ഐ.എസിന്റെ പാപഭാരം മുസ്‌ലിംകള്‍ പേറേണ്ടതില്ല
മതങ്ങള്‍ മാനവരാശിയുടെ സമ്പത്താണ്. അതുകൊണ്ടുതന്നെ മതങ്ങള്‍ക്കിടയില്‍ ആദാനപ്രദാനങ്ങള്‍ ധാരാളമായി നടക്കേണ്ടതുണ്ട്. അപ്പോഴേ ബഹുസ്വര സ്വഭാവം സജീവമായി നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ ഇത്തരത്തിലുള്ള ബഹുസ്വരതകളിലേക്ക് മുസ്‌ലിം ജനസാമാന്യം ഉയര്‍ന്നുവരുമ്പോഴെല്ലാം അവരെ ഏതെങ്കിലും മൂലയിലേക്ക് തള്ളിമാറ്റുന്ന സമീപനം മാധ്യമങ്ങളും പൊതുസമൂഹവും സ്വീകരിച്ചുവരാറുണ്ട്. അതില്‍ മുസ്‌ലിംകളും അവരുടേതായ പങ്കുവഹിക്കുന്നുണ്ട്; അത് നിഷേധിക്കുക സാധ്യമല്ല. പൂനയിലെ ആക്ടിവിസ്റ്റുകളായ എന്റെ ചില സുഹൃത്തുക്കള്‍ വേദനയോടെ ഒരനുഭവം പങ്കുവെക്കുകയുണ്ടായി. ഗുജറാത്ത് സംഭവത്തിനു ശേഷം അതിനെതിരായി 25000 ദലിതുകള്‍ അണിനിരന്ന ഒരു വലിയ ജാഥ പൂനയിലെ തെരുവിലൂടെ കടന്നുപോകുമ്പോള്‍ താടിയും തൊപ്പിയും വെച്ച മുസ്‌ലിംകളെല്ലാം ഓരം ചേര്‍ന്ന് നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തത്. അവര്‍ ആ ജാഥയില്‍ അണിനിരന്നില്ല. ഞങ്ങള്‍ ഇതിലൊന്നും ഭാഗഭാക്കല്ല എന്ന് കരുതി സ്വയം മാറി നില്‍ക്കുകയായിരുന്നു.
എപ്പോഴെല്ലാം മതത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ തെരുവിലേക്ക് കൊണ്ടുവരുന്നുണ്ടോ അപ്പോഴെല്ലാം നിങ്ങള്‍ വേട്ടയാടപ്പെടും. മറിച്ച് പള്ളികളിലും ഏകാന്തതകളിലും ധ്യാനിച്ച് ഇരിക്കുകയാണെങ്കില്‍ പ്രത്യേകിച്ച് ആര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. അതുകൊണ്ടാണ് ഇന്ത്യയില്‍ സൂഫിസത്തിന്റെ സ്വാതന്ത്ര്യം അംഗീകരിച്ചുകിട്ടിയാല്‍ മതിയെന്നും മറ്റൊരു മനുഷ്യാവകാശ പ്രശ്‌നവും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ദേശീയ തലത്തില്‍ തന്നെ ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
മതങ്ങളൊക്കെയും സവിശേഷമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് രൂപപ്പെട്ടത്. ഒരു വ്യവസ്ഥിതിയോടുള്ള എതിര്‍പ്പ് എന്ന നിലയില്‍ അത് കടന്നുവരുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവം പരിശോധിച്ചാല്‍ അത് വ്യക്തമാകുന്നതാണ്. ശക്തമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമുള്ള ദര്‍ശനമാണ് ഇസ്‌ലാം. കേവലമായ ആത്മീയതക്കപ്പുറം ഭൗതിക ജീവിതത്തിന്റെയും ആത്മീയ ജീവിതത്തിന്റെയും സമന്വയം അതിലുണ്ട്. കേവലമായൊരു ധ്യാനപ്രസ്ഥാനം എന്ന നിലയില്‍ ഇസ്‌ലാമിന് മുന്നോട്ടുപോവുക സാധ്യമല്ല. ആ രൂപത്തില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെയും സാമൂഹികജീവിതത്തില്‍നിന്ന് അടര്‍ത്തിമാറ്റി, ഭ്രമാത്മകമായ ലോകത്തേക്ക് മനുഷ്യരെ കൊണ്ടുപോകുന്നതാണ്. ചില മതപ്രബോധകരുടെ പ്രഭാഷണങ്ങളും സ്ഖലിതങ്ങളും വിശ്വാസികള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ വളര്‍ത്താന്‍ കാരണമാകുന്നുണ്ട്.
