Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 05

2962

1437 ദുല്‍ഖഅദ് 02

പൊരുതുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന തുര്‍ക്കി ജനത

മുന്‍സ്വിഫ് മര്‍സൂഖി

2013 ജൂലൈ മൂന്നിന് രാത്രി പ്രഭാതമാകുവോളം ഉറക്കമിളച്ച് ഈജിപ്തിലെ നിയമാനുസൃത പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെ നടന്ന വിജയകരമായ അട്ടിമറിയുടെ വിശദാംശങ്ങള്‍ ഞാന്‍ പിന്തുടരുകയായിരുന്നു.

പിറ്റേ ദിവസം എനിക്ക് ഖര്‍ത്വാജ് പാലസിലുള്ള എന്റെ ഓഫീസിലേക്കും അവിടെനിന്ന്, ആദ്യമായി തുനീഷ്യ സന്ദര്‍ശിക്കാന്‍ വരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലന്‍ദിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്കും പോകാനുള്ളതാണ്. മനസ്സാകെ അസ്വസ്ഥമായിരുന്നു. ഈജിപ്ത് ഒരു ഇരുണ്ട തുരങ്കത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. തുനീഷ്യയുടെ ഗതിയും അതുതന്നെയായിരിക്കും. ഈജിപ്തിലെ അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു അന്താരാഷ്ട്ര ഗൂഢസംഘമാണ്. അറബ് വസന്തത്തെ ഗര്‍ഭഛിദ്രം ചെയ്യുക എന്നതായിരുന്നു അവരുടെ ദൗത്യം. ഈജിപ്തിലെ അട്ടിമറി ഒരു തുടക്കം മാത്രമാണ്, ഒടുക്കമല്ല എന്ന നല്ലബോധ്യം എനിക്കുണ്ടായിരുന്നു.

ആദ്യം ലിബിയ, പിന്നെ തുനീഷ്യ എന്ന ക്രമത്തിലായിരിക്കും ഇനി അട്ടിമറി എന്നെനിക്ക് ഏറക്കുറെ ഉറപ്പായിരുന്നു. ഈ വേനല്‍ കഴിയും മുമ്പ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഞാന്‍ പുറത്താക്കപ്പെട്ടേക്കാമെന്നും ഞാന്‍ കണക്കുകൂട്ടി. അപ്പോഴതാ വരുന്നു ജൂലൈ 25-ന് തുനീഷ്യയില്‍ പാര്‍ലമെന്റംഗം മുഹമ്മദുല്‍ ബറാഹിമിയുടെ കൊലപാതകം. സകല നാരകീയ മാധ്യമങ്ങളും ഉറഞ്ഞുതുള്ളുകയായി. 2011 ഒക്‌ടോബര്‍ 23-ന് നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നിയമാനുസൃതമായി നിലവില്‍ വന്ന ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ തുനീഷ്യക്കാരെ മാത്രമല്ല, തുനീഷ്യന്‍ സൈന്യത്തെ വരെ മീഡിയ പ്രേരിപ്പിച്ചുതുടങ്ങി. ഭാഗ്യത്തിന് ഗൂഢാലോചകരുടെ ആ പദ്ധതി പാളി. സൈന്യത്തിന്റെ ദേശസ്‌നേഹവും അച്ചടക്കവും തെമ്മാടികളുടെ പിന്നില്‍ അണിനിരക്കില്ലെന്ന തുനീഷ്യക്കാരുടെ ദൃഢനിശ്ചയവുമെല്ലാം അട്ടിമറി ശ്രമം പൊളിയാന്‍ കാരണമായിട്ടുണ്ട്. അവസാന നിമിഷം വരെ ജനാധിപത്യപ്രക്രിയ മുറുകെ പിടിച്ച് രാജ്യം അരാജകത്വത്തിലേക്ക് വഴുതുന്നത് തടഞ്ഞ ഭരണകൂടത്തിനും അട്ടിമറിശ്രമം വിഫലമാക്കിയതില്‍ പങ്കുണ്ട്.

