ആലസ്യലഹരിയില്‍ പിശാചിനെ അതിജയിക്കുമെന്നോ?
പിശാചിന്റെ ആശയങ്ങളെ നന്നായി അറിഞ്ഞിരിക്കുക വളരെ പ്രധാനമാണ്. ഒരാളെ അതിജയിക്കണമെങ്കില്‍ അയാളുടെ തന്ത്രങ്ങളെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. വെറുതെ കളത്തിലിറങ്ങിയാല്‍ തോല്‍വി സുനിശ്ചിതം. ഭൂമിയില്‍ നിലനില്‍ക്കുന്ന, നമ്മെ ബാധിക്കാന്‍ സാധ്യതയുള്ള സകല പൈശാചിക ശക്തികളെയും നാം അറിഞ്ഞിരിക്കണം. അപ്പോഴേ തര്‍ബിയത്തിന് ബലമുണ്ടാകൂ. വുദൂവെടുക്കുന്നപോലുള്ള കാര്യങ്ങളില്‍ 'വസ്‌വാസ്' ഉണ്ടാക്കുന്ന പണി മാത്രമല്ല പിശാചിനുള്ളത്. അതൊക്കെ പിശാചിന്റെ ഏറ്റവും ചെറിയ ജോലികളാണ്. പിശാചിന്റെ ആസൂത്രണ മികവിനെക്കുറിച്ച് പറയാം:
1. സ്ട്രാറ്റജി: വ്യക്തമായ സ്ട്രാറ്റജിയുണ്ട് പിശാചിന്. എഴുതിവെക്കപ്പെട്ട, പ്രഖ്യാപിക്കപ്പെട്ട, അല്ലാഹു നമുക്ക് അറിയിച്ചുതന്ന സ്ട്രാറ്റജി. അവിടെയും ഇവിടെയുമൊക്കെ ചെന്ന് നാലു പ്രകടനവും സമ്മേളനവും നടത്തി പ്രവര്‍ത്തന പരിപാടി ഓടിച്ചുതീര്‍ക്കുകയല്ല പിശാച്. 'നിന്റെ ഓരോ അടിമയെയും ഞാന്‍ വഴിതെറ്റിക്കും. അവരെയൊന്നും നന്ദിയുള്ളവരായി നീ കാണുകയില്ല' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പിശാച് പ്രവര്‍ത്തിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
പിശാചിന്റെ ഓരോ അനക്കത്തിലും നോട്ടത്തിലും കൃത്യമായ അജണ്ടകളുണ്ട്. ജീര്‍ണ മതങ്ങളും നാസ്തികതയും മുതലാളിത്തവും സാമ്രാജ്യത്വവും സയണിസവും വര്‍ഗീയതയും വംശീയതയും അന്ധമായ ദേശീയതയും പൗരോഹിത്യവും മറ്റു ഇസങ്ങളും സ്ട്രാറ്റജിയുടെ ഭാഗമായി അവന്‍ നിര്‍മിച്ചെടുത്ത സംവിധാനങ്ങളാണ്.
പൈശാചിക ശക്തിയായ സയണിസത്തിന്ന് 500 വര്‍ഷത്തെ പ്ലാനുണ്ടായിരുന്നു. ശാസ്ത്രത്തെ ഉപയോഗപ്പെടുത്താന്‍ മുതലാളിത്ത സംസ്‌കാരത്തിന് കൃത്യമായ സ്ട്രാറ്റജി നിലവിലുണ്ട്. അവര്‍ ഒരു ചിത്രം പോലും സമൂഹത്തിലേക്ക് തൊടുത്തുവിടുന്നത് അതിലെ ഓരോ വര്‍ണത്തിനും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കരുത്തുണ്ടാകുംവിധം ഡിസൈന്‍ ചെയ്തുകൊണ്ടാണ്. സയണിസത്തിന്ന് അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നാം തീയതി എന്തു ചെയ്യണം എന്നതിന് ഉത്തരമുണ്ട്. ഇന്ത്യന്‍ ഫാഷിസത്തിനുമുണ്ട് സ്ട്രാറ്റജി. അതിന്റെ ഭാഗമായാണ് അവര്‍ ബാബരി തരിപ്പണമാക്കിയത്. മുസ്‌ലിം സമൂഹത്തെ കാലങ്ങളോളം വിഷാദത്തിലകപ്പെടുത്തണം എന്ന അവരുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെട്ടില്ലെന്ന് പറയാനാകുമോ? സ്ട്രാറ്റജി എന്നാല്‍ കുതന്ത്രമല്ല. 'അവര്‍ തന്ത്രമുപയോഗിക്കുന്നു. അല്ലാഹുവും തന്ത്രമുപയോഗിക്കുന്നു, അല്ലാഹു ഏറ്റവും വലിയ തന്ത്രശാലിയാണ്....' അല്ലാഹുവിന്റെ തന്ത്രം മുസ്‌ലിം സമൂഹത്തിലൂടെ നിറവേറ്റപ്പെടേണ്ട ഒന്നാണ്. അത് അല്ലാഹുവിനെ സഹായിക്കൂക എന്ന പ്രക്രിയയുടെ ഭാഗമാണ്.
