സംഘടനകളുടെ ബാഹുല്യവും വൈരുധ്യങ്ങളും
ഇസ്‌ലാമിലെ അടിസ്ഥാനാദര്‍ശങ്ങള്‍ (തൗഹീദ്, രിസാലത്ത്, ആഖിറത്ത്) അംഗീകരിച്ച് അതിലേക്ക് കടന്നുവന്ന ഒരാള്‍ തുടര്‍ന്ന് മതം ആചരിക്കേണ്ടതും നിലകൊള്ളേണ്ടതും ഏതു കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ്? കൊച്ചു കേരളത്തില്‍ പോലും ഇസ്‌ലാമിന്റെ പേരില്‍ നിരവധി സംഘടനകളെ കാണുന്നു. ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ വശത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് വാദിക്കുന്ന ജമാഅത്തെ ഇസ്‌ലാമി, ആചാരാനുഷ്ഠാനപ്രമത്തരായ സുന്നി വിഭാഗങ്ങള്‍, തൗഹീദീ ആദര്‍ശപ്രബോധനം മുഖ്യമായി കാണുന്ന മുജാഹിദ് വിഭാഗങ്ങള്‍... ഇതില്‍തന്നെ ബുദ്ധിക്കും ചിന്തക്കും മതത്തില്‍ പ്രാധാന്യം നല്‍കണമെന്നു പറയുന്നവരും ഇവയുടെ മതത്തിലെ സ്ഥാനത്തെ നിഷേധിക്കുന്നവരുമുണ്ട്. ഭക്തിപ്രധാനമായ, നമസ്‌കാരത്തിനും ആരാധനകള്‍ക്കും വേഷത്തിനും പ്രാധാന്യം നല്‍കുന്ന, അതേസമയം അറിവിനും അന്വേഷണത്തിനും പ്രാധാന്യം നല്‍കാത്ത തബ്‌ലീഗ് ജമാഅത്തുമുണ്ട്. ഇവയില്‍ ഏതാണ് ഇസ്‌ലാമിനെ ശരിയായ അര്‍ഥത്തില്‍ പ്രതിനിധീകരിക്കുന്നത്? നബി കൊണ്ടുവന്ന ഏക ഇസ്‌ലാമില്‍ എന്തുകൊണ്ട് ഇത്രയധികം വൈജാത്യങ്ങളും ചിന്താധാരകളും? മുന്‍ഗണനാടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളാത്തതിന്റെ കുഴപ്പമാണോ ഇത്?
രാജേഷ് പിലാത്തോട്ടത്തില്‍, അത്തോളി
ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ ദര്‍ശനങ്ങളെ സംബന്ധിച്ചേടത്തോളം സംഘടനകള്‍ക്കിടയില്‍ മൗലികമായ ഭിന്നതകളില്ല. തൗഹീദും രിസാലത്തും ആഖിറത്തും തന്നെയാണ് അടിസ്ഥാന തത്ത്വങ്ങളെന്ന് ഇസ്‌ലാമിക സംഘടനകളെല്ലാം അംഗീകരിക്കുന്നു. എന്നാല്‍ സാഹചര്യങ്ങളനുസരിച്ച് ഏത് വശത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളുണ്ട്. ഒരു പരിധിവരെ അത് സ്വാഭാവികവുമാണ്. ബഹുദൈവ സങ്കല്‍പവും തജ്ജന്യ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാഴുന്ന ഒരു സമൂഹത്തിലും കാലഘട്ടത്തിലും നിയുക്തനായ പ്രവാചകന്‍ അതിനെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണന നല്‍കാതെ താന്‍ ലക്ഷ്യം വെച്ച വിപ്ലവം സാക്ഷാത്കരിക്കാനാവുമായിരുന്നില്ല. എന്നാല്‍ അതോടൊപ്പം തന്നെ സമൂഹത്തില്‍ നടമാടിയിരുന്ന ഗോത്രവംശീയതയുടെയും തറവാടിത്ത മഹിമയുടെയും സമ്പത്തിന്റെയും പേരിലുള്ള ഉച്ചനീചത്വങ്ങള്‍ക്കും സ്ത്രീക്ക് തുല്യനീതി പോയിട്ട് മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്ന പുരുഷാധിപത്യ മനോഭാവത്തിനുമെതിരെ ശക്തമായിത്തന്നെ പൊരുതാന്‍ അദ്ദേഹം മടിച്ചില്ല. തദ്വാരാ വിശ്വാസപരമായും കര്‍മപരമായും ലോകത്തിന് മാതൃകയായ ഒരുത്തമ സമൂഹത്തെ വിസ്മയാവഹമാംവിധം പരിമിതമായ കാലയളവില്‍ അദ്ദേഹം സ്ഥാപിച്ചെടുത്തു. ആ സമൂഹം പ്രവാചകന്റെ കാലശേഷവും വളര്‍ന്നു വികസിച്ചുകൊണ്ടേയിരുന്നു. അതനുസരിച്ച് അവര്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും മാറ്റം വന്നു. ഇസ്‌ലാമിക കര്‍മ-നിയമ സംഹിതയായ ശരീഅത്തിന്റെ മൂലപ്രമാണങ്ങളില്‍ മൂന്നാമത്തേതായ ഇജ്തിഹാദിലൂടെ ഈ വെല്ലുവിളികളെ മൗലിക തത്ത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ നേരിടുന്നതില്‍ ചിന്തകരും പണ്ഡിതരും വിജയിച്ചതാണ് പിന്നീടുള്ള ചരിത്രം. ഇജ്തിഹാദില്‍ ചിന്താപരമായ വൈവിധ്യം അനിവാര്യമാണ്.
