Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

ജീവിതത്തെ തൊടുന്ന ഇസ്‌ലാം ജനങ്ങളിലേക്കെത്തുന്നുണ്ടോ?

പ്രഫ. അബ്ദുര്‍റഹ്മാന്‍ കൂരങ്കോട്

'മാറുന്ന കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനം' (2016 മാര്‍ച്ച് 18) വായിച്ചപ്പോള്‍ തോന്നിയ ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നു. നന്മയുടെ പ്രചാരണത്തിനും തിന്മയുടെ ഉഛാടനത്തിനും എല്ലാ വിഭാഗം മുസ്‌ലിംകളും ബാധ്യസ്ഥരാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. അതിലൊന്നാണ് ഇസ്‌ലാമിക പ്രബോധനം. ആരാധനാ കാര്യങ്ങളിലെ ചില്ലറ അഭിപ്രായ ഭേദങ്ങള്‍ വിശാല മനസ്സോടെ കാണാന്‍ തയാറായാല്‍ പ്രബോധന പ്രവര്‍ത്തനങ്ങളിലെ യോജിപ്പ് അനായാസമായിത്തീരും. പ്രബോധന പ്രവര്‍ത്തനത്തിന് മുന്നോടിയായി പ്രതിഭകള്‍ ഒത്തൊരുമിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുകയും അഭിപ്രായൈക്യത്തില്‍ എത്തിച്ചേരാന്‍ ശ്രമിക്കുകയും വേണം. കേവല മതമാണിതെന്ന തെറ്റിദ്ധാരണ തിരുത്തണം.

മതപണ്ഡിതര്‍, അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, നിയമജ്ഞര്‍, രാഷ്ട്രമീമാംസകര്‍, എഴുത്തുകാര്‍, തത്ത്വചിന്തകര്‍, ഗവേഷകര്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലും നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇതിനായി ഒത്തൊരുമിക്കട്ടെ. പദ്ധതികള്‍ ആവിഷ്‌കരിക്കട്ടെ. 

ഇസ്‌ലാം ജീവിതസ്പര്‍ശിയായ ദര്‍ശനമാണെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന വിധം പ്രവര്‍ത്തന പരിപാടി ആവിഷ്‌കരിക്കാന്‍ കഴിയണം. മനുഷ്യന്റെ ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം തുടങ്ങി ജീവിതത്തിലെ ഓരോ അവസ്ഥയെയും അത് സ്പര്‍ശിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തണം. വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയപരവുമായ മനുഷ്യന്റെ ബാധ്യതകള്‍ എന്തൊക്കെയെന്നും ഇസ്‌ലാം അതിന് എന്തെല്ലാം വഴികളാണ് ആസൂത്രണം ചെയ്തതെന്നും പ്രവര്‍ത്തനത്തിലൂടെ കാണിച്ചുകൊടുക്കണം. ദാരിദ്ര്യനിര്‍മാര്‍ജനവും നിര്‍ഭയത്വവും എങ്ങനെ കൈവരിക്കാം, പാര്‍പ്പിട-കുടിവെള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം, മതവിശ്വാസികള്‍ക്കിടയില്‍ ഉത്തമ സഹവാസം എങ്ങനെ യാഥാര്‍ഥ്യമാക്കാം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക കര്‍മപദ്ധതിയും സമര്‍പ്പിക്കണം.

ഒപ്പം മനസ്സിലാക്കേണ്ട വിഷയം, ഇന്ത്യയിലെ മഹാ ഭൂരിപക്ഷവും ഇസ്‌ലാമിന്റെ ശത്രുക്കളല്ല എന്നതാണ്. ചിലരെല്ലാം മുസ്‌ലിംകളുടെ ചില ചെയ്തികളോട് വെറുപ്പുള്ളവരാണെന്നേയുള്ളൂ. ആ തെറ്റിദ്ധാരണകള്‍ തിരുത്താനും ശ്രമമുണ്ടാവണം. പരമത സഹിഷ്ണുത ഇസ്‌ലാമിന്റെ നിയമവും നയവുമാണ്. മറ്റൊരു കാര്യം, ഭൂരിപക്ഷവും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരോ അതും ലഭിച്ചിട്ടില്ലാത്തവരോ ആണെന്നുള്ളതാണ്. അവര്‍ക്ക് വായനയല്ല ഇഷ്ടം, മറിച്ച് കാഴ്ചയാണ്, കേള്‍വിയാണ്.