മുസ്‌ലിം എന്ന നിലയില്‍, ഇസ്‌ലാമിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍, മുസ്‌ലിം സമൂഹം എന്ന നിലയില്‍, ഇസ്‌ലാമിക പ്രസ്ഥാനം എന്ന നിലയില്‍ നമുക്കൊരു സ്ട്രാറ്റജി നിലവിലുണ്ടോ? അല്ലെങ്കില്‍ അതിനെ കുറിച്ച് ബോധമുണ്ടോ?
2. വിഭവങ്ങളെ ഉപയോഗപ്പെടുത്തല്‍: വിഭവങ്ങളെ ഉപയോഗപ്പെടുത്താന്‍ പിശാച് ഏറെ സമര്‍ഥനാണ്. മനുഷ്യവിഭവം, ടെക്‌നോളജി എന്നിവ ഏതൊക്കെ രൂപത്തില്‍ ഉപയോഗപ്പെടുത്താമോ ആ രൂപങ്ങളിലെല്ലാം അവന്‍ തന്റെ മാര്‍ഗത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് പിശാച്. ഇസ്‌ലാമിക വ്യവസ്ഥക്കെതിരെ ആക്രമണം നടത്താന്‍ ആളും അര്‍ഥവും അവന്‍ സജ്ജമാക്കുന്നു. ലോകത്ത് 1600 മില്യനിലധികമുണ്ട് മുസ്‌ലിം സമൂഹം. പക്ഷേ, വെറും 13.5 മില്യന്‍ മാത്രമുള്ള ജൂത സമൂഹം കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ഒരു രാഷ്ട്രം നേടിയെടുത്തതും ലോകത്തിലെതന്നെ വന്‍ ശക്തിയായി മാറിയതും കൃത്യമായ വിഭവസമാഹരണം അവര്‍ നടത്തിയതുകൊണ്ടു കൂടിയാണ്. പൈശാചികത എങ്ങനെ വിഭവങ്ങളെ ഉപയോഗിക്കുന്നുവെന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഇന്നത്തെ മാധ്യമങ്ങളില്‍ 99 ശതമാനവും പിശാചിന്റെ കൈപ്പിടിയിലാണ്. സിനിമകള്‍ അവനു വേണ്ടി നിര്‍മിക്കപ്പെടുന്നു. അവന്റെ മാര്‍ഗത്തില്‍ എല്ലാ വിഭവങ്ങളും ഏറെ കാര്യക്ഷമമായി വിനിയോഗിക്കപ്പെടുന്നു.
എന്നിട്ടും വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ മുസ്‌ലിം സമൂഹത്തിന് വലിയ ശങ്കയാണ്. കാര്യങ്ങള്‍ കൂടിയാലോചിച്ച് ഇജ്തിഹാദ് നടത്താനുള്ള അനുവാദം അല്ലാഹു നല്‍കിയിരിക്കുന്നു. അത് നിര്‍വഹിക്കാന്‍ ധൈര്യപ്പെടാത്തതുകൊണ്ടാണ് മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ ഇത്രക്ക് പരിതാപകരമായിപ്പോയത്.
