Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

സഹിഷ്ണുത എന്ന പദം സംശയാസ്പദമാണ്

സച്ചിദാനന്ദന്‍

തിനഞ്ചു വര്‍ഷം മുമ്പ് ഇന്ത്യന്‍ കലയെ ലോകമെമ്പാടും പ്രശസ്തമാക്കിയ, ആധുനിക ഇന്ത്യന്‍ കലയുടെ മഹാചാര്യന്മാരിലൊരാളായ എം.എഫ് ഹുസൈന് തന്റെ ചില വരകളുടെ പേരില്‍ നിരന്തരമായ ആക്രമണം നേരിടേണ്ടിവരികയും, ഒടുവില്‍ സ്വയം നാടുകടന്ന് താന്‍ സ്‌നേഹിച്ച, താന്‍ ആസ്വാദകരെ ഊട്ടി വളര്‍ത്തിയ നാട്ടില്‍നിന്ന് പുറത്തുപോയി മരിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തില്‍ 'അവര്‍' എന്ന പേരില്‍ ഞാനൊരു ചെറിയ കവിതയെഴുതിയിരുന്നു. കവിതയെഴുതുമ്പോള്‍, അല്ലെങ്കില്‍ നാല്‍പതിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയിലെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രതിലോമ സ്വഭാവത്തെക്കുറിച്ച് നിരന്തരമായി ലേഖനങ്ങളെഴുതുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ ഈ ദുഷ്ടശക്തികള്‍ ഇന്ത്യയുടെ ഭരണകൂടത്തില്‍ കയറുമെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളെയും തൊഴിലാളികളെയും കര്‍ഷകരെയും ബുദ്ധിജീവികളെയും ആദിവാസികളെയും ദലിതരെയും അടിച്ചമര്‍ത്തുന്ന ഭീകരശക്തിയായി മാറുമെന്നും എന്റെ ഏറ്റവും വലിയ ദുഃസ്വപ്‌നങ്ങളില്‍ പോലും ഞാന്‍ കണ്ടിരുന്നില്ല. ആ താക്കീതുകള്‍ ഒരുപക്ഷേ ഞാനുദ്ദേശിച്ച വിശാലങ്ങളിലെത്തിയില്ല എന്നാലോചിച്ച് ഞാനേറെ ദുഃഖിതനാണ്. ഈ കവിതയെഴുതുമ്പോള്‍ പോലും താമസിയാതെ തന്നെ ഇന്ത്യയിലെ ഒരു അധീശശക്തിയായി ഇവര്‍ മാറിത്തീരുമെന്ന ഭയം എനിക്ക് പൂര്‍ണമായും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാനിങ്ങനെ എഴുതി:

നീ പ്രണയത്തെക്കുറിച്ചെഴുതുകയാവും
അല്ലെങ്കില്‍ അതിനും മുമ്പും പിമ്പുമുള്ള 
മഹാശൂന്യതയെക്കുറിച്ച്
അവര്‍ നിന്റെ കടലാസ് പിടിച്ചുവാങ്ങി
തുണ്ടുതുണ്ടാക്കി പറയും 
ഇത് രാജ്യദ്രോഹമാണ്
നീ ജീവിക്കാന്‍ അര്‍ഹനല്ല
നീ നിന്റെ കാന്‍വാസില്‍ നിന്നെത്തന്നെ 
വിസ്മയിപ്പിച്ച് വിരിയുന്ന ആകാരങ്ങളില്‍ മുഴുകി
വര്‍ണങ്ങളെ ധ്യാനിക്കുകയായിരിക്കും
അവര്‍ നിന്റെ കാന്‍വാസിനെ തീകൊളുത്തി വിധിക്കും
ഇതശ്ലീലമാണ്, നീ ജീവിക്കാനര്‍ഹനല്ല
നീ നിന്റെ വത്സലശബ്ദത്തില്‍ 
കുട്ടികളോട് കാരുണ്യത്തെക്കുറിച്ചുള്ള ബുദ്ധകഥകള്‍ പറയുകയായിരിക്കും
അവര്‍ നിന്റെ കുട്ടികളെ കത്തി കാണിച്ച് ഭയപ്പെടുത്തി കല്‍പ്പിക്കും
ഇയാള്‍ക്ക് ഭ്രാന്താണ് ഇയാളെ കല്ലെറിഞ്ഞു കൊല്ലൂ 
നീ പറവയും അരുവിയും ഇളങ്കാറ്റുമൊത്ത് 
സ്‌നേഹവും വിശ്വാസവും തുളുമ്പുന്ന ഒരുപാട്ട് മൂളുകയായിരിക്കും
അവര്‍ നിന്റെ പാടുന്ന നാവിന് അട്ടഹസിക്കും 
നീ മനുഷ്യനെതിരെ പ്രകൃതിയുമായി 
ഗൂഢാലോചന നടത്തുകയാണ്
നിന്റെ വിധി ഒറ്റുകാരുടേതാണ്
നീ കണ്ടത് വിളിച്ചുപറയുകയായിരിക്കും
നീതിക്കു വേണ്ടി കൈയുയര്‍ത്തി നിലവിളിക്കുകയായിരിക്കും
അഥവാ ഏകാന്തതയില്‍ നിന്റെ ദൈവത്തോട്
നിശ്ശബ്ദം ശാന്തിക്കായി പ്രാര്‍ഥിക്കുകയായിരിക്കും
അവര്‍ സ്വസ്തികയുമായി വന്ന് ചോദിക്കും
നിന്റെ ദൈവമേതാണ്? വംശം? ദേശം? ഭാഷ?
ഉമ്മവെക്കരുത്, പ്രാര്‍ഥിക്കരുത്, സത്യം പറയരുത്
അഹിംസയെക്കുറിച്ച് ശബ്ദിക്കരുത്
ചരാചരങ്ങളിലൂടെ മുഴുവന്‍ കടന്നുപോകുന്ന
മഹാചൈതന്യത്തെക്കുറിച്ച് മിണ്ടിപ്പോകരുത്
അവര്‍ നിന്റെ ചുണ്ടുകള്‍ക്കിടയില്‍ കനല്‍ തിരുകും
നിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും
അവന്‍ മറ്റാരുമാവില്ല 
നിന്റെ സുഹൃത്ത്, സഹപാഠി, നിന്റെ ബന്ധു, അയല്‍ക്കാരന്‍
പ്രണയിനി, നിന്റെ സ്വന്തം സഹോദരന്‍
അഥവാ, ആര്‍ക്കറിയാം ആര്‍ക്കറിയാം
ഒരുപക്ഷേ നീ തന്നെ

ഇന്ന് നാമോരോരുത്തരും നമ്മുടെ തന്നെ നെഞ്ചിലേക്ക് വിരല്‍ചൂണ്ടി നമ്മുടെ മുന്നില്‍ കാണുന്ന ദുരവസ്ഥക്ക് ഞാന്‍ കൂടി ഏതെങ്കിലും രീതിയില്‍ ഉത്തരവാദിയല്ലേ എന്ന് അന്വേഷിക്കുന്ന, അന്വേഷിക്കേണ്ട സമയമാണ്. 

