മതമൂല്യങ്ങള്‍ പൊതുജീവിതത്തെ കൈവിട്ടതാണ് പ്രശ്‌നം
ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്നും ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.കെ കുമാരനും ലോകവും ഇന്ത്യയും കടന്നുപോകുന്ന സവിശേഷ സാഹചര്യങ്ങളെ വിലയിരുത്തുന്നു.
തയാറാക്കിയത്: സമദ് കുന്നക്കാവ്
ശൈഖ് മുഹമ്മദ് കാരകുന്ന്: ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വലിയ തോതില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണകൂടത്തോട് എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെല്ലാം ഉന്മൂലനം ചെയ്യപ്പെടുന്നു. വ്യാപകമായ ഔദ്യോഗിക പീഡനങ്ങള്‍ക്കും മാനസിക പീഡനങ്ങള്‍ക്കും അവര്‍ വിധേയമാക്കപ്പെടുന്നു. ഈ പുതിയ പശ്ചാത്തലത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
യു.കെ കുമാരന്‍: ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് പറയുമ്പോള്‍ അത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല. ലോകത്തുടനീളം ഇവ്വിഷയകമായി സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഇതിന്റെ പ്രധാനപ്പെട്ടൊരു കാരണം മതം വ്യക്തിജീവിതത്തില്‍ ഇടപെടുന്നുവെന്നതാണ്. എല്ലാ ദേശങ്ങളിലും ഇത് സംഭവിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഇതിന് ഒന്നുകൂടി ഊക്ക് കൂടിയിരിക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ-മതേതര രാഷ്ട്രമാണ്. മറ്റൊരു രാഷ്ട്രത്തിനും ഇത്തരമൊരു സവിശേഷതയില്ല. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന, ഈയടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ മുന്‍കാലങ്ങളിലുണ്ടായിട്ടുള്ളതല്ല. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വെടിവെച്ച് കൊല്ലുകയാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെടുകയാണ്. അത് കൃത്യമായി അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. കാരണം, ആരുടെയൊക്കെയോ സംരക്ഷണം ഇത്തരം ശക്തികള്‍ക്ക് പ്രത്യക്ഷമായി ലഭിക്കുന്നുണ്ട്. ഏറ്റവും ശക്തമായി പ്രതിരോധിക്കേണ്ട സമയത്ത് തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്ന എഴുത്തുകാരുണ്ടാകേണ്ടതുണ്ട്. എഴുത്തുകാരും കലാകാരന്മാരും ഒരിക്കലും മൗനം പാലിക്കാന്‍ പാടില്ല. ഇവിടെ അടുത്ത കാലത്ത് എഴുത്തുകാര്‍ കൊല്ലപ്പെടുന്നു. മുഖ്യധാരയിലുള്ള പല എഴുത്തുകാരും അതിനോട് പലവിധത്തില്‍ പ്രതികരിക്കുന്നു. എഴുത്തുകാര്‍ എന്ന നിലക്ക് ആര്‍ക്കും നിസ്സംഗമായിരിക്കാന്‍ കഴിയില്ല. ചിലര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പിക്കുന്നു. മറ്റു ചിലര്‍ ഇതിനെ പിന്തുണച്ച് പ്രസ്താവനയിറക്കുന്നു. പക്ഷേ, കേരളത്തെ സംബന്ധിച്ചേടത്തോളം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള കാര്യം, പലവിധത്തില്‍ ഇതുപോലുള്ള രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. അന്നിവിടെ പ്രതികരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അന്ന് പ്രതികരിക്കാതിരിക്കുകയും ഇപ്പോള്‍ പ്രതികരിക്കുകയും ചെയ്യുന്ന സമീപന രീതി ഒരിക്കലും ശരിയല്ല. എഴുത്തുകാരന്റെ പ്രതികരണം എല്ലാ കാലങ്ങളിലും ഉണ്ടായിരിക്കണം. എഴുത്തുകാരന് മാത്രമേ അതിന് സാധിക്കുകയുള്ളൂ. രാഷ്ട്രീയക്കാര്‍ക്കോ മതസംഘടനകള്‍ക്കോ അത് സാധിക്കില്ല. എഴുത്തുകാരെ സംബന്ധിച്ചേടത്തോളം അവര്‍ മത-വര്‍ഗീയ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കതീതരാണ്, ആയിരിക്കണം.
