Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 05

2962

1437 ദുല്‍ഖഅദ് 02

നാല് മഖാസ്വിദീ ഇമാമുമാര്‍

അശ്‌റഫ് കീഴുപറമ്പ്

ഇസ്‌ലാമിക തത്ത്വങ്ങളുടെയും നിയമങ്ങളുടെയും പൊരുളുകളെക്കുറിച്ച് ഉപന്യസിക്കാത്ത മുസ്‌ലിം പണ്ഡിതരോ നിയമജ്ഞരോ ഉണ്ടാവില്ല. അവരില്‍ പ്രമുഖരായ ഏതാനും പേരെ കുറഞ്ഞ വാക്കുകളില്‍ പരിചയപ്പെടുത്തുക മാത്രമാണ് നാം കഴിഞ്ഞ ലക്കത്തില്‍ ചെയ്തത്. പക്ഷേ, മഖാസ്വിദീ പഠനശാഖയില്‍ വടവൃക്ഷം കണക്കെ തണല്‍ വിരിച്ചുനില്‍ക്കുന്ന പ്രതിഭാശാലികളായ നാല് ഇമാമുമാരെ നാം പരിചയപ്പെട്ടിട്ടില്ല. പല കാലഘട്ടങ്ങളിലാണ് അവര്‍ ജീവിച്ചത്. വിവിധ മദ്ഹബുകളിലെ ഉന്നതശീര്‍ഷരായ പണ്ഡിതന്മാര്‍ കൂടിയായിരുന്നു അവര്‍. ഇമാമുല്‍ ഹറമൈന്‍ എന്നറിയപ്പെടുന്ന അബുല്‍ മആലി അബ്ദുല്‍ മലിക് അല്‍ ജുവൈനി, ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം, അബൂ ഇസ്ഹാഖ് ശാത്വിബി, മുഹമ്മദ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍ എന്നിവരാണവര്‍.

 

ഇമാമുല്‍ ഹറമൈന്‍ അല്‍ ജുവൈനി (മരണം. 478/1085)

ഫിഖ്ഹ് നിര്‍ധാരണ തത്വങ്ങള്‍ (ഉസ്വൂലുല്‍ ഫിഖ്ഹ്) ആദ്യമായി വികസിപ്പിച്ചെടുത്തത് ഹി. രണ്ടാം നൂറ്റാണ്ടില്‍ ഇമാം ശാഫിഈ ആയിരുന്നല്ലോ, തന്റെ അര്‍രിസാല എന്ന കൃതിയില്‍. ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകളില്‍ ഈ കൃതിയെ അവലംബിച്ചുകൊണ്ടാണ് ഫിഖ്ഹ് വികസിച്ചത്. ഇതിനൊരു മാറ്റമുണ്ടാകുന്നത് ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ഇമാമുല്‍ ഹറമൈന്‍ അല്‍ ബുര്‍ഹാനു ഫീ ഉസ്വൂലില്‍ ഫിഖ്ഹ്, ഗിയാസുല്‍ ഉമം എന്നീ രണ്ട് കൃതികള്‍ പ്രസിദ്ധീകരിക്കുന്നതോടു കൂടിയാണ്. പൊരുളുകളെ കേന്ദ്രീകരിച്ചുള്ള ശരീഅത്ത് പഠനങ്ങള്‍ക്ക് വന്‍ തുറസ്സുകളൊരുക്കുകയായിരുന്നു ഇമാം ജുവൈനി. ഫിഖ്ഹ് ജനജീവിതവുമായി ബന്ധം നഷ്ടപ്പെട്ട് യാന്ത്രികമായിപ്പോകുമോ എന്ന് അദ്ദേഹം ആശങ്കിച്ചിരുന്നു. അദ്ദേഹം എഴുതുന്നു: ''കല്‍പ്പനകളിലെയും നിരോധനങ്ങളിലെയും ലക്ഷ്യങ്ങളെക്കുറിച്ച് അറിയാത്തവന് ശരീഅത്തിന്റെ ഘടനയെക്കുറിച്ച് ഉള്‍ക്കാഴ്ച ഉണ്ടാവില്ല.''(1) അദ്ദേഹത്തിന്റെ സംഭാവനകളെ അഹ്മദ് റയ്‌സൂനി ഇങ്ങനെ വിലയിരുത്തുന്നു: ''മഖാസ്വിദി ചിന്തയിലെ ഇമാമാണ് ജവൈനി എന്നു പറയുമ്പോള്‍ മഖാസ്വിദീ രചനകള്‍ അദ്ദേഹത്തിന്റെ മുമ്പ് ഉണ്ടായിരുന്നില്ല എന്നര്‍ഥമില്ല. പല മുന്‍ഗാമികളും എഴുതിയിരുന്നു. പക്ഷേ, പില്‍ക്കാലക്കാരില്‍ ജുവൈനിയുടെ കൃതികള്‍ ചെലുത്തിയ സ്വാധീനം അവയ്‌ക്കൊന്നും ചെലുത്താനായില്ല. ആ പൂര്‍വകാല കൃതികള്‍ക്ക് വേണ്ടത്ര ആഴമോ സമഗ്രതയോ ഉണ്ടായിരുന്നില്ല.''(2) 

