ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണാഭരണം
ആണുങ്ങള്‍ക്ക് സ്വര്‍ണവും പട്ടും ഉപയോഗിക്കുന്നത് ഹറാമാണെന്നറിയാം. എന്നാല്‍ കുട്ടികള്‍ക്ക് ഈ നിരോധം ബാധകമാണോ? വിശിഷ്യാ സന്തോഷത്തിനായി ബന്ധുക്കളും മറ്റും ആണ്‍കുഞ്ഞുങ്ങള്‍ക്ക് ഹദ്‌യയായി നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ ചെറുപ്രായത്തില്‍ അണിയിച്ചുകൊടുക്കുന്നതില്‍ തെറ്റുണ്ടോ?
ആണുങ്ങള്‍ സ്വര്‍ണം ധരിക്കുന്നതു സംബന്ധിച്ച് റസൂല്‍ (സ) പഠിപ്പിച്ചതെന്തെന്ന് പരിശോധിക്കാം. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ (സ) ഒരാളുടെ കൈയില്‍ ഒരു സ്വര്‍ണ മോതിരം കണ്ടു. ഉടനെ നബി അത് ഊരിക്കളഞ്ഞു. എന്നിട്ട് നബി(സ) ചോദിച്ചു: 'ബോധപൂര്‍വം നിങ്ങളാരെങ്കിലും ഒരു തീക്കനലിന്റെ കട്ടയെടുത്ത് സ്വന്തം കൈയില്‍ വെക്കുമോ?' നബി പോയിക്കഴിഞ്ഞപ്പോള്‍ ചിലര്‍ അദ്ദേഹത്തോട് പറഞ്ഞു: 'അതെടുത്തു വെച്ചോ, എന്നിട്ടേതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുത്തിക്കോളൂ.' അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, റസൂലുല്ലാഹി (സ) എറിഞ്ഞുകളഞ്ഞ സ്ഥിതിക്ക് ഞാനതെടുക്കുകയില്ല'' (മുസ്‌ലിം).
ഇവിടെ അദ്ദേഹത്തിനത് എടുത്തു വില്‍ക്കുന്നതിനോ ദാനം ചെയ്യുന്നതിനോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിനോ വിലക്കൊന്നുമുണ്ടായിരുന്നില്ല. സ്വയം അണിയുന്നതേ നബി(സ) വിലക്കിയിട്ടുള്ളൂ. എങ്കില്‍ പോലും അതീവ സൂക്ഷ്മാലുവായ ആ സ്വഹാബി അതെടുക്കാന്‍ പോലും കൂട്ടാക്കിയില്ല (ശറഹു മുസ്‌ലിം- ഇമാം നവവി). ദീനീനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ കാണിച്ച ശുഷ്‌കാന്തിയാണിത് കാണിക്കുന്നത്.
അലി (റ) പറഞ്ഞു: നബി (സ) പട്ടെടുത്ത് തന്റെ വലതു കൈയിലും സ്വര്‍ണമെടുത്ത് ഇടതു കൈയിലും വെച്ചുകൊണ്ട് പറഞ്ഞു: ''ഇത് രണ്ടും എന്റെ ഉമ്മത്തിലെ ആണുങ്ങള്‍ക്ക് നിഷിദ്ധമാകുന്നു'' (അബൂദാവൂദ്: 4059).
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു: ''എന്റെ ഉമ്മത്തില്‍പെട്ട വല്ലവനും സ്വര്‍ണമണിയുകയും, അതണിഞ്ഞുകൊണ്ട് മരണപ്പെടുകയും ചെയ്താല്‍ അല്ലാഹു അവന് സ്വര്‍ഗത്തിലെ സ്വര്‍ണം ഹറാമാക്കിയിരിക്കുന്നു'' (അഹ്മദ്: 6556).
ആണ്‍വിഭാഗം (ദുകൂര്‍) എന്നാണ് നബി(സ) പ്രയോഗിച്ചത്. പുരുഷന്മാര്‍ (രിജാല്‍) എന്നായിരുന്നുവെങ്കില്‍ കുട്ടികളെ ഒഴിവാക്കാമായിരുന്നു. എന്നാല്‍ 'ദുകൂര്‍' അഥവാ ആണായി പിറന്നവന്‍ (ഇംഗ്ലീഷില്‍ 'ങമഹല') എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നുവെച്ചാല്‍ എന്റെ ഉമ്മത്തില്‍ ആണായി പിറന്നവര്‍ക്ക് ഇവ നിഷിദ്ധമാണ് എന്നര്‍ഥം.
പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്കും അബദ്ധങ്ങള്‍ക്കും അവര്‍ ചോദ്യം ചെയ്യപ്പെടുകയോ അതിന്റെ പേരില്‍ അല്ലാഹു അവരെ ശിക്ഷിക്കുകയോ ഇല്ല. നബി(സ) പഠിപ്പിച്ചു: ''മൂന്ന് കൂട്ടര്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നത് രേഖപ്പെടുത്തപ്പെടുകയില്ല; ഉറങ്ങുന്നവന്‍ ഉണരുവോളം, കുട്ടികള്‍ പ്രായപൂര്‍ത്തി എത്തുവോളം, ബുദ്ധിമാന്ദ്യമുള്ളവന്‍ ബുദ്ധിയുദിക്കുവോളം'' (നസാഈ: 3378). ഈയടിസ്ഥാനത്തില്‍ കുഞ്ഞുങ്ങള്‍ കുറ്റക്കാരാവുകയില്ല. എന്നാല്‍ അവരുടെ രക്ഷിതാക്കളും അവരെ അതണിയിച്ചുകൊടുക്കുന്നവരും അത് അവര്‍ക്കണിയാന്‍ സമ്മാനിക്കുന്നവരുമെല്ലാം അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരും.
കുട്ടികളുടെ വിഷയത്തില്‍ ഇളവുണ്ടെന്ന് ചില കര്‍മശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപക്ഷേ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ല. അങ്ങനെയാണെങ്കില്‍ പല ഹറാമുകളെയും അനുവദനീയമാക്കാന്‍ കഴിയും. യഥാര്‍ഥത്തില്‍ അല്ലാഹുവോ റസൂലോ ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ പിന്നെ അതിനെ മറികടക്കാനുള്ള പഴുതന്വേഷിക്കുകയല്ല വിശ്വാസിയുടെ ധര്‍മം. മറിച്ച് എത്രകണ്ട് അത് പാലിക്കാനും അനുസരിക്കാനും തനിക്കാവും എന്നായിരിക്കണം അവന്റെ ചിന്ത. മഹാന്മാരായ സ്വഹാബിമാരുടെ ചര്യ അതായിരുന്നു. മാത്രമല്ല അവ്യക്തമായ, സംശയാസ്പദമായ കാര്യങ്ങള്‍ വരെ ഉപേക്ഷിക്കുക എന്നതായിരുന്നു അവരുടെ നയം. കാരണം അവ്യക്തമായവ പോലും ഉപേക്ഷിക്കുന്നവര്‍ ഹറാമുകളിലേ എത്തിപ്പെടുകയില്ല. പരിശുദ്ധരായി സ്വര്‍ഗപ്രവേശത്തിന് അര്‍ഹരായിത്തീരുമവര്‍. മഞ്ഞ ലൈറ്റ് തെളിയുമ്പോള്‍ തന്നെ വാഹനം നിറുത്തുന്നവര്‍ മുന്നില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടി അപകടമുണ്ടാക്കില്ല. എന്നാല്‍, മഞ്ഞയല്ലേ തെളിഞ്ഞുള്ളൂ, ചുവപ്പ് തെളിയാനുണ്ടല്ലോ എന്നു വെച്ച് വാഹനം മുന്നോട്ടെടുത്താല്‍ അപായം സംഭവിച്ചേക്കാം. പ്രവാചകന്‍ പഠിപ്പിച്ചത് എത്ര പ്രസക്തം: ''ഹലാല്‍ വ്യക്തം, ഹറാമും വ്യക്തം. എന്നാല്‍ അവക്കിടയില്‍ സാദൃശ്യമുള്ള ചില കാര്യങ്ങളുണ്ട്. മിക്കയാളുകള്‍ക്കും അവയുടെ വിധി അറിഞ്ഞുകൂടാ. അങ്ങനെ സാദൃശ്യമുള്ള, അവ്യക്തമായ കാര്യങ്ങള്‍ ആരെങ്കിലും സൂക്ഷിച്ചാല്‍ അവര്‍ തന്റെ ആദര്‍ശവും അഭിമാനവും കാത്തു. ഇനി ആരെങ്കിലും അതില്‍ വീണുപോയാല്‍ അവര്‍ ഹറാമില്‍ പതിച്ചതുതന്നെ'' (മുസ്‌ലിം: 4178).
