Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

വിദ്യാഭ്യാസ രംഗത്തെ മൂല്യങ്ങള്‍ വീണ്ടെടുക്കുക

ഡോ. കൂട്ടില്‍ മുഹമ്മദലി/ അഭിമുഖം

ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ പ്രവര്‍ത്തന കാലയളവിലെ പോളിസി-പ്രോഗ്രാമില്‍ മുഖ്യ ഊന്നല്‍ നല്‍കുന്ന മേഖലയാണ് വിദ്യാഭ്യാസം. കേരളീയ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും പുതുപരീക്ഷണങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഇന്ന് മുസ്‌ലിം സമുദായം ഒന്നടങ്കം ഏറ്റെടുത്ത മത-ഭൗതിക സമന്വയ വിദ്യാഭ്യാസ പദ്ധതി അതിന് മികച്ച ഉദാഹരണമാണ്. എല്‍.കെ.ജി മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ ഒട്ടേറെ മാറ്റങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോകുന്ന പുതിയ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും പുതുസംരംഭങ്ങള്‍ ആരംഭിക്കാനും ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി പരിചയസമ്പന്നരും വിദഗ്ധരുമായ അക്കാദമീഷ്യന്മാരെ ഉള്‍പ്പെടുത്തി വ്യത്യസ്ത ബോര്‍ഡുകള്‍ രൂപീകരിച്ചുകഴിഞ്ഞു. ശാന്തപുരം അല്‍ ജാമിഅ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സമിതിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമിതി ചെയര്‍മാനായ ഡോ. കൂട്ടില്‍ മുഹമ്മദലി വിദ്യാഭ്യാസരംഗത്തുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചും പുതുസംവിധാനങ്ങളെ വിശദീകരിച്ചും പ്രബോധനം വാരികയോട് സംസാരിക്കുന്നു.


താങ്കള്‍ ചെയര്‍മാനായ വിദ്യാഭ്യാസ സമിതി രൂപീകരിക്കപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്താണ് വിദ്യാഭ്യാസ സമിതിയുടെ ലക്ഷ്യം? 

വിദ്യാഭ്യാസ രംഗം മൂല്യാധിഷ്ഠിതമാക്കുക, ഉള്ളടക്കത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പഠിതാക്കളെ നല്ല മനുഷ്യരും നല്ല പൗരന്മാരുമാകാന്‍ സഹായിക്കുക അഥവാ സമഗ്ര വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് ലക്ഷ്യം. വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് നാമിന്ന് വിദ്യാഭ്യാസം നേടുന്നത്. എല്‍.കെജി മുതല്‍ ഗവേഷണ പഠനം വരെ അതിലുള്‍പ്പെടുന്നു. ഇവക്കെല്ലാം നേരിട്ട് മേല്‍നോട്ടം വഹിക്കാനും ആവശ്യമായ ഗൈഡന്‍സ് നല്‍കാനും ഒരു ബോഡിക്ക് സാധ്യമല്ല. അതിനാല്‍ ഓരോ മേഖലയിലും പരിചയസമ്പന്നതയും അക്കാദമിക യോഗ്യതയുമുള്ളവരെ ഉള്‍പ്പെടുത്തി വ്യത്യസ്തമായ എജുക്കേഷന്‍ ബോര്‍ഡുകള്‍ രൂപീകരിക്കുകയാണ് വിദ്യാഭ്യാസ സമിതി ആദ്യമായി ചെയ്തത്. സംഘടനാ പരിഗണനകള്‍ക്കതീതമായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ സന്നദ്ധരായ അക്കാദമീഷ്യന്മാരെ ഇത്തരം സമിതികളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സംഘടനാ വൃത്തത്തിനും മുസ്‌ലിം സമുദായത്തിനുമപ്പുറം കേരളീയര്‍ക്കു തന്നെ വിശ്വാസ്യതയോടെ അവലംബിക്കാവുന്ന ഒരു വിദ്യാഭ്യാസ ഏജന്‍സിയായി ഭാവിയില്‍ മാറുക എന്നതും വിദ്യാഭ്യാസ സമിതിയുടെ ലക്ഷ്യമാണ്.

നല്ല മനുഷ്യരും നല്ല പൗരന്മാരുമാകാന്‍ പഠിതാക്കളെ സഹായിക്കുകയാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് താങ്കള്‍ പറഞ്ഞല്ലോ. വിശദീകരിക്കാമോ?

'നല്ല മനുഷ്യനും നല്ല പൗരനും' എന്ന പ്രയോഗം വിദ്യാഭ്യാസരംഗത്ത് നേരത്തേയുള്ളതാണ്. സത്യത്തില്‍ ഇത് ഒന്നുതന്നെയാണ്. നല്ല മനുഷ്യന്‍ തന്നെയാണ് നല്ല പൗരന്‍; നല്ല പൗരന്‍ തന്നെയാണ് നല്ല മനുഷ്യന്‍. പക്ഷേ, മൂല്യങ്ങളെല്ലാം കുഴമറിഞ്ഞ കൂട്ടത്തില്‍ നല്ല മനുഷ്യന്‍ നല്ല പൗരനും നല്ല പൗരന്‍ നല്ല മനുഷ്യനും അല്ലാതായി. മൂല്യങ്ങളുടെ വീണ്ടെടുപ്പിലൂടെ വിദ്യാഭ്യാസ രംഗത്തെ ഈ വൈരുധ്യം നമുക്ക് അവസാനിപ്പിക്കാന്‍ കഴിയും. മൂല്യാധിഷ്ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം എന്നിടത്തായിരിക്കും നമ്മുടെ ബ്രാന്റിംഗ്. ഇത് ഒരു പരീക്ഷണമാണ്. ഈ പരീക്ഷണത്തില്‍ നമുക്ക് വിജയിച്ചേ തീരൂ.

വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ വരുന്ന ഉപവകുപ്പുകളും അവയുടെ പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്?

വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ ഏറെ മത്സരവും പരീക്ഷണവും നടക്കുന്നത് പ്രീ പ്രൈമറി എജുക്കേഷന്‍ രംഗത്താണ്. ആ മേഖലയിലെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ആവശ്യമായ പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കാനും എസ്. ഖമറുദ്ദീന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏര്‍ലി ചൈല്‍ഡ്ഹുഡ് എജുക്കേഷന്‍ രൂപവത്കരിച്ചിട്ടുണ്ട്. മോണ്ടിസോറി, അല്‍ ഫിത്വ്‌റ തുടങ്ങിയ സംരംഭങ്ങള്‍ ഈ രംഗത്തെ പരീക്ഷണങ്ങളാണ്. ഇതുപോലെ കേരളീയ സാഹചര്യത്തിന് കൂടുതല്‍ യോജിച്ചതും എല്ലാവര്‍ക്കും സ്വീകരിക്കാവുന്നതുമായ, സ്വന്തമായ ഒരു ബ്രാന്റ് ഈ രംഗത്ത് ആസൂത്രണം ചെയ്യാനാണ് നമ്മുടെ പ്ലാന്‍. വിദഗ്ധരടങ്ങുന്ന ഒരു സംഘം അതുമായി ബന്ധപ്പെട്ട പഠനത്തിലും ഗവേഷണത്തിലുമാണ്. വൈകാതെ കേരളീയ വിദ്യാഭ്യാസ രംഗത്തിന് നമ്മുടെ ഒരു സംഭാവനയായി അത് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മദ്‌റസാ വിദ്യാഭ്യാസമാണ് കേരളീയ മുസ്‌ലിംകളുടെ മതവിജ്ഞാനത്തിന്റെ അടിത്തറ. പുതിയ കാലത്ത് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന മേഖലയാണിത്. മുഴുവന്‍ പ്രതിസന്ധികളെയും മറികടന്ന് മദ്‌റസാ വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമായി നടത്തേണ്ടതുണ്ട്. അതിന് നിലവിലെ കാഴ്ചപ്പാടുകളിലും അധ്യാപന-ബോധന രീതികളിലും ഒട്ടേറെ മാറ്റങ്ങളുണ്ടാവണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള സംവിധാനമാണ് ബോര്‍ഡ് ഓഫ് മദ്‌റസ എജുക്കേഷന്‍. സുശീര്‍ ഹസനാണ് ഈ ബോര്‍ഡിന്റെ തലവന്‍. സഹായിയായി ജലീല്‍ മലപ്പുറവും വിദഗ്ധരായ ഒരു സംഘവുമുണ്ട്. 

ഒന്നു മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ വൈവിധ്യങ്ങള്‍ കേരളത്തിലുണ്ട്. മലയാളം മീഡിയം മുതല്‍ വ്യത്യസ്ത വിദ്യാഭ്യാസ ഏജന്‍സികളുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ വരെ ഇതില്‍ പെടും. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഈ വൈവിധ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ മൂല്യാധിഷ്ഠിത പാഠങ്ങള്‍ കൂടി അവക്കൊപ്പം എങ്ങനെ കാര്യക്ഷമമായി പകര്‍ന്നുനല്‍കാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നത്. അതിനുള്ള സംവിധാനമാണ് വിദ്യാ കൗണ്‍സില്‍ ഫോര്‍ സ്‌കൂള്‍ എജുക്കേഷന്‍. ഡോ. കെ.കെ മുഹമ്മദാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍.

നിലവില്‍ പ്രസ്ഥാനത്തിനു കീഴില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്‌ലാമിയാ കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഈ രംഗത്ത് ആരംഭിക്കാവുന്ന പുതിയ സംരംഭങ്ങളെക്കുറിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും രൂപീകരിച്ച സമിതിയാണ് ബോര്‍ഡ് ഓഫ് ഹയര്‍ എജുക്കേഷന്‍. പ്രഫ. പി. മുഹമ്മദ് പട്ടിക്കാട് ഡയറക്ടറും പ്രഫ. കെ.പി അബ്ദുല്ലത്വീഫ് സഹായിയുമായ ഒരു സംഘമാണ് ഇതിന് നേതൃത്വം നല്‍കുക.

നിലവില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ കേരളത്തിനകത്തും പുറത്തുമായി ഗവേഷണ പഠനം നടത്തുന്നുണ്ട്. അവരെ ഏകോപിപ്പിക്കുക, ആവശ്യമായ ഗൈഡന്‍സ് നല്‍കുക, നമ്മുടെ കോളേജുകളിലുള്ള സമര്‍ഥരായ വിദ്യാര്‍ഥികളെ റിസര്‍ച്ച് മേഖലയിലേക്ക് കൊണ്ടുവരിക, ആവശ്യമുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക എന്നീ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള സംവിധാനമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ്. ശിഹാബ് പൂക്കോട്ടൂര്‍ ഡയറക്ടറും അന്‍സാര്‍ അബൂബക്കര്‍ അസിസ്റ്റന്റ് ഡയറക്ടറുമായാണ് ഈ വേദി നിലവില്‍ വന്നിരിക്കുന്നത്. 

മുഴുവന്‍ സ്ഥാപനങ്ങളുടെയും മാനേജ്‌മെന്റ് കാര്യക്ഷമമാക്കുക, ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ഉദ്ദേശ്യാര്‍ഥം പെരുമ്പിലാവ് അന്‍സാര്‍ സ്ഥാപനങ്ങളുടെ സി.ഇ.ഒ കെ.വി മുഹമ്മദിന്റെ നേതൃത്വത്തില്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കൗണ്‍സിലും രൂപവത്കരിച്ചിട്ടുണ്ട്.

