Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

അധികാരം ഇരന്നു വാങ്ങുന്ന സൂഫി ഭിക്ഷുക്കള്‍

എ. റശീദുദ്ദീന്‍

അല്ലാഹുവിന്റെ 99 നാമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവാസികളെ ഓര്‍മിപ്പിച്ച ആഗോള സൂഫി സമ്മേളനം ബാഹ്യമായി നോക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ ഇന്ത്യയെ കുറിച്ച പുതിയൊരു പ്രതിഛായ സൃഷ്ടിക്കുകയാണ് ചെയ്തത്. ദല്‍ഹിയില്‍ ഈ സമ്മേളനം അരങ്ങേറിയ അതേ ദിവസങ്ങളിലൊന്നില്‍ കന്നുകാലി കച്ചവടക്കാരായ ഒരു പന്ത്രണ്ടുകാരന്‍ ഉള്‍പ്പെടെ രണ്ടു മുസ്‌ലിംകളെ ഝാര്‍ഖണ്ഡില്‍ മോദിയുടെ രാഷ്ട്രീയ അനുയായികള്‍ പോത്തുകള്‍ക്കു വേണ്ടി കൊന്നു കെട്ടിത്തൂക്കിയെങ്കിലും അല്ലാഹുവിനു വേണ്ടിയും ആഗോള സമാധാനത്തിനു വേണ്ടിയും പ്രസംഗിച്ച മോദിയുടെ വാര്‍ത്താപ്രാധാന്യം ഒട്ടും കുറയുന്നുണ്ടായിരുന്നില്ല. മത സ്വാതന്ത്ര്യത്തെയും പരസ്പര ബഹുമാനത്തെയും കുറിച്ചാണ് പ്രധാനമന്ത്രി സൂഫിയോഗത്തില്‍ പ്രസംഗിച്ചത്. എന്നാല്‍, തെരുവില്‍ അതായിരുന്നില്ല ചിത്രം. ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ടു കിടക്കുന്നതെന്ന് മറ്റ് മതസ്ഥര്‍ കരുതുന്ന 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം വിളി നിര്‍ബന്ധമാക്കുന്ന ചര്‍ച്ച ഒരു ഭാഗത്തും അഫ്‌സല്‍ ഗുരുവിന്റെ പേരുച്ചരിക്കുന്നത് രാജ്യദ്രോഹമാണെന്ന അങ്ങാടിവിചാരണ വേറൊരു ദിശയിലും മുന്നോട്ടു പോകുന്നുണ്ടായിരുന്നു. തൊട്ടു പിന്നാലെ അംബേദ്കറെയും ദലിത് സംവരണത്തെയും കുറിച്ച മോദിയുടെ പ്രസംഗം ദല്‍ഹിയില്‍ നടന്നു. ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ആകര്‍ഷിക്കാന്‍ ബി.ജെ.പി എടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളെ ഔദ്യോഗികമായി സാധൂകരിക്കുന്ന പ്രധാനമന്ത്രിയുടെ ഈ വാക്കുകളും പ്രസംഗങ്ങളും ഒരു തത്ത്വം എന്ന നിലയില്‍ ആകര്‍ഷണീയം തന്നെയായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് ഏറെയൊന്നും ഗ്രാഹ്യമില്ലാത്ത ഉത്തരേന്ത്യയിലെ സാധാരണക്കാരെയും സ്വത്വബോധമില്ലാത്ത ദലിതരെയുമൊക്കെ കുറേക്കൂടി എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ ബി.ജെ.പിക്ക് കഴിയേണ്ടതുമാണ്. അതേസമയം യഥാര്‍ഥ ഇസ്‌ലാം വിശ്വാസികളെ സംബന്ധിച്ചേടത്തോളം അപകടകരമായ ചില ഘടകങ്ങളും ഈ നീക്കങ്ങളിലുണ്ടായിരുന്നു. 