അതിനാല്‍ ആദ്യമായി ഇത്തരം സ്വര്‍ണാഭരണങ്ങള്‍ സമ്മാനം നല്‍കാന്‍ തുനിയുന്നവര്‍ ആണ്‍കുട്ടികളാണെങ്കില്‍ സ്വര്‍ണത്തിനു പകരം മറ്റെന്തെങ്കിലും തെരഞ്ഞെടുക്കുക. നിങ്ങള്‍ അങ്ങനെ സന്തോഷത്തോടെ നല്‍കുന്ന സമ്മാനം നിങ്ങളെ മാനിച്ച് ഇഷ്ടമില്ലാതെ അണിയിച്ചുകൊടുക്കേണ്ട ഗതികേടില്‍നിന്ന് ബന്ധപ്പെട്ട രക്ഷിതാക്കളെ രക്ഷപ്പെടുത്തുകയാവും നിങ്ങള്‍ ചെയ്യുന്നത്.
ഇനി അറിവില്ലാതെ അങ്ങനെ ആരെങ്കിലും സമ്മാനിച്ചാല്‍ പ്രവാചക വചനമനുസരിച്ച് കാര്യത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്തേണ്ടതാണ്. അതിന്റെ പേരില്‍ ആരെങ്കിലും പിണങ്ങുന്നെങ്കില്‍ പിണങ്ങിക്കൊള്ളട്ടെ. ഒരു വിശ്വാസി പിണങ്ങുന്നത് അല്ലാഹുവിനു വേണ്ടിയായിരിക്കണം. ഇവിടെ അതാണ് സംഭവിക്കുന്നത്. ഇവിടെ അല്ലാഹുവിനോടാണോ അതോ ബന്ധുക്കളോടും സുഹൃത്തുക്കളോടുമാണോ പ്രതിബദ്ധത എന്നതാണ് പ്രശ്‌നം. ഇങ്ങനെ ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ ദീനീനിര്‍ദേശങ്ങളും വിധിവിലക്കുകളും പാലിക്കാന്‍ കുറച്ചു പേരെങ്കിലും ഇഛാശക്തി കാണിച്ചാല്‍ സമൂഹത്തില്‍ അതിന്റേതായ പ്രതിഫലനങ്ങളുണ്ടാകും. അതുപോലെത്തന്നെ ഗൗരവമുള്ളതാണ് ചെറുപ്പത്തിലേ കുട്ടികളെ നിഷിദ്ധങ്ങള്‍ പുരളാതെ വളര്‍ത്തുക എന്നതും.
ഒരു കുഞ്ഞ് ജനിച്ചാല്‍ ഉടനെ ബാധകമാവുന്ന വിധികള്‍
ആശംസകളും അനുമോദനങ്ങളും
തന്റെ സഹോദരന്റെ സന്തോഷത്തിലും സന്താപത്തിലും പങ്കുചേരുക എന്നത് ഒരു മുസ്‌ലിമിന്റെ കടമയാണ്. മലക്കുകള്‍ പ്രവാചകന്മാര്‍ക്ക് സന്താനഭാഗ്യമുണ്ടാവാന്‍ പോകുന്ന സന്തോഷവാര്‍ത്ത അറിയിക്കുന്നത് ഖുര്‍ആനില്‍ കാണാം (മര്‍യം 7, ആലു ഇംറാന്‍ 39).
സന്താനഭാഗ്യമുണ്ടായാല്‍ ആശംസയറിയിക്കുന്നത് അഭികാമ്യമാണെന്ന് ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'താങ്കള്‍ക്കും സമൂഹത്തിനും അല്ലാഹു അനുഗ്രഹം നല്‍കുമാറാകട്ടെ' എന്ന ആശംസാവാചകങ്ങള്‍ ഹുസൈന്‍ (റ) ഒരാള്‍ക്ക് പഠിപ്പിച്ചുകൊടുത്തത് ഇമാം നവവി ഉദ്ധരിച്ചിട്ടുണ്ട് (അല്‍ അദ്കാര്‍ 396, ത്വബറാനി: 945).
