ബറേല്‍വി പാരമ്പര്യവും പുതിയ മതാവിഷ്‌കാരങ്ങളും
ബ്രിട്ടീഷുകാര്‍ക്കെതിരിരെ സ്വാതന്ത്ര്യസമരം മുന്നേറുന്ന സന്ദര്‍ഭത്തില്‍ രണ്ട് ബ്രിട്ടീഷ് അനുകൂല ധാരകള്‍ ഇന്ത്യന്‍ മുസ്‌ലിംകളില്‍നിന്ന് രംഗത്തുവരികയുണ്ടായി. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ (1835-1908) നേതൃത്വത്തിലുള്ള 'ഖാദിയാനി പ്രസ്ഥാന'മാണ് ഒന്നാമത്തേത്. അഹ്മദ് റദാ ഖാന്‍ രൂപം നല്‍കിയ 'ബറേല്‍വി സൂഫി ത്വരീഖത്താ'ണ് രണ്ടാമത്തേത്. ഖാദിയാനിസം എത്രമാത്രം ഇസ്‌ലാംവിരുദ്ധവും ബ്രിട്ടീഷ് അനുകൂലവുമായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. ഇതിന് നേതൃത്വം കൊടുത്ത ഗുലാം അഹ്മദ് ഖാദിയാനിയുടെ ജ്യേഷ്ഠസഹോദരന്‍ മിര്‍സാ ഗുലാം ഖാദിര്‍ ബേകിന്റെ പ്രധാന ശിഷ്യനാണ് അഹ്മദ് റദാ ഖാന്‍ (1856-1921). ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധവും അന്ധവിശ്വാസ-അനാചാരജടിലവുമായ ഒരു മതധാരയാണ് അഹ്മദ് റദാ ഖാന്റെ ബറേല്‍വി സൂഫിസരണി.
മുഹമ്മദ് നബി(സ)യുടെ അന്ത്യപ്രവാചകത്വത്തെ (ഖത്മുന്നുബുവ്വത്ത്) നിരാകരിച്ചുകൊണ്ടുള്ള പുതിയ പ്രവാചകത്വ (നുബുവ്വത്ത്) വാദമായിരുന്നു ഖാദിയാനിസത്തിന്റെ അടിത്തറ. ഈ നുബുവ്വത്ത് വാദത്തേക്കാള്‍ മുസ്‌ലിംകളെ സ്വാധീനിക്കാന്‍ കഴിയുക, ആത്മീയ നേതൃത്വ(വിലായത്ത്)വാദത്തിനാണെന്ന ചിന്തയില്‍നിന്നാണ് ബറേല്‍വി സരണി രൂപംകൊള്ളുന്നത്. അല്ലാഹുവിന്റെ അടുപ്പവും ഇഷ്ടവും സൂക്ഷിക്കുന്ന വിശുദ്ധ പദവി (വിലായത്) ആണ് ബറേല്‍വിസത്തിന്റെ അടിത്തറ എന്നാണവകാശവാദം. ഇസ്‌ലാമിന്റെ വിശുദ്ധിക്ക് നിരക്കാത്ത വിശ്വാസങ്ങള്‍, നബിചര്യയുടെ പിന്‍ബലമില്ലാത്ത ആചാരങ്ങള്‍ എന്നിവ ബറേല്‍വി സൂഫികളുടെ മുഖമുദ്രയാണ്. തങ്ങളോട് വിയോജിക്കുന്ന മുസ്‌ലിംകളെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കല്‍ (തക്ഫീര്‍), അവരെ ആയുധമുപയോഗിച്ച് ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയവയും ബറേല്‍വികളുടെ രീതിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയോ പിന്നീടു വന്ന ഭരണകൂടങ്ങളുടെ തിന്മകളെയോ എതിര്‍ക്കാതിരിക്കുക എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ഭരണകൂടത്തിന്റെ പരോക്ഷ പിന്തുണയോടെ വളര്‍ന്നുവന്ന ബറേല്‍വി സൂഫി സരണി ഇന്ത്യക്കു പുറമെ, പാകിസ്താന്‍, ബംഗ്ലാദേശ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനില്‍ 'ജംഇയ്യത്തു അഹ്‌ലിസ്സുന്ന', 'ജംഇയ്യത്തു തബ്‌ലീഗില്‍ ഇസ്‌ലാം' എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഏതാനും വര്‍ഷങ്ങളായി 'ബറേല്‍വി' എന്ന പേര് ഒഴിവാക്കുകയും ബറേല്‍വിസത്തെ തള്ളിപ്പറയുകയും 'മര്‍കസ് അഹ്‌ലുസ്സുന്ന ബറകാത് റദാ' എന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായില്‍നിന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഭിന്നിച്ച് പുതിയൊരു മതഗ്രൂപ്പ് കേരളത്തില്‍ ഉണ്ടാക്കിയ ശേഷമാണ് ബറേല്‍വികളുടെ ഈ രൂപമാറ്റമുണ്ടായതെന്ന് നിരീക്ഷിക്കപ്പെടുന്നു.