വ്യത്യസ്ത ആശയങ്ങള്‍ രൂപപ്പെടുക സ്വാഭാവികമാണ്. ഞങ്ങളൊക്കെ എണ്‍പതുകളില്‍ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ളവരായിരുന്നു. വര്‍ഗശത്രുവിന്റെ ചോരയില്‍ കൈമുക്കി ചുമരില്‍ പതിക്കാത്തവന്‍ വിപ്ലവകാരിയല്ല എന്ന് പ്രഖ്യാപിച്ച ചാരു മജുംദാറിന്റെ ആശയങ്ങളിലേക്ക് അക്കാലത്ത് നിരവധി ആളുകള്‍ ആകര്‍ഷിക്കപ്പെടുകയുണ്ടായി. അങ്ങനെയാണ് ബംഗാളില്‍ നക്‌സല്‍ബാരി കാലഘട്ടം മുതല്‍ അനേകം വിപ്ലവകാരികള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ അണിനിരന്നത്. എന്നാല്‍ അനവധി വര്‍ഷങ്ങള്‍ക്കുശേഷം കനു സന്യാലിനെ പോലുള്ള വിപ്ലവ നേതാക്കള്‍ പോലും ആ പ്രസ്ഥാനം വിട്ടുപോയി. അദ്ദേഹത്തിന് പിന്നീട് വല്ലാത്ത ശൂന്യത അനുഭവപ്പെടുകയും 89-ാം വയസ്സില്‍ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്തു. അഥവാ സാമൂഹിക ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ഉള്‍ക്കൊള്ളാത്ത വിധമുള്ള അവരുടെ രാഷ്ട്രീയ സന്ദേശങ്ങള്‍ അവര്‍ക്കു തന്നെ വിനയായിമാറി. ഒരു തരത്തിലുള്ള സാമൂഹികമാറ്റവും സൃഷ്ടിക്കാന്‍ അതിന് സാധിച്ചതുമില്ല. ഇതിന് സമാനമായ രീതിയില്‍ മതത്തെ കേവല ആത്മീയതയുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ച് സാമൂഹിക കെട്ടുപാടുകളില്‍നിന്ന് മനുഷ്യരെ അടര്‍ത്തിമാറ്റി ഭ്രമാത്മകമായ ലോകത്തേക്ക് അവരെ കൊണ്ടുപോകുന്ന ആശയങ്ങള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണപ്പെടുന്നു.
വളരെ പെട്ടെന്നാണ് ഐ.എസ് എന്ന പേരില്‍ അത്യന്തം അപകടകരവും അവ്യക്തവുമായ ആശയങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. താലിബാന്‍ രൂപം കൊണ്ടതിന്റെ പശ്ചാത്തലം പോലും വ്യക്തമാണ്. രണ്ട് അധിനിവേശങ്ങള്‍ക്കെതിരെയുള്ള സ്വാഭാവികമായ ചെറുത്തുനില്‍പിന്റെ ഭാഗമായി ആയുധമണിഞ്ഞവരാണവര്‍.