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ: മുആവിയതുബ്‌നു ജര്‍റ പറയുന്നു: ''എനിക്ക് ഇയാസ് പിറന്നപ്പോള്‍ നബി(സ)യുടെ സ്വഹാബിമാരായ ചിലരെ ഞാന്‍ വിളിച്ച് ഭക്ഷണം കൊടുത്തു. അനന്തരം അവര്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ, അതുപോലെ നിങ്ങള്‍ പ്രാര്‍ഥിച്ചതിലും അല്ലാഹു അനുഗ്രഹം ചൊരിയുമാറാകട്ടെ. ഇനി ഞാന്‍ പ്രാര്‍ഥിക്കുകയാണ്, നിങ്ങള്‍ ആമീന്‍ പറയണം. അദ്ദേഹം പറയുകയാണ്: അങ്ങനെ ഞാനവന്റെ ആദര്‍ശത്തിനും ബുദ്ധിക്കും വേണ്ടി ധാരാളമായി പ്രാര്‍ഥിച്ചു'' (അദബുല്‍ മുഫ്‌റദ്: 1255).
വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുക്കുക. ശിശു ഈ ലോകത്ത് പിറന്നുവീണയുടനെ കേള്‍പ്പിക്കപ്പെടുന്ന ശബ്ദം അല്ലാഹു അക്ബര്‍ എന്നു തുടങ്ങുന്ന ബാങ്കാവുന്നത് എന്തുകൊണ്ടും ഉത്തമം തന്നെ.
മധുരം നല്‍കല്‍ അഥവാ തഹ്‌നീക്
നവജാത ശിശുവിന് സദ്‌വൃത്തരായ ആരെക്കൊണ്ടെങ്കിലും മധുരം നുണയിക്കുകയും അവരെക്കൊണ്ട് ബറകത്തിനായി പ്രാര്‍ഥിപ്പിക്കുകയും ചെയ്യുക എന്നതാണിതുകൊണ്ടുദ്ദേശ്യം.
ആഇശ(റ) പറയുന്നു: ''നബിയുടെ അടുക്കല്‍ ശിശുക്കള്‍ കൊണ്ടുവരപ്പെടാറുണ്ടായിരുന്നു. അനന്തരം അവിടുന്ന് അവര്‍ക്ക് മധുരം നുണയിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യും'' (മുസ്‌ലിം 2147, അബൂദാവൂദ് 5106).
അസ്മാഅ് (റ) പറയുന്നു: ''ഞാന്‍ അബ്ദുുല്ലാഹിബ്‌നു സുബൈറിനെ മക്കയില്‍ വെച്ച് ഗര്‍ഭം ധരിച്ചു. എന്നിട്ട് ഞാന്‍ മദീനയിലേക്ക് പോയി. ഖുബായില്‍ വെച്ച് ഞാന്‍ പ്രസവിച്ചു. പിന്നീട് അവനെയുമെടുത്ത് ഞാന്‍ പ്രവാചകന്റെ അടുത്ത് പോയി. അപ്പോള്‍ പ്രവാചകന്‍ അവനെയെടുത്ത് മടിയില്‍ വെച്ച ശേഷം ഒരു ഈത്തപ്പഴം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അത് ചവച്ച് അതിന്റെ നീര് അവന്റെ വായില്‍ ഉറ്റിച്ചുകൊടുക്കുകയുണ്ടായി. അങ്ങനെ അവന്റെ ഉദരത്തിലേക്ക് ആദ്യമായി ചെന്നത് നബിയുടെ ഉമിനീരായിരുന്നു. ഈത്തപ്പഴത്തിന്റെ മധുരം അവനെ നുണയിച്ച ശേഷം അവനു വേണ്ടി പ്രാര്‍ഥിക്കുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തു'' (ബുഖാരി: 5469, മുസ്‌ലിം: 2146). ഈ സംഭവം ഉദ്ധരിച്ച ശേഷം ഇമാം നവവി പറയുന്നു: ''ഈത്തപ്പഴം കൊണ്ട് നവജാത ശിശുവിന് മധുരം നുണയിക്കല്‍ അഭികാമ്യമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ഈത്തപ്പഴം ലഭ്യമായില്ലെങ്കില്‍ മധുരമുള്ള മറ്റെന്തെങ്കിലും കൊണ്ട് ആകാവുന്നതാണ്. അങ്ങനെ മധുരം നല്‍കുന്നയാള്‍ ഈത്തപ്പഴം വായില്‍ വെച്ച് ചവച്ച് ഇറക്കാന്‍ പാകത്തില്‍ നീരാക്കി കുഞ്ഞിന്റെ വായ തുറന്ന് അതിലേക്ക് വെച്ചുകൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നത് അനുഗ്രഹം തേടാന്‍ പറ്റിയ സ്വാലിഹുകളായ ആരെങ്കിലും (അത് ആണാവട്ടെ, പെണ്ണാവട്ടെ) ആവുന്നതായിരിക്കും ഉത്തമം. ഇനി അങ്ങനെയുള്ളവര്‍ അന്നേരം അവിടെയില്ലാത്ത പക്ഷം അവരുള്ളിടത്തേക്ക് കുട്ടിയെ കൊണ്ട് ചെല്ലുകയാണ് വേണ്ടത്'' (ശറഹു മുസ്‌ലിം 8/268, നവജാത ശിശുവിന് മധുരം നല്‍കുന്നതിനെ പറ്റിയുള്ള അധ്യായം).