ശൈഖ്: യഥാര്‍ഥത്തില്‍ ഈ സംഘര്‍ഷങ്ങള്‍ മതം എന്നതിനോടൊപ്പം ഏകാധിപത്യം, ജനാധിപത്യം, രാജാധിപത്യം എന്നതിന്റെയെല്ലാം കൂടി കാരണമായിട്ടുണ്ടാകുന്നതല്ലേ? മതരഹിത വ്യവസ്ഥയുണ്ടായിരുന്ന സോവിയറ്റ് യൂനിയനിലും എഴുത്തുകാര്‍ ഉന്മൂലനം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അധികാരം ഫാഷിസത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ.
യു.കെ കുമാരന്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും സ്വതന്ത്ര ചിന്തകളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒരിടത്തും ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. എന്തുകൊണ്ടാണ് സോവിയറ്റ് യൂനിയന്‍ തകര്‍ന്നത്? അതിന്റെ യഥാര്‍ഥ കാരണം ജനാധിപത്യത്തെ അംഗീകരിക്കാനുള്ള മടി തന്നെയാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് കുറച്ചുകൂടി ഉദാര സമീപനം സ്വീകരിക്കുന്നതുകൊണ്ടാണ് ചൈനയടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നത്. അപ്പോള്‍ അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണ്. കേരളത്തിലും ഇന്ത്യയിലും എല്ലാം ഇതുതന്നെയാണ് അവസ്ഥ.
ശൈഖ്: കമ്യൂണിസത്തില്‍ മാത്രം ഇത് പരിമിതമല്ല. ജനാധിപത്യ രാഷ്ട്രമെന്ന് വിളിപ്പേരുള്ള ഫ്രാന്‍സില്‍ ഹോളോകോസ്റ്റ് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. അത്തരത്തില്‍ വല്ലതുമുണ്ടായാല്‍ അത് രാജ്യദ്രോഹകുറ്റവുമാണ്. ഇതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വലിയ നിഷേധമാണ്. പാശ്ചാത്യ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് അവരുടെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമാകാത്തിടത്തോളം മാത്രമാണ്.
യു.കെ കുമാരന്‍: നമ്മള്‍ സ്വപ്‌നം കാണുന്ന സമ്പൂര്‍ണ തലത്തിലുള്ള ജനാധിപത്യ വ്യവസ്ഥ അവിടെയുണ്ടെന്ന് പറയാനാകില്ല. പക്ഷേ ഇന്ത്യയിലുണ്ട്.
ശൈഖ്: ജനാധിപത്യം ഒരുപക്ഷേ ഉണ്ടാകും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗുണം മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയില്‍ നിലനില്‍ക്കുന്നതും ജനാധിപത്യത്തെ തന്നെ നിയന്ത്രിക്കുന്നതുമായ ഒന്നാണ് എന്നതാണ്. ഇത്തരമൊരു അവകാശം ഭരണഘടന നമുക്ക് ഉറപ്പുനല്‍കുന്നുണ്ട്. ആ മൗലികാവകാശങ്ങളുടെ അഭാവത്തില്‍ ജനാധിപത്യം വളരെ ദുര്‍ബലമാകും. ഭൂരിപക്ഷ-ന്യൂനപക്ഷ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ജനാധിപത്യം ഒരിക്കലും മാനവികമായിരിക്കുകയില്ല. അത് ഭൂരിപക്ഷങ്ങള്‍ ന്യൂനപക്ഷങ്ങളെ ഞെരിച്ചമര്‍ത്തുന്നതിനു മാത്രമേ സഹായിക്കുകയുള്ളൂ. അതിനെ പ്രതിരോധിക്കുന്നുവെന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. ഈ മൗലികാവകാശങ്ങള്‍ പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്നില്ല. അവയുടെ ലംഘനമല്ലേ യഥാര്‍ഥത്തില്‍ ഇപ്പോള്‍ ഇവിടെ നടക്കുന്നത്?