വിശ്വാസപരമായും ചിന്താപരമായും ദൈവത്തിന്റെയല്ലാതെ ആരുടെയും അടിമകളാവരുതെന്ന് വിളംബരം ചെയ്യുന്ന സൂഫിസവും ദല്‍ഹിയിലേക്ക് അധികാരത്തിന്റെ അപ്പക്കഷ്ണം ചോദിച്ചു ചെന്ന 'നവസൂഫികളും' തത്ത്വത്തിലും പ്രയോഗത്തിലും വേറിട്ടുതന്നെനിന്നു. ഈ അഭിനവ സൂഫി സമ്മേളനം നടന്ന വിജ്ഞാന്‍ ഭവനില്‍നിന്നും കഷ്ടിച്ച് ഏഴു കിലോമീറ്റര്‍ അകലെ ഹസ്രത്ത് നിസാമുദ്ദീന്‍ എന്ന സൂഫിവര്യന്റെയും ഉറ്റ തോഴനായിരുന്ന അമീര്‍ ഖുസ്രുവിന്റെയും സ്മൃതികുടീരങ്ങളുണ്ട്. ഏഴ് രാജാക്കന്മാരുടെ ദര്‍ബാറുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ച ആളായിരുന്നു ഖുസ്രു. അപ്പോഴൊന്നും നിസാമുദ്ദീന്‍ തന്റെ പ്രിയ സുഹൃത്തിനെ കാണാനായി രാജധാനികളില്‍ പോയിട്ടില്ല. അധികാരത്തിന്റെ അരമനകളില്‍നിന്ന് ജഡികമായ ഭൗതികേഛകളെ അകറ്റിനിര്‍ത്തിയ നിസാമുദ്ദീന്‍ പക്ഷേ പദവി കൊണ്ട് അമീര്‍ ആയിരുന്ന ഖുസ്രുവിനെ എന്തിന് തോഴനാക്കി എന്ന സംശയം ഉയരുന്നുണ്ട്. എന്തായിരുന്നു ഇരുവരും പങ്കിട്ടതെന്ന ചോദ്യവും ബാക്കിയാവുന്നു. ഖുസ്രു കവിതകളിലുള്ള ഇശ്ഖ്, ഫിറാഖ്, വിസാല്‍, രംഗ്, മുഹബ്ബത്ത് തുടങ്ങിയ പദങ്ങളുടെ വ്യാഖ്യാനതലങ്ങള്‍ നീളുന്നത് ഹസ്രത്ത് നിസാമുദ്ദീന്റെ ജ്ഞാനപ്രപഞ്ചത്തിലേക്കായിരുന്നു. പക്ഷേ ആ അറിവിനപ്പുറം മറ്റൊരു സമ്പത്തും ആര്‍ജിക്കാതെയാണ് നിസാമുദ്ദീന്‍ ജീവിച്ചതും മരിച്ചതും. അദ്ദേഹം ഈ ലോകത്തുനിന്നും വിടപറയുമ്പോള്‍ തുഗ്ലക്കിനൊപ്പം ബംഗാള്‍ സന്ദര്‍ശനത്തിലായിരുന്നു ഖുസ്രു. ആചാര്യന്റെ മരണത്തില്‍ മനംനൊന്ത് പിന്നീടുള്ള ആറു മാസക്കാലം ഭിക്ഷുവിനെ പോലെ ജീവിച്ച ഖുസ്രു ദുഃഖിച്ച് മരണമടയുകയായിരുന്നുവെന്നാണ് ചരിത്രം. അതേ ദര്‍ഗയിലെ ഇന്നത്തെ ദിവാന്‍ പക്ഷേ അധികാരത്തിന്റെയും സമ്പത്തിന്റെയും പളപളപ്പില്‍ മതിമറന്ന് ബി.ജെ.പിയുടെ വാതിലില്‍ മുട്ടിവിളിക്കുകയാണ്. സൂഫി സമ്മേളനത്തിനെത്തിയവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലായ മൗര്യ ഷെറാട്ടണിലായിരുന്നു താമസം. അധികാരത്തെ തിരസ്‌കരിച്ച സൂഫിസത്തിന്റെ നേര്‍വിപരീത മുഖത്ത് ചുവടുറപ്പിക്കുന്ന ഒരുപറ്റം രാഷ്ട്രീയ മൗലാനമാരും അവരുടെ മറുഭാഗത്ത് അസഹിഷ്ണതയുടെ പുതിയ അധ്യായങ്ങള്‍ രചിക്കുന്ന ഒരു വിഭാഗവുമായിരുന്നു അന്താരാഷ്ട്ര സൂഫി സമ്മേളനം എന്ന വിരോധാഭാസത്തെ പൊലിപ്പിച്ചത്. 

