Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

സര്‍ഗശേഷി ദൈവാനുഗ്രഹമാവുമ്പോള്‍

അനസ് മാള

ത്മാനുഭൂതികളെ നൈസര്‍ഗികമായി പ്രകാശിപ്പിക്കുന്ന പ്രക്രിയയാണ് കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍. വെമ്പിയുണരുന്ന ഹൃദയത്തിന്റെ ഭാഷ എഴുത്തായോ വരയായോ ആധുനികരീതിയിലുളള ഇതര സംവേദന രൂപങ്ങളായോ ഉരുവപ്പെടുകയാണ്. മനുഷ്യന്‍ തന്റെ അനുഭവങ്ങളും അനുഭൂതികളും സ്വപ്നങ്ങളും പുറംലോകം കാണിക്കാന്‍ തുടങ്ങിയതിന് അവന്റെ ചരിത്രത്തോളം തന്നെ പഴക്കം കാണും. പ്രാചീന ഗുഹാചിത്രങ്ങളും രൂപങ്ങളും വരകളും അങ്ങനെ ഉണ്ടായിവന്നതാണ്.

എന്തിനെയും സര്‍ഗാത്മകരൂപമാക്കി മാറ്റാനുള്ള കഴിവ് പ്രകൃത്യാ മനുഷ്യനുണ്ട്. പ്രണയം, ദാമ്പത്യം, ഭോജനം തുടങ്ങി വൈവിധ്യമാര്‍ന്ന അനുഭവങ്ങളെ കലാപരമായി അവതരിപ്പിക്കാന്‍ അവന്‍ ശ്രമിക്കുന്നു. സ്ഥലകാലങ്ങളെ അപ്രസക്തമാക്കി മനുഷ്യമനസ്സിന്റെ വിചാരങ്ങളും ചിന്തകളും വരയായും വരിയായും സ്വരമായും മനുഷ്യമനസ്സില്‍നിന്ന് പുറത്തുകടക്കുന്നു. കാലഘട്ടത്തിനനുസരിച്ച് കലാമാധ്യമങ്ങളില്‍ മാറ്റങ്ങളുണ്ടാവുമ്പോഴും മനുഷ്യന്റെ അടിസ്ഥാനപരമായ കലാചോദനക്ക് മാറ്റമുണ്ടാകുന്നില്ല. തന്റെ ആവിഷ്‌കാരത്തിന് അവലംബമാക്കാവുന്ന മാധ്യമങ്ങളെ അവന്‍ വഴിയെ കണ്ടെത്തുകയാണ്. 

കലാസ്വാദനവും കലാവിഷ്‌കാരവും ബുദ്ധിപരവും വൈകാരികവുമായ വ്യായാമമാണ്. അത് അറിവിനെ ഉണര്‍ത്തുകയും ചിന്തയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ആരാധന ആത്മാവിനും ജ്ഞാനസമ്പാദനം ബുദ്ധിക്കും കായികാഭ്യാസം ശരീരത്തിനും കല മനസ്സിനുമുള്ള പോഷകമാണെന്ന് ഡോ. യൂസുഫുല്‍ ഖറദാവി നിരീക്ഷിക്കുന്നു. കല ഒരു അഭൗതികപ്രക്രിയയാണെന്നു പോലും പറയാം. മനുഷ്യനില്‍ ദൈവത്തിന്റെ സവിശേഷമായ സ്പര്‍ശം ഉണ്ടെന്നാണ് മതാധ്യാപനങ്ങള്‍. അപ്പോള്‍ മനുഷ്യന്‍ കേവലം ഭൗതികവസ്തുവല്ലെന്നു വരും. നാം നമ്മുടെ റൂഹില്‍നിന്ന് ഊതി എന്നാണ് അല്ലാഹു മനുഷ്യ സൃഷ്ടിപ്പിനെ പറ്റി ഖുര്‍ആനില്‍ പറയുന്നത്. സര്‍വ ചരാചരങ്ങള്‍ക്കുമൊപ്പം മനുഷ്യനെയും അല്ലാഹു സൃഷ്ടിച്ചു. സൃഷ്ടി ദൈവികഗുണമാണ്. ആ ദൈവിക ഗുണം നിഴലിക്കുന്നതുകൊണ്ടാണ് മനുഷ്യന്നും കലാപരമായ സൃഷ്ടി നടത്താന്‍ സാധിക്കുന്നത്. അല്ലാഹുവിന്റെ ഗുണവും സ്വഭാവവും സ്വാംശീകരിക്കണമെന്ന് പ്രവാചകനും ഉണര്‍ത്തിയിട്ടുണ്ട്.

