മനനാത്മക മനസ്സ്
മനസ്സും ചിന്തയുടെ വിതാനങ്ങളും ഖുര്‍ആനില്‍-3
മനനാത്മക മനസ്സിനെയാണ് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യമനസ്സിന്റെ യഥാര്‍ഥ പ്രകൃതമായും ഏകസ്വത്ത്വഭാവമായും കാണുന്നത് (16:78; 17:36; 32:9; 23:78; 46:26; 67:23). ഇത് മനുഷ്യേന്ദ്രിയങ്ങള്‍കൊണ്ടും മനസ്സുകൊണ്ടും ഉദ്ദേശിക്കപ്പെട്ട യഥാര്‍ഥ ധര്‍മം നിര്‍വഹിക്കുന്നു. ഈ മനസ്സ് ഒരിക്കലും അടയുന്നില്ല. ഈ മനസ്സിനെ അന്ധത ബാധിക്കുന്നില്ല. ഈ മനസ്സ് കാപട്യം കൊണ്ട് രോഗാതുരമായിത്തീരുന്നില്ല. ഈ മനസ്സ് പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറത്ത് പ്രകൃതിപ്രതിഭാസങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ഇത് മുന്‍വിധികള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും അടിപ്പെടാത്ത മനസ്സാണ്. അതുകൊണ്ടുതന്നെഎല്ലാറ്റിനെയും തുറന്ന മനസ്സോടെ കാണുകയും ചെയ്യുന്നു. ആരാണ് പറയുന്നതെന്നതോ, എവിടെയുള്ളവനാണെന്നതോ മനനാത്മക മനഃസ്ഥിതി പുലര്‍ത്തുന്നവനെ സംബന്ധിച്ചേടത്തോളം പ്രശ്‌നമല്ല. എന്താണ് എന്നതിലാണ് അവന്റെ ശ്രദ്ധ മുഴുവനും. കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളെ അവന്‍ വിശകലനാത്മകമായി സമീപിക്കുന്നു. നെല്ലും പതിരും വേര്‍തിരിക്കുന്നു. ഏറ്റവും ഉത്തമമായതിനെ ഉള്‍ക്കൊള്ളുകയും പിന്‍പറ്റുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:
''സര്‍വ വചനങ്ങളെയും സശ്രദ്ധം ശ്രവിക്കുകയും എന്നിട്ട് അതില്‍ ഏറ്റവും ഉത്തമമായതിനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍, അവര്‍ക്കാണ് അവര്‍ അങ്ങനെ കേള്‍ക്കുന്ന വിഷയത്തില്‍ അല്ലാഹു ശരിയായ മാര്‍ഗദര്‍ശനം കാണിക്കുന്നത്. അവര്‍ തന്നെയാണ് ബുദ്ധിശാലികളും'' (39:18). ഈ സൂക്തത്തില്‍നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്:
എ) വിശുദ്ധ ഖുര്‍ആന്‍ ഈ സൂക്തത്തില്‍ 'വചനം' (ഖൗല്‍) എന്ന് വിശേഷിപ്പിച്ചത് കേവലം ഖുര്‍ആനിക വചനങ്ങളെ മാത്രം സൂചിപ്പിക്കാനല്ല. അങ്ങനെയായിരുന്നെങ്കില്‍ ആ കേള്‍ക്കുന്നതില്‍ 'ഏറ്റവും നല്ലതിനെ പിന്‍പറ്റുന്നവര്‍' എന്ന് പറയുമായിരുന്നില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ മുഴുവനായി തന്നെ അത്യുത്തമ വചനങ്ങളാണല്ലോ. അതുകൊണ്ടു വചനം (ഖൗല്‍) എന്നതിന്റെ മുമ്പിലെ പ്രത്യയമായ 'അല്‍', 'അല്‍ഹംദി'ലെ 'അല്‍' പോലെ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള 'സര്‍വത്തെ'യുമാണ് കുറിക്കുന്നത്..
ബി) സൂക്തത്തിലെ 'ശ്രദ്ധിച്ചുകേള്‍ക്കുന്നവര്‍' എന്ന പ്രയോഗം മുന്‍വിധിയും പക്ഷപാതിത്വവുമില്ലാത്ത, അറിയുക എന്ന ലക്ഷ്യം മാത്രമുള്ള തുറന്ന മനഃസ്ഥിതിയെ കൂടിയാണ് കുറിക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ മുഴുവന്‍ ഇന്ദ്രിയങ്ങളും മനസ്സും തുറന്നുവെച്ച് ശ്രദ്ധിച്ചു കേള്‍ക്കാന്‍ സാധിക്കൂ.
