Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 05

2962

1437 ദുല്‍ഖഅദ് 02

ഹംസ മൗലവി ഫാറൂഖി പാണ്ഡിത്യവും ലാളിത്യവും സമന്വയിച്ച വ്യക്തിത്വം

എം. മെഹ്ബൂബ് തിരുവനന്തപുരം

പാണ്ഡിത്യവും ലാളിത്യവും വിതറി ഒന്നര പതിറ്റാണ്ടിലേറെ തിരുവനന്തപുരത്ത് വിശാല സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത പി.കെ ഹംസ മൗലവി ഫാറൂഖി റമദാന്‍ മുപ്പതിന് അല്ലാഹുവിങ്കലേക്ക് യാത്രയായി. ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ പാലക്കാട് ജില്ലാ നാസിമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് 1998-ല്‍ അദ്ദേഹം തിരുവനന്തപുരം പാളയം പള്ളി ഇമാമായി ചുമതലയേറ്റ് തലസ്ഥാനനഗരിയിലെത്തിയത്. തിരുവനന്തപുരത്ത് ഔദ്യോഗിക-അനൗദ്യോഗിക മേഖലകളില്‍ സാധ്യമാവുന്നത്ര മികവോടെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കാന്‍ പാളയം ഇമാം എന്ന നിലയില്‍ അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മതസൗഹാര്‍ദവേദികള്‍, ശാന്തിസമിതി, ഫ്രൈഡേ ക്ലബ് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തിരുവനന്തപുരം ഗാന്ധിഭവന്റെ പരിപാടികളിലെ സ്ഥിരം ക്ഷണിതാവുമായിരുന്നു. മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ആവേശം പകര്‍ന്നു. 1998 മുതല്‍ 2008 വരെയുള്ള ഒരു ദശാബ്ദം പാളയം മസ്ജിദിനും തിരുവനന്തപുരത്തിനും ആത്മീയനേതൃത്വം നല്‍കി എന്നതോടൊപ്പം തികഞ്ഞ പണ്ഡിതന്‍ കൂടിയായ അദ്ദേഹം വിവിധ വേദികളിലും സംരംഭങ്ങളിലും വിജ്ഞാനവും പകര്‍ന്നുനല്‍കി. മര്‍ഹൂം പി.കെ കോയാ മൗലവിയുടെ അധ്യക്ഷതയിലുള്ള പൂന്തുറ ഹിദായത്തുല്‍ ഇസ്‌ലാം അറബിക് കോളേജിന്റെ സനദ്ദാന സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. ആദ്യമായി അവിടെ പ്രഭാഷണം നടത്തിയ പാളയം ഇമാം അദ്ദേഹമായിരുന്നു. പാളയത്തോട് കൂടുതല്‍ അടുപ്പം ഈ കോളേജിനും അവിടത്തെ പണ്ഡിതന്മാര്‍ക്കും അതുവരെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പാണ്ഡിത്യം കോയാ മൗലവിയില്‍ മതിപ്പുണ്ടാക്കി. അന്നുമുതലാണ് തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും നോമ്പ്-പെരുന്നാളുകള്‍ പലപ്പോഴും വ്യത്യസ്ത ദിനങ്ങളില്‍ ആയിരുന്നത് ഏകോപിപ്പിക്കാന്‍ അവസരമുണ്ടായത്. മുസ്‌ലിം ഐക്യം പൊതുവിഷയങ്ങളില്‍ സാധ്യമാക്കുന്നതിനും നോമ്പ്-പെരുന്നാളുകള്‍ കേരളത്തില്‍ ഏകോപിപ്പിക്കുന്നതിനും കോയാ മൗലവിയെക്കൂടി ഉള്‍പ്പെടുത്തി പാളയം പള്ളി കേന്ദ്രീകരിച്ച് പണ്ഡിതന്മാരുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നതിന് തുടക്കം കുറിച്ചത് ഹംസ മൗലവിയാണ്. 