7-ാം ദിവസം മുടികളയലും നല്ല പേരിടലും അഖീഖ അറുക്കലും
നവജാത ശിശുവിനോട് മാതാപിതാക്കള്‍ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍പെട്ടതാണ് നല്ല പേരിടുക എന്നത്. അത് ഏഴാമത്തെ ദിവസമാകുന്നത് ഏറെ ഉത്തമം.
പ്രവാചകന്മാരുടെ പേരിടുക. അല്ലാഹുവിന് ഏറെ പ്രിയമുള്ള പേരുകളാണ് അബ്ദുല്ലയും അബ്ദുര്‍റഹ്മാനും. പേരുകളില്‍ ഏറ്റവും ശരിയായത് ഹാരിസ്, ഹമ്മാം എന്നീ പേരുകളും ഏറ്റവും മോശം ഹര്‍ബ്, മുര്‍റ തുടങ്ങയവയുമാകുന്നു. അന്ത്യനാളില്‍ മനുഷ്യരഖിലം ഒരുമിച്ചുകൂടുന്ന വേളയില്‍ ഓരോരുത്തരും തങ്ങളുടെയും തങ്ങളുടെ പിതാക്കളുടെയും പേര് വെച്ചായിരിക്കും വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ നോക്കി (കുട്ടികള്‍ക്ക് പേര്) ഇടുക (അബൂദാവൂദ്).
ഈ നിര്‍ദേശം പരിഗണിച്ച് സ്വഹാബിമാരില്‍ ഏതാണ്ട് 300 ഓളം പേര്‍ തങ്ങളുടെ കുട്ടികള്‍ക്ക് അബ്ദുല്ലയെന്നും അബ്ദുര്‍റഹ്മാനെന്നും പേരിടുകയുണ്ടായി. ചില പേരുകള്‍ നബി നിരുത്സാഹപ്പെടുത്തിയിരുന്നു.
വിളിക്കാനും എഴുതാനും എളുപ്പമുള്ളതും നാവിന് വഴങ്ങുന്നതും കേട്ടാല്‍ എളുപ്പം തിരിച്ചറിയാന്‍ പറ്റുന്നതും നല്ല അര്‍ഥമുള്ളതുമായ പേരുകള്‍, മഹാന്മാരുടെ പേരുകള്‍ എന്നിവ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഉമര്‍(റ) പറഞ്ഞു: നബി (സ) അരുള്‍ചെയ്തു: ''ഇന്‍ശാ അല്ലാഹ്, ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ റബാഹ്, നജീഹ്, അഫ്‌ലഹ്, നാഫിഅ്, യസാര്‍ എന്നിങ്ങനെയുള്ള പേരിടുന്നത് വിലക്കുമായിരുന്നു'' (ഇബ്‌നുമാജ: 3729). തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ റാഫിഅ്, ബറകഃ എന്നീ പേരുകള്‍ കൂടിയുണ്ട് (തിര്‍മിദി 3069).