മനുഷ്യന്റെ സകല വ്യവഹാരങ്ങളിലും നിഴലിച്ചുനില്‍ക്കുന്നത് അല്ലാഹുവിന്റെ ചര്യ, അല്ലെങ്കില്‍ നടപടിക്രമങ്ങളാണ്. മനുഷ്യനെ ഖലീഫയായി, അഥവാ ദൈവപ്രതിനിധിയായി സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഖുര്‍ആന്റെ വെളിപ്പെടുത്തല്‍. മനുഷ്യനിലെ സവിശേഷ പ്രകൃതി എല്ലാവരിലും ഒരു പോലെയല്ല. ഏറിയും കുറഞ്ഞും അത് കാണപ്പെടാം. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആ സവിശേഷപ്രകൃതി കൂടുതലുള്ളവരാണ്.  ദൈവിക സ്പര്‍ശത്തിന്റെ തോത് താരതമ്യേന ഇവരില്‍ ഏറിയിരിക്കും.

മനുഷ്യനെ താക്കീതു ചെയ്തും ഉണര്‍ത്തിയും മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്ന ആവിഷ്‌കാരങ്ങള്‍ നടത്തുക എന്നതാണ് കലാപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. വ്യക്തിപരവും സാമൂഹികവുമായ വികാസങ്ങള്‍ക്കും നന്മകള്‍ക്കും ഉതകുന്ന വിധത്തിലായിരിക്കണം സാഹിത്യസൃഷ്ടിയെന്ന അഭിപ്രായക്കാര്‍ പാശ്ചാത്യരിലും പൗരസ്ത്യരിലും പൂര്‍വികരിലും ആധുനികരിലും എമ്പാടുമുണ്ട്. 'അദബ്' എന്നാണ് അറബിയില്‍ സാഹിത്യത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. മര്യാദ, മാന്യത, സംസ്‌കാരം എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ഥം. മനുഷ്യന്നും ലോകത്തിനും ഗുണകരവും ഉപകാരപ്രദവുമായ ആശയങ്ങള്‍, മാന്യതയും മര്യാദയും സംസ്‌കാരവും പാലിച്ചുകൊണ്ട്, അവര്‍ക്ക് ബോധ്യമാകുംവിധം അനുഭവവേദ്യമാക്കി പകര്‍ന്നുകൊടുക്കുന്നതാകണം  സാഹിത്യം. 

ദൈവേഛക്കെതിരെ ആവിഷ്‌കാര സാധ്യതകള്‍ തേടുക എന്നതാണല്ലോ പിശാചിന്റെ ചിന്തയും കര്‍മവുമെല്ലാം. ആ നിലക്ക് ദൈവികതേട്ടങ്ങള്‍ക്ക് വിരുദ്ധമായ കലാപ്രവര്‍ത്തനങ്ങളുടെ പ്രചോദനം പൈശാചികമെന്നും വിലയിരുത്താവുന്നതാണ്. സാഹിത്യം കലയെന്നതിനേക്കാള്‍ വിദ്യയാണ് എന്ന് മലയാളസാഹിത്യ നിരൂപകനായിരുന്ന കുട്ടികൃഷ്ണമാരാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വായിക്കാന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ഖുര്‍ആനും വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെന്നു പറഞ്ഞ പ്രവാചകനും അനുശാസിക്കുന്നത് അറിവ് തേടാനാണ്.