ആധുനിക കാലഘട്ടത്തില്‍ മുസ്‌ലിംകള്‍ ആയുധമണിഞ്ഞ നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കേരളത്തിലും നമുക്കത് കാണാം. ആലി മുസ്‌ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയും ആയുധമണിഞ്ഞിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പടപൊരുതിയ കുഞ്ഞാലി മരക്കാര്‍ ആയുധമെടുത്തിട്ടുണ്ട്. തങ്ങള്‍ പിറന്ന രാഷ്ട്രം അപകടപ്പെടുമ്പോള്‍ ആ രാഷ്ട്രത്തിന്റെ ശത്രുക്കള്‍ക്കെതിരെ പോരാടുന്നത് ജിഹാദാണ് എന്ന വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ആയുധമെടുത്ത് പോരാടിയവരാണവര്‍. അധിനിവേശ ശക്തികളെ തുരത്തി നാനാ ജാതി, ഗോത്ര, മത വൈവിധ്യമുള്ള ഒരു രാഷ്ട്രത്തെ അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയുള്ള വിമോചന പോരാട്ടത്തിലേര്‍പ്പെട്ടവരായിരുന്നു അവര്‍. ഈ പോരാട്ടത്തിനുള്ള ഊര്‍ജം അവര്‍ക്ക് സമ്മാനിച്ചത് പ്രവാചക ജീവിതവും വിശുദ്ധ ഖുര്‍ആനുമാണ്. അതിന്റെ ഗുണഫലം അനുഭവിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല, രാഷ്ട്രത്തിലെ മുഴുവന്‍ മനുഷ്യരുമാണ്. താലിബാന്റെ തുടക്കവും അപ്രകാരമാണ്. പിന്നീട് ഏതെല്ലാം വിധത്തില്‍ താലിബാന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു എന്നത് മറ്റൊരു വിഷയമാണ്. അതിന് ബഹുസ്വരതയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ, ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ള സംഘടനയായി മാറിയോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ചില ഗോത്രങ്ങളുടെ ആദിമമായ പകയിലേക്കും വിദ്വേഷത്തിലേക്കും ആയുധങ്ങളെ ചുരുക്കിക്കൊണ്ടുവന്നതിന്റെ വലിയ തകര്‍ച്ച അഫ്ഗാനിസ്താനില്‍ ഈ സംഘം നേരിടുകയുണ്ടായി. എന്നാല്‍ സാമ്രാജ്യത്വ അധിനിവേശ വിരുദ്ധമായ ആശയങ്ങള്‍ ആദ്യഘട്ടത്തില്‍ അത് ഉള്‍ക്കൊണ്ടിരുന്നു.
താലിബാന്റെ അത്രപോലും ഐ.എസിനെ സംബന്ധിച്ച് വ്യക്തതയില്ല. കേരളത്തില്‍ ഒട്ടനവധി കെട്ടുകഥകള്‍ ചമയ്ക്കപ്പെടുന്നുണ്ട്. അതിലൊന്നായിരുന്നു ലൗ ജിഹാദ്. ആളുകള്‍ മതം മാറുന്നതിന് ഞാന്‍ എതിരല്ല. എന്നാല്‍ ഉദരത്തിലൂടെയോ ജനനേന്ദ്രിയത്തിലൂടെയോ പടരേണ്ടുന്ന ഒന്നല്ല മതം. മറിച്ച് അത്യഗാധമായ ആശയ പഠനത്തിലൂടെ രൂപപ്പെടേണ്ടതാണത്. ലൗ ജിഹാദ് പോലെ നിരവധി കെട്ടുകഥകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട് നമ്മുടെ നാട്ടില്‍. അതിന്റെ പേരില്‍ എന്റെ സഹോദര•ാരായ മുസ്‌ലിംകള്‍ക്ക് വലിയ വില നല്‍കേണ്ടിവരുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്.
സാകിര്‍ നായികിന്റെ ആശയങ്ങള്‍ വലിയൊരളവ് എനിക്ക് സ്വീകാര്യമല്ല. അദ്ദേഹത്തിന്റെ പാണ്ഡിത്യവും തിയോളജിയിലുള്ള അഗാധമായ ജ്ഞാനവും അംഗീകരിച്ചുകൊണ്ടുതന്നെ അതിനോടുള്ള വിയോജിപ്പ് ഞാന്‍ പ്രകടിപ്പിക്കുകയാണ്. എന്നാല്‍, ഇന്ത്യ പോലുള്ള രാഷ്ട്രത്തില്‍ മതപ്രബോധനവും ആശയപ്രചാരണവും നടത്താനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്.
