Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

മനസ്സിന്റെ അപചയങ്ങള്‍

പി.പി അബ്ദുര്‍റസ്സാഖ്

മനസ്സും ചിന്തയുടെ വിതാനങ്ങളും ഖുര്‍ആനില്‍-2

മനുഷ്യമനസ്സിന് അത്ഭുതകരമായ ചിന്തകളും ആശയങ്ങളും ഭാവനകളും ജനിപ്പിക്കാനുള്ള കഴിവുണ്ട്. ഇതാണ് മനസ്സിന്റെ സത്ത്വഭാവം. എന്നാല്‍ പക്ഷപാതരഹിതമായ ഈ മനസ്സിനെ  സങ്കുചിത ആശയങ്ങളും മുന്‍വിധികളും തെറ്റിദ്ധാരണകളും കപട നിക്ഷിപ്ത താല്‍പര്യങ്ങളും കൊണ്ട് നിറക്കുമ്പോള്‍ അതിന് സത്ത്വഭാവം നഷ്ടപ്പെടുന്നതായും ഇതേ മനസ്സ് തന്നെ സത്ത്വേതരമായ ഭാവങ്ങള്‍ സ്വീകരിക്കുന്നതായും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഇങ്ങനെയുള്ള മനസ്സിന്റെ നാല് സത്ത്വേതര  ഭാവങ്ങളെ വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശ വിധേയമാക്കുന്നുണ്ട്:

1. അടഞ്ഞ മനസ്സ്: മനസ്സ് അതിന്റെ സ്വഛപ്രകൃതിയില്‍ തുറന്നതും എന്തും സ്വീകരിക്കുന്നതും, എന്ത് സ്വീകരിച്ചാലും നിറയാത്തതും പക്ഷപാതരഹിതവുമാണ്. അടഞ്ഞ മനസ്സ് ഇതിന്റെ നേര്‍വിപരീതമാണ്. മാത്രമല്ല അറിഞ്ഞുപോകുന്നതിലെയും അങ്ങനെ അറിഞ്ഞുപോകുന്ന പുതിയ കാര്യങ്ങള്‍ തന്റെ സങ്കുചിതവും നിക്ഷിപ്തവുമായ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിപ്പോയേക്കുമോ എന്നതിലെയും ഭീതിയാണ് ഇങ്ങനെ മനസ്സിനെ അടച്ചുവെക്കുന്നതിനു പിന്നിലെ പ്രേരകം. അങ്ങനെയാണ് ഇത് വായിക്കരുത്, അത് കേള്‍ക്കരുത്, ഇങ്ങനെ ചിന്തിക്കരുത് തുടങ്ങിയ വിലക്കുകളും അവര്‍ പുത്തന്‍വാദികളാണ്, ഇവര്‍ നവീനാശയക്കാരാണ് തുടങ്ങിയ  ലേബലുകളും ഒക്കെ ഉണ്ടാകുന്നത്. മനസ്സ് എന്നത്, ഖല്‍ബ് എന്ന പദവും മനസ്സിന്റെ സ്വഭാവവും സൂചിപ്പിക്കുന്നതുപോലെ പ്രകൃത്യാതന്നെ നിരന്തര മാറ്റത്തെയും ചലനാത്മകതയെയുമാണ് പ്രതിനിധീകരിക്കുന്നത്; അടഞ്ഞ മനസ്സ് പ്രകൃതിവിരുദ്ധമായ നിശ്ചലതയെയും മാറ്റമില്ലായ്മയെയുമാണ് സൂചിപ്പിക്കുന്നത്. അത്തരം മനസ്സുകള്‍ സൂക്ഷിക്കുന്ന ആളുകളില്‍നിന്ന് പുതിയ ചിന്തകളും ആശയങ്ങളും പ്രതീക്ഷിക്കുന്നത് മൃതശരീരത്തില്‍ മരുന്ന് പ്രയോഗിക്കുന്നതു പോലെയാണ്. പുതിയ ഒരറിവും ചിന്തയും വായുവും പ്രകാശവും  പ്രവേശിക്കാത്തതുമാത്രമല്ല ഈ അടഞ്ഞ മനസ്സിന്റെ പ്രശ്‌നം. കുത്തിനിറക്കപ്പെട്ട പഴകിജീര്‍ണിച്ച അബദ്ധജടിലവും അസത്യപൂര്‍ണവും അപകടകരവും വിനാശകരവും സങ്കുചിതവുമായ ആശയങ്ങളൊന്നും തന്നെ ഈ അടഞ്ഞ മനസ്സില്‍നിന്നും ഒഴിഞ്ഞുപോവുകയുമില്ല. അത് അവിടെ കിടന്ന് കെട്ടുനാറുന്ന സാഹചര്യം രൂപപ്പെടുന്നു. പൊതുവെ മത പൗരോഹിത്യ സംവിധാനങ്ങളില്‍ ജീവിക്കുന്നവരിലാണ് ഇത്തരം അടഞ്ഞ മനസ്സ് ഏറെയും രൂപപ്പെടുന്നതായി കണ്ടുവരുന്നത്. ഇമ്മാതിരി പുരോഹിതന്മാര്‍ ജനങ്ങളുടെ ധനം അന്യായമായി ഭുജിക്കുന്നവരും സത്യത്തിനും മനുഷ്യനുമിടയില്‍ വന്‍മതില്‍ സൃഷ്ടിക്കുന്നവരും കൂടിയാണ് (9:34). ഖുര്‍ആനികമായി അടഞ്ഞ മനസ്സ് എന്നത് പ്രകൃതിവിരുദ്ധവുമാണ്. വെറും പ്രകൃതിവിരുദ്ധമല്ല; മനസ്സിനെ അതിന്റെ സ്വഛപ്രകൃതിയില്‍  തുറന്നതായും പക്ഷപാതരഹിതമായും ഒരിക്കലും നിറയാത്തതായും സംവിധാനിച്ച ദൈവത്തിന്റെ ശാപത്തിനു വിധേയമാകാന്‍ മാത്രം അര്‍ഹമായ പ്രകൃതിവിരുദ്ധത (ഖുര്‍ആന്‍ 2:88;4:155). ഈ രണ്ട് സ്ഥലങ്ങളിലും വിശുദ്ധ ഖുര്‍ആന്‍ അടഞ്ഞ മനസ്സിന്റെ പ്രകൃതിവിരുദ്ധ സ്വഭാവത്തെ കുറിക്കുന്നതിന് 'കുഫ്ര്‍' എന്ന് വിശേഷിപ്പിച്ചതായും 2:88-ല്‍ ആ പ്രകൃതിവിരുദ്ധത കാരണം അടഞ്ഞ മനസ്സ് സൂക്ഷിക്കുന്നവരെ അല്ലാഹു ശപിച്ചതായും കാണാം.  

2. കപട മനസ്സ്: വിശുദ്ധ ഖുര്‍ആന്‍ കാപട്യത്തെ മനുഷ്യമനസ്സ് സ്വീകരിക്കുന്ന രണ്ടാമത്തെ സത്ത്വേതരഭാവമായി വിശേഷിപ്പിക്കുന്നു. ഇത് അടഞ്ഞ മനസ്സല്ല. എന്നാല്‍ ഈ കപട മനസ്സ് തുറന്നുവെച്ചിരിക്കുന്നത് കേവലം സ്വാര്‍ഥവും നിക്ഷിപ്തവുമായ ഭൗതികതാല്‍പര്യങ്ങള്‍ക്ക് മാത്രമാണ്. തന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത് മാത്രമേ ഈ മനസ്സ് സ്വീകരിക്കുകയുള്ളൂ. അവ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള സങ്കുചിത ചിന്തകള്‍ മാത്രമേ ഈ കപട മനസ്സ് ഉല്‍പാദിപ്പിക്കുകയുള്ളൂ. അതല്ലാത്തതൊന്നും ആ മനസ്സ് സ്വീകരിക്കില്ല. അങ്ങനെയല്ലാത്തതൊന്നും ആ മനസ്സില്‍നിന്ന് പുറത്തുവരികയുമില്ല. അതുകൊണ്ടുതന്നെ, മനസ്സിന്റെ സ്വഛപ്രകൃതിയായ പക്ഷപാതരാഹിത്യത്തിനു വിരുദ്ധമാണീ സ്വന്തത്തില്‍ മാത്രം കേന്ദ്രീകൃതമായ (Self Centric) പക്ഷപാത മനസ്സ്. ഖുര്‍ആനികമായി ഇത് നിരന്തരം വളര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു മനോരോഗമാണ് (2:10; 5:52; 8:49; 9:125; 24:50; 30:12; 33:60; 47:20,29; 74:31).