സി) സൂക്തത്തിലെ 'ഏറ്റവും നല്ലതിനെ പിന്‍പറ്റുന്നവര്‍' എന്ന ഭാഗം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളെ മനനത്തിനു വിധേയമാക്കി പക്ഷപാതരഹിതമായി, വിശകലനാത്മകമായി സമീപിക്കുന്ന രീതിയെയാണ് കുറിക്കുന്നത്. ആവാഹിക്കുന്ന കാര്യങ്ങളെ ഒരു ഫില്‍റ്ററിംഗ് പ്രക്രിയക്ക് വിധേയമാക്കി നെല്ലും പതിരും വേര്‍തിരിക്കുന്നു. അപ്പോള്‍ മാത്രമേ ഏറ്റവും നല്ലത് ഏതെന്നു മനസ്സിലാക്കാന്‍ സാധിക്കൂ.
ഡി) ഇത്തരം തുറന്ന മനനാത്മക മനഃസ്ഥിതിക്കാര്‍ക്ക് മാത്രമേ അവര്‍ അന്വേഷിക്കുന്ന ഏതു വിഷയത്തിലും വ്യവഹാരകാര്യങ്ങളിലും അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം ലഭിക്കൂ. ജീവിതത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ വ്യാവഹാരിക വിഷയങ്ങളിലെ ഈയൊരു മാര്‍ഗദര്‍ശനത്തിനു വേണ്ടി കൂടിയാണ് അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളിലും ഇതര ഐഛിക നമസ്‌കാരങ്ങളിലും ഫാതിഹയിലെ 'നാഥാ! നീ ഞങ്ങള്‍ക്ക് നേരായ മാര്‍ഗം കാണിച്ചുതരണമേ' എന്ന പ്രാര്‍ഥന ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ പ്രാര്‍ഥന സാക്ഷാല്‍ക്കരിക്കാനുള്ള വഴിയാണ് പക്ഷപാതരഹിതമായ തുറന്ന മനഃസ്ഥിതി.
ഇ) ഈ തുറന്ന മനനാത്മക മനഃസ്ഥിതി പുലര്‍ത്തുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ ബുദ്ധിശാലികള്‍. അല്ലാത്തവര്‍ നേരത്തെ വ്യക്തമാക്കിയതുപോലെ മനസ്സിനെ അടച്ചിടുന്നവരോ, പ്രശ്‌നങ്ങളെയും വിഷയങ്ങളെയും അന്ധമായും കപടമായും സമീപിക്കുന്നവരോ, അവയെ പക്ഷപാതപരമായി വിലയിരുത്തുന്നവരോ മാത്രമായിരിക്കും.
മനനാത്മക മനഃസ്ഥിതി പുലര്‍ത്തുന്നവന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമുണ്ട്. ഈ മനഃസ്ഥിതി നല്‍കുന്നത് അറിവും, ഉത്പാദിപ്പിക്കുന്നത് ചിന്തയുമായിരിക്കുമല്ലോ. എങ്കില്‍ അറിവിന്റെ സ്വഭാവം എന്തായിരിക്കും? എവിടെനിന്നാണ് ചിന്ത തുടങ്ങേണ്ടത്? ചിന്തിക്കുന്നതില്‍നിന്നാണോ, അതോ ബാഹ്യമായ പ്രമേയത്തില്‍നിന്നാണോ, അതുമല്ലെങ്കില്‍ ചിന്തയെ സംബന്ധിച്ച് തന്നെയാണോ? ചിന്തിക്കുന്ന തന്നെക്കുറിച്ചും, തന്റെ ശക്തിദൗര്‍ബല്യങ്ങളെക്കുറിച്ചും ചിന്താപ്രക്രിയയെക്കുറിച്ചും അതിലെ ചതിക്കുഴികളെക്കുറിച്ചും വേണ്ടത്ര ബോധമില്ലാതെ ചിന്തിക്കുന്ന വ്യക്തി, അവന്നു ബാഹ്യമായ വിഷയത്തെക്കുറിച്ച് ചിന്തിച്ചാല്‍ അബദ്ധവും അപകടകരവുമായ നിഗമനങ്ങളില്‍ അകപ്പെടാനും അഹങ്കാരിയാകാനും സാധ്യതയുണ്ട്. ആയതിനാല്‍ ചിന്താപ്രക്രിയ തന്നില്‍നിന്ന് തുടങ്ങി താന്‍ കൂടി ഭാഗമായ ബാഹ്യപ്രപഞ്ചത്തിലേക്ക് പ്രവേശിക്കുന്ന ഒരു ക്രമം ആദ്യം ആവിഷ്‌കരിക്കണം.