അല്ലാഹുവിന്റെ നാമങ്ങളില്‍ ഒന്നു പോലും ഹിംസയെ കുറിച്ചുള്ളതല്ലെന്നും അവന്‍ കാരുണ്യവാനും കരുണാനിധിയുമാണെന്നും ചൂണ്ടിക്കാട്ടി സൂഫിസത്തിന്റെ ആത്മീയ പാരമ്പര്യങ്ങളിലൂടെ മുന്നോട്ടുപോയ മോദിയുടെ പ്രസംഗം ഭീകരതക്കെതിരെയുള്ള ആഗോള സമരം ഏതെങ്കിലും മതങ്ങള്‍ക്ക് എതിരെയല്ലെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു ബാഹ്യമായി ശ്രമിച്ചത്. അന്തരീക്ഷത്തിലേക്ക് പുക ഉയരുന്നതുപോലെ ഏതു തലത്തിലേക്കും രൂപത്തിലേക്കും വ്യാപിക്കുന്ന കുറേ വാക്കുകളുടെ കസര്‍ത്തായി ആ പ്രഭാഷണം ഒതുങ്ങി. മാനവ സേവയാണ് മാധവ സേവ, മാനവികതയുടെ ഏകത്വമാണ് സൂഫിസം ഉദ്‌ഘോഷിക്കുന്നത്, സൂര്യനും മണ്ണും ജലവും എല്ലാവരുടേതും ഒന്നാണ്, ദൈവിക ഗുണങ്ങള്‍ ആര്‍ജിക്കുന്നതാണ് മനുഷ്യ ജീവിതത്തിന്റെ പൂര്‍ണത, സൂഫിസം വൈവിധ്യങ്ങളുടെയും നാനാത്വത്തിന്റെയും ആഘോഷമാണ്, ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്, സൂഫിസം സമാധാനവും സഹവര്‍ത്തിത്വവും ദീനാനുകമ്പയുമാണ് പ്രബോധനം ചെയ്യുന്നത്, ഖുര്‍ആന്റെയും ഹദീസിന്റെയും തത്ത്വങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ടുതന്നെ ഇന്ത്യന്‍ സങ്കല്‍പ്പങ്ങളെ സ്വാംശീകരിച്ച് ഇവിടത്തെ ഇസ്‌ലാമിന്റെ മുഖമായത് സൂഫിസമാണ്, കലാ-സാംസ്‌കാരിക- വാസ്തുവിദ്യാ മേഖലകളില്‍ ഇന്ത്യ പതിപ്പിച്ച മുദ്രകളില്‍ സൂഫിസത്തിന്റെ കൈയൊപ്പുണ്ട്, ഇന്ത്യന്‍ സംഗീതത്തെയും സാഹിത്യത്തെയും സൂഫിസം പോഷിപ്പിച്ചു, തന്ത്രികളോരോന്നിന്റെയും സ്വരം വ്യത്യസ്തമാണെങ്കിലും ഒന്നിച്ചുയരുമ്പോള്‍ മനോഹരമായ സംഗീതം പൊഴിക്കുന്ന സിത്താറിനെ പോലെയാണ് ഹിന്ദുവും മുസ്‌ലിമും സിഖുകാരനും ബുദ്ധനും ജൈനനും ക്രിസ്ത്യാനിയും ചേരുന്ന ഇന്ത്യ എന്നിങ്ങനെ പോയി സാഹിത്യ സമാജം പ്രസംഗത്തെ അനുസ്മരിപ്പിച്ച ആ വാക്കുകള്‍. അറിവില്ലായ്മയേക്കാളേറെ അജണ്ടയായിരുന്നു ആ പ്രസംഗത്തില്‍ മുഴച്ചുനിന്നത്. സൂഫിസത്തെ ഇന്ത്യന്‍ ഇസ്‌ലാമായി പരിചയപ്പെടുത്തിയ പ്രധാനമന്ത്രി ദീന്‍ ഇലാഹിയാണ് യഥാര്‍ഥ ഇസ്‌ലാമെന്നു പറയാതിരുന്നത് മാത്രമായിരുന്നു ഭാഗ്യം. സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പൊതു മുസ്‌ലിം സമൂഹത്തിന് തോന്നാത്തതുകൊണ്ടായിരിക്കാം ഈ പരാമര്‍ശം അവഗണിക്കപ്പെട്ടതും. 

