Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

ചങ്കിടിപ്പേറ്റുന്ന 'പാനമ രേഖകള്‍'

പാനമ എന്ന മധ്യ അമേരിക്കന്‍ രാജ്യം എക്കാലത്തും നികുതിവെട്ടിപ്പുകാരുടെയും കള്ളപ്പണക്കാരുടെയും ക്രിമിനലുകളുടെയും സ്വര്‍ഗമാണ്. പാനമയില്‍ ഇവര്‍ക്കെല്ലാം വേണ്ട കാര്യങ്ങള്‍ വേണ്ട പോലെ ചെയ്തുകൊടുക്കുന്ന 'നിയമ സ്ഥാപന'മാണ് മൊസാക് ഫോന്‍സെക. സ്വിസ് നികുതി (തട്ടിപ്പ്) വിദഗ്ധനായ യൂര്‍ഗന്‍ മൊസാകും പാനമക്കാരന്‍ തന്നെയായ റാമന്‍ ഫോന്‍സെകയും ചേര്‍ന്ന് നടത്തുന്ന സ്ഥാപനം. ഇവര്‍ കഴിഞ്ഞ നാല്‍പതു വര്‍ഷമായി വളരെ രഹസ്യമായി  സൂക്ഷിച്ചിരുന്ന ഇടപാടുകാരുടെ ഒരു കോടിയിലധികം വരുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ഒരു മാതിരിപ്പെട്ട നേതാക്കളെല്ലാം വലിയ ചങ്കിടിപ്പിലാണ്. രേഖകള്‍ മുഴുവന്‍ പരിശോധിച്ചു തീരുന്ന മുറക്ക് ഇനിയും പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. ഇപ്പോള്‍തന്നെ പ്രമുഖ ലോകനേതാക്കള്‍ ഉള്‍പ്പെടെ പലരും കുരുക്കിലായിക്കഴിഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിശ്വസ്തരുടെ പേരുകള്‍ രേഖകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ ബിനാമികളുടെ പേരുകളില്‍ നിക്ഷേപിച്ചതൊക്കെ പുടിന്റെ സ്വന്തം പണമാണെന്ന് തിരിച്ചറിയാന്‍ സാമാന്യബുദ്ധി മതി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, തന്നെ കരിവാരിത്തേക്കാന്‍ ചിലര്‍ നടത്തിയ കരുനീക്കമാണ് ഇതെന്ന് പുടിന്‍ പറഞ്ഞുനോക്കുന്നുണ്ടെങ്കിലും റഷ്യന്‍ വോട്ടര്‍മാരില്‍ ഏശുമെന്ന് തോന്നുന്നില്ല. പാക് പ്രധാനമന്ത്രി നവാസ് ശരീഫും കുടുംബവും മുന്‍ പ്രധാനമന്ത്രി പരേതയായ ബേനസീറും കുടുംബവും ലിസ്റ്റിലുണ്ട്. ഇവരൊന്നും ലിസ്റ്റില്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്രയോ കാലമായി ഈ രണ്ട് കുടുംബങ്ങളും പാകിസ്താന്‍ എന്ന ദരിദ്ര രാഷ്ട്രത്തെ പച്ചക്ക് കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ഏത് അന്താരാഷ്ട്ര കള്ളപ്പണ ശൃംഖല തകര്‍ന്നാലും ലിസ്റ്റില്‍ ഈ രണ്ട് കുടുംബങ്ങളും കയറിപ്പറ്റുമെന്ന് ഉറപ്പിക്കാം. 

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഉക്രെയിന്‍ പ്രസിഡന്റിന്റെയും ഐസ്‌ലാന്റ് പ്രധാനമന്ത്രിയുടെയും ബന്ധുക്കള്‍ മാത്രമല്ല, സാക്ഷാല്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടി ഭരിക്കുന്ന ചൈനയുടെ പ്രസിഡന്റ് ഷിന്‍ ജിന്‍ പിങിന്റെ ബന്ധുക്കള്‍ വരെ പാനമ രേഖകളില്‍ ഇടംപിടിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലേക്ക് വന്നാല്‍ രാഷ്ട്രീയത്തിലെ കൊമ്പന്‍സ്രാവുകളൊന്നും ഇതുവരെ വലയില്‍പെട്ടിട്ടില്ല. ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ്, ഡി.എല്‍.ഫ് മേധാവി കെ.പി സിംഗ്, പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി തുടങ്ങിയവരാണ് ഇപ്പോള്‍ ലിസ്റ്റിലുള്ളത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, റിസര്‍വ് ബാങ്ക്, ധനകാര്യ ഇന്റലിജന്‍സ് യൂനിറ്റ്, കള്ളപ്പണം കണ്ടെത്താന്‍ പുതുതായി രൂപീകരിച്ച സമിതി എന്നിവയെ ഉള്‍പ്പെടുത്തി പാനമ കുംഭകോണം അന്വേഷിക്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതൊരു മാമൂല്‍ പ്രസ്താവന മാത്രമാണ്. സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കള്ളപ്പണമിടപാട് പുറത്തുവന്നിട്ടും സകല രാഷ്ട്രീയ പാര്‍ട്ടികളും പാലിക്കുന്ന മൗനം നമ്മെ അമ്പരപ്പിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അലമാരകളില്‍ പുറത്തേക്ക് തെറിച്ചുവീഴാനായി ഇനിയും അസ്ഥികൂടങ്ങള്‍ ബാക്കിയിരിപ്പുണ്ട് എന്നാണിത് കാണിക്കുന്നത്. 