അറിവിന്റെ പരിമളം പരക്കുകയെന്ന ദൈവികചര്യ നടപ്പാവുകയാണ് നല്ല കലാപ്രവര്‍ത്തനങ്ങളിലൂടെ. അപരന്റെ അനുഭവപരിസരങ്ങളിലൂടെ സഞ്ചരിച്ച് തനിക്ക് അന്യമായ ജീവിതാനുഭവങ്ങള്‍ ആസ്വദിക്കാന്‍ അനുവാചകന് സാധിക്കുന്നു. അങ്ങനെ അറിവിന്റെ ചക്രവാളം വികസിച്ചുവരുന്നു. വീണ്ടും അത് മറ്റുള്ളവരിലേക്ക് വിനിമയം ചെയ്യപ്പെടുന്നു. കലാകാരനും അനുവാചകനും ആനന്ദമനുഭവിക്കുമ്പോള്‍ ദൈവിക നടപടിക്രമമാണ് അവിടെ പുലരുന്നത്. ''ഒരു വസ്തുവിന്റെ ഉപയോഗ്യത എന്നതിനപ്പുറമുള്ള ആധ്യാത്മിക ആവശ്യത്തില്‍നിന്നാണ് കലയുണ്ടാവുന്നത്'' (രജാ ഗരോഡി).

'വായിക്കുന്നവന്‍ താന്‍ മരിക്കും മുമ്പ് ഒരായിരം ജീവിതം ജീവിക്കുന്നു; വായിക്കാത്തവന്‍ ഒരിക്കല്‍ മാത്രം ജീവിക്കുന്നു' (A reader lives a thousand lives before he dies. The man who never reads lives only one) എന്ന് ജോര്‍ജ് മാര്‍ട്ടിന്‍ (George R.R. Martin) പറഞ്ഞിട്ടുണ്ട്. കലയും എഴുത്തും യാന്ത്രികമോ ഉദ്ദേശ്യരഹിതമോ അല്ല എന്നതിന് ഇതുപോലെ ഒരുപാട് ഉദാഹരണങ്ങള്‍ കാണാം. വെറും നേരമ്പോക്കിന് ചെയ്യുന്ന കലാപ്രവര്‍ത്തനങ്ങള്‍ എന്ന ഒന്നില്ല. അങ്ങനെയുണ്ടെങ്കില്‍ അതിന് നിലനില്‍പ്പുമില്ല. കലാപ്രവര്‍ത്തനങ്ങളെ കാലാതിവര്‍ത്തിയാക്കുന്നത് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍പ്പണവും അധ്വാനവുമാണ്.

സാംസ്‌കാരിക പ്രവര്‍ത്തനമായാണ് കലാപ്രവര്‍ത്തനങ്ങളെ എണ്ണാറുള്ളത്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കാതലായ അടിസ്ഥാനം മനുഷ്യനെ നന്നാക്കുക എന്നതാണ്. ദൈവികശാസനകളും മനുഷ്യന്റെ സമൂലമായ പരിവര്‍ത്തനത്തെ പ്രചോദിപ്പിക്കുന്നതാണ്. മനുഷ്യനെ സംസ്‌കരിക്കുക എന്ന അടിസ്ഥാനധര്‍മമാണ് കലാപ്രവര്‍ത്തനങ്ങള്‍ക്കുള്ളത്. മനുഷ്യന്റെ ഇടപെടലുകള്‍  ദുഷിക്കുന്ന സന്ദര്‍ഭത്തില്‍ അവനെ തിരുത്തി സംസ്‌കരിച്ച് ഉത്തമമനുഷ്യനാക്കുകയാണല്ലോ ദൈവപ്രോക്ത ദര്‍ശനങ്ങളുടെ ദൗത്യം. ഖുര്‍ആനിലെ അന്നിസാഅ് അധ്യായത്തിലെ 129-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: ''നിങ്ങള്‍ സ്വന്തം ചര്യകള്‍ സംസ്‌കരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയുമാണെങ്കില്‍, അല്ലാഹു പൊറുക്കുന്നവനും ദയാപരനുമാകുന്നു.''

