ഖുര്‍ആന്‍ പഠിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്
നിങ്ങള്‍ ഏതെങ്കിലും ഒരു ഖുര്‍ആന്‍ പരിഭാഷ കൈയിലെടുക്കുക. എന്നിട്ട് ചില പഠന തീരുമാനങ്ങളെടുക്കുക. ദിവസത്തിലെ 24 മണിക്കൂറും നമ്മുടെ കച്ചവടം, കുടുംബം, കൃഷി, കൂട്ടുകാര്‍ ഇതിനെല്ലാമായി സമയം ചെലവഴിക്കുന്നുണ്ടല്ലോ. അതില്‍നിന്ന് അഞ്ച് മിനിറ്റ് ഖുര്‍ആന്‍ പഠനത്തിനായി നീക്കിവെക്കുക. ഖുര്‍ആനിലെ മൂന്ന് സൂക്തം അതിന്റെ പരിഭാഷയോടെ പഠിക്കും എന്ന് തീരുമാനിക്കുക. പഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആരില്‍നിന്നെങ്കിലും കേള്‍ക്കുക. ഇപ്രകാരം നാലോ അഞ്ചോ വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ പഠിക്കാം.
ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇന്നിത് ഒരുപക്ഷേ പ്രയാസമുള്ളതായി തോന്നാം. ഖുര്‍ആന്‍ മുഴുവന്‍ പഠിക്കുകയോ? എന്നാല്‍ ഉറച്ച തീരുമാനവും കാല്‍വെപ്പും ഉണ്ടായാല്‍ മെല്ലെ മെല്ലെ ദിനംപ്രതി അഞ്ച് മിനിറ്റില്‍ മൂന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ പഠിക്കാനാവും. കുറച്ചു നാള്‍ക്കകം അതൊരു ഹരമായി മാറും. പിന്നെ നിങ്ങള്‍ താനേ അതില്‍ മുഴുകിക്കൊള്ളും.
ഇമാം ഗസാലി ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഒരു മഹാന്റെ കഥ ഇങ്ങനെ വിവരിക്കുന്നു: ''ആദ്യമൊക്കെ ഞാന്‍ ഖുര്‍ആന്‍ പഠിച്ചിരുന്നത് ഞാന്‍ സ്വയം പഠിക്കുന്ന പോലെ, ഒരു താല്‍പര്യവുമില്ലാതെയായിരുന്നു. പിന്നീട് ഞാന്‍ ഈ സൂക്തങ്ങള്‍ നബി(സ)യില്‍നിന്ന് കേട്ടുപഠിക്കുകയാണെന്ന ഭാവത്തില്‍ പഠിച്ചു. അപ്പോള്‍ പഠനം അല്‍പം എളുപ്പമായി. പിന്നീട് ജിബ്‌രീല്‍(അ) എന്നോട് സംവദിക്കുകയാണെന്ന മട്ടില്‍ പഠിക്കാന്‍ തുടങ്ങി. ജിബ്‌രീല്‍ ഖുര്‍ആന്‍ എനിക്ക് ഓതിക്കേള്‍പ്പിക്കുകയാണെന്ന് തോന്നി. അപ്പോഴത്തെ അനുഭൂതി ഒന്നു വേറെ തന്നെയായിരുന്നു. ഒടുവില്‍ അല്ലാഹു നേരിട്ട് എന്നോട് സംസാരിക്കുകയാണെന്ന മട്ടില്‍ പഠിക്കാന്‍ തുടങ്ങി. ആ സമയത്താണ് എനിക്ക് വിശുദ്ധ ഖുര്‍ആന്റെ യഥാര്‍ഥ മാധുര്യം ആസ്വദിക്കാനായത്.''
ഇതൊരു വലിയ സംഭവമാകും. ഖുര്‍ആന്‍ അര്‍ഥവും വ്യാഖ്യാനവും ഈ സമൂഹത്തിലെ ഓരോ വ്യക്തിക്കും ലഭ്യമായാല്‍ അതവരുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് തീര്‍ച്ച.
അവനവനെ തിരിച്ചറിയുക നാം നമ്മുടെ സമയത്തില്‍നിന്ന് രാത്രിയോ പകലോ അഞ്ച് മിനിറ്റ് നീക്കിവെച്ച് ചിന്തിക്കുക; അല്ലാഹുവിന് ഇഷ്ടപ്പെടാത്തതും അവന് അതൃപ്തിയുണ്ടാകുന്നതുമായ ഏത് കാര്യമാണ് ഇന്ന് ഞാന്‍ ചെയ്തത്? അവന് ഇഷ്ടപ്പെടാത്ത ഒന്നും ചെയ്തില്ലെന്ന് ഉറപ്പാക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? അവനവനോടു തന്നെ ചോദിക്കുക. ഇന്നു ഞാന്‍ അല്ലാഹുവിന് പറ്റാത്ത ഏതെങ്കിലും ചെയ്തിയില്‍ ഏര്‍പ്പെട്ടുവോ? പരലോകത്ത് നരകത്തില്‍ പോകേണ്ടിവരുന്ന വല്ല കാര്യവും എന്നില്‍നിന്നും സംഭവിച്ചുവോ? ഇത് താങ്കളുടെ മനസ്സിന്റെ സംസ്‌കരണം. എന്നാല്‍ ഇതു മാത്രം മതിയോ? മുന്നോട്ടു പോകേണ്ടതില്ലേ? ഉണ്ട്. മറ്റു സഹോദരങ്ങള്‍ക്കും ഈ ഗ്രന്ഥത്തിന്റെ വെള്ളിവെളിച്ചം എത്തിക്കാന്‍ ഒരുങ്ങിപ്പുറപ്പെടുക. അതിനായി നമ്മുടെ സമയം നീക്കിവെക്കുക. ഈ ഗ്രന്ഥം അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക. ഇതാണ് അല്ലാഹുവിന്റെ ഗ്രന്ഥത്തോട് താങ്കളുടെ ചുമതലയും ബാധ്യതയും. ഇതത്രെ പ്രവാചകന്മാര്‍ ഏറ്റെടുത്തിരുന്ന ദൗത്യം.