മഖാസ്വിദ് പഠനങ്ങളിലെ പല സംജ്ഞകളും അവയുടെ ഇന്നത്തെ അര്‍ഥത്തില്‍ പ്രയോഗിക്കാന്‍ തുടങ്ങിയത് ഇമാം ജുവൈനിയാണ്. മബാഗിശ്ശറഅ്, മഖാസ്വിദ്, മആനി, കുല്ലിയ്യാത്ത്, ഇസ്തിസ്വ്‌ലാഹ്, ഇസ്തിദ്‌ലാല്‍ പോലുളള സംജ്ഞകള്‍ ഉദാഹരണം. 'ലക്ഷ്യങ്ങള്‍, തടുക്കുന്നവയും പ്രയോജനം ചെയ്യുന്നവയും'(3) എന്ന പ്രയോഗവും അദ്ദേഹത്തിന്റേതുതന്നെ. 'നന്മകള്‍ കൊണ്ടുവരുന്നത്, തിന്മകള്‍ തടുക്കുന്നത്'(4) എന്ന പ്രയോഗം ഇതിന്റെ ചുവടുപിടിച്ചാണ് രൂപംകൊണ്ടതും, പിന്നെ പൊതുസ്വീകാര്യത നേടിയതും. മറ്റൊരു പ്രയോഗമാണ്, 'കിട്ടാത്തത് തേടിപ്പിടിക്കല്‍, കിട്ടിയത് സംരക്ഷിക്കല്‍'.(5) വളരെ അര്‍ഥസമ്പുഷ്ടമാണ് ഈ പ്രയോഗം. ഏതു കാലത്തും അത് പുതിയ അര്‍ഥങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കും. പൈതൃക സംരക്ഷണത്തെക്കുറിച്ച് നാം നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ. ഏതു പൈതൃകമാണ് സംരക്ഷിക്കേണ്ടത്? നിലവിലുള്ളത് ഇസ്‌ലാമിക പൈതൃകമാണോ, അതോ കേവലം പാരമ്പര്യ ആചാരങ്ങളുടെ സമാഹാരമോ? എങ്കില്‍, ആദ്യം നിലവിലില്ലാത്ത ആ ഇസ്‌ലാമിക പൈതൃകത്തെ തിരിച്ചു കൊണ്ടുവരണം. എന്നിട്ടേ സംരക്ഷണ പ്രശ്‌നം ഉദിക്കുന്നുള്ളൂ. 

ജുവൈനിയുടെ ഏറ്റവും വലിയ സംഭാവന മാനവിക താല്‍പര്യങ്ങളെ (മസ്വാലിഹ്) മൂന്ന് തട്ടുകളിലാക്കി വിഭജിക്കുകയും അതുപ്രകാരം മുന്‍ഗണനകള്‍ ക്രമീകരിക്കുകയും ചെയ്തു എന്നതാണ്. മാനവിക താല്‍പര്യങ്ങളെ അനിവാര്യം (ളറൂരിയ്യാത്ത്), ആവശ്യം (ഹാജിയ്യാത്ത്), അലങ്കാരം (തഹ്‌സീനിയ്യാത്ത്) എന്നിങ്ങനെ മൂന്നായി വിഭജിച്ചതും അദ്ദേഹമാണ്. മതം, ജീവന്‍, ധനം, ബുദ്ധി, കുലം എന്നിവയുടെ സംരക്ഷണമാണ് മനുഷ്യനിലനില്‍പ്പിന്റെ അനിവാര്യതകളെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ഈ ആശയത്തെ വികസിപ്പിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ശിഷ്യനായ ഇമാം ഗസാലി ചെയ്തത്. ശാഫിഈ മദ്ഹബിലെ ഉന്നതശീര്‍ഷരായ ഈ രണ്ടു പണ്ഡിത പ്രതിഭകള്‍ മഖാസ്വിദീ പഠനശാഖക്ക് നല്‍കിയ സംഭാവനകള്‍ ഇനിയും വേണ്ടപോലെ വിലമതിക്കപ്പെട്ടിട്ടില്ല. 

ഇമാം ജുവൈനി ഉന്നയിക്കുന്ന ഒരു പ്രായോഗിക പ്രശ്‌നമുണ്ട്. മനുഷ്യജീവിതത്തിലെ അനിവാര്യതകള്‍ എളുപ്പം നിര്‍ണയിക്കാം. ഒടുവില്‍ പറഞ്ഞ അലങ്കാരങ്ങളും നിര്‍ണയിക്കുക പ്രയാസകരമല്ല. അവ വേണ്ടെന്നുവെച്ചാലും ജീവിത താളത്തിന് ഒന്നും സംഭവിക്കുകയില്ല. ആവശ്യങ്ങള്‍ (ഹാജിയ്യാത്ത്) നിര്‍ണയിക്കുന്നേടത്താണ് സങ്കീര്‍ണത. വ്യക്തിപരമായ ആവശ്യത്തിന്റെ ഗണത്തില്‍ ഉള്‍പ്പെട്ട ഒരു കാര്യം സാമൂഹികമായി നോക്കുമ്പോള്‍ അനിവാര്യതയുടെ ഇനത്തിലേക്ക് ഉയര്‍ത്തപ്പെട്ടേക്കാം.(6) മഖാസ്വിദീ ചിന്തകള്‍ക്ക് വളരെയേറെ വികാസം നല്‍കിയ ഒരു ചുവടുവെപ്പാണിത്. പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍, ജുവൈനിയുടെ വളരെ ഇലാസ്തികതയുള്ള ഈ തത്ത്വമാണ് ആധുനികോത്തരകാലത്തെ മഖാസ്വിദീ ചിന്തകര്‍ വരെ പ്രയോജനപ്പെടുത്തുന്നത്.(7) 'സ്വതന്ത്രമായ ചിന്ത, സ്വതന്ത്രമായ ആശയപ്രകാശനം. ഇതാണ് ഇമാമുല്‍ ഹറമൈനിയെ വേറിട്ടുനിര്‍ത്തുന്നത്. മഖാസ്വിദിലെ ആദ്യ സ്പര്‍ശനങ്ങള്‍ അദ്ദേഹത്തിന്റേതായിരുന്നു' എന്ന് ഖറദാവിയും പ്രശംസിക്കുന്നു.(8)

