സി.എച്ച് അബ്ദുര്‍റഹ്മാന്‍
മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനപഥത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സി.എച്ച് അബദുര്‍റഹ്മാന്‍ സാഹിബിന്റേത്. മികച്ച ജനസേവകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. നാട്ടിലെ എല്ലാ നല്ല സംരംഭങ്ങളും തുടങ്ങിയിരുന്നതും നടപ്പിലാക്കിയിരുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 25 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയിലും പിന്നീട് നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷവും അദ്ദേഹം കര്‍മനിരതനായിരുന്നു.
ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പഠനത്തിനു ശേഷം ഉമറാബാദില്‍ ഉപരിപഠനം നടത്തിയ അബ്ദുര്‍റഹ്മാന്‍ സാഹിബ് ഇംഗ്ലീഷ്, അറബി, ഉര്‍ദു ഭാഷകളില്‍ നിപുണനും ദീനീവിഷയങ്ങളില്‍ അവഗാഹമുളള പണ്ഡിതനുമായിരുന്നു. ഇബ്‌റാഹീം സുലൈമാന്‍ സേട്ട് അടക്കമുള്ള പ്രമുഖരുടെ ഉര്‍ദു പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുന്നതില്‍ അഗ്രഗണ്യനായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥക്കു ശേഷം ഇന്ദിരാഗാന്ധിയുടെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ ആവേശകരമായ പ്രസംഗം ശ്രോതാക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു. പ്രസ്ഥാനത്തിന്റെ നയനിലപാടുകളില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയാറായിരുന്നില്ല. പ്രദേശവാസികളുടെയും പ്രസ്ഥാന പ്രവര്‍ത്തകരുടെയും പ്രയാസങ്ങളില്‍ ഗുണകാംക്ഷയോടെ ഇടപെടുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തു നാട്ടുകാരുടെ പ്രിയപ്പെട്ട 'കുഞ്ഞാക്ക'.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ അതിന്റെ വ്യത്യസ്ത ഉത്തരവാദിത്തങ്ങള്‍ വഹിച്ച് വിവിധ തലങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം മക്കരപ്പറമ്പ് പഞ്ചായത്തിലെ കുടിവെള്ള-ഭവന നിര്‍മാണ പദ്ധതികളില്‍ നേതൃപരമായ പങ്കു വഹിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് മക്കരപ്പറമ്പ് ഡിവിഷനില്‍നിന്ന് മത്സരിച്ചിരുന്നു. മക്കരപ്പറമ്പ് പഞ്ചായത്തിലെ ഭൂരഹിതരുടെ പേരുവിവരം സ്വന്തം പോക്കറ്റില്‍ വെച്ചുകൊണ്ടാണ് ഒരു രക്തസാക്ഷിയുടെ പരിവേഷത്തോടെ സമരഭൂമിയില്‍നിന്ന് അദ്ദേഹം യാത്രയായത്.
മസ്ജിദ് ഉമര്‍ ഫാറൂഖിന്റെയും ഇസ്‌ലാമിക് ഗൈഡന്‍സ് ട്രസ്റ്റിന്റെയും കാര്യദര്‍ശി കൂടിയായിരുന്നു കുഞ്ഞാക്ക. പ്രദേശത്ത് ഇഫ്ത്വാര്‍ മീറ്റും സൗഹൃദ സംഗമങ്ങളുമുള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നിന്ന അദ്ദേഹം സ്വയം താല്‍പര്യമെടുത്ത് വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിലൂടെ സംസ്ഥാനതലത്തില്‍ വരെ ജേതാക്കളായ പഠിതാക്കളെ വാര്‍ത്തെടുത്തിട്ടുണ്ട്. ശാന്തപുരം, വടക്കാങ്ങര, വാടാനംകുറുശ്ശി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച കുഞ്ഞാക്ക നല്ല കര്‍ഷകന്‍ കൂടിയായിരുന്നു. അനുശോചന യോഗത്തില്‍ നാനാ തുറകളിലുള്ള ആളുകളുടെ പങ്കാളിത്തം രാഷ്ട്രീയ, മത, സാംസ്‌കാരിക രംഗത്തെ അദ്ദേഹത്തിന്റെ നിരന്തര ബന്ധത്തെ കുറിക്കുന്നു.
സ്വന്തം കുടുംബത്തെ പ്രസ്ഥാനത്തിന്റെ കര്‍മപഥത്തില്‍തന്നെ സജീവമായി നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകത്തിന്റെ അമീറായിരുന്നു അബ്ദുര്‍റഹ്മാന്‍ സാഹിബ്. ഭാര്യ സ്വഫിയ്യ വനിതാ യൂനിറ്റ് പ്രസിഡന്റും, സോളിഡാരിറ്റി മുന്‍ ഏരിയാ പ്രസിഡന്റായിരുന്ന മകന്‍ ആരിഫ് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമാണ്. മറ്റു മക്കള്‍: അനീസ്, സുമയ്യ, നസീമ, സല്‍വ.