യു.കെ കുമാരന്‍: അങ്ങനെ പൂര്‍ണമായും പറയാന്‍ സാധിക്കില്ല. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നത് ശരിതന്നെ. എന്നാല്‍, ആവിഷ്‌കാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് അധികാര ശക്തികള്‍ അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചാണ്. അധികാര ശക്തികള്‍ ചിലപ്പോള്‍ അവര്‍ക്കുവേണ്ടി ഭരണഘടന വ്യാഖ്യാനിക്കുന്നുണ്ട്. സുപ്രീംകോടതി പോലും പലപ്പോഴും അതിന് വിധേയമാകുന്നു. അതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഇതുപോലെ തുടരണമെന്ന് വിശ്വസിക്കുന്നവരാണ് നമ്മളെല്ലാം. അതിനെ എത്രത്തോളം വികസിപ്പിക്കാന്‍ കഴിയും എന്ന് ചിന്തിക്കാനും പറയാനുമുള്ള ബാധ്യത മറ്റാരേക്കാളും എഴുത്തുകാര്‍ക്കുണ്ട്. ഇതിലൊരു ഇരട്ടത്താപ്പ് പാടില്ല. കേരളത്തില്‍തന്നെ, പുറത്തുള്ള എഴുത്തുകാര്‍ പ്രതികരിച്ചതിനു ശേഷമാണ് ഇവിടെയുള്ള എഴുത്തുകാര്‍ പ്രതികരിച്ചത്. മാത്രമല്ല, മറ്റു പല സന്ദര്‍ഭങ്ങളിലും മൗനം പാലിച്ചവരുമാണവര്‍. ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ മൗനം പാലിച്ചവര്‍ ഇപ്പോള്‍ സജീവമാണ് എന്നതാണ് വൈരുധ്യം. ഫാഷിസമെന്നത് മതത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും പ്രഛന്ന വേഷമണിഞ്ഞുവരാം. പക്ഷേ, ഏതു രീതിയില്‍ വന്നാലും അതിനെ ചെറുക്കാനുള്ള ആര്‍ജവം എഴുത്തുകാര്‍ക്കുണ്ടാവണം. അതുണ്ടാവുന്നില്ല എന്നതിലാണ് എനിക്ക് വിയോജിപ്പുണ്ടാവുന്നത്.
ശൈഖ്: കേരളത്തില്‍ സാമുദായിക ധ്രുവീകരണവും വര്‍ഗീയ കാഴ്ചപ്പാടുകളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലമാണല്ലോ ഇപ്പോഴുള്ളത്. ഇതിന്റെ കാരണങ്ങള്‍ പലതരത്തിലായി നിരീക്ഷിക്കപ്പെടുന്നുണ്ട്. താങ്കള്‍ക്ക് ഈ വിഷയത്തില്‍ എന്താണഭിപ്രായം?