 

ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം (മരണം. 660/1261)

കാലഗണന വെച്ച് മഖാസ്വിദീ ചിന്താധാരയുടെ രണ്ടാമത്തെ പ്രമുഖ ഇമാമാണ് ശാഫിഈ മദ്ഹബുകാരന്‍ തന്നെയായ ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം. പക്ഷേ മദ്ഹബീശാഠ്യങ്ങളൊന്നം ഇല്ലാത്ത പണ്ഡിതനായിരുന്നു. തന്റെ ചിന്തകളെ ഏതെങ്കിലുമൊരു മദ്ഹബിന്റെ പരിമിത വലയത്തില്‍ തളച്ചിടാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മഖാസ്വിദീ ചിന്തകള്‍ പ്രതിപാദിക്കുന്ന രണ്ട് കൃതികളുണ്ട് അദ്ദേഹത്തിന്. ഖവാഇദുല്‍ അഹ്കാം ഫി മസ്വാലിഹില്‍ അനാം (സൃഷ്ടികളുടെ താല്‍പര്യങ്ങളും നിയമത്തിന്റെ അടിസ്ഥാനങ്ങളും), ശജറത്തുല്‍ മആരിഫ് (ജ്ഞാന വൃക്ഷം). ഒന്നാമത്തെ പുസ്തകം അതിന്റെ തലക്കെട്ടില്‍നിന്ന് വ്യക്തമാവുന്നതുപോലെ, സൃഷ്ടികളുടെ താല്‍പര്യസംരക്ഷണമാണ് ഇസ്‌ലാമിക നിയമാവിഷ്‌കാരങ്ങളുടെ അടിസ്ഥാന ബിന്ദു എന്ന തലത്തിലേക്ക് ചര്‍ച്ചകളെ കേന്ദ്രീകരിക്കുന്നു. സൃഷ്ടികളുടെ താല്‍പര്യങ്ങള്‍ മുമ്പില്‍ വെച്ച് ശരീഅത്തിനെ വിലയിരുത്തുന്ന ആദ്യത്തെ സമഗ്രകൃതിയും ഇതായിക്കൂടെന്നില്ല. ഗ്രന്ഥകര്‍ത്താവ് എഴുതുന്നു: ''മനുഷ്യന്റെ ദൈവത്തോടുള്ള അനുസരണം, അവന്റെ പെരുമാറ്റങ്ങള്‍, മറ്റു ഇടപഴക്കങ്ങള്‍ ഇതിലെല്ലാം സ്രഷ്ടാവ് ചില താല്‍പര്യങ്ങള്‍ ദീക്ഷിച്ചിട്ടുണ്ട്. അതു കണ്ടെടുക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ചില കാര്യങ്ങള്‍ ചെയ്യണമെന്നു കല്‍പ്പിക്കും, ചിലത് ചെയ്യരുതെന്നും. ഇതിലൊക്കെ മനുഷ്യനന്മയാണ് ഉദ്ദേശിച്ചിട്ടുള്ളത്. 'സത്യവിശ്വാസികളേ' എന്നു വിളിച്ച് ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ ഒന്നുകില്‍ നന്മയിലേക്കുള്ള ക്ഷണമായിരിക്കും, അല്ലെങ്കില്‍ തിന്മ വര്‍ജിക്കണമെന്ന ഉപദേശമായിരിക്കും. ചിലപ്പോള്‍ ഈ രണ്ടു സംഗതികളും ഒപ്പത്തിനൊപ്പം തന്നെ പറഞ്ഞിരിക്കും.''(9) 

