Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

ദാമ്പത്യം പരാജയമെന്ന് സ്ത്രീക്ക് തോന്നിത്തുടങ്ങുന്നത്

ഡോ. ജാസിമുല്‍ മുത്വവ്വ

ന്തര്‍മുഖനും വിനയമുള്ളവനുമായിരുന്നു അയാള്‍. എന്നാല്‍ നന്നായി എഴുതും, പ്രസംഗിക്കും. പത്രകോളങ്ങളില്‍ എഴുതിത്തുടങ്ങാന്‍ ഭാര്യ അയാളെ ഉപദേശിച്ചു. അതിപ്രശസ്തനായ കോളമിസ്റ്റായി. എന്നും രാത്രി ഉറക്കമിളച്ച് അയാള്‍ ഭാര്യയുമായി പിറ്റേന്ന് എഴുതാനുള്ള വിഷയത്തെക്കുറിച്ചും എഴുതേണ്ട രീതിയെക്കുറിച്ചും ചര്‍ച്ച നടത്തും. അങ്ങനെ അയാളുടെ കോളം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിശ്രുത കോളമായി. അയാളുടെ ജീവിതവും മാറിത്തുടങ്ങി. അയാള്‍ നല്ല പ്രഭാഷകനായി അറിയപ്പെട്ടു. ഈ വിജയമെല്ലാം കൈവരിക്കുന്നതില്‍ ഭാര്യയുടെ സഹായവും കലവറയില്ലാത്ത പിന്തുണയുമുണ്ടായിരുന്നു. ജീവിത നദി ഇങ്ങനെ വിഘ്‌നമൊന്നുമില്ലാതെ ഒഴുകുന്നതിനിടയിലാണ് അയാളുടെ ഭാര്യക്ക് ബ്രസ്റ്റ് കാന്‍സര്‍ പിടിപെട്ടതും ചികിത്സയുടെ ഭാഗമായി ഒരു സ്തനം ശസ്ത്രക്രിയ ചെയ്ത് നീക്കിയതും. ഈ സംഭവത്തോടെ അവള്‍ അസ്വസ്ഥയായി. ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരുവളെ തേടിപ്പോകുമോ എന്ന ചിന്ത അവളെ ഏതുനേരവും വേട്ടയാടി. രോഗാവസ്ഥയില്‍പോലും ഭര്‍ത്താവിനൊപ്പം നില്‍ക്കുകയും അയാളെ സഹായിക്കുകയും ചെയ്തുപോന്ന തന്റെ ഗതി ഇനിയെന്താവും? ഈ വിചാരം അവരെ അലട്ടിക്കൊണ്ടിരുന്നു. 

വിവാഹത്തിന്റെ ആദ്യനാളുകളില്‍ മിക്ക ദമ്പതികളെയും പിടികൂടുന്ന ഒരു തെറ്റായ വിചാരമുണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ഈ സംഭവം അനുസ്മരിച്ചത്. അവര്‍ വിശ്വസിക്കുന്നത് തങ്ങളുടെ ഈ ദാമ്പത്യബന്ധം ഇതേവിധം അന്ത്യംവരെ തുടരുമെന്നാണ്. നിരവധി പുതിയ സംഭവങ്ങള്‍ വരാനിരിക്കുന്നുവെന്നും അത് തങ്ങളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുമെന്നും അതിനോടു പൊരുത്തപ്പെടാന്‍ തങ്ങള്‍ നേരത്തേ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അപ്പോള്‍ അവര്‍ ഓര്‍ക്കില്ല. ജീവിതത്തില്‍ ഓര്‍ക്കാപ്പുറത്തുണ്ടായ അനുഭവങ്ങളെ തുടര്‍ന്ന് എത്രയെത്ര വിവാഹബന്ധങ്ങളാണ് തകര്‍ന്നത്! മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാതിരുന്നതും അതിനുവേണ്ടി നേരത്തേ ഒരുങ്ങാതിരുന്നതുമാണ് കാരണമായത്. മാറ്റമെന്നത് ദമ്പതികളില്‍ ഒരാള്‍ക്ക് പെട്ടെന്നുണ്ടാവുന്ന രോഗമാവാം, ഉദ്യോഗക്കയറ്റമാവാം, മന്ത്രിസഭയിലേക്കോ രാജ്യത്തെ ഉന്നത പദവികളിലേക്കോ നിശ്ചയിക്കപ്പെട്ടതാവാം, നേരത്തേ ഒരു കൊച്ചുമുറിയില്‍ കഴിച്ചുകൂട്ടിയവര്‍ പുതിയ ഭവനത്തിലേക്ക് മാറിത്താമസിച്ചതാവാം, ദമ്പതികളില്‍ ഒരാള്‍ക്ക് മറ്റൊരിടത്തേക്ക് ജോലിയില്‍ സ്ഥലംമാറ്റം ഉണ്ടായതാവാം, അതുമല്ലെങ്കില്‍ ഭാര്യാ-ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്ക്  ഭീമമായ സ്വത്ത് അനന്തരാവകാശം മുഖേന ലഭിച്ചതാവാം. ഇങ്ങനെ പലതുണ്ട് മാറ്റങ്ങള്‍ ജീവിതത്തില്‍. 

