സ്വാതന്ത്ര്യസമരം, വിഭജനം, മുസ്‌ലിംകള്‍
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സുപ്രധാന പങ്കുവഹിച്ച സമുദായമാണ് മുസ്‌ലിംകളെങ്കിലും സുവര്‍ണരേഖകളാല്‍ മുദ്രണം ചെയ്യപ്പെടേണ്ട ആ ചരിത്രം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എഴുതപ്പെട്ടിട്ടില്ല. വിഭജനത്തിന്റെ പാപഭാരം മുഴുവന്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ടതാണ് ഇതിന് പ്രധാന കാരണം. ശാന്തിമോയ് റോയിയുടെ ഫ്രീഡം മൂവ്‌മെന്റ് ആന്റ് ഇന്ത്യന്‍ മുസ്‌ലിംസ്, പ്രാണ്‍നാഥ് ചോപ്രയുടെ ഇന്ത്യന്‍ മുസ്‌ലിംസ് ഇന്‍ ഫ്രീഡം സ്ട്രഗ്ള്‍, അസ്ഗറലി എഞ്ചിനീയര്‍ എഡിറ്റ് ചെയ്ത ദേ ടൂ ഫോട്ട് ഫോര്‍ ഫ്രീഡം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ രംഗത്ത് ശ്രദ്ധേയമായ ചില ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇരുള്‍ മൂടിക്കിടക്കുന്ന മേഖലകള്‍ ഇനിയും ധാരാളമുണ്ട്.
അലീഗഢ് സര്‍വകലാശാലാ പ്രഫസറും ഗവേഷകനും നിരവധി ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഷാന്‍ മുഹമ്മദ് രചിച്ച മുസ്‌ലിംസ് ആന്റ് ഇന്ത്യാസ് ഫ്രീഡം മൂവ്‌മെന്റ്, ദല്‍ഹി സര്‍വകലാശാലാ അധ്യാപകനായിരുന്ന ശംസുല്‍ ഇസ്‌ലാമിന്റെ മുസ്‌ലിംസ് എഗേന്‍സ്റ്റ് പാര്‍ട്ടീഷന്‍ എന്നീ പുസ്തകങ്ങളുടെ പ്രസക്തി ഇവിടെയാണ്. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളുണ്ടെങ്കിലും മുസ്‌ലിംകളുടെ പങ്ക് അര്‍ഹമായ രീതിയില്‍ എഴുതപ്പെട്ടിട്ടില്ലെന്ന് ആമുഖത്തില്‍ എഴുതുന്ന ഷാന്‍ മുഹമ്മദ്, മന്‍മോഹന്‍ കൗറിന്റെ വിമന്‍ ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗ്ള്‍ എന്ന പുസ്തകം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ നിരവധി മുസ്‌ലിം വനിതകളുള്ളപ്പോള്‍ ബീഗം ഹസ്രത്ത് മഹല്‍, ബീഅമ്മ (മൗലാനാ മുഹമ്മദലിയുടെ മാതാവ്) എന്നീ രണ്ടു വനിതകളെക്കുറിച്ച് മാത്രമേ 282 പേജുള്ള മന്‍മോഹന്‍ കൗറിന്റെ കൃതിയില്‍ പരാമര്‍ശമുള്ളൂ.