''നീതി ചെയ്യാനും നന്മ പ്രവര്‍ത്തിക്കാനും ബന്ധുക്കള്‍ക്ക് ദാനം ചെയ്യാനും അല്ലാഹു കല്‍പ്പിക്കുന്നു; നീച കൃത്യങ്ങളും നിഷിദ്ധകര്‍മങ്ങളും അക്രമവും നിരോധിക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുന്നു, നിങ്ങള്‍ ഉദ്ബുദ്ധരാകാന്‍ വേണ്ടി'' (അന്നഹ്ല്‍: 90). വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തത്തെക്കുറിച്ച് ഇബ്‌നു മസ്ഊദ് പറഞ്ഞിരിക്കുന്നത്, ഇത്ര സര്‍വതല സ്പര്‍ശിയായ മറ്റൊരു സൂക്തം നിങ്ങള്‍ ഖുര്‍ആനില്‍ കാണുകയില്ല എന്നാണ്. ഈയൊരു സൂക്തത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിയാണ് ഇമാം ഇസ്സുദ്ദീന്റെ ഖവാഇദുല്‍ അഹ്കാമിലെ ചിന്തകള്‍ വികസിക്കുന്നത്. ഇതില്‍ നന്മയെ കുറിക്കുന്ന പദങ്ങളാണ് അല്‍ അദ്ല്‍ (നീതി), അല്‍ ഇഹ്‌സാന്‍ (നന്മ ചെയ്യല്‍) എന്നിവ; അല്‍ ഫഹ്ശാഅ്, അല്‍ മുന്‍കര്‍, അല്‍ ബഗ്‌യ് തിന്മകളെയും കുറിക്കുന്നു. ഈ എല്ലാ വാക്കുകളുടെയും ആദ്യത്തില്‍ 'അലിഫ് ലാം' ചേര്‍ന്നു വന്നതുകൊണ്ട് ഈ അഞ്ചു ഗണത്തില്‍ വരുന്ന എല്ലാറ്റിനെയും അത് ഉള്‍ക്കൊള്ളുന്നു (ഇസ്തിഗ്‌റാഖ്) എന്ന അര്‍ഥം സിദ്ധിക്കുന്നു. അപ്പോള്‍ സകല നീതികളും നന്മകളും ആദ്യ രണ്ട് പദങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. നീതിയുടെയും നന്മയുടെയും ഒരംശം പോലും അതിന് പുറത്തല്ല. സകല തിന്മകളും അവസാനം പറഞ്ഞ മൂന്ന് വാക്കുകളില്‍പെടാതെയിരിക്കുകയുമില്ല. ആരാധനാ കര്‍മങ്ങളെ വരെ ഈയടിസ്ഥാനത്തില്‍ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. രണ്ടാമത്തെ പുസ്തകമായ ജ്ഞാന വൃക്ഷത്തില്‍ ഇതാണ് പ്രതിപാദ്യം. മനുഷ്യന്‍ അല്ലാഹുവിനെ അനുസരിച്ചതുകൊണ്ട് അവന്റെ അധികാരത്തിനും മഹത്വത്തിനും മാറ്റു കൂടുകയോ, ധിക്കരിച്ചതുകൊണ്ട് അവക്കു മാറ്റു കുറയുകയോ ചെയ്യുന്നില്ല. അപ്പോള്‍ ഏതൊരു ആരാധനയും അല്ലാഹുവിനുള്ളതാണെങ്കിലും അതിന്റെ പ്രായോജകന്‍ അല്ലാഹുവല്ല; മനുഷ്യന്‍ തന്നെയാണ്. ഈ നിലക്കുള്ള വിശകലനങ്ങളാണ് ഈ കൃതിയില്‍ വരുന്നത്. 

മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ വികസിപ്പിച്ചെടുക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു സംഭാവന. പൊതുതാല്‍പര്യങ്ങളില്‍ ഏതിനെ മുന്തിക്കണം, പിന്തിക്കണം; രണ്ട് തിന്മകളിലൊന്ന് തെരഞ്ഞെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യത്തില്‍ അപകടം കുറഞ്ഞത് ഏതെന്ന് എങ്ങനെ നിശ്ചയിക്കാം പോലുളള കാര്യങ്ങള്‍. ഈ ഒത്തുവെച്ച് പരിശോധനയാണ് പില്‍ക്കാലത്ത് 'ഫിഖ്ഹുല്‍ മുവാസന' എന്ന അനുബന്ധ ശാഖക്ക് ജന്മം നല്‍കിയത് (അതു സംബന്ധമായ വിവരണം പിന്നീട് വരുന്നുണ്ട്). 

ശൈഖ് ഇസ്സുദ്ദീന്റെ പ്രശസ്തനായ ശിഷ്യനാണ് ശിഹാബുദ്ദീന്‍ ഖര്‍റാഫി. ജുവൈനിയും ഗസാലിയും പോലെ, ഇബ്‌നുതൈമിയ്യയും ഇബ്‌നുല്‍ ഖയ്യിമും പോലെ. ഇരുജോഡികളും ഒരേ മദ്ഹബുകാരായിരുന്നല്ലോ (ജുവൈനി, ഗസാലി-ശാഫിഈ; ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം-ഹമ്പലി). പക്ഷേ, ഇസ്സുദ്ദീന്റെ ശിഷ്യന്‍ ഖര്‍റാഫിയും വ്യത്യസ്ത മദ്ഹബുകാരായിരുന്നു. ഇസ്സുദ്ദീനും ശാഫിഈയും ഖര്‍റാഫി മാലികിയും. മദ്ഹബുകളുടെ മാറ്റം ഗുരുശിഷ്യ ബന്ധത്തിനോ മഖാസ്വിദീ ചിന്തകളുടെ വിപുലീകരണത്തിനോ തടസ്സമായില്ല. മദ്ഹബ് പക്ഷപാതിത്വങ്ങള്‍ക്ക് അതീതമായാണ് മഖാസ്വിദീ ജ്ഞാനശാഖ വികസിച്ചത് എന്നതിനു മറ്റൊരു സാക്ഷ്യം. ഇബ്‌നു അബ്ദിസ്സലാമിന്റെ മഖാസ്വിദീ ചിന്തകളെക്കുറിച്ച് ഡോ. ഉമറുബ്‌നു സ്വാലിഹ്ബ്‌നു ഉമര്‍ 574 പേജുള്ള ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.(10)

അബൂ ഇസ്ഹാഖ് ശാത്വിബി (മരണം. 790/1388)  

