എം. അബ്ദുല്‍ ഖാദര്‍ ഹാജി
തൃശൂര്‍ വടക്കാഞ്ചേരി ഏരിയയിലെ മാരാത്ത്കുന്ന് കാര്‍കുന്‍ ഹല്‍ഖാ അംഗമായിരുന്നു മനക്കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജി (72). ഭാര്യാസമേതം ഉംറ നിര്‍വഹിക്കാന്‍ പോയ അദ്ദേഹം വിശുദ്ധ കര്‍മത്തിനിടയിലാണ് ഹൃദയാഘാതം മൂലം നിര്യാതനായത്.
മാരാത്ത്കുന്ന് കാര്‍കുന്‍ ഹല്‍ഖാ നാസിം, മസ്ജിദുന്നൂര്‍ പ്രസിഡന്റ്, പരുത്തിപ്ര മുസ്‌ലിം അസോസിയേഷന്‍ ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. രണ്ട് പതിറ്റാണ്ടിലേറെക്കാലം പ്രദേശത്തെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാരാത്ത്കുന്ന് പഴയ നമസ്‌കാരപ്പള്ളി നവീകരിച്ച് ജുമുഅക്ക് തുടക്കം കുറിച്ചതിലും പള്ളിക്ക് സ്ഥിര വരുമാനത്തിനായി വാടകക്കെട്ടിടം നിര്‍മിച്ചതിലും നേതൃപരമായ പങ്കു വഹിച്ചു.
രോഗങ്ങള്‍ വകവെക്കാതെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും പള്ളി പരിപാലനത്തിലും സേവന പ്രവര്‍ത്തനങ്ങളിലും നിരതനായിരുന്നു. ജീവിത ലാളിത്യവും വിനയത്തോടെയുള്ള പെരുമാറ്റവും അദ്ദേഹത്തെ നാട്ടുകാരുടെ 'ഖാദിര്‍ ഭായി'യാക്കി. വിഭാഗീയതകള്‍ക്കതീതമായി കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ അദ്ദേഹം മുന്നില്‍നിന്നു.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിനടുത്ത കപ്പൂരിലാണ് ജനനം. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ മരിച്ചതിനാല്‍ മദീന യൂനിവേഴ്‌സിറ്റിയിലെ പ്രഫസറും പ്രമുഖ പണ്ഡിതനുമായിരുന്ന ജ്യേഷ്ഠസഹോദരന്‍ മര്‍ഹൂം സഅ്ദുദ്ദീന്‍ അഹ്മദ് മൗലവിയുടെ സംരക്ഷണത്തിലാണ് ഖാദിര്‍ ഭായി വളര്‍ന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കാസര്‍കോട് ആലിയ കോളേജില്‍ പഠനം നടത്തി. 22-ാം വയസ്സില്‍ ഇന്ത്യന്‍ മിലിട്ടറിയില്‍ ചേര്‍ന്നു. 17 വര്‍ഷം കരസേനയില്‍. അധികവും കശ്മീര്‍, പഞ്ചാബ്, സിംല എന്നിവിടങ്ങളിലായിരുന്നു. മിലിട്ടറിയില്‍നിന്ന് വിരമിച്ചതിനുശേഷം 15 കൊല്ലം രിയാദില്‍ ജോലിചെയ്തു. പ്രവാസത്തിനു ശേഷം മാരാത്ത്കുന്ന് സ്ഥിര താമസമാക്കി.
നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറിയായിരുന്ന മര്‍ഹൂം അബ്ദുല്ലത്വീഫ് മൗലവിയുടെ മകള്‍ ഹഫ്‌സയാണ് ഭാര്യ. 3 വര്‍ഷം മുമ്പ് ഇളയ മകന്‍ അബ്ദുല്ലത്വീഫ് ബൈക്കപകടത്തില്‍ മരിച്ചത് അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.
എം.എ അബ്ദു
കൊടുങ്ങല്ലൂരിന്റെ സമീപപ്രദേശമായ കാര-കാതിയാളം മേഖലയില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലം മുതല്‍ തന്നെ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും മഹല്ലില്‍ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ കഠിനശ്രമം നടത്തുകയും ചെയ്ത വ്യക്തിയായിരുന്നു എം.എ അബ്ദു സാഹിബ് (95). കച്ചവടാര്‍ഥം കോഴിക്കോട്, കണ്ണൂര്‍ പ്രദേശങ്ങളില്‍ ദീര്‍ഘകാലം ഉണ്ടായിരുന്നപ്പോള്‍ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളുമായി നിരന്തരം ബന്ധപ്പെടാനും അവരില്‍നിന്ന് കിട്ടുന്ന അറിവുകളും അനുഭവങ്ങളും പ്രദേശവാസികളില്‍ എത്തിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. മഹല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. അഞ്ച് ആണ്‍മക്കളും ഒരു മകളുമുണ്ട്.
കെ.കെ അബ്ബാസ്, കാതിയാളം
Comments