യു.കെ കുമാരന്‍: പ്രധാനപ്പെട്ടത് അധികാരം തന്നെയാണ്. ഇപ്പോള്‍ ശ്രീനാരായണ ഗുരുവിനെച്ചൊല്ലി ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നു. ഗുരുദേവന്‍ കേരളത്തിലുണ്ടാക്കിയ പ്രബുദ്ധമായ ഒരു സാമൂഹികാവസ്ഥയുണ്ട്. ഇതിന് കടകവിരുദ്ധമായാണ് അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഇതിനെക്കുറിച്ചാര്‍ക്കും പറയാന്‍ സാധിക്കുന്നില്ല. ഗുരുവിനെപ്പോലും വലിയൊരു വില്‍പനച്ചരക്കാക്കി വെച്ചിരിക്കുകയാണ്. ഗുരുദേവന്‍ അങ്ങനെയായിരുന്നില്ല. ഗുരുദേവന്‍ പറഞ്ഞ പ്രസക്തമായ ഉപദേശം മദ്യം ഉപയോഗിക്കരുതെന്നാണ്. പിന്നീട് നാം കേള്‍ക്കുന്നത് കള്ള് ചെത്തരുതെന്നാണ്. കള്ള് ചെത്തരുതെന്ന് ഗുരുദേവന്‍ പറഞ്ഞിട്ടില്ല. ഒരു സമൂഹത്തോട് പ്രത്യേക സന്ദര്‍ഭത്തില്‍ പറഞ്ഞതാണ്. മദ്യവുമായി ബന്ധപ്പെട്ട എല്ലാ ഉപയോഗങ്ങളും നിര്‍ത്തണമെന്നാണ് നാരായണ ഗുരു പറഞ്ഞത്. അത്രയും വലിയൊരു ഉദ്‌ബോധനത്തെ ചെറുതാക്കുന്ന രീതിയിലേക്ക് ഇന്ന് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. അങ്ങനെ പല ഇടങ്ങളിലും ഗുരുദേവനെ അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ചെറുതാക്കിയിട്ടുണ്ട്. അതിന്റെയൊരു കാരണം, ആര്‍ക്കാണോ അധികാരത്തിലേറാന്‍ താല്‍പര്യം, അവരതിനുള്ള ശ്രേണിയായി അദ്ദേഹത്തെ മാറ്റുകയാണ്. ഗാന്ധിജിയെയും പ്രവാചകന്‍ മുഹമ്മദിനെയും ഇത്തരത്തില്‍ മാറ്റുന്നുണ്ട്. ഇപ്പോള്‍ ഐ.എസ് പ്രവര്‍ത്തിക്കുന്നതും ഇത്തരത്തിലാണല്ലോ. പ്രവാചകന്‍ പറഞ്ഞതിന് കടകവിരുദ്ധമായി തികച്ചും മാനവികവിരുദ്ധമായ സന്ദേശം നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. ഖിലാഫത്ത് എന്നത് ഇന്ത്യന്‍ ചരിത്രത്തിലൊരിടത്തും മോശപ്പെട്ട പദമല്ലല്ലോ. ഗാന്ധിജി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഖലീഫക്ക് വേണ്ടിയാണ് ശബ്ദിച്ചത്. ഹിന്ദുക്കളും മുസ്‌ലിംകളും ഏറ്റവും നല്ല സൗഹാര്‍ദം രൂപപ്പെട്ട സന്ദര്‍ഭം കൂടിയായിരുന്നു അത്. എന്നാല്‍, ഇന്ന് ഖിലാഫത്തിനെപോലും വെറുക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് ഐ.എസ് മാറ്റിയിരിക്കുന്നു.
