നതിനു മുമ്പേ ആടിനെ മേയ്ക്കാനുള്ള ഗവേഷണം ആരംഭിക്കുകയായി. ഇതാണ് പുതിയ കാലത്ത് മുസ്‌ലിം സംഘടനകള്‍ അഭിമുഖീകരിക്കാനിരിക്കുന്ന വലിയൊരപകടം. 

ആടു വളര്‍ത്തല്‍ ഒരു വരുമാനദായക പ്രവര്‍ത്തനമാണ്. അറബികളും അനറബികളും വരുമാനത്തിനായി ആടുവളര്‍ത്തുന്നുണ്ട്. കേരളത്തില്‍ അട്ടപ്പാടി ആട് എന്ന ഒരു ജനുസ്സ് തന്നെയുണ്ട്. അട്ടപ്പാടിയിലെ കുന്നിന്‍പ്രദേശങ്ങളില്‍ ആദിവാസികളാണ് പ്രധാനമായും അട്ടപ്പാടി ആടിനെ വളര്‍ത്തുന്നത്. ആ ആടിനെയാണ് പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത്. പാവം ആട്! ആടെന്തറിയുന്നു അങ്ങാടി വാണിഭം!! ആടുവളര്‍ത്തല്‍, കൃഷി, വിറകു വെട്ടല്‍, കച്ചവടം, അധ്യാപനം തുടങ്ങി പലതിനെ കുറിച്ചും ഹദീസുകളുണ്ട്. അവയെ പ്രായോഗികമായി മനസ്സിലാക്കുകയാണ് വേണ്ടത്. മതത്തെ ഉന്മാദമാക്കിയവരെ തിരിച്ചുവിളിക്കാനുള്ള വഴികളാണ് ഇനി അന്വേഷിക്കേണ്ടത്. ഇതൊരു താല്‍ക്കാലിക പ്രതിഭാസം തന്നെയാണ്. പ്രഫഷണല്‍ വിദ്യാഭ്യാസ യോഗ്യതകളുള്ള ചെറുപ്പക്കാര്‍ ആടിനെയും കൊണ്ട് കുന്ന് കയറുന്നതോടെ തകരുന്നത് കുടുംബത്തിന്റെ വലിയ പ്രതീക്ഷകളാണ്. സ്വര്‍ഗം തേടിയുള്ള യാത്രകളില്‍ നിരാശരായി ആ യൗവനം തിരിച്ചുവരും. വൃദ്ധരായ മാതാപിതാക്കളെയും വിവാഹപ്രായമെത്തി നില്‍ക്കുന്ന സഹോദരങ്ങളെയും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അയല്‍വാസികളെയും വിസ്മരിച്ചുകൊണ്ട് ഏത് സ്വര്‍ഗരാജ്യം തേടിയാണ് പലായനം നടത്തുന്നതെന്ന് ഉറക്കെ ചോദിക്കാനുള്ള വിവേകം മതസംഘടനകള്‍ക്ക് ഉണ്ടാകണം.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടക്ക് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ വന്നുപെട്ട പാളിച്ചകള്‍ സ്വയം തിരുത്താനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്. സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഇസ്‌ലാഹി പ്രസ്ഥാനം മുജാഹിദ് പിളര്‍പ്പിനു ശേഷം ആ മേഖലകളില്‍ നിന്നെല്ലാം പിറകോട്ടുപോവുകയുണ്ടായി. അതിന്റെ കൂടി പ്രത്യാഘാതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. 2002-ലെ മുജാഹിദ് പിളര്‍പ്പ് കാലത്ത് ജമാഅത്തെ ഇസ്‌ലാമി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്ന യുവജന സംഘടനക്ക് രൂപംനല്‍കി. പരിസ്ഥിതി, ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ സോളിഡാരിറ്റി ഇടപെടലുകള്‍ നടത്തി. ഇതേ തുടര്‍ന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളില്‍ നിന്നുകൊണ്ട് ആള്‍ക്കൂട്ടത്തെ ആവേശഭരിതരാക്കുന്ന പ്രഭാഷകര്‍ എല്ലാ സാമൂഹിക ഇടപെടലുകളെയും വിമര്‍ശിച്ചു. മുജാഹിദ് പ്രസ്ഥാനത്തിനു തന്നെ അപരിചിതമായ വഴികളിലൂടെയാണ് സോളിഡാരിറ്റി വിമര്‍ശനം മുന്നോട്ടു പോയത്. പൊതു ഇടങ്ങളില്‍നിന്നും മുജാഹിദുകളെ പിറകോട്ടു വലിച്ച ആ പ്രഭാഷകരെ എങ്ങനെ നിയന്ത്രിക്കും എന്നത് നിലവില്‍ മുജാഹിദ് പ്രസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. 