നാം എവിടെനിന്നാണ് പുറപ്പെട്ടത്, എവിടെയാണ് എത്തിച്ചേര്‍ന്നത് എന്ന ചോദ്യം ഓരോ ഇന്ത്യക്കാരനും തന്നോടുതന്നെ ചോദിക്കേണ്ട സന്ദര്‍ഭത്തിലാണ് നാം നില്‍ക്കുന്നത്. ഏതാണ്ട് 65 വര്‍ഷം മുമ്പ് നാം നമുക്ക് ഒരു ഭരണഘടനയുണ്ടാക്കി. നമുക്ക് സമത്വം വാഗ്ദാനം ചെയ്യുന്ന, അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന, നമ്മുടെ രാജ്യത്തെ പരമാധികാര രാഷ്ട്രമെന്നു വിളിക്കുന്ന, നമ്മുടെ സംസ്‌കാരത്തെ മതേതരം എന്ന് വിളിക്കുന്ന, നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെ ജനാധിപത്യപരം എന്ന് വിളിക്കുന്ന ഒരു ഭരണഘടനയായിരുന്നു നാം നമുക്കുതന്നെ നല്‍കിയത്; നമുക്ക് വാഗ്ദാനം ചെയ്തത്. സെക്യുലര്‍, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്ന് നമ്മുടെ ഭരണഘടന നമ്മുടെ രാജ്യത്തെ നിര്‍വചിക്കുന്നു. ഒരു പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്. എന്നാല്‍, ഇന്ന് നാമെവിടെയാണ് എത്തിനില്‍ക്കുന്നത്? നമ്മുടെ ഭരണകൂടം, അത് നിര്‍മിച്ചുവെക്കുന്ന വ്യവസ്ഥിതി നമ്മെ എവിടെ എത്തിച്ചിരിക്കുന്നു? ഇവയുടെയെല്ലാം നേര്‍വിപരീതങ്ങളിലേക്കുള്ള യാത്രയാണ് ഇന്ത്യയിലിന്ന് നടക്കുന്നതെന്നു ഞാന്‍ ഭയപ്പെടുന്നു. ഇത്തരമൊരു റിപ്പബ്ലിക്കില്‍നിന്ന് ഇതേ ഭാവിയുടെ വിപരീതങ്ങളുപയോഗിച്ചുപറഞ്ഞാല്‍ ഒരു അടിമത്ത രാഷ്ട്രം, ഒരു ഏകമതാധിപത്യ രാഷ്ട്രം, കോര്‍പറേറ്റുകളുടെ രാഷ്ട്രം, നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദേശരാഷ്ട്രം.......ഇങ്ങനെ നാമെന്താകാന്‍ ആഗ്രഹിച്ചുവോ അതിന്റെ നേര്‍വിപരീതമായി നമ്മുടെ രാഷ്ട്രത്തെ മാറ്റിയ ദുഷ്ടശക്തി അധികാരത്തിലേറിയ ഭാരതത്തില്‍നിന്നുകൊണ്ടാണ് നാം ഈ വെല്ലുവിളി ഒന്നിച്ച് നേരിടാനുളള തീരുമാനമെടുക്കുന്നത്. 

ഗാന്ധിജി, നെഹ്‌റു, ടാഗോര്‍ എന്നിവരെപ്പോലുള്ള നമ്മുടെ സ്വാതന്ത്ര്യകാല നേതാക്കളും ചിന്തകരും പുലര്‍ത്തിയിരുന്ന ഏറ്റവും വലിയ ഭയങ്ങളിലൊന്ന് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി മാറുമോ എന്നായിരുന്നു. അവര്‍ നിരന്തരം ചോദിച്ചിരുന്ന ചോദ്യങ്ങളിലേറ്റവും പ്രധാനപ്പെട്ടതും അതുതന്നെയായിരുന്നു. അത് സത്യമാകാന്‍ ആഗ്രഹിക്കുന്ന ഒരു കരാള ശക്തിയുടെ മുമ്പില്‍ നിന്നുകൊണ്ടാണ് നാമിന്ന് സംസാരിക്കുന്നത്. അടിയന്തരാവസ്ഥ ഭരണഘടനയുപയോഗിച്ചുകൊണ്ട് ജനാധിപത്യത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമമായിരുന്നെങ്കില്‍ ഇന്ന് ജനാധിപത്യാധികാരമുപയോഗിച്ച് ഭരണഘടനയെ നിശ്ശബ്ദമാക്കാനുള്ള ഭീകരമായ യത്‌നത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഗാന്ധി രാഷ്ട്രത്തില്‍നിന്ന് ഗോദ്‌സെ രാഷ്ട്രത്തിലേക്ക് ഇന്ത്യയെ മാറ്റാനുള്ള ഒരു ശ്രമമാണിന്ന് നടക്കുന്നത്. നിങ്ങള്‍ക്കറിയാം ഇക്കഴിഞ്ഞ ജനുവരി 30-ന് ഹിന്ദുമഹാസഭ നാഗ്പൂരില്‍ വെച്ച് മധുരം വിതരണം ചെയ്ത് ഗാന്ധിജിയുടെ വധം ആഘോഷിക്കുകയും ഞങ്ങളുടെ നേതാവ് ഗാന്ധിയല്ല, ഗോദ്‌സെയാണെന്ന് പ്രഖ്യാപിക്കുകയും ഗോദ്‌സെയുടെ പ്രതിമ, പലകുറി കോടതി തടഞ്ഞ ആ പ്രതിമ നിശ്ചയമായും ഹിന്ദുമഹാസഭയുടെ ഓഫീസിനു മുമ്പില്‍ സ്ഥാപിക്കും എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. വളരെക്കാലമായി ഗോദ്‌സെയുടെ ആരാധകരായ ഒരുവിഭാഗം ആളുകളാണ് നമ്മെ ഭരിക്കുന്നത്. ഗോദ്‌സെ ഗാന്ധിജിയെ കൊന്ന ദിവസത്തെ ശൗര്യദിവസമായും ഗോദ്‌സെയെ തൂക്കിക്കൊന്ന ദിവസം ബലിദാന ദിവസമായും ആചരിക്കുന്ന ശക്തിയാണ് നമ്മുടെ നാട്ടില്‍ അധികാരം കൈയാളുന്നത്. 