'മഖാസ്വിദിന്റെ ഗുരു' (ശൈഖുല്‍ മഖാസ്വിദ്) എന്ന പേരില്‍ വിശ്രുതനായ ഇമാം ശാത്വിബിയുടെ ജനനം ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ നാസ്വിരി ഭരണകൂടത്തിന്റെ തലസ്ഥാനമായ ഗ്രനഡ (ഗര്‍നാത്വഃ)യിലാണ്. രണ്ട് കൃതികളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 'അല്‍ഇഅ്തിസ്വാം' (പിന്തുടരല്‍) ആണ് ഇതില്‍ ഒന്നാമത്തേത്. മതത്തിലെ നവനിര്‍മിതികളെ (ബിദ്അത്ത്) കുറിച്ച അധികാരിക പഠനങ്ങളിലൊന്നാണിത്. ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് പണ്ഡിതന്മാരെന്ന് അവകാശപ്പെടുന്നവര്‍ ദീനില്‍ പലതും ഒളിച്ചുകടത്തുന്നതെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ് അല്‍ മുവാഫഖാത് എന്ന പേരില്‍ ഇന്നും പഠനവിധേയമായിക്കൊണ്ടിരിക്കുന്ന രാമത്തെ കൃതി അല്‍ മുവാഫഖാത്ത് ഫീ ഉസ്വൂലിശ്ശരീഅഃ (ഇസ്‌ലാമിക നിയമതത്ത്വങ്ങളെ പൊരുത്തപ്പെടുത്തല്‍). മാലികീ മദ്ഹബുകാരനായ ശാത്വിബി ഹനഫീ മെത്തഡോളജി (ത്വരീഖഃ ഹനഫിയ്യ) ഉപയോഗിച്ച് മാനവിക താല്‍പര്യങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി ഖുര്‍ആനും നബിചര്യയും പഠനവിധേയമാക്കുകയാണ് ഈ കൃതിയില്‍. ഇങ്ങനെ വിവിധ മദ്ഹബി കാഴ്ചപ്പാടുകളെയും രീതിശാസ്ത്രങ്ങളെയും സമന്വയിപ്പിക്കുന്ന കൃതിയായതുകൊണ്ടാണ് അല്‍ മുവാഫഖാത്ത് എന്ന പേര് വന്നത്. 

അല്‍ മുവാഫഖാത്ത് അഞ്ച് ഭാഗങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. ഒന്നാമത്തേത് ആമുഖങ്ങള്‍ (മുഖദ്ദിമാത്ത്) ആണ്. ഇസ്തിഖ്‌റാഅ് പോലുള്ള തന്റെ പഠനരീതികള്‍ വിശദീകരിക്കുന്നത് ഈ ആമുഖങ്ങളിലാണ്. മറ്റു നാല് ഭാഗങ്ങള്‍ നിയമങ്ങള്‍ (അഹ്കാം), മഖാസ്വിദുശ്ശരീഅഃ (ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍), അദില്ലഃ (തെളിവുകള്‍/സ്രോതസ്സുകള്‍), ഇജ്തിഹാദ് (ഗവേഷണം/അന്വേഷണം) എന്നിവയെക്കുറിച്ചാണ്. ശാത്വിബിക്ക് മുമ്പും നിരവധി പണ്ഡിതന്മാര്‍ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെ കുറിച്ചും നിയമാവിഷ്‌കാരത്തിലെ മാനവിക താല്‍പര്യങ്ങളെക്കുറിച്ചും ധാരാളമായി എഴുതിയിട്ടുായിരുന്നുവെങ്കിലും അതിനെ ഒരു വ്യവസ്ഥാപിത പഠനശാഖയാക്കി വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് ഇമാം ശാത്വിബിക്ക് അവകാശപ്പെട്ടതാണ്. 

ഫിഖ്ഹീ നിര്‍ധാരണതത്ത്വങ്ങളെ (ഉസ്വൂലുല്‍ ഫിഖ്ഹ്) ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുമ്പില്‍ വെച്ച് അപഗ്രഥിക്കുന്ന ഈ കൃതിയില്‍ മഖാസ്വിദിനെ അദ്ദേഹം രണ്ടായി തിരിക്കുന്നു. ഒന്ന്, നിയമനിര്‍മാതാവിന്റെ (ശാരിഅ്/അല്ലാഹു) മഖാസ്വിദ് (ലക്ഷ്യങ്ങള്‍). രണ്ട്, നിയമങ്ങള്‍ ബാധകമായ മനുഷ്യന്റെ ലക്ഷ്യങ്ങള്‍. രണ്ടും പരസ്പരപൂരകമായിരിക്കും. ഏതൊരു മനുഷ്യനും അവന് കഴിയുന്നതേ അല്ലാഹു നിയമമായി അവതരിപ്പിക്കൂ എന്നതാണ് വിഷയത്തിന്റെ മര്‍മം. ശാരീരികവും മാനസികവുമായ പലതരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന മനുഷ്യന് വേണ്ടത്ര ഇളവുകള്‍ അല്ലാഹു നല്‍കിയിരിക്കും. 

ഒരാള്‍ ഗവേഷകന്‍ (മുജ്തഹിദ്) ആയി യോഗ്യത നേടണമെങ്കില്‍ മഖാസ്വിദുശ്ശരീഅ അറിഞ്ഞിരിക്കണമെന്ന് ഉപാധി വെച്ചതും ശാത്വിബിയാണ്. മറ്റു നിയമവിശാരദര്‍ ഇജ്തിഹാദിന്റെ ഉപാധികള്‍ എണ്ണിയെണ്ണിപ്പറയുമ്പോള്‍ ശാത്വിബി അത് രണ്ടായി ചുരുക്കുന്നു: ഒന്ന്, മഖാസ്വിദുശ്ശരീഅയെ കുറിച്ച് പൂര്‍ണമായ അറിവ്. രണ്ട്, മഖാസ്വിദ് അവലംബമാക്കി നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കാനുള്ള കഴിവ്. 

