Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

പ്രതിപക്ഷരഹിത ഇന്ത്യ വരട്ടെ...

ഇഹ്‌സാന്‍

രുണാചല്‍ പ്രദേശില്‍ സ്വന്തം എം.എല്‍.എമാര്‍ നെടുകെ പിളരാനുണ്ടായ കാരണം വിശദീകരിക്കുക കോണ്‍ഗ്രസിന് ബുദ്ധിമുട്ടായിരിക്കും. ജനങ്ങള്‍ സമ്മാനിച്ച 47 എം.എല്‍.എമാരില്‍ 21 പേര്‍ മറുകണ്ടം ചാടിയത് ബി.ജെ.പിയുടെ പണക്കൊഴുപ്പിനേക്കാളുപരി സ്വന്തം സംഘടനയുടെ തലപ്പത്തുള്ളവരുടെ കൊള്ളരുതായ്മ കൊായിരുന്നുവെന്നതാണ് വസ്തുത. എന്നാല്‍ പോലും ഗവര്‍ണറും കേന്ദ്രവും നടത്തിയ വഴിവിട്ട നീക്കങ്ങള്‍ക്ക് അതൊരു ന്യായീകരണമാവുന്നില്ല. സ്പീക്കര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയും എന്നിട്ട് ഏതോ ഒരു സ്വകാര്യ ഹാളില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട സഭാംഗങ്ങള്‍ നിയമസഭായോഗം വിളിച്ച് സ്പീക്കറെ പുറത്താക്കുകയും സഭ പുറത്താക്കിയ അംഗങ്ങളെ തിരിച്ചെടുക്കുകയും ചെയ്യുന്നതിന് എങ്ങനെയാണ് ഒരു ഗവര്‍ണര്‍ക്ക് അംഗീകാരം നല്‍കാനാവുക? സ്പീക്കര്‍ ചെയ്തതില്‍ തെറ്റുണ്ടെങ്കില്‍ തന്നെ കോടതിയല്ലേ അത് തിരുത്തേണ്ടത്? എന്നല്ല ഈ പ്രത്യേക കേസില്‍ ഹൈക്കോടതിയുടെ സ്‌റ്റേ നിലനില്‍ക്കുന്നുണ്ടായിരുന്നല്ലോ. ഇങ്ങനെ അങ്ങാടിയില്‍ 'വാഴിക്ക'പ്പെട്ട നിയമസഭാംഗങ്ങളുടെയും പുതിയ 'സ്പീക്കറു'ടെയും ആവശ്യമനുസരിച്ച് യഥാര്‍ഥ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാള്‍ ഒരു മാസം മുമ്പെ സഭ വിളിച്ചുചേര്‍ക്കണമെന്ന് വിജ്ഞാപനമിറക്കാന്‍ ഏത് ഭരണഘടനയിലാണാവോ വകുപ്പുള്ളത്? ഇത്രത്തോളം പോയ സ്ഥിതിക്ക് അരുണാചല്‍ ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്‌കോവക്ക് പുതിയ മുഖ്യമന്ത്രിയെ വാഴിക്കുക കൂടി ചെയ്യാമായിരുന്നില്ലേ? എന്തിന് ജനങ്ങള്‍ വോട്ടു ചെയ്യണം? 