ഇന്ന് നമ്മുടെ ഭരണഘടനയുടെ ഓരോ മൂല്യവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്ങനെ നമുക്ക് പരമാധികാരം നഷ്ടപ്പെട്ടു? എങ്ങനെ നമുക്ക് ജനാധിപത്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു? ഈ ചോദ്യങ്ങളോരോന്നും വിശദമായ ഉത്തരമര്‍ഹിക്കുന്നതാണ്. സവിശേഷമായും നമ്മുടെ രാഷ്ട്രത്തെ സമ്പന്നമാക്കിയ, സാംസ്‌കാരികമായി പരിപോഷിപ്പിച്ച ചിന്താപരവും സര്‍ഗപരവുമായ വൈവിധ്യം പൂര്‍ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനെ അടിച്ചമര്‍ത്തി ഏകീകരിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്ന ഒരു കാലമായതുകൊണ്ടുതന്നെ എന്താണ് നമ്മുടെ മതേതരത്വത്തിന് സംഭവിച്ചതെന്ന ചോദ്യം ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്നാണെന്ന് ഞാന്‍ കരുതുന്നു. കാരണം ഇന്ന് അധികാരത്തിലേറിയിരിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ മുഖ്യമായി ആക്രമിക്കുന്നത് ഇന്ത്യയുടെ മതേതര സംസ്‌കാരത്തെയാണ്. മതേതരത്വം എന്നുപറയുന്നത് മറ്റു മതങ്ങളോടുള്ള സഹിഷ്ണുത മാത്രമല്ല. സഹിഷ്ണുത എന്ന പദം തന്നെ വളരെ സംശയാസ്പദമാണ്. മറ്റു മതങ്ങളെ കൂടി സഹിക്കുന്നു, ഞങ്ങള്‍ മറ്റു മതങ്ങളെക്കൂടി ഇവിടെ നിലനില്‍ക്കാന്‍ അനുവദിക്കുന്നുവെന്നതാണ് ആ പദത്തിന്റെ പരിമിതമായ ഒരര്‍ഥം. ഗാന്ധിജിയെപ്പോലുള്ളവര്‍ ലക്ഷ്യമാക്കിയിരുന്നത് മതങ്ങളുടെ പരസ്പര ബഹുമാനവും തുല്യതയുമാണ്. മതേതരത്വത്തിന്റെ അടിസ്ഥാനപരമായ സത്ത മതങ്ങളുടെ തുല്യതയാണ്. 