ജനങ്ങളുടെ മസ്തിഷ്‌കത്തോട് സംവദിച്ചിരുന്ന പ്രഭാഷണങ്ങള്‍ വികാരങ്ങളോട് സംവദിക്കുകയാണിന്ന്. കരയുകയും ആര്‍ത്തുവിളിക്കുകയും രൂക്ഷമായി പരിഹസിക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങള്‍ സ്വന്തം അനുയായികള്‍ക്ക് വിജ്ഞാനമോ കാഴ്ചപ്പാടുകളോ പകര്‍ന്നു നല്‍കുന്നതില്‍ പരമദരിദ്രമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരം പ്രഭാഷകരുടെ മാനസികാവസ്ഥയെ കുറിച്ച് ഗൗരവതരമായ ആലോചനകള്‍ ഉണ്ടാകണം. ഈ പ്രഭാഷകര്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആഴത്തിലുള്ള ആലോചനകളും അനിവാര്യമാണ്. സ്വന്തം പള്ളിമിമ്പറുകളില്‍ പോലും എന്താണ് പറയുന്നതെന്ന് മൈക്രോസ്‌കോപ്പിക് ആയി തന്നെ മുജാഹിദ് നേതൃത്വം പരിശോധിക്കേണ്ടതുണ്ട്. ഖുത്വ്ബകള്‍ സമുദായത്തിന് മുന്നോട്ടുപോകാനുള്ള ഊര്‍ജമാണ് നല്‍കുന്നതെന്ന് സംഘടനാ നേതൃത്വവും മഹല്ല് നേതൃത്വവും ഉറപ്പുവരുത്തണം. സമുദായത്തിനകത്ത് ഛിദ്രതയുണ്ടാക്കാനും അനാവശ്യ തര്‍ക്കം ഉണ്ടാക്കാനും മിമ്പറുകള്‍ ഉപയോഗിക്കുന്നില്ലെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ സാധിക്കണം. ഇതെല്ലാം മുജാഹിദ് പ്രസ്ഥാനം അതിനകത്ത് നടത്തേണ്ട ഇസ്‌ലാഹ് (ശുദ്ധീകരണം) ആണ്.

ഒരു നൂറ്റാണ്ട് മുമ്പാണ് കെ.എം മൗലവി ഇസ്‌ലാഹി പ്രസ്ഥാനത്തിന് സംഘടിത രൂപമുണ്ടാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചത്. ദാരിദ്ര്യവും ബ്രിട്ടീഷ് ഭരണവും അക്ഷരാഭ്യാസമില്ലാത്ത മുസ്‌ലിം ജനതയുമായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് അറബ് രാജ്യങ്ങള്‍ അറബിക്കടലിനപ്പുറത്ത് ഇതുപോലെ തന്നെയുണ്ടായിരുന്നു. ഒരേസമയം ബ്രിട്ടീഷ് പട്ടാളത്തിനും, സമുദായത്തിന്റെ അജ്ഞതക്കും ഇടയില്‍നിന്ന് സഹിഷ്ണുതയോടെ പോരാടിയാണ് ഇന്നീ കാണുന്ന വിധത്തിലേക്ക് കേരള മുസ്‌ലിംകളുടെ ജീവിതത്തെ മാറ്റിയെടുക്കുന്നതിന് കെ.എം മൗലവി അധ്വാനിച്ചത്. സര്‍ഗാത്മകതയും ഭാവനയും ഒന്നിച്ചു ചേര്‍ത്താണ് മൗലവി പരിഷ്‌കരണം നടത്തിയത്.  സമൂഹത്തില്‍നിന്ന് ഹിജ്‌റ പോയിക്കൊണ്ടായിരുന്നില്ല, സമൂഹത്തിലേക്ക് പൂര്‍ണമായും ഇറങ്ങിച്ചെന്നുകൊണ്ടായിരുന്നു കെ.എം മൗലവിയുടെ ഇസ്‌ലാഹി പ്രവര്‍ത്തനം. അതിന്റെ പിന്തുടര്‍ച്ചയാണ് മുജാഹിദ് പ്രസ്ഥാനം എന്ന് മനസ്സിലാക്കാന്‍ ഹദീസ് കിതാബുകളോ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളോ മാത്രം വായിച്ചാല്‍ പോരാ. ചരിത്രം തന്നെ വായിക്കണം. ഭാവനയും സ്‌നേഹവായ്പുകളും നഷ്ടമാകുന്ന തരത്തിലുള്ള  ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് തുനിയുന്നവര്‍ നമുക്കിടയിലുണ്ടെന്നത് വിസ്മരിക്കാനാവില്ല. കുടുംബബന്ധങ്ങള്‍ വിഛേദിച്ചും കല്യാണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മടിച്ചും ഉള്‍വലിഞ്ഞു പോകുന്ന സലഫിസം മുജാഹിദ് പള്ളികളുടെ മൂലകളിലെവിടെയെങ്കിലും കൂടുകൂട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെതിരായ പ്രബോധനമാണ് പള്ളികളില്‍നിന്നും നടക്കേണ്ടത്.

കലയും പാട്ടും സൗഹൃദവും ഭാവനയും സഹൃദയത്വവും നിറഞ്ഞ ഇസ്‌ലാഹി പ്രസ്ഥാനത്തില്‍നിന്ന് മരുഭൂമി പോലെ വരണ്ട സലഫിസത്തിലേക്ക് ഊടുവഴി വെട്ടാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അവര്‍ക്കെതിരായ പോരാട്ടത്തില്‍ മുസ്‌ലിം സമുദായത്തിലെ യോജിക്കാന്‍ കഴിയുന്ന മുഴുവന്‍ പേരുമായി യോജിച്ചുകൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് മുജാഹിദ് പ്രസ്ഥാനം ചെയ്യേണ്ടത്. അക്കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തെ സഹായിക്കേണ്ട ബാധ്യത ഇതര പ്രസ്ഥാനങ്ങള്‍ക്കുണ്ട്. 

(എം.എസ്.എം മുന്‍ സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)


Comments

Other Post

ഹദീസ്‌

ജനസേവനത്തിലാണ് പാരത്രിക വിജയം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 51-54
എ.വൈ.ആര്‍