ദൈവം തന്റെ നടപടിക്രമങ്ങളുടെ ഭാഗമായി തന്നെയാണ് ലോകത്ത് ചിന്തകരെയും കലാകാരന്മാരെയും സൃഷ്ടിച്ചിരിക്കുന്നത്. പല ദര്‍ശനങ്ങളും മനുഷ്യനെ അപൂര്‍ണമോ വികലമോ ആയി ആവിഷ്‌കരിച്ച് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും തത്ത്വചിന്തകളും രൂപപ്പെടുത്തുമ്പോള്‍, മനുഷ്യത്വത്തിന്റെ പൂര്‍ണതയെയാണ് ഖുര്‍ആന്‍ വിഭാവന ചെയ്യുന്നത്. വിശ്വാസം പ്രദാനം ചെയ്യുന്ന സൗന്ദര്യാവിഷ്‌കാരങ്ങളില്‍ ആ വിശ്വാസവും പ്രതിഫലിക്കും. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയെന്ന് അംഗീകരിക്കുകയാണ് ഇസ്‌ലാമിന്റെ സൗന്ദര്യസങ്കല്‍പം. പ്രപഞ്ചം സുന്ദരമാണ്, അല്ലാഹു സുന്ദരനാണ്. സുന്ദരമായി സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ആന്തരികവും ബാഹ്യവുമായി സുന്ദരമാക്കുകയാണ് മതത്തിന്റെ ധര്‍മം. കണ്ണാടിയില്‍ മുഖം നോക്കുമ്പോള്‍ 'എനിക്ക് നല്‍കിയ സൗന്ദര്യം പോലെ എന്റെ ഹൃദയത്തിലും നീ സൗന്ദര്യമേകണേ' എന്ന് പ്രാര്‍ഥിക്കണമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.

ഈ സൗന്ദര്യമാണ് യഥാര്‍ഥത്തില്‍ കലാകാരന്‍ അനുകരിക്കുന്നത്, അനുകരിക്കേണ്ടത്. കലാകാരനെ 'സ്രഷ്ടാവ്' എന്ന് വിളിക്കുന്ന ക്ലാസിക്കല്‍ ചിന്തകര്‍ ദൈവത്തിന്റെ സര്‍ഗഭാവത്തെ അനുകരിക്കുകയാണ് കലാകാരന്‍ ചെയ്യുന്നതെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഖുര്‍ആന്‍ അരുളുന്ന സൗന്ദര്യസങ്കല്‍പം മനുഷ്യനെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കാന്‍ വേണ്ടിയുള്ളതാണ്. പ്രകൃതിയുടെ സൗന്ദര്യത്തിന് കലഹമില്ലാത്തതുപോലെ പ്രകൃതിയുടെ കലക്ക് വികൃതിയില്ല. അത് മനുഷ്യപ്രകൃതിയെ പ്രോജ്ജ്വലമാക്കാന്‍ കെല്‍പ് പകരേണ്ടതാണ്. ആശാസ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പ്രകൃതിവിരുദ്ധം എന്ന് പറയാറുള്ളതുപോലെതന്നെ പ്രകൃതിവിധേയമായ കലയാണ് ജീവിതത്തിന്റെ സൗന്ദര്യം നിര്‍ണയിക്കുന്നത്. പൈശാചികകലയില്‍നിന്ന് ദൈവികകലയിലേക്ക് മടങ്ങുമ്പോഴാണ് ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന പൊരുളുകള്‍ തിരിച്ചറിയുക. മനുഷ്യഹൃദയത്തില്‍ ദൈവികസാന്നിധ്യം നിറക്കുക എന്നതാവണം കലയുടെ ധര്‍മം. അപ്പോള്‍ ജീവിതത്തിന് സൗന്ദര്യമുണ്ടാകും. പ്രപഞ്ചത്തിന്റെ അനന്ത നിഗൂഢതകളിലേക്കുള്ള അന്വേഷണമായി കല മാറണം. സൗന്ദര്യാവിഷ്‌കാരം മാത്രമല്ല, പ്രപഞ്ചത്തിന്റെ സൗന്ദര്യാന്വേഷണവും കൂടിയാവണം കല.

സര്‍ഗശേഷി ഒരു ദൈവാനുഗ്രഹമാകുമ്പോള്‍ അതിന്റെ പ്രയോഗം ദൈവത്തിനുള്ള നന്ദിപ്രകടനം കൂടിയാണ്. ഭക്തന് പ്രാര്‍ഥന എന്നതു പോലെ കലാകാരന് കലാവിഷ്‌കാരം ഒരു അര്‍ഥന തന്നെയാണ്. പവിത്രമായ കലകള്‍ മാനുഷ്യകത്തിന്റെ അടിവേരുകളില്‍ കടന്ന് ജീവിതാര്‍ഥങ്ങളിലേക്ക് നമ്മെ നയിക്കുക തന്നെ ചെയ്യും.

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