എല്ലാ മതങ്ങള്‍ക്കും തുല്യമായ സ്ഥാനമുള്ള രാഷ്ട്രം മാത്രമാണ് അര്‍ഥവത്തായ രീതിയില്‍ പോകുന്നത്. എല്ലാ മതങ്ങള്‍ക്കും എന്നുപറയുമ്പോള്‍ ഞാന്‍ മതങ്ങള്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്. തത്ത്വശാസ്ത്രങ്ങള്‍, വിവിധ വിശ്വാസസംഹിതകള്‍ ഒക്കെ അതില്‍ പെടും. ഈശ്വരനില്ലാത്ത മതങ്ങള്‍ പോലുമുള്ള രാജ്യമാണ് നമ്മുടേത്. ബുദ്ധ-ജൈന മതങ്ങള്‍ പോലെ, ചാര്‍വാക-സാംഖ്യ ദര്‍ശനങ്ങള്‍ പോലെ ഈശ്വരന്‍ പോലുമില്ലാത്ത ദര്‍ശനങ്ങളുണ്ട്. എല്ലാ തരത്തിലുമുള്ള വിഭിന്നങ്ങളായ ദര്‍ശനങ്ങള്‍ പരസ്പരം സംവദിച്ചുകൊണ്ടിരുന്ന, എന്നിട്ടും സഹകരിച്ചുകൊണ്ടിരുന്ന, ഒന്നിച്ച് സ്‌നേഹത്തോടെ പുലരുകയും വാദിക്കുകയും സ്‌നേഹിക്കുകയുമൊക്കെ ചെയ്തിരുന്ന ഒരു വലിയ പാരമ്പര്യമാണ് ഇന്ത്യയുടേത്. അമര്‍ത്യാ സെന്‍ തന്റെ ഠവല അൃഴൗാലിമേശേ്‌ല കിറശമി എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ നാം സംവാദങ്ങളിലൂടെ പുലര്‍ന്നുപോന്ന ജനതയാണ്. നാം സംവദിക്കുകയും അഭിപ്രായങ്ങള്‍ കൈമാറുകയും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളോടുകൂടിത്തന്നെ ഒന്നിച്ചു പുലരുകയും നിലനില്‍ക്കുകയും നമ്മുടെ അയല്‍ക്കാരുമായി സൗഹൃദവും സ്‌നേഹവും പങ്കിടുകയും ചെയ്തു. എന്നാല്‍, അന്തരീക്ഷം മാറിയിരിക്കുന്നു. ഷാറൂഖ് ഖാന്നും ആമിര്‍ ഖാന്നും അനന്തമൂര്‍ത്തിക്കും അയച്ചുകൊടുത്തത് പാകിസ്താന്‍ ടിക്കറ്റ് തന്നെയാണ്. ഗിരീഷ് കര്‍ണാടിനോട്, കെ.എസ് ഭഗവാനോട്, ജി.എസ് ഭാര്‍ഗവയെന്ന ശാസ്ത്രജ്ഞനോട്, പവിന്‍ തന്‍വീറെന്ന നാടകക്കാരനോട്, ആനന്ദ് പട്‌വര്‍ധന്‍, നന്ദിതാ ദാസ്, നകുല്‍ സോണി, ഗോപാല്‍ മേനോന്‍ തുടങ്ങിയവരോട്, സിനിമാ നിര്‍മാതാക്കളോട്, റൊമീലാ ഥാപ്പറെയും ഇര്‍ഫാന്‍ ഹബീബിനെയും പോലുള്ള ചരിത്രകാരന്മാരോട് അവരാവശ്യപ്പെടുന്നത് പാകിസ്താനിലേക്ക് പോകാനാണ്. പാകിസ്താന്റെ ഭാഗ്യം എന്നല്ലാതെ അതിനെക്കുറിച്ച് എനിക്കെന്താണ് പറയാന്‍ കഴിയുക! 

