Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 05

2962

1437 ദുല്‍ഖഅദ് 02

അല്‍ബേസിന്‍

പ്രഫ. ബദീഉസ്സമാന്‍

അല്‍ഹംറാ പാലസിനഭിമുഖമായി നില്‍ക്കുന്ന കുന്നിന്‍പ്രദേശവും അതിന്റെ താഴ്‌വാരവുമാണ് അല്‍ബേസിന്‍. ഗ്രനഡയിലെ മറ്റൊരു പ്രധാന മുസ്‌ലിം കേന്ദ്രമായിരുന്നു ഇത്. ഇടുങ്ങിയ തെരുവുകള്‍, അവസാനിക്കുന്നു എന്ന് കരുതിന്നിടത്ത് വീണ്ടും മറ്റൊരു തുറസ്സിലേക്ക് വഴിതുറക്കുന്ന കല്ലുറപ്പിച്ച പാതകള്‍, ബോഗന്‍ വില്ലയും മാതളനാരകവും ഓറഞ്ചും മതിലിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന സുന്ദര ഭവനങ്ങള്‍... ശരിക്കും പത്താം നൂറ്റാണ്ടിലെ ഒരു മൂറിഷ് തെരുവില്‍ തന്നെ എന്ന തോന്നലുണ്ടാവും നമുക്ക്. 1984-ല്‍ അല്‍ഹംറയോടൊപ്പം യുനെസ്‌കോ അല്‍ബേസിനെയും ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചു. അതിനു ശേഷം യൂറോപ്യന്‍ യൂനിയന്റെയും മറ്റും സഹായത്താല്‍ പ്രദേശത്തിന്റെ മുസ്‌ലിം ഭൂതകാലം പുനരാവിഷ്‌കരിക്കപ്പെടുന്നുണ്ട്. ക്രൂരമായ വംശശുദ്ധീകരണത്തിന്റെ ഞെട്ടിക്കുന്ന ചരിത്രം കൂടി ഓര്‍മിപ്പിക്കുന്നുണ്ട് അല്‍ബേസിന്‍. സ്വന്തം മതവും സംസ്‌കാരവും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പില്‍ സന്ധിയുണ്ടാക്കി കീഴടങ്ങാന്‍ നിര്‍ബന്ധിതരായ ഒരു സമൂഹം, പിന്നീടുള്ള 350 കൊല്ലം ക്രമപ്രവൃദ്ധമായി നിശ്ശേഷം നശിപ്പിക്കപ്പെട്ട ദുരന്ത കഥയാണ് അല്‍ബേസിന്റേത്.