ശരീഅത്തുല്ലയും പിന്നീട് മകന്‍ ദൂദു മിയാനും നേതൃത്വം നല്‍കിയ ഫറാഇസി പ്രസ്ഥാനം, വഹാബി പ്രസ്ഥാനം തുടങ്ങിയവയും, ഹൈദറലി, ടിപ്പു സുല്‍ത്താന്‍, മജ്‌നൂന്‍ ഷാ ബുര്‍ഹാന്‍ തുടങ്ങിയവരും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടത്തിയ പോരാട്ടങ്ങളാണ് 240 പേജ് വരുന്ന ഷാന്‍ മുഹമ്മദിന്റെ പുസ്തകത്തിന്റെ ആദ്യഭാഗത്തെ പ്രതിപാദ്യം. ഒന്നാം സ്വാതന്ത്ര്യസമരമെന്നറിയപ്പെടുന്ന 1857-ലെ പോരാട്ടത്തില്‍ മുസ്‌ലിം നേതാക്കളും ഉലമാക്കളും വഹിച്ച പങ്ക് വിശദമായിതന്നെ വിവരിക്കുന്നുണ്ട്. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണത്തെത്തുടര്‍ന്ന് മുസ്‌ലിംകള്‍ക്കിടയില്‍ രണ്ട് ധാരകള്‍ രൂപമെടുത്തതായി ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് വിരുദ്ധ അലീഗഢ് സ്‌കൂളും, ജസ്റ്റിസ് ബദ്‌റുദ്ദീന്‍ ത്വയ്യിബ്ജിയും ദയൂബന്ദ് പണ്ഡിതരും നയിച്ച കോണ്‍ഗ്രസ് അനുകൂല ധാരയുമായിരുന്നു അവ. കോണ്‍ഗ്രസ്സിനോടുള്ള സമീപനവുമായി ബന്ധപ്പെട്ട് സര്‍ സയ്യിദും ബദ്‌റുദ്ദീന്‍ ത്വയ്യിബ്ജിയും പരസ്പരം എഴുതിയ കത്തുകളില്‍നിന്ന് ചിലത് ഉദ്ധരിക്കുന്ന ഷാന്‍ മുഹമ്മദ്, സര്‍ സയ്യിദിനെ രാജ്യദ്രോഹിയും ദ്വിരാഷ്ട്രവാദത്തിന്റെ പിതാവുമായി ചിത്രീകരിക്കുന്നതിനെ ചോദ്യം ചെയ്യുന്നു: ''സര്‍ സയ്യിദിന്റെ ചില പ്രസ്താവനകള്‍ക്ക് അനാവശ്യ ഊന്നലുകള്‍ നല്‍കിയും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയും ശരിയായ വീക്ഷണകോണിലൂടെ കാണാതിരിക്കുന്നതിലൂടെയുമാണ് അദ്ദേഹത്തെ വര്‍ഗീയവാദിയും ദ്വിരാഷ്ട്രവാദത്തിന്റെ പിതാവുമായി മുദ്രകുത്തിയത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും രചനകളും സൂക്ഷ്മമായി പരിശോധിച്ചാല്‍ സര്‍ സയ്യിദ് രാജ്യസ്‌നേഹിയും ദേശീയവാദിയുമാണെന്ന് വെളിപ്പെടും. ഇന്ത്യയെ സ്വന്തം വീടായി കരുതി സ്‌നേഹിച്ച അദ്ദേഹം ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് ദേശങ്ങളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല'' (പേജ്:42)
ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍, മൗലാനാ ഉബൈദുല്ലാ സിന്ധി, മൗലാനാ ഹുസൈന്‍ അഹ്മദ് മദനി തുടങ്ങിയ ഉലമാക്കള്‍ നടത്തിയ ബ്രിട്ടീഷ്‌വിരുദ്ധ നീക്കങ്ങള്‍, മുസ്‌ലിം ലീഗിന്റെ രൂപവത്കരണം, ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങള്‍, കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലെ മുസ്‌ലിം സാന്നിധ്യം എന്നിവയെക്കുറിച്ച് പിന്നീടുള്ള ഭാഗത്തു കാണാം. 'മുസ്‌ലിം രാഷ്ട്രീയ സംഘടനകളും പാകിസ്താനു വേണ്ടിയുള്ള ആവശ്യവും' എന്ന ഏഴാം അധ്യായം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിഭജനത്തിനെതിരെ നിലകൊണ്ട മുസ്‌ലിം നേതാക്കളെക്കുറിച്ചും സംഘടനകളെക്കുറിച്ചും, ഈ വിഷയത്തില്‍ അവര്‍ നടത്തിയ പ്രയത്‌നങ്ങളുമാണ് 18 പേജുകളിലായി വിശദീകരിക്കുന്നത്. പാകിസ്താന്‍ വാദത്തിനെതിരെ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുയര്‍ന്ന ശബ്ദം എത്രമാത്രം ശക്തമായിരുന്നുവെന്ന് ഈ അധ്യായത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാകും.