അഥവാ സൂക്ഷ്മ പ്രപഞ്ചത്തില്‍നിന്നും സ്ഥൂല പ്രപഞ്ചത്തിലേക്ക് വളരുന്നതിന്റെ ഒരു ക്രമമായിരിക്കണം അത്. എന്താണ് ചിന്ത? ചിന്തയുടെ ഉള്‍പ്രേരകങ്ങള്‍ എന്ത്? ചിന്തിക്കുന്നവന്‍ ആരാണ്? അവന്‍ ചിന്തിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്തൊക്കെയാണ്? ആ ഉപകരണങ്ങളുടെ പരിധിയെന്ത്? പരിമിതി എന്ത്? ശക്തിയെന്ത്? ദൗര്‍ബല്യങ്ങള്‍ എന്ത്? ഇവയെ കുറിച്ചൊക്കെയുള്ള ഒരു സാമാന്യ ധാരണയോടുകൂടി പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച് ചിന്തിക്കുക എന്നതായിരിക്കും അബദ്ധ സങ്കല്‍പങ്ങളില്‍ ജീവിതം ഹോമിക്കപ്പെടാതിരിക്കാനും, ജീവിതത്തെ കരുതലോടെ നോക്കിക്കാണാനും, സ്വയം നിരൂപണം ചെയ്ത് വിനയാന്വിതനാകാനും നമ്മെ സഹായിക്കുക.
ചിന്ത എന്നത് മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഒരു ദാര്‍ശനിക പ്രശ്‌നമാണ്. വെറും ദാര്‍ശനിക പ്രശ്‌നം മാത്രമല്ല അത്. മറിച്ച്, മനശ്ശാസ്ത്രത്തിന്റെയും ന്യൂറോ സയന്‍സിന്റെയും ഒക്കെ പ്രശ്‌നം കൂടിയാണ് അത്. എന്താണ് ചിന്ത, എങ്ങനെയാണ് അത് രൂപംകൊള്ളുന്നത്, അതിന്റെ ഭൗതികവും അതിഭൗതികവുമായ തലങ്ങളും മാനങ്ങളും എന്ത് എന്നതിനെ സംബന്ധിച്ച് നമുക്ക് ഒന്നും അറിയില്ല എന്നതാണ് വസ്തുത.
ഏതൊരു മനുഷ്യനും ചിന്തിക്കുന്നു. ആ ചിന്തയാണ് മനുഷ്യന്റെ നാഗരികവും സാംസ്‌കാരികവുമായ പുരോഗതിയുടെ ചക്രം. ചിന്തയാണ് പുതിയ ആശയങ്ങള്‍ വ്യാഖ്യാനിക്കുന്നതിനും പ്രവചിക്കുന്നതിനുമൊക്കെ നമ്മെ സഹായിക്കുന്നത്. നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്ന മുഴുവന്‍ ആശയങ്ങളും, നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ നേരിട്ടു ലഭിക്കാത്തതോ, അല്ലെങ്കില്‍ നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ ലഭിച്ചതില്‍ തന്നെ കണ്ടെത്തിയിട്ടില്ലാത്തതോ ആയ കാര്യങ്ങളിലേക്കുള്ള മനസ്സിന്റെ പ്രയാണവും, തെളിവോടുകൂടിയതോ അല്ലാത്തതോ ആയ വിശ്വാസങ്ങളും ന്യായങ്ങളും എല്ലാം നമ്മുടെ ചിന്തയുടെ ഉല്‍പന്നങ്ങളാണ്. നാം പോസിറ്റീവ് ആയും നെഗറ്റീവ് ആയും ചിന്തിക്കാറുണ്ട്. നിര്‍മാണാത്മക ചിന്തകളും സംഹാരാത്മക ചിന്തകളും മനുഷ്യമനസ്സില്‍ ജന്മംകൊള്ളാറുണ്ട്. തെറ്റും ശരിയും നന്മയും തിന്മയും അതില്‍ ഉണ്ടാവാറുണ്ട്. ദോഷൈകവും ശുഭദായകവുമായ ചിന്തകളും രൂപപ്പെടാറുണ്ട്. ഒരു വിഷയത്തില്‍ ആഴ്ന്നിറങ്ങി ചിന്തിക്കുമ്പോള്‍, നമ്മുടെ ശ്രദ്ധ ആവശ്യമുള്ള മറ്റു പലതും നമുക്ക് മിസ്സാവാറുണ്ട്. അയഥാര്‍ഥമായതു നാം നമ്മുടെ ചിന്തയില്‍ കാണാറുണ്ട്. ഭാഗികമായി കണ്ടതിനെ പൂര്‍ണമായും തിരിച്ചും കരുതിപ്പോകാറുണ്ട്. നമ്മില്‍ നാമറിയാതെ പൊടുന്നനെ ചിന്ത ഉണ്ടാകുന്നുണ്ട്. ബോധപൂര്‍വം പ്രയത്‌നിച്ചും നാമതിനെ രൂപപ്പെടുത്തുന്നുണ്ട്. ചിലപ്പോള്‍ പൊടുന്നനെ ഉണ്ടാകുന്ന ചിന്തയില്‍ മനസ്സ് കൂടുതലായി കേന്ദ്രീകരിക്കുമ്പോള്‍ തുടര്‍ ചിന്തകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.