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ സ്വാഭാവികമായും വര്‍ധിച്ചുവരുന്നു. കാരണം, പുരുഷാധിപത്യത്തില്‍ അധിഷ്ടിതമാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയം. പ്രത്യക്ഷമായ ബലാത്സംഗം പോലുള്ള ആക്രമണങ്ങള്‍ മാത്രമല്ല, പൊതുസ്ഥലങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നതുപോലും വിലക്കുന്ന രീതിയിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. തൊഴിലാളികള്‍ക്കെതിരായുള്ള കരിനിയമങ്ങള്‍ പുതുതായി നിര്‍മിക്കപ്പെടുന്നു. അവരെ നിയന്ത്രിക്കാനും സമരങ്ങളില്ലാതാക്കാനും മുതലാളിമാര്‍ക്ക് അനുകൂലമായ പുതിയ നിയമങ്ങള്‍. അതോടൊപ്പം തന്നെ രണ്ടര ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞു. കര്‍ഷകരിന്നും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കറിയാം, ധബോല്‍ക്കറെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും പോലുള്ള ചിന്തകരും എഴുത്തുകാരും പട്ടാപ്പകല്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന്. പെരുമാള്‍ മുരുകനെപ്പോലെ തമിഴ്‌നാട്ടിന്റെ അഭിമാനമായ കവിയും നോവലിസ്റ്റുമായ ഒരെഴുത്തുകാരന്‍ എങ്ങനെയാണ് നിശ്ശബ്ദനാക്കപ്പെട്ടതെന്ന്. 

'ശിക്ഷ ബച്ചാവോ ആന്ദോളന്‍' എന്ന പേരില്‍ ദീനാ നാഥ് ബത്ര നടത്തുന്ന പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യയിലെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നത്. കപട ചരിത്രം, കപട ശാസ്ത്രം എന്നിവ നിര്‍മിക്കുക, ജനങ്ങളെ മുഴുവന്‍ മുസ്‌ലിംകളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും ശത്രുക്കളാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ ചരിത്രത്തെ മുഴുവന്‍ തന്നെ വികലമായി പുനര്‍നിര്‍മിക്കാനുള്ള ശ്രമമാണ് വളരെ വിപുലമായ തോതില്‍ നടക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ നിയന്ത്രണം ജാതിവ്യവസ്ഥയെ സാധൂകരിക്കുന്ന സുദര്‍ശന്‍ റാവുവായിരുന്നു സമീപകാലം വരെ നിയന്ത്രിച്ചിരുന്നത്. അതുപോലെ മോദിയെ ദൈവത്തേക്കാള്‍ മഹാനായ ആളെന്ന് വിശേഷിപ്പിച്ച ലോകേഷ് ചന്ദ്രയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആന്റ് സിവിലൈസേഷന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടത്. ഇങ്ങനെയാണ് നാഷ്‌നല്‍ ബുക് ട്രസ്റ്റിന്റെ നേതൃത്വത്തില്‍നിന്ന് നമ്മുടെ എഴുത്തുകാരനായ സേതു പുറത്താക്കപ്പെടുകയും പകരം ആര്‍.എസ്.എസ്സിന്റെ പാഞ്ചജന്യയുടെ പത്രാധിപര്‍ അവിടെ നിയമിക്കപ്പെടുകയും ചെയ്തത്. നാഷ്‌നല്‍ മ്യൂസിയത്തില്‍നിന്ന് വളരെ ഗംഭീരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വേണുവിനെ പുറത്താക്കിയത്, നെഹ്‌റു മെമ്മോറിയലില്‍നിന്ന് മഹേഷ് രംഗരാജന് രാജിവെക്കേണ്ടിവന്നത്, എജുക്കേഷ്‌നല്‍ റിസര്‍ച്ചിനുവേണ്ടിയുള്ള നാഷ്‌നല്‍ കൗണ്‍സിലില്‍നിന്ന് മതേതര പാഠ്യപദ്ധതിക്കായി പ്രവര്‍ത്തിച്ചിരുന്ന പര്‍വീണ്‍ സിംഗ്ലയറിനെ പുറത്താക്കിയത്.... ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗജേന്ദ്ര ചൗഹാനെപ്പോലെ ഒരു മൂന്നാംകിട നടനെ നിയമിച്ചു. ഗിരീഷ് കര്‍ണാടും അനന്തമൂര്‍ത്തിയും അടൂര്‍ ഗോപാലകൃഷ്ണനും അലങ്കരിച്ചിരുന്ന പദവിയായിരുന്നു അത്. ഇങ്ങനെ നമ്മുടെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഒന്നൊന്നായി കൈയേറുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 

