Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

ജനാധിപത്യം തോല്‍ക്കാതിരിക്കട്ടെ

പ്രഫ. സി. ചന്ദ്രമതി ശാസ്താംകോട്ട

ല്ലാ മതഗ്രന്ഥങ്ങളിലെയും തത്ത്വങ്ങളും ദര്‍ശനങ്ങളും സമാധാനം ഉദ്‌ബോധിപ്പിക്കുന്നവയാണ്. എന്നിട്ടും നിരവധി നിരപരാധികളുടെ ചോര ദൈവങ്ങളുടെ പേരില്‍ ഒഴുക്കപ്പെട്ടിട്ടുണ്ട്. 'ഈശ്വരന്‍ സര്‍വഭൂതാനാം' എന്നോ 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്നോ 'ധര്‍മം ശരണം ഗഛാമി' എന്നോ ഓര്‍ത്തുകൊണ്ടായിരുന്നില്ല ഈ യുദ്ധങ്ങള്‍. വേദ കാലഘട്ടത്തില്‍ ഭാരതം ലോകത്തിനു നല്‍കിയ സന്ദേശമാണ് 'ലോകാ സമസ്താ സുഖിനോ ഭവന്തു'. യേശുവും ബുദ്ധനും നബിയും മുതല്‍ ശ്രീനാരായണ ഗുരു, വാഗ്ഭടാനന്ദ ഗുരു, ചട്ടമ്പിസ്വാമി, രമണ മഹര്‍ഷി, അയ്യങ്കാളി, നിത്യ ചൈതന്യ യതി തുടങ്ങിയ യുഗപ്രഭാവന്മാര്‍ ഈ സന്ദേശം ഉള്‍ക്കൊണ്ട് ജീവിച്ചവരാണ്.

ഇന്നത്തെ ലോകത്തിന്റെ പോക്ക് പക്ഷേ എങ്ങോട്ട്? ജനാധിപത്യത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മതേതരത്വത്തിന്റെയും ആശയങ്ങള്‍ അരിഞ്ഞുവീഴ്ത്തപ്പെടുന്നു.

കല്‍ബുര്‍ഗിയും നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരയും ഇവിടെ കൊല്ലപ്പെടുന്നു. തന്റെ ഒരു നോവലില്‍ ഏതോ ജാതിക്കാരെ പ്രകോപിപ്പിക്കുന്ന എന്തോ എഴുതി എന്ന പേരില്‍ തമിഴ്‌നാട്ടിലെ പ്രശസ്ത എഴുത്തുകാരനായ പെരുമാള്‍ മുരുകനെ മുള്‍മുനയില്‍ നിര്‍ത്തിയ കഥ നമുക്കറിയാം. വിമത ശബ്ദത്തെ ഉന്മൂലനം ചെയ്യാനുള്ള മനുഷ്യന്റെ വ്യഗ്രത ഭയാനകമാണ്. പ്രകൃതിയെപ്പോലും പല വര്‍ണങ്ങള്‍ നല്‍കി പങ്കിട്ടെടുക്കാന്‍ മത്സരിക്കുന്നു. പോത്തിന്റെയും പശുവിന്റെയും പേരില്‍, അമ്പലത്തിന്റെയും പള്ളിയുടെയും പേരില്‍ ചേരിതിരിഞ്ഞ് യുദ്ധസന്നദ്ധരായി നില്‍ക്കുന്ന പടയാളികള്‍! നമ്മുടെ യാത്ര മുന്നോട്ടോ പിന്നോട്ടോ? ജനാധിപത്യത്തിന്റെ അന്തസ്സത്തയായി അംഗീകരിക്കപ്പെട്ടതാണ് മതേതരത്വം.

ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനെപ്പോലെ, ഏതൊരവസ്ഥയിലും സമചിത്തതയോടെ പെരുമാറാന്‍ ശേഷിയുള്ള, സ്ഥിതപ്രജ്ഞരുടെ നാടാണ് ഭാരതം. പക്ഷേ, വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം വിശ്വസിക്കുന്ന സിദ്ധാന്തം 'ഉദരനിമിത്തം ബഹുകൃതവേഷം' എന്നാണെന്ന് തോന്നുന്നു.

'സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചും
നാണം കെട്ടു നടക്കുന്നിതു ചിലര്‍
മതമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍'

പൂന്താനത്തിന്റെ വരികള്‍ ഓര്‍ത്തുപോകുന്നു.

ചെന്നൈയിലെ പ്രളയം നമ്മുടെ അകക്കണ്ണ് തുറപ്പിക്കാനുള്ള നിരവധി പാഠങ്ങള്‍ നല്‍കിയിരുന്നു. പ്രളയജലം ഇരമ്പിപ്പാഞ്ഞു വന്നപ്പോള്‍ പൂജാരിയും വൈദികനും മൗലവിയുമൊക്കെ 'രക്ഷിക്കണേ' എന്ന് നിലവിളിച്ചപ്പോള്‍ അവരെ രക്ഷിക്കാന്‍ പരോപകാരികളായ മനുഷ്യര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹജീവികളില്‍ ദൈവത്തെ കാണാന്‍ ഇനിയെങ്കിലും മനുഷ്യര്‍ പഠിക്കണം. മതം 'മദം' ആയി മാറരുത്.

അപൂര്‍വമായൊരു മത സാഹോദര്യത്തിന്റെ കഥ പറയാനുണ്ട് അര്‍ത്തുങ്കല്‍ പള്ളിക്ക്. മണ്ഡലകാലത്ത് മലയിറങ്ങിവരുന്ന അയ്യപ്പന്മാര്‍ വിശുദ്ധ സെബാസ്റ്റ്യാനോസിനെ വണങ്ങി, നേര്‍ച്ചയിട്ട്, മാലയൂരി, പള്ളിപ്പറമ്പിലെ കുളത്തില്‍ കുളിച്ച് മടങ്ങുന്നു. മണികണ്ഠന് വാവരുമായും വെളുത്തഛനുമായും ഉണ്ടായിരുന്ന മൈത്രിയെക്കുറിച്ച് കേട്ടറിവുള്ളവര്‍ക്ക് ഇതൊരത്ഭുതക്കാഴ്ചയേ അല്ല.

ഞങ്ങളുടെ വീടിനു ചുറ്റും മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ് താമസിക്കുന്നത്. നോമ്പുകാലത്ത് തരിക്കഞ്ഞിയും അരിപ്പത്തിരിയും കഴിക്കാനായി ഞാന്‍ നോമ്പുതുറക്കുന്ന സമയം കാത്തിരിക്കും. ക്രിസ്മസും ഈസ്റ്ററും പള്ളിപ്പെരുന്നാളുമൊക്കെ എന്റെയും ആഘോഷങ്ങളാണ്. ഓണത്തിന് പൂക്കളമൊരുക്കാന്‍ എല്ലാ കുട്ടികളും എന്റെ വീട്ടിലെത്തും.

സഹജീവികളോടുള്ള കാരുണ്യവും ഈശ്വരനോടുള്ള സമര്‍പ്പണവും നമ്മുടെ പ്രയത്‌നവും ഒന്നിക്കുമ്പോഴാണ് ഈശ്വരകൃപ ലഭ്യമാകുന്നത്. കോഴിക്കോട് സ്വദേശി നൗഷാദിന്റെ രക്തസാക്ഷിത്വം സഹജീവി സ്‌നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. നന്മയായിരുന്നു നൗഷാദിന്റെ മതം. സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം.

എതിരഭിപ്രായം പറയുന്നവരെ ചുട്ടുകൊല്ലുകയും വെടിവെച്ചുകൊല്ലുകയും ചെയ്യുന്ന ഫാഷിസം പടര്‍ന്നുകയറുകയാണ്. 2014 ഒക്‌ടോബറിനു ശേഷം ഒരു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 630 വര്‍ഗീയ സംഘര്‍ഷങ്ങളാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്.

ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ബഹുസ്വരത, സഹിഷ്ണുത എന്നിവ കൈവിട്ടുപോകുന്നു. ഈ സ്ഥിതി മാറിയേ തീരൂ. 'ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാന'മാവട്ടെ ലോകം!

 

സ്വയം നവീകരിക്കാതെ നിലനില്‍പില്ല

യ്യിദ് സആദത്തുല്ല ഹുസൈനി മുന്നോട്ടുവെച്ച വീക്ഷണങ്ങള്‍ ('മാറുന്ന കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനം' - ലക്കം 2943)വായിച്ചു. ജമാഅത്തെ ഇസ്‌ലാമി സ്വയം വിശേഷിപ്പിക്കുന്നത് ചിന്താപ്രസ്ഥാനം എന്നാണ്. പുറത്തും അങ്ങനെ തന്നെയാണ് അതറിയപ്പെടുന്നത്. സ്വയം നവീകരിക്കപ്പെടുന്നതിനേ നിലനില്‍പുള്ളൂ. അതിനാല്‍തന്നെ വൈജ്ഞാനിക-ചിന്താ രംഗങ്ങളില്‍ പ്രസ്ഥാനം ഇനിയും ഒട്ടേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

ലോകത്ത് ജീവന്‍ തുടിക്കുന്ന പ്രസ്ഥാനങ്ങളും സംഘടനകളുമെല്ലാം സ്വയം പരിശോധിക്കുകയും നവീകരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് മുന്നേറുന്നത്. ആലോചനകളിലും തിരുത്തലുകളിലുമുള്ള ഏറ്റവ്യത്യാസങ്ങള്‍ അവയുടെ വിജയാപചയങ്ങളില്‍ കാണാന്‍ കഴിയും.

എ. അബ്ദുര്‍റശീദ് പുലാപ്പറ്റ

 

ആത്മാഭിമാനമുള്ള യൗവനം

മുഖ്യധാരയില്‍നിന്ന് വേര്‍പെട്ട് സമുദായമെന്ന വേലിക്കെട്ടിനകത്ത് ദീനിനെക്കുറിച്ച പരിമിത കാഴ്ചപ്പാടുമായി കഴിഞ്ഞ മുസ്‌ലിം സമൂഹത്തിനിടയില്‍ ഏതാനും വര്‍ഷങ്ങളായി ഇസ്‌ലാമിന്റെ തെളിച്ചവും തെളിമയും വര്‍ധിച്ചുവരുന്നത് ആശാവഹമാണ്. സ്വാതന്ത്ര്യാനന്തരം പൊതുമണ്ഡലത്തില്‍നിന്ന് പുറന്തള്ളപ്പെടുകയോ അരികുവത്കരിക്കപ്പെടുകയോ ചെയ്ത് ആത്മാഭിമാനം നഷ്ടപ്പെട്ടവരായി നിദ്രയിലാണ്ട ഇന്ത്യന്‍ മുസ്‌ലിംകളില്‍ അടുത്തിടെയായി രാഷ്ട്രീയമായ ഒരു പുത്തുനണര്‍വ് പ്രകടമാണ്.

ഫാഷിസത്തിന്റെ വിഷസര്‍പ്പങ്ങള്‍ തങ്ങളെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും മൗനവാല്‍മീകത്തിലിരിക്കുന്നത് കുറ്റകരവും ആത്മഹത്യാപരവുമാണെന്ന തിരിച്ചറിവില്‍ പ്രതിരോധിക്കാനും പ്രതിഷേധിക്കാനും അവര്‍ ആര്‍ജവത്തോടെ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു. പേരിലും വാക്കിലും വരിയിലും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന വര്‍ഗീയ ശക്തികളുടെ മുന്നില്‍ മുസ്‌ലിമാണെന്ന് ആത്മാഭിമാനത്തോടെ പ്രഖ്യാപിക്കാന്‍ നമ്മുടെ തലമുറക്കാവുന്നു എന്നത് ആശാവഹമായ കാര്യം തന്നെയാണ്. തങ്ങള്‍ ആദര്‍ശസമൂഹമാണെന്ന അവബോധം അവരില്‍ വന്നിരിക്കുന്നു എന്നുവേണം കരുതാന്‍.