ബി.ജെ.പിയുടെ പതിവ് പാകിസ്താന്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മോദിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. അക്രമാസക്തമായ ഭീകരതയുടെ ബലപ്രയോഗത്തിനു പകരം സൂഫിസത്തിന്റെ ആത്മീയ സ്‌നേഹം അതിര്‍ത്തി കടക്കുമ്പോഴാണ് അമീര്‍ ഖുസ്രു സ്വപ്‌നം കണ്ടതു പോലെ ഇന്ത്യ ഭൂമിയിലെ സ്വര്‍ഗമായി മാറുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭീകരതയില്‍ വിശ്വസിക്കുന്നവര്‍ ലോകത്തെ വെട്ടിമുറിക്കുമ്പോള്‍ സൂഫിസം കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. പെഷവാറിലെ സ്‌കൂള്‍ സ്‌ഫോടനവും ശീഈകളുടെ ശവസംസ്‌കാര ഘോഷയാത്രയില്‍ നടന്ന ചാവേര്‍ ആക്രമണവും ഐസിസ് കാടന്മാര്‍ കടല്‍ക്കരയില്‍ നടത്തിയ തലയറുക്കലും കെനിയയിലെ മാള്‍ സ്‌ഫോടനവും സിറിയയിലെയും യമനിലെയും അഭയാര്‍ഥി പലായനങ്ങളും ഏറ്റുമുട്ടലുകളില്‍ ചരിത്ര സ്മാരകങ്ങളും നഗരങ്ങളും തകര്‍ക്കപ്പെടുന്നതും മോദി വ്യംഗ്യമായി സൂചിപ്പിച്ചു. അതിനെല്ലാം വഴിയൊരുക്കുന്ന 'ഭീകരത' പക്ഷേ അവ്യക്തമായ, എന്നാല്‍ വാചാലമായ ദുസ്സൂചനകളുള്ള ഒരു പദപ്രയോഗമായിരുന്നു. അതില്‍ ഇസ്‌ലാമിനെതിരെയുള്ള ഒളിയമ്പുകള്‍ എമ്പാടും ഉണ്ടായിരുന്നു. ചിലര്‍ ആസൂത്രിതമായ രീതിയില്‍ ക്യാമ്പുകളിലിരുന്നും മറ്റു ചിലര്‍ അതിരുകളില്ലാത്ത സൈബര്‍ ലോകത്തിരുന്നും ഭീകരത പരിശീലിക്കുന്നുവെന്ന പരാമര്‍ശം പാകിസ്താനെയാവാം ലക്ഷ്യമിട്ടത്. അതേസമയം സൂഫിസമാണ് യഥാര്‍ഥ ഇസ്‌ലാം എന്നും അല്ലാത്ത ഇസ്‌ലാം ഭീകരതയാണെന്നും തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഈ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നു.  

ഭീകരതക്കെതിരെ രംഗത്തിറങ്ങാനുള്ള സൂഫി മുസ്‌ലിം പണ്ഡിതന്മാരോടുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആ വാക്കുകള്‍ അച്ചടിച്ചുവരുന്നതിനിടയില്‍തന്നെ ഉദ്ദേശിച്ച ഫലം ചെയ്തു. പ്രധാനമന്ത്രി വഹാബിവിരുദ്ധ ആഹ്വാനം മുഴക്കിയെന്നാണ് സൂഫി സംഘടനകള്‍ വ്യാഖ്യാനിക്കുന്നത്. ആള്‍ ഇന്ത്യ തന്‍സീം ഉലമായെ ഇസ്‌ലാം (എ.ഐ.ടി.യു.ഐ) എന്ന സംഘടന താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടത്തിയ റാലിയില്‍ പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുതന്നെ 'വഹാബി' മുസ്‌ലിംകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വെല്ലുവിളികളുയര്‍ന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ തമ്മിലടിക്ക് എക്കാലത്തും പ്രായോജകര്‍ ഉണ്ടായിരുന്നുവെങ്കിലും ഭരണകൂടത്തിന്റെ തുറന്ന പിന്തുണ ലഭിച്ച സ്ഥിതിക്ക് കാത്തുനില്‍ക്കേണ്ട ആവശ്യം പോലും ഇല്ലെന്ന മട്ടിലായിരുന്നു ഈ പോര്‍വിളി. തമ്മിലടിക്കാന്‍ എല്ലാ 'സൂഫി മശാഇഖുകള്‍'ക്കും എക്കാലത്തും കാരണമായത് പള്ളികളുടെയും മദ്‌റസകളുടെയും പേരിലുള്ള വഖ്ഫ് സ്വത്തുക്കളായിരുന്നല്ലോ. എല്ലാ 'വഹാബികളെയും' രാജ്യത്തുടനീളമുള്ള വഖ്ഫ് ബോര്‍ഡുകളില്‍നിന്നും മറ്റു സര്‍ക്കാര്‍ കമ്മിറ്റികളില്‍നിന്നും പിടിച്ചു പുറത്താക്കണം എന്നായിരുന്നു എ.