മാട്ടിറച്ചിയുടെ മഹാഭാരതം
ആര്‍ഷഭാരത സംസ്‌കാരം എന്നറിയപ്പെടുന്ന വൈദിക പാരമ്പര്യത്തില്‍ ഗോഹത്യയെയും മാട്ടിറച്ചി ഭക്ഷിക്കുന്നതിനെയും കുറിച്ച് എന്തു പറയുന്നുവെന്ന അന്വേഷണമാണ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഈ കൃതി. വേദങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, സ്മൃതികള്‍, പുരാണേതിഹാസങ്ങള്‍ എന്നിവ അടങ്ങിയ വൈദിക പാരമ്പര്യത്തില്‍ ഗോവധ നിരോധമുണ്ടായിരുന്നില്ലെന്നും യാഗ-യജ്ഞാദികള്‍ക്കും ഭക്ഷണത്തിനും വേണ്ടി ഗോവിനെ കൊന്നിരുന്നുവെന്നും ഹൈന്ദവ പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥം സമര്‍ഥിക്കുന്നു. ഹൈന്ദവ പണ്ഡിതനായ എം.ആര്‍ രാജേഷ് എഴുതിയ ആര്‍ഷഭാരതത്തിലെ ഗോമാംസ ഭക്ഷണം എന്ന ഗ്രന്ഥത്തിനുള്ള മറുപടിയും ഉള്‍ക്കൊള്ളുന്ന പുസ്തകം ഐ.പി.എച്ച് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില: 50 രൂപ.
ഒരു ഇസ്രയേലിയുടെ
ഫലസ്ത്വീന്‍ യാത്രകള്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ നിര്‍ദയമായ അനിശ്ചിതത്വങ്ങള്‍ക്കുമീതെ മനുഷ്യത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യാശ പകരുന്ന പുസ്തകമാണ് മീക്കോ പെലെഡിന്റെ ജനറലിന്റെ മകന്‍- ഒരു ഇസ്രയേലിയുടെ ഫലസ്തീന്‍ യാത്രകള്‍. ഇസ്രയേലീ രാഷ്ട്രസംസ്ഥാപനത്തില്‍ അനല്‍പമായ പങ്കുവഹിച്ച സയണിസ്റ്റ് നേതാവിന്റെ പൗത്രനും, ഈജിപ്തിനെതിരായ ഇസ്രയേല്‍ യുദ്ധത്തെ നയിച്ച സൈനിക ജനറലിന്റെ മകനുമാണ് മീക്കോ പെലെഡ്. ഇസ്രയേലീ സേന ഫലസ്ത്വീനില്‍ നടത്തിയ അതിക്രമങ്ങള്‍, ജനറലായ തന്റെ പിതാവിന്റെ രാഷ്ട്രീയ വീക്ഷണങ്ങളില്‍തന്നെ മാറ്റമുണ്ടാക്കുന്നത് പെലെഡ് ചെറുപ്പത്തില്‍ കാണുന്നുണ്ട്. അമേരിക്കയിലെ സുഖകരമായ ജീവിതത്തില്‍നിന്ന് മാറി പെലെഡ് ഫലസ്ത്വീനികള്‍ക്കിടയിലേക്ക് അപായകരമായ അന്വേഷണ യാത്രകള്‍ നടത്തുന്നു. ആ അനുഭവങ്ങള്‍ ഹൃദ്യമായി എഴുതുകയാണ് മീക്കോ ഈ പുസ്തകത്തില്‍. പ്രസാധനം: അദര്‍ ബുക്‌സ്. വില: 280 രൂപ.
സ്റ്റാന്റപ്പ്
കോഴിക്കോട് ഫറോക്ക് ഇര്‍ശാദിയാ കോളേജിന്റെ മാഗസിനാണ് സ്റ്റാന്റപ്പ്. നിലവിലെ ജ്ഞാനശാസ്ത്രത്തെ തിരിച്ചറിയുകയും അപരവല്‍ക്കരിക്കപ്പെട്ടവരുടെ കൂടി ജ്ഞാനപാരമ്പര്യവും വികാരവും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വിമോചനപരവും ജനാധിപത്യപരവുമായ ആത്മീയ ഉള്ളടക്കമുള്ള ജ്ഞാന ശാസ്ത്രത്തെക്കുറിച്ചുള്ള വൈജ്ഞാനിക അന്വേഷണമാണ് 'സ്റ്റാന്റപ്പ്' നിര്‍വഹിക്കുന്നതെന്ന് എഴുതുന്നു മാഗസിന്‍ എഡിറ്റര്‍ പി. അനസ്. സ്റ്റാഫ് എഡിറ്റര്‍: ടി.പി ശംസുദ്ദീന്‍, ചീഫ് എഡിറ്റര്‍: എ.കെ ഹാരിസ്.
Comments