പക്ഷേ, ഈജിപ്തിലെ അട്ടിമറി തുനീഷ്യയിലെ ഡീപ് സ്റ്റേറ്റിനെയും പ്രതിവിപ്ലവ ശക്തികളെയും ഭീകരമാംവിധം ശക്തിപ്പെടുത്തുകയുണ്ടായി. വിപ്ലവം നടന്നതിനു ശേഷം ആ പ്രതിവിപ്ലവശക്തികള്‍ ശ്രമിച്ചത്, നിയമാനുസൃത ഭരണകൂടത്തെ ഏതു വിധേനയും നിര്‍വീര്യമാക്കാനായിരുന്നു. സാദാ ഭീകരാക്രമണമാണെങ്കില്‍ ഭരണകൂടം അത് തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിക്കും. അത്യന്തം മാരകമാണ് ഭീകരാക്രമണമെങ്കില്‍ അതില്‍ ഭരണകൂടത്തിനും പങ്കുണ്ട് എന്ന് വാദിക്കും. അങ്ങനെ അഴിമതിപ്പണമിറക്കിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും ദുഷിച്ച മാധ്യമങ്ങളെ കൂട്ടുപിടിച്ചും 2014-ലെ തെരഞ്ഞെടുപ്പില്‍ പ്രതിലോമശക്തികള്‍ വിജയിച്ചു. ഇനിയവരുടെ അടുത്ത ഫയലുകള്‍ ലിബിയ, യമന്‍, സിറിയ എന്നിവയാണ്. ആ നാടുകളെ സമ്പൂര്‍ണമായി നശിപ്പിക്കുകയാണ് ലക്ഷ്യം.

ഇങ്ങനെ 2013-2015 കാലയളവില്‍ നാം സാക്ഷ്യം വഹിച്ചത് അറബ് വസന്തത്തിന്റെ ഉന്മൂലന പ്രക്രിയക്കായിരുന്നു; അറബ് സമൂഹങ്ങളുടെ പ്രതീക്ഷകളത്രയും ആവിയായിപ്പോകുന്നതിനും. അറബ് സമൂഹങ്ങള്‍ക്ക് കയ്‌പേറിയ ഒരു പാഠവും അട്ടിമറി ശക്തികള്‍ നല്‍കുന്നുണ്ടായിരുന്നു; അനുസരിച്ചും വിധേയപ്പെട്ടും നിന്നോളണം. അല്ലെങ്കില്‍ ആകാശം ഇടിച്ച് നിങ്ങളുടെ തലയില്‍ കമിഴ്ത്തും!

തനിയാവര്‍ത്തനം തന്നെയല്ലേ തുര്‍ക്കിയിലും കണ്ടത്! പക്ഷേ, ഇത്തവണ കാര്യങ്ങള്‍ വലിയ തോതില്‍ മാറിയെന്നു മാത്രം. ജൂലൈ 15,16 രാത്രി അല്‍ജസീറയിലൂടെയും മറ്റു ചാനലുകളിലൂടെയും ഞാന്‍ അങ്കാറയിലെയും ഇസ്തംബൂളിലെയും സംഭവങ്ങളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ദുരന്തത്തിന്റെ അവസാന എപ്പിസോഡ് കാണുകയാണോ എന്ന വല്ലാത്ത ഭീതിയിലായിരുന്നു ഞാന്‍. ഈ അട്ടിമറി ശ്രമത്തിലും നിഗൂഢ ശക്തികള്‍ വിജയിച്ചാല്‍ അറബ് വസന്തം ഒന്നും ബാക്കിവെക്കാതെ ഉന്മൂലനം ചെയ്യപ്പെടും.

ഒരാള്‍ക്ക് ചോദിക്കാം: തുര്‍ക്കിയും അറബ് വസന്തവും തമ്മില്‍ എന്തു ബന്ധം?