ഈ മാറ്റങ്ങളോടൊക്കെ ദമ്പതികള്‍ നല്ല നിലക്ക് ഇടപെടണം. കാരണം ഓരോ മാറ്റവും ദമ്പതികളില്‍ ഒരാള്‍ക്ക് ഭാവിയെ സംബന്ധിച്ച അശുഭചിന്തയുണ്ടാക്കും, ജീവിത സുരക്ഷിതത്വത്തെക്കുറിച്ച ആശങ്കയുളവാക്കും. നാം തുടക്കത്തില്‍ സൂചിപ്പിച്ച സംഭവത്തിലെ നായകനായ ഭര്‍ത്താവ്, ഭാര്യക്ക് രോഗമാണെന്നറിഞ്ഞ ഉടനെ ചെയ്തത് അവളുടെ സ്വഭാവഗുണങ്ങളെക്കുറിച്ചും അവള്‍ നല്‍കിപ്പോരുന്ന പിന്തുണയെക്കുറിച്ചും തന്റെ കോളത്തില്‍ എഴുതുകയാണ്. തന്റെ പ്രശസ്തിക്കും വിജയത്തിനും പിന്നില്‍ അവള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും അയാള്‍ വിശദീകരിച്ചു. പ്രസിദ്ധീകരിച്ചുവരുന്ന ലേഖനങ്ങളൊക്കെ അയാള്‍ ഭാര്യയെ വായിച്ചുകേള്‍പ്പിക്കും. അവളുടെ രോഗനാളുകൡ അയാള്‍ അവളോടൊപ്പം നില്‍ക്കുകയും അവളുടെ മനോവീര്യം ഉയര്‍ത്തുകയും ചെയ്തു. ഇതെല്ലാം വായിച്ചുകേട്ടപ്പോള്‍ അവള്‍ക്ക് മനഃസമാധാനവും സുരക്ഷിതത്വബോധവും ഉണ്ടായി. അവര്‍ക്കിടയില്‍ സ്‌നേഹബന്ധം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. 

ഭാര്യമാരോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും വീഴ്ച സംഭവിക്കുന്നവരാണ് മിക്ക ഭര്‍ത്താക്കന്മാരും. അവള്‍ നിര്‍ബന്ധ ബാധ്യതയെന്നോണം ചെയ്യുന്നതും സ്വമേധയാ ഐഛികമായി ചെയ്യുന്നതും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അയാള്‍ മുതിരുന്നില്ല. അധിക ഭര്‍ത്താക്കന്മാരുടെയും വിചാരം ഭാര്യ ചെയ്യുന്ന പ്രവൃത്തികളെല്ലാം അവള്‍ നിര്‍ബന്ധമായും തനിക്ക് ചെയ്തുതരേണ്ട സേവനങ്ങളാണെന്നാണ്. ഭാര്യമാരോടുള്ള പെരുമാറ്റത്തെക്കുറിച്ച് ബോധമുള്ള ഭര്‍ത്താക്കന്മാര്‍ ഒരിക്കലും അവരുടെ വിജയങ്ങളെ നിസ്സാരവല്‍ക്കരിക്കുകയോ വീഴ്ചകളില്‍ അവരെ അവഹേളിക്കുകയോ ചെയ്യില്ല. അവളാണ് തന്റെ വിജയരഹസ്യമെന്ന് അയാള്‍ ധരിക്കും. അവളോടു കൂറും കടപ്പാടും പുലര്‍ത്തും അയാള്‍. പത്‌നി ഖദീജയോടു നബി(സ)ക്കുണ്ടായിരുന്ന അതേ കൂറിന്റെയും കടപ്പാടിന്റെയും ബോധമായിരിക്കും അയാളെ ഭരിക്കുക. പത്‌നി ഖദീജ (റ) തനിക്ക് നല്‍കിപ്പോന്ന പിന്തുണയും സഹായവും ജീവിതാന്ത്യം വരെ നബി (സ) കൃതജ്ഞതയോടെ ഓര്‍ക്കുമായിരുന്നു. 