ശൈഖ്: ഇതില്‍ വിദ്യാഭ്യാസവും വലിയ പങ്കുവഹിക്കുന്നുണ്ടല്ലോ. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന തലമുറയും ഏറ്റവും പുതിയ തലമുറയും സാമുദായിക ധ്രുവീകരണത്തിന്റെയും വര്‍ഗീയവല്‍ക്കരണത്തിന്റെയും കെണിയില്‍ പെട്ടുപോകുന്നുണ്ട്. വിദ്യാഭ്യാസം സമൂഹങ്ങളെ അടുപ്പിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ആധുനിക വിദ്യാഭ്യാസം സമൂഹങ്ങളുടെ ഇഴയടുപ്പങ്ങള്‍ക്ക് വലിയ ഗുണമൊന്നും ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍ മതേതരമെന്ന ആശയം കടന്നുവരുന്നത് 1940-കള്‍ക്കു ശേഷമാണല്ലോ. എന്നാല്‍, അതിനു മുമ്പുതന്നെ മതങ്ങളുടെ പരസ്പര സഹകരണത്തിന്റേതായ വലിയ പാരമ്പര്യം കേരളത്തിനുണ്ടല്ലോ. സാമ്രാജ്യത്യവിരുദ്ധ പോരാട്ടത്തിലും സാമൂതിരി-മരക്കാര്‍ ബന്ധങ്ങളിലുമെല്ലാം ഇത് ദൃശ്യമാകുന്നുണ്ട്. സാമൂതിരിയുടെ കാലത്ത് സ്വയംഭരണാവകാശം നല്‍കിയിരുന്നു. ഖാദിമാര്‍ക്ക് ശമ്പളം കൊടുത്തിരുന്നു. വെള്ളിയാഴ്ച നമസ്‌കരിക്കാത്തവരെ ശിക്ഷിച്ചിരുന്നു.
യു.കെ കുമാരന്‍: ഹിന്ദുക്കളില്‍ വിദ്യാഭ്യാസമില്ല എന്ന് പറയപ്പെടുന്ന ആ കാലത്ത് മതസൗഹാര്‍ദം ജീവിതത്തില്‍ കൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. പിന്നീട് മതവും അധികാരവും ചേര്‍ന്ന് സമ്മിശ്രമായൊരവസ്ഥ വന്നുചേര്‍ന്നപ്പോള്‍ മതം അധികാരത്തിലേക്ക് പോകാനുള്ള, ജാതി അധികാരത്തിലേക്ക് പോകാനുള്ള ഏറ്റവും നല്ല വഴിയാണെന്ന് സമൂഹം മനസ്സിലാക്കുകയായിരുന്നു.
ശൈഖ്: മറ്റൊരു കാരണം കൂടിയുണ്ട്. യഥാര്‍ഥത്തില്‍ മതമെന്ന് പറയുന്നത് മനുഷ്യരെ സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു. അതുകൊണ്ടുതന്നെ മതത്തെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തിയാല്‍ വലിയ പ്രശ്‌നമാകും. കേരളത്തില്‍ ആരാധനാലയങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു. പള്ളികള്‍, ചര്‍ച്ചുകള്‍, അമ്പലങ്ങള്‍ എല്ലാം. ശബരിമലയില്‍, വേളാങ്കണ്ണിയില്‍, മക്കയില്‍ എല്ലാം പോകുന്ന ഭക്തരുടെ എണ്ണം വര്‍ധിച്ചു. പക്ഷേ, പൊതുജീവിതം വല്ലാതെ മൂല്യരഹിതമായി മാറി. ഇതിന്റെ ഒരു കാരണം പൊതുജീവിതത്തിലെ ആത്മീയതയും പൊതുമണ്ഡലത്തിലെ മതമൂല്യങ്ങളും നിരാകരിച്ചതാണ്. ആധുനികത രൂപപ്പെടുത്തിയെടുത്ത മത-സാമൂഹിക വിഭജന കാഴ്ചപ്പാടും ഇതിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.
യു.കെ കുമാരന്‍: ആത്മീയതയുമായി ബന്ധപ്പെട്ട് ഞാന്‍ ഇന്ത്യയില്‍ കണ്ട സമൂര്‍ത്ത രൂപം ഗാന്ധിജിയാണ്. ഗാന്ധിജിയെ ശരിയാംവണ്ണം ഉള്‍ക്കൊള്ളാന്‍ ഭൗതികവാദികള്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ കുറേയൊക്കെ മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ഗാന്ധിജിയടക്കമുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ നിരന്തരം തള്ളിപ്പറയാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിപോലും ശ്രമിച്ചിട്ടുള്ളത്. കെ. ദാമോദരനോ അച്യുതമേനോനോ ഇ.എം.എസ്സോ ഗാന്ധിജിയെ തള്ളിപ്പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍, പിന്നെപ്പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഗാന്ധിജിയെ തള്ളിപ്പറയുന്ന അവസ്ഥയുണ്ടായി. അതിന്റെ കാരണം അവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്വതന്ത്രമായി നിലനില്‍ക്കാനുള്ള ആഗ്രഹമായിരിക്കണം.
