ആസുര നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കുക
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിലെ പ്രതികളിലൊരാള്‍ക്ക് പ്രചോദനമായത് ലോകപ്രസിദ്ധ പണ്ഡിതന്‍ സാകിര്‍ നായികിന്റെ പ്രഭാഷണമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ബംഗ്ലാദേശിലെ പത്രം തന്നെ ആ റിപ്പോര്‍ട്ട് തിരുത്തിയിട്ടും പിടിവിടാതെ നായികിനെ ക്രൂശിക്കാന്‍ പാടുപെടുകയായിരുന്നുവല്ലോ സംഘ് പരിവാറിനൊപ്പം നമ്മുടെ ചില മാധ്യമങ്ങളും. കാള പെറ്റെന്ന് കേള്‍ക്കേണ്ട താമസം, കയറെടുത്തോടിയ ദുഷ്ടലാക്കുകാരായ ഇക്കൂട്ടരെ പൂര്‍ണമായി നിരാശപ്പെടുത്തി സാകിര്‍ നായികിനെതിരെ ഒരു തെളിവും തങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരിക്കുന്നു. നായികിന്റെ സംവാദങ്ങളുടെയും പ്രഭാഷണങ്ങളുടെയും ഓഡിയോ-വീഡിയോകള്‍ അരിച്ചുപെറുക്കി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിട്ടും നിയമവിരുദ്ധമായി അവയിലൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കൈമലര്‍ത്തുകയാണ് അന്വേഷണോദ്യോഗസ്ഥര്‍. എവിടെനിന്നോ വീണുകിട്ടിയ കച്ചിത്തുരുമ്പില്‍ കയറിപ്പിടിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ക്കെതിരെ ഇല്ലാക്കഥകള്‍ മെനഞ്ഞ് കുരുക്കിടാനുള്ള തല്‍പര കക്ഷികളുടെ നീച ശ്രമങ്ങളാണ് തല്‍ക്കാലം പരാജയപ്പെട്ടത്.
അതസമയം, മതവികാരം വ്രണപ്പെടുത്തുന്നതും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നതുമാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ ആര്‍ക്കും ബോധ്യപ്പെടുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കു നേരെ നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും ദീക്ഷിക്കുന്ന മൗനം, പച്ചയായ വിവേചനം ഇവിടെ ദൃശ്യമാണ്. 'മുസ്‌ലിംമുക്ത ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം' എന്ന അത്യന്തം അപകടകരമായ മുദ്രാവാക്യം മുഴക്കിയ വി.എച്ച്.പിയുടെ സാധ്വി പ്രാചി, ഏറ്റവുമൊടുവില്‍ നിരപരാധി എന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയ പണ്ഡിതനെ വധിക്കുന്നവര്‍ക്ക് 50 ലക്ഷം വാഗ്ദാനം ചെയ്ത് രംഗത്തു വന്നിരിക്കുന്നു. 'മുസ്‌ലിംമുക്ത ഭാരത സൃഷ്ടി'ക്കായുള്ള പ്രാചിമാരുടെ ആഹ്വാനം നടപ്പാകുന്നതിന്റെ ആദ്യ പടിയാണോ, മുസ്‌ലിം പണ്ഡിതനെ വധിക്കുന്നവര്‍ക്കുള്ള ഉപഹാര വാഗ്ദാനം? സമാധാന സംസ്ഥാപനത്തിന് ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യുക മാത്രമേ വഴിയുള്ളൂവെന്ന് പരസ്യ പ്രസ്താവന നടത്തുന്നവരും, മുസ്‌ലിംകള്‍ക്കെതിരെ അന്തിമ യുദ്ധത്തിന് സമയമായെന്ന് പറയുന്നവരും, സമയാസമയം മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷം വമിക്കുന്ന തൊഗാഡിയമാരും, മുസ്‌ലിംകളെ ആട്ടിയോടിക്കുകയോ കശാപ്പു ചെയ്യുകയോ ചെയ്യണമെന്ന് വിളിച്ചുകൂവുന്നവരും ഇവിടെ സൈ്വരവിഹാരം നടത്തുന്നു! ഭീകരവാദി മുദ്ര കുത്തി മുസ്‌ലിം യുവാക്കളെ ജയിലിലടച്ച് പീഡിപ്പിക്കുന്ന പ്രക്രിയ അവിരാമം തുടരുകയും ചെയ്യുന്നു. നിയമത്തിന് മുന്നില്‍ സര്‍വരും തുല്യരാണെന്നും ആരോടും പ്രീണനമില്ലെന്നതാണ് തങ്ങളുടെ നയമെന്നും ഘോഷിച്ച് അധികാരത്തിലേറിയവര്‍, നാടിനെ കലാപകലുഷിതമാക്കാന്‍ പോന്ന ഈദൃശ നീക്കങ്ങള്‍ക്കെതിരെ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ്.