കേന്ദ്രത്തിലിരിക്കുന്നവരുടെ തിരക്കഥയനുസരിച്ച് എക്കാലത്തും ഇതുപോലുള്ള രാഷ്ട്രീയ നാടകങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറിയിട്ടുണ്ട്. എത്രയോ സംസ്ഥാന സര്‍ക്കാറുകളെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാര്‍ പിരിച്ചുവിട്ടിട്ടുമുണ്ട്. പക്ഷേ നൂലു കൊണ്ടെങ്കിലും നാണം മറച്ചതിനു ശേഷമായിരുന്നു ഇന്നോളമുണ്ടായ ഇത്തരം നീക്കങ്ങളത്രയും. മാത്രമല്ല എസ്.ആര്‍ ബൊമ്മെ കേസിനു ശേഷം ഇക്കാര്യത്തില്‍ കര്‍ശനമായ കോടതിവിലക്കും നിലവിലുണ്ട്. എന്നിട്ടും ആ പരമ്പരയിലെ ഏറ്റവും മോശപ്പെട്ട രാഷ്ട്രീയ നാടകത്തിന്റെ സൂത്രധാരനായാണ് അരുണാചല്‍ പ്രദേശിലെ ഗവര്‍ണര്‍ രാജ്‌കോവ മാറിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ആരംഭിച്ച ഈ സംസ്ഥാനത്തെ പ്രതിസന്ധിയില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പലപ്പോഴും ഭരണഘടനയെയും സംസ്ഥാന സര്‍ക്കാറിനെയും രക്ഷിക്കാന്‍ നോക്കിയെങ്കിലും അങ്ങനെയൊരു ജനാധിപത്യം കേന്ദ്ര സര്‍ക്കാറിന് ആവശ്യമില്ലായിരുന്നു. ഒന്നുകില്‍ ബി.ജെ.പി ഭരണം, അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം. ഇത് രണ്ടിനുമിടയില്‍ ജനാധിപത്യത്തില്‍ മറ്റൊരു മാര്‍ഗമുണ്ടെന്ന് വിശ്വസിക്കാന്‍ മോദി സര്‍ക്കാര്‍ തയാറല്ലാത്തതുകൊണ്ടാണ് അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും സര്‍ക്കാറുകള്‍ നിലംപൊത്തിയത്. 

ഇതിനകം 27 തവണ രാഷ്ട്രപതിഭരണം ഏറ്റുവാങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും രൂപീകരിക്കപ്പെട്ടതിനു ശേഷം ഇതാദ്യമായി രാഷ്ട്രപതി ഭരണത്തിലേക്കു കടന്ന ഉത്തരാഖണ്ഡും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലാണ്. പക്ഷേ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വളരെ കൃത്യമായ അജണ്ടയോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണസാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് ഇപ്പോള്‍ ബി.ജെ.പി ചെയ്യുന്നത്. റിബലുകളാവാന്‍ തയാറുള്ളവര്‍ സ്വന്തം നിയമസഭാംഗത്വം പോലും ഇല്ലാതാവുന്ന രീതിയില്‍ രാഷ്ട്രീയ ആത്മഹത്യ ചെയ്ത് ബി.ജെ.പി പക്ഷത്തേക്കു പോകാന്‍ കാരണം? ഏയ്, ചാക്കില്‍ കെട്ടി കള്ളപ്പണമൊന്നും നല്‍കാത്ത പരമമാന്യന്മാരാണല്ലോ ബി.ജെ.പിക്കാര്‍. മാത്രമല്ല വിമതരാണെന്നു വെച്ച് കാശിന് അത്യാര്‍ത്തിയുള്ളവരൊന്നുമല്ലല്ലോ ഈ മറുകണ്ടം ചാടുന്നവര്‍! രാജ്യത്തെ രക്ഷിക്കാനായി പൗരസമൂഹം ഏല്‍പ്പിച്ച ഉത്തരവാദിത്തബോധത്താല്‍ വിജൃംഭിതരായല്ലേ ഇവര്‍ കോണ്‍ഗ്രസിനെ വിട്ട് ബി.ജെ.പിയിലേക്ക് പോകുന്നത്? ഈ അസംബന്ധത്തെ നിശ്ശബ്ദമായി നോക്കിയിരിക്കുകയാണ് മിക്ക മാധ്യമങ്ങളും. അരുണാചലില്‍ രാജ്‌കോവ ചെയ്ത നെറികേടിന്റെ അടുത്തൊന്നുമുണ്ടായിരുന്നില്ല പഴയ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സിബ്ഗത്തുല്ലാ റിസ്‌വിയുടെ നടപടികള്‍. ജനാധിപത്യത്തിനു വേണ്ടി അന്ന് പൊങ്കാലയിട്ട ദേശീയ മാധ്യമങ്ങളൊക്കെയും അരുണാചലിന്റെയും ഉത്തരാഖണ്ഡിന്റെയും കാര്യത്തില്‍ എന്തൊരു രാജഭക്തിയാണ് പാലിക്കുന്നത്!  