ശൈഖ്: മതത്തെയും മതവികാരത്തെയും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതേസമയം മതമൂല്യങ്ങളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതാണ് യഥാര്‍ഥത്തില്‍ ഇവിടെ സംഭവിച്ചത്. മുസ്‌ലിംനാടുകളെ സംബന്ധിച്ചേടത്തോളം വലിയ പ്രതിസന്ധി, അവിടത്തെ ഏകാധിപത്യവും സ്വേഛാധിപത്യവുമാണ്. ജനാധിപത്യവല്‍ക്കരണം സംഭവിക്കാത്തതിനു പിന്നില്‍ സാമ്രാജ്യത്വമാണ്. കാരണം, ജനാധിപത്യ വ്യവസ്ഥയില്‍ അവരുടെ കൊള്ള നടക്കില്ല. എന്നാല്‍ ഇത്തരം ഏകാധിപത്യവും സ്വേഛാധിപത്യവും ഇസ്‌ലാമിലില്ലാത്തതാണ്.
യു.കെ കുമാരന്‍: ഇസ്‌ലാമിനെ പഠിച്ച ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന വിസ്മയം ഇത്രയും മൂല്യവത്തും ജനാധിപത്യപൂര്‍ണവുമായ മതം ഇന്ന് എങ്ങനെ ഇങ്ങനെയായി എന്നതാണ്.
ശൈഖ്: ഏറ്റവും നല്ലൊരു വസ്തു ഏറ്റവും കൊള്ളരുതാത്തവന്റെ കൈയില്‍ കിട്ടിയാല്‍ എങ്ങനെയായിരിക്കും? അതാണിപ്പോഴത്തെ ഇസ്‌ലാമിന്റെ അവസ്ഥ. സാന്ദര്‍ഭികമായി പറയട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെ ഒരുപാട് വേദികളില്‍ വരാറുള്ള വ്യക്തിയാണ് താങ്കള്‍. ഈ സംഘടനയെ എങ്ങനെയാണ് താങ്കള്‍ നോക്കിക്കണ്ടിട്ടുള്ളത്?
യു.കെ കുമാരന്‍: ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള ചില വിമര്‍ശനങ്ങളുണ്ട്. നാമുള്ളത് ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിലാണല്ലോ. ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും അതിന്റെ മുഴുവന്‍ സൗന്ദര്യത്തോടും കൂടി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ജമാഅത്തുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന ഒരാരോപണം അവരുടെ സെക്യുലര്‍ മുഖം പ്രഛന്ന വേഷമാണെന്നതാണ്. കാരണം, മൗദൂദി ഒരിക്കലും ജനാധിപത്യത്തെ അംഗീകരിച്ചിരുന്നില്ല. അദ്ദേഹം അംഗീകരിക്കാത്ത സെക്യുലറിസത്തെ എങ്ങനെയാണ് ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുക എന്നതാണ് അവരുടെ ചോദ്യം.