മാനസികാടിമത്തം മൂലം ഇസ്‌ലാമികമായ എന്തിനെയും പാശ്ചാത്യ സംസ്‌കാരത്തോട് ചേര്‍ത്തുവായിക്കാന്‍ സാഹസപ്പെട്ടിരുന്നവര്‍ക്ക് ഇന്ന് ഒരു പരിധിവരെയെങ്കിലും ഇസ്‌ലാമിന്റെ അന്തസ്സത്ത ആത്മാവില്‍ സ്വാംശീകരിക്കാനും അതിന്റെ സമഗ്ര ദര്‍ശനത്തെ ഉള്‍ക്കൊള്ളാനും കഴിയുന്നു എന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമുള്ള അവരുടെ പ്രതിഷേധവും നിലപാടുകളും പ്രതിരോധങ്ങളും.

താന്‍പോരിമയിലും നിസ്സാരമായ കര്‍മശാസ്ത്ര വിവാദങ്ങളിലും തളച്ചിട്ട് സമുദായത്തിന്റെ ക്രിയാശേഷിയും കര്‍മശേഷിയും മുരടിപ്പിച്ച് ഇസ്‌ലാമിന്റെ സാമൂഹികമുഖം വികൃതമാക്കിയതില്‍ നമ്മുടെ മതപണ്ഡിതന്മാരുടെ പങ്ക് നിഷേധിക്കാനാവില്ല. സമുദായം അടുത്തകാലത്തായി കൈവരിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മുന്നേറ്റം അവരെ രാഷ്ട്രീയമായും ആത്മീയമായും പ്രബുദ്ധരാക്കി എന്നുവേണം കരുതാന്‍. ധാര്‍മിക നിലവാരം പുലരുന്ന ഒരു സമൂഹവും അതുവഴി മൂല്യാധിഷ്ഠിതമായ രാഷ്ട്രവും കെട്ടിപ്പടുക്കാന്‍ നമ്മുടെ യുവതക്ക് കെല്‍പും കഴിവുമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കാം.

സുല്‍ഫത്ത് റാഫി കൂട്ടിലങ്ങാടി

 

പ്രസ്ഥാന മുദ്രകള്‍ കോറിയിട്ട പുസ്തകം

ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ഓര്‍മയുടെ ഓളങ്ങളില്‍' എന്ന കൃതിയെക്കുറിച്ച പി.ടി കുഞ്ഞാലിയുടെ അവലോകനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മുന്നൂറോളം പേജ് വരുന്ന പ്രസ്തുത പുസ്തകം ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് വായിച്ചുതീര്‍ത്തത്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് പ്രസ്ഥാനം കടന്നുപോയ നാള്‍വഴികളും അതിന്റെ ഗതിവിഗതികളും മനസ്സിലാക്കാനും വിലയിരുത്താനും പറ്റിയ ഒരുത്തമ അവലംബമാണത്.

ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ കേരള ഘടകത്തില്‍ അല്‍പം വിവാദങ്ങള്‍ക്ക് കാരണമായ സിമി-ജമാഅത്ത് പ്രശ്‌നം, എസ്.ഐ.ഒ രൂപീകരണം തുടങ്ങിയവയുടെ വിശദീകരണം പുതുതലമുറയിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഉപകാരപ്രദമാണ്. അപ്രകാരം തന്നെ ശരീഅത്ത് വിവാദവും അതിനെ പ്രതിരോധിക്കുന്നതില്‍ ജമാഅത്ത് വഹിച്ച നേതൃപരമായ പങ്കും ആവേശദായകമാണ്. കേരളീയ ഇസ്‌ലാമിക നവോത്ഥാന രംഗത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ മുദ്രകള്‍ കോറിയിട്ടത് ചരിത്ര വിദ്യാര്‍ഥികള്‍ക്കും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്.

