Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

ഉത്തരേന്ത്യന്‍ പോലീസിന് കേരളീയ പതിപ്പോ?

വധിയില്‍ പോയിരുന്ന ഹൈദരാബാദ് കേന്ദ്ര യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ അപ്പാ റാവുവിന്റെ തിരിച്ചുവരവ് ഏതു നിമിഷവും പ്രതീക്ഷിച്ചതു തന്നെയായിരുന്നു. കാരണം സംഘ്പരിവാറിന്റെ നോമിനിയായിരുന്നല്ലോ അപ്പാ റാവു. സംഘ്പരിവാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ വൈസ് ചാന്‍സ്‌ലര്‍ നിയമനങ്ങളിലൊന്നും അക്കാദമിക താല്‍പര്യങ്ങള്‍ പരിഗണനാവിഷയമേ ആയിരുന്നില്ല. അറിവിന്റെയും മികവിന്റെയും കേന്ദ്രങ്ങളില്‍ തങ്ങളുടെ അജണ്ട നടപ്പാക്കുന്നവരെയാണ് അവര്‍ നിയമിച്ചുകൊണ്ടിരുന്നത്. ആ നിലക്ക് അവരുടെ മികച്ച നോമിനി തന്നെയായിരുന്നു അപ്പാ റാവു. നേരത്തേ കാമ്പസുകളില്‍ പിടിമുറുക്കിയിരുന്ന സവര്‍ണ വരേണ്യതക്ക് കരുത്തു പകരുന്നതും ദലിത് മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങളെ കൂടുതല്‍ അരികുവല്‍ക്കരിക്കുന്നതുമായിരുന്നു ഈ വൈസ് ചാന്‍സ്‌ലറുടെ നടപടികള്‍. അതില്‍ മനംനൊന്താണ്, സ്‌കോളര്‍ഷിപ്പ് വരെ തടഞ്ഞുവെക്കപ്പെട്ട രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ മാത്രമല്ല, ജെ.എന്‍.യു ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കാമ്പസുകളെല്ലാം പ്രക്ഷുബ്ധമായി. വിദ്യാര്‍ഥി പ്രക്ഷോഭം അല്‍പം തണുക്കുന്നതുവരെ മാറിനില്‍ക്കാന്‍ കേന്ദ്രത്തില്‍നിന്ന് നിര്‍ദേശം വരികയായിരുന്നു അപ്പാ റാവുവിന്. അദ്ദേഹത്തിന് എന്തെങ്കിലും തെറ്റുകള്‍ പറ്റിയതായി അദ്ദേഹത്തെ നിയമിച്ച ഭരണാധികാരികള്‍ക്ക് തോന്നിയിട്ടില്ല. അതിനാല്‍ തിരുത്തുകയോ ശൈലി മാറ്റുകയോ ചെയ്യേണ്ട പ്രശ്‌നമില്ല. മുമ്പ് ചെയ്തതൊക്കെ കൂടുതല്‍ വീറോടെ ചെയ്യാന്‍ തന്നെയായിരുന്നു വരവ്. 

അതിനാല്‍ അപ്പാ റാവു തിരിച്ചുവരുന്നത് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും പ്രക്ഷുബ്ധവുമാക്കുമെന്ന് അധികാരികള്‍ക്ക് അറിയാം. ദലിത് വിദ്യാര്‍ഥികളുടെ ആത്മഹത്യ പോലുള്ള വിഷയങ്ങളില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണമെങ്കില്‍ പോലും അപ്പാ റാവുവിനെപ്പോലുള്ള സംഘ്‌നോമിനികള്‍ മാറിനില്‍ക്കണമെന്ന നിലപാടില്‍നിന്ന് വിദ്യാര്‍ഥി പ്രതിനിധികളും പിന്നോട്ടു പോയില്ല. സ്വാഭാവികമായും അപ്പാ റാവുവിന്റെ തിരിച്ചുവരവ് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് ഭീകരമായി മര്‍ദിച്ചു. വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി. അവര്‍ക്കു നേരെ ബലാത്സംഗ ഭീഷണി വരെ ഉയര്‍ന്നു. സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം തടയുന്ന തീര്‍ത്തും മനുഷ്യത്വവിരുദ്ധ നടപടികള്‍ വരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. രണ്ട് അധ്യാപകരും ഒരു ഡോക്യുമെന്ററി സംവിധായകനുമടക്കം 24 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ദിവസങ്ങള്‍ കഴിഞ്ഞാണ് അവര്‍ക്ക് ജാമ്യം അനുവദിച്ചത്. 