തുര്‍ക്കിയില്‍ അക് പാര്‍ട്ടി അധികാരത്തില്‍ വരുന്നതിനു മുമ്പ് അറബ് രാഷ്ട്രങ്ങളുടെ ഭരണമോഡല്‍ എന്തായിരുന്നു? ഒന്നുകില്‍ സോഷ്യലിസ്റ്റ് മോഡല്‍, അല്ലെങ്കില്‍ പാശ്ചാത്യ മോഡല്‍. രണ്ടിന്റെയും ദുരന്തം നമ്മള്‍ കണ്ടതാണ്. അപ്പോഴാണ് തുര്‍ക്കി മോഡല്‍ ഉയര്‍ന്നുവരുന്നത്. അതിന്റെ അടിസ്ഥാനങ്ങള്‍ അഞ്ചാണ്: സ്വത്വം, ദേശീയ സ്വാതന്ത്ര്യം, ജനാധിപത്യ ഘടന, അഴിമതിവിരുദ്ധത, ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനത്തെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുന്ന വിധത്തിലുള്ള സ്വതന്ത്ര സമ്പദ്ഘടന. ഈ പഞ്ചസ്തംഭങ്ങളില്‍ നിലയുറപ്പിച്ച തുര്‍ക്കി സമീപ കാലങ്ങളില്‍ വികസന മേഖലകളിലും മറ്റും നടത്തിയ വന്‍കുതിപ്പുകള്‍ നമ്മള്‍ കണ്ടതാണ്.

നമ്മള്‍ അന്വേഷിച്ചുകൊണ്ടിരുന്ന, നമുക്കിപ്പോഴും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മോഡല്‍ തന്നെയായിരുന്നു അത്. ഏതൊരു അറബ് ഭരണകൂടത്തെയും സൂക്ഷ്മ പരിശോധന നടത്തി നോക്കുക. തുര്‍ക്കി മോഡല്‍ പഞ്ചസ്തംഭങ്ങളുടെ നേര്‍ എതിര്‍വശത്തുള്ള അഞ്ച് കാര്യങ്ങളിലാണ് ആ ഭരണകൂടം കെട്ടിയുയര്‍ത്തപ്പെട്ടത് എന്നു കാണാം. അഞ്ചെണ്ണം ഇവയാണ്: സ്വത്വത്തിന് എതിരായ പോരാട്ടം, വിധേയത്വം, ഏകാധിപത്യം,  അഴിമതി, ജനതയെ തഴഞ്ഞ് ധനിക വര്‍ഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തടിച്ചുകൊഴുക്കാന്‍ പാകത്തിലുള്ള സാമ്പത്തിക സമീപനം.

ശരിയാണ്, അറബ് വസന്തത്തെ കെട്ടഴിച്ചുവിട്ടതില്‍ തുര്‍ക്കിക്ക് പങ്കൊന്നും ഉണ്ടായിരുന്നില്ല. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരുന്ന അറബ് സമൂഹങ്ങളുടെ പൊട്ടിത്തെറിയായിരുന്നു അത്. പക്ഷേ, അറബ് വസന്തത്തിന്റെ പ്രയാണം സുഗമമാക്കുന്ന നിലപാടായിരുന്നു തുര്‍ക്കിയുടേത്. തങ്ങളോട് സാദൃശ്യമുള്ള ഭരണകൂടങ്ങള്‍ അന്നാടുകളില്‍ നിലവില്‍ വരുന്നത് തങ്ങള്‍ക്ക് പിന്‍ബലമാകുമെന്ന് തുര്‍ക്കിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

ആ ഘട്ടത്തിന് നേതൃപരമായ പങ്കുവഹിച്ചവരെന്ന നിലക്ക് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, ചെന്നായ്ക്കളാല്‍ ചുറ്റപ്പെട്ടാണ് ഞങ്ങളുടെ നില്‍പ്പെന്ന്. ഞങ്ങള്‍ക്ക് സുഹൃത്തുക്കളായി ഉണ്ടായിരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഒരു തുര്‍ക്കിയും ഒരു ഖത്തറും. മുങ്ങിത്താഴുന്നവരുടെ രണ്ട് പിടിവള്ളികള്‍.