അദ്ദേഹത്തിന്റെ ഖുത്വ്ബകള്‍ കാലികവും വൈജ്ഞാനികവും ആവേശോജ്ജ്വലവുമായിരുന്നു. ഖുത്വ്ബയിലെ പ്രധാന ഭാഗങ്ങള്‍ കുറിച്ചെടുക്കുന്നതിന് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി ധാരാളം പേര്‍ ജുമുഅ ദിവസം നേരെത്തെയെത്തി മുന്നില്‍ സ്ഥാനം പിടിച്ചിരുന്നു. മദ്യം, പലിശ, സ്ത്രീധനം, വിവാഹം, സകാത്ത് എന്നീ വിഷയങ്ങളിലായിരിക്കും അദ്ദേഹം കൂടുതല്‍ ഖുത്വ്ബ നിര്‍വഹിച്ചിട്ടുണ്ടാവുക. സകാത്ത് വിഷയത്തിലെ അദ്ദേഹത്തിന്റെ ആവേശം പലര്‍ക്കും പ്രചോദനമേകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും സകാത്ത് കമ്മിറ്റികള്‍ ഉണ്ടാകുന്നതിന് ഇത് പ്രേരകമായി. വിവാഹധൂര്‍ത്തിനെതിരെ ധാരാളം പ്രഭാഷണങ്ങള്‍ നടത്തിയ അദ്ദേഹം തന്റെ മകളുടെ വിവാഹം പാളയം പള്ളിയങ്കണത്തില്‍ ലളിതമായി നടത്തി മാതൃകയായി. അന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും സംഘടനാ നേതാക്കളും പണ്ഡിതന്മാരും പൊതുജനങ്ങളും ആ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ക്ഷണിക്കപ്പെടുന്ന എല്ലാ പരിപാടികളിലും സാധ്യമായത്ര അദ്ദേഹം പങ്കെടുത്തു. ഭക്ഷണത്തിലോ വാഹനത്തിലോ പ്രത്യേക പരിഗണന ആഗ്രഹിച്ചില്ല. ബസ്സിലും ഓട്ടോറിക്ഷയിലും യാത്രചെയ്ത് പരിപാടികളില്‍ പങ്കെടുക്കുന്നതിന് പാളയം ഇമാം സ്ഥാനം അദ്ദേഹത്തിന് തടസ്സമായില്ല. എല്ലാ രംഗത്തും അദ്ദേഹം ലാളിത്യം സ്വീകരിച്ചു. ദക്ഷിണ കേരളത്തില്‍ അറിയപ്പെടുന്ന പണ്ഡിതനായി മാറാന്‍ പാളയം ഇമാം സ്ഥാനം അദ്ദേഹത്തിനു തുണയായി. ഇതുകൊണ്ടുതന്നെ വിവിധ ക്രൈസ്തവ സഭകള്‍, സന്യാസിമഠങ്ങള്‍, ശിവഗിരി, ഇസ്‌ലാമിക കലാലയങ്ങള്‍ എന്നിവയുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചു. പിന്നീട്  ശാന്തപുരം അല്‍ജാമിഅയിലും തളിക്കുളം ഇസ്‌ലാമിയ കോളേജിലും സേവനം ചെയ്തുവെങ്കിലും വീണ്ടും തിരുവനന്തപുരത്ത് എത്തിയതുവഴി പഴയബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കാനും സാംസ്‌കാരിക രംഗത്ത് സംഭാവനകള്‍ അര്‍പ്പിക്കാനും സാധിച്ചു. 