ഇന്ത്യാവിഭജനം മുസ്‌ലിംകള്‍ക്ക് ഏറെയും ദുരിതങ്ങളാണ് സമ്മാനിച്ചത് എന്ന അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഇന്ന് കുറവാണ്. അത് കേവലം ഭൂപ്രദേശങ്ങളുടെ വിഭജനം മാത്രമായിരുന്നില്ല, ഉപഭൂഖണ്ഡത്തിലെ ജനങ്ങളെ ഒട്ടാകെ വിഭജനം വിഘടിച്ചു നിര്‍ത്തുകയും പരസ്പര വിദ്വേഷം വളര്‍ത്തുകയും ചെയ്തു. ഈ ദുരന്തം പിന്നിട്ട് 68 വര്‍ഷം കഴിഞ്ഞെങ്കിലും അത് സൃഷ്ടിച്ച മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ദ ഇന്ത്യന്‍ മുസ്‌ലിംസ് എന്ന വിഖ്യാത കൃതിയില്‍ പ്രഫ. മുജീബ് എഴുതിയതു പോലെ, വിഭജനം ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല, പകരം 'എണ്ണത്തില്‍ വളരെ ചെറുതല്ലെങ്കിലും അവര്‍ ഇന്ത്യയില്‍ കൂടുതല്‍ ന്യൂനപക്ഷമായി. പാകിസ്താന്‍ എന്ന വേറിട്ട രാജ്യത്തിന്റെ സൃഷ്ടിപ്പിലൂടെ അവരുടെ വികാരങ്ങള്‍ കൂടുതല്‍ വ്രണപ്പെട്ടു. അവരുടെ കൂറ് വ്യക്തമായും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലിലാവുകയും ഭാവി അനിശ്ചിതത്വത്തിന്റെ അന്ധകാരത്തിലാവുകയും ചെയ്തു.' രാഷ്ട്രം വെട്ടിമുറിച്ചതിന്റെ ഉത്തരവാദിത്തം മുഴുവന്‍ പേറേണ്ടിവന്ന ജനവിഭാഗമാണ് മുസ്‌ലിംകള്‍. അവിഭക്ത ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ ജിന്നയുടെയും സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെയും പിന്നില്‍ അണിനിരന്ന് രാഷ്ട്രവിഭജനത്തിനു വേണ്ടി വാദിച്ചു എന്ന മിഥ്യാധാരണ സൃഷ്ടിക്കുന്നതില്‍ വര്‍ഗീയവാദികളായ എഴുത്തുകാര്‍ മാത്രമല്ല, മതനിരപേക്ഷവാദികളെന്ന് കരുതുന്നവരും ഒട്ടും പിന്നിലല്ല. തായാട്ട് ശങ്കരന്റെ ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ, ഡോ. കെ. വേലായുധന്‍ നായരുടെ ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷം, ആനന്ദിന്റെ വേട്ടക്കാരനും വിരുന്നുകാരനും എന്നീ പുസ്തകങ്ങള്‍ പങ്കുവെക്കുന്ന ആശയം ഇതാണ്. ശംസുല്‍ ഇസ്‌ലാം രചിച്ച മുസ്‌ലിംസ് എഗേന്‍സ്റ്റ് പാര്‍ട്ടീഷന്‍ ഈ ധാരണകളെ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുന്നു.
വിഭജനത്തിനു ശേഷം ഇന്ത്യയില്‍ ജീവിച്ച മുസ്‌ലിംകളുടെ ദേശക്കൂറ് ചോദ്യംചെയ്യുന്ന ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് സ്വാതന്ത്ര്യത്തിനു ശേഷമുള്ള മുസ്‌ലിംകള്‍ അനുഭവിക്കുന്ന വൈഷമ്യങ്ങള്‍ ശംസുല്‍ ഇസ്‌ലാം വിശദീകരിക്കുന്നത്. ദ്വിരാഷ്ട്രവാദം ആഴത്തില്‍ വിശകലനം ചെയ്യുന്ന അദ്ദേഹം, ഹിന്ദുക്കളുടെ ഭാഗത്തു നിന്നും മുസ്‌ലിംകളുടെ ഭാഗത്തുനിന്നും ദ്വിരാഷ്ട്രസങ്കല്‍പത്തെയും വിഭജനത്തെയും സാധൂകരിക്കുന്ന തരത്തില്‍ വന്ന വാദങ്ങള്‍ മൂന്നാം അധ്യായത്തില്‍ വിശകലനം ചെയ്യുന്നു. സവര്‍ക്കര്‍, എം.എസ് ഗോള്‍വാള്‍ക്കര്‍, എം.എസ് മൂഞ്ചെ, ഭായ് പരമാനന്ദ്, ലാലാ ലജ്പത് റായ്, മുഹമ്മദ് ഇഖ്ബാല്‍, റഹ്മത്ത് അലി, മുഹമ്മദലി ജിന്ന എന്നിവരുടെ ആശയങ്ങളാണ് ഈ ഭാഗത്ത് പരിശോധിക്കുന്നത്. പ്രമുഖ തത്ത്വചിന്തകന്‍ അരബിന്ദൊ ഘോഷിന്റെ (അരവിന്ദ മഹര്‍ഷി) മുത്തഛനായ രാജ് നാരായണ്‍ ബസു(1826-1899), സഹപ്രവര്‍ത്തകനായ നാബാ ഗോപാല്‍ മിത്ര (1840-1894) എന്നിവരാണ് ദ്വിരാഷ്ട്രവാദത്തിന്റെ തുടക്കക്കാരെന്ന് ഹിന്ദുത്വവാദിയായ ചരിത്രകാരന്‍ ആര്‍.സി മജുംദാറിനെ ഉദ്ധരിച്ച് ശംസുല്‍ ഇസ്‌ലാം സ്ഥാപിക്കുന്നുണ്ട്.