ബറേല്‍വി സൂഫി സരണിയും കാന്തപുരത്തിന്റെ മതധാരയും തമ്മില്‍ വിശ്വാസം, ആചാരം, നിലപാടുകള്‍ എന്നിവയില്‍ പല സമാനതകളും പ്രവര്‍ത്തനങ്ങളില്‍ പരസ്പരബന്ധവും ഉള്ളതായി പ്രാഥമിക നിരീക്ഷണത്തില്‍തന്നെ മനസ്സിലാക്കാവുന്നതാണ്. ഗുജറാത്തിലെ കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങളും അതില്‍ ബറേല്‍വികളുടെ പങ്കാളിത്തവും പഠന വിധേയമാക്കേണ്ടതുണ്ട്. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ അഹ്മദാബാദില്‍ നടത്തിയ ബറേല്‍വി സമ്മേളനത്തിന്റെ താല്‍പര്യങ്ങള്‍ എന്തൊക്കെയായായിരുന്നുവെന്നതും മനസ്സിലാക്കാവുന്നതേയുള്ളൂ. സംഘ്പരിവാറിന്റെയും മോദി ഗവണ്‍മെന്റിന്റെയും അജണ്ടകളുടെ ഭാഗമായി ഈയിടെ ദല്‍ഹിയില്‍ സംഘടിപ്പിച്ച ബറേല്‍വി സൂഫി സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരും ഇബ്‌റാഹീം ഖലീല്‍ ബുഖാരിയും പങ്കെടുക്കുകയും ഈ ഗ്രൂപ്പിന്റെ പത്രം സിറാജ് ന്യായീകരണസ്വഭാവത്തോടുകൂടിയ വലിയ കവറേജ് ആ പരിപാടിക്ക് നല്‍കുകയുമുണ്ടായി. ബറേല്‍വി നേതാക്കള്‍ ഈ സമ്മേളനത്തിന്റെ മുന്നിലും പിന്നിലും സജീവമായിരുന്നു. ഗുജറാത്തില്‍നിന്ന് മലയാളമടക്കമുള്ള ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട് ഇവര്‍. അഖിലേന്ത്യാ തലത്തില്‍തന്നെ പുതിയൊരു അവിശുദ്ധ മുന്നണി രൂപപ്പെടുത്താനും കേരളത്തില്‍ ബറേല്‍വി സൂഫി സരണിയുടെ അടിസ്ഥാനത്തിലുള്ള പുതിയൊരു 'ആചാരമതം' രൂപപ്പെടുത്തി മാര്‍ക്കറ്റ് ചെയ്യാനുമുള്ള അജണ്ടയുടെ ഭാഗമാണിതെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമുണ്ടെണ്ടന്ന് തോന്നുന്നില്ല. ഈ പശ്ചാത്തലത്തിലാണ് 'ബറേല്‍വി സൂഫീ സുന്നിസ'ത്തെ കുറിച്ച അന്വേഷണങ്ങള്‍ പ്രസക്തമാകുന്നത്.
അഹ്മദ് റദാ ഖാന്‍
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ 1856 ജൂണ്‍ 14-നാണ് (ഹി. 1272 ശവ്വാല്‍ 10) അഹ്മദ് റദാഖാന്‍ ജനിച്ചത്. പണ്ഡിതനായ പിതാവ് തഖി അലി ഖാനില്‍നിന്നുതന്നെയായിരുന്നു പ്രാഥമിക ദീനി പഠനം. ഗുലാം അഹ്മദ് ഖാദിയാനിയുടെ ജ്യേഷ്ഠസഹോദരന്‍ ഗുലാം ഖാദിര്‍ ബേകില്‍നിന്നായിരുന്നു തുടര്‍വിദ്യാഭ്യാസം. റദാ ഖാന്റെ ചിന്തകളെ രൂപപ്പെടുത്തിയതില്‍ ഖാദിര്‍ ബേകിന്റെ സ്വാധീനം ശക്തമാണെങ്കിലും ഇവരുടെ പ്രസിദ്ധീകരണാലയമായ 'മര്‍ക്‌സു അഹ്‌ലുസ്സുന്ന ബറകാത് റദാ' പുറത്തിറക്കിയ ഗ്രന്ഥങ്ങളില്‍നിന്ന് ഈ ഗുരുശിഷ്യ ബന്ധവും മറ്റും വിട്ടുകളഞ്ഞിരിക്കുന്നു! ഖാദിയാനീ കുടുംബചരിത്രം, മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രവാചകത്വവാദം, ഖാദിയാനികള്‍ ബ്രിട്ടീഷുകാരോടും അവര്‍ക്കെതിരെ സ്വാതന്ത്ര്യസമരം നയിച്ചവരോടും സ്വീകരിച്ച നയനിലപാടുകള്‍, ഇതേ വിഷയത്തില്‍ ബറേല്‍വികളുടെ സമീപനം തുടങ്ങിയവ തമ്മിലുള്ള പരസ്പരബന്ധവും സമാനതകളും ജനം തിരിച്ചറിയുമെന്ന ഭയമാകാം ഇതിന്റെ കാരണം. ഖാദിയാനി നുബുവ്വത്തിന്റെയും ബറേല്‍വി വിലായത്തിന്റെയും വേരുകള്‍ ഒരേ ഇടത്തില്‍തന്നെയാണ് സന്ധിക്കുന്നത്.
സുഊദിയിലെ ചില പണ്ഡിതന്മാരില്‍നിന്നും റദാ ഖാന്‍ കുറഞ്ഞ കാലം വിദ്യയഭ്യസിച്ചിട്ടുണ്ട്. അതില്‍ പ്രധാനി മക്കാ നിവാസി അഹ്മദുബ്‌നു സൈനി ദഹ്‌ലാന്‍ ആണ്. ഇദ്ദേഹം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വക്താവായാണറിയപ്പെടുന്നത്. സൈനി ദഹ്‌ലാന്‍, അഹ്മദ് റദാ ഖാനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടന്ന് മനസ്സിലാക്കാന്‍ റദാ ഖാന്റെ അല്‍ അംനു വല്‍ ഉലാ ലിനാഇത്തില്‍ മുസ്ത്വ
ഫാ ഫീറദ്ദില്‍ ബലാഅ് എന്ന ഗ്രന്ഥം മാത്രം വായിച്ചാല്‍ മതി.
സല്‍തനത്തുല്‍ മുസ്ത്വഫാ ഫീ മലകൂത്തി കുല്ലില്‍ വറാ എന്ന പേരില്‍ ഒരു ഗ്രന്ഥം അഹ്മദ് റദാഖാനുണ്ട്. അതുപക്ഷേ, ഇന്നോളം പ്രസിദ്ധീക്കപ്പെട്ടിട്ടില്ല. അതില്‍നിന്നുള്ള ഉദ്ധരണികള്‍ അദ്ദേഹവും പ്രമുഖ ശിഷ്യന്മാരും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ആവശ്യാനുസൃതം എടുത്ത് ചേര്‍ത്തതായി കാണാം.