തുനീഷ്യയെപ്പോലുള്ള അറബ് വസന്താനന്തര രാജ്യങ്ങളുമായി  തുര്‍ക്കിക്കുണ്ടായിരുന്ന കലവറയില്ലാത്ത സൗഹൃദം ഞാന്‍ ഓര്‍ക്കുന്നു. 2013-ലെ ഒരു വേനല്‍ക്കാല രാത്രി. ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ്. പര്‍വതങ്ങളില്‍ നിലയുറപ്പിച്ച ഒരുപാട് സൈനികരുടെ ജീവന്‍ അപായപ്പെട്ടുകൊണ്ടിരുന്നു. അങ്ങോട്ടെത്തിപ്പെടുക സൈന്യത്തിന് ദുഷ്‌കരമാണ്. ഞാന്‍ തുര്‍ക്കി പ്രസിഡന്റ അബ്ദുല്ല ഗുലുമായി സംസാരിച്ച് പര്‍വതങ്ങള്‍ എളുപ്പം താണ്ടുന്ന ഭാരം കുറഞ്ഞ ടാങ്കുകള്‍ അയച്ചുതരുമോ എന്ന് ആരാഞ്ഞു. എത്രയും പെട്ടെന്ന് അത്തരം ടാങ്കുകള്‍ തുനീഷ്യയിലെത്തിക്കാം എന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആഴ്ചകള്‍ക്കകം അദ്ദേഹം തന്റെ വാക്ക് പാലിച്ചു. 2012-ല്‍ ചില ധനിക രാഷ്ട്രങ്ങള്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ഹെലികോപ്റ്ററുകള്‍ അവര്‍ ഇപ്പോഴും വെച്ചു താമസിപ്പിക്കുകയാണ് എന്നോര്‍ക്കണം.

അങ്കാറയിലും ഇസ്തംബൂളിലും സ്‌ഫോടനങ്ങള്‍ നടന്ന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ ഗൂഢശക്തികള്‍ പ്രയോഗിച്ച അതേ അടവുതന്നെ. തുര്‍ക്കിയെ ഉന്മൂലനം ചെയ്യുക അവരുടെ അജണ്ടയിലെ ഒടുവിലത്തെ ഇനമാണ്. ഒരു ഭരണ മോഡല്‍ വിജയകരമായി അതിന്റെ പ്രയാണം തുടര്‍ന്നാല്‍ മറ്റു ജനസമൂഹങ്ങള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെടും. അത് മഹാ അപകടമാണെന്ന് ഗൂഢശക്തികള്‍ക്കറിയാം. അപ്പോള്‍ ജനസമൂഹങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന ആ അച്ചുതണ്ടിനെത്തന്നെ പിഴുതുമാറ്റണം. പക്ഷേ, കപ്പലുകള്‍ വിചാരിക്കാത്ത ദിശയിലേക്കാണ് ഇപ്പോള്‍ കാറ്റുവീശുന്നത്. തുര്‍ക്കിയിലെ അട്ടിമറിശ്രമം പരാജയപ്പെട്ടത് നിഗൂഢ ശക്തികള്‍ ആസൂത്രണം ചെയ്ത പദ്ധതി തകരുന്നതിന്റെ ആദ്യ ലക്ഷണമായാണ് ഞാന്‍ കാണുന്നത്.

ഗൂഢശക്തികളുടെ പരാജയത്തിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ട് ഈജിപ്തിലെ സീസിയും തുനീഷ്യയിലെ സബ്‌സി(തുനീഷ്യന്‍ പ്രസിഡന്റ്)യും. അധികാരത്തിലെത്തുന്ന പുതിയ ഭരണകൂടത്തെ എങ്ങനെയും പരാജയപ്പെടുത്തുക എന്നതായിരുന്നു ആ ശക്തികളുടെ തന്ത്രം. പുതുശക്തികള്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയുകയും വേണം. അത് തെരഞ്ഞെടുപ്പിലൂടെ സാധ്യമാവുമെങ്കില്‍ അങ്ങനെ, അട്ടിമറിയിലൂടെയാണെങ്കില്‍ അങ്ങനെ. 'ദേശത്തെ രക്ഷിക്കാനാ'ണ് ഈ രണ്ട് പേരെയും ഗൂഢശക്തികള്‍ അധികാരത്തില്‍ കൊണ്ടുവന്നത്. എന്തൊക്കെപ്പറഞ്ഞാണോ ജനങ്ങളെ കബളിപ്പിച്ചത് ഇന്ന് അവയെല്ലാം വളരെ ഭീകരമായി ആ ജനതകളെ തുറിച്ചുനോക്കുകയാണ്. സമ്പദ്‌രംഗം ചലിക്കുന്നേയില്ല. ഭീകരതക്ക് ശക്തി കുറയുന്നുമില്ല. അഴിമതി, ദാരിദ്ര്യം, അതിക്രമം, അരാജകത്വം തുടങ്ങി എന്തിനൊക്കെ എതിരെയാണോ ജനം തെരുവിലിറങ്ങിയത് ഇന്നതൊക്കെ വളരെ ബീഭത്സരൂപം പൂണ്ടിരിക്കുന്നു.