ഹിന്ദുക്കളും മുസ്‌ലിംകളും കഴിഞ്ഞകാലത്ത് ഒരിക്കലും ഒറ്റക്കെട്ടായിരുന്നില്ലെന്ന വര്‍ഗീയവാദികളുടെയും ദ്വിരാഷ്ട്രവാദികളുടെയും വാദത്തിലെ കഴമ്പില്ലായ്മ ബോധ്യപ്പെടുത്താന്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അധ്യായത്തിലൂടെ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു. വി.ഡി സവര്‍ക്കറുടെ ഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണികള്‍ നിരത്തിയാണ് ഈ ശ്രമം. പുസ്തകത്തിലെ 40 പുറങ്ങള്‍ ശംസുല്‍ ഇസ്‌ലാം നീക്കിവെച്ചിരിക്കുന്നത് സിന്ധിലെ പ്രമുഖ നേതാവും ധീരദേശാഭിമാനിയുമായ ഖാന്‍ ബഹാദൂര്‍ അല്ലാ ബഖ്ഷിനെ (1900-1943)ക്കുറിച്ചും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെക്കുറിച്ചും വിവരിക്കാനാണ്. സിന്ധിലെ ഇത്തിഹാദ് പാര്‍ട്ടി (യൂനിറ്റി പാര്‍ട്ടി) നേതാവും സിന്ധിലെ പ്രീമിയറും (ഇന്നത്തെ മുഖ്യമന്ത്രി പദവി) ആയിരുന്ന അല്ലാ ബഖ്ഷ് വിഭജനവാദത്തിന്റെ ശക്തനായ എതിരാളിയായിരുന്നു. ദ്വിരാഷ്ട്രവാദത്തിനെതിരെ 1940 ഏപ്രിലില്‍ ആസാദ് മുസ്‌ലിം കോണ്‍ഫറന്‍സ് എന്ന വമ്പിച്ച സമ്മേളനം വിളിച്ചുകൂട്ടുന്നതില്‍ മുഖ്യപങ്ക് വഹിച്ച അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പ്രഖ്യാപിച്ചതിങ്ങനെ: ''ഇന്ത്യയിലെ ആദ്യനിവാസികളുടെ സന്താനങ്ങളായിട്ടുള്ള ഒമ്പതു കോടി മുസ്‌ലിംകളിലെ ഭൂരിഭാഗത്തെ ഒരര്‍ഥത്തിലും ഈ രാജ്യത്തിലെ സന്താനങ്ങളല്ലെന്ന് കരുതാന്‍ പാടില്ല. ഓരോ രാജ്യത്തിലെയും ജനങ്ങള്‍ക്ക് തങ്ങള്‍ വരിക്കുന്ന മതത്തിന്റെ വ്യത്യസ്തതയനുസരിച്ച് തങ്ങളുടെ ദേശീയത്വത്തെ മാറ്റാന്‍ നിവൃത്തിയില്ല... ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇന്ത്യക്കാരാണെന്നതില്‍ അഭിമാനിക്കുന്നു. ആത്മീയമായി, മതപരമായി തങ്ങള്‍ ഇസ്‌ലാമിന്റെ ഭാഗമാണെന്നതിലും അത്രതന്നെ അഭിമാനിക്കുന്നു'' (പേജ് 87, 90).