നമ്മുടെ ബാധ്യത
സുന്നത്തും ഹദീസും എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. ഒരു കാര്യം പ്രവാചകന്‍ ചെയ്തു, അല്ലെങ്കില്‍ പ്രസ്താവിച്ചു, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സവിധത്തില്‍ ഒരാള്‍ ഒരു കാര്യം ചെയ്തു, അപ്പോള്‍ പ്രവാചകന്‍(സ) അതിന് മൗനസമ്മതം നല്‍കി. ഇതൊക്കെ ഹദീസിന്റെയും സുന്നത്തിന്റെയും പരിധിയില്‍ വരും. നമ്മുടെ വസ്ത്രധാരണവും താടിവെക്കലും വരെ ഹദീസിന്റെ വിവരണത്തിലുണ്ടെന്നത് ശരി. ചിന്തിക്കുക, ഹിറാ ഗുഹയില്‍നിന്ന് തുടങ്ങി ജീവിതാവസാനം വരെ നബി(സ) തന്റെ ജീവനും രക്തവും നല്‍കി പരിരക്ഷിച്ചത് എന്തായിരുന്നു? നബി(സ) തന്റെ ദിനരാത്രങ്ങള്‍ ചെലവിട്ടത് എന്തിനായിരുന്നു? ഏറ്റവും വലിയ നബിചര്യ എന്താണ്?
അല്ലാഹുവിന്റെ അടിയാറുകള്‍ക്ക് അവന്റെ സന്ദേശം എത്തിച്ചുകൊടുക്കലാണത്. നബി(സ) പ്രഭാതത്തിലും പ്രദോഷത്തിലും മക്കാ തെരുവുകളിലും ത്വാഇഫിന്റെ താഴ്‌വരകളിലും മദീനയിലും മസ്ജിദുന്നബവിയിലും തന്റെ കൊച്ചു മുറിയിലിരുന്നും യുദ്ധമേഖലയില്‍ സൈന്യത്തെ നയിച്ചും ചെയ്ത സേവനമെന്തായിരുന്നു? അല്ലാഹുവിന്റെ ദീന്‍ പ്രബോധനം ചെയ്യുക എന്ന സുപ്രധാന ദൗത്യമാണ് അവിടുന്ന് നിര്‍വഹിച്ചത്. അതിനായി കഠിനാധ്വാനം ചെയ്തു. ത്യാഗപരിശ്രമങ്ങളിലേര്‍പ്പെട്ടു. ഈ പരിശ്രമങ്ങളൊന്നും ചെയ്തിരുന്നില്ലെങ്കില്‍ ഖുര്‍ആന്‍ നിര്‍ദേശിച്ച ദൗത്യം പൂര്‍ണമാകില്ലായിരുന്നു. അല്ലാഹുവിനോടുള്ള സ്‌നേഹവായ്പ് പൂര്‍ത്തീകരിക്കാനും സാധിക്കില്ലായിരുന്നു.
വിശ്വാസവും കര്‍മവും ഒരുമിപ്പിച്ച് വിശുദ്ധ ഖുര്‍ആനോടുള്ള ധര്‍മം നിര്‍വഹിക്കാനായാല്‍, വ്യക്തിയും സമുദായവും മര്‍ത്യരാകമാനം തന്നെയും അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള വഴിതെളിയും. മുമ്പൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലാത്തവിധം മാറ്റം സംജാതമാവും. അല്ലാതിരുന്നാല്‍ സമൂഹത്തിന് പ്രശ്‌നങ്ങള്‍ വിട്ടൊഴിഞ്ഞ നേരമുണ്ടാവില്ല. ജീവിതം സങ്കീര്‍ണമായി തുടരും. ആ സങ്കീര്‍ണതകളുടെ കെട്ടഴിച്ച് നാം നമ്മുടെ സമയം പാഴാക്കും. അതുകൊണ്ട് ബുദ്ധിമാന്‍ ചിന്തിച്ച് പ്രവര്‍ത്തിക്കണം എന്നാണ് പറഞ്ഞുവന്നത്. അതുതന്നെയാണ് വിശുദ്ധ ഖുര്‍ആന്റെ സരള സന്ദേശവും.
വിവ: സഈദ് മുത്തനൂര്‍
Comments