എല്‍.കെജി മുതല്‍ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫിനും ആവശ്യമായ ട്രെയ്‌നിംഗ് നല്‍കണമെന്നതും വിദ്യാഭ്യാസ സമിതിയുടെ തീരുമാനമാണ്. അതിനാവശ്യമുള്ള സൗകര്യം ശാന്തപുരം അല്‍ജാമിഅ കാമ്പസില്‍ ഒരുക്കിയിട്ടുണ്ട്. ഡോ. മഹ്മൂദ് ശിഹാബ് മോങ്ങം ഡയറക്ടറായുള്ള സെന്റര്‍ ഫോര്‍ എജുക്കേഷ്‌നല്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിംഗ് ആണ് അതിന് നേതൃത്വം നല്‍കുക. പാഠപുസ്തകങ്ങളുടെ നിര്‍മാണവും അച്ചടിയും വിതരണവും നിര്‍വഹിക്കുന്നതിനുവേണ്ടി ഡോ. ബദീഉസ്സമാന്‍ ഡയറക്ടറായി പബ്ലിക്കേഷന്‍ വകുപ്പ് ഉണ്ടണ്ടാക്കിയിട്ടുണ്ട്. 

ഓട്ടോണമസ് പദവിയുള്ള ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായിരിക്കും ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ. പത്തു വര്‍ഷത്തിനുള്ളില്‍ അല്‍ജാമിഅയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്നതും നമ്മുടെ ലക്ഷ്യമാണ്. അല്‍ജാമിഅയുടെ ഉന്നമനത്തിന് പ്രസ്ഥാനവും വിദ്യാഭ്യാസ സമിതിയും പ്രത്യേക പരിഗണന നല്‍കും.

മുകളില്‍ വിശദീകരിച്ച ഓരോ ഡിപ്പാര്‍ട്ട്‌മെന്റും ആ രംഗത്ത് ലഭിക്കാവുന്ന വിദഗ്ധരും അക്കാദമീഷ്യന്മാരുമടങ്ങുന്ന പ്രമുഖരുള്‍പ്പെടുന്നതാണ്. ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കാനുള്ള  സ്വാതന്ത്ര്യം ഓരോ വകുപ്പിനും നല്‍കിയിട്ടുണ്ട്. 

നിലവിലെ സ്ഥാപനങ്ങളും സംരംഭങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതിനപ്പുറം പുതിയ വിദ്യാഭ്യാസ പ്രൊജക്ടുകള്‍ വിദ്യാഭ്യാസ സമിതി ലക്ഷ്യമിടുന്നില്ലേ?

നിലവിലുള്ള സംവിധാനങ്ങളും സ്ഥാപനങ്ങളും കാര്യക്ഷമമാക്കുകയും അവയുടെ ഗുണപരത വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതു തന്നെയാണ് വിദ്യാഭ്യാസ സമിതിയുടെ പ്രഥമ ലക്ഷ്യം. അവ മെച്ചപ്പെടുത്താനും കാലോചിതമായി പരിഷ്‌കരിക്കാനുമാവശ്യമായ ആസൂത്രണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനു ശേഷം രണ്ടാമത്തെ സ്‌റ്റെപ്പായി മാത്രമാണ് പുതിയ വിദ്യാഭ്യാസ പ്രൊജക്ടുകളെക്കുറിച്ച് ആലോചിക്കുന്നത്. തീര്‍ച്ചയായും അത്തരം പദ്ധതികള്‍ പരിഗണനയിലുണ്ട്. സര്‍ക്കാറിന്റെയും നിയമങ്ങളുടെയും ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി നിലവില്‍ നമുക്കില്ലാത്ത സ്ഥാപനങ്ങള്‍ അനുയോജ്യമായിടത്ത് ഉണ്ടാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടം പൂര്‍ത്തിയായ ശേഷമേ അത്തരം പദ്ധതികളുമായി മുന്നോട്ടുപോകൂ.

മദ്‌റസാ വിദ്യാഭ്യാസത്തെ പരാമര്‍ശിച്ചപ്പോള്‍ ഒട്ടേറെ പ്രതിസന്ധികളാണ് അവ അഭിമുഖീകരിക്കുന്നതെന്ന് താങ്കള്‍ സൂചിപ്പിച്ചു. മദ്‌റസാ വിദ്യാഭ്യാസ രംഗം പ്രതിസന്ധി നേരിടുന്നുവെന്ന മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അധ്യാപന -ബോധന മാധ്യമങ്ങളിലടക്കം വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളുള്‍ക്കൊള്ളാതെ ഈ പ്രതിസന്ധി മറികടക്കാനാകുമോ?

