Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

ധന്യകൗമാരത്തിന്റെ ആധാരശിലകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

കൗമാരപ്രായക്കാരെ മാതാപിതാക്കളോട് സ്‌നേഹവും സൗഹൃദവുമുള്ളവരാക്കിത്തീര്‍ക്കാന്‍ ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാം. കൗമാരപ്രായം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട ഘട്ടമാണ്. ഈ ഘട്ടത്തില്‍ മക്കളിലുണ്ടാവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച അറിവില്ലായ്മ മൂലം മിക്ക മാതാപിതാക്കള്‍ക്കും അവരോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും തെറ്റ് പറ്റാറുണ്ട്. മാതാപിതാക്കളുടെ സമീപന വൈകല്യം കാരണം മക്കളെ നഷ്ടപ്പെടേണ്ടിവന്ന നിരവധി സംഭവങ്ങള്‍ എനിക്ക് മുമ്പില്‍ എത്തിയിട്ടുണ്ട്.

1. സംഭാഷണം, ചര്‍ച്ച: കൗമാരപ്രായക്കാരുടെ ഹൃദയം കവരാനുള്ള ഒന്നാമത്തെ വഴി അവരുമായി സംഭാഷണങ്ങളിലും ചര്‍ച്ചകളിലും ഏര്‍പ്പെടുകയും അവരുമായി കൂടിയാലോചനകള്‍ നടത്തുകയുമാണ്. കൗമാരപ്രായക്കാരായ നിങ്ങളുടെ മക്കള്‍ ചില വിഷയങ്ങളെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കും. നാം അത് ശ്രദ്ധാപൂര്‍വം കേട്ടുകൊടുക്കണം. തങ്ങളുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും നിങ്ങളെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് വിചിത്രമായി തോന്നുന്ന പദപ്രയോഗങ്ങള്‍ നടത്തിയും ഉദാഹരണങ്ങള്‍ നിരത്തിയും കൂടുതല്‍ സംസാരിച്ചുകൊണ്ടിരിക്കും അവര്‍. സംസാരത്തിനിടെ അവര്‍ ശബ്ദമുയര്‍ത്തുകയോ മനോനിയന്ത്രണം നഷ്ടപ്പെട്ടവരെപ്പോലെ പെരുമാറുകയോ ചെയ്താല്‍ ക്ഷോഭിക്കുകയോ സംസാരം അവസാനിപ്പിക്കുകയോ ചെയ്യരുത്. സംഭാഷണത്തില്‍ പാലിക്കേണ്ട മര്യാദ പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്താവുന്നതാണ്. ദേഷ്യപ്രകടനത്തിനു പകരം മിതമായ സ്വരത്തില്‍ ആശയപ്രകാശനം നടത്തുകയാണ് വിവേകത്തിന്റെ ശൈലി എന്ന് അവരെ ബോധ്യപ്പെടുത്താവുന്നതാണ്. വീടിന്റെ നവീകരണം, വീട്ടുപകരണങ്ങള്‍ വാങ്ങുന്നത്, അവധിക്കാല യാത്രകള്‍, വാഹനം വാങ്ങുന്നതും മാറ്റുന്നതും തുടങ്ങി നാനാതരം വിഷയങ്ങള്‍ അവരുമായി ചര്‍ച്ചചെയ്യുന്നതും അവരുടെ ഉപദേശം സ്വീകരിക്കുന്നതും മക്കളും നിങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്താന്‍ ഉപകരിക്കും. കുടുംബത്തില്‍ തങ്ങള്‍ പ്രധാന ഘടകമാണെന്ന തോന്നല്‍ ഈ സമീപനം അവരില്‍ ഉളവാക്കും. 