ഐ.ടി.യു.ഐയുടെ പ്രധാന  ആവശ്യം. പെട്രോ ഡോളറിന്റെ സഹായത്തോടെ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഐസിസ് പിടിമുറുക്കുന്നതായും ഈ സംഘടന ആരോപിച്ചു. സാമൂഹിക വിപ്ലവം ഉയര്‍ത്തിക്കാട്ടി വിവിധ പേരുകളിലും ബാനറുകളിലും അവര്‍ ഇന്ത്യയിലെ യുവാക്കളില്‍ സജീവമാണ്.  ഇന്ത്യയിലെ പുരോഗമന മുസ്‌ലിം സംഘടനകളും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യാന്‍ പോകുന്ന മുസ്‌ലിംകളും ഐസിസിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന അപകടകരമായ സമീകരണമായിരുന്നു അത്. സുഊദിയിലെയും ഖത്തറിലെയും ശൈഖുമാരുടെ പണം കൈപ്പറ്റി അവരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് വഹാബികളുടേതെന്ന ഗുരുതരമായ ആരോപണവും ഇക്കൂട്ടരുന്നയിച്ചു. ആര്‍.എസ്.എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും എ.ഐ.ടി.യു.ഐ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. 'വഹാബികള്‍ സുഊദിയുടെ നേര്‍ക്കാണ് ഉറ്റുനോക്കുന്നത്. അതേസമയം രാജ്യസ്‌നേഹികളായ ആര്‍.എസ്.എസ്സിനു നേര്‍ക്കാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഉറ്റുനോക്കേണ്ടത്' എന്നാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍ റാസവി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖം. 

ഇസ്‌ലാമിനെയോ അവിടെ കൂടിയിരിക്കുന്ന മൗലാനമാരെയോ സൂഫിസത്തെയോ കുറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഒന്നും തന്നെ അറിയുമായിരുന്നില്ല. ബറേല്‍വികളില്‍നിന്നാണ് ഭീകരവാദ സംഘടനയായ ജയ്‌ശെ മുഹമ്മദ് ജന്മമെടുത്തതെന്നും ദയൂബന്തി ചിന്താധാരയാണ് ലശ്കറെ ത്വയ്യിബയെ ജനിപ്പിച്ചതെന്നും നരേന്ദ്ര മോദി മറന്നു. അന്ധവിശ്വാസങ്ങളുടെയും അധാര്‍മികതയുടെയും കൂത്തരങ്ങുകളായ ജാറങ്ങളുടെ നടത്തിപ്പുകാരെ അന്തര്‍ദേശീയ നിലവാരത്തിലുള്ള സമാധാനസംരംഭകരായി പ്രഖ്യാപിക്കുമ്പോള്‍ അവര്‍ തമ്മില്‍ നടക്കുന്ന 'സ്‌നേഹ പ്രകടനങ്ങളുടെ' കണക്കുകളെ കുറിച്ച് ചാരസംഘടനകള്‍ ആദരണീയനായ പ്രധാനമന്ത്രിയെ അറിയിക്കാന്‍ മറന്നതാവണം. 