ഒരു സുപ്രഭാതത്തില്‍ യുദ്ധം നടന്ന്, ബോ അബ്ദില്‍ എന്ന മുഹമ്മദ് പന്ത്രണ്ടാമന്‍ തോറ്റോടുകയല്ല ഗ്രനഡയില്‍ സംഭവിക്കുന്നത്. അന്ദലൂസിലെ അവസാന മുസ്‌ലിം കേന്ദ്രമായ ഗ്രനഡ പിടിക്കാന്‍ ഫെര്‍ഡിനന്റും ഇസബെല്ലയും 1482 മുതല്‍ യുദ്ധങ്ങള്‍ നടത്തിവരികയായിരുന്നു. നസ്‌റീദ് രാജവംശമാകട്ടെ, അധികാര മത്സരങ്ങളാല്‍ ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും. മുസ്‌ലിം കേന്ദ്രങ്ങള്‍ ഓരോന്നോരോന്നായി വീണ് അവസാനം 1491 ഏപ്രിലില്‍ ഇസബെല്ലയുടെ സൈന്യം ഗ്രനഡ ഉപരോധിക്കാന്‍ തുടങ്ങി. ഢലഴമ എന്ന് സ്പാനിഷില്‍ പറയുന്ന താഴ്‌വാരങ്ങളില്‍നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കാതെ പട്ടിണിയിലായപ്പോള്‍ കീഴടങ്ങാന്‍ ബോ അബ്ദില്‍ നിര്‍ബന്ധിതനായി. ഇതിനിടയിലും മുസ്‌ലിം പ്രഭുക്കള്‍ക്കിടയില്‍ കിടമത്സരം ശക്തമായിരുന്നു എന്നതാണ് സങ്കടകരം. കീഴടങ്ങല്‍ വ്യവസ്ഥകള്‍ 67 എണ്ണമായിരുന്നു. മുസ്‌ലിംകള്‍ക്ക് തങ്ങളുടെ പ്രജകള്‍ എന്ന നിലയില്‍ പൂര്‍ണ മതസ്വാതന്ത്ര്യവും മുസ്‌ലിം നിയമങ്ങള്‍ക്ക് ക്രിസ്ത്യന്‍ ഭരണാധികാരികളുടെ ഇടപെടലില്‍നിന്ന് പൂര്‍ണമായ സുരക്ഷയും വ്യവസ്ഥകളില്‍ ഉറപ്പുനല്‍കിയിരുന്നു. പള്ളികളും മിനാരങ്ങളും ഇസ്‌ലാമിക കാലത്തെന്നപോലെ സംരക്ഷിക്കപ്പെടും, മുസ്‌ലിംകളുടെ കേസുകള്‍ ശരീഅത്തനുസരിച്ച് വിധിക്കപ്പെടും, മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള കേസ് ഒരു മുസ്‌ലിം ജഡ്ജിയും ഒരു ക്രിസ്ത്യന്‍ ജഡ്ജിയും അടങ്ങുന്ന സമിതിയാകും കൈകാര്യം ചെയ്യുക, ഒരു മുസ്‌ലിം തന്റെ താല്‍പര്യത്തിന് വിരുദ്ധമായി ക്രിസ്തുമതത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കപ്പെടുകയില്ല, മുമ്പ് മുസ്‌ലിംകളായി മാറിയ ക്രിസ്ത്യാനികള്‍ പൂര്‍വ മതത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയില്ല, ബാങ്ക് വിളിക്കുന്നതില്‍നിന്ന് മുഅദ്ദിനോ നോമ്പ് -നമസ്‌കാരങ്ങള്‍ അനുഷ്ഠിക്കുന്നതില്‍നിന്ന് സാധാരണ മുസ്‌ലിംകളോ തടയപ്പെടുകയില്ല തുടങ്ങിയവയൊക്കെയായിരുന്നു മറ്റു പ്രമുഖ വ്യവസ്ഥകള്‍. തങ്ങളുടെ എല്ലാ പ്രജകളും അവരുടെ വീടുകളിലും എസ്റ്റേറ്റുകളിലും അനന്തര സ്വത്തുക്കളിലും എക്കാലവും സുരക്ഷിതരായിരിക്കും എന്നത് മറ്റൊരു പ്രധാന വ്യവസ്ഥയായിരുന്നു. പക്ഷേ എക്കാലവും എന്നതിന്റെ കാലാവധി ഏഴ് വര്‍ഷം മാത്രമാണെന്ന് മുസ്‌ലിംകള്‍ അനുഭവിച്ചറിഞ്ഞു.

ഗ്രനഡയുടെ പതനത്തിനു ശേഷവും മുസ്‌ലിംകള്‍ കരാര്‍ വ്യവസ്ഥകളില്‍ ആശ്വാസം കൊണ്ടു. ഇസബെല്ലയും ഫെര്‍ഡിനന്റും ഒപ്പുവെച്ച വ്യവസ്ഥകള്‍ പാലിക്കപ്പെടുമെന്നുതന്നെ അവര്‍ പ്രതീക്ഷിച്ചു. ആദ്യ വര്‍ഷങ്ങളിലെ അനുഭവം ഈ പ്രതീക്ഷ ശരിവെക്കുന്നതായിരുന്നു. നഗരത്തിന്റെ മേയര്‍ കൂടിയായ ഗ്രനഡന്‍ ആര്‍ച്ച് ബിഷപ്പ് ഹെര്‍ണണ്ടോ ടലവേര (ഒലൃിമിറീ ഠമഹമ്‌ലൃമ), വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ക്രിസ്ത്യന്‍ മതാനുഷ്ഠാനങ്ങളുടെ ഗാംഭീര്യം കണ്ട് മുസ്‌ലിംകള്‍ സ്വമേധയാ ക്രിസ്ത്യാനികളാവും എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പാതിരിമാരോട് അദ്ദേഹം അറബി പഠിക്കാനാവശ്യപ്പെട്ടു. പ്രാര്‍ഥനാ പുസ്തകങ്ങളും സ്‌തോത്രങ്ങളും അറബിയില്‍ അച്ചടിപ്പിച്ചു. ഇതിനിടയില്‍തന്നെ നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് മുസ്‌ലിംകളെ അല്‍ബേസിനില്‍ കുടിയിരുത്താനും അവിടെയുള്ള ക്രിസ്ത്യാനികളെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാനും ഇസബെല്ല-ഫെര്‍ഡിനന്റ് തന്ത്രങ്ങളാവിഷ്‌കരിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്‍ബേസിന്‍ ഒരു മുസ്‌ലിം 'ഗെറ്റോ' ആയി മാറി.