ആക്ടിവിസം: പിശാച് വളരെ ആക്ടീവാണ്. 'വലത്തു നിന്നും ഇടത്തു നിന്നും പിന്‍ഭാഗത്തുകൂടെയും മുന്‍ഭാഗത്തുകൂടെയും ഞാന്‍ അവരിലേക്ക് പ്രവേശിക്കും.' ഇത്തരമൊരു ആക്ടിവിസം നമ്മള്‍ രൂപപ്പെടുത്തിട്ടുണ്ടോ? ഇല്ലെങ്കില്‍ എങ്ങനെ നമുക്ക് പൈശാചിക ശക്തികളെ ജയിച്ചടക്കാന്‍ കഴിയും?
പിശാച് പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയല്ലേ? ചുറ്റുപാടുകള്‍ നോക്കൂ. നമ്മുടെ ഏത് സംവിധാനത്തിലാണ് അവന്റെ കൈകടത്തലുകള്‍ ഇല്ലാത്തത്? സ്വന്തം കൈകളിലെ മൊബൈലിലൂടെ, കണ്‍മുന്നിലെ ടെലിവിഷനിലൂടെ, നമ്മുടെ ഹൃദയത്തിലൂടെതന്നെ അവന്‍ പ്രലോഭനങ്ങളുമായി കടന്നുവന്നുകൊണ്ടിരിക്കുന്നു. അജണ്ടകള്‍ അവന്‍ നമ്മുടെ മുന്നില്‍വെക്കുന്നു. ഒന്നുമില്ലെങ്കില്‍ അവന്‍ നമ്മളില്‍ ആലസ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതാണല്ലോ അവന് ഏറ്റവും പ്രിയപ്പെട്ടതും. മടിപിടിച്ച, ആലസ്യം ബാധിച്ച മനസ്സിലാണ് അവന്‍ വളരെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നത്. പ്രവാചകന്‍ (സ) അത് പറഞ്ഞിട്ടുണ്ട്.
ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ തന്നെ ചിലര്‍ ഇത്തരത്തില്‍ ആലസ്യത്തില്‍ കഴിയുന്നു. തന്നെ ആലസ്യം ബാധിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം, താന്‍ പിശാചിന്റെ വലയിലകപ്പെട്ടിരിക്കുന്നുവെന്ന്. സുഖസൗകര്യങ്ങള്‍ നല്‍കിയും അവന്‍ കടന്നുവരും. നമ്മുടെ ആക്ടിവിസം ഇല്ലാതാക്കുക എന്നത് അവന്റെ വലിയ പ്രവര്‍ത്തനമാണ്. എന്നാലോ അവന്‍ വളരെ ആക്ടീവാണു താനും.
വളരെ ആക്ടീവായ ഒരു ശക്തിക്കെതിരെ ജയം നേടിയെടുക്കാന്‍, മടിപിടിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിനാവില്ല. അതുകൊണ്ടാണ് 1600 മില്യനിലധികം ജനസംഖ്യയുണ്ടായിട്ടും കാര്യമായൊന്നും നേടിയെടുക്കാന്‍ കഴിയാത്തത്. എന്നിട്ട് പിശാചിനെയും പൈശാചിക ശക്തികളെയും കുറ്റം പറഞ്ഞും വിലപിച്ചും നമ്മള്‍ ജീവിക്കുന്നു. ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് നമ്മള്‍ മനസ്സിലാക്കണം. സ്വയം മാറാത്ത ഒരു സമൂഹത്തെയും അല്ലാഹു മാറ്റുകയില്ല.