തിരുവനന്തപുരം തമ്പാനൂര്‍ ഇമാമായി തുടരുമ്പോഴാണ് വൃക്കരോഗം കണ്ടെത്തിയത്. ചികിത്സാര്‍ഥം കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം പാലക്കാട് ജില്ലയിലെ സ്വദേശത്തേക്ക് മടങ്ങി. അവിടെവെച്ചാണ് അന്ത്യം സംഭവിച്ചത്. കവയിത്രി സുഗതകുമാരി, പി. ഗോപിനാഥന്‍ നായര്‍, ഡോ. സൂസൈപാക്യം, കര്‍ദിനാള്‍ ക്ലിമ്മിസ് മാര്‍ ബസേലിയോസ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, സ്വാമി അശ്വതിതിരുനാള്‍, സ്വാമി സൂക്ഷ്മാനന്ദ, മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം നജീബ്, ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ അബ്

ദുല്‍അസീസ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരം ഇസ്‌ലാമിക് സെന്ററിലും പാളയം മഹല്ല്  പള്ളിയങ്കണത്തിലും മുസ്‌ലിം അസോസിയേഷന്‍ ഹാളിലും നടന്ന അനുസ്മരണ യോഗങ്ങളില്‍ മുകളില്‍ പറഞ്ഞവരെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഫാ. ജോര്‍ജ് ഗോമസ്, എച്ച്. ശഹീര്‍ മൗലവി, നാരായണന്‍ തമ്പി, പാളയം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എസ്.എ അസീം, സെക്രട്ടറി എം. സലിം തുടങ്ങിയവരും പങ്കെടുത്തത് അദ്ദേഹം കാത്തുസൂക്ഷിച്ച സൗഹൃദത്തിന് നിദര്‍ശനമാണ്.  

ജീവിതാവസാനം വരെ പ്രസ്ഥാനപ്രവര്‍ത്തനം ആവേശമായി കണ്ട വ്യക്തിയായിരുന്നു ഹംസ മൗലവി. ഏതു വിഷയത്തിലും സ്വന്തമായ അഭിപ്രായവും നിലപാടും തീരുമാനവും വെച്ചുപുലര്‍ത്തുമ്പോഴും, അതില്‍നിന്ന് വ്യത്യസ്തമായി ശൂറയുടെയോ പ്രസ്ഥാന നേതൃത്വത്തിന്റെയോ തീരുമാനവും അഭിപ്രായവും അറിയിച്ചാല്‍ തന്റെ നിലപാട് ത്യജിച്ച് പ്രസ്ഥാനത്തിന് പരിഗണന നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പാളയം പ്രാദേശിക ജമാഅത്തിലെ അംഗങ്ങളായിരുന്നു അദ്ദേഹവും സഹധര്‍മിണി സുഹ്‌റാ സാഹിബയും. കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍ നടന്ന അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രണ്ടുപേരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ചികിത്സക്ക് തടസ്സമാകുന്നതുകൊണ്ടും വിശ്രമം ആവശ്യമായതുകൊണ്ടും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മര്‍യം സിദ്ദീഖ, അനീഖ, നമീഖ, അബ്ദുല്‍ഹഖ്, അതീഖ, അശ്ഫാഖ് (അബുദബി), വഫീഖ എന്നിവരാണ് മക്കള്‍. ഇഖ്ബാല്‍, ടി.എം ശരീഫ് (മസ്ജിദ് ലുഅ്‌ലുഅ്, കോഴിക്കോട്) ജഅ്ഫര്‍, അല്‍ത്വാഫ്, ഷനൂജ്, നൗഫിയ എന്നിവര്‍ മരുമക്കളാണ്. അല്ലാഹു അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നത സ്ഥാനം നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ-ആമീന്‍. 

 

പി.സി മൊയ്തു മാസ്റ്റര്‍ 
എന്ന കര്‍മയോഗി

 