'മശാഇഖുകളു'ടെ കൂട്ടത്തില്‍ കേരളത്തില്‍നിന്നെത്തിയ മാന്യദേഹം അതേ വിശ്വാസധാരയുള്ള മറ്റൊരു സംഘടനയുമായി നടത്തുന്ന അങ്കംവെട്ടിന്റെയും അല്ലാത്ത മതസംഘടനകള്‍ക്കെതിരെ നടത്തുന്ന 'ആശീര്‍വാദ' പ്രസംഗങ്ങളുടെയും മാത്രം കണക്കെടുത്താല്‍ മതി, ഇദ്ദേഹത്തിന് 'ലോകസമാധാന'ത്തിന് എന്ത് സംഭാവനയാണ് നല്‍കാനാവുകയെന്ന് തിരിച്ചറിയാന്‍. ഇസ്‌ലാം മതത്തിന്റെ പേരില്‍ ഏറ്റവും വികലമായ ആശയധാരകളില്‍ വിശ്വസിക്കുന്ന, മതത്തെ പച്ചക്കു വില്‍ക്കാന്‍ നടക്കുന്ന, അടിസ്ഥാന മതസങ്കല്‍പ്പങ്ങള്‍ക്കു പോലും നിരക്കാത്ത ജീവിതം നയിക്കുന്ന ഈ ആളുകളെ ഇന്ത്യന്‍ ബ്രാന്‍ഡിലുള്ള ഇസ്‌ലാമിന്റെ അംബാസഡര്‍മാരാക്കി മാറ്റുന്നത് ഒരസേമയം മുസ്‌ലിംകളെ അപമാനിക്കാനും ഒപ്പം വിശ്വാസികളായ മുസ്‌ലിംകളുമായി ഇക്കൂട്ടര്‍ കാലാകാലമായി നടത്തിവരുന്ന തമ്മിലടിക്ക് ആക്കം കൂട്ടാനുമുള്ള ഹിന്ദുത്വ അജണ്ടയല്ലെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്! 

സമീപകാലത്തായി താജികിസ്താന്‍ കേന്ദ്രീകരിച്ച് തുടക്കമിട്ട പുതിയൊരു തരം വിശ്വാസാന്തര സംഘര്‍ഷ സിദ്ധാന്തമാണ് ഇന്ത്യ പയറ്റുന്നതെന്നു വേണം സംശയിക്കാന്‍. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരു പറഞ്ഞ് മുസ്‌ലിംകളെ പുറത്തുനിന്ന് ആക്രമിക്കുന്നതിനു പകരം അകത്തുള്ളവരെ തമ്മിലടിപ്പിക്കുന്ന പുതിയ തരം കുതന്ത്രങ്ങളാണിത്. ഒരു ഭാഗത്ത് സൂഫി-വഹാബി സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതിനിടയില്‍തന്നെ പരമ്പരാഗത വിഭാഗങ്ങള്‍ക്കിടയില്‍ സ്ത്രീ-പുരുഷ തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടാനുള്ള നീക്കങ്ങളും സജീവമാകുന്നുണ്ട്. ഒരു ടി.വി നടിയെ മുന്‍നിര്‍ത്തി ദല്‍ഹിയിലെ സൂഫി സമ്മേളനത്തിനിടെ ഉയര്‍ന്ന ആവശ്യങ്ങള്‍ മറ്റൊരര്‍ഥത്തില്‍ സൂഫികള്‍ക്കിടയില്‍ തന്നെ പിളര്‍പ്പുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. പുരുഷന്മാര്‍ക്ക് താടി നിര്‍ബന്ധമില്ല, സ്ത്രീകള്‍ക്ക് ഹിജാബ് വേണ്ടതില്ല, സ്ത്രീകള്‍ തന്നെ ഖുര്‍ആന്‍ വ്യാഖ്യാനിച്ചെങ്കിലേ അവരുടെ അവകാശങ്ങള്‍ സംരംക്ഷിക്കപ്പെടുകയുള്ളൂ എന്നും മറ്റുമുള്ള വാദങ്ങള്‍ ഉയര്‍ത്തിയ 'വനിതാ സൂഫികളെ' പുരുഷ കേസരികളില്‍ ഒരു വിഭാഗം തള്ളിപ്പറയുകയാണുണ്ടായത്. കേരളത്തിലെ മാന്യ 'സൂഫി നേതാവ്' ഈ 'വനിതാ സൂഫികളു'ടെ സമ്മേളനം അവിടെ നടന്നതായി പോലും അംഗീകരിച്ചിട്ടില്ല. ചട്ടുകങ്ങളായി മാറുമ്പോഴും ഇവര്‍ക്കുമുണ്ടല്ലോ ചില അടിസ്ഥാനങ്ങള്‍. ദര്‍ഗകളെ പുതിയ ആസ്ഥാനമാക്കിയുള്ള ഈ നീക്കത്തിന് ആര്‍.എസ്.എസ്സിന്റെ തലമൂത്ത നേതാക്കളില്‍ ഒരാളായ ഇന്ദ്രേഷ് കുമാര്‍ മുമ്പൊരിക്കല്‍ പിന്തുണ പ്രഖ്യാപിച്ച കാര്യം ഓര്‍ക്കുക. വാജ്‌പേയിയുടെ കാലത്തെ മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവല്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി എന്നിവരുടെ പേരുകളും ഈ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.  