ഇസ്‌ലാം ഒരു പ്രത്യേക വിഭാഗത്തിന്റെ കേവല മതമല്ല. മനുഷ്യസ്‌നേഹത്തിന്റെ, ക്ഷേമത്തിന്റെ ദര്‍ശനമാണെന്ന് പൊതുജനത്തിന് ബോധ്യപ്പെടണം. വര്‍ഗീയതയും ജാതീയതയും വംശീയതയും നിരാകരിക്കുന്ന ഏകനായ ദൈവത്തിന്റെ സമന്മാരായ അടിമകളാണ് മനുഷ്യരെന്നും ഒരേ മാതാപിതാക്കളുടെ മക്കളാണവരെന്നും തിരിച്ചറിവുണ്ടാക്കണം (ഖുര്‍ആന്‍ 49:13). നന്മ കൊണ്ടാണ് ഇസ്‌ലാം തിന്മയെ നേരിടുന്നത്. നീതിയാണ് അതിന്റെ മുഖമുദ്ര (ഖുര്‍ആന്‍ 4:58,105,135,5:48, 16:90, 42:15). ശത്രുതയുള്ളവരോടു പോലും നീതി കാണിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു ജീവിത ദര്‍ശനമാണ് അതെന്നും ബോധ്യപ്പെടുത്താന്‍ കഴിയണം. സമ്പത്തിന്റെ കുന്നുകൂട്ടലിനല്ല, വിതരണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന ഖുര്‍ആന്റെ കല്‍പന ജനങ്ങളറിയണം. 'മനുഷ്യരെ വരിഞ്ഞുകെട്ടിയ ചങ്ങലയും മുതുകിനെ ഞെരിക്കുന്ന ഭാരവും ഇറക്കിവെക്കുന്ന' ഖുര്‍ആനികാശയങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. വിദ്യാസമ്പന്നരല്ലാത്ത സാധാരണക്കാരെ എങ്ങനെയിത് ധരിപ്പിക്കും?

ദൈവവിശ്വാസികളും അല്ലാത്തവരും ഈ ആശയങ്ങളെ ഇഷ്ടപ്പെടാതിരിക്കുകയില്ല. ഒരു അഗ്നിസ്ഫുലിംഗം പോലെ പെട്ടെന്നിറങ്ങി കെട്ടടങ്ങിപ്പോകുന്നതല്ല, പ്രകാശനാളങ്ങളായി നാടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്ന കൈത്തിരികളായാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്തേണ്ടത്. അതിന് ആളും അര്‍ഥവും കൈയിലുണ്ടാവണം. പുസ്തകങ്ങളും പ്രഭാഷണങ്ങളും ലളിതമാവണം. ആധുനിക വാര്‍ത്താവിനിമയ ഉപകരണങ്ങളും അതിനുപയോഗപ്പെടുത്താം. നിലവിലുള്ള സാഹിത്യങ്ങള്‍ സംഗ്രഹിച്ചും പുതിയവ രചിച്ചും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാക്കി മാറ്റണം.

 

കാമ്പുള്ള കവിത

'കാക്ക' കവിത ഹൃദ്യമായി. വിശാലമായ ആശയ - അര്‍ഥതലങ്ങള്‍ നല്‍കുന്ന ആ കവിത വര്‍ത്തമാന സമൂഹവുമായി സംവദിക്കുന്നു. ഏറെ കൗശലമുള്ള പക്ഷിയാണ് കാക്ക. സ്വാര്‍ഥ താല്‍പര്യത്തിന്റെ പ്രതീകമായ കാക്കയെ ചില മത രാഷ്ട്രീയ സൂത്രശാലികളുടെ പതിപ്പായി കാണാം. കുയിലിന്റെ കൂട്ടില്‍ മുട്ടയിട്ട് വിരുന്നുകാര്‍ വരുമെന്ന് വരുത്തിത്തീര്‍ത്ത്, അധിനിവേശത്തെയും അന്ധവിശ്വാസങ്ങളെയും കൂട്ടിച്ചേര്‍ക്കുന്നവരിലേക്ക് ഒരു പാഠമായി 'കാക്ക' കവിത വിസ്മയിപ്പിക്കുന്നു. കാമ്പുള്ള ഇത്തരം കവിതകള്‍ പ്രബോധനത്തിന്റെ മാറ്റുകൂട്ടുന്നു.

നസീര്‍ പള്ളിക്കല്‍, രിയാദ്

 