ശൈഖ്: 1947-നു മുമ്പുള്ള സ്വാതന്ത്ര്യ പൂര്‍വകാലത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സയ്യിദ് മൗദൂദി എഴുതിയതാണ് സെക്യുലറിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തീര്‍ത്തും മതവിരുദ്ധമായിരുന്ന പാശ്ചാത്യ സെക്യുലറിസത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം അതെഴുതിയത്. ജനാധിപത്യത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നതും ഒരുവിധ മൂല്യങ്ങളാലും നിയന്ത്രിക്കപ്പെടാത്ത ജനാധിപത്യത്തെക്കുറിച്ചാണ്. അതെഴുതിയ സയ്യിദ് മൗദൂദി തന്നെയാണ് ഏകാധിപത്യമാണോ രാജാധിപത്യമാണോ ജനാധിപത്യമാണോ നിലനില്‍ക്കേണ്ടത് എന്ന ചോദ്യത്തിന് ജനാധിപത്യമാണ് ശരി എന്ന ഉത്തരം നല്‍കുന്നത്. മാത്രമല്ല, പാകിസ്താനില്‍ പോയ അദ്ദേഹം അതൊരു രാഷ്ട്രമായി മാറിയ സന്ദര്‍ഭത്തില്‍ ആവശ്യപ്പെട്ടത് ജനാധിപത്യ ഭരണക്രമമായിരുന്നു. രണ്ടുതവണ പട്ടാള ഭരണകൂടത്തോട് ഇടഞ്ഞുകൊണ്ട് ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ഇന്ത്യയില്‍വെച്ച് ഈ പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ രണ്ട് പശ്ചാത്തലം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു: ഒന്ന്, യൂറോപ്യന്‍ സെക്യുലറിസം മാത്രം നിലനില്‍ക്കുന്ന അവസ്ഥ. രണ്ടാമത്തേത്, മതവിരുദ്ധ മതേതര പശ്ചാത്തലം. മൗലിക മനുഷ്യാവകാശങ്ങളാല്‍ നിയന്ത്രിതമാണ് ഇന്ത്യന്‍ ജനാധിപത്യം. ആ മൗലികാവകാശങ്ങളില്‍ മതസ്വാതന്ത്ര്യമുണ്ട്, വിശ്വാസ സ്വാതന്ത്ര്യമുണ്ട്, ആരാധനാ സ്വാതന്ത്ര്യമുണ്ട്, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണവുമുണ്ട്. അത്തരത്തിലുള്ള മതേതരത്വത്തെയും ജനാധിപത്യത്തെയുമല്ല സയ്യിദ് മൗദൂദി എതിര്‍ത്തത്. ഇന്ത്യന്‍ മതേതരത്വം ഭരണഘടനാപരമായി എല്ലാ മതങ്ങളോടും തുല്യ സമീപനമാണ് സ്വീകരിച്ചത്. ഇതിനെ ജമാഅത്തെ ഇസ്‌ലാമി എന്തിന് എതിര്‍ക്കണം? എന്നല്ല, ഇന്ത്യയെപ്പോലുള്ളൊരു രാജ്യത്ത് അത് നിലനില്‍ക്കുകയാണല്ലോ വേണ്ടത്. മറ്റൊന്ന് ഇസ്‌ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിമര്‍ശനമാണ്. ഇസ്‌ലാമിക രാഷ്ട്രമെന്നത് ഒരിക്കലും മതരാഷ്ട്രമല്ല. അത് വിമര്‍ശകര്‍ പറയുന്ന ഒരാക്ഷേപം മാത്രമാണ്.
യു.കെ കുമാരന്‍: ഇസ്‌ലാമിക രാഷ്ട്രമെന്നത് മതരാഷ്ട്രമല്ല. ആദര്‍ശാധിഷ്ടിത മാനവിക രാഷ്ട്രമാണ്. ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരാണ് ഇസ്‌ലാം മതരാഷ്ട്രമെന്നവകാശപ്പെടുന്നത്. ഇസ്‌ലാമിന്റെ ചരിത്രം വായിക്കുമ്പോള്‍ നമുക്ക് രോമാഞ്ചമാണ് പലപ്പോഴും ഉണ്ടാവുക. പ്രവാചകനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുള്ളത് അദ്ദേഹത്തെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല എന്നാണ്. മാത്രമല്ല, വിദ്യാഭ്യാസ രംഗത്ത് പ്രവാചകന്‍ രൂപപ്പെടുത്തിയെടുത്ത കാഴ്ചപ്പാട് വളരെ മാതൃകാപരമാണല്ലോ. എന്നാല്‍, പിന്നീട് കാണുന്നത് ഈ നവോത്ഥാന മൂല്യങ്ങളെല്ലാം കൊഴിഞ്ഞുപോകുന്നതായാണ്.