ദുര്‍ബോധനം/പ്രബോധനം: ദുര്‍ബോധനത്തിനു പകരം നമുക്ക് നിര്‍വഹിക്കാനുള്ളത് നല്ല ബോധനമാണ്. പിശാച് ദുര്‍ബോധനം ചെയ്യുന്ന രീതി പക്ഷേ നമ്മള്‍ പഠിക്കേണ്ടതുണ്ട്. ഗുണകാംക്ഷിയുടെ രൂപത്തിലാണ് അവന്‍ ദുര്‍ബോധനം നടത്തുക എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഒടുക്കം ചതിയാണെങ്കിലും ഗുണകാംക്ഷയോടെയാണ് പിശാച് തുടങ്ങുക. അതിനര്‍ഥം ഗുണകാംക്ഷ വലിയൊരു സംഗതിയാണ് എന്നാണ്. ദീനെന്നാല്‍ ഗുണകാംക്ഷയെന്ന് റസൂല്‍ (സ) പറഞ്ഞിരിക്കുന്നു. നമുക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നതും അതു തന്നെ. ഗുണകാംക്ഷയില്ലാത്ത ഉദ്‌ബോധനങ്ങള്‍ വായു ഇല്ലാത്ത പന്ത് എറിഞ്ഞതുപോലെയാണ്. ഉദ്ദേശിച്ച രീതിയില്‍ അത് ചെന്നുകൊള്ളില്ല. കൊണ്ടാലും ഉദ്ദേശിച്ച രീതിയില്‍ അത് പ്രതികരിക്കില്ല.
പിശാചിനെതിരാണ് നമ്മുടെ ജീവിതമെങ്കില്‍ അവന്റെ ദുര്‍ബോധന കേന്ദ്രങ്ങള്‍ നമ്മള്‍ കെണ്ടത്തണം/പഠിക്കണം. സ്വയം ചോദിച്ചു നോക്കുക: അത്രയും സംവിധാനങ്ങള്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിനായി നമ്മളൊരുക്കിയിട്ടുണ്ടോ? അവന്‍ ചെല്ലുന്ന എല്ലാ മേഖലകളിലേക്കും നമുക്കു കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുണ്ടോ?
ഭൗതിക ലക്ഷ്യങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ പിശാച് നടത്താറില്ല. അതുകൊണ്ടുതന്നെ അവന്റെ മിക്ക പ്രവര്‍ത്തനങ്ങളും ഈ ലോകത്ത് ലക്ഷ്യം നേടുന്നതായി നമ്മള്‍ കാണുന്നു. എന്നാല്‍ അതിനെ മറികടക്കുന്നവയുമുണ്ട്. അതിന്റെ കാരണം അവനെതിരായ നന്മയുടെ ശക്തി അവനേക്കാള്‍ ശക്തമായി ഇടപെട്ടുവെന്നത് മാത്രമാണ്. പ്രകൃതിനിയമം അതാണല്ലോ. ആരാണ് ഏറ്റവും നന്നായി പണിയെടുക്കുന്നത്, അവര്‍ വിജയിക്കുക തന്നെ ചെയ്യും. അത് തിന്മയുടെ ശക്തികളാണെങ്കില്‍ അവര്‍ക്ക് വിജയമുണ്ടാകും. നന്മയുടെ ശക്തികളാണെങ്കില്‍ അവര്‍ക്കും. സയ്യിദ് മൗദൂദി സൂചിപ്പിച്ചതുപോലെ 'കാഴ്ചയും കേള്‍വിയും ലോകത്തില്‍ ആരാണ് ഏറ്റവും നന്നായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, അവര്‍ക്കാണ് ലോകത്തിന്റെ നേതൃത്വം.' നമുക്കത് ഇന്ന് ശരിക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
അപ്‌ഡേറ്റഡ് പിശാച്: കാലം, ലോകം, സാങ്കേതിക വിവരങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വളരെ അപ്‌ഡേറ്റഡാണ് പിശാച്. ശാസ്ര്തത്തിന്റെ ഏറ്റവും മികച്ച ഉല്‍പന്നങ്ങളും ലോകത്തിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും പിശാച് ഉപയോഗപ്പെടുത്തുന്നു. പുതിയ ഏതു വിഷയത്തിലും മനുഷ്യനെ വഴിതെറ്റിക്കാന്‍ അവന്‍ തക്കംപാര്‍ത്തു കഴിയുന്നു.