മദ്‌റസാ വിദ്യാഭ്യാസത്തിന് സമുദായം പണ്ട് നല്‍കിയിരുന്ന പ്രാധാന്യം ഇന്ന് നല്‍കുന്നില്ല എന്നതാണ് ഈ രംഗത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണം. അത് പരിഹരിച്ചാല്‍ തീരാവുന്നതേയുള്ളൂ മറ്റു പ്രശ്‌നങ്ങളെല്ലാം. മദ്‌റസാ വിദ്യാഭ്യാസത്തിന് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം സമുദായം നല്‍കിയിരുന്നുവെങ്കില്‍ ഈ രംഗത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുമായിരുന്നുവെന്ന് സാരം. മദ്‌റസയില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പോലും അവിടെനിന്ന് കുട്ടികള്‍ എന്താണ് പഠിക്കുന്നതെന്നോ ആ മദ്‌റസയുടെ ഭൗതിക സൗകര്യങ്ങളെക്കുറിച്ചോ അന്വേഷിക്കാറില്ല. പേരിനൊരു മദ്‌റസാ പഠനം എന്ന അനുഷ്ഠാനം നിര്‍വഹിക്കുകയാണ് പലരും. രക്ഷിതാക്കളുടെ ഈ അലംഭാവം സ്വാഭാവികമായും കുട്ടികളുടെ മതപഠനത്തിന്റെ ഗുണപരതയെ ബാധിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

അധ്യാപന-ബോധന രീതി മാത്രമല്ല മദ്‌റസാ പഠനരംഗത്തുള്ള പോരായ്മ. യോഗ്യതയുള്ള അധ്യാപകരുണ്ടായാലല്ലേ അധ്യാപന രീതികള്‍ മാറിയിട്ട് കാര്യമുള്ളൂ. പഴയകാലത്ത് ഒരു നാട്ടിലെ ഏറ്റവുമധികം ദീനീവിജ്ഞാനമുള്ള പണ്ഡിതരായിരുന്നു മദ്‌റസയിലെ അധ്യാപകര്‍. ഇന്ന് ഇത്തരക്കാരെ മദ്‌റസയില്‍ കാണില്ല. മദ്‌റസയില്‍ പഠിപ്പിക്കാന്‍ അത്തരം ആലിമീങ്ങളുടെ ആവശ്യമൊന്നുമില്ലെന്നാണ് സമുദായം തെറ്റിദ്ധരിച്ചിരിക്കുന്നത്. ഫലമോ വേണ്ടത്ര യോഗ്യതയില്ലാത്തവര്‍ അധ്യാപകരാകുന്നു. മദ്‌റസാ വിദ്യാഭ്യാസ രംഗത്തു നിന്ന് യോഗ്യരായ പണ്ഡിതന്മാര്‍ മാറിനിന്നപ്പോള്‍ ഉണ്ടായ തകര്‍ച്ച നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 

സ്‌കൂളില്‍ പുതിയ അധ്യയന രീതിയിലും മികച്ച ഭൗതിക സൗകര്യങ്ങളിലും പഠിക്കുന്ന കുട്ടി മദ്‌റസയിലെത്തുമ്പോള്‍ അനുഭവിക്കുന്ന പരിമിതിയും പഴയ വിദ്യാഭ്യാസ രീതി ചെലുത്തുന്ന മുഷിപ്പും അവരെ ബാധിക്കുക സ്വാഭാവികം. മദ്‌റസാ രംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കണമെങ്കില്‍ മാറ്റങ്ങള്‍ വന്നേ മതിയാകൂ. അതിന് ആദ്യമായി വേണ്ടത് സമുദായം മദ്‌റസാ വിദ്യാഭ്യാസത്തിന് നല്ല പരിഗണന നല്‍കുക എന്നതാണ്. രക്ഷിതാക്കളുടെ മുഖ്യ പരിഗണനയില്‍ മദ്‌റസാ വിദ്യാഭ്യാസം വരുമ്പോള്‍ അവര്‍ മാറ്റങ്ങള്‍ ആഗ്രഹിക്കും. മദ്‌റസയില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ടാകും. സ്വാഭാവികമായും ഉള്ളടക്കത്തിലും ബോധനരീതിയിലും അധ്യാപകരെ തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ പതിപ്പിക്കാന്‍ കമ്മിറ്റികളും തയാറാകും. നിലവിലെ മദ്‌റസാ വിദ്യാഭ്യാസത്തെ എങ്ങനെ കാര്യക്ഷമമാക്കാമെന്നതില്‍ വിദ്യാഭ്യാസ സമിതി പദ്ധതികള്‍ ആസൂത്രണം ചെയ്യും. സമുദായത്തിന് മൊത്തം സ്വീകരിക്കാവുന്ന മാതൃകകളാണ് നമ്മളന്വേഷിക്കുക. ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും സ്വഭാവ രൂപീകരണത്തിനും മുന്തിയ പരിഗണന നല്‍കും.

മതവിദ്യാഭ്യാസം കൂടി സമന്വയിപ്പിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിച്ചതോടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മദ്‌റസാ പഠനം അവസാനിപ്പിച്ചിരുന്നു. അത്തരം വിദ്യാര്‍ഥികള്‍ക്ക് മദ്‌റസയില്‍നിന്ന് ലഭ്യമാവുന്ന മതപാഠങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഒരു യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിനെ പഴിചാരി ദീനീവിദ്യാഭ്യാസത്തിന്റെ പോരായ്മകളെ മറികടക്കാനുള്ള ശ്രമം വെറുതെയാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ മതപഠനത്തെ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളാണ് ഈ രംഗത്ത് നടത്തേണ്ടത്. നിലവിലുള്ള ഇംഗ്ലീഷ് മീഡിയം മതപഠന സിലബസുകള്‍ മദ്‌റസകളോട് കിടപിടിക്കുന്നതു തന്നെയാണ്. അവിടെയും യോഗ്യതയുള്ള അധ്യാപകരുടെ അഭാവമാണ് പ്രശ്‌നം. ഭൗതിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ നിശ്ചയിക്കുമ്പോള്‍ മാനേജ്‌മെന്റുകള്‍ പുലര്‍ത്തുന്ന അക്കാദമിക യോഗ്യതയും ട്രെയ്‌നിംഗുമെന്നും റിലീജ്യസ് സ്റ്റഡീസ് അധ്യാപകരെ നിയോഗിക്കുമ്പോള്‍ പുലര്‍ത്തുന്നില്ല. ഇത് പരിഹരിച്ചാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സിലബസിനൊപ്പവും ഫലപ്രദമായ ദീനീപഠനം സാധ്യമാവും. അത്തരം ശ്രമങ്ങള്‍ക്കാണ് വിദ്യാഭ്യാസ സമിതി മുന്‍ഗണന നല്‍കുന്നത്.