ദമ്പതികളില്‍ സ്‌നേഹബന്ധം പൂന്തോട്ടം പോലെയാണ്. പൂന്തോട്ടം നിങ്ങള്‍ നന്നായി ശ്രദ്ധിക്കുകയും പരിചരിക്കുകയും പരിപാലിക്കുകയും ചെയ്താല്‍ അത് നല്ല പുഷ്പങ്ങള്‍ തന്നുകൊണ്ടിരിക്കും. സ്ത്രീ പലപ്പോഴും പ്രോത്സാഹനവും പ്രത്യുപകാരവും തേടുന്നവളാണ്. കുടുംബത്തിനും വീട്ടിനും താന്‍ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കപ്പെടണമെന്ന് അവള്‍ ആഗ്രഹിക്കുന്നുണ്ട്. വളരെ നിസ്സാരമായ സമ്മാനങ്ങളാല്‍ അവള്‍ സംപ്രീതയാവും. ഭര്‍ത്താവിന്റെ മുഖത്ത് വിടരുന്ന ഒരു പുഞ്ചിരിയാവാം, പ്രശംസയാവാം, ഹൃദയത്തില്‍നിന്നുത്ഭവിക്കുന്ന മധുരവാക്കുകളാവാം, കുടുംബക്കാരുടെയും സ്വന്തക്കാരുടെയും മധ്യത്തില്‍ അവളെക്കുറിച്ചുള്ള നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ടാവാം, ഉപഹാരം നല്‍കിയാവാം, നിങ്ങളോടൊപ്പം ചില സന്ദര്‍ഭങ്ങളില്‍ അവര്‍ കൈക്കൊണ്ട ധീരമായ നിലപാടുകളെ അഭിനന്ദിച്ചാവാം. ഇങ്ങനെ പലവിധത്തിലും അവളുടെ മനസ്സില്‍ ആനന്ദത്തിന്റെ പൂത്തിരി കത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. 

സ്ത്രീയെ അങ്ങേയറ്റം വേദനിപ്പിക്കുന്നതും മഥിക്കുന്നതും ഭര്‍ത്താവിന്റെ മൗനവും നിസ്സംഗ ഭാവവും അവളുടെ സംസാരത്തോടും നിലപാടുകളോടുമുള്ള നിര്‍വികാരതയുമാണ്. അയാളോടു സംസാരിക്കുകയോ ആശയവിനിമയം നടത്തുകയോ അഭിപ്രായം പറയുകയോ ചെയ്താല്‍ പോലും വിലവെക്കില്ല എന്ന വിചാരം സ്ത്രീയില്‍ ശക്തിപ്പെട്ടാല്‍ അവള്‍ നിരാശപ്പെടും. ഒരു നല്ല വാക്കോ നന്ദിസൂചകമായ ഒരു സംസാരമോ വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഭര്‍ത്താവില്‍നിന്ന് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഒരു സ്ത്രീ, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും ഭാവിയിലെങ്കിലും ഈ മനുഷ്യന്‍ മാറുമെന്ന പ്രതീക്ഷയിലാണ്. 

ജീവിതപ്രാരാബ്ധങ്ങളെല്ലാം തീരുകയും കുടുംബഭദ്രത കൈവരിക്കുകയും ചെയ്യുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ സമീപനത്തില്‍ മാറ്റമുണ്ടാവുകയും തന്റെ വികാരങ്ങളെ അയാള്‍ മാനിച്ചുതുടങ്ങുകയും ചെയ്യുമെന്ന് കരുതുന്ന ഭാര്യ, കാലമേറെ കഴിഞ്ഞിട്ടും ആശാവഹമായ മാറ്റമൊന്നും കാണാതെ അയാള്‍ ഒരു പരുക്കന്‍ 'മരമനുഷ്യനാ'യി തുടരുന്നുവെന്ന് കാണുമ്പോള്‍ തീര്‍ച്ചയായും മോഹഭംഗത്തില്‍ അകപ്പെടും. തന്റെ വിവാഹജീവിതം ഒരു പരാജയമാണെന്ന് അവള്‍ക്ക് താമസിയാതെ തോന്നിത്തുടങ്ങും. അതില്‍ ആ പാവം സ്ത്രീയെ പഴിച്ചിട്ടു കാര്യമില്ല.

വിവ: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