ബഖ്ഷിന്റെ ഇത്തിഹാദ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നില്ലെങ്കിലും കോണ്‍ഗ്രസ്സിനോട് സഹകരിക്കുകയും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അന്നത്തെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസംഗത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ നല്‍കിയ കീര്‍ത്തിനാമങ്ങളെല്ലാം- ഖാന്‍ ബഹാദൂര്‍ പട്ടവും 'ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയറും' ഇതിലുള്‍പ്പെടും- തിരികെ നല്‍കുകയും ദേശീയ പ്രതിരോധ കൗണ്‍സിലില്‍നിന്ന് രാജിവെക്കുകയും ചെയ്തു. സുഭാഷ് ചന്ദ്രബോസ് ഈ സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തെ റേഡിയോയിലൂടെ അഭിനന്ദിച്ചു. അല്ലാ ബഖ്ഷിന്റെ നടപടികളില്‍ രോഷാകുലനായ ഗവര്‍ണര്‍ ഹഫ്‌ഡോ, അസംബ്ലിയില്‍ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും 1942 ഒക്‌ടോബര്‍ 10-ന് അല്ലാ ബഖ്ഷ് സര്‍ക്കാറിനെ പുറത്താക്കി. അതിര്‍ത്തി പ്രവിശ്യയില്‍ ഗഫാര്‍ ഖാന്‍ ഉയര്‍ത്തിയതുപോലെ സിന്ധില്‍ അല്ലാ ബഖ്ഷ് സൃഷ്ടിച്ച പ്രതിരോധമാണ് ഈ ഭാഗത്ത് ലീഗിന് വേരോട്ടം ലഭിക്കാതിരിക്കാന്‍ കാരണം. 1943-ല്‍ അദ്ദേഹം ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
'മുസ്‌ലിം രാജ്യസ്‌നേഹികളും സംഘടനകളും' എന്ന എട്ടാം അധ്യായത്തില്‍ അല്ലാമാ ശിബ്‌ലി നുഅ്മാനി, ഡോ. എം.എ അന്‍സാരി, ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്‍, അബ്ദുല്ല ബറേല്‍വി തുടങ്ങിയ വ്യക്തികളുടെയും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, മോമിന്‍ കോണ്‍ഫറന്‍സ്, മജ്‌ലിസെ അഹ്‌റാറെ ഇസ്‌ലാം, ആള്‍ പാര്‍ട്ടി ശീഈ കോണ്‍ഫറന്‍സ്, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസ്, അഹ്‌ലെ ഹദീസ് തുടങ്ങിയ സംഘടനകളുടെയും ആശയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു.
'ദേശസ്‌നേഹികളായ മുസ്‌ലിംകള്‍ എന്തുകൊണ്ട് പരാജയപ്പെട്ടു' എന്ന അധ്യായത്തോടെയാണ് 215 പേജുള്ള പുസ്തകം ശംസുല്‍ ഇസ്‌ലാം ഉപസംഹരിക്കുന്നത്. സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം, സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച ഹിന്ദുത്വരാഷ്ട്രീയം, കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ വര്‍ഗീയമനോഭാവം തുടങ്ങിയവയാണ് വിഭജനത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്ക് എന്തായിരുന്നുവെന്നും, രാഷ്ട്രവിഭജനത്തിനെതിരായ മുസ്‌ലിംകളുടെ ശബ്ദം എത്രമാത്രം ശക്തമായിരുന്നുവെന്നും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് രണ്ട് പുസ്തകങ്ങളും. ഷാന്‍ മുഹമ്മദിന്റെ മുസ്‌ലിംസ് ആന്റ് ഇന്ത്യാസ് ഫ്രീഡം മൂവ്‌മെന്റ് ദല്‍ഹിയിലെ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസും ശംസുല്‍ ഇസ്‌ലാമിന്റെ ഗ്രന്ഥം ന്യൂദല്‍ഹിയിലെ ഫറോസ് മീഡിയയുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Shamsul Islam, Muslims Against Partition
Revisiting the legacy of Allah Bakhsh and other patriotic Muslims
Pharos Media & Publishing Pvt Ltd, D-84, Abul Fazl Enclave - I,
Jamia Nagar, New Delhi-110 025, Rs: 250
***
Shan Muhammad, Muslims and India's freedom movement
Institute of Objective Studies, P.B No.9725,
162-Joga Bai Extension, Jamia Nagar,
New Delhi-110025, Rs: 200
Comments