ദലിതുകള്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും വിദേശ മുതലാളിമാര്‍ ഖനികള്‍ തുറക്കുമ്പോള്‍ ആവാസം നഷ്ടപ്പെടുന്ന ആദിവാസികള്‍ സമരം ചെയ്യാന്‍ തുടങ്ങുമ്പോള്‍തന്നെ ഭീകരവാദികളും നക്‌സലൈറ്റുകളുമായി മുദ്രകുത്തപ്പെടുകയും കൊലക്കിരയാവുകയും ചെയ്യുന്നു. ദലിതുകളുടെ കാര്യം പറയുകയേ വേണ്ട. നമുക്കറിയാം, മദിരാശി ഐ.ഐ.ടിയില്‍ എങ്ങനെയാണ് മാനവവിഭവശേഷി വകുപ്പ് നേരിട്ടിടപെട്ട് അവിടെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന പെരിയാര്‍ അംബേദ്കര്‍ എന്ന സംഘടനയെ നിരോധിച്ചതെന്ന്. രോഹിത് വെമുലയുടെ മരണം വാസ്തവത്തില്‍ കൊലപാതകമാണ്- It was an institutional murder. ഒരു സ്ഥാപനം എങ്ങനെയാണ് ദലിതനായ വ്യക്തിയെ അപരനാക്കുകയും നിസ്സഹായനാക്കുകയും അയാളുടെ സര്‍ഗാത്മകത പൂര്‍ണമായും തകര്‍ത്തുകളയുകയും അയാളെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നത് എന്നത് രോഹിത് വെമുലയുടെ കാര്യത്തില്‍ നാം കണ്ടു. അതിനു മുമ്പ് ഹൈദരാബാദ് സര്‍വകലാശാലയില്‍ തന്നെ ദലിതുകളുടെ തന്നെ ഏഴ് ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. ഇവിടെ ദലിതുകള്‍ക്ക് സ്ഥാനമില്ലെന്നാണിതെല്ലാം തെളിയിക്കുന്നത്; ആദിവാസികള്‍ക്കിവിടെ ജീവിക്കാന്‍ സ്ഥലമില്ലെന്നും. ഇനി പറയാനുള്ളത് സാമൂഹിക പ്രവര്‍ത്തകരെക്കുറിച്ചാണ്. മേധാപട്കര്‍, ടീസ്റ്റ സെറ്റല്‍വാദ്, ഇന്ദിരാ ജയ്‌സിംഗ് എന്നിവരെപ്പോലെ ആരെല്ലാം ഗവണ്‍മെന്റിനെതിരായ തെളിവുകള്‍ നല്‍കുന്നുവോ, അല്ലെങ്കില്‍ എതിര്‍ത്തുനില്‍ക്കുന്നുവോ അവരെയെല്ലാം തന്നെ പലതരത്തിലുള്ള കള്ളക്കേസുകളില്‍ പെടുത്തി പീഡിപ്പിക്കുക, മനുഷ്യാവകാശ പ്രവര്‍ത്തകരെ പീഡിപ്പിക്കുക, ഗ്രീന്‍പീസ് പോലുള്ള പരിസ്ഥിതി സംഘടനകളെ നിശ്ശബ്ദരാക്കുക ഇതെല്ലാമാണ് നിരന്തരമായി ഇവിടെ നടന്നുപോരുന്നത്. 