ഒരുപക്ഷേ മൊസാക് ഫോന്‍സെകയുടെ രേഖകളില്‍ അവരുടെ പേര് കാണില്ലായിരിക്കാം. പക്ഷേ, ഫോന്‍സെകയെപ്പോലെ നികുതിവെട്ടിപ്പിനും കള്ളപ്പണത്തിനും സൗകര്യമൊരുക്കുന്ന ആയിരക്കണക്കിന് കമ്പനികള്‍ വേറെയുമുണ്ട്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ആ കമ്പനി രേഖകളില്‍ കാണാതിരിക്കില്ല. ഫോന്‍സെക കമ്പനിയുടെ 40 വര്‍ഷം വരെ പഴക്കമുള്ള ഒരു കോടിയിലധികം രേഖകളാണ് ഏതോ വിരുതന്‍/മാര്‍ ഒരു ജര്‍മന്‍ പത്രത്തിന് ചോര്‍ത്തിക്കൊടുത്തത്. 76 രാജ്യങ്ങളിലെ 109 മാധ്യമ സ്ഥാപനങ്ങളടങ്ങുന്ന 'ഇന്റര്‍നാഷ്‌നല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ്' എന്ന കൂട്ടായ്മയിലെ 370-ലേറെ മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രഹസ്യ രേഖകളുടെ ഈ മഹാശേഖരം പരിശോധിച്ചത്. നിരവധി വിദേശ കമ്പനികളിലും ട്രസ്റ്റുകളിലും (ഇവ പലതും വ്യാജം) ഡയറക്ടര്‍മാരോ ഷെയര്‍ഹോള്‍ഡര്‍മാരോ ആക്കിയാണ് പണക്കാരുടെ കള്ളപ്പണം നികുതിവെട്ടിച്ച് ഒളിപ്പിക്കുന്നതെന്ന് അവര്‍ കണ്ടെത്തി. ഇതുപോലെയുള്ള 2,14,000 വിദേശ കമ്പനികളെങ്കിലും കാണുമത്രെ. മൊസാക് ഫോന്‍സെക വഴി മാത്രം 20 ട്രില്യന്‍ ഡോളറെങ്കിലും രാഷ്ട്രീയക്കാരും ക്രിമിനലുകളും കോര്‍പറേറ്റുകളും ഇങ്ങനെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. അതീവ സുരക്ഷിതമെന്ന് കരുതുന്ന ഒരു 'നിയമ' സ്ഥാപനത്തിന്റെ രഹസ്യ രേഖകള്‍ അവരറിയാതെ പുഷ്പം പോലെ ചോര്‍ത്തിയ സ്ഥിതിക്ക്, ഇതുപോലുള്ള മറ്റു കറക്കുകമ്പനികളിലെ രേഖകളും ചോര്‍ത്തപ്പെടാതിരിക്കില്ല. അത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. അതാണ് രാഷ്ട്രീയക്കാരുടെ ചങ്കിടിപ്പിന്റെയും മൗനത്തിന്റെയും പൊരുള്‍. 

കോടിക്കണക്കിന് മനുഷ്യര്‍ പട്ടിണികിടന്നും അഭയാര്‍ഥികളായും നരകിക്കുമ്പോഴാണ്, നൂറ് തലമുറകള്‍ക്കെങ്കിലും ആര്‍ഭാടമായി ജീവിക്കാനുള്ള സ്വത്ത് നിയമപരമായിത്തന്നെ കുന്നുകൂട്ടിവെച്ചിരിക്കുന്ന ലോകത്തെ അതിസമ്പന്നര്‍ കള്ളപ്പണത്തിന്റെ ഭീമമായ ഒരു സമാന്തര സമ്പദ്ഘടന തന്നെ പണിതുവെച്ചിരിക്കുന്നത്. സാമ്പത്തിക അസമത്വങ്ങളും ധനിക-ദരിദ്ര അന്തരവും പത്തിവിടര്‍ത്തിയാടുന്നത് നാമിവിടെ കാണുന്നു. ആഗോളവത്കരണത്തിന്റെയും നവ മുതലാളിത്തത്തിന്റെയും ജാരസന്തതിയാണ് ഈ കള്ളപ്പണശൃംഖല എന്ന കാര്യത്തില്‍ ഒരാള്‍ക്കും തര്‍ക്കമുണ്ടാവില്ല. അതിനെ എങ്ങനെ നേരിടും എന്നതുതന്നെയായിരിക്കും മാനവസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്.

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