യമനിലെ സലഫി അക്കാദമികളെ സംബന്ധിച്ച് ഞാന്‍ പഠനം നടത്തിയിട്ടുണ്ട്. ജനമധ്യത്തിലേക്ക് പോകേണ്ടുന്ന ഒരു മതത്തെ ഏകാന്തമായ, ദുരൂഹമായ ഇടങ്ങളിലേക്ക് കൊണ്ടുപോകുന്ന സംവിധാനങ്ങളാണ് അവയില്‍ ചിലത്. മതം മനുഷ്യനെ ഭ്രമാത്മക ലോകത്തേക്ക് കൊണ്ടുപോവുകയും അവനെ ഭ്രാന്തനാക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചാല്‍ അത് മതത്തോടും വേദഗ്രന്ഥത്തോടും പ്രവാചകനോടും ചെയ്യുന്ന അനീതിയാണ്. യമനില്‍ സലഫിസത്തിന്റെ ഒരു ധാരയെങ്കിലും അപായകരമാംവിധം ആ രാഷ്ട്രത്തിലെ ജനങ്ങളെ സ്വത്വപ്രതിസന്ധിയിലേക്കും പാര്‍ശ്വവത്കരണത്തിലേക്കും നയിച്ചിട്ടുണ്ട്. അതേ സലഫിസം തന്നെയാണോ കേരളത്തിലുള്ളത് എന്ന കാര്യം വേറെ ചര്‍ച്ചചെയ്യണം. കാരണം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ വലിയൊരു നവോത്ഥാന ആശയമായി രൂപംകൊണ്ടതാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. ഇതര മതവിശ്വാസികള്‍ വിശുദ്ധ ഖുര്‍ആന്‍ തൊട്ടുപോയാല്‍ കണ്ണ് പൊട്ടിപ്പോകും എന്ന് പ്രചരിപ്പിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ അമാനി മൗലവിയെ പോലുള്ള പണ്ഡിത•ാരുടെ ഖുര്‍ആന്‍ പരിഭാഷ സാമൂഹിക ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി എന്ന യഥാര്‍ഥ്യം ഞാന്‍ അംഗീകരിക്കുന്നുണ്ട്. ഈ പ്രസ്ഥാനത്തില്‍നിന്നുതന്നെ പിളര്‍ന്നുപോയ മറ്റു ചില ധാരകള്‍ക്ക് എന്തു സംഭവിച്ചു എന്ന് ഞാന്‍ പറയേണ്ടതില്ല.
'അല്ലെങ്കിലേ പാട്ടി കരഞ്ഞുകൊണ്ട്; അതിനിടയില്‍ കുട്ടി കൂടി ചത്താലുള്ള അവസ്ഥയെന്തായിരിക്കും' എന്ന് പറഞ്ഞതുപോലെയാണ് മുസ്‌ലിം സമൂഹത്തിന്റെ നിലവിലെ അവസ്ഥ. അത് നിരന്തരം നിരവധി പ്രഹരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. അതിനിടയിലാണ് ഐ.എസിന്റെ പാപഭാരം കൂടി. ഒരു കാര്യം വ്യക്തമാണ്. ഈ പാപഭാരം ഏറ്റെടുക്കേണ്ട ഒരു ബാധ്യതയും ഞങ്ങള്‍ക്കില്ല എന്ന് മുസ്‌ലിംകള്‍ തുറന്നുപറയണം. അക്കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇത്തരത്തിലുള്ള പുകമറകള്‍ സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് തുടക്കത്തില്‍തന്നെ 'ഐ.എസ് ഇസ്‌ലാമല്ല' എന്ന തലക്കെട്ടില്‍ വലിയൊരു കാമ്പയിന്‍ കേരളത്തില്‍ തുടങ്ങിവെച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്. പറയാനുള്ളത് നേരത്തേ തന്നെ വ്യക്തമായി പറഞ്ഞ സ്ഥിതിക്ക് ഇതിന്റെ ഒരു പാപഭാരവും നിങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവരില്ല. നിങ്ങള്‍ പറയുന്ന ആശയങ്ങളില്‍ സമുദായം ഒറ്റക്കെട്ടായി അണിനിരക്കാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്. അങ്ങനെയെങ്കിലും പലതായി ചിതറിനില്‍ക്കുന്ന മുസ്‌ലിം സമുദായത്തിനിടയില്‍ ഒരു ഐക്യമുണ്ടാകുന്നുണ്ടെങ്കില്‍ അത് നല്ലതു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.
അപായകരമാംവിധം മുസ്‌ലിംവിരുദ്ധത ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നു. വര്‍ഗീതയും തീവ്രവാദവും പ്രസംഗിച്ചതിന് വ്യക്തമായ തെളിവില്ലെന്നിരിക്കെ തന്നെ സാകിര്‍ നായിക് വേട്ടയാടപ്പെടുന്നു. അതേസമയം മുസ്‌ലിംകളെ ഇന്ത്യയില്‍നിന്ന് ആട്ടിപ്പുറത്താക്കണം തുടങ്ങി വര്‍ഗീയ വിഷം വമിക്കുന്ന വര്‍ത്തമാനങ്ങള്‍ തെരുവില്‍ പച്ചക്ക് പ്രസംഗിക്കുന്നവര്‍ സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യത്തിന് ഗുണകരമല്ല. ഇത്തരം സങ്കീര്‍ണമായ സാഹചര്യത്തില്‍ മുസ്‌ലിം സമൂഹത്തെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തി വിചാരണ ചെയ്യാന്‍ ഐ.എസ് പോലുള്ള ക്ഷുദ്രസംഘങ്ങള്‍ കളമൊരുക്കുന്നു.