മുസ്‌ലിം സമൂഹവും വിഷയങ്ങളെക്കുറിച്ച് അപ്‌ഡേറ്റഡായിരിക്കണം. കാലത്തെ കുറിച്ചും ലോക സാഹചര്യങ്ങളെ കുറിച്ചും ഏറ്റവും പുതിയ സങ്കേതങ്ങളെയും സംവിധാനങ്ങളെയും കുറിച്ചും അറിവുള്ളവരായിരിക്കണം അവര്‍. ഭൂതത്തില്‍നിന്ന് പഠിക്കുകയും വര്‍ത്തമാനത്തില്‍ ജീവിക്കുകയും ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യുകയും ചെയ്യുന്ന സമൂഹമായി നമ്മള്‍ മാറേണ്ടതുണ്ട്. കേവലം സ്വപ്‌നത്തില്‍ ജീവിക്കുകയും വര്‍ത്തമാനത്തില്‍ ആലസ്യത്തിലകപ്പെടുകയും ഭാവിയെക്കുറിച്ച് അന്ധരാവുകയും ചെയ്യുന്ന അവസ്ഥ നമ്മളിലുണ്ടാകരുത്.
വര്‍ത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പഠനം നടത്താത്തവരാണ് ഭൂതകാലത്തെ അന്ധമായി പിന്തുടരുന്നവര്‍. കാലഘട്ടത്തിനനുസരിച്ച് അജണ്ടകള്‍ ആവിഷ്‌കരിക്കാനും വിജയം നേടിയെടുക്കാനും നേതൃത്വങ്ങളും അണികളും അപ്‌ഡേറ്റഡായിരിക്കണം. അല്ലെങ്കില്‍ അതുള്ളവര്‍ മുന്നേറും. കാഴ്ചയും കേള്‍വിയും ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ക്കേ അത്തരമൊരു അപ്‌ഡേഷന്‍ ഉണ്ടാകൂ.
അവധി നല്‍കപ്പെട്ടവന്‍: അവധി നല്‍കപ്പെട്ടവനായിട്ടാണ് പിശാച് പ്രവര്‍ത്തിക്കുന്നത്. മനുഷ്യനും അവധി നല്‍കപ്പെട്ടിരിക്കുന്നവനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവധി നല്‍കപ്പെടുന്നു എന്നതിനര്‍ഥം ലഭിച്ച സമയത്തിനുള്ളില്‍ നല്ല എഫിഷ്യന്‍സി പ്രകടിപ്പിക്കണമെന്നാണ്. എഫിഷ്യന്റാവുക എന്നത് പുതിയ കാലത്തിന്റെ മുദ്രാവാക്യമാണ്. എഫിഷ്യന്റായതേ നമ്മുടെയൊക്കെ കൈകളില്‍ കാണുകയുള്ളൂ. അതൊരു യന്ത്രമാണെങ്കില്‍ പോലും അങ്ങനെയാണ്. സ്വീകരണ മുറിയിലെ ടി.വിയും സ്വന്തം കൈയിലെ മൊബൈല്‍ ഫോണും എഫിഷ്യന്റാകുന്നതിനു വേണ്ടി നാം കൂടുതല്‍ പണം ചെലവഴിക്കുന്നു. പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്ര്തങ്ങളുടെയും അവസ്ഥയും ഇതുതന്നെയാണ്. എത്ര എഫിഷ്യന്റാകുന്നു എന്നതിനനുസരിച്ചാണ് അതിന്റെ മുന്നേറ്റം. സ്തംഭിച്ചുനില്‍ക്കുന്ന ഇടങ്ങളിലാണ് പിശാച് ഇരച്ചുകയറുന്നത്.
തര്‍ക്കിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇതുകൊണ്ടാണ്. തര്‍ക്കം, അസൂയ, അഹങ്കാരം, പരിഹാസം തുടങ്ങിയവയെ ഈയര്‍ഥത്തില്‍ കൂടി വായിക്കേണ്ടതുണ്ട്. എല്ലാം എഫിഷ്യന്‍സി കുറക്കുന്ന ഘടകങ്ങളാണ്.