മാനസിക താല്‍പര്യങ്ങള്‍ (മസ്വാലിഹ്) മൂന്ന് തലങ്ങളിലാണെന്ന് ഇമാം ജുവൈനി മുതലുള്ള മഖാസ്വിദി പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ആ മേഖലയില്‍ തന്റേതായ പല സംഭാവനകളും നല്‍കിയിട്ടുണ്ട് ശാത്വിബി. ആദ്യത്തേത് അനിവാര്യ താല്‍പര്യങ്ങള്‍ (ളരൂരിയ്യാത്ത്) ആണല്ലോ. ഇവ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായതൊക്കെ (മുകമ്മിലുന്‍ ലിള്ളറൂറി) എന്ന പുതിയ ഒരിനം കൂടി അദ്ദേഹം എഴുതിച്ചേര്‍ക്കുന്നു. ഇങ്ങനെ, ആവശ്യങ്ങള്‍ (ഹാജിയ്യാത്ത്), അലങ്കാരങ്ങള്‍ (തഹ്‌സീനിയ്യാത്ത്) എന്നിവക്കും അദ്ദേഹം പൂര്‍ത്തീകരണ ഘട്ടം (മുകമ്മിലാത്ത്) നിര്‍ദേശിക്കുന്നു. അപ്പോള്‍ മാനവിക താല്‍പര്യങ്ങളുടെ ഇനങ്ങള്‍ മൂന്നില്‍നിന്ന് ആറായി ഉയരുന്നു. 

അല്‍ മുവാഫഖാത്തിന് എഴുതിയ ആമുഖത്തില്‍ പ്രശസ്ത ആധുനിക പണ്ഡിതന്‍ ഡോ. അബ്ദുല്ല ദര്‍റാബ്, ഇമാം ശാത്വിബിയുടെ പ്രധാന സംഭാവനയെ ഇങ്ങനെ സംഗ്രഹിക്കുന്നു: ''ശരീഅത്ത് നിയമങ്ങള്‍- നിര്‍ധാരണം ചെയ്‌തെടുക്കുന്നതിന് രണ്ട് അടിസ്ഥാനങ്ങളുണ്ട്. അറബികളുടെ ഭാഷ അറിഞ്ഞിരിക്കുക എന്നതാണ് ഒന്നാമത്തേത്. ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് രണ്ടാമത്തേത്. എന്നാല്‍ ഹിജ്‌റ അഞ്ചാം നൂറ്റാണ്ട് മുതല്‍ ഒന്നാമത്തെയിനത്തില്‍ (ഭാഷാചര്‍ച്ച) മാത്രമായി ശരീഅത്ത് ചര്‍ച്ചകള്‍ ഒതുങ്ങിപ്പോയി. പിന്നെയവക്ക് ഒരു തരം ചാക്രികസ്വഭാവം കൈവന്നു. നീട്ടിയെഴുതിയതിനെ ചുരുക്കിയെഴുതുക, ചുരുക്കിയതിനെ നീട്ടിയെഴുതുക പോലുള്ള ഭാഷാ അഭ്യാസങ്ങള്‍. അങ്ങനെ ശരീഅത്തിന്റെ ആത്മാവും പൊരുളും എന്ന സുപ്രധാന വശം അഗണ്യകോടിയില്‍ തള്ളപ്പെട്ടു. അപ്പോഴാണ് ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ അബൂഇസ്ഹാഖ് ശാത്വിബി എന്ന പരിഷ്‌കര്‍ത്താവ് ജന്മം കൊള്ളുന്നത്. ഈ ഭീമമായ വിടവ് നികത്തുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. അങ്ങനെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച ഈ വിശിഷ്ടമായ ജ്ഞാനശാഖയെ അദ്ദേഹം പണിതുയര്‍ത്തി കൊണ്ടുവന്നു.'' 

 

മുഹമ്മദ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍ (മ. 1393/1973)

മുസ്‌ലിം ലോകം സര്‍വ മേഖലകളിലും പിന്നാക്കം പൊയിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് ഇമാം ശാത്വിബി ജീവിച്ചതും തന്റെ നവീനചിന്തകള്‍ അവതരിപ്പിച്ചതും. അധഃപതനത്തിന്റെ സ്വാഭാവിക ലക്ഷണമായ അനുകരണ ഭ്രമം പിടിപെട്ട പില്‍ക്കാല പണ്ഡിതന്മാര്‍ ഈ നവീന ചിന്തകളെ ഏറ്റെടുക്കാനോ വികസിപ്പിക്കാനോ ഔത്സുക്യം കാണിച്ചില്ല. പിന്നെയും പല നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഇരുപതാം നൂറ്റാണ്ടിലാണ് മുഹമ്മദ് അബ്ദു, അദ്ദേഹത്തിന്റെ ശിഷ്യന്‍ റശീദ് രിദാ പോലുള്ള നവോത്ഥാന ചിന്തകര്‍ ഇമാം ശാത്വിബിയെ കണ്ടെടുക്കുന്നത്. ഇമാം ശാത്വിബിയുടെയും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ അല്‍ മുവാഫഖാത്തിന്റെയും രണ്ടാം ജന്മമായിരുന്നു അത്. മഖാസ്വിദി പഠനങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിച്ചത് തുനീഷ്യയിലെ സൈത്തൂന സര്‍വകലാശാലയിലെ പണ്ഡിതന്മാരായിരുന്നു. അബ്ദുല്‍ അസീസ് അസ്സആലബി (1876-1944), അബ്ദുല്‍ അസ്ീസ് ജഈത്വ് (1886-1970), സാലിം ബൂഹാജിബ് (1827-1924), ഇബ്‌നു അബിദ്ദിയാഫ് (1803-1874) എന്നീ തുനീഷ്യന്‍ പണ്ഡിതന്മാരെ പ്രത്യേകം ഓര്‍ക്കാം. ശാത്വിബിയുെട രചനയെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ പഠനങ്ങള്‍. ഈ തുനീഷ്യന്‍ പണ്ഡിതസംഘത്തിലെ ഏറ്റവും പ്രശസ്തനായിരുന്നു മഖാസ്വിദുശ്ശരീഅയുടെ നാലാം ഇമാമായി ഗണിക്കപ്പെടുന്ന മുഹമ്മദ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍ (1879-1973). 