2. ശ്രദ്ധാപൂര്‍വം കേള്‍ക്കുക, ഉടനെയുള്ള വിമര്‍ശനം ഒഴിവാക്കുക: മകന്‍/മകള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കണം. ഒരുവേള അവര്‍ സംസാരിക്കുന്ന വിഷയം നമ്മുടെ അഭിരുചിക്ക് ഇണങ്ങാത്തതാവാം, നമുക്ക് താല്‍പര്യമില്ലാത്തതാവാം, മതപരമായ വീക്ഷണത്തില്‍ അനഭിലഷണീയമാവാം. എന്നിരുന്നാലും അവര്‍ സംസാരിക്കുമ്പോള്‍ ഉടനെ അവരുടെ അഭിപ്രായങ്ങളും അനുമാനങ്ങളും നിരാകരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന രീതി ഒട്ടും അഭികാമ്യമല്ല. സംസാരം തുടരണം, തെറ്റുകള്‍ സൗമ്യമായി ചൂണ്ടിക്കാണിച്ചുകൊടുക്കണം. 

3. കൂടെ കളിക്കുക, വിചാരങ്ങളും വികാരങ്ങളും പങ്കുവെക്കുക: അവര്‍ ഇഷ്ടപ്പെടുന്ന കളികളിലും വിനോദങ്ങളിലും അവരോടൊപ്പം ചേരുക. അത് ഇലക്‌ട്രോണിക് കളികളാവാം, മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നതും പോറ്റുന്നതുമാവാം, ചിത്രം വരയാവാം, വായനയാവാം... അങ്ങനെ അവര്‍ ഇഷ്ടപ്പെടുകയും അവര്‍ക്ക് മാനസികോല്ലാസം നല്‍കുകയും ചെയ്യുന്ന വിനോദങ്ങളിലും ഹോബികളിലും അവര്‍ മുഴുകുമ്പോള്‍ നാമും അതില്‍ പങ്കുചേരുന്നത് അവരെ നാം സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ടെന്ന ബോധം അവരില്‍ ഉളവാക്കും. പ്രായവ്യത്യാസം പിതൃ-പുത്ര ബന്ധത്തെ സ്വാധീനിക്കുന്ന ഘടകമല്ല. ഈ ശൈലി പിന്തുടരുന്നതുമൂലം ഔദ്യോഗികവും ഔപചാരികവുമായ ഉപദേശം നല്‍കുന്നതിലെ സാമ്പ്രദായിക രീതി തകര്‍ക്കാന്‍ നമുക്ക് സാധിക്കും. 

4. സ്‌നേഹം പ്രകടിപ്പിക്കുക: നാം അവരെ സ്‌നേഹിക്കുന്നുവെന്നും അവരെ ഇഷ്ടപ്പെടുന്നുവെന്നും തുറന്നു പറയണം. ചിലപ്പോഴൊക്കെ അത് ആവര്‍ത്തിച്ച് പറയേണ്ടിയും വരും. ഒരു ആശ്ലേഷത്തിലൂടെയോ പുണരലിലൂടെയോ ഒരു ചുംബനത്തിലൂടെയോ ഉപഹാരമോ സമ്മാനമോ നല്‍കലിലൂടെയോ ആവാം ഈ സ്‌നേഹപ്രകടനം. സ്‌നേഹപ്രകാശനത്തിന്റെ ഈ രീതി ഉള്‍ക്കൊള്ളുന്നത് ആണ്‍കുട്ടികളില്‍നിന്ന് വ്യത്യസ്തമായാണ് പെണ്‍കുട്ടികള്‍ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിച്ചിരിക്കും. വൈയക്തികമായ വര്‍ത്തമാനം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ അതേ വികാരം തിരിച്ചുതരും. ആണ്‍കുട്ടികളാവട്ടെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനം പാലിച്ച് മിണ്ടാതിരിക്കുകയേ ഉള്ളൂ. പുണരുമ്പോള്‍ നിര്‍വികാരതയോടെയായിരിക്കും അവരുടെ പ്രതികരണവും നില്‍പും. എന്നാലും സ്‌നേഹപ്രകടനത്തിന്റെ തുറന്ന ശൈലി നാം തുടര്‍ന്നേ പറ്റൂ. 