വിശ്വാസങ്ങളും ആചാരങ്ങളും
പ്രവാചകന്നും കുടുംബത്തിനും ഔലിയാക്കള്‍ക്കും അല്ലാഹുവിന്റെ അധികാരാവകാശങ്ങള്‍ ചാര്‍ത്തിക്കൊടുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതാണ് ബറേല്‍വി സൂഫി വിശ്വാസത്തിന്റെ പ്രധാന അടിസ്ഥാനം. ഇതില്‍ പലതും അനിസ്‌ലാമിക സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നവയാണ്. ഖുര്‍ആന്‍ ആയത്തുകളെ സന്ദര്‍ഭത്തില്‍നിന്നും ഉദ്ദേശ്യത്തില്‍നിന്നും മാറ്റിമറിക്കുക, സത്യവും അസത്യവും കൂട്ടിക്കലര്‍ത്തുക, സ്വഹീഹായ ഹദീസുകളെ ദുര്‍വ്യാഖ്യാനിക്കുക, ദുര്‍ബലവും (ളഈഫ്) വ്യാജനിര്‍മിതവും (മൗളൂഅ്) ആയ ഹദീസുകള്‍ യഥേഷ്ടം കൊണ്ടുനടക്കുക, ചില സൂഫീ ചിന്തകരുടെ അനിസ്‌ലാമിക ജല്‍പനങ്ങള്‍ തെളിവായി ഉദ്ധരിക്കുക തുടങ്ങിയവയിലൂടെയാണ് ഇവര്‍ തങ്ങളുടെ വാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്, 'മുസ്ത്വഫാ(നബി)യുടെ അടിമ' (അബ്ദുല്‍ മുസ്ത്വഫാ), 'പ്രവാചകന്റെ നായ' (കല്‍ബുര്‍റസൂല്‍) എന്നൊക്കെയാണ്. അനുയായികളും ഇതിനെ അനുകരിക്കുന്നു. 'അഹ്മദ് റദാ ഖാന്റെ നായ' (കല്‍ബു അഹ്മദ് റദാ ഖാന്‍) എന്ന് സ്വയം വിശേഷിപ്പിക്കുന്ന അനുയായികള്‍ അദ്ദേഹത്തിനുണ്ട്.
എന്താണ് ഇത്തരം വിശ്വാസങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനമെന്ന് ചോദിച്ചാല്‍ അല്ലാഹു നല്‍കിയതുകൊണ്ട് (ബിഅത്വാഇല്ലാഹ്), ആലങ്കാരിക (മജാസി) പ്രയോഗങ്ങള്‍ എന്നൊക്കെയാണ് മറുപടി ലഭിക്കുക.
'അബ്ദുല്‍ മുസ്ത്വഫാ' എന്നു പ്രയോഗിക്കാം എന്നതിന്റെ തെളിവ് സൂറത്തുന്നൂറിലെ 32-ാം ആയത്താണത്രെ! ''നിങ്ങളിലെ അവിവാഹിതരെ വിവാഹി
തരാക്കുക. നിങ്ങളുടെ സച്ചരിതരായ അടിമപുരുഷന്മാരെയും അടിമസ്ത്രീകളെയും.'' ഈ ആയത്തില്‍ 'നിങ്ങളുടെ അടിമകളെ' എന്നു പറഞ്ഞതിനാല്‍ 'നബിയുടെ അടിമ' എന്ന് പറയുന്നതിലെന്താണ് തെറ്റ് എന്നാണ് ചോദ്യം. തുടര്‍ന്ന് 'നബിയുടെ അടിമ' എന്നു പറയുന്നതാണ് ശരിയായ 'ഹുബ്ബുന്നബി' എന്ന് പറയുകയും ചെയ്യുന്നു. കേരളത്തില്‍ ഇതിന്റെ ചുവടുപിടിച്ച് പ്രവാചകസ്‌നേഹം പ്രസംഗിക്കുന്ന കാന്തപുരം വിഭാഗത്തിലെ ചില മുസ്‌ലിയാക്കന്മാര്‍ അഹ്മദ് റദയെയും തോല്‍പിക്കുന്ന തെൡവുകള്‍ ഉദ്ധരിക്കാറുണ്ട്. ഇത്തരക്കാര്‍ സൂറത്തുസ്സുമറിലെ 53-ാം ആയത്ത് ഓതി വ്യാഖ്യാനിക്കുന്നതിപ്രകാരമാണ്: ''നബീ, പറയുക സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ച എന്റെ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാവരുത്.'' ആയത്തിലെ 'യാ ഇബാദീ' (എന്റെ അടിമകളേ) എന്നത് കൊണ്ടര്‍ഥമാക്കുന്നത് 'നബിയുടെ അടിമകള്‍' എന്നാണ്!