ഈ രോഗത്തിന് അടിപ്പെട്ടവര്‍ സത്യവും നീതിയും ന്യായവും ധര്‍മവും ഒക്കെ തീരുമാനിക്കുന്നത് ഈ നിക്ഷിപ്ത താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതെന്തും സത്യമാണ്, ന്യായമാണ്, നീതിയാണ്, ധര്‍മമാണ്. അല്ലാത്തതെല്ലാം അസത്യം, അനീതി, അന്യായം, അധര്‍മം! ആര്‍ത്തിയാണ് ഈ മനഃസ്ഥിതിയുടെ ആദര്‍ശം. മ്ലേഛതയാണ് ഇതിന്റെ ആചാരം (9:125). സങ്കുചിതവും നിക്ഷിപ്തവുമായ സ്വാര്‍ഥതാല്‍പര്യങ്ങളുടെ സാക്ഷാത്കാരമാണ് ഇതിന്റെ ലക്ഷ്യം. വ്യക്തികള്‍ക്കും സമൂഹത്തിലെ ഭിന്ന വിഭാഗങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിച്ച് ചോര കുടിക്കുക എന്നതാണ് ഈ മനഃസ്ഥിതി എല്ലാ കാലത്തും സ്വീകരിച്ചുപോരുന്ന സ്ട്രാറ്റജി. സത്യത്തെ ഭര്‍ത്സിക്കുകയും  പൈശാചികവത്കരിക്കുകയും ചെയ്യുക, പെരുംനുണ പ്രചരിപ്പിക്കുക, ചതിക്കുക, വഞ്ചിക്കുക എന്നിവയാണ് ഈ മനഃസ്ഥിതി സ്വീകരിക്കുന്നവരുടെ മാര്‍ഗങ്ങളും അടയാളങ്ങളുമായി പ്രവാചകന്‍(സ) പറഞ്ഞത്. വിശ്വാസത്തിനും കര്‍മത്തിനുമിടയിലെ നികത്താനാവാത്ത വിടവ് മാത്രമല്ലിത്. മറിച്ച് അകത്തെയും പുറത്തെയും വിശ്വാസത്തിനിടയിലെ അന്തരം കൂടിയാണ്.  