പിന്‍വാതിലിലൂടെ അധികാരം കവരുന്ന പുതിയ തരം 'ഫെഡറല്‍ സമ്പ്രദായ'ത്തിന്റെ ഉപാസകരാവുകയാണ് മോദി ഭരണകൂടം. അസമിലെ റാലിയില്‍ മോദി പ്രസംഗിച്ച, 'കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെയും പ്രതിപക്ഷ ഭരണപക്ഷ സഹകരണത്തിന്റെയും' പ്രായോഗിക രൂപമായിരിക്കണം അരുണാചലിലും ഉത്തരാഖണ്ഡിലും കണ്ടത്. ദല്‍ഹിയില്‍ നജീബ് ജംഗിലൂടെ അതിന്റെ ഏറ്റവും 'ഉദാത്തമായ' മാതൃക കഴിഞ്ഞ ഒന്നര വര്‍ഷമായി അരവിന്ദ് കെജ്‌രിവാള്‍ കണ്ടുകൊണ്ടേയിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് സര്‍ക്കാറുകളെ താഴെയിറക്കാനുള്ള മിനിമം ക്ഷമ പോലും കാണിക്കാതെയാണ് ബി.ജെ.പി സര്‍ക്കാര്‍ ചാടിവീഴുന്നത് എന്നല്ലേ ഉത്തരാഖണ്ഡിന്റെ കാര്യത്തില്‍ രണ്ടാമതൊന്നാലോചിക്കാതെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് കോടതിയുടെ സ്റ്റേ ഉത്തരവ് വീണതില്‍നിന്ന് വ്യക്തമാകുന്നത്? ഇനി രഹസ്യവോട്ടെടുപ്പ് എന്ന പുതിയ സാഹചര്യത്തെ ഉപയോഗപ്പെടുത്തി ഹരീഷ് റാവത്തിനെ താഴെയിറക്കുമായിരിക്കും. അരുണാചലിലെ രാജ്‌കോവയും ഉത്തരാഖണ്ഡിലെ കെ.കെ പൗളും സ്വന്തം മനോധര്‍മമനുസരിച്ച് തയാറാക്കിയ ഈ റിപ്പോര്‍ട്ടുകള്‍ അങ്ങ് ദല്‍ഹിയിലെത്തുന്ന മുറക്ക് കാബിനറ്റ് യോഗം കൂടി വിധിക്കുന്നതിലെ നീതിബോധത്തെ കുറിച്ച് അരുണ്‍ ജയ്റ്റ്‌ലിയുടെ സുവിശേഷം കൂടി ആവുന്നതോടെ ഈ ആഭാസം പൂര്‍ണതയിലെത്തുകയായി. 

രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ 2019 വരെ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനില്ലാത്ത ബി.ജെ.പി, പ്രതിപക്ഷത്തെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അധികാരത്തില്‍നിന്നിറക്കുന്നതിനു പകരം കൈയൂക്കിലൂടെ വെട്ടിനിരത്താനാണോ ഒടുവില്‍ ലക്ഷ്യമിടുന്നത്? കോണ്‍ഗ്രസ് മുക്തഭാരതം എന്നല്ല ബി.ജെ.പിയുടെ യഥാര്‍ഥ ആഗ്രഹം. മറിച്ച്, പ്രതിപക്ഷരഹിത ഭാരതം എന്നാണെന്നു തോന്നുന്നു. ഈ അത്യാഗ്രഹത്തിന് ജനങ്ങളുടെ പിന്തുണ കിട്ടുന്നില്ലെങ്കില്‍ കിട്ടുന്ന ഏത് റബ്ബര്‍ സ്റ്റാമ്പ് പതിച്ചും അന്യപാര്‍ട്ടികള്‍ ഭരിക്കുന്നിടങ്ങളില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കുന്ന നെറികെട്ട ഏര്‍പ്പാടാണ് ഇപ്പോള്‍ നടക്കുന്നത്.  

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