മതവിദ്യാഭ്യാസ രംഗത്തെ പ്രധാന സ്ഥാപനങ്ങളാണ് ഇസ്‌ലാമിയ/ അറബിക് കോളേജുകള്‍. ഇവിടെനിന്ന് പഠനം പൂര്‍ത്തിയാക്കുന്നവരാണ് കേരളീയ മുസ്‌ലിംകളുടെ മത മേഖല നിയന്ത്രിക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ ദീനീജീവിതത്തിന് നേതൃത്വം നല്‍കാന്‍ പ്രാപ്തരും യോഗ്യതയുള്ളവരുമാണോ ഇപ്പോള്‍ ഇവിടെനിന്നും പഠിച്ചിറങ്ങുന്നവര്‍?

ചരിത്രപരമായ ദൗത്യം നിര്‍വഹിച്ച മത കലാലയങ്ങളാണ് കേരളത്തിലെ പള്ളിദര്‍സുകളടക്കമുള്ള ദീനീ സ്ഥാപനങ്ങള്‍. അറബിക് കോളേജുകളും ഇസ്‌ലാമിയാ കോളേജുകളുമെല്ലാം അതിലുള്‍പ്പെടും. മുസ്‌ലിം സമുദായത്തിന് ധീരമായി നേതൃത്വം നല്‍കിയ പണ്ഡിതന്മാരും നേതാക്കളുമെല്ലാം ഈ കലാലയങ്ങളുടെ ഉല്‍പന്നങ്ങളായിരുന്നു. പഴയ കാലത്തെ അപേക്ഷിച്ച് പാണ്ഡിത്യവും നേതൃശേഷിയുമുള്ള പണ്ഡിതരെ വളര്‍ത്തിയെടുക്കാന്‍ നിലവിലെ ഉന്നത ദീനീ കലാലയങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. അതിന് കാരണങ്ങള്‍ പലതാണ്. പണ്ട് സമുദായത്തിലെ ഏറ്റവും മികച്ച ബുദ്ധിശേഷിയും മികവുമുള്ള വിദ്യാര്‍ഥികള്‍ ദീനീകലാലയങ്ങളില്‍ എത്തിയിരുന്നു. അത്തരം ബൗദ്ധിക മികവുള്ള കുട്ടികള്‍ ദീനീവിജ്ഞാനങ്ങള്‍ ആര്‍ജിച്ചപ്പോഴാണ് ആര്‍ജവവും യോഗ്യതയുമുള്ള പണ്ഡിതന്മാര്‍ ഉണ്ടായത്. പിന്നീട് പല കാരണങ്ങളാല്‍ സമുദായത്തിലെ ബൗദ്ധിക മികവ് കുറഞ്ഞ വിദ്യാര്‍ഥികളാണ് ഇത്തരം മത കലാലയങ്ങളിലെത്തിയത്. സ്വാഭാവികമായും പഠനം പൂര്‍ത്തിയാക്കിയവരിലും കഴിവുള്ളവര്‍ കുറഞ്ഞു.

ഉയര്‍ന്ന മാര്‍ക്കും ബൗദ്ധിക മികവുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന വിധം പാഠ്യപദ്ധതിയും ഭൗതിക സൗകര്യങ്ങളും അക്കാദമിക അന്തരീക്ഷവുമൊരുക്കിയാല്‍ പഴയ സ്ഥാനം മത കലാലയങ്ങള്‍ക്ക് തിരിച്ചുപിടിക്കാനാവും. പൊതു കലാലയങ്ങളോട് കിടപിടിക്കുന്ന ഭൗതിക സൗകര്യങ്ങള്‍ മതകലാലയങ്ങളിലുമുണ്ടാവണം. മികച്ച അധ്യാപകരും ലൈബ്രറിയും കാമ്പസും മറ്റു സംവിധാനങ്ങളുമൊരുക്കാന്‍ സാധിക്കണം. അത്തരം മികച്ച അക്കാദമിക അന്തരീക്ഷമുണ്ടായാല്‍ മികവുള്ള വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ ഉന്നത മതകലാലയങ്ങളിലേക്കും അയക്കും. താരതമ്യേന ഇത്തരം സംവിധാനങ്ങളൊരുക്കിയ മതകലാലയങ്ങളില്‍ ആ മാറ്റം പ്രതിഫലിക്കുന്നുമുണ്ട്. അവിടങ്ങളില്‍ മികവുള്ള വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്. കഴിവും ശേഷിയും തെളിയിച്ചവര്‍ പുറത്തിറങ്ങുന്നുമുണ്ട്. അത്തരം മാതൃക എല്ലാവരും പകര്‍ത്തുകയാണ് വേണ്ടത്. അതിന് മികച്ച സാമ്പത്തിക അവലംബങ്ങള്‍ അനിവാര്യമാണ്. അത് വഖ്ഫിലൂടെയും മറ്റും കണ്ടെത്താന്‍ സ്ഥാപനാധികാരികള്‍ക്ക് സാധ്യമാവണം.