1499-ല്‍ ടലവേരക്കു പകരം കര്‍ദിനാള്‍ സീമെന്‍സ് ഡി സിസ്‌നെറോസ് (തശാലില െറല ഇശിെലൃീ)െ ഗ്രനഡയില്‍ ചുമതലയേറ്റതോടെ മുസ്‌ലിം വംശഹത്യയുടെ കിരാത വാഴ്ച ആരംഭിക്കുകയായി. 1497-ല്‍ ഫെര്‍ഡിനന്റ്-ഇസബെല്‍ ദമ്പതികളുടെ മകളും പോര്‍ച്ചുഗല്‍ രാജാവ് മാനുവലും തമ്മിലുള്ള വിവാഹത്തിന് ഇടനിലക്കാരനായിരുന്നു സിസ്‌നെറോസ്. വിവാഹം നടക്കുന്നതിനുള്ള ഉപാധിയായി ഇയാള്‍ മാനുവലിനോടാവശ്യപ്പെട്ട് സമ്മതിപ്പിച്ചത് അന്ന് പോര്‍ച്ചുഗല്‍ ജനസംഖ്യയിലെ ഒരു പ്രധാന ഭാഗമായ മുസ്‌ലിംകളെയും ജൂതരെയും പോര്‍ച്ചുഗലില്‍നിന്ന് പുറത്താക്കണമെന്നായിരുന്നു. ഇത്തരമൊരാള്‍ അധികാര നേതൃത്വത്തിലിരുന്നാല്‍ എന്താണോ സംഭവിക്കുക അതാണ് പിന്നീട് അല്‍ബേസിനും ഗ്രനഡയും കണ്ടത്.

അല്‍ബേസിന്‍ കേന്ദ്രീകരിച്ച് മുസ്‌ലിം പൗരപ്രമുഖരെ വമ്പന്‍ സമ്മാനങ്ങള്‍ കൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുകയായിരുന്നു സിസ്‌നെറോസിന്റെ ആദ്യ നടപടി. ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ജയിലും തടവും കാണിച്ച് ഭീഷണിപ്പെടുത്താനായി ശ്രമം. ഇത് അല്‍ബേസിനില്‍ സ്‌ഫോടനാത്മക അന്തരീക്ഷം സൃഷ്ടിച്ചു.

കുഞ്ഞാടുകളെ ആത്മീയ മാര്‍ഗത്തിലേക്ക് വഴിനടത്താന്‍ വന്ന വെറുമൊരു ഇടയനായിരുന്നില്ല സിസ്‌നെറോസ്. മുസ്‌ലിംകളെയും ജൂതരെയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയും അവരുടെ സംസ്‌കാരങ്ങളെ വേരോടെ പിഴുതെറിഞ്ഞും ക്രിസ്തുമാര്‍ഗത്തില്‍ അവരുടെ ആത്മാക്കളെ രക്ഷിച്ചെടുക്കേണ്ടതുണ്ടെന്ന ദൃഢബോധ്യമുള്ള, മതകോടതിയുടെ മുഖ്യ വിചാരണക്കാരനായ ബിഷപ്പായിരുന്നു അയാള്‍. അറബിയില്‍ പ്രാര്‍ഥനാ ഗ്രന്ഥങ്ങളും മറ്റും അച്ചടിച്ച് വിതരണം ചെയ്ത തന്റെ മുന്‍ഗാമിയുടെ നടപടിയെ, പന്നിയുടെ മുമ്പില്‍ മുത്തെറിഞ്ഞു കൊടുത്ത പോലെ എന്നാണ് സിസ്‌നെറോസ് പരിഹസിച്ചത്.