നിത്യജീവിതത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കും എന്നതാണ് ഇത്തരം പേരുകള്‍ നിരുത്സാഹപ്പെടുത്താന്‍ കാരണമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. ഉദാഹരണം ബറകഃ (അനുഗ്രഹം) അവിടെയുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടിവന്നെങ്കിലോ. അത് ഒരസ്വസ്ഥതയുണ്ടാക്കുമല്ലോ- ഇമാം ഇബ്‌നുല്‍ ഖയ്യിം വിശദീകരിക്കുന്നു (തുഹ്ഫതുല്‍ മൗദൂദ്: 1/117).
നിന്റെ പേര് ലാഭം എന്നായിട്ടും നിനക്കെപ്പോഴും നഷ്ടമാണല്ലോ, നിന്റെ പേര് വിജയി എന്നായിട്ടും നീയെന്തേ തോറ്റുപോയി, നിന്റെ പേര് ഗുണം, ഉപകാരം എന്നാണെങ്കിലും നിന്നെക്കൊണ്ട് യാതൊരു ഉപകാരവുമില്ലല്ലോ എന്ന് തുടങ്ങിയ ആക്ഷേപങ്ങള്‍ക്ക് കാരണമാവുകയും തന്റെ പേരിനോടും പേരിട്ടവരോടും ഒരുതരം വെറുപ്പ് ഉണ്ടാക്കുകയും ചെയ്യാനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കാനാണ് പ്രവാചകന്‍ (സ) ഇതൊക്കെ പഠിപ്പിച്ചിട്ടുള്ളത്.
പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. വിശിഷ്ട നാമങ്ങളാവാന്‍ ശ്രദ്ധിക്കുക. മോശം അര്‍ഥമുള്ള പേരുകള്‍, കേള്‍ക്കുന്നവര്‍ക്കും കുട്ടിക്കുതന്നെയും വലുതായാല്‍ അരോചകമായി തോന്നുന്ന പേരുകള്‍ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. ആസ്വിയ (അനുസരണം കെട്ടവള്‍) എന്ന പേര് തിരുത്തി നബി(സ) ജമീല (സുന്ദരി) എന്നാക്കുകയുണ്ടായി. ഇമാം സഈദുബ്‌നു മുസ്വയ്യിബ് പറഞ്ഞതായി ഇമാം സുഹ്‌രി ഉദ്ധരിക്കുന്നു: ''തന്റെ പിതാവ് നബി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്ന് പേര് തിരക്കി. അപ്പോള്‍ ഹദന്‍ (പരുക്കന്‍) എന്നാണെന്ന് മറുപടി നല്‍കി. അല്ല താങ്കള്‍ സഹ്ല്‍ (മൃദുലം) ആണെന്ന് നബി തിരുത്തി. എന്നാല്‍ തന്റെ പിതാവ് തനിക്കിട്ട പേര് മാറ്റാന്‍ താന്‍ ഒരുക്കമല്ലെന്നു പറഞ്ഞ് അദ്ദേഹം അതില്‍ ഉറച്ചുനിന്നു. സഈദ് ബ്‌നു മുസ്വയ്യിബ് പറഞ്ഞു: അങ്ങനെ ആ പരുക്കത്തരം പിന്നീടും ഞങ്ങളില്‍ നിലനില്‍ക്കുകയുണ്ടായി'' (ബുഖാരി: 6193, ശറഹുല്‍ മുവത്വ: 4/421). കൂടാതെ ഫാജിറ, സാനിയ തുടങ്ങി അധാര്‍മികവും അശ്ലീലാര്‍ഥവുമുള്ള നാമങ്ങളും ഒഴിവാക്കേണ്ടതാണ്.
2. അല്ലാഹുവിന്റേതല്ലാത്തവരുടെ അടിമത്തം സൂചിപ്പിക്കുന്ന പേരുകള്‍ ഒഴിവാക്കേണ്ടതാണ്. അബ്ദുല്‍ കഅ്ബ (കഅ്ബയുടെ അടിമ), അബ്ദുന്നബി, അബ്ദുല്‍ ഹുസൈന്‍ തുടങ്ങിയവ ഉദാഹരണം.