മുന്‍ ഐ.ബി മേധാവി എം.കെ ധാര്‍ ദല്‍ഹിയിലെ 'ഡി.എന്‍.എ' ബ്യൂറോ ചീഫ് ഇഫ്തിഖാര്‍ ഗീലാനിയോട് പറഞ്ഞ ഗൗതം റോയി എന്ന മൗലവിയുടെ കഥ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയെ കുറിച്ച ആശങ്ക സ്വാഭാവികം മാത്രം. ഇന്റലിജന്‍സില്‍ നിയമനം ലഭിച്ച ഗൗതം റോയി പേരും വേഷവും മാറി ദയൂബന്തില്‍ മതപഠനത്തിനായി ചേരുകയും ബറേല്‍വികളുമായുള്ള വാദപ്രതിവാദത്തില്‍ പ്രാവീണ്യം നേടിയ മൗലാനയായി പേരെടുക്കുകയും ചെയ്തുവത്രെ. വാദപ്രതിവാദത്തിന് പോകുമ്പോള്‍ മൗലാനക്ക് ലഭിക്കേണ്ട സൗകര്യങ്ങളുടെ പട്ടികയില്‍ എ.സി റൂമും കാറും കോഴിയും മാത്രമല്ല 'സ്ത്രീ'യും ഉണ്ടായിരുന്നു. എന്തായാലും ഇത്തരമൊരു ചടങ്ങിനിടെ കാര്യസാധ്യത്തിനായി സംഘാടകര്‍ ഏര്‍പ്പാടാക്കിയ സ്ത്രീ മൗലാന സുന്നത്ത് കഴിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് യാഥാര്‍ഥ്യം പുറത്തുവന്നത്. പിന്നീട് ഐ.ബി നിയോഗിക്കുന്ന മൗലാനമാര്‍ സുന്നത്ത് കഴിച്ചതിനു ശേഷമേ ജോലിക്കിറങ്ങിയിരുന്നുള്ളൂ എന്നാണ് ധാര്‍ പറയുന്നത്. ഇന്ന് പക്ഷേ സമുദായത്തിനകത്തു തന്നെ കൂലിത്തല്ലുകാരെ കിട്ടാനുണ്ട്. ശിഹാബുദ്ദീന്‍ റാസവിയെ പോലുള്ളവര്‍ ഇതില്‍ ഏത് വകുപ്പാണെന്ന് കാലം തെളിയിക്കാത്തിടത്തോളം മുസ്‌ലിംകള്‍ ഈ നാടകത്തെ സ്വന്തം ചെലവില്‍ അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ല. എ.ഐ.ടി.യു.ഐക്ക് പിന്നില്‍ കണക്കില്ലാത്ത പണമൊഴുക്കാനായി ആരൊക്കെയോ രംഗത്തുണ്ട് എന്നത് വ്യക്തം. താല്‍ക്കത്തോറ റാലിക്കു വേണ്ടി ചെലവാക്കിയ പണത്തിന്റെ ഉറവിടം അവിടെ കൂടിയ സാധാരണക്കാരായ 'വിശ്വാസി'കള്‍ക്കിടയില്‍ നടത്തിയ ബക്കറ്റ് പിരിവാണെന്ന് ഉത്തരേന്ത്യയെ അറിയുന്ന ആര്‍ക്കും വിശ്വസിക്കുക എളുപ്പമല്ല. 