1491-ലെ കീഴടങ്ങല്‍ വ്യവസ്ഥകളിലെ ഒരു ഖണ്ഡിക ഇപ്രകാരമായിരുന്നു: 'മുന്‍ഗാമികളില്‍ ആരെങ്കിലും ക്രിസ്ത്യാനിയായിരുന്ന മുസ്‌ലിം സ്ത്രീകളെ, സാക്ഷികളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ ഗവണ്‍മെന്റിന് അവകാശമുണ്ടായിരിക്കും.' സ്ത്രീകളെ ക്രിസ്തുമതത്തിലേക്ക് മാറ്റിയെടുക്കാനുള്ള ഒരു വളഞ്ഞ വഴിയായിരുന്നു ഇത്. സിസ്‌നെറോസ് ഈ മറ ഉപയോഗപ്പെടുത്തി അല്‍ബേസിനിലെ മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകളെ നിരീക്ഷിക്കാനായി ചാരന്മാരെ നിയോഗിച്ചു. ഇവരിലൊരാള്‍ ഒരിക്കല്‍ അല്‍ബേസിനിലെ മസ്ജിദിനടുത്ത് വെച്ച് ഒരു മുസ്‌ലിം യുവതിയെ ചോദ്യം ചെയ്യലിനെന്നപേരില്‍ പിടിച്ചുവെച്ചു. ഒച്ചവെച്ച യുവതിയെ ഓടിയെത്തിയ മുസ്‌ലിംകള്‍ രക്ഷിച്ചു. സിസ്‌നെറോയുടെ നടപടികളില്‍ കടുത്ത നീരസം പുലര്‍ത്തിയിരുന്ന ജനക്കൂട്ടം ഈ ചാരനെ വളഞ്ഞിട്ട് മര്‍ദിക്കുകയും അത് അയാളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. ഇത് സിസ്‌നെറോസിന് താന്‍ കാത്തിരുന്ന വംശശുദ്ധീകരണ ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ ന്യായമായി.

ഖുര്‍ആന്‍ കത്തിക്കലായിരുന്നു സിസ്‌നെറോസിന്റെ പ്രതികാര നടപടികളിലെ മുഖ്യ ഇനം. പട്ടാളക്കാരുടെ സഹായത്താല്‍ ഖുര്‍ആന്റെ മുഴുവന്‍ കോപ്പികളും അറബിയിലുള്ള മറ്റു ഗ്രന്ഥങ്ങളും പിടിച്ചെടുത്ത് കത്തിച്ചു. അറബിയില്‍ എഴുതപ്പെട്ട കഥകളും കവിതകളും മനോഹര കാലിഗ്രഫിയാല്‍ അരികുകള്‍ സുന്ദരമാക്കിയിരുന്ന നിരവധി അമൂല്യ കൈയെഴുത്തു പ്രതികളും ഗ്രനഡ സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം പ്ലാസ ബീബ്‌റാംബഌയില്‍ സിസ്‌നെറോസ് ഒരുക്കിയ വംശീയ വിദ്വേഷച്ചിതയില്‍ എരിഞ്ഞമര്‍ന്നു. ങമറൃമ്വമ റല ഏൃമിമറമ എന്നറിയപ്പെടുന്ന ഗ്രനഡ മദ്‌റസയുടെ ലൈബ്രറി മുഴുവന്‍ കത്തിക്കപ്പെട്ട ഈ സംഭവം മധ്യകാലത്തെ യൂറോപ്പിലെ ഏറ്റവും വലിയ പുസ്തകം കത്തിക്കലാണ്.