'പ്രഭാതം അടുത്തല്ലയോ?' എന്ന ഇബ്‌നു ആശൂറിന്റെ ആദ്യകൃതിയില്‍തന്നെ മഖാസ്വിദീ ചിന്തകളുടെ സ്വാധീനം പ്രകടമാണ്. അല്‍ അസ്ഹര്‍, സൈത്തൂന, ഖുറവിയ്യീന്‍ പോലുള്ള മുസ്‌ലിം ലോകത്തെ മുഴുവന്‍ സര്‍വകലാശാലകളിലെയും സിലബസും കരിക്കുലവും അപ്പടി പൊളിച്ചെഴുതണമെന്നാണ് ഇതിലദ്ദേഹം വാദിക്കുന്നത്. ഫിഖ്ഹ് പഠനം ഇസ്‌ലാമിക നിയമങ്ങളുടെ പൊരുളുകളിലേക്കും നിയമാവിഷ്‌കാരത്തിന് നിമിത്തമായ കാരണങ്ങളിലേക്കും കടന്നുചെല്ലുന്നില്ല. കുതന്ത്രങ്ങളിലൂടെ (ഹിയല്‍) ശരീഅത്തിന്റെ അന്തസ്സത്തക്ക് ഒട്ടും നിരക്കാത്ത ഫത്‌വകളാണ് പണ്ഡിതന്മാര്‍ നല്‍കിക്കൊണ്ടിരുന്നത്. അന്വേഷിച്ചു വരുന്നവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് എന്തു ഫത്‌വ നല്‍കാനും മുഫ്തി തയാറാവുന്നു. ഈ ദുരവസ്ഥ മാറ്റിയെടുക്കണമെന്ന ചിന്തയാണ് ഇബ്‌നു ആശൂറിന്റെ അല്‍ മുവാഫഖാത്ത് ആഴത്തില്‍ വായിക്കാന്‍ പ്രേരിപ്പിച്ചിത്. സൈത്തൂനയില്‍ ദീര്‍ഘകാലം മുവാഫഖാത്ത് ക്ലാസ്സെടുത്തിരുന്നത് ഇബ്‌നു ആശൂര്‍ ആയിരുന്നു. ഈ ഘട്ടത്തിലാണ് അദ്ദേഹം മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ എന്ന ഗ്രന്ഥമെഴുതുന്നത്. ഇമാം ശാത്വിബിയുടെ മഖാസ്വിദീ ചിന്തകളുടെ വിപുലനവും തുടര്‍ച്ചയുമാണിത്. 

ഇസ്‌ലാമിക തത്ത്വങ്ങളും വിശ്വാസങ്ങളും നാല് മൗലികാടിത്തറകളെ ആസ്പദിച്ചാണെന്ന് ഇബ്‌നു ആശൂര്‍ ഈ കൃതിയില്‍ സമര്‍ഥിക്കുന്നു. ഇതില്‍ ഒന്നാമത്തേത് 'അല്‍ഫിത്വ്‌റ'. 'അനാചാരങ്ങളില്‍നിന്നും മറ്റു കലര്‍പ്പുകളില്‍നിന്നും മുക്തമായ, ദൈവം സൃഷ്ടിച്ച തനത് രൂപത്തിലുള്ള മനുഷ്യധിഷണ'യാണ് അദ്ദേഹത്തിന്റെ ഭാഷയില്‍ 'ഫിത്വ്‌റ'. ശാരീരികവും ധൈഷണികവുമായി ഫിത്വ്‌റയുണ്ട്. കാല്‍കൊണ്ട് നടക്കുക ശാരീരിക ഫിത്വ്‌റയാണ്. കൈകള്‍ കൊണ്ട് നടക്കുന്നത് ഫിത്വ്‌റക്ക് എതിരും. കാര്യങ്ങളില്‍നിന്ന് യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തുന്നതാണ് ധൈഷണികമായ ഫിത്വ്‌റ. ഇസ്‌ലാമിലെ എല്ലാ മൗലിക തത്ത്വങ്ങളും ഫിത്വ്‌റയില്‍നിന്ന് ഉത്ഭൂതമാവുന്നതാണ്. ഫിത്വ്‌റയുടെ പൂര്‍ണ ഗ്രാഹ്യം മനുഷ്യന് സാധ്യമല്ലെങ്കിലും, അതിനെ കഴിയുന്നത്ര കണ്ടെത്താന്‍ ശ്രമിക്കുക. അപ്പോള്‍ ശരീഅത്തിന്റെ ഒന്നാമത്തെ ലക്ഷ്യം, ഫിത്വ്‌റയെ സംരക്ഷിക്കുകയും നേരെ നിര്‍ത്തുകയും ചെയ്യുക എന്നതാണ്. 