സ്ത്രീയുടെ ഈ ദുരവസ്ഥക്ക് കാരണം 
അതുകൊണ്ട് ശരീഅത്തല്ല

ടി. മുഹമ്മദ് വേളത്തിന്റെ 'എന്തുകൊണ്ട് ശരീഅത്ത്' എന്ന ലേഖനം ശ്രദ്ധേയമായി (ലക്കം 2944). സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ പോലുള്ള സംഘടനകളും ചില വ്യക്തികളുടെ നിലപാടുകളും ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്ന ധാരണ പരത്താന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, ഇസ്‌ലാമിനെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ അടസ്ഥാനമില്ലാത്തവയാണ്. അവയ്ക്ക് മുഹമ്മദ് ഖുത്വ്ബിനെപ്പോലുള്ളവര്‍ മറുപടി പറഞ്ഞിട്ടുണ്ട്. പെണ്ണിന് പുരുഷന്റെ പകുതി സ്വത്തേ കിട്ടൂ എന്നാണ് ഒരാക്ഷേപം. എന്നാല്‍ സ്ത്രീക്കും പുരുഷനും തുല്യമായി സ്വത്ത് ഓഹരിവെക്കേണ്ട നിയമങ്ങളും സ്ത്രീക്ക് പുരുഷനേക്കാള്‍ കൂടുതല്‍ കിട്ടുന്ന സന്ദര്‍ഭങ്ങളുമുണ്ട്. സ്ത്രീ മരിച്ചാല്‍ അവളുടെ സ്വത്തിന്റെ നാലിലൊന്ന് മാത്രമാണ് ഭര്‍ത്താവിന് ലഭിക്കുക, മകള്‍ക്ക് സ്വത്തിന്റെ പകുതിയും. അതായത് പുരുഷന്റെ ഇരട്ടി.

സ്ത്രീയുടെ സ്വത്തിന് സംരക്ഷണം ഉറപ്പുവരുത്തുന്നതും അവള്‍ക്ക് അനന്തരമായി കിട്ടിയ സ്വത്തില്‍ ഒരു തരത്തിലുള്ള കൈയേറ്റവും അനുവദിക്കാത്തതുമായ മാതൃകാ നിയമങ്ങളാണ് ഇസ്‌ലാമിന്റേതെന്ന് ഇംഗ്ലീഷുകാരിയായ ഡോ. ആനി ബസന്റ് പറയുകയുണ്ടായി.

സ്ത്രീയുടെ ദുരവസ്ഥക്ക് കാരണം ഇസ്‌ലാമല്ല. ഇന്ത്യയില്‍ എല്ലാ മതങ്ങളിലും പെട്ട സ്ത്രീകളും ദുരിതമനുഭവിക്കുന്നവരാണ്. ദാരിദ്ര്യം, പുരുഷമേധാവിത്വം തുടങ്ങിയവയാണ് കാരണം. പുരുഷമേധാവിത്വം ഇതര സംസ്‌കാരങ്ങളില്‍നിന്ന് മുസ്‌ലിം സമൂഹത്തിലേക്ക് കടന്നുവന്നതാണ്. സ്ത്രീധന സമ്പ്രദായം ഇസ്‌ലാമികമല്ലാത്തതുപോലെ പുരുഷമേധാവിത്വവും ഇസ്‌ലാമികമല്ല.

നബിയുടെ കാലത്ത് സ്ത്രീ എല്ലാ രംഗത്തും മുന്നേറിയപ്പോള്‍ പെണ്ണിന് ആത്മാവുണ്ടോ എന്ന ചര്‍ച്ചയിലായിരുന്നു യൂറോപ്പ്. പല സംസ്‌കാരങ്ങളിലും സ്ത്രീക്ക് കടുത്ത വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്. ബാബിലോണിയന്‍ സംസ്‌കാരത്തില്‍ പെണ്‍കുട്ടികളെ ചന്തയില്‍ വില്‍ക്കാം. ബന്ധം വേര്‍പ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവിന് പുഴയിലെറിയാം. പെണ്‍കുട്ടി ജനിച്ചാല്‍ പിതാവിന് അവളെ കൊല്ലുകയോ വില്‍ക്കുകയോ ചെയ്യാം. ബ്രാഹ്മണ സ്ത്രീകള്‍ക്ക് മാത്രമേ വിദ്യാഭ്യാസം പാടുള്ളൂ എന്നാണ് മനുസ്മൃതി മതം. ചൈനീസ് സംസ്‌കാരത്തില്‍ ഭാര്യ ഭര്‍ത്താവിന്റെ കൂടെ ഭക്ഷണം കഴിക്കരുത്. ഭാര്യയെ വില്‍ക്കാം. സ്ത്രീ ബൈബിള്‍ വായിക്കാന്‍ പാടില്ലെന്നാണ് പാശ്ചാത്യ സംസ്‌കാരത്തിലെ നിയമം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടന്ന ഒരു ചര്‍ച്ച സ്ത്രീ മനുഷ്യനാണോ അല്ലേ എന്നായിരുന്നു. അവസാനം പുരുഷനെ സേവിക്കാന്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനാണെന്ന് അവര്‍ തീര്‍പ്പിലെത്തി! (സ്ത്രീ ഇസ്‌ലാമിക സമൂഹത്തില്‍).

ഈ പശ്ചാത്തലത്തിലാണ് സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കേണ്ടത്.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