ഐ.എസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. അതുപോലെ തന്നെ കേവല ധ്യാനപ്രസ്ഥാനത്തിനും പ്രവാചകനുമായി ബന്ധമില്ല. ദിവ്യസന്ദേശം ലഭിച്ച ശേഷം ഹിറാ ഗുഹയിലേക്ക് പ്രവാചകന്‍ മടങ്ങിപ്പോയതിന് തെളിവായി ഒരു ചരിത്രരേഖയും ലഭ്യമല്ല. ശിഷ്ടകാലം ജനങ്ങള്‍ക്കിടയിലാണ് പ്രവാചകന്‍ ജീവിച്ചത്. ബഹുസ്വരതകളെ അദ്ദേഹം അസാധാരണമാംവിധം അഭിസംബോധന ചെയ്തു. അദ്ദേഹം വെള്ളത്തിന്റെ രാഷ്ട്രീയത്തില്‍ ഇടപെട്ടു. കിണര്‍ ഒരു സവിശേഷമായ അധിനിവേശത്തിന്റെ ഭാഗമായി പിടിച്ചെടുക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ ആ കിണറിനെ മോചിപ്പിച്ച് പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുത്തു. അദ്ദേഹം യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതോടൊപ്പം അപാരമായ വിട്ടുവീഴ്ചയും ആ ജീവിതത്തില്‍ ദര്‍ശിക്കാന്‍ കഴിയും. ഒരു സമൂഹജീവിതത്തില്‍ തന്റെ വിട്ടുവീഴ്ചകൊണ്ട് താല്‍ക്കാലികമായ സമാധാനം ഉണ്ടാകുമെങ്കില്‍ അതിന് സന്നദ്ധനായ പ്രവാചകനെ ഹുദൈബിയാ സന്ധിയില്‍ നമുക്ക് കാണാം. ബഹുസ്വരതകളെ പ്രവാചകന്‍ എങ്ങനെ പരിപാലിച്ചു എന്ന് മദീന എന്ന സ്വപ്നതുല്യമായ രാഷ്ട്രത്തിന്റെ രൂപവത്കരണം പഠിച്ചാല്‍ വ്യക്തമാകും. കരുണ്യവാനും പ്രതാപശാലിയും സര്‍വശക്തനുമായ ദൈവത്തിന് ഇസ്‌ലാം മാത്രം മതി ഈ ലോകത്ത് എന്ന് തീരുമാനിക്കാമായിരുന്നല്ലോ? ദൈവം തന്നെ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഈ ബഹുസ്വരതകളെ സ്വീകരിക്കേണ്ടത് നമ്മെ സംബന്ധിച്ചേടത്തോളം അനിവാര്യമാണ്.
അതുകൊണ്ടുതന്നെ ജിഹാദിനെ സംബന്ധിച്ച ഐ.എസിന്റെ വ്യാഖ്യാനം എനിക്ക് സ്വീകാര്യമല്ല. എങ്ങനെയാണ് ഇത്രയും കൊടും ക്രൂരതകള്‍ ഇസ്‌ലാമിന്റെ പേരില്‍ ചെയ്യാന്‍ കഴിയുന്നത്? യുദ്ധസന്ദര്‍ഭത്തില്‍ പോലും കുട്ടികളും വൃദ്ധരും ഇരകളാക്കപ്പെടരുതെന്ന് പ്രവാചകന്‍ കല്‍പിച്ചിട്ടുണ്ട്. ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും അദ്ദേഹം ശക്തമായി പ്രേരിപ്പിച്ചു. ചരിത്രത്തില്‍ തുല്യതയില്ലാത്ത മഹാ മാപ്പ് മക്കാവിജയ സന്ദര്‍ഭത്തില്‍ നമുക്ക് കാണാം. വിജയശ്രീലാളിതരായി പ്രവാചകനും സംഘവും മക്കയില്‍ പ്രവേശിച്ചു. ഒന്നുകില്‍ മുഹമ്മദിന്റെ വാളിനിരയാകും, അല്ലെങ്കില്‍ തുറുങ്കിലടക്കപ്പെടും എന്നാണ് ശത്രുക്കളെല്ലാം ധരിച്ചത്. എന്നാല്‍ പ്രവാചകന്‍ എല്ലാവര്‍ക്കും മാപ്പുകൊടുത്തു. അങ്ങനെയുള്ള പ്രവാചകന്റെ പേരിലെങ്ങനെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടത്താന്‍ കഴിയും? അതിനാല്‍ ഐ.എസ് ഇസ്‌ലാമല്ല എന്ന് നമുക്ക് ഉറക്കെ പറയേണ്ടിവരും.