ശൈഖ്: അതില്‍ നല്ലൊരു പങ്ക് സാമ്രാജ്യത്വത്തിനുണ്ട്. 1492-ലാണ് വൈജ്ഞാനികവും സാംസ്‌കാരികവുമായി ഏറെ മുമ്പില്‍ നിന്നിരുന്ന സ്‌പെയിന്‍ മുസ്‌ലിംകളില്‍നിന്ന് പിടിച്ചടക്കിയത്. അതോടുകൂടി അവിടെയുള്ള മുഴുവന്‍ ഗ്രന്ഥങ്ങളും കത്തിച്ചുകളഞ്ഞു. അമ്പതുവര്‍ഷത്തിനു ശേഷം ഒരു മുസ്‌ലിം പോലും അവിടെയുണ്ടായിരുന്നില്ല. സ്‌പെയിന്‍ പിടിച്ചടക്കിയ അതേ വര്‍ഷമാണ് കൊളംബസിന്റെ അധിനിവേശ യാത്ര ആരംഭിക്കുന്നത്. 1492 ജനുവരി മൂന്നിനാണ് സ്‌പെയിന്‍ കീഴടക്കുന്നത്. 1492 ഒക്‌ടോബറില്‍ അതേ സ്‌പെയിനില്‍നിന്നാണ് കൊളംബസ് യാത്രതിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ മുഖ്യ ഉന്നം ഇസ്‌ലാമിക നാഗരികതയെ തകര്‍ക്കലായിരുന്നു. അധിനിവിഷ്ട രാഷ്ട്രങ്ങളിലെല്ലാം സാംസ്‌കാരിക അധിനിവേശം കൂടി സംഭവിച്ചു. മുസ്‌ലിം സമുദായത്തിന്റെയും നാടുകളുടെയും പതനത്തിനും പിന്നാക്കാവസ്ഥക്കും മുഖ്യ കാരണം ഇതാണ്.
യു.കെ കുമാരന്‍: അത് പുറംനാടുകളിലെ അവസ്ഥ. കേരളത്തില്‍ പോലും മുസ്‌ലിംകള്‍ക്ക് സംഭവിക്കുന്ന അപചയം ഞാന്‍ നേരത്തേ സൂചിപ്പിച്ചതാണല്ലോ. ആധുനിക വിദ്യാഭ്യാസത്തില്‍ മുസ്‌ലിംകള്‍ അങ്ങേയറ്റം വിമുഖത കാട്ടിയിരുന്നു. സച്ചാര്‍ കമീഷന്‍ കൃത്യമായും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പോലും മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
ശൈഖ്: ഒരു ഭാഗത്ത് യാഥാസ്ഥിതികത്വം മറുഭാഗത്ത് സാമ്രാജ്യത്വ വിരോധം. ഇത് രണ്ടും ചേര്‍ന്നപ്പോള്‍ അവര്‍ അക്ഷരവിരുദ്ധരായി മാറി. ഇതിനെതിരെയാണ് പിന്നിട്ട പതിറ്റാണ്ടുകളില്‍ ഇസ്‌ലാമിക സംഘടനകളും പണ്ഡിതന്മാരും പൊരുതിയത്. കേരളത്തിലെങ്കിലും ഇത് വളരെയേറെ ഗുണകരമായ ഫലം ഉണ്ടാക്കിയിട്ടുണ്ട്.
Comments