വിദ്യാഭ്യാസ രംഗത്ത് വഖ്ഫിന്റെ ആവശ്യകതയെക്കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. ഇസ്‌ലാമിക ലോകത്തെ പ്രശസ്തമായ ജാമിഅകളും കലാലയങ്ങളുമെല്ലാം മികച്ച രീതിയില്‍ നടന്നുപോകുന്നത് അവക്കുള്ള സമ്പന്നമായ വഖ്ഫ് സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ്. എത്ര ഉയര്‍ന്ന വിദ്യാഭ്യാസം ആഗ്രഹിക്കുന്ന, സാമ്പത്തിക ശേഷി കുറഞ്ഞവന്നും അത് നേടാന്‍ ഈ സംവിധാനങ്ങള്‍ അവനെ പ്രാപ്തനാക്കുന്നു. അത്തരം സാമ്പത്തിക സഹായങ്ങള്‍ ഉന്നത പഠനം ആഗ്രഹിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന വല്ല പദ്ധതികളും വിദ്യാഭ്യാസ സമിതിക്കുണ്ടോ?

സാമൂഹിക ദൗത്യം നിര്‍വഹിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം. അത് രക്ഷിതാവിന്റെയോ വിദ്യാര്‍ഥിയുടെയോ മാത്രം  ബാധ്യതയല്ല. ഭരണകൂടത്തിനും സമൂഹത്തിനും പൊതു കൂട്ടായ്മകള്‍ക്കുമെല്ലാം കൂട്ടുത്തരവാദിത്തമുണ്ടതില്‍. സ്വന്തമായി അത് നിര്‍വഹിക്കാന്‍ സാധിക്കാത്തവരെ ഭരണകൂടവും മറ്റു പൊതുകൂട്ടായ്മകളും സഹായിക്കണം. ആ സഹായം ചാരിറ്റിയല്ല, കൂട്ടായ ഉത്തരവാദിത്ത നിര്‍വഹണമാണ്. ഇസ്‌ലാമിക ലോകം പണ്ടുമുതലേ അംഗീകരിച്ച തത്ത്വമാണിത്. അതുകൊണ്ടാണ് ഇസ്‌ലാമിക ലോകത്തെ പൗരാണികമായ എല്ലാ വൈജ്ഞാനിക കലാലയങ്ങളുടെയും സുഗമമായ നടത്തിപ്പിനാവശ്യമായ വഖ്ഫുകള്‍ ഭരണാധികാരികളും ഉദാരമതികളായ സമ്പന്ന വ്യക്തികളും ഏര്‍പ്പെടുത്തിയത്. ദീനീവിദ്യാഭ്യാസത്തിനു മാത്രമല്ല ഈ വഖ്ഫുകള്‍ അവര്‍ ഏര്‍പ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്. ഏത് വിജ്ഞാനം പഠിക്കുന്ന വിദ്യാര്‍ഥിക്കും ഇവ ലഭ്യമായിരുന്നു. പുതിയ കാലത്തും ഒരു വിദ്യാര്‍ഥിക്ക് ലോകത്തെവിടെ ചെന്നും ഉന്നത വിദ്യാഭ്യാസം നേടാനുള്ള സൗകര്യമൊരുക്കാന്‍ നമുക്ക് സാധിക്കണം. അതിന് പണം അവര്‍ക്ക് തടസ്സമാവരുത്. നിലവില്‍ നമ്മുടെ ഏറ്റവും മികവും കഴിവുമുള്ള വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ പോലും ഹൈദരാബാദിലും ദല്‍ഹിയിലും അവസാനിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച 200 യൂനിവേഴ്‌സിറ്റികള്‍ ഇന്ത്യക്ക് പുറത്താണുള്ളത്. അവിടങ്ങളിലേക്ക് വൈജ്ഞാനിക തീര്‍ഥാടനം നടത്താന്‍ പുതിയ തലമുറക്കാവണം. അതിന് തടസ്സം എന്താണോ അത് നീക്കാന്‍ നമുക്ക് സാധിക്കണം. സാമ്പത്തിക സഹായം നല്‍കി മികച്ച വിദ്യാര്‍ഥികളെ ലോകോത്തര യൂനിവേഴ്‌സിറ്റികളിലേക്ക് ഉപരിപഠനത്തിനു അയക്കണം

അത്തരം ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിപുലമായ സംവിധാനം വിദ്യാഭ്യാസ സമിതിയുടെ പദ്ധതിയിലുണ്ടണ്ട്. ഒരു എജുക്കേഷ്‌നല്‍ ചാരിറ്റി ഫൗണ്ടേഷന്‍ തന്നെ ഉണ്ടാക്കി വൈകാതെ സ്‌കോളര്‍ഷിപ്പ് പദ്ധതികളാവിഷ്‌കരിക്കും. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ജോലി നേടി ജീവിതം കരുപ്പിടിപ്പിച്ച ശേഷം തിരിച്ചടക്കുന്ന വിധത്തിലുള്ള ലോണ്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയും ആലോചനയിലുണ്ട്. അങ്ങനെയാവുമ്പോള്‍ ആ കാശ് മറ്റു അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി വീണ്ടും നല്‍കാന്‍ കഴിയും. മുന്‍ഗാമികള്‍ ഏറെ മാതൃക കാണിച്ചുതന്ന വഖ്ഫ് എന്ന സുന്നത്തിനെ പുനരുജ്ജീവിപ്പിക്കാന്‍ സമുദായം മുന്നോട്ടുവന്നാല്‍ ഇപ്പറഞ്ഞ ലക്ഷ്യങ്ങളൊക്കെ എളുപ്പത്തില്‍ നടപ്പിലാക്കാവുന്നതേയുള്ളൂ.