പരിഭ്രാന്തരായ അല്‍ബേസിന്‍കാര്‍ കൂട്ടപ്പലായനം ആരംഭിച്ചു. ഗ്രനഡക്കടുത്തുള്ള മനോഹര താഴ്‌വാരമായ അല്‍പുജറയിലേക്കാണ് പലരും പോയത്. അവിടം കേന്ദ്രമായി ചില പ്രതിരോധ ശ്രമങ്ങള്‍ മുസ്‌ലിംകള്‍ നടത്തി. ഇതിനെ അടിച്ചമര്‍ത്താനായി ഫെര്‍ഡിനന്റ് തന്റെ പ്രധാന സേനാധിപനായ ലൂയിസിന്റെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും അവര്‍ മുവായിരത്തോളം പേരെ പിടികൂടി വധിച്ചുകളയുകയും ചെയ്തു. അല്‍പുജറയിലെ പള്ളി അതില്‍ അഭയം പ്രാപിച്ച അറുനൂറില്‍പരം സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാര്‍ഥികള്‍ക്കൊപ്പം സ്‌ഫോടനത്തില്‍ തകര്‍ത്തു.

സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും പീഡനങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അല്‍ബേസിനിലെ മുസ്‌ലിംകളില്‍ ബാക്കിയായവര്‍ മതം മാറി. 1501 ആയപ്പോഴേക്കും അല്‍ബേസിന്‍ എന്ന മുസ്‌ലിം കേന്ദ്രത്തില്‍ ഒരു മുസ്‌ലിം പോലും ബാക്കിയാവാത്ത വിധം തീവ്രമായിരുന്നു പീഡനങ്ങളുടെ കാഠിന്യം. 1502-ല്‍ മുഴുവന്‍ മുസ്‌ലിംകളും മതപരിവര്‍ത്തനം ചെയ്യുകയോ അല്ലെങ്കില്‍ നാടുവിടുകയോ വേണമെന്ന് ഫെര്‍ഡിനന്റിന്റെ രാജശാസനയുണ്ടായി. പക്ഷേ നാടുവിടുന്നവര്‍ സ്‌പെയിന്റെ മറ്റു ഭാഗങ്ങളിലേക്കോ ഉത്തരാഫ്രിക്കയിലേക്കോ ഉസ്മാനിയാ ഖിലാഫത്തിന്റെ ഭരണത്തിലുള്ള പ്രദേശങ്ങളിലേക്കോ പോയിക്കൂടാ. ഈജിപ്തിലേക്ക് വേണമെങ്കില്‍ പോകാമെന്നതായിരുന്നു ഏക ഓപ്ഷന്‍. പക്ഷേ, അവിടേക്ക് കടല്‍മാര്‍ഗം പോകാവുന്നത് വടക്കന്‍ സ്‌പെയിനിലെ ബേ ഓഫ് ബിസ്‌കേയില്‍നിന്നാണ്. അവിടെനിന്ന് സര്‍വീസുള്ളത് വളരെ അപൂര്‍വമായി മാത്രവും. ചുരുക്കത്തില്‍ മതംമാറ്റത്തിനുള്ള അന്തിമ ശാസനയായിരുന്നു അത്.

അല്‍ബേസിന്‍ ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു. ഗ്രനഡയിലെ മുസ്‌ലിം കേന്ദ്രമായ അവിടെ പരീക്ഷിച്ചു വിജയിച്ചാല്‍ കാത്തലിക് രാജാക്കന്മാരുടെ കീഴിലുള്ള സ്‌പെയിനിന്റെ മറ്റു ഭാഗങ്ങളിലും നടപ്പിലാക്കാവുന്ന വംശശുദ്ധീകരണ പ്രക്രിയയുടെ ആദ്യ പരീക്ഷണം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഫെര്‍ഡിനന്റ്-ഇസബെല്ലമാരും അവരുടെ പിന്‍ഗാമികളും നടപ്പില്‍ വരുത്തിയ നിയമങ്ങള്‍ പറയുന്നത് അതാണ്. 1511-ല്‍ മതംമാറിയ മുസ്‌ലിംകള്‍ ആയുധങ്ങളും കത്തിയും കൊണ്ട്‌നടക്കുന്നത് നിരോധിക്കപ്പെട്ടു. മുഴുവന്‍ അറബി പുസ്തകങ്ങളും സര്‍ക്കാറിന് സമര്‍പ്പിക്കണം. മതഗ്രന്ഥങ്ങളാണെങ്കില്‍ കത്തിച്ചുകളയണം. മുസ്‌ലിം വേഷങ്ങള്‍ തയ്പിച്ചുകൊടുക്കുന്ന തയ്യല്‍ക്കാര്‍ ശിക്ഷാവിധേയരാകും, ഹലാല്‍ മാംസം അറുത്തുകൊടുക്കുന്ന കശാപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടും, അനന്തരസ്വത്ത് ഇസ്‌ലാമിക വിധിപ്രകാരം ഓഹരി വെക്കുന്നതും മുന്‍ മുസ്‌ലിംകള്‍ സ്വത്ത് വില്‍ക്കുന്നതും നിയമവിരുദ്ധമാണ്.... ഇങ്ങനെ പോകുന്നു ശാസനകള്‍.