മുസ്‌ലിംകളിലെ ഏറ്റവും മതവിരുദ്ധരായ ആളുകളെ കണ്ടെത്തി അവരിലൂടെ സമുദായത്തെ വിഭജിപ്പിച്ചും തമ്മിലടിപ്പിച്ചും ഒപ്പം കൂട്ടാനുള്ള ആര്‍.എസ്.എസ് കുതന്ത്രത്തെ മുസ്‌ലിം സംഘടനകള്‍ തിരിച്ചറിയുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു അന്താരാഷ്ട്ര സൂഫി സമ്മേളനത്തോടുള്ള പ്രതികരണം. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ബി.ജെ.പി സാമാജികരുടെ കാര്യത്തില്‍ പോലും മൗനം പാലിച്ച പ്രധാനമന്ത്രിയെ എന്തിന് ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചു എന്നായിരുന്നു ജംഇയ്യത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ശദ് മദനി ഉയര്‍ത്തിയ ചോദ്യം. മുസ്‌ലിംകളെ വിഭാഗീയമായി തമ്മിലടിപ്പിക്കുന്നതിനെ കുറിച്ച് സുബ്രഹ്മണ്യം സ്വാമി ഈയിടെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി ദല്‍ഹി സമ്മേളനത്തെ നിശിതമായി വിമര്‍ശിച്ചവരിലൊരാളാണ് ബറേലിയിലെ ദര്‍ഗാ കമ്മിറ്റികളില്‍ ഒന്നിന്റെ അധ്യക്ഷനായ തൗഖീര്‍ റസാ ഖാന്‍. ബറേല്‍വി വിഭാഗത്തിന്റെ സ്ഥാപകനായ അഅ്‌ലാ ഹസ്രത്ത് അഹ്മദ് റസാഖാന്റെ ചെറുമകനും ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ എന്ന സംഘടനയുടെ അധ്യക്ഷനുമാണ് തൗഖീര്‍. പണ്ടത്തെ പോലെയല്ല കാര്യങ്ങളെന്നും ഇന്ന് രഹസ്യ അജണ്ടകള്‍ തിരിച്ചറിയാന്‍ എളുപ്പമുണ്ടെന്നും ഈ സമ്മേളനത്തിനു പിന്നിലുള്ളവര്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 3000 മുസ്‌ലിംകളെ കൊല്ലുന്നതിന് കൂട്ടുനിന്നുവെന്ന ആരോപണം നേരിടുന്ന പ്രധാനമന്ത്രിയെ മനസ്സാക്ഷി പണയം വെച്ച ഏതാനും പേര്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി വിളിച്ചുവരുത്തിയത് മനസ്സിലാക്കാനുള്ള ശേഷി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുണ്ടെന്നും ഖാന്‍ ഓര്‍മപ്പെടുത്തി. മുംബൈയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആള്‍ ഇന്ത്യാ സുന്നി ജാമിഅ ഇസ്‌ലാമിയയും ഈ സമ്മേളനത്തിനു പിന്നിലെ ആര്‍.എസ്.എസ് നിഗൂഢ ലക്ഷ്യങ്ങളെയാണ് തുറന്നുകാട്ടിയത്. 

സ്വതവേ തമ്മിലടിക്കുന്ന മുസ്‌ലിംകള്‍ ഇനി സര്‍ക്കാര്‍ അംഗീകാരമുള്ള സംഘടനകളുടെ ഒത്താശയോടെ ഏറ്റുമുട്ടാന്‍ പോകുന്നു എന്നതാണ് സമ്മേളനത്തിന്റെ ബാക്കിപത്രം, രേഖകളില്‍ ആഗോള സമാധാനത്തെ കുറിച്ചാണ് പ്രധാനമന്ത്രിയും അശ്‌റഫ് കച്ചോച്ചിയും പ്രസംഗിച്ചതെങ്കില്‍ കൂടിയും. വഖ്ഫ് ബോര്‍ഡ്, മൈനോറിറ്റി കമീഷന്‍, ഹജ്ജ് കമ്മിറ്റി മുതലായവയിലൊക്കെ ദര്‍ഗാ കമ്മിറ്റികളില്‍നിന്ന് ഇനി ആളുകളെത്തും. പാകിസ്താനിലെ ശീഈ-സുന്നി തര്‍ക്കം പോലെ വഹാബി-'സൂഫി' തര്‍ക്കമാണ് ഇന്ത്യയില്‍ കൊടുമ്പിരികൊള്ളാന്‍ പോകുന്നത്. അതിന് വഴിയൊരുക്കുന്നു എന്നതിലപ്പുറം മറ്റൊരു പ്രസക്തിയും ദല്‍ഹിയിലെ സൂഫി സമ്മേളനത്തിന് ഉണ്ടായിരുന്നില്ല.

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