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരള മുസ്‌ലിംകള്‍ ഏറെ മുന്നേറി എന്ന് പറയുമ്പോഴും അത് ചില പ്രത്യേക കോഴ്‌സുകളില്‍ മാത്രം കേന്ദ്രീകരിക്കുന്നു എന്നതല്ലേ ശരി? മെഡിക്കല്‍-എഞ്ചിനീയറിംഗ് മേഖലകളില്‍ പരിമിതപ്പെടുന്ന ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തെ സമുദായ ശാക്തീകരണത്തിന് കുറേ കൂടി ഉപകാരപ്പെടുന്ന മറ്റു മേഖലകളിലേക്ക് തിരിച്ചുവിടേണ്ടതില്ലേ?

മുസ്‌ലിംകള്‍ മാത്രമല്ല കേരളീയര്‍ പൊതുവെ കുറച്ചുകാലമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രഫഷനല്‍ മേഖലക്കാണ് ഊന്നല്‍ നല്‍കുന്നത്. പ്രത്യേകിച്ച് മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക്. അതിനുള്ള കോച്ചിംഗ് സെന്ററുകളും മത്സരങ്ങളുമാണ് ഇവിടെ കാര്യമായി നടക്കുന്നത്. നാട്ടിലെ ട്രെന്റനുസരിച്ച് മുന്നോട്ടു പോവുക എന്ന പതിവ് സാമൂഹികക്രമത്തില്‍ മുസ്‌ലിംകളും ഉള്‍പ്പെട്ടിരിക്കുന്നുവെന്നതാണ് ശരി. യഥാര്‍ഥത്തില്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് മേഖലയില്‍ ആവശ്യമായ പ്രഫഷനലുകള്‍ ഇപ്പോള്‍തന്നെയുണ്ട്. ഇനിയുമൊരുപാട് പ്രഫഷനലുകളെ ആ മേഖലയിലേക്കാവശ്യമില്ല. തൊഴില്‍പരമായ സാധ്യതകളും ആ രംഗത്ത് കുറഞ്ഞുവരികയാണ്. അത്യാവശ്യമില്ലാത്ത ഒരു മേഖലയിലേക്ക് ഒഴുകുന്ന ഈ ഹ്യൂമന്‍ റിസോഴ്‌സസിനെ കൂടുതല്‍ ഉപകാരപ്രദമായ മേഖലയിലേക്ക് തിരിച്ചുവിടാന്‍ നമുക്ക് സാധിക്കണം. സിവില്‍ സര്‍വീസ് മേഖല ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. കഴിവും മികവുമുള്ള വിദ്യാര്‍ഥികള്‍ക്കേ അത് നേടാനാവൂ. ഒട്ടേറെ സാധ്യതകളും ആ രംഗത്തുണ്ട്. പ്രഗത്ഭരായ വിദ്യാര്‍ഥികളെ ഈ മേഖലയിലേക്ക് വഴിതിരിച്ചുവിടണം. രക്ഷിതാക്കള്‍ക്കും ഈ വിഷയത്തില്‍ ഗൈഡന്‍സ് നല്‍കണം. Pure Science, അപ്ലൈഡ് സയന്‍സ്, ഹ്യുമാനിറ്റീസ്, ലാംഗ്വേജ് സ്റ്റഡീസ്, മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവയും പുതിയകാലത്ത് സാധ്യതയുള്ള മേഖലകളാണ്. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഏറെ ശോഭിക്കാനും സമൂഹത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കാനും ഈ മേഖലയില്‍ സാധിക്കും. ശുഭകരമായ മാറ്റം ഈ രംഗത്തുണ്ടാകുന്നുണ്ട്. അതിനെ ശക്തിപ്പെടുത്താന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ സമിതി നേതൃത്വം നല്‍കും.

പരിചയിച്ചുപോന്ന സാമ്പ്രദായിക വിദ്യാഭ്യാസ ശീലങ്ങള്‍ക്കപ്പുറമുള്ള വിദ്യാഭ്യാസ രീതികള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഇതിന് മികച്ച ഉദാഹരണമാണ്. അതുപോലെ അനൗദ്യോഗിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും വിജ്ഞാനം കാര്യക്ഷമമായി ലിംഗ-പ്രായഭേദമന്യേ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുസ്‌ലിം കൂട്ടായ്മകള്‍ നടത്തുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ ഇതിലുള്‍പ്പെടുത്താം. ഇത്തരം വിദ്യാഭ്യാസ രീതികളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതില്ലേ?