ഐ.എസിന്റെ സൃഷ്ടിക്കു പിന്നില്‍ പ്രധാനമായും രണ്ട് താല്‍പര്യങ്ങളുണ്ട്. ആയുധവിപണി സജീവമാക്കലും ഇസ്‌ലാം ഭീതിയുടെ ആക്കംകൂട്ടലും. അമേരിക്ക എപ്പോഴെല്ലാം പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം ലോകത്ത് ഭീകരവാദവും യുദ്ധവും വര്‍ധിച്ചിട്ടുണ്ട്. ആയുധവിപണി തകര്‍ച്ച നേരിട്ടാല്‍ അമേരിക്ക പ്രതിസന്ധിയിലകപ്പെടും. അതിനാല്‍ ലോകത്ത് ഭീകരവാദവും യുദ്ധവും സംഘര്‍ഷാവസ്ഥയും സജീവമായി നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിന്റെ ഗുണഫലം ലഭിക്കുന്നത് ആയുധക്കമ്പനികള്‍ക്കാണ്. ലോകത്തെല്ലായിടത്തും ഇസ്‌ലാംവിരുദ്ധതക്ക് ആക്കംകൂട്ടലും ഐ.എസിന്റെ അണിയറക്കാര്‍ ലക്ഷ്യം വെക്കുന്നു.
ഐ.എസ് ഇപ്പോഴും അവ്യക്തമായി, ദുരൂഹമായി അവശേഷിക്കുകയാണ്. അബൂബക്കര്‍ ബഗ്ദാദി ആരെന്ന് പോലും ആര്‍ക്കും അറിഞ്ഞുകൂടാ. ഇത്തരം ദുരൂഹമായ കഥകളുടെ ചുരുളഴിച്ച് ചര്‍ച്ചചെയ്യുമ്പോഴേക്കും മനുഷ്യരുടെ ഹൃദയത്തിനകത്ത് ഒരുപാട് വിള്ളലുകള്‍ സംഭവിച്ചിരിക്കുമെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണം. കൂടുതല്‍ കൂടുതല്‍ അകലങ്ങളിലേക്കും സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും അതുകൊണ്ടുപോകും എന്ന് തിരിച്ചറിയുകയും വേണം.
ഇത്തരം തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും സൃഷ്ടിയാണെന്നു പറഞ്ഞ് മുസ്‌ലിം സമൂഹം പലപ്പോഴും കൈകഴുകി ഒഴിവാകുന്ന രീതിയും ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. അമേരിക്കയും ഇസ്രയേലും ഇതിന്റെ പ്രമോട്ടര്‍മാരാണെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ഭ്രാന്ത് പിടിച്ചുപോയ കുറേ ആളുകളെങ്കിലും ഈ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.
ഐ.എസ് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തില്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചകജീവിതവും മുന്നില്‍വെച്ച് ഐ.എസ് ഇസ്‌ലാമല്ല എന്ന് തീര്‍ച്ചയായും നമുക്ക് തെളിയിക്കാന്‍ കഴിയും. ഇത് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കാന്‍ അതുവഴി സാധ്യമാകും. ഐ.എസിന്റെ ആശയങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം പ്രവാചകനെ തെരുവിലേക്ക് കൊണ്ടുവരിക എന്നതാണ്. ഇസ്‌ലാമിന്റെ സാമൂഹിക- രാഷ്ട്രീയ ഉള്ളടക്കം പൊതുജനമധ്യത്തില്‍ അവതരിപ്പിക്കുകയും മുസ്‌ലിം സമൂഹം അതിനെ പ്രതിനിധീകരിക്കുകയും ചെയ്യണം. ദിവ്യസന്ദേശം ലഭിച്ചതിനു ശേഷം പ്രവാചകന്‍ ഹിറാ ഗുഹയിലേക്ക് മടങ്ങിപ്പോയിട്ടില്ല എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കേണ്ടത് ചരിത്രപരമായ ഒരനിവാര്യതയാണ്.
('ഐ.എസ് എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി പാലക്കാട്ട് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രമുഖ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം).
തയാറാക്കിയത്: സി.എസ് ഷാഹിന്‍
Comments