സി.എച്ച് മുഹമ്മദലി കൂട്ടിലങ്ങാടി

 

ആ വരികള്‍ നബിയെക്കുറിച്ചല്ല

'മുഹമ്മദ് നബി മലയാള കവിതയില്‍' എന്ന ഡോ. എം.എ കരീമിന്റെ ലേഖനത്തില്‍ (മാര്‍ച്ച് 25) ശ്രീനാരായണ ഗുരുവിന്റെ 'അനുകമ്പാദശക'ത്തെക്കുറിച്ചുള്ള വിശദീകരണത്തില്‍ പിശകുണ്ട്. ഏഴാമത്തെ ശ്ലോകത്തില്‍ നബിയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഉദ്ധരിക്കുന്നത് ഈ വരികളാണ്:

'പുരുഷാകൃതിപൂണ്ട ദൈവമോ
നരദിവ്യാകൃതിപൂണ്ട ധര്‍മമോ
പരമേശ പവിത്ര പുത്രനോ
കരുണാവാന്‍ നബി മുത്തുരത്‌നമോ'

''ഹൈന്ദവ വീക്ഷണത്തില്‍ നബിയെ ചിത്രീകരിച്ചതുകാരണം 'പുരുഷാകൃതിപൂണ്ട ദൈവമോ', 'പരമേശപവിത്ര പുത്രനോ' എന്നീ വരികള്‍ ഇസ്‌ലാമിക ദര്‍ശനത്തിന് നിരക്കുന്നതല്ലെങ്കിലും നബിയെ ദിവ്യാകൃതിപൂണ്ട ധര്‍മമായും മുത്തുരത്‌നമായും വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയം തന്നെയാണ്'' എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു. മേലുദ്ധരിച്ച നാലു വരികളിലും നബിയെയാണ് പരാമര്‍ശിക്കുന്നതെന്ന തെറ്റിദ്ധാരണ നിരവധി പേര്‍ക്കുണ്ട്. ചില പ്രഭാഷകരും ഈ രീതിയില്‍ പ്രസംഗിക്കാറുണ്ട്. യഥാര്‍ഥത്തില്‍ 'കരുണാവാന്‍ നബി മുത്തുരത്‌നമോ' എന്ന വരി മാത്രമേ നബിയെക്കുറിച്ചുള്ളൂ. 'പരമേശ പവിത്രപുത്രന്‍' എന്നതുകൊണ്ടുദ്ദേശ്യം യേശുക്രിസ്തുവാണ്. യേശു ദൈവപുത്രനാണെന്നാണല്ലോ ക്രൈസ്തവസങ്കല്‍പം. ഗുരുവചനങ്ങളുടെ പ്രമുഖ വ്യാഖ്യാതാവായ ഡോ. ടി. ഭാസ്‌കരന്‍ ഏഴാമത്തെ ശ്ലോകത്തിന് നല്‍കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: ''അനുകമ്പാശാലി മനുഷ്യരൂപം സ്വീകരിച്ച ദൈവം തന്നെയോ? ധര്‍മം മനുഷ്യന്റെ ദിവ്യമായ രൂപം എടുത്തതോ? ദൈവത്തിന്റെ പരിശുദ്ധ പുത്രനായ യേശുക്രിസ്തുവോ? അല്ലെങ്കില്‍ കാരുണ്യശാലിയായ മുത്തുനബിയെന്ന രത്‌നമോ?'' (ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍, സമാഹരണം, വ്യാഖ്യാനം ഡോ.ടി.ഭാസ്‌കരന്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, അഞ്ചാം പതിപ്പ് 2006, പേജ്: 496)

ഇതിനുമുമ്പുള്ള ആറാമത്തെ ശ്ലോകത്തില്‍ കാരുണ്യത്തിന്റെ വിവിധ രൂപങ്ങളായി ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, ശങ്കരാചാര്യര്‍ എന്നിവരെയാണ് സൂചിപ്പിച്ചിരിക്കുന്നതെന്നും ഡോ. ഭാസ്‌കരന്‍ എഴുതുന്നു. 

റഫീഖ് സകരിയ്യ നോര്‍ത്ത് കളമശ്ശേരി

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