ഉദാഹരണത്തിന്, ഈ ലേഖനം എഴുതാനിരിക്കുമ്പോള്‍ നേരത്തേ ചിന്തിക്കാത്ത പലതും ഇത് എഴുതിക്കൊണ്ടിരിക്കെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, ഇതൊക്കെ നടക്കുമ്പോഴും എന്താണ് ചിന്തയെന്ന് മാത്രം നാമറിയുന്നില്ല. എന്നാല്‍ എന്തുകൊണ്ട് നാം ചിന്തിക്കേണ്ടിവരുന്നു? ഇതിന്നു കൃത്യവും വ്യക്തവുമായ ഉത്തരം ഉണ്ടെന്നതാണ് വസ്തുത. നമ്മുടെ അറിവിന്റെ അപൂര്‍ണതയും ആപേക്ഷികതയും കാരണമായാണ് നാം ചിന്തിക്കേണ്ടിവരുന്നത്. സര്‍വജ്ഞതയില്‍ ചിന്തക്ക് പ്രസക്തിയില്ല. അറിഞ്ഞതുപയോഗിച്ച് അറിയാത്തത് കണ്ടെത്താനുള്ള മനസ്സിന്റെ പ്രയത്‌നമാണ് ചിന്ത. സ്വാഭാവികമായും ഇത് മറ്റൊരു ചോദ്യത്തിലേക്ക് നയിക്കുന്നു. മനുഷ്യന്‍ എപ്പോഴെങ്കിലും ചിന്തിക്കേണ്ടിവരാത്ത ഒരവസ്ഥ പ്രാപിക്കുമോ? അഥവാ അറിവില്‍ പൂര്‍ണനാവുമോ?
ചിന്ത എന്നത് മനുഷ്യന്റെ അസ്തിത്വപരമായ സവിശേഷതയായതിനാല്‍ അറിവില്‍ മനുഷ്യന്‍ ഒരിക്കലും പൂര്‍ണനാവില്ല. അതു തന്നെയാണ് വിശുദ്ധ ഖുര്‍ആനും 'അറിവില്‍നിന്നും അല്‍പം മാത്രമേ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ളൂ' (17:85) എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്. സ്വാഭാവികമായും മനുഷ്യന്റെ ജ്ഞാനസംബന്ധിയായ പരികല്‍പനയില്‍ കേവലമായ ജ്ഞാനത്തിന്റെയും കേവലമായ അജ്ഞതയുടെയും ആപേക്ഷികമായ ജ്ഞാനത്തിന്റെയും ആപേക്ഷികമായ അജ്ഞതയുടെയും തലങ്ങളുണ്ട്. ഉദാഹരണത്തിന്, മനുഷ്യന്റെ അറിവ് അപൂര്‍ണമാണെന്നത് ഒരിക്കലും മാറ്റമില്ലാത്ത കേവല ജ്ഞാനമാണ്. എന്നാല്‍ ഇന്നറിഞ്ഞത് നാളെ തെറ്റാണെന്ന് മനസ്സിലാക്കുന്നതോ ഇന്നറിയാത്തത് നാളെ അറിയുന്നതോ ആയ കാര്യങ്ങള്‍ ആപേക്ഷികമായ ജ്ഞാനത്തിന്റെയും ആപേക്ഷികമായ അജ്ഞതയുടെയും തലങ്ങളെയാണ് കുറിക്കുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന, നമുക്ക് നല്‍കപ്പെട്ട പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറത്തുള്ള ഗുണങ്ങള്‍ മനുഷ്യന്റെ കേവലമായ അജ്ഞതയുടെ തലത്തിന് ഉദാഹരണമാകുന്നു.
