കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാന്‍ വരട്ടെ
രാജ്യത്തെ മുഴുവന്‍ നിയമ സംവിധാനങ്ങളെയും 130 കോടി ജനങ്ങളെയും നോക്കുകുത്തിയാക്കി മദ്യ മുതലാളി വിജയ് മല്യ മാര്‍ച്ച് 2 ന് ഇന്ത്യ വിടുകയുണ്ടായി. മാസാന്ത പലിശ അടക്കുന്നതില്‍ ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും പാവങ്ങളുടെ കഴുത്തിന് കുത്തിപ്പിടിച്ച് വാങ്ങുന്ന നാട്ടിലാണ് 9000 കോടി കടബാധ്യത വരുത്തി മല്യ 'മുങ്ങിയത്'. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് മേനിനടിക്കുന്ന നമ്മുടെ രാജ്യത്തെ പാര്‍ലമെന്റംഗം എന്ന നിലയില്‍ ലഭിച്ച പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മല്യ നാടുകടന്നത്. മല്യയെയും അയാള്‍ വരുത്തിവെച്ച 9000 കോടിയുടെ കടബാധ്യതയെയും ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍. വെറുമൊരു മല്യയില്‍ ഒതുങ്ങുന്നതാണോ ഈ പ്രശ്‌നം? 2002-2015 കാലയളവില്‍ 2.14 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇതില്‍ 1.14 ലക്ഷം കോടിയും കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കിടയില്‍ (2013-2015). 2015-ല്‍ 40000 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. ഇതില്‍ ഏറിയ പങ്കും കോര്‍പറേറ്റുകളുടേത്. 2016-ന്റെ തുടക്കത്തില്‍ കിട്ടാക്കടം 3.00 ലക്ഷം കോടി കവിഞ്ഞെന്നും അഞ്ചോ ആറോ ലക്ഷം ആയിട്ടുണ്ടാവാമെന്നും ബാങ്കിംഗ് വിദഗ്ധര്‍ക്കിടയില്‍ സംസാരമുണ്ട്. തിരിച്ചടക്കാന്‍ ശേഷിയുണ്ടായിട്ടും മനഃപൂര്‍വം തിരിച്ചടക്കാത്തവരാണ് അധിക ഇടപാടുകാരുമെന്ന് ബാങ്കിംഗ് മേഖലയിലുള്ളവര്‍ പറയുന്നു. അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 7035 ഇടപാടുകാര്‍ (58792 കോടി രൂപ) മനഃപൂര്‍വം തിരിച്ചടക്കാത്തവരാണ്. ഇത്തരക്കാരില്‍നിന്ന് പണം തിരിച്ചുപിടിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാതെ നികുതിപ്പണം ഉപയോഗിച്ച് ബാങ്കുകളെ സഹായിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ബാങ്കിംഗ് മേഖലയെ കൃത്യമായി നിരീക്ഷിക്കാനും അപ്പപ്പോള്‍ തിരുത്തല്‍ നടപടികള്‍ കൈകൊള്ളാനും ശക്തമായ നിയമങ്ങളും സംവിധാനങ്ങളുമുണ്ടെന്ന് അവകാശപ്പെടുന്ന നാട്ടിലാണ് ഇതെന്നോര്‍ക്കണം.
100 കോടിയിലധികം ബാധ്യത വരുത്തിയവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞപ്പോള്‍ കൃത്യമായ വിവരങ്ങള്‍ കൈയിലില്ലെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നല്‍കിയത്. റിസര്‍വ് ബാങ്കിനു നേരെ രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഏതൊരു സാധാരണക്കാരന്റെയും ചോദ്യങ്ങളാണ്. നഷ്ടത്തിലാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയവര്‍ക്കും ആര്‍ഭാട ജീവിതം നയിക്കുന്നവര്‍ക്കും ലോണുകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ എന്തിനാണ് താല്‍പര്യമെടുക്കുന്നത്? തിരിച്ചടവ് ലഭിക്കാതിരുന്നിട്ടും പൊതു ധനകാര്യ സ്ഥാപനങ്ങള്‍ ലോണുകള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍, ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന റിസര്‍വ് ബാങ്ക് എന്താണ് ചെയ്യുന്നത്? തിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ കൃത്യമായ വിവരങ്ങള്‍ എന്തുകൊണ്ട് ലഭ്യമല്ല? 500 കോടിക്ക് മുകളില്‍ കടബാധ്യത വരുത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉടനെ ഹാജറാക്കാനും പരമോന്നത കോടതി ആവശ്യപ്പെടുകയുണ്ടായി.