പി.സി മൊയ്തു മാസ്റ്റര്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയിലും സാമൂഹിക രംഗത്തും മഹത്തായ സംഭാവനകളര്‍പ്പിച്ച് ആറു പതിറ്റാണ്ടുകാലത്തെ അനുഗൃഹീത നേട്ടങ്ങളുമായാണ് 86-ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞത്. വലിയ ശിഷ്യസമ്പത്തും സുഹൃദ്‌വൃത്തവുമായി അദ്ദേഹം കണ്ണൂര്‍ ജില്ലയിലെ നവോത്ഥാന കൂട്ടായ്മയില്‍ അര്‍പ്പിച്ച സേവനം മാതൃകാപരമാണ്. ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നതിനു മുമ്പുതന്നെ രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അനീതിക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. ജന്മദേശമായ കാഞ്ഞിരോട് മഹല്ലിന്റെ സംസ്‌കരണ സംരംഭങ്ങള്‍ക്ക് എതിര്‍പ്പുകള്‍ അവഗണിച്ചും അദ്ദേഹം നേതൃത്വം നല്‍കി. യാഥാസ്ഥിതികതയുടെ മൂടുപടം പറിച്ചെറിയാന്‍ പള്ളിദര്‍സില്‍ മതപഠനം നടത്തിയ മൊയ്തു മാസ്റ്റര്‍ ധീരമായി മുന്നിട്ടിറങ്ങിയിരുന്നു. സമുദായത്തില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചിരുന്ന പണ്ഡിത വേഷധാരികളെ അദ്ദേഹം സംവാദത്തിലൂടെ പരാജയപ്പെടുത്തി.

നാദാപുരത്തിനടുത്ത ഗ്രാമവാസിയായ കീരി മുഹമ്മദ് മുസ്‌ലിയാരുടെയും പള്ളിക്കചാലില്‍ മര്‍യമിന്റെയും മകനായി 1930-ല്‍ ജനിച്ച മൊയ്തു മാസ്റ്റര്‍ പിതാവ് നടത്തിയിരുന്ന നാദാപുരം പള്ളിദര്‍സിലാണ് മതപഠനം നടത്തിയത്. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗമായ ടി.കെ അബ്ദുല്ല സാഹിബിന്റെ പിതാവും പ്രസിദ്ധ മത പണ്ഡിതനുമായ ആയഞ്ചേരി തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ സമകാലികനും സഹകാരിയുമായിരുന്നു പിതാവ്. പള്ളിദര്‍സ് പഠനത്തോടൊപ്പം ഇ.എസ്.എല്‍.സിയും അന്നത്തെ ടി.ടി.സിക്ക് തുല്യമായ ഹയര്‍ ട്രെന്‍ഡ് ടീച്ചര്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി കാഞ്ഞിരോട് എ.യു.പി സ്‌കൂളില്‍ 1955-ല്‍ അധ്യാപകനായി ചേര്‍ന്നു. പള്ളിദര്‍സ് പഠനത്തോടൊപ്പം ഇ.എസ്.എല്‍.സി കൂടി പാസായ അദ്ദേഹം കാഞ്ഞിരോട് ദര്‍സില്‍ കുറച്ചുകാലം മുദര്‍രിസായും ജോലി ചെയ്തിട്ടുണ്ട്. 'വലിയ മുസ്‌ലിയാരെ'ന്നും 'നാദാപുരം മുസ്‌ലിയാരെ'ന്നും നാട്ടുകാര്‍ക്കിടയില്‍ പ്രസിദ്ധനായ പിതാവിന്റെ പുത്രനെന്ന നിലക്ക് നാട്ടുകാരുടെ കണ്ണിലുണ്ണിയായ അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടത്തിയ ധീരസമരങ്ങള്‍ മൂലം ചിലരുടെ കണ്ണില്‍ കരടായി മാറിയെങ്കിലും പൊതുജനങ്ങളുടെ ആദരണീയനായ ഗുരുവായിരുന്നു മൊയ്തു മാസ്റ്റര്‍. കാഞ്ഞിരോട് ഗ്രാമത്തില്‍ അഭ്യസ്തവിദ്യരായ ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് സ്മരണീയമാണ്. സാമ്പത്തിക പ്രയാസം മൂലം പഠനം നിര്‍ത്തിയ പലരെയും തുടര്‍ പഠനത്തിന് പ്രേരിപ്പിച്ചത് മൊയ്തു മാസ്റ്ററുടെ ഉപദേശങ്ങളും സാമ്പത്തിക സഹായവുമായിരുന്നു.