ഗൂഢശക്തികള്‍ തങ്ങളുടെ കുതന്ത്രങ്ങളുടെയും മണ്ടത്തരങ്ങളുടെയും പരിഹാസ്യത തിരിച്ചറിയുന്നില്ല. പണമൊഴുക്കി അവര്‍ ശക്തിപ്പെടുത്തുന്നത് വരാന്‍ പോകുന്ന വിപ്ലവങ്ങളെത്തന്നെയാണ്. തുര്‍ക്കിയെ വിഴുങ്ങാമെന്നാണ് അവര്‍ കരുതിയത്. പക്ഷേ, ഇന്നവര്‍ തുര്‍ക്കിയുടെ വായില്‍ കുടുങ്ങി ചവച്ചരക്കപ്പെടുകയാണ്. ഈജിപ്തില്‍ തുടങ്ങിയ അട്ടിമറി തുര്‍ക്കിയില്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു വ്യാമോഹം. സംഭവിക്കാന്‍ പോകുന്നത് നേരെ മറിച്ചാണ്. തുര്‍ക്കിയിലെ അട്ടിമറി മണിക്കൂറുകള്‍ക്കകം പരാജയപ്പെട്ടുവെങ്കില്‍ ഏതാനും വര്‍ഷങ്ങളെടുത്താണെങ്കിലും ഈജിപ്തിലെ അട്ടിമറിയും പരാജയത്തിലാണ് കലാശിക്കുക.

ചുരുക്കത്തില്‍, പ്രതിവിപ്ലവം ഓരോ നാട്ടിലും അതിന്റെ ആരോഹണത്തിന്റെ കാലം കഴിഞ്ഞ് അവരോഹണത്തിലേക്ക് കടന്നിരിക്കുന്നു. അട്ടിമറികള്‍, ഭീകരാക്രമണങ്ങള്‍, വ്യാജ തെരഞ്ഞെടുപ്പുകള്‍ തുടങ്ങി ആവനാഴിയിലുള്ളതെല്ലാം പ്രതിലോമ ശക്തികള്‍ പുറത്തെടുത്തുകഴിഞ്ഞു. അടിച്ചമര്‍ത്തപ്പെടുന്ന അറബ്-അറബേതര സമൂഹങ്ങള്‍ക്കാകട്ടെ തുര്‍ക്കിജനതയുടെ ഇഛാശക്തി നല്‍കിയിരിക്കുന്നത് വലിയൊരു ആത്മബലമാണ്. അവരുടെ ആവനാഴിയില്‍ ഇനിയും പലതും ബാക്കിയുണ്ട്. ഗൂഢശക്തികളും അവരുടെ പ്രാദേശിക ഒറ്റുകാരും കണക്കുകൂട്ടുന്നതിനപ്പുറമായിരിക്കും ആ ശക്തിവിശേഷം. രാത്രിയെ വകഞ്ഞുമാറ്റി പ്രഭാതം കടന്നുവരിക തന്നെ ചെയ്യും.

(2011-'14 കാലയളവില്‍ തുനീഷ്യന്‍ പ്രസിഡന്റായിരുന്ന ലേഖകന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ്). 


Comments

Other Post

ഹദീസ്‌

ജനസേവനത്തിലാണ് പാരത്രിക വിജയം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 51-54
എ.വൈ.ആര്‍