മതം മാറിയ പലരും ഇസ്‌ലാമിക ആചാരങ്ങള്‍ രഹസ്യമായി പിന്തുടരുന്നു എന്ന സംശയത്തില്‍ പുതിയ പുതിയ നിബന്ധനകള്‍ ഓരോ വര്‍ഷവും ഏര്‍പ്പെടുത്തിക്കൊണ്ടിരുന്നു. 1528-ലെ ഗ്രനഡ ശാസന പ്രകാരം മുസ്‌ലിം ആചാരങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. മൈലാഞ്ചിയിടല്‍, ചേലാകര്‍മം, മുസ്‌ലിം വസ്ത്രധാരണം എന്നിവ നിരോധിക്കപ്പെട്ടു. 1565-ലെ ഗ്രനഡ സിനഡ്, മുഴുവന്‍ നിരോധന നടപടികള്‍ക്കും അംഗീകാരം നല്‍കി മതപിന്തുണ പരസ്യപ്പെടുത്തി. സിനഡോടെ ഇസ്‌ലാമുമായി ബന്ധപ്പെട്ട മുഴുവന്‍ സാമൂഹികാചാരങ്ങളും നോമ്പ് പോലുള്ള വൈയക്തിക കാര്യങ്ങളും നിരോധന പരിധിയില്‍ വന്നു.

1492-ലെ ഗ്രനഡ പ്രഖ്യാപന പ്രകാരം ജൂതരെ സ്‌പെയിനില്‍നിന്ന് പുറന്തള്ളാന്‍ വേണ്ട നടപടി കൈക്കൊണ്ടിരുന്നു. രണ്ടാമത്തെ ഊഴം മുസ്‌ലിംകളുടേതായിരുന്നു. ലോകത്തിന് വെളിച്ചം പരത്തി നിന്ന അന്ദലൂസിന്റെ മതവും സംസ്‌കാരവും ഭാഷയും ആചാരങ്ങളും വേരോടെ പിഴുതെറിയാന്‍ കത്തോലിക്കാ ഭരണകൂടം ആവിഷ്‌കരിച്ച തന്ത്രങ്ങള്‍ ബഹുമുഖമായിരുന്നു. രാജശാസനകള്‍, നിരീക്ഷണ- ചാര ശൃംഖലകള്‍, പീഡനം, അപമാനം, സ്വത്ത് കണ്ടുകെട്ടല്‍, തടവിലിടല്‍, വധശിക്ഷ, നാടുകടത്തല്‍.... മൊറിസ്‌കോകള്‍ (ങീൃശരെീ)െ എന്നറിയപ്പെട്ട മുസ്‌ലിംകളില്‍നിന്ന് മതം മാറ്റപ്പെട്ട ക്രിസ്ത്യാനികള്‍ ചര്‍ച്ചില്‍ ഹാജരാകാത്തതിന് അടിശിക്ഷക്ക് വിധേയരായി. അവരുടെ പരിപാടികളില്‍ മദ്യവും പന്നിയിറച്ചിയും നിര്‍ബന്ധിച്ച് ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റി. തുടക്കത്തില്‍ കൈക്കൂലി കൊടുത്ത് രക്ഷപ്പെടാവുന്ന സ്ഥിതിയുണ്ടായിരുന്നെങ്കിലും പിന്നീട് ആ പഴുതും അടഞ്ഞു.