നീതിക്കും ന്യായത്തിനും വേണ്ടി നിലകൊണ്ട ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെ പോലീസ് പിടികൂടുകയും മര്‍ദിക്കുകയും കള്ളക്കേസുകള്‍ കെട്ടിച്ചമക്കുകയും ചെയ്യുമ്പോള്‍, അവരെ വിട്ടയക്കണമെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മറ്റിടങ്ങളിലെ സമാനമനസ്‌കരായ വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തുക സ്വാഭാവികം മാത്രമാണ്. അത്രയേ എസ്.ഐ.ഒ കോഴിക്കോട് ജില്ലാ ഘടകവും ചെയ്തുള്ളൂ. അവര്‍ കോഴിക്കോട് നഗരത്തിലെ ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് ഒരു പ്രതിഷേധ മാര്‍ച്ച് നടത്തി. ഹൈദരാബാദില്‍ കസ്റ്റഡിയിലായവരില്‍ കേരളത്തില്‍നിന്നുള്ള എസ്.ഐ.ഒ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതിനാല്‍ എസ്.ഐ.ഒ കോഴിക്കോട് ജില്ലാ ഘടകത്തിന്റേത് ന്യായമായ നടപടിയാണ്. പോലീസ് സംയമനവും നിയന്ത്രണവുമൊക്കെ പൂര്‍ണമായി കൈവിടുന്നതാണ് പിന്നെ കണ്ടത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മര്‍ദിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. 

യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ തിരിഞ്ഞതെന്ന് വ്യക്തം. അവര്‍ക്കെതിരെ ഐ.പി.സി 153 ചുമത്തിയാണ് എഫ്.ഐ.ആര്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു, കലാപത്തിന് പ്രേരണ നല്‍കി എന്നൊക്കെ എഴുതിവെച്ചാണ് ഈ വകുപ്പുപ്രകാരം കേസെടുത്തത്. രാജ്യത്തെ ഒരു പ്രധാന കാമ്പസില്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതു  പോലും പോലീസിന് 'കലാപം കുത്തിപ്പൊക്കല്‍' ആയി! രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കി എന്ന അത്യന്തം ഗുരുതരമായ ആരോപണവും എഫ്.ഐ.ആറില്‍ എഴുതിയിരുന്നു. 'ഹിന്ദുത്വത്തിനെതിരെ' മുഴക്കിയ മുദ്രാവാക്യമാണ് പോലീസ് 'ഹിന്ദുസ്താനെതിരെ' എന്നാക്കി മാറ്റിയത്. ആരുടെ ചട്ടുകമായാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് നമുക്ക് ന്യായമായും ചോദിക്കേണ്ടിവന്നു. ദേശീയതലത്തില്‍ അരങ്ങു തകര്‍ക്കുന്ന 'രാജ്യദ്രോഹ' പരമ്പരയിലേക്ക് കേവലം ഒരു വിദ്യാര്‍ഥി പ്രതിഷേധ പ്രകടനത്തെയും കണ്ണിചേര്‍ക്കാനുള്ള വെമ്പല്‍ ഇവിടെ പ്രകടമായിരുന്നു. ടി.ടി ശ്രീകുമാര്‍, കെ.പി ശശി തുടങ്ങിയ നിരവധി പേര്‍ ഉത്തരേന്ത്യന്‍ പോലീസിനെ അനുസ്മരിപ്പിക്കുന്ന ഈ അപകടകരമായ പ്രവണതയിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്തു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് എഫ്.ഐ.ആറിലെ തെറ്റായ പരാമര്‍ശങ്ങള്‍ തിരുത്താനും 153 വകുപ്പ് ചുമത്താതിരിക്കാനും പോലീസ് തയാറായി. ഇതൊരു സംഘടനക്കെതിരെയുള്ള നീക്കമായി കണ്ട് ആശ്വസിക്കുകയോ മിണ്ടാതിരിക്കുകയോ ഉള്ളില്‍ ആഹ്ലാദിക്കുകയോ ചെയ്യുന്നവരെ 'ഒടുവില്‍ അവര്‍ എന്നെത്തേടി വന്നു; അപ്പോള്‍ എനിക്കു വേണ്ടി സംസാരിക്കാന്‍ ഒരാളും അവശേഷിച്ചിരുന്നില്ല'  എന്ന കവിവാക്യം ഓര്‍മപ്പെടുത്തുക മാത്രം ചെയ്യട്ടെ. 

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