യേശു ഈ മനഃസ്ഥിതിക്കാരെ കുമ്മായം തേച്ച ശവക്കല്ലറകളോടാണ് ഉപമിച്ചതെങ്കില്‍ വിശുദ്ധ ഖുര്‍ആനാവട്ടെ, ഒരിക്കലും സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കാത്ത, ഒരു ചുവരില്‍ ചാരിവെച്ച ഉടയാടയണിഞ്ഞ ഉള്ളു പൊള്ളയായ മരത്തടിയായാണ് ഈ മനഃസ്ഥിതിക്കാരെ വിശേഷിപ്പിച്ചത് (63:4). വിഷലിപ്ത മനസ്സുകളില്‍നിന്നു വരുന്ന വാക്കുകള്‍ വഞ്ചനയുടെ മധുരം പുരട്ടിയതായിരിക്കും. അവര്‍ ചതിക്കുഴികളൊരുക്കി കാത്തിരിക്കുകയാണ് (4:108; 3:154). പ്രകാശപൂരിതമായ ചുറ്റുപാടില്‍ അന്ധരായിപ്പോകുന്നവര്‍ (2:17); ആര്‍ത്തികൊണ്ട് സത്യത്തിന്റെ കണ്ണും കാതും നാവും നഷ്ടപ്പെട്ടവര്‍ (2:18). സത്യപാത സ്വീകരിച്ച ദുര്‍ബല വിഭാഗങ്ങളെ പുഛിക്കുന്ന മനോവൈകൃതവും, മനുഷ്യരെയും ദൈവത്തെയും വഞ്ചിക്കാനുള്ള പ്രവണതയും അവരില്‍ ഉണ്ടാകും (2:9). പരിഷ്‌കരണത്തിന്റെ മൂടുപടമണിഞ്ഞ് അരാജകത്വവും അഴിമതിയും പ്രചരിപ്പിക്കുന്നവരായും (2:11) വിശുദ്ധ ഖുര്‍ആന്‍ ഈ മനഃസ്ഥിതിക്കാരെ വിശേഷിപ്പിക്കുന്നുണ്ട്.

3. അന്ധ മനസ്സ്: അന്ധ മനസ്സ് എന്നത് മനുഷ്യമനസ്സിനുണ്ടാകുന്ന മൂന്നാമത്തെ അപചയമാണ് (ഖുര്‍ആന്‍ 22:46). മനുഷ്യശരീരത്തെയും ഇന്ദ്രിയങ്ങളെയും അല്ലാഹു സൃഷ്ടിച്ചത്  ശരീരത്തിന് ആവശ്യമില്ലാത്തതും അന്യവും അനാരോഗ്യകരവുമായ എന്തെങ്കിലും അതിനകത്തേക്ക് കടക്കുന്നതിനെ തടയുന്ന അരിപ്പ(ഫില്‍റ്ററിംഗ്) സംവിധാനത്തോടു കൂടിയാണ്.  ഇനി വല്ലതും ഉള്ളിലേക്ക് പോയാല്‍ തന്നെ സ്വയം ശുദ്ധീകരിക്കാനുള്ള സംവിധാനവുമുണ്ട്. നമ്മുടെ കണ്ണുകള്‍ക്ക് നേരെ അന്യമായ എന്തെങ്കിലും സമീപിക്കുമ്പോഴേക്കും അവ സ്വയംതന്നെ അടഞ്ഞുപോകും. ഇനി വല്ല പൊടിപടലവും ഉള്ളില്‍ പോയാല്‍ സ്വയം ശുദ്ധീകരിക്കും. അല്ലെങ്കില്‍ ശുദ്ധീകരിക്കപ്പെടുന്നതുവരെ പണിമുടക്കും. നമ്മുടെ ശ്രവണേന്ദ്രിയങ്ങള്‍ സംവിധാനിച്ചിരിക്കുന്നതുതന്നെ ശബ്ദമല്ലാത്ത ഒന്നും അകത്തു കടക്കാന്‍ സാധിക്കാത്ത രൂപത്തില്‍ മുഖത്തിന്റെ ഇരു വശങ്ങളിലായി അതിസങ്കീര്‍ണമായ രൂപത്തിലാണ്. ഇനി ശബ്‌ദേതരമായ വല്ലതും അതിന്റെ ഉള്ളിലേക്ക് കടന്നുപോയാല്‍ അതില്‍നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുവരെ അത് മുഴുവന്‍ ശരീരവുമായി അസഹ്യവേദന സമ്മാനിച്ചുകൊണ്ട് കലഹിച്ചുകൊണ്ടിരിക്കും. നമ്മുടെ നാസാരന്ധ്രങ്ങളില്‍ രോമങ്ങള്‍ സംവിധാനിച്ചത് നാം ശ്വസിക്കുമ്പോള്‍ അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങള്‍ ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാനാണ്. 