5. ഹൃദയത്തില്‍ വിശ്വാസത്തിന്റെയും ദൈവ-പ്രവാചക സ്‌നേഹത്തിന്റെയും വിത്തിടുക: അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹം ശക്തിപ്പെടുത്താന്‍ യത്‌നിക്കുക. കൗമാര പ്രായക്കാരില്‍ ചിലര്‍ നമസ്‌കാരത്തിലും മറ്റനുഷ്ഠാനങ്ങളിലും താല്‍പര്യക്കുറവ് കാട്ടാം. ഈ താല്‍പര്യക്കുറവ് പഠനത്തിലും കാണും. നമസ്‌കാരാദി ആരാധനാ കര്‍മങ്ങളെക്കുറിച്ചും പഠനകാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതിനെക്കുറിച്ചും കൂടെക്കൂടെ ഉണര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ മടികാണിക്കേണ്ടതില്ല. 

കുമാരി-കുമാരന്മാരുടെ മാതാപിതാക്കളോടുള്ള പെരുമാറ്റം സൗഹൃദാധിഷ്ഠിതമാക്കുന്നതിനുള്ള ഈ അഞ്ച് നിര്‍ദേശങ്ങളും ഞാന്‍ സമര്‍പ്പിച്ചത് ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെയും ഹദീസിന്റെയും വെളിച്ചത്തിലാണ്. കൗമാരപ്രായത്തിലെത്തിയ തന്റെ മകനോട് ഇബ്‌റാഹീം നബി (അ) സംസാരിച്ച രീതിയും അതിനോട് മകന്‍ പ്രതികരിച്ച രീതിയും ഖുര്‍ആന്‍ വിവരിച്ചതു കാണുക: വിവേകശാലിയായ ഒരു പുത്രനെക്കുറിച്ച് നാം അദ്ദേഹത്തെ സുവിശേഷമറിയിച്ചു. അങ്ങനെ ആ കുഞ്ഞ് പിതാവിനോടൊപ്പം ഓടിച്ചാടി നടക്കുന്ന പ്രായമായപ്പോള്‍ പിതാവ് പുത്രനോട്: 'എന്റെ കുഞ്ഞുമോനേ! നിന്നെ അറുക്കുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. എന്താണ് നിന്റെ അഭിപ്രായമെന്ന് ആലോചിച്ചു പറയുക.' കുഞ്ഞ് പ്രതിവചിച്ചു: 'പ്രിയ പിതാവേ! അങ്ങയോട് കല്‍പ്പിക്കുന്നത് ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിച്ചാല്‍ അങ്ങേക്ക് എന്നെ ക്ഷമാശീലരുടെ ഗണത്തില്‍ കാണാം.' പിതാവ് കൗമാരപ്രായത്തിലെത്തിയ തന്റെ മകനോട് ഗുരുതരമായ ഒരു വിഷയത്തില്‍ അവന്റെ അഭിപ്രായം ആരായുന്നു. അവനോട് കൂടിയാലോചിക്കുന്നു. കുഞ്ഞിനെ അറുക്കുകയെന്ന അത്യന്തം ഗൗരവതരമായ വിഷയത്തെക്കുറിച്ചാണ് പിതാവും പുത്രനും തമ്മില്‍ നടന്ന ചര്‍ച്ചയും കൂടിയാലോചനയും. അറുക്കണം എന്ന ദൈവകല്‍പനയെക്കുറിച്ച് പുത്രനോട് കൂടിയാലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ വേണ്ടതില്ല. എന്നിട്ടും പുത്രന്റെ അഭിപ്രായം പിതാവായ ഇബ്‌റാഹീം ശ്രദ്ധാപൂര്‍വം കേട്ടു. പരസ്പര സ്‌നേഹത്തിന്റെയും ഊഷ്മള ബന്ധത്തിന്റെയും അഭാവത്തില്‍ ഈ സംഭവത്തിന്റെ പരിണാമ ഗുപ്തി മറ്റൊന്നായേനെ! ആടിനെ ബലി നല്‍കി ദൈവിക നിര്‍ദേശം നടപ്പിലാക്കാനുള്ള ആജ്ഞ വന്നത് ഈ ബന്ധത്തിന്റെ നന്മയാണല്ലോ. 