പിശാച് ആഗോളം, നമ്മള്‍ ശാഖാപരം
വര്‍ത്തമാന കാലത്ത് മുസ്‌ലിംകള്‍ വല്ലാതെ ദാഹിക്കുന്നത് ഒരാഗോള നേതൃത്വം ലഭിക്കുന്നതിനുവേണ്ടിതന്നെയാണ്. പല വിഷയങ്ങളിലും ലോക തലത്തില്‍ ഒരഭിപ്രായ പ്രകടനമെങ്കിലും നടന്നെങ്കിലെന്ന് മുസ്‌ലിം സമൂഹം കൊതിച്ചുപോയ സന്ദര്‍ഭങ്ങളെത്ര! ഫലസ്ത്വീന്‍ വിഷയത്തിലും ഇസ്‌ലാമോഫോബിയ, ഐ.എസ്, ഇസ്രയേല്‍, മ്യാന്‍മര്‍ വിഷയങ്ങളിലും മനുഷ്യപ്പറ്റുള്ള അഭിപ്രായങ്ങള്‍ ഇസ്‌ലാമിക ലോകത്തുനിന്നുണ്ടാവട്ടെയെന്ന് അവര്‍ ആഗ്രഹിച്ചുപോയി. ലോക തലത്തില്‍ മുസ്‌ലിം സമൂഹത്തിന് പൊതു നേതൃത്വമില്ലെങ്കിലും, യൂസുഫുല്‍ ഖറദാവി, റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുടങ്ങിയവരുടെ പ്രസ്താവനകള്‍ വളരെ ആകാംക്ഷയോടെ അവര്‍ ശ്രവിച്ചു.
അധിനിവേശം നടത്തിയും ഫാഷിസ്റ്റ് രൂപം പൂണ്ടും ലോക നേതൃത്വം പിടിച്ചെടുക്കാന്‍ പൈശാചിക ശക്തികള്‍ ശ്രമിക്കുന്നു. പിശാച് അധികാരം നേടിയെടുക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് മനുഷ്യസമൂഹത്തെ തടയാന്‍ വേണ്ടിയത്രെ, അനീതിയുടെ വ്യവസ്ഥയില്‍ ലോകത്തെ കെട്ടിപ്പടുക്കുന്നതിനും. ഇസ്‌ലാം അധികാര ശക്തിയാകുന്നതാവട്ടെ നീതി സ്ഥാപിക്കാനും.
പൈശാചികത ലോകം കീഴടക്കുന്നതിന്റെ വ്യാപ്തി തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് മുസ്‌ലിം സമൂഹം ശാഖാപരമായ പ്രശ്‌നങ്ങളിലുടക്കി മുന്നേറ്റത്തിന് സ്വയം തടസ്സം സൃഷ്ടിക്കുന്നത്. അതിലൂടെ പിശാചിന്റെ വ്യവസ്ഥാപിതമായ അഴിഞ്ഞാട്ടത്തിന് ലോകത്തെ വിട്ടുകൊടുക്കുക എന്ന മഹാപാതകമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 'അഴുക്ക് നീക്കുന്ന ഉപകരണത്തിന് അഴുക്കില്‍ തട്ടാതെ വൃത്തിയാക്കാന്‍ കഴിയില്ല' എന്ന ന്യായം പറഞ്ഞ് 'അഴുക്ക് തുടരട്ടെ, വൃത്തിയാക്കല്‍ ഹറാമാണെ'ന്ന മട്ടില്‍ നിലപാടെടുത്താല്‍ എല്ലാ കാലത്തും പൈശാചികതയുടെ ദുര്‍ഗന്ധം അനുഭവിച്ചുകഴിയേണ്ടിവരും.
പൈശാചികതയെ കഴുകിമാറ്റേണ്ടത് ഇസ്‌ലാം തന്നെയാണ്. മറ്റൊരു വ്യവസ്ഥയും അതിനെതിരായി കടന്നുവരില്ല. രണ്ടു ബട്ടണുകള്‍ നമുക്ക് മുന്നിലുണ്ട്. ഒന്ന്, 'പൈശാചികതയെ അരങ്ങുവാഴാന്‍ വിടാം'. രണ്ട്, 'അവന്റെ എല്ലാ തന്ത്രങ്ങളെയും അതിജയിക്കാനുള്ള ശക്തി കൈവരിക്കാം'.
Comments