ഇതേ സംഗതി മുഴുവന്‍ ശരീരത്തിനും ബാധകമാണ്. ആവശ്യമില്ലാത്തതോ ശരീരത്തിനു യോജിക്കാത്തതോ ആയ എന്തെങ്കിലും ഉള്ളിലേക്ക് കടന്നാല്‍ അതില്‍നിന്നും ശുദ്ധീകരിക്കപ്പെടുന്നതുവരെ ശരീരം പൊറുതിതരില്ല. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി സംവിധാനവും അതുതന്നെയാണ് നമ്മോടു പറയുന്നത്. മനുഷ്യമനസ്സും ഇതുപോലെ തന്നെയാണാവേണ്ടത്. നല്ലതും ഗുണപരമായതും സ്വീകരിക്കുകയും സ്വാംശീകരിക്കുകയും അല്ലാത്തത് പുറംതള്ളുകയും ചെയ്യണം. അതിനു നന്മയെയും സത്യത്തെയും മാത്രം സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന ഒരു അരിപ്പ ഓരോ വ്യക്തിയും സ്വയംതന്നെ സംവിധാനിക്കണം (ഖുര്‍ആന്‍ 75:14). എന്നാല്‍ ഈ അരിപ്പ അസത്യവും അധര്‍മവും അശ്ലീലതയും മാത്രം സ്വീകരിക്കുന്നതിനും സത്യത്തെയും ധര്‍മത്തെയും നന്മയെയും പുറംതള്ളുന്നതിനും മാത്രം ഉള്ളതായാലോ? മനസ്സിന്റെ ഈ സത്ത്വേതര ഭാവത്തെയാണ്, അപചയത്തെയാണ്  ഖുര്‍ആന്‍ അന്ധ മനസ്സ് എന്ന് വിശേഷിപ്പിക്കുന്നത്. ഈ മനഃസ്ഥിതിക്കാരുടെ സര്‍വ  ഇന്ദ്രിയങ്ങളും സത്യത്തിനു നേരെ കൊട്ടിയടച്ചിരിക്കും (2:171; 6:104; 6:50; 11:24; 13:16,19; 35:19; 40:58).  അവര്‍ക്ക് വല്ല വിശകലനരീതികളും ഉണ്ടെങ്കില്‍തന്നെ അത് സത്യത്തെ എങ്ങനെ പുറംതള്ളാം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതായിരിക്കും. മുന്‍വിധികളുടെയും തെറ്റിദ്ധാരണകളുടെയും അട്ടിപ്പേറായിരിക്കും അവരുടെ മനസ്സ്. എന്നാല്‍ അധര്‍മവും അസത്യവും അതിലെ നെല്ലും പതിരും വേര്‍തിരിക്കാതെ, ഒരു നിലക്കുള്ള വിശകലനത്തിനും വിധേയമാക്കാതെ അവരുടെ മനസ്സ് അപ്പടി സ്വീകരിക്കുന്നതായും കാണാന്‍ സാധിക്കും.

ഈ മനഃസ്ഥിതിയില്‍നിന്നും മുക്തമാകാത്ത കാലത്തോളം ഇവരെ സത്യവും സന്മാര്‍ഗവും കാണിക്കാന്‍ സാധിക്കില്ലെന്നും (10:43; 30:53), എന്നാല്‍ ഇത്തരത്തിലുള്ള ഏതു  മനഃസ്ഥിതികളില്‍നിന്നും ആര്‍ക്കും അവന്റെ സ്വബോധവും മനസ്സാക്ഷിയും ഉപയോഗിച്ച് മുക്തമാകാമെന്നും (5:71; 36:1) ഖുര്‍ആന്‍ പറയുന്നു. അതിന് ചരിത്രവും വര്‍ത്തമാനവും സാക്ഷിയാണ്.