സ്‌കൂള്‍ അധ്യാപകനായിരിക്കെത്തന്നെ മുസ്‌ലിം ലീഗ് ബാനറില്‍ മത്സരിച്ച് കാഞ്ഞിരോട് പഞ്ചായത്ത് മെമ്പറായും കാഞ്ഞിരോട് മഹല്ല് ജമാഅത്ത് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹല്ല് കമ്മിറ്റിയുടെ ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരുന്ന അദ്ദേഹം അതില്‍ സാമൂഹികസേവനം കൂടി ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് യാഥാസ്ഥിതികരില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. സാമൂഹിക സേവനത്തിന്റെ ഇസ്‌ലാമിക മാനം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ആ സന്ദര്‍ഭം പ്രയോജനപ്പെടുത്തി. പള്ളിയില്‍ ഒരു വെള്ളിയാഴ്ച ഉറുദി (മതോപദേശം) പറഞ്ഞ മുസ്‌ലിയാര്‍ ഹജ്ജിനുള്ള തന്റെ മുറാദ് പറഞ്ഞ് പണപ്പിരിവ് നടത്തി സ്ഥലം വിട്ടു. വിവരമറിഞ്ഞ മൊയ്തു മാസ്റ്റര്‍ തൊട്ടടുത്ത വെള്ളിയാഴ്ച ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തെ കാര്യമായ ഹജ്ജ് സാമ്പത്തികവും ശാരീരികവുമായ ശേഷിയുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമായ കാര്യമാണെങ്കിലും കഴിഞ്ഞയാഴ്ച നിങ്ങള്‍ ഹജ്ജിന് ഒരു മുസ്‌ലിയാര്‍ക്ക് സംഭാവന നല്‍കിയ പോലെ ഇസ്‌ലാം കാര്യങ്ങളിലെ നാലാം കാര്യമായ സകാത്ത് നല്‍കാന്‍ എനിക്ക് മുറാദുണ്ട്, അതിനാല്‍ നിങ്ങള്‍ എന്നെ സംഭാവന നല്‍കി സകാത്ത് നല്‍കാന്‍ സഹായിക്കണമെന്ന് ഉറുദി പറഞ്ഞത് പലരും അനുസ്മരിക്കാറുണ്ട്. ഒരിക്കല്‍ ഒരു ദിനപത്രവുമായി പള്ളിയില്‍ കയറിയ മൊയ്തു മാസ്റ്ററെ മുസ്‌ലിയാര്‍ വിമര്‍ശിച്ചു. ഏറ്റവും കൊടിയ കാഫിറായ ഫിര്‍ഔനിന്റെ കഥ പറയുന്ന ഖുര്‍ആന്‍ നിങ്ങള്‍ പള്ളിയില്‍ കയറ്റാറില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ കുഞ്ഞപ്പ മാസ്റ്ററുടെ സംശയം ഏകദൈവ വിശ്വാസികളെന്ന് വാദിക്കുന്ന മുസ്‌ലിംകള്‍ എന്തിനാണ് പള്ളിയില്‍ പ്രതിഷ്ഠ വെച്ചത് എന്നായിരുന്നു. അദ്ദേഹത്തിന്റെ സംശയം തീര്‍ക്കാന്‍ മൊയ്തു മാസ്റ്റര്‍ അദ്ദേഹത്തെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാല്‍കഴുകി പള്ളിയില്‍ പ്രവേശിച്ച കുഞ്ഞപ്പ മാസ്റ്റര്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥനക്ക് മുമ്പായി നടത്തുന്ന ഖുത്വ്ബ (പ്രഭാഷണം)ക്ക് ഉപയോഗിക്കുന്ന പീഠം (മിമ്പര്‍) കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ നീക്കിയെങ്കിലും തുടര്‍ന്ന് തീപ്പിടിച്ചത് പള്ളികാരണവന്മാരുടെ അന്ധവിശ്വാസത്തിനായിരുന്നു. ഹിന്ദുവായ കുഞ്ഞപ്പ മാസ്റ്ററെ പള്ളിയില്‍ കയറ്റിയത് വന്‍ കുതൂഹലത്തിന് കാരണമായി.

ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രമുഖ പണ്ഡിതനും ചിന്തകനുമായ ടി. മുഹമ്മദ് സാഹിബിന്റെ വീക്ഷണങ്ങളാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. പല വിഷയങ്ങളിലും വ്യതിരിക്തമായ തന്റെ നിലപാട് അദ്ദേഹം നിര്‍ഭയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും ആഴത്തില്‍ പഠിക്കാനും ആ കാഴ്ചപ്പാട് ജനങ്ങളിലെത്തിക്കാനും അദ്ദേഹം ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. അവിഭക്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ഓര്‍ഗനൈസറായി (നാസിം) വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചു.

ഗുരുഗുണം തികഞ്ഞ നല്ലൊരു അധ്യാപകനായിരുന്നു മൊയ്തു മാസ്റ്റര്‍. റിട്ടയര്‍ ചെയ്ത ശേഷവും വിദ്യാഭ്യാസ മേഖലയില്‍തന്നെ തന്റെ കഴിവുകള്‍ വിനിയോഗിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അറബിഭാഷയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ വ്യുല്‍പത്തി ശിഷ്യന്മാര്‍ അനുസ്മരിക്കാറുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പ്രശസ്തമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചാലകശക്തിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 35 വര്‍ഷം മുമ്പ് ആരംഭിച്ച പഴയങ്ങാടി വാദിഹുദാ ആസ്ഥാനമാക്കി കണ്ണൂര്‍ ജില്ലയില്‍ വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപന സമുച്ചയത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന തഅ്‌ലീമുല്‍ ഇസ്‌ലാം ട്രസ്റ്റിന്റെ സംഘാടകരില്‍ ഒരാളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം അതിന്റെ ട്രഷററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍ കൗസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്, ഐ.സി.എം ട്രസ്റ്റ് എന്നിവയുടെ വൈസ് ചെയര്‍മാന്‍, ഇരിക്കൂര്‍ ഇന്‍സാഫ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂര്‍ യൂനിറ്റി സെന്റര്‍ നടത്തുന്ന കണ്ണൂര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്, കാഞ്ഞിരോട് ഇസ്‌ലാമിക് ട്രസ്റ്റ് എന്നിവയുടെ സ്ഥാപക മെമ്പര്‍, കൗസര്‍ ഇംഗ്ലീഷ് സ്‌കൂള്‍, കൊളപ്പ ഹൊറൈസന്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഇരിക്കൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ, കാഞ്ഞിരോട് ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവയുടെ മാനേജിംഗ് കമ്മിറ്റികളില്‍ ഭാരവാഹിത്വം എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കാഞ്ഞിരോട് മാതൃഗൃഹവും നാദാപുരം പിതൃ ഗൃഹവും ഇരിക്കൂര്‍ ഭാര്യാഗൃഹവും കണ്ണൂര്‍ കര്‍മഭൂമിയുമായി നിറഞ്ഞുനിന്നിരുന്ന മൊയ്തു മാസ്റ്റര്‍ മാരകമായ രോഗം പടി കടന്നുവന്നിട്ടും പതറാതെ, പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനും സേവനം ചെയ്യുന്നതില്‍ നിരതനായി. പാവങ്ങളുടെ ഭവന നിര്‍മാണ പദ്ധതി ഏറ്റെടുത്ത് നടത്തിയിരുന്ന കണ്ണൂര്‍ ബൈത്തുസ്സകാത്തിന്റെയും മേല്‍നോട്ടം വഹിച്ചതും അദ്ദേഹമായിരുന്നു. 

ആയിരം പൂര്‍ണ ചന്ദ്രന് സാക്ഷിയായി സാര്‍ഥക ജീവിതത്തിന്റെ പൂര്‍ണിമയില്‍ കാലയവനികക്കു പിന്നില്‍ മറഞ്ഞ  മഹാനായ ആ കര്‍മയോഗിക്ക് ജഗന്നിയന്താവായ അല്ലാഹു പാപമോചനവും പാരത്രിക മോക്ഷവും സ്വര്‍ഗപ്രാപ്തിയും നല്‍കി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തിന് അല്ലാഹു ശാന്തിയും സമാധാനവും ക്ഷമയും ക്ഷേമവും നല്‍കുമാറാകട്ടെ.