നബിവചനമാകട്ടെ, വ്യഭിചരിക്കാന്‍ അനുമതി തേടി പ്രവാചകനെ സമീപിച്ച യുവാവിനെക്കുറിച്ചാണ്. അയാളുടെ ആവശ്യം ശ്രദ്ധാപൂര്‍വം കേട്ട നബി(സ) അയോളോട് ഉള്ളു തുറന്നു സംസാരിച്ചു: 'നിന്റെ ഉമ്മയുടെയും നിന്റെ പുത്രിയുടെയും സഹോദരിയുടെയും കാര്യത്തില്‍ അനുവാദം ചോദിച്ചാല്‍ ഇക്കാര്യം നീ ഇഷ്ടപ്പെടുമോ?' ആ യുവാവിന്റെ മറുപടി: 'ഇല്ലേയില്ല.' ഉടന്‍ വന്നു നബി (സ)യുടെ പ്രതികരണം: 'അങ്ങനെയാണ് മനുഷ്യര്‍. ആരും തങ്ങളുടെ സ്വന്തം കാര്യത്തില്‍ ഇത് ഇഷ്ടപ്പെടില്ല.' പിന്നെ, യുവാവിന്റെ ശിരസ്സില്‍ കൈവെച്ച് പ്രാര്‍ഥിക്കുകയാണ് നബി (സ). 'അല്ലാഹുവേ! ഇവന്റെ പാപം നീ പൊറുത്തുകൊടുക്കേണമേ! ഇവന്റെ ഹൃദയം നീ ശുദ്ധീകരിക്കേണമേ! ഇവന്റെ ജീവിത വിശുദ്ധി നീ കാത്തരുളേണമേ!' അങ്ങനെ വ്യഭിചാരമെന്നത് ഏറ്റവും വെറുക്കപ്പെട്ട മ്ലേഛകര്‍മമാണെന്ന് ആ യുവാവിന് ബോധ്യപ്പെട്ടു. ഇവിടെ ഇസ്‌ലാമിക ശരീഅത്തില്‍ ശിക്ഷാര്‍ഹമായ ആ പാപകര്‍മത്തിന് അനുമതി തേടിയിട്ടും, അവന്റെ വാക്കുകള്‍ നബി (സ) ശ്രദ്ധാപൂര്‍വം കേള്‍ക്കുകയാണ് ചെയ്തത്. അവനെ ആദരിച്ചു. അവന്റെ മാനസികനിലയെ മാനിച്ചു. തുടര്‍ന്ന് അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പിന്നെ തിരുഹൃദയത്തില്‍നിന്ന് ഉറന്നൊഴുകിയ സ്‌നേഹപ്രവാഹത്തിന്റെ സ്പര്‍ശം ആ യുവഹൃദയത്തെ ഭാവതരളിതമാക്കിയ ദൃശ്യത്തിന് നാം സാക്ഷികളായി. വഴിതെറ്റിയ കുഞ്ഞാടിനെ വീണ്ടെടുത്തു സംരക്ഷിച്ച നബി (സ)യുടെ മാസ്മരിക കര്‍മത്തിന്റെ ഗുണഫലം നാം നേരില്‍കണ്ടു. ഇങ്ങനെയാണ് കൗമാരത്തെ ജീവിതത്തിന്റെ ധന്യമുഹൂര്‍ത്തമാക്കേണ്ടത്. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