ലോണുകള്‍ തിരിച്ചുപിടിക്കാനും മറ്റും ബാങ്കുകളില്‍ പ്രത്യേകം സംവിധാനങ്ങള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ കാര്യത്തില്‍ ഇതൊന്നും പ്രാവര്‍ത്തികമാവാറില്ല. മഹാരാഷ്ട്രയിലെ അന്ധേരിയിലെ കിംഗ്ഫിഷറിന്റെ ഉടമസ്ഥതയിലുള്ള 17000 ചതുരശ്രയടി വരുന്ന വസ്തുവകകള്‍ പഞ്ചാബ് നാഷ്‌നല്‍ ബാങ്കിലേക്ക് കണ്ടുകെട്ടാന്‍ വഴിതെളിഞ്ഞിട്ടും നടക്കാതെ പോയത് ഉദാഹരണം. സാധാരണക്കാരന്റേതാവുമ്പോള്‍ ഏജന്‍സികള്‍ വഴിയും ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയും പിടിച്ചുവാങ്ങും. കോര്‍പ്പറേറ്റുകളുടെ കോടികളുടെ ഇടപാടുകളാകുമ്പോള്‍ കൈപൊള്ളും, കാര്യങ്ങള്‍ കോടതിയില്‍ നിരങ്ങിത്തീരും. ബിസിനസ് സ്ഥാപനങ്ങളും പ്രമോട്ടര്‍മാരും രണ്ടായി കണക്കാക്കപ്പെടുന്നതിനാല്‍തന്നെ ബിസിനസ് സ്ഥാപനങ്ങളുടെ കടബാധ്യതയില്‍നിന്ന് വ്യക്തികള്‍ മാറ്റിനിര്‍ത്തപ്പെടുമെന്ന അടിസ്ഥാന തത്ത്വം മല്യയെപ്പോലുള്ളവര്‍ക്കും രക്ഷയാവും. അല്ലെങ്കില്‍, മല്യയും മറ്റു കോര്‍പ്പറേറ്റുകളും ഇതിനെയാണ് ദുരുപയോഗം ചെയ്യുന്നത്.
ബാങ്കുകള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി അസാധാരണമല്ലെന്നും ആശങ്കകള്‍ക്ക് വകയില്ലെന്നും ഗവണ്‍മെന്റും റിസര്‍വ് ബാങ്കും അടിക്കടി പറയുമ്പോഴും, പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ധനസഹായങ്ങള്‍ എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. 2018-ഓടെ 70000 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. പ്രാഥമികമായി 7940 കോടി രൂപ 2014-ലും, 25000 കോടി രൂപ നടപ്പു ബജറ്റിലും പ്രഖ്യാപിച്ചു. പുറമെ നിലവില്‍ 27 പൊതുമേഖലാ ബാങ്കുകളിലെ 56% മുതല്‍ 84% വരെ കൈവശമുള്ള ഗവണ്‍മെന്റ് ഓഹരികള്‍ 52% ആക്കി ചുരുക്കി 160000 കോടി സമാഹരിക്കാനും ഇന്ദ്രധനുഷ് എന്ന് പേരിട്ട പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നു. ചുരുക്കിപറഞ്ഞാല്‍ 3 ലക്ഷത്തോളം വരുന്ന കിട്ടാക്കടം ഘട്ടംഘട്ടമായി സര്‍ക്കാര്‍ എഴുതിത്തള്ളും.
7 ലക്ഷം കോടി രൂപയോളം നികുതിയായി പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് പുതുതായി പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. ഇതില്‍ നല്ലൊരു പങ്കും കോര്‍പ്പറേറ്റ് ഭീമന്മാരില്‍നിന്നാണ്. 6 ടെലികോം കമ്പനികളില്‍നിന്ന് മാത്രം 12900 കോടിയാണ് കിട്ടാനുള്ളത്. തീര്‍പ്പാവാതെ കിടക്കുന്നവ വേറെയും. ബിസിനസ് വഴി ജനങ്ങളില്‍നിന്ന് നികുതി പിരിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലെക്ക് അടക്കാതിരിക്കുക, ബാങ്കുകളുമായി ഒത്തുകളിച്ച് കോടിക്കണക്കിന് രൂപ ലോണ്‍ സംഘടിപ്പിച്ച് തിരിച്ചടക്കാതിരിക്കുക, വ്യവസായ/കാര്‍ഷിക/സേവന മേഖലകളെ സംരക്ഷിക്കാനും സഹായിക്കാനുമെന്ന പേരില്‍ ഇതെല്ലാം ഗവണ്‍മെന്റ് എഴുതിത്തള്ളുക. എല്ലാറ്റിനും ഒത്താശചെയ്ത് രാഷ്ട്രീയ നേതൃത്വങ്ങളും. ആര്‍ക്കുവേണ്ടിയാണ് ഈ ജനാധിപത്യ നിയമ സംവിധാനങ്ങള്‍?
Comments