രാജ്യത്തിന്റെ ബഹുസ്വരതയെയും ജനങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തെയും അപായപ്പെടുത്തുംവിധമുള്ള ഈ ആസുര നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ട നമ്മുടെ ബുദ്ധിജീവി സമൂഹത്തിന്റെയും സാംസ്‌കാരിക നായകന്മാരുടെയും തൂലികാകാരന്മാരുടെയും ശബ്ദം എന്തേ മുഴങ്ങിക്കേള്‍ക്കാതെ പോവുന്നു?
ജാതിഭേദവും മതദ്വേഷവും കൂടാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ രാഷ്ട്രത്തെ വിഭാവനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെയും, 'ഞാന്‍ ചെയ്യുന്നത് കഴിഞ്ഞകാലത്ത് ഉണ്ടായിട്ടുള്ള സര്‍വ മതങ്ങളെയും അംഗീകരിക്കുകയാണെന്നും അവയില്‍കൂടി ഞാന്‍ ഈശ്വരനെ ഭജിക്കുന്നുവെന്നും' (വിവേകാനന്ദ സാഹിത്യ സര്‍വസ്വം) ഉദ്‌ഘോഷിച്ച വിവേകാനന്ദന്റെയും ദര്‍ശനപാത കൈവെടിഞ്ഞ്, മതവിദ്വേഷത്തിന്റെയും വംശീയ വിവേചനത്തിന്റെയും ആസുരമാര്‍ഗത്തിലൂടെ നമ്മുടെ നാടിനെ നിത്യ സംഘര്‍ഷഭൂമിയാക്കി മാറ്റാനുള്ള ഛിദ്രശക്തികളുടെ കുത്സിത ചെയ്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ സര്‍വസജ്ജരായി രംഗത്തു വരികയെന്നതാണ് സന്ദര്‍ഭം നമ്മോടാവശ്യപ്പെടുന്ന അടിയന്തര കര്‍ത്തവ്യം.
പറഞ്ഞുതീരാത്ത യാത്രകള്‍
'യാത്ര പോയ വഴികള്‍' ലക്കം മനോഹര വായനായാത്ര തന്നെ. മനുഷ്യന്‍ കടന്നുപോകുന്ന വഴികളെല്ലാം കൂട്ടിവായിക്കുന്ന യാത്രാ വിവരണങ്ങള്‍ ഏറെ സന്തോഷകരമാണ്. അതിര്‍ത്തികള്‍ തിരിച്ച് മനുഷ്യബന്ധങ്ങളെ വെട്ടിമുറിക്കുന്നിടത്ത്, യാത്രകള്‍ മനുഷ്യബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനുള്ള പാതകൂടി തുറക്കുന്നു.
അശോകനും ഷേര്‍ഷായും ഔറംഗസീബും തുടങ്ങി അഫ്ഗാന്‍ വംശജനായ ഫരീദ്ഖാന്‍ വരെ വെട്ടിയുണ്ടാക്കിയ പാതകളിലൂടെയാണ് ഉപഭൂഖണ്ഡത്തിലെ എണ്ണമറ്റ തലമുറകള്‍ അറ്റമില്ലാത്ത ജീവിതയാത്രകള്‍ താണ്ടണ്ടിയത്/താണ്ടുന്നത്. അവ കേവലം നടപ്പാതകളല്ല; കോടാനുകോടി മനുഷ്യരുടെ സ്‌നേഹോഷ്മള ബന്ധത്തിന്റെ വിളംബരം കൂടിയാണ്. ജനതകള്‍ നെഞ്ചിലേറ്റിയ സൗഹൃദത്തെ വിഭജിച്ചകറ്റാന്‍ ആര്‍ക്കും കഴിയുകയില്ല.