രണ്ടാമത്തെ മൗലിക അടിത്തറ 'സമാഹത്ത്' ആണ്. വിശാലമനസ്‌കത. നീതി (അദ്ല്‍) യും നിഷ്പക്ഷത (ഇഅ്തിദാല്‍)യും മധ്യമ നിലപാടും (തവസ്സ്വുത്വ്) ചേര്‍ന്ന ഒരാശയമാണിത്. ഉദാര മനസ്സാണ് മനുഷ്യര്‍ക്ക് എക്കാലവും പഥ്യം. ഇതിന്റെ നേര്‍ എതിര്‍വശമാണ് തീവ്രത (ഗുലുവ്വ്). ശരീഅത്ത് പ്രയോഗവല്‍ക്കരിക്കാനുള്ളതായതുകൊണ്ട് തീവ്രനിലപാട് സ്വീകാര്യമല്ല, ഉദാര വീക്ഷണമേ പറ്റൂ. സമാഹത്തിന്റെ സാമൂഹിക രൂപമാണ് ഇളവ് (റുഖ്‌സ്വഃ). റുഖ്‌സ്വഃ സാധാരണ വ്യക്തികള്‍ക്കേ കൊടുക്കാറുള്ളൂ. അത് സമൂഹങ്ങള്‍ക്കും ലഭ്യമാക്കണം. ചില പ്രത്യേക ചുറ്റുപാടുകളില്‍ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക റുഖ്‌സ്വഃ അത്യാവശ്യമായി വരും. 

ഫിത്വ്‌റയും സമാഹത്തും ചേരുമ്പോഴാണ് സ്വാതന്ത്ര്യം (ഹുര്‍റിയ്യ) എന്ന മൂന്നാമത്തെ മൗലിക തത്ത്വം രൂപംകൊള്ളുന്നത്. തന്റെ നിലപാടുകള്‍ മറ്റൊരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്കൊത്ത് ആകാതിരിക്കുക എന്നതും തന്റെ കാര്യങ്ങള്‍ താന്‍ തന്നെ നിയന്ത്രിക്കുക എന്നതുമാണ് സ്വാതന്ത്ര്യത്തിന്റെ വിവക്ഷ. സ്വാതന്ത്ര്യം മനുഷ്യന്റെ നൈസര്‍ഗിക വാസനയാണ്. ചിന്ത, വാക്ക്, പ്രവൃത്തി തുടങ്ങിയ കഴിവുകള്‍ വികസിപ്പിക്കണമെങ്കില്‍ സ്വാതന്ത്ര്യം അനിവാര്യമാണ്. സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റം ഏറ്റവും വലിയ അതിക്രമങ്ങളിലൊന്നാണ്. അതിനാല്‍ ഏകാധിപത്യ (ഇസ്തിബ്ദാദ്) ത്തെ ചെറുക്കുക എന്നത് ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളിലൊന്നായി മാറുന്നു. അവകാശങ്ങളുടെ സംരക്ഷണം (മുറാആതുല്‍ ഹുഖൂഖ്) ആണ് നാലാമത്തെ അടിത്തറ. സ്വാതന്ത്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടത്. സമൂഹത്തിന്റെ സന്തുലിതത്വം (തവാസുന്‍) നിലനില്‍ക്കുക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ്. 

ഇങ്ങനെ നമ്മുടെ കാലത്തെ സജീവ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളുമായി ചേര്‍ത്തുനിര്‍ത്തി മഖാസ്വിദി പഠനങ്ങള്‍ക്ക് വലിയൊരു തുറസ്സ് സൃഷ്ടിക്കുകയാണ് ശൈഖ് ഇബ്‌നു ആശൂര്‍. നവീന മഖാസ്വിദീ പഠനങ്ങളെല്ലാം ഇബ്‌നു ആശൂറിന്റെ ചിന്തകളുടെ വിപുലനമോ അനുബന്ധമോ ആണെന്നു കാണാം. 

 

(തുടരും)

കുറിപ്പുകള്‍:

1. അല്‍ജുവൈനി-അല്‍ബുര്‍ഹാന്‍ 1/206, (അബ്ദുല്‍ അളീം അദ്ദീബ് സംശോധന നടത്തിയത്).

2. റയ്‌സൂനി-ഇമാമുല്‍ ഫിഖ്‌രി മഖാസ്വിദി, പേജ് 969.

3. അല്‍ അഗ്‌റാദ് അദ്ദഫ്ഇയ്യ വന്നഫ്ഇയ്യ

4. ജല്‍ബുല്‍ മസ്വാലിഹ്, ദര്‍ഉല്‍ മഫാസിദ്

5. ത്വലബു മാലം യുഹ്‌സ്വല്‍, വഹിഫഌ മാ ഹസ്വല്‍ 

6. അല്‍ ഹാജതുല്‍ ആമ്മ തന്‍സിലുമന്‍സിലത്തള്ളറൂറഃ

7. വിശദാംശങ്ങള്‍ക്ക് ഡോ. ഹിശാമുബ്‌നു സഈദ് അസ്ഹരിന്റെ മഖാസ്വിദുശ്ശരീഅ ഇന്‍ദ ഇമാമില്‍ ഹറമൈന്‍ (മക്തബതുര്‍റുശ്ദ്) എന്ന കൃതി കാണുക. 

8. ഖറദാവി-അല്‍ജുവൈനി ഇമാമുല്‍ ഹറമൈന്‍ (മക്തബത്തുല്‍ വഹബ, കയ്‌റോ), പേജ് 58.

9. ഇസ്സുദ്ദീന്‍-ഖവാഇദുല്‍ അഹ്കാം 1/8 

10. ഡോ. ഉമറുബ്‌നു സ്വാലിഹ്-മഖാസ്വിദുശ്ശരീഅഃ ഇന്‍ദല്‍ ഇമാം ഇസ്സുബ്‌നു അബ്ദിസ്സലാം

 

 

Comments

Other Post

ഹദീസ്‌

ജനസേവനത്തിലാണ് പാരത്രിക വിജയം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 51-54
എ.വൈ.ആര്‍