ക്രിസ്ത്യാനികളായി മാറിയ മുസ്‌ലിംകള്‍ക്ക് രണ്ടാംതരം പൗരന്മാരുടെ പദവി മാത്രമാണ് കിട്ടിയത്. 1500-കളോടെ സ്‌പെയിനില്‍ ഘശാുശല്വമ റല ടമിഴൃല എന്നറിയപ്പെട്ട വംശവിശുദ്ധി സങ്കല്‍പം സാമൂഹിക പദവികളെയും ബന്ധങ്ങളെയും നിര്‍ണയിച്ചുതുടങ്ങി. ഇതനുസരിച്ച് മുസ്‌ലിം, ജൂത പാരമ്പര്യങ്ങളില്ലാത്ത ക്രിസ്ത്യാനികള്‍ ഒന്നാംതരം പൗരന്മാരായി ഗണിക്കപ്പെടുകയും അവര്‍ പഴയ ക്രിസ്ത്യാനികള്‍ (ഛഹറ ഇവൃശേെശമി)െ എന്നറിയപ്പെടുകയും ചെയ്തു. സാമൂഹികമായ ഉന്നത പദവികള്‍ ഇവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ നിയമങ്ങള്‍ സ്‌പെയിനിലും സ്പാനിഷ് കോളനികളിലും നിലവില്‍വന്നു. മുസ്‌ലിം-ജൂത സമുദായങ്ങളില്‍നിന്ന് വന്നവര്‍ക്ക് താഴെ പദവിയുള്ള ചലം ഇവൃശേെശമി െഎന്ന പേരാണ് നല്‍കപ്പെട്ടത്. ഇവരില്‍ പലരും രഹസ്യമായി പഴയ മതങ്ങള്‍ പിന്തുടരുന്നുണ്ടെന്ന പേരില്‍ ഇൃ്യുീേ ഖലം െഎന്നും ഇൃ്യുീേ ങൗഹെശാ െഎന്നും വിളിക്കപ്പെട്ടിരുന്നു. അമേരിക്കയെ സ്‌പെയിന്‍ കോളനിയാക്കി മാറ്റിയപ്പോള്‍ 'പഴയ ക്രിസ്ത്യാനി'കള്‍ക്ക് മാത്രമായിരുന്നു കുടിയേറ്റം അനുവദിച്ചത്. വംശശുദ്ധിയില്ലാത്ത ജൂതരോ മുസ്‌ലിംകളോ അവരുടെ പിന്മുറക്കാരോ ചലം ണീൃഹറ എന്നറിയപ്പെട്ട, ഖനിജങ്ങളുടെ നാടായ അമേരിക്കയിലേക്ക് കുടിയേറരുതെന്ന് സ്പാനിഷ് രാജാക്കന്മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ലോക പ്രശ്‌നങ്ങളില്‍ ഇടപെടുന്ന യാങ്കി നേതൃത്വത്തില്‍ എപ്പോഴും കാണുന്ന വംശവെറി ഭാവം യാദൃഛികതയായി കാണാനാവില്ലെന്നു ചുരുക്കം.