ഇന്ത്യാ ഗേറ്റ്, മിനാറെ പാകിസ്താന്‍, റോഗ്‌സ് ഗേറ്റ്, ദല്‍ഹി ഗേറ്റ്, ഭട്ടിഗേറ്റ്, കശ്മീരീ ഗേറ്റ്, ലാഹോരി ഗേറ്റ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് സമ്പന്നമായൊരു പൈതൃകത്തെയാണ്. സ്മരണകളിരമ്പുന്ന ആ കവാടങ്ങളില്‍ പലതുമിന്ന് മറ്റു പലതിന്റെയും താവളമാക്കി മാറ്റിയിരിക്കുന്നു.
അറബ് സഞ്ചാരികളുടെ യാത്രകളില്‍നിന്ന് അറിവുകള്‍ പിന്നെയും ലഭിക്കാനുണ്ട്. പറഞ്ഞും എഴുതിയും തീരാത്ത യാത്രാ വിവരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
നേമം താജുദ്ദീന്‍, തിരുവനന്തപുരം
ഖുര്‍ആനിക നാമങ്ങളല്ലേ ഉചിതം?
മുഹമ്മദ് ശമീം എഴുതിയ 'സന്തുലനത്തിന്റെ സുവിശേഷം' (ജൂലൈ 8) വായിച്ചു. വായനയുടെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വ്യത്യസ്തതയോടെ അവതരിപ്പിക്കുന്നു എന്ന നിലയില്‍ ലേഖനം ശ്രദ്ധേയം. എന്നാല്‍, പരിചിത പ്രവാചകന്മാരുടെ നാമങ്ങള്‍ പോലും ഖുര്‍ആന്‍ പ്രയോഗിച്ചതില്‍നിന്ന് വ്യത്യസ്തമായി ബൈബിളിലെയും മറ്റും പേരുകള്‍ ഉപയോഗിച്ച് ഉപന്യസിച്ചതിന്റെ ന്യായമെന്ത്?
അജ്മല്‍ കായക്കൊടി
ധൈഷണിക പ്രഭ പകരുന്ന 'ദൈവത്തിന്റെ പുസ്തകം'
'ദൈവത്തിന്റെ പുസ്തകം' ലൈക്ക് പേജിലൂടെ റസാഖ് പള്ളിക്കര ഹൃദ്യമായ അനുഭവമാക്കിയിരിക്കുന്നു. നോവല്‍ വായിക്കാതെത്തന്നെ അതുള്‍ക്കൊള്ളുന്ന അനുഭൂതിയും ധൈഷണിക പ്രഭയും നുകരാന്‍ സഹായകമായി. ഭാവനാസമ്പന്നനായ രാമനുണ്ണിയുടെ രചനാവൈഭവം അക്ഷരപ്പൂനിലാവായി വിരിയുന്നത് അവിസ്മരണീയം തന്നെ.
ചെറുപ്പം അമ്മിഞ്ഞയായുറപൊട്ടിയ അമ്മയുടെ നബിപരാമര്‍ശം നബിനിന്ദകള്‍ ഏറ്റുപുളയുന്ന ഹൃദയത്തിന്റെ പ്രതികരണമാണ് ഈ നോവല്‍ എന്നനുമാനിക്കാവുന്നതാണ്. നബിയെ ഓര്‍ക്കുമ്പോള്‍ നോവലിസ്റ്റിനുണ്ടാകുന്ന വൈകാരികാനുഭൂതി നിറകണ്ണുകളോടെ അനുഭവിക്കാന്‍ സാധിച്ചു.
അലി ഹസന്‍, ആലത്തിയൂര്‍
Comments