 

വി.കെ ഹംസ അബ്ബാസ് 

 

കുഞ്ഞിസൂപ്പി ഹാജി  (ഒതയോത്ത്)

 

സാമൂഹിക സേവനത്തിലൂടെ ആയഞ്ചേരിയിലെ  ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം നേടിയ സാധാരണക്കാരനും തൊഴിലാളിയുമായിരുന്നു സി.എച്ച് കുഞ്ഞിസൂപ്പി സാഹിബ്.  

കല്യാണ വീടുകളിലും മരണവീടുകളിലും രോഗികളെയും ദരിദ്രരെയും സഹായിക്കുന്നിടത്തും മത-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നാട്ടുകാരുടെ സി.എച്ച് എന്നും മുന്‍പന്തിയില്‍ നിന്നു. ആയഞ്ചേരിയിലെ ഉല്‍പതിഷ്ണുക്കളുടെ കൂട്ടായ്മയായ മുസ്‌ലിം യുവജനസംഘം രൂപീകൃതമായപ്പോള്‍ അതിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം പിന്നീടതിന്റെ പ്രസിഡന്റ് വരെയായി. യുവജനസംഘം സ്ഥാപിച്ച മസ്ജിദുല്‍ ജമാല്‍, അല്‍ മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിയ, പിള്ളേടിച്ചികണ്ടി ശ്മശാനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മതപ്രഭാഷണങ്ങള്‍, കലാ-കായിക പരിപാടികള്‍ തുടങ്ങിയവക്ക് വേണ്ടി ഓടിനടന്നു അദ്ദേഹം.  

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഐ.എന്‍.ടി.യു.സി ഭാരവാഹിയുമായിരുന്നു. എന്നാല്‍ ബാബരി മസ്ജിദിന്റെ പതനത്തില്‍ അന്നത്തെ നരസിംഹറാവു സര്‍ക്കാറിന്റെയും കോണ്‍ഗ്രസിന്റെയും പിടിപ്പുകേട്, കുഞ്ഞിസൂപ്പി സാഹിബിനെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചു. താമസിയാതെ താന്‍ എന്നും അനുഭാവം പുലര്‍ത്തിയിരുന്ന ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുകയും അതിന്റെ സജീവ പ്രവര്‍ത്തകനായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയും ചുറുചുറുക്കും നേതൃഗുണങ്ങളും ആയഞ്ചേരി ഹല്‍ഖക്ക് വളരെയധികം പ്രയോജനപ്പെട്ടു. 

ഐവ ട്രസ്റ്റ് (അറ്മിരലറ കറലമ െമിറ ണലഹളമൃല അരശേ്ശശേല)െ സ്ഥാപകാംഗമാണ്. അകണഅ യുടെ ആഭിമുഖ്യത്തിലുള്ള ഫാത്വിമ ഇംഗ്ലീഷ് നഴ്‌സറി സ്‌കൂളിന്റെ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളിലും കുഞ്ഞിസൂപ്പി ഹാജിയുടെ സേവനങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

അസുഖബാധിതനായി കിടപ്പിലായ ഏതാനും വര്‍ഷങ്ങള്‍ മാറ്റിവെച്ചാല്‍ ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും പൊതുപ്രവര്‍ത്തനങ്ങളില്‍ തന്നെയായിരുന്നു കുഞ്ഞിസൂപ്പി ഹാജി. അദ്ദേഹത്തിന്റെ കുടുംബം പ്രസ്ഥാന പ്രവര്‍ത്തകരും അനുഭാവികളുമാണ്. അദ്ദേഹത്തെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.  

 

അബൂബക്കര്‍ മാടാശ്ശേരി 

 

 

Comments

Other Post

ഹദീസ്‌

ജനസേവനത്തിലാണ് പാരത്രിക വിജയം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 51-54
എ.വൈ.ആര്‍