'ജനാധിപത്യ വിദ്വേഷ'(Hatred of Democracy)മെന്ന റാന്‍സിയെ എന്ന ചിന്തകന്റെ ഒരു സമീപകാല പുസ്തകമുണ്ട്.  അതിലദ്ദേഹം പറയുന്നുണ്ട്; തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ ചെയ്യാന്‍ ശ്രമിക്കുന്ന, ഒരു ന്യൂനപക്ഷത്തിന്റെ വളര്‍ച്ച തടയുന്ന, എല്ലാറ്റിനോടുമുള്ള അസഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ ശത്രുക്കളുടെ മുഖ്യലക്ഷണം. ഫേസ്ബുക്കിലോ ട്വിറ്ററിലോ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിന്റെ പേരില്‍ പോലും വ്യക്തികള്‍ അറസ്റ്റ് ചെയ്യപ്പെടുക, അല്ലെങ്കില്‍ പീഡിപ്പിക്കപ്പെടുക. അല്ലെങ്കിലെന്തിനാണ് അരുന്ധതി റോയിക്കും ബിനായക് സെന്നിനും തമിഴ്‌നാട്ടിലെ പാവപ്പെട്ട നാടോടി ഗായകനായ കോവനുമെതിരെ രാജ്യദ്രോഹനിയമം പ്രയോഗിക്കപ്പെടുന്നത്? അത് ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഒരു നിയമമാണ്. സമത്വമില്ലാത്ത ജനാധിപത്യം പൊള്ളയാണ്. ലോകത്തെ മുഴുവന്‍ തന്നെ തടവറയാക്കുന്ന ഒരു വ്യവസ്ഥിതിയിലാണ് നാം ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. വളരെ എളുപ്പമാണ് സര്‍വയലന്‍സ് എന്നുപറയുന്നത്. ഇവിടെയെല്ലാം എന്തെല്ലാം നടക്കുന്നുവെന്ന് കണ്ടെത്തുന്നത് സാങ്കേതികവിദ്യയുടെ കാലത്ത് എളുപ്പമാണ്. അങ്ങനെ ലോകത്തെ മുഴുവന്‍ തടവറയാക്കുന്ന ആ വ്യവസ്ഥിതിക്കെതിരായ പ്രസ്ഥാനത്തെയാണ് നാം ജനാധിപത്യമെന്നു വിളിക്കുന്നത്. 

അദൃശ്യരെ ദൃശ്യരാക്കുന്ന, ഭാഷയില്ലാത്തവര്‍ക്ക് ഭാഷ നല്‍കുന്ന, ഇതുവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍ക്ക് ഇടം നല്‍കുന്ന, അടിച്ചമര്‍ത്തപ്പെട്ടവരെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന വ്യവസ്ഥയാണ് ജനാധിപത്യം. നെഹ്‌റു ഒരിക്കല്‍ പറഞ്ഞു: ന്യൂനപക്ഷ വര്‍ഗീയത ഏറിവന്നാല്‍ രാജ്യത്തെ വിഭജിക്കുകയേയുള്ളൂ; എന്നാല്‍, ഭൂരിപക്ഷ വര്‍ഗീയത ഫാഷിസത്തിന്റെ ഉറച്ച അടിത്തറയാണ്. 

വാള്‍ട്ടര്‍ ബെന്യാമിന്‍ എന്ന ചിന്തകന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തട്ടെ. ശത്രു വിജയിച്ചാല്‍ മരിച്ചവര്‍ക്കുപോലും രക്ഷയില്ല. ശത്രു വിജയിക്കുന്നത് നിര്‍ത്തിയിട്ടുമില്ല-ഇതാണ് നമ്മുടെ അവസ്ഥ. ചരിത്രം മാറ്റിയെഴുതുക എന്ന് പറഞ്ഞാല്‍ മരിച്ചവര്‍ക്കുപോലും രക്ഷയില്ലെന്നാണ്. മരിച്ച മഹാന്മാരുടെ പേരില്‍ പോലും നുണകള്‍ എഴുതിപ്പിടിപ്പിച്ച് അവരുടെ ചിത്രം പോലും മാറ്റാന്‍ ഇവര്‍ക്കു കഴിയും. ശത്രു വിജയിക്കുന്നത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ആ ശത്രുവിന്റെ വിജയം അസാധ്യമാക്കുക എന്നത്, ജനാധിപത്യത്തെ വിഭജനവാദികളില്‍നിന്നും വിദ്വേഷപ്രചാരകരില്‍നിന്നും രാജ്യദ്രോഹികളില്‍നിന്നും വീണ്ടെടുക്കുക എന്നത് നമ്മുടെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കടമയാണെന്ന് ഞാന്‍ കരുതുന്നു.

(തൃശൂര്‍ ടൗണ്‍ഹാളില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച 'മോദിക്കെതിരെ തിരസ്‌കാര്‍ സെല്‍ഫി' സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണം).

തയാറാക്കിയത്:  ബുശ്‌റ പൂക്കോട്ടൂര്‍

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