അല്ലാഹുവിന്റെ ഏതെങ്കിലും ഒരു പ്രവാചകന്‍ മനുഷ്യനും അല്ലാഹുവും തമ്മിലുള്ള അടിമത്ത സമ്പ്രദായം തനിക്ക് അര്‍ഹതപ്പെട്ടതാണെന്ന് അംഗീകരിച്ച സംഭവമുണ്ടോ? ഈ അംഗീകാരം സ്വയം റബ്ബാകലാണെന്ന് പഠിപ്പിക്കാത്ത വല്ല പ്രവാചകനുമുണ്ടോ? 'അതിക്രമം പ്രവര്‍ത്തിച്ച എന്റെ ദാസന്മാരേ' എന്ന സൂറത്തുസ്സുമറിലെ ആയത്ത് 'നബിയുടെ അടിമകളേ' എന്നാണര്‍ഥമാക്കുന്നതെന്ന ഇവരുടെ വാദം ശരിയാണെങ്കില്‍ ഇനി പറയുന്ന ആയത്തിന്റെ അര്‍ഥമെന്താണ്? ''അല്ലാഹു ഒരു മനുഷ്യന് വേദവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ടദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാവുന്നതിനു പകരം എന്റെ അടിമകളായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഒരു മനുഷ്യനും യോജിച്ചതല്ല. പ്രത്യുത, നിങ്ങള്‍ പഠിക്കുകയും പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വേദഗ്രന്ഥം അനുശാസിക്കുംവിധം നിഷ്‌കളങ്കരായ ദൈവഭക്തരായിരിക്കുവിന്‍ എന്നത്രെ അദ്ദേഹം നിര്‍ദേശിക്കുക. മലക്കുകളെയും ദൈവദൂതന്മാരെയും റബ്ബുകളായി അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും ആജ്ഞാപിക്കുകയുമില്ല. നിങ്ങള്‍ മുസ്‌ലിംകളായ ശേഷം ഒരു പ്രവാചകന്‍ നിങ്ങളോട് കുഫ്‌റ് (സത്യനിഷേധം) കല്‍പിക്കുകയോ?'' (ആലുഇംറാന്‍ 79, 80)
ഈ രണ്ട് ആയത്തുകളും സൂറത്തുസ്സുമറിലെയും സൂറത്തുന്നൂറിലെയും ആയത്തുകള്‍ക്ക് ബറേല്‍വി-കാന്തപുരം വിഭാഗം നല്‍കുന്ന വ്യാഖ്യാനങ്ങളും തമ്മില്‍ പൊരുത്തമാണോ, പൊരുത്തക്കേടാണോ ഉള്ളത്? അതല്ല, ഇതില്‍ ഏതെങ്കിലും ആയത്ത് 'മന്‍സൂഖ്' (ദുര്‍ബലമാക്കപ്പെട്ടത്) ആണെന്ന് വാദമുണ്ടോ? 'മന്‍സൂഖ്' അല്ലെങ്കില്‍ ഖുര്‍ആനില്‍ വ്യക്തമായ വൈരുധ്യമുണ്ടെന്നല്ലേ ഈ ദുര്‍വ്യാഖ്യാനത്തിലൂടെ വന്നുചേരുന്നത്? നഊദു ബില്ലാഹ്! അനിസ്‌ലാമികമായ ഒരു കാര്യത്തിന് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് തെളിവുണ്ടാക്കുന്നതിന്റെ ഉദാഹരണമാണിത്.
പ്രവാചകന്മാര്‍ക്ക്, പ്രത്യേകിച്ച് മുഹമ്മദ് നബിക്കും കുടുംബത്തിനും ഔലിയാക്കള്‍ക്കും പ്രപഞ്ചത്തിന്റെ ഭരണനിയന്ത്രണ മേഖലയിലും സൃഷ്ടികള്‍ക്കഖിലം സംഭവിക്കുന്ന നാശ ദുരിതങ്ങളകറ്റുന്നതിലും സര്‍വത്ര സ്വതന്ത്രമായ ശക്തിയും അധികാരവുമുണ്ട് എന്നു ബറേല്‍വി സുന്നികള്‍ വാദിക്കുന്നുണ്ട്. അഹ്മദ് റദായുടെ പ്രധാന ശിഷ്യനും മുരീദുമായ അംജദ് അലിയ്യുബ്‌നു ജമാലുദ്ദീനുബ്‌നു ഖുദാ ബക്ശ് തന്റെ ബഹാര്‍ ശരീഅത്ത് എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:
''തീര്‍ച്ചയായും നബി (സ) അല്ലാഹുവിന്റെ സ്വതന്ത്ര പകരക്കാരനാണ് (നാഇബ് മുത്വ്‌ലഖ്). പ്രപഞ്ചം മുഴുവന്‍ നബിയുടെ നിയന്ത്രണത്തിനു കീഴിലാണ്. അദ്ദേഹം ഇഷ്ടമുള്ളത് ചെയ്യുന്നു. ഇഷ്ടമുള്ളത് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുന്നു. ഇഷ്ടമുള്ളത് എടുക്കുന്നു. പ്രപഞ്ചത്തില്‍ അദ്ദേഹത്തിന്റെ ഭരണത്തെ തിരിച്ചുകളയുന്ന യാതൊന്നും അവിടെ ഇല്ല! മനുഷ്യരുടെ യജമാനനാണ്. ആരെങ്കിലും അദ്ദേഹത്തെ പ്രപഞ്ചത്തിന്റെ ഉടമസ്ഥനായി അംഗീകരിച്ചിട്ടില്ലെങ്കില്‍ സുന്നത്തിന്റെ (നബിചര്യയുടെ, ഇസ്‌ലാമിന്റെ) മാധുര്യം അനുഭവിക്കുന്നതില്‍നിന്നും അയാള്‍ തടയപ്പെട്ടിരിക്കുന്നു.'' തുല്യമായ ആശയങ്ങള്‍ അഹ്മദ് റദായുടെയും ശിഷ്യന്മാരുടെയും ഗ്രന്ഥങ്ങളിലും യഥേഷ്ടം കാണാം.
അഹ്മദ് റദാ തന്റെ സല്‍തനത്തുല്‍ മുസ്ത്വഫാ ഫീ മലകൂത്തി കുല്ലില്‍ വറാ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു: ''യാ ഗൗസ് അബ്ദുല്‍ഖാദിര്‍ ജീലാനി ഉണ്ടാവട്ടെ എന്ന ശക്തി മുഹമ്മദിന് തന്റെ റബ്ബില്‍നിന്ന് ലഭിച്ചു. താങ്കള്‍ക്ക് മുഹമ്മദില്‍നിന്നും ലഭിച്ചു. താങ്കളില്‍നിന്ന് പ്രകടമാവുന്നതൊക്കെയും താങ്കളുടെ ഭരണനിയന്ത്രണ ശക്തിയെക്കുറിക്കുന്നു. തീര്‍ച്ചയായും താങ്കള്‍ തന്നെയാണ് മറക്കു പിന്നില്‍നിന്നും പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ കര്‍ത്താവ് (ഫാഇല്‍).'' (അല്‍ മൗസുഅതുല്‍ മുയസ്സറ ലില്‍ അദ്‌യാനി വല്‍ മദാഹിബില്‍ മുആസ്വിറ, പേജ് 70). ഇതുകൊണ്ടൊക്കെ ഇവരുദ്ദേശിക്കുന്നത് സൂറത്തു യാസീനിലെ 72, 73 ആയത്തുകളും സമാന ആയത്തുകളും ഉള്‍ക്കൊള്ളുന്ന അര്‍ഥമാണ്. ''അവന്റെ (അല്ലാഹുവിന്റെ) അവസ്ഥയോ, ഒരു കാര്യം ഉണ്ടാവണമെന്ന് ഉദ്ദേശിച്ചാല്‍ അത് ഭവിക്കട്ടെ എന്ന് കല്‍പിക്കുകയേ വേണ്ടൂ, ഉടനെ അത് നിലവില്‍ വരികയായി. സകല വസ്തുക്കളുടെയും സമ്പൂര്‍ണാധികാരവും ഏതൊരുവന്റെ കൈയിലാണോ നിലകൊള്ളുന്നത് അവന്‍ പരമപരിശുദ്ധനത്രെ. അവങ്കലേക്കല്ലോ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നത്.''