3. പൊങ്ങച്ചത്തെയും അഹങ്കാരത്തെയും ദ്യോതിപ്പിക്കുന്ന ആശയങ്ങളുള്ള പേരുകള്‍ ഒഴിവാക്കേണ്ടതാണ്. നബി(സ) പറയുന്നു: ''അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും വൃത്തികെട്ടവനും ഏറ്റവും വെറുക്കപ്പെട്ടവനും രാജാധിരാജന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടവനാണ്. കാരണം അങ്ങനെയുള്ള സര്‍വാധിരാജന്‍ അല്ലാഹു മാത്രമാണ്'' (ബുഖാരി: 6205, മുസ്‌ലിം: 5734, ശറഹു മുസ്‌ലിം: 7/266). ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം അബൂദാവൂദ് പറഞ്ഞു: ആസ്വ്, അസീസ്, ശൈത്വാന്‍, അല്‍ഹകം, ഗുറാബ്, ഹുബാബ്, ശിഹാബ് തുടങ്ങിയ പേരുകള്‍ക്ക് ബദല്‍ നിര്‍ദേശിക്കുകയുണ്ടായി. അങ്ങനെ ശിഹാബിനെ ഹിശാമാക്കി, ഹര്‍ബിനെ സല്‍മാക്കി, മുദ്ത്വജിഇനെ മുംബഇസാക്കി, അഫിറയെ ഖാളിറയാക്കി, ശിഅ്ബദ്ദലാലയെ ശിഅ്ബല്‍ ഹുദയാക്കി ........ (അബൂദാവൂദ്, മോശം പേരുകള്‍ മാറ്റുന്നതിനെ പറ്റിയുള്ള അധ്യായം: 4/444). സമുര്‍റബ്‌നു ജുന്‍ദുബില്‍നിന്ന് നിവേദനം: തിരുമേനി (സ) പറഞ്ഞു: 'നിന്റെ കുട്ടിക്ക് നീ യസാര്‍ എന്നോ നജീഹ് എന്നോ അഫ്‌ലഹ് എന്നോ പേരിടരുത്.'
4. അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളായി എണ്ണപ്പെടുന്ന പേരുകളാവാന്‍ പാടില്ല. ഉദാ: അല്‍ അസീസ്, അര്‍റഹ്മാന്‍ പോലുള്ളവ. അര്‍ഥമില്ലാത്ത പേരുകളോ അനറബി പേരുകളോ ജീവികളുടെയോ മറ്റു സൃഷ്ടിജാലങ്ങളുടെയോ പേരുകളിടുന്നതിന് വിലക്കൊന്നുമില്ല. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തിന്റെയോ മതത്തിന്റെയോ ദര്‍ശനത്തിന്റെയോ ഒക്കെയായി അറിയപ്പെടുന്ന പേരുകള്‍ ഒഴിവാക്കുകയാണ് ഉചിതം. അതുതന്നെ ഒരു നാട്ടില്‍ പറ്റുന്നത് മറ്റൊരു നാട്ടില്‍ അങ്ങനെയായിക്കൊള്ളണമെന്നില്ല. ഉദാഹരണം: സാമി അറബ് നാടുകളില്‍ സാര്‍വത്രികമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ വിളിച്ചു വരുമ്പോള്‍ സ്വാമി എന്നതിനോട് സാദൃശ്യമുള്ളതിനാല്‍ അതിടാറില്ല.
മുടികളയല്‍
അബൂറാഫഇല്‍നിന്ന് നിവേദനം: ഫാത്വിമ(റ)ക്ക് ഹസന്‍ (റ) പിറന്നപ്പോള്‍ നബി(സ) പറഞ്ഞു: ''അവന്റെ മുടി കളയുക, ആ മുടിയുടെ തൂക്കത്തിന് കണക്കാക്കി സാധുക്കള്‍ക്ക് വെള്ളി സ്വദഖ ചെയ്യുകയും ചെയ്യുക'' (സ്വഹീഹുല്‍ ജാമിഅ് 7960). കൂടാതെ തനിക്ക് ഹസനും ഹുസൈനുമെല്ലാം പിറന്നപ്പോള്‍ കളഞ്ഞ മുടി തൂക്കിനോക്കുകയും അത്രയും തൂക്കം വെള്ളി ഫാത്വിമ (റ) ദാനം ചെയ്യുകയുമുണ്ടായി എന്നും ഇമാം മാലിക് ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുവത്വ 1442).