സാങ്കേതികവിദ്യയുടെ വികാസത്തോടെ വിദ്യാഭ്യാസരംഗവും ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗുണകരമായ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടതുണ്ട്. രാവിലെ ആരംഭിച്ച് വൈകുന്നേരം വരെ ഒരു ക്ലാസ് റൂമില്‍ വ്യത്യസ്ത അധ്യാപകര്‍ക്കു കീഴില്‍ തുടരുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം എന്ന സാമ്പ്രദായിക ധാരണകളൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസവും ജോലിയും ഒരുമിച്ച് കൊണ്ടുപോവുക, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതയുപയോഗിച്ച് വീട്ടിലിരുന്ന് പഠിക്കുക തുടങ്ങിയ പുതു രീതികളൊക്കെ ഇതിന്റെ ഭാഗമാണ്. മിക്ക യൂനിവേഴ്‌സിറ്റികളും ഇന്ന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നു. ഈ മാറ്റം ഉള്‍ക്കൊണ്ട് അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുകയാണ്. അതിനുള്ള പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പലയിടത്തും ആരംഭിച്ച ഓണ്‍ലൈന്‍ മദ്‌റസകളും ഈ രംഗത്ത് എടുത്തുപറയേണ്ട സംരംഭമാണ്. ചെറിയ കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും അതുവഴി മതവിദ്യാഭ്യാസം നേടുന്നുണ്ട്. ചെറിയ പ്രായത്തില്‍ കുറച്ചു വര്‍ഷം പഠിച്ച് അവസാനിപ്പിക്കേണ്ടതല്ല മത വിദ്യാഭ്യാസമടക്കമുള്ള ഒരു വിജ്ഞാനവും. മരണം വരെ ഒരു മനുഷ്യന്‍ തുടരേണ്ട പ്രക്രിയയാണ് വിദ്യാഭ്യാസം. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പ്രായ-ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും നിരന്തര വിദ്യാഭ്യാസത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ സംവിധാനങ്ങള്‍ ആ രംഗത്ത് ഒരുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതിക്കപ്പുറം പഠിതാവിന്റെ സൗകര്യവും അഭിരുചിയുമനുസരിച്ച് സംവിധാനങ്ങളൊരുക്കിയാല്‍ അത് വിജയിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍. മിക്ക മുസ്‌ലിം സംഘടനകളും ഇത്തരം അനൗദ്യോഗിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ വിജയകരമായി നടത്തുന്നുണ്ട്. മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തെ മറികടക്കുംവിധം ഈ മേഖലയില്‍ പഠിതാക്കളെത്തുകയും വിദ്യാഭ്യാസം നേടുകയും ചെയ്യുന്നുണ്ട്. നിലവില്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റികള്‍ ഇത്തരം കോഴ്‌സുകള്‍ നടത്തുന്നുണ്ട്. മെയിന്‍ സ്ട്രീം വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം ഈ രംഗത്തും നല്‍കി മികച്ച സിലബസും പാഠ്യരീതിയും സംവിധാനവും ഒരുക്കിയാല്‍ ഒട്ടേറെ അത്ഭുതങ്ങള്‍ ഈ രംഗത്ത് സൃഷ്ടിക്കാന്‍ സാധിക്കും. ജമാഅത്തെ ഇസ്‌ലാമി ഈയടുത്ത് സ്ത്രീകള്‍ക്കായി ആരംഭിച്ച 'തംഹീദുല്‍ മര്‍അ' എന്ന കോഴ്‌സിന്റെ സ്വീകാര്യത അത് ബോധ്യപ്പെടുത്തുന്നുണ്ട്. ഖുര്‍ആന്‍ പഠനവും ദീനീവിജ്ഞാനവും മാത്രമല്ല, ഏത് വിജ്ഞാനശാഖയും ഇങ്ങനെ പഠിപ്പിച്ചാല്‍ അത് ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കും. അതിന്റെ സാധ്യതകള്‍ ഇനിയും നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. 

നമ്മുടെ വിദ്യാഭ്യാസരംഗം കുറച്ചുകൂടി സ്ത്രീസൗഹൃദപരമാവണം. വിവാഹം, പ്രസവം, ശിശുപരിപാലനം തുടങ്ങിയവ സ്ത്രീകളുടെ പഠനം മുടങ്ങുന്നതിന് കാരണമായിത്തീരുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സ്ത്രീവിരുദ്ധത കൊണ്ടണ്ടാണ്. ഫാക്ടറികളില്‍ ഡേ കെയര്‍ സെന്റര്‍ നമുക്ക് സങ്കല്‍പിക്കാനാവും; കോളേജുകളിലും സര്‍വകലാശാലകളിലും അതിന് കഴിയുന്നില്ല! പതിനെട്ട് വയസ്സ് കഴിയുന്നതോടെ പെണ്‍കുട്ടികള്‍ പൊതുവെ വിവാഹിതരാകും. അതിന്റെ അര്‍ഥം പ്രസവം, കുട്ടി, കുടുംബം എന്ന് കൂടിയാണ്. ചുരുങ്ങിയത് ഇരുപത്തഞ്ച് വയസ്സുവരെയെങ്കിലും ഇന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടിക്ക് ഔപചാരിക വിദ്യാഭ്യാസം നേടേണ്ടണ്ടിവരും. കുടുംബജീവിതം നയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനം സാധ്യമാവണമെങ്കില്‍ വിദ്യാഭ്യാസ രംഗത്തെ നമ്മുടെ നിയമങ്ങളും അവയുടെ പ്രയോഗവും കുറച്ചുകൂടി സ്ത്രീസൗഹൃദപരമാവണം. കുട്ടികളും കുടുംബവും ഉള്ളതോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് പഠിക്കാന്‍ കഴിയണം; അതവരുടെ അവകാശം കൂടിയാണ്.

വിദ്യാഭ്യാസ സമിതിക്ക് അതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിലുള്ള പ്രതീക്ഷകള്‍ എത്രത്തോളം?

വലിയ സ്വപ്നങ്ങളും പദ്ധതികളും സാക്ഷാത്കരിച്ച പ്രസ്ഥാനമാണിത്. ഒരു കാര്യം കൂടിയാലോചിച്ച് തീരുമാനമെടുത്താല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് നടന്നിരിക്കും. നല്ല കഴിവും പരിചയവുമുള്ള ധാരാളം പേര്‍ നമ്മുടെ കൂട്ടത്തില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ എല്ലാവരുടെയും സേവനം വിദ്യാഭ്യാസ സമിതി പ്രയോജനപ്പെടുത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അത്തരം നൂറ് പേരെ ശാന്തപുരത്ത് വിളിച്ചു ചേര്‍ത്തിരുന്നു. അവരുടെ മുമ്പില്‍ നമ്മുടെ സ്വപ്നം ഒരു വിദ്യാഭ്യാസ മാര്‍ഗരേഖയായി അവതരിപ്പിച്ചിട്ടുണ്ട്. അവരത് നെഞ്ചേറ്റിയിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ അവരുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം ഈ മാര്‍ഗരേഖയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സാക്ഷാത്കരിക്കുക തന്നെ ചെയ്യും. 

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