അനിസ്‌ലാമിക വിശ്വാസങ്ങള്‍ കടമെടുത്ത സൂഫി മാര്‍ഗം എത്ര ഗുരുതരമായ അപകടമാണ് ഇസ്‌ലാമിന്റെ വിശ്വാസത്തിന് ഏല്‍പിക്കുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. അഹ്മദ് റദാ ഖാന്‍ തന്റെ ഹദാഇഖു ബഖ്ശിഷ് എന്ന കവിതാ സമാഹാരത്തില്‍ എഴുതി: ''ഓ മുഹമ്മദ് (സ), താങ്കളെ അല്ലാഹു എന്ന് വിളിക്കാന്‍ എനിക്കാവുന്നില്ല. നിങ്ങള്‍ രണ്ടു പേര്‍ക്കുമിടയില്‍ വേര്‍പ്പെടുത്താനും എനിക്കാവുന്നില്ല. താങ്കളുടെ കാര്യം ഞാന്‍ അല്ലാഹുവിനു വിടുന്നു. താങ്കളുടെ യാഥാര്‍ഥ്യം അവന്നാണ് ഏറ്റവും നന്നായി അറിയുക'' (ഹദാഇഖ് ബഖ്ശിഷ് 2/104). ചിന്തിക്കുക, ഇതൊക്കെ ഹുബ്ബുന്നബി ആണോ, 'ഹുബ്ബുല്‍ കുഫ്‌രി വശ്ശിര്‍ക്' ആണോ? അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പേരില്‍ നൂറുദ്ദീന്‍ അബില്‍ ഹസന്‍ അലിയ്യിബ്‌നു യൂസുഫുശ്ശത്വ്‌നൂഫി രചിച്ച ബഹ്ജതുല്‍ അസ്‌റാറി വമഅ്ദനില്‍ അന്‍വാറി ഫീ മനാഖിബില്‍ ഖുത്വ്ബിര്‍റബ്ബാനി എന്ന ഗ്രന്ഥത്തിലെ കഥകളാണ് പ്രവാചകന്റെയും കുടുംബത്തിന്റെയും ഔലിയാക്കളുടെയും പ്രപഞ്ച ഭരണനിയന്ത്രണത്തിന് തെളിവ്. 'പ്രവാചകന്‍ പ്രപഞ്ചമഖിലം സര്‍വതന്ത്ര സ്വതന്ത്രമായ ഭരണനിയന്ത്രണം നടത്തുന്നു എന്നതിലെന്താണ് ആശ്ചര്യപ്പെടാനുള്ളത്' എന്ന് ചോദിച്ചുകൊണ്ട് അഹ്മദ് റദാ ഖാന്‍ തന്റെ അല്‍ അംനുവല്‍ ഉലാ ലിനാഇത്തില്‍ മുസ്ത്വഫായില്‍ എഴുതുന്നു: ''സൂര്യചന്ദ്രനക്ഷത്രാദികളൊക്കെയും നബിയുടെ ഒരു മാന്യ മകനായ ജീലാനിയുടെ നിയന്ത്രണത്തിലാണ്. ശൈഖ് ജീലാനി പറയുന്നു: എനിക്ക് സലാം പറയാതെ സൂര്യന്‍ ഉദിക്കുകയില്ല. വര്‍ഷം എന്റെ അടുത്ത് വരുന്നു, എനിക്ക് സലാം പറയുന്നു. ആ വര്‍ഷത്തില്‍ സംഭവിക്കുന്ന സകല കാര്യങ്ങളും എന്നോട് വിവരിക്കുന്നു. മാസം എന്റെ അടുത്തു വരുന്നു, സലാം പറയുന്നു. ആ മാസത്തില്‍ സംഭവിക്കുന്ന കാര്യങ്ങളൊക്കെയും എന്നോട് വിവരിക്കുന്നു. ആഴ്ച എന്റെ അടുത്ത് വന്ന് സലാം പറയുകയും അതില്‍ സംഭവിക്കുന്നതൊക്കെയും എന്നോട് വിവരിക്കുകയും ചെയ്യുന്നു. ദിവസം എന്റെ അടുത്ത് വന്ന് സലാം പറയുന്നു. അതില്‍ സംഭവിക്കുന്നതൊക്കെയും എന്നോട് പറയുന്നു. എന്റെ റബ്ബിന്റെ പ്രതാപമാണ, ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തപ്പെട്ട സകല സൗഭാഗ്യവാന്മാരും നിര്‍ഭാഗ്യവാന്മാരും എന്റെ കണ്ണിന് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഞാന്‍ അല്ലാഹുവിന്റെ ജ്ഞാനസമുദ്രങ്ങളില്‍ ഊളിയിട്ടുകൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്റെ ദൃഷ്ടിയില്‍ പെടുന്നവയിലൊക്കെയും. ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള അല്ലാഹുവിന്റെ പ്രമാണമാണ്. അല്ലാഹുവിന്റെ റസൂലിന്റെ പകരക്കാരനുമാണ്. റസൂലിന്റെ അനന്തരാവകാശിയുമാണ്'' (ബഹ്ജതുല്‍ അസ്‌റാര്‍, പേജ് 17,18). ബഹ്ജയിലെ മറ്റൊരു കഥ ഇങ്ങനെ: ''ശൈഖ് ബഖാഇബ്‌നു ബതൂ പറഞ്ഞൂ: ഞാന്‍ ശൈഖ് അബ്ദില്‍ ഖാദിറിന്റെ സദസ്സില്‍ സന്നിഹിതനായി. ശൈഖ് മിമ്പറിന്റെ രണ്ടാം പടിയില്‍നിന്ന് സംസാരിച്ചുകൊണ്ടിരിക്കെ മിമ്പറിന്റെ ഒന്നാം പടി