കേവലമായ അറിവും ആപേക്ഷികമായ അറിവും ഉപയോഗിച്ചുകൊണ്ട് ആപേക്ഷികമായ അജ്ഞതയുടെ മണ്ഡലങ്ങളെ കീഴടക്കാന്‍ മനസ്സ് നടത്തുന്ന പ്രയത്‌നം കൂടിയാണ് ചിന്ത. മനുഷ്യ ചരിത്രം തെളിയിക്കുന്നത്, ഓരോ ഘട്ടം കഴിയുംതോറും അവന് കൂടുതല്‍ കൂടുതല്‍ ചിന്തിക്കേണ്ടിവരുന്നു എന്നാണ്. അഥവാ അവന്‍ ഏതൊരു കാര്യം അറിയുംതോറും അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ അറിയാത്തതിനെ സംബന്ധിച്ചാണ് അവന്‍ അറിയുന്നത്. അവന്റെ അജ്ഞതയുടെ ആഴം കൂടിയതായും പരപ്പ് വര്‍ധിക്കുന്നതായുമാണ് അവന്‍ മനസ്സിലാക്കുന്നത്. ഓരോ കാലഘട്ടക്കാരില്‍നിന്നും പില്‍ക്കാലക്കാര്‍ ഇതില്‍ വ്യത്യസ്തമാവുന്നത് ഒരൊറ്റ കാര്യത്തില്‍ മാത്രമാണ്. പില്‍ക്കാലക്കാര്‍ക്ക് അവര്‍ക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നു അറിയാമായിരുന്നപ്പോള്‍, മുന്‍കാലക്കാര്‍ക്ക് അങ്ങനെയൊരു അറിവ് ഉള്ളതായിപ്പോലും അറിയില്ലായിരുന്നു എന്നതാണത്.
മനുഷ്യന്‍ അവന്‍ ചിന്തിക്കുന്ന പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തിന്റെ ഭാഗമായ ഒരു അസ്തിത്വത്തിനു, താന്‍ ആ പ്രപഞ്ചത്തിന്റെ ഭാഗമായിരിക്കെ മുഴുപ്രപഞ്ചത്തെ പൂര്‍ണമായി മനസ്സിലാക്കുക സാധ്യമായിരിക്കില്ല. എന്തിനേറെ പറയുന്നു, മനുഷ്യന് മനുഷ്യനെ തന്നെ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അവന്‍ ഈ എല്ലാ മേഖലയിലും വികസിച്ചുകൊണ്ടേയിരിക്കും. അവനിലെ വികാസക്ഷമത എന്നതുതന്നെ അപൂര്‍ണതയുടെ തേട്ടമാണ്. എന്നും വികസിച്ചുകൊണ്ടേയിരിക്കും എന്നു പറഞ്ഞാല്‍ എന്നും അപൂര്‍ണനായി നിലനില്‍ക്കുമെന്നുകൂടിയാണര്‍ഥം. ഈ സ്ഥായിയായ അപൂര്‍ണതയില്‍ മനുഷ്യാസ്തിത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം കണ്ടെത്തുമെന്നത് വലിയ പ്രശ്‌നമാണ്. അത് ഊഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും വിട്ടുകൊടുക്കുന്നത് ജീവിതം കൊണ്ട് ഉദ്ദേശിക്കപ്പെട്ട ലക്ഷ്യം നഷ്ടപ്പെടുത്തുന്നതിന്നു തുല്യമായിരിക്കും. ഇവിടെയാണ് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യാസ്തിത്വം കൊണ്ട് ഉദ്ദേശിക്കപ്പെട്ട ലക്ഷ്യവും അത് സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗവും മനുഷ്യനു കാണിച്ചുകൊടുക്കുക എന്നത് സ്രഷ്ടാവിനു മാത്രം അര്‍ഹതപ്പെട്ട കാര്യമായും, സൃഷ്ടികളുടെ മേലുള്ള അവന്റെ ഉത്തരവാദിത്തമായും വിശേഷിപ്പിച്ചതിന്റെ പൊരുള്‍ മനസ്സിലാവുക.
(തുടരും)
Comments