ഹനീഫാ സാഹിബ്
കൊല്ലം കരുനാഗപ്പള്ളി പ്രാദേശിക ജമാഅത്ത് അംഗം ഹനീഫാ സാഹിബ് (63) വക്രതയില്ലാത്ത ജീവിതത്തിനുടമയായിരുന്നു. ജനസേവന രംഗത്ത് അതീവ തല്‍പരനായ അദ്ദേഹം തേവലക്കര ഗ്രാമപഞ്ചായത്ത് പെയിന്‍ & പാലിയേറ്റീവ് സംരംഭം തുടങ്ങിയപ്പോള്‍ അതിന്റെ കോ-ഓര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചു. സ്വന്തം കാറില്‍ 'സാന്ത്വനം' ബോര്‍ഡ് വെച്ച് അശരണരായ രോഗികളിലേക്ക് അദ്ദേഹം കടന്നുചെന്നു. ഒരു വര്‍ഷം മുമ്പ് അദ്ദേഹത്തിന് അര്‍ബുദം പിടിപെട്ടപ്പോള്‍ അതിന്റെ വിഷമതകളില്‍ ഇത്തരം വേദനയനുഭവിക്കുന്നവര്‍ക്കുവേണ്ടി സേവനം ചെയ്തതില്‍ അല്ലാഹുവിന് നന്ദിപറയുകയുണ്ടായി അദ്ദേഹം.
ജേ്യഷ്ഠസഹോദരനില്‍നിന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കിയ ഹനീഫ സാഹിബ് കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് ലീവെടുത്ത് ഖമീസ് മുശൈത്തില്‍ ജോലിയാവശ്യാര്‍ഥം പോയി. അവിടെയും സജീവ പ്രസ്ഥാന പ്രവര്‍ത്തകനായി. നാട്ടില്‍ മടങ്ങിയെത്തിയതിനു ശേഷം പന്മന, തേവലക്കര ഹല്‍ഖാ നാസിമായും കരുനാഗപ്പള്ളി സൗത്ത് ഏരിയാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ഭാര്യമാര്‍: സബീന, പരേതയായ ആമിന. ഒരു മകളും മൂന്ന് ആണ്‍മക്കളുമുണ്ട്.
അബ്ദുല്‍ ജലീല്‍, കരുനാഗപ്പള്ളി
എന്‍.കെ ബാവ മാസ്റ്റര്‍
തിരൂര്‍ മുത്തൂര്‍ നാലുകണ്ടത്തില്‍ ബാവ മാസ്റ്റര്‍ എന്ന എന്‍.കെ, തിരൂര്‍ പ്രദേശത്ത് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും അതിന്റെ വളര്‍ച്ചയിലും മുഖ്യപങ്കു വഹിച്ച മര്‍ഹും ജബ്ബാര്‍ മൗലവി, എം. അബ്ദുര്‍റഹ്മാന്‍ സാഹിബ്, കെ.പി.ഒ മൊയ്തീന്‍ കുട്ടി ഹാജി, കെ.പി അബൂബക്കര്‍ സാഹിബ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും പില്‍ക്കാലത്ത് അവര്‍ തുടങ്ങിവെച്ച സ്ഥാപനങ്ങളും സംരംഭങ്ങളും വിജയകരമായി നടത്തിക്കൊണ്ടുപോവുന്നതില്‍ അക്ഷീണം യത്‌നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.
തിരൂര്‍ ഇസ്‌ലാമിക് സെന്റര്‍ ട്രസ്റ്റിനു കീഴിലെ സ്‌കൂളില്‍ ഏറെക്കാലം ഡയറക്ടറായിരുന്നു. ആ കാലയളവില്‍ നടന്ന സ്ഥാപനത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ പരിപാടികളുടെ വൈവിധ്യത്താലും ബഹുജന പങ്കാളിത്തത്താലും ശ്രദ്ധേയമായിരുന്നു. പ്രദേശത്ത് പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറ വിപുലമാക്കുന്നതില്‍ അത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ദീര്‍ഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും ഡയറക്ടറായും സേവനമനുഷ്ഠിച്ച അദ്ദേഹം വലിയ ശിഷ്യസമ്പത്തിന്റെ ഉടമകൂടിയാണ്.
മുത്തൂര്‍ 'ദേശബന്ധു' വായനശാലയുടെ പ്രസിഡന്റായും സെക്രട്ടറിയായും സാമൂഹിക-സംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ലാളിത്യവും സാമ്പത്തിക അച്ചടക്കവും കൃത്യനിഷ്ഠയും പരസേവന തല്‍പരതയും എടുത്തുപറയേണ്ടതാണ്.
ജിദ്ദയില്‍ ജോലിചെയ്ത കാലത്ത് കേരള ഇസ്‌ലാമിക് അസോസിയേഷന്റെ രൂപീകരണത്തിനു നേതൃത്വം വഹിക്കുകയും സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. തിരൂര്‍ പ്രാദേശിക അമീറായും ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
മുഹമ്മദ്കുട്ടി പൂക്കയില്‍
Comments