കണ്ണെത്താ ദൂരം വികസിച്ചു. അതിന്മേല്‍ മേത്തരം പച്ചപ്പട്ട് വിരിക്കപ്പെട്ടു! റസൂല്‍ (സ), അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവര്‍ അതില്‍ ഇരുന്നു. പരിശുദ്ധനായ അല്ലാഹു ശൈഖിന്റെ ഹൃദയത്തില്‍ പ്രത്യക്ഷനായി. ശൈഖ് വീഴാവുന്ന വിധം ചെരിഞ്ഞു. അപ്പോള്‍ റസൂല്‍ ശൈഖിനെ പിടിച്ചുനിറുത്തി! ശൈഖ് കാലുകള്‍ കൂട്ടിമുട്ടി ചെറുതാവാന്‍ തുടങ്ങി. അങ്ങനെ ഒരു കുരുവിയെപ്പോലെയായി. പിന്നെ ശൈഖ് വളര്‍ന്ന് ഭീതിപ്പെടുത്തുന്ന രൂപത്തിലായി. പിന്നെ എന്റെ കണ്ണില്‍നിന്ന് മറഞ്ഞു!!'' (പേജ് 73, 74). ദൃഢമാനസര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച അഞ്ച് പ്രവാചകരില്‍ മൂന്നാമനായ മൂസാ നബി അവിടെ ഇല്ലാത്തത് മഹാഭാഗ്യം! ഉണ്ടായിരുന്നെങ്കില്‍ ഒരു വലിയ്യിന്റെ മുമ്പില്‍ തന്റെ പ്രവാചകത്വത്തിന്റെ നിസ്സാരതയോര്‍ത്ത് അദ്ദേഹം ഹൃദയം തകര്‍ന്ന് മരിച്ചേനെ!
ത്വൂര്‍ പര്‍വതത്തിലെ സംഭവം ഓര്‍ക്കുക. ഒരു വലിയ്യും ഒരു പ്രവാചകന്റെ സ്ഥാനത്തെത്തുകയില്ലെന്ന് അഹ്‌ലുസ്സുന്നത്തിന്റെ അഖീദ (വിശ്വാസാടിസ്ഥാനം) ഇവര്‍ എവിടെയാണ് ഉപേക്ഷിച്ചത്?
അഖീദത്തുശ്ശൂഹൂദ് എന്ന ഒരു വിശ്വാസം ഈ വിഭാഗം വെച്ചുപുലര്‍ത്തുന്നു. ഇതേ സംബന്ധിച്ച് അഹ്മദ് യാര്‍ഖാന്‍ തന്റെ ജാഅല്‍ ഹഖ്ഖുവസഹഖല്‍ ബാത്വില്‍ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:
''കാണുന്നവന്‍, സാന്നിധ്യം നല്‍കുന്നവന്‍ എന്നീ പ്രയോഗങ്ങളുടെ ശര്‍ഈ അര്‍ഥം, പരിശുദ്ധ ശക്തിയുടെ ഉടമ (പ്രവാചകന്‍) താനുള്ളിടത്തു നിന്ന് പ്രപഞ്ചമഖിലം തന്റെ മുന്‍കൈ കാണുന്ന പോലെ കാണും. അകന്നതും അടുത്തതുമായ ശബ്ദമൊക്കെയും അദ്ദേഹം കേള്‍ക്കും. കണ്ണ് ഇമവെട്ടും നേരം കൊണ്ട് അദ്ദേഹം ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കും. ഗുരുതരാവസ്ഥയില്‍പെട്ടവന് പെട്ടെന്ന് സഹായം നല്‍കും. പ്രാര്‍ഥിക്കുന്നവര്‍ക്ക് ഉത്തരം നല്‍കും'' (പേജ് 1/60). തസ്‌കീനുല്‍ ഖവാത്വീര്‍ എന്ന ഗ്രന്ഥത്തില്‍ അഹ്മദ് സഊദ് എഴുതുന്നു: ''റസൂലുല്ലയുടെ സാന്നിധ്യം ഇല്ലാതെ ഒരു സ്ഥലവും കാലവും ശൂന്യമായിരിക്കുകയില്ല. ഈ അവസ്ഥ പ്രവാചകനല്ലാത്തവര്‍ക്കും ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. റദാ ഖാന്‍ സ്വന്തം ഗ്രന്ഥമായ അന്‍വാറു റദായില്‍ (പേജ് 246) എഴുതി: ''തീര്‍ച്ചയായും അഹ്മദ് ബറേല്‍വി നമുക്കിടയില്‍ ഉള്ളവനും ജീവിച്ചിരിക്കുന്നവനുമാണ്. അദ്ദേഹം നമ്മെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യും.'' ഖാദിയാനീ പ്രവാചകന്‍ ജിഹാദ് ദുര്‍ബലപ്പെടുത്തിയ പോലെ ഇദ്ദേഹം ഹജ്ജ് ദുര്‍ബലപ്പെടുത്തിയതായി വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) 1972-ല്‍ പ്രസിദ്ധീകരിച്ച അല്‍ മൗസൂഅത്തുല്‍ മുയസ്സറ എന്ന ഗ്രന്ഥത്തിലെ ബറേല്‍വിസത്തെ കുറിച്ച ചര്‍ച്ചയില്‍ രേഖപ്പെടുത്തിയിരിക്കുന്നു (പേജ് 73). മദീന സന്ദര്‍ശനത്തിന് പകരം നില്‍ക്കുന്നതും 'തിരുകേശ'ത്തിന് അനുയോജ്യവുമായ 'വിശുദ്ധഗേഹം' കേരളത്തില്‍ ഉയര്‍ത്തിയ ചര്‍ച്ചകള്‍ ചേര്‍ത്തുവായിക്കുക. അല്‍ ഇസ്ഖാത്വ് എന്ന ഒരു വിചിത്ര ചടങ്ങും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ഇസ്‌ലാമിലെ നിര്‍ബന്ധ ബാധ്യതകളായ നമസ്‌കാരം, സകാത്ത്, റമദാന്‍ വ്രതം തുടങ്ങിയ കാര്യങ്ങള്‍ ഉപേക്ഷിച്ച ബറേല്‍വി സുന്നി മരണപ്പെട്ടാല്‍ പ്രായശ്ചിത്തമായി നടത്തുന്നതാണ് ഈ ചടങ്ങ്. രൂപം ഇങ്ങനെ: ''ഫിത്വ്ര്‍ സകാത്തിന്റെ ഒരു വ്യക്തിയുടെ വിഹിതമായ ധാന്യം പരേതനു വേണ്ടി സ്വദഖയായി ഒരു പ്രാവശ്യം നല്‍കുക. അത് വിതരണം നടത്തുക. വിതരണത്തില്‍ ധാന്യം ലഭിച്ചവര്‍ സമ്മാനമായി തിരിച്ചുനല്‍കുക. പരേതന്‍ ബാധ്യത ഉപേക്ഷിച്ച കാലയളവ് കണക്കാക്കി വര്‍ഷംതോറും വിതരണവും ഗിഫ്റ്റ് നല്‍കലും ആവര്‍ത്തിക്കുക!'' (അല്‍മൗസൂഅതുല്‍ മുയസ്സറ, പേജ് 72). അല്ലാഹുവും റസൂലും ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും നിര്‍ബന്ധമാക്കിയ, ബോധപൂര്‍വം ഉപേക്ഷിച്ചാല്‍ കാഫിറാകുമെന്ന് ശാഫിഈ മദ്ഹബടക്കം വിധിയെഴുതിയ കാര്യത്തില്‍ ശരീഅത്ത് നിയമങ്ങള്‍ മാറ്റിമറിക്കാനും തിരുത്താനും ധൈര്യപ്പെടുന്നവരുടെ 'സുന്നി' വാദത്തിന്റെ ഉദാഹരണമാണിത്! സ്വന്തം ജീവിതവും സമ്പത്തും സമയവും ഇതിനു വേണ്ടി തുലക്കുന്നവര്‍, ഇസ്‌ലാമില്‍ വിശ്വാസമുണ്ടെങ്കില്‍, പരലോക വിചാരണയിലും രക്ഷാശിക്ഷകളിലും ബോധമുണ്ടെങ്കില്‍ വീണ്ടുവിചാരത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. ഇതിന്റെയൊക്കെ നേര്‍പകര്‍പ്പുകളും രീതികളും കേരളത്തിലും വ്യാപകമായി കാണാവുന്നതേയുള്ളൂ. ഇവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതും മഹത്തരവുമായ ദീനീബാധ്യത, ഉപേക്ഷിച്ചാല്‍ കഫ്ഫാറത് (പ്രായശ്ചിത്തം) പോലുമില്ലാത്ത കാര്യങ്ങള്‍ ബറേല്‍വി സുന്നികളുടെ ഗ്രന്ഥങ്ങളില്‍ സുലഭമായി കാണാം. നബിദിനാഘോഷം, പ്രവാചകന്റെയും ഔലിയാ പട്ടം ചാര്‍ത്തപ്പെട്ടവരുടെയും മൗലിദ് പാരായണം, ആണ്ടുനേര്‍ച്ചകള്‍, ഉറൂസുകള്‍, ചാവടിയന്തിരം നടത്തല്‍, ജാറം നേര്‍ച്ച കഴിക്കാനും പണപ്പിരിവിനും ഖബ്‌റുകള്‍ കെട്ടിപ്പൊക്കല്‍ എന്നിവ ഉദാഹരണം. നബിദിനത്തെ കവച്ചുവെക്കാന്‍ റമദാന്‍ മാസം, ലൈലത്തുല്‍ ഖദ്ര്‍, അറഫാ ദിനം തുടങ്ങി ഇസ്‌ലാം പ്രാധാന്യം നല്‍കിയ യാതൊന്നുമംഗീകരിക്കാന്‍ ഇവര്‍ സന്നദ്ധരല്ല. ഇക്കാര്യത്തിലൊക്കെ ബറേല്‍വി സുന്നികളെയും പിടിച്ചുകെട്ടി മുന്നേറാനുള്ള വന്‍ പ്രയത്‌നത്തിലാണ് കാന്തപുരം വിഭാഗം. അഹ്മദ് റദാ ഖാന് ചെറുതും വലുതുമായ ആയിരത്തിലധികം ഗ്രന്ഥങ്ങളും ഫത്‌വാ സമാഹാരവും ഖുര്‍ആന്‍ തര്‍ജമയും ഉള്ളതായി പറയപ്പെടുന്നു. ചിലതൊക്കെ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. നേരത്തേ പരാമര്‍ശിച്ചവ തന്നെയാണ് അധിക ഗ്രന്ഥങ്ങളുടെയും പ്രമേയം. ഇസ്‌ലാമിന്റെ എതിരാളികളെ അദ്ദേഹം കണ്ടതായോ, അവരുടെ വാദങ്ങളെ വിമര്‍ശന-നിരൂപണവിധേയമാക്കിയതായോ കാണുക പ്രയാസമാണ്. അപവാദമായി ശ്രദ്ധയില്‍പെട്ട ഒരു ഗ്രന്ഥം ജസല്ലാഹു അദുവ്വഹു ബി ഇബാഇഹി ഖത്മിന്നുബുവ്വഃ എന്ന ഖാദിയാനിവിമര്‍ശനമാണ്. ആ വിഷയത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത വാറോലയാണത്.