4. മൃഗീയ മനസ്സ്:  വിശുദ്ധ ഖുര്‍ആന്‍ മനുഷ്യമനസ്സ് സ്വീകരിക്കുന്ന നാലാമത്തെ സത്ത്വേതരഭാവമായി വിശേഷിപ്പിക്കുന്നത് ഈ മനഃസ്ഥിതിയെയാണ് (7:179; 25:44; 8:22; 8:55). മൃഗീയ മനസ്സ് ആ അര്‍ഥത്തില്‍ അടഞ്ഞ, കപട, അന്ധ മനഃസ്ഥിതികളില്‍നിന്ന് വ്യത്യസ്തമാണ്.  മനുഷ്യന്റെ കണ്ണും കാതും ഉള്‍പ്പെടെയുള്ള ഇന്ദ്രിയങ്ങള്‍ അനുഭൂതികളില്‍ അഭിരമിക്കാന്‍ മാത്രമുള്ളതല്ല. മറിച്ച് കണ്ടതിന്റെയും കേട്ടതിന്റെയും ഒക്കെ അപ്പുറത്ത് കാണാനും കേള്‍ക്കാനും അനുഭവിക്കാനും കൂടിയുള്ളതാണ്.   ഒരു ചിത്രം കാണുന്ന മനുഷ്യന്‍ ചിത്രം മാത്രമല്ല കാണുന്നത്, അതിനു പിന്നിലെ ചിത്രകാരനെ കൂടിയാണ്.  ഒരു ശില്‍പത്തിന്റെ മുമ്പില്‍  വിസ്മയഭരിതനായി  നില്‍ക്കുന്ന മനുഷ്യന്‍ യഥാര്‍ഥത്തില്‍ വിസ്മയം കൊള്ളുന്നതും കൊള്ളേണ്ടതും അതിനു പിന്നിലെ ശില്‍പിയെ കുറിച്ചാണ്.  എന്തൊരു കൗതുകം കാണുമ്പോഴും അത് രൂപപ്പെടുത്തിയ കരങ്ങളെകുറിച്ചു കൂടിയാണ് മനുഷ്യന്‍ ജിജ്ഞാസുവാകേണ്ടത്. അതിനുവേണ്ടിയാണ് മനുഷ്യനു പഞ്ചേന്ദ്രിയങ്ങള്‍ക്കൊപ്പം മനസ്സും നല്‍കപ്പെട്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ നിരന്തരം ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതേ മനുഷ്യരിലെ കുറേയധികം ആളുകള്‍ തങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിനു പിന്നിലെ ശക്തിയെ കാണാത്തവരോ കാണാന്‍ ശ്രമിക്കാത്തവരോ ആണ്. പദാര്‍ഥലോകത്തെ  കാണുന്ന അവര്‍ പദാര്‍ഥലോകത്തിനു പിന്നിലെ പരാശക്തിയെ കാണുന്നില്ല. സ്വാഭാവികമായും ഈ അര്‍ഥത്തില്‍ അവരുടെ ഇന്ദ്രിയങ്ങളും മനസ്സും അവ കൊണ്ട് ഉദ്ദേശിക്കപ്പെട്ട ധര്‍മം നിര്‍വഹിക്കാതെ പോവുകയും  കേവലം മൃഗീയാവസ്ഥ  പ്രാപിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ മനുഷ്യന്‍ മൃഗത്തേക്കാളും മോശമാണെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് (7:179). കാരണം മൃഗം മനുഷ്യനു നല്‍കപ്പെട്ടതുപോലുള്ള മാനസിക സിദ്ധിയോടു കൂടി അങ്ങനെയായതല്ല. എന്നാല്‍ മനുഷ്യന്‍ താനനുഭവിക്കുന്ന ലോകത്തിനപ്പുറത്തെ ലോകത്തെയും ശക്തിയെയും കണ്ടെത്താന്‍ കഴിവുള്ളവനായിരിക്കെ, ആ കഴിവ് ഉപയോഗപ്പെടുത്തി കാണാന്‍ ശ്രമിക്കാത്തതിനാല്‍ മൃഗത്തേക്കാള്‍ മോശമാണെന്നു മാത്രമല്ല, ജീവികളില്‍ ഏറ്റവും നികൃഷ്ടനായിത്തീരുന്നുവെന്നും ഖുര്‍ആന്‍ പറയുന്നു(8:22). 

(തുടരും)

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