അഖീഖഃ അറുക്കല്‍
അബൂ ബുറൈദയില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ''ഏഴാം നാളിലാണ് അഖീഖ അറുക്കേണ്ടത്, അല്ലെങ്കില്‍ 14-ാം നാളില്‍. അതുമല്ലെങ്കില്‍ 21-ാം നാളില്‍'' (ബൈഹഖി, സ്വഹീഹുല്‍ ജാമിഅ് 4/32). ആണ്‍കുട്ടികള്‍ക്ക് ആടാണെങ്കില്‍ രണ്ടെണ്ണം വീതവും പെണ്‍കുട്ടികള്‍ക്ക് ഒരാടും മതിയാകും (അബൂദാവൂദ്: 2836). ജനിച്ച് ഏഴാം നാള്‍ അറുക്കലാണ് സുന്നത്ത്. 14-നോ 21-നോ ആയാലും കുഴപ്പമില്ല.
ചേലാകര്‍മം
ആണ്‍കുട്ടികളാണെങ്കില്‍ രക്ഷിതാക്കളുടെ ബാധ്യതയാണ് അവരുടെ സുന്നത്ത് കഴിക്കുക എന്നത്. ഇങ്ങനെ ചേലാകര്‍മം നടത്തുന്നത് എത്ര നേരത്തേയാകുന്നുവോ അത്രയും നേരത്തേതന്നെ ചെയ്യുന്നതാണ് കുഞ്ഞിനും മറ്റുള്ളവര്‍ക്കും ഗുണം. ഹസന്‍, ഹുസൈന്‍ പേരക്കിടാങ്ങളുടെ ചേലാകര്‍മം നടത്തപ്പെട്ടത് അവര്‍ ജനിച്ചതിന്റെ ഏഴാം നാളിലാണെന്ന് ബൈഹഖി ഉദ്ധരിച്ചത് സ്വീകാര്യയോഗ്യമാണെന്നും ശാഫിഈ മദ്ഹബില്‍ അംഗീകരിക്കപ്പെട്ട വീക്ഷണവും ഇതുതന്നെയാണെന്നും ശൈഖ് അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട് (തമാമുല്‍ മിന്ന: 1/68).
സകാത്തുല്‍ ഫിത്വ്ര്‍
ശവ്വാല്‍ മാസപ്പിറ കണ്ട് പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പായിട്ടാണ് ഒരാള്‍ക്ക് കുഞ്ഞു ജനിക്കുന്നതെങ്കില്‍ അതിനു വേണ്ടി സകാത്തുല്‍ ഫിത്വ്ര്‍ നല്‍കല്‍ രക്ഷിതാവിന് നിര്‍ബന്ധ ബാധ്യതയാകുന്നു.
അനന്തരാവകാശം
ശിശു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പുറത്തുവന്നെങ്കിലല്ലാതെ അനന്തരാവകാശിയാവുകയില്ലെന്ന് അല്ലാഹുവിന്റെ റസൂല്‍ (സ) വിധിച്ചിരിക്കുന്നു. ശബ്ദം പുറപ്പെടുവിക്കല്‍ നിലവിളിച്ചുകൊണ്ടോ തുമ്മിക്കൊണ്ടോ കരഞ്ഞുകൊണ്ടോ ആയാല്‍ മതി (ഇബ്‌നുമാജ: 2751).
ഇമാം ബഗവി പറഞ്ഞു: ''ഭാര്യ ഗര്‍ഭിണിയായിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിനു വേണ്ടി അവകാശം മാറ്റിവെക്കേണ്ടതാണ്. ജീവനോടെ പുറത്തുവന്നാല്‍ ആ ശിശുവിനു അത് ലഭിക്കും. ഇനി ചാപ്പിള്ളയാണെങ്കില്‍ അതുകൂടി മറ്റു അവകാശികള്‍ക്കുള്ളതാണ്. ചാപ്പിള്ളക്ക് യാതൊന്നും ഉണ്ടായിരിക്കുകയില്ല. പ്രസവിച്ചയുടനെ ജീവന്‍ ഉണ്ടായിരിക്കുകയും ഉടനെ മരണപ്പെടുകയും ചെയ്താലും അവകാശം സ്ഥിരപ്പെടും. ശബ്ദമുണ്ടാക്കിയില്ലെങ്കിലും ജീവന്റെ ലക്ഷണമുണ്ടായാല്‍ മതി. തുമ്മല്‍, ശ്വാസോഛ്വാസം പോലെ ജിവനുണ്ടെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും ചലനങ്ങളുണ്ടായാലും മതി'' (ശറഫുസ്സുന്ന: 8/368).
Comments