അഹ്മദ് റദാ ഖാന് കുറേ ശിഷ്യന്മാരും മുരീദുമാരും അവിഭക്ത ഇന്ത്യയിലുണ്ടായിരുന്നു. ചില പ്രധാനികളെ മാത്രം പരാമര്‍ശിക്കാം.
1. ദീദാര്‍ അലി ബറേല്‍വി: 1935 ഒക്‌ടോാബറില്‍ മരിച്ചു. ഗ്രന്ഥങ്ങള്‍: തഫ്‌സീറുമീസാനുല്‍ അദ്‌യാന്‍, അലാമാതുല്‍ വഹ്ഹാബിയ്യ.
2. നുഅയ്മുദ്ദീനുല്‍ മുറാദാബാദി: 1948 ല്‍ മരിച്ചു. അല്‍ജാമിഅതുന്നുഐമിയ്യ എന്ന സ്ഥാപനത്തിന്റെ മേധാവിയായിരുന്നു. ഗ്രന്ഥങ്ങള്‍: അല്‍കലിമതുല്‍ ഉല്‍യാ ഫീ അഖീദത്തി ഇല്‍മില്‍ ഗൈബ്.
3. അംജദ് അലിയ്യുബ്‌നു ജമാലുദ്ദീനു ബ്‌നു ഖുദാ ബക്ഷ്: 1948 ല്‍ മരണം. ഗ്രന്ഥം: ബഹാര്‍ ശരീഅത്.
4. ഹശ്മത് അലി ഖാന്‍: ഹി. 1380 ല്‍ മരിച്ചു. അഭിമാനപൂര്‍വം സ്വന്തത്തെ 'അഹ്മദ് യാര്‍ ഖാന്റെ നായ' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കാറുണ്ടായിരുന്നത്.
5. അഹ്മദ് യാര്‍ ഖാന്‍: 1971 ല്‍ മരിച്ചു. ഗ്രന്ഥങ്ങള്‍: ജാഅല്‍ ഹഖ്ഖു വസഹഖല്‍ ബാത്വില്‍, സല്‍തനതു മുസ്ത്വഫാ.
കേരളത്തില്‍ അഹ്മദ് റദാ ഖാന്റെ പ്രമുഖ ശിഷ്യനും മുരീദുമായിരുന്നു അഹ്മദ് കോയ ശാലിയാത്തി എന്ന പേരിലറിയപ്പെടുന്ന പൂതാറമ്പത്ത് ശിഹാബുദ്ദീന്‍ അബുസ്സിദ്ദീഖ് അഹ്മദ് കോയ മൗലവി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണത്തിലും അവരുടെ വിശ്വാസാചാര രൂപീകരണത്തിലും അഹ്മദ് കോയ ശാലിയാത്തിയുടെ പങ്കാളിത്തവും സ്വാധീനവും നേതൃപരമായി തന്നെ വളരെ പ്രധാനപ്പെട്ടതാണ്. 1934 നവംബര്‍ 14-ന് സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 10-ാം നമ്പര്‍ മുശാവറ അംഗമായി ശാലിയാത്തിയുടെ പേരു കാണാം. സുന്നി വിശ്വാസാചാരമായി അവതരിപ്പിച്ച 8-ാം നമ്പര്‍ പ്രമേയം ഫറോക്ക് സമ്മേളനത്തില്‍ അവതരിപ്പിച്ചതും സമ്മേളനാധ്യക്ഷനായതും ശാലിയാത്തി തന്നെ. ഇത് യാദൃഛികമല്ല. പ്രമേയാനുവാദകന്‍ പരപ്പനങ്ങാടി ജുമുഅത്ത് പള്ളി മുദര്‍രിസ് പി. കമ്മു മൗലവിയാണ്. 8-ാം നമ്പര്‍ പ്രമേയത്തില്‍ 6 നമ്പറുകളിലായി വിവരിച്ച ഒരൊറ്റ കാര്യവും അഹ്‌ലുസ്സുന്ന വല്‍ ജമാഅയുടെ ആധികാരിക ഗ്രന്ഥങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തിയാലും കാണാന്‍ കഴിയില്ല. പ്രമേയത്തിന്റെ തുടക്കത്തില്‍ പറഞ്ഞ പോലെ 'കേരള മുസ്‌ലിംകള്‍ക്കിടയില്‍ അനേകം കൊല്ലങ്ങളായിട്ട് നിരാക്ഷേപമായി നടന്നുവന്നതും നടത്തിവരുന്നതും മാത്രമാണ്' അവ! ഒരു കാര്യം അഹ്‌ലുസ്സുന്നത്തിന്റെ ഭാഗമാവുന്നതിന് 'നിരാക്ഷേപം നടന്നുവന്നതും നടത്തിവരുന്നതുമായിരിക്കുക' എന്നത് പ്രമാണമായി അഹ്‌ലുസ്സുന്നയുടെ അഖീദ വിവരിക്കുന്ന ഒരു ഗ്രന്ഥത്തിലും ഇല്ല. മറിച്ച് ഖുര്‍ആനും ഹദീസുമാണ് അഹ്‌ലുസ്സുന്നയുടെ പ്രമാണം. ഹദീസ് മുതവാതിറും ഏക റാവിയുടേതാണെങ്കില്‍ സ്വഹീഹും ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവുന്നതുമായിരിക്കണം എന്നും പറയുന്നുണ്ട്. അഹ്‌ലുസ്സുന്ന അംഗീകരിച്ച ഈ ആധികാരിക തത്ത്വം നിരാകരിക്കുന്നവരാണ് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തിയും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തി മാറ്റിയും കള്ള ഹദീസുകളും അനിസ്‌ലാമിക ചിന്തകരുടെ സൂഫി കഥകളും കൊണ്ട് മുസ്‌ലിംകളുടെ ജീവിതം ശിര്‍ക്ക് ബിദ്അത്തില്‍ മുക്കി നശിപ്പിക്കുന്നത്. ഇതിനെ 'സുന്നി' എന്ന് വിളിക്കുന്നത് സത്യത്തോട് കാണിക്കുന്ന അനീതിയാണെന്നേ ലളിതമായി പറയാനാകൂ.
Comments