1567-ഓടു കൂടി മൊറിസ്‌കോകളെ ലക്ഷ്യമിട്ട് പുതിയ രാജശാസനകള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങി. ആ വര്‍ഷം മൊറിസ്‌കോകളുടെ 10 വയസ്സിനു താഴെയുള്ള കുട്ടികളെ ക്രിസ്തുമാര്‍ഗത്തില്‍ രക്ഷിച്ചെടുക്കാനായി ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന ശ്രുതി നാടെങ്ങും പരന്നു. ജൂത കണ്‍വെര്‍സോകള്‍ മുമ്പങ്ങനെയൊരു ഘട്ടം നേരിടേണ്ടിവന്നിരുന്നതിനാല്‍ ആശങ്കപ്പെടാതിരിക്കാന്‍ വഴിയില്ലായിരുന്നു. ഇത്രക്കെത്തിയപ്പോള്‍ മൊറിസ്‌കോകള്‍ക്ക് നിയന്ത്രണം വിട്ടു. ഏഴു പതിറ്റാണ്ടായി തുടരുന്ന പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെയും കണ്ടുകെട്ടപ്പെട്ട സ്വത്തുക്കളുടെയും രഹസ്യ വിചാരണയുടെയും നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമായിട്ടും അവസാനിക്കാത്ത അവമതിയുടെയും ഓര്‍മകളും അനുഭവങ്ങളും അവരെ പ്രക്ഷോഭകാരികളാക്കി. 1568-'70 കാലത്ത് നടന്ന രണ്ടാം ഗ്രനഡ യുദ്ധം എന്നറിയപ്പെട്ട ഈ ചെറുത്തുനില്‍പില്‍ ആയുധാധികാരങ്ങളാല്‍ മേല്‍കൈയുണ്ടായിരുന്ന കാത്തലിക് സൈന്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അസംഘടിതരും പാവപ്പെട്ടവരുമായ മൊറിസ്‌കോകള്‍ക്ക് കഴിഞ്ഞില്ല. 1569 മാര്‍ച്ചില്‍ നഗരമധ്യത്തിലെ ജഹമ്വമ ചൗല്മയില്‍ വെച്ച് തടവുപുള്ളികളായി പിടിച്ച 110 പേരെ കാത്തലിക് സൈന്യം കൊന്നു. ആ വര്‍ഷാവസാനം അല്‍ബേസിനില്‍ പ്രവേശിച്ച സൈന്യം കൊള്ളയും കൊലയും പൈപ്പ് ലൈന്‍ തകര്‍ക്കലും ഫൗണ്ടനുകളില്‍ വിഷം കലക്കലുമായി അക്ഷരാര്‍ഥത്തില്‍ ആ മുസ്‌ലിം തെരുവിനെ പിച്ചിച്ചീന്തി.

1570-ലെ ശരത്കാലത്ത് കാത്തലിക് സൈന്യം 10-നും 70-നും ഇടയില്‍ പ്രായമുള്ള 4000-ല്‍പരം പുരുഷന്മാരെ തടവിലാക്കി. കുനിഞ്ഞ ശിരസ്സുകളും വിലങ്ങണിഞ്ഞ കൈകളും കണ്ണീരില്‍ കുതിര്‍ന്ന മുഖങ്ങളുമായി വിവിധ പ്രായത്തിലുള്ള ആണുങ്ങള്‍ ഗ്രനഡയിലൂടെ മാര്‍ച്ച് ചെയ്യപ്പെട്ടതിന്റെ ദൈന്യതയാര്‍ന്ന ചിത്രം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സ്വന്തബന്ധങ്ങളും വീടും സമ്പാദ്യങ്ങളുമുപേക്ഷിച്ച ആ യാത്ര കരളലിയിപ്പിക്കുന്നതായിരുന്നു. കുറച്ചുകാലം തടവിലിട്ട ശേഷം ഈയാളുകളെ ശൈത്യകാലത്ത് സ്‌പെയിനിന്റെ വിവിധ ഭാഗങ്ങളിലേക്കായി നാടുകടത്തി ചിതറിച്ചു. ഇങ്ങനെ നാടുകടത്തപ്പെട്ടവരെ കുറിച്ചോ അല്‍ബേസിനില്‍ ബാക്കിയായ അവരുടെ സ്ത്രീകളുടെയും കുട്ടികളുടെയും പില്‍ക്കാലത്തെക്കുറിച്ചോ ചരിത്രം രേഖപ്പെടുത്തുന്നില്ല. ചെറുപ്പക്കാരികള്‍ മേല്‍ജാതിക്കാരായ പഴയ ക്രിസ്ത്യാനികളുടെ സേവനത്തിനായി നിയോഗിക്കപ്പെട്ടു എന്നത് മാത്രമാണ് അറിവുള്ളത്.

 

(തുടരും)


Comments

Other Post

ഹദീസ്‌

ജനസേവനത്തിലാണ് പാരത്രിക വിജയം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 51-54
എ.വൈ.ആര്‍