ഇന്ന് കാലവും ലോകവും ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യജീവിതത്തില്‍ വലുതായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായി ക്യാപിറ്റലിസവും സോഷ്യലിസവും കഴിഞ്ഞ് ആഗോളീകരണവും ഉദാരവല്‍ക്കരണവും തദ്വാരാ നവ മുതലാളിത്തവും ആധിപത്യം നേടുകയാണ്. ഈ സ്ഥിതിവിശേഷത്തെ വിശ്വാസിക്ക് നേരിടണമെങ്കില്‍ ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ ബദല്‍ ചിന്തകളെ കാലോചിതമായി അവതരിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാല്‍ അത് തികച്ചും പ്രസക്തവും കാലഘട്ടത്തിന്റെ അനുപേക്ഷ്യതയുമാണ്. തൗഹീദിനെയും രിസാലത്തിനെയും ആഖിറത്തിനെയും വിസ്മരിച്ചുള്ള മുന്‍ഗണനാക്രമമല്ല ഇത്. മൂന്നടിത്തറകളിലും ഊന്നിനിന്നുകൊണ്ടുതന്നെ ആധുനിക മനുഷ്യനെ നേര്‍വഴിക്ക് നയിക്കാനുള്ള യുക്തിഭദ്രമായ ശ്രമമാണ്. എന്നുവെച്ച് തൗഹീദിനു വേണ്ടിയും ശിര്‍ക്കിനെതിരെയും ഉല്‍പതിഷ്ണു പ്രസ്ഥാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന യത്‌നങ്ങളെ ഒരിക്കലും ഇസ്‌ലാമിക പ്രസ്ഥാനം വിലകുറച്ചുകാണുന്നില്ല. പല കാര്യങ്ങളിലും പരിഷ്‌കരണ സംരംഭങ്ങളോട് യോജിക്കുകയും ചെയ്യുന്നു. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമിനെ അംഗീകരിക്കാനാവില്ല എന്നതാണ് പ്രധാനം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൂഫിസവും കൂടിക്കലര്‍ന്ന മതസങ്കല്‍പങ്ങള്‍ ഇസ്‌ലാമിക തത്ത്വങ്ങളില്‍നിന്നുള്ള പ്രത്യക്ഷ വ്യതിയാനമാണെന്നതുകൊണ്ട് ആ ഭൂമികയില്‍ നിലയുറപ്പിച്ച സംഘടനകളോട് മൗലികമായ വിയോജിപ്പുകള്‍ വേണ്ടിവരും. ആത്മസംസ്‌കരണത്തിന്റെ മാര്‍ഗമാണ് യഥാര്‍ഥ സ്വൂഫികള്‍ കാണിച്ചത്. അത് ദര്‍ഗകളും ഖാന്‍ഗാഹുകളും കേന്ദ്രീകരിച്ച ആത്മീയ കച്ചവടമാക്കി മാറ്റിയതാണ് ഇന്നത്തെ സൂഫിസം. ഇസ്‌ലാമിനെ യഥാര്‍ഥ സ്രോതസ്സുകളിലൂടെ പഠിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇതൊക്കെ ബോധ്യപ്പെടാന്‍ ബുദ്ധിമുട്ടില്ല. പാശ്ചാത്യ നാടുകൡ ഉള്‍പ്പെടെ എത്രയോ ആളുകള്‍ ഇപ്പോഴും ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്ന സത്യം കാണാതെ പോവരുത്. സംഘടനകളുടെ ആധിക്യവും പരസ്പര വീക്ഷണ വൈരുധ്യങ്ങളും മനസ്സിലാക്കിക്കൊണ്ടുതന്നെയാണല്ലോ അവര്‍ മാറ്റത്തിന് സന്നദ്ധരാവുന്നത്. ലോകത്തിലെ ഒരു മതത്തിലും ദര്‍ശനത്തിലും പ്രത്യയശാസ്ത്രത്തിലും വൈരുധ്യങ്ങളും ഭിന്നതകളും ഇല്ലാതെയുമില്ല.
എന്തുകൊണ്ട് ഇസങ്ങളുടെ പിന്നാലെ?
ലോകചരിത്രത്തില്‍ മാനവസമൂഹത്തിന് എന്നും മാര്‍ഗദീപം തെളിച്ചത് മതദര്‍ശനങ്ങളാണ്. പക്ഷേ, ഇന്ന് മതവേദികളില്‍നിന്നുപോലും മതം വേറെ, ഭൗതികം വേറെ എന്ന അബദ്ധ ധ്വനികളാണ് കേട്ടുകൊണ്ടിരിക്കുന്നത്. അന്ത്യപ്രവാചകന്റെ അനുയായികളില്‍നിന്നുപോലും ഇതില്‍നിന്ന് ഭിന്നമായ സ്വരമല്ല മുഴങ്ങുന്നത്. മുഹമ്മദ് നബി പരിചയപ്പെടുത്തിയ മതദര്‍ശനത്തില്‍, അഥവാ ഇസ്‌ലാമില്‍ മത-ഭൗതിക തലങ്ങള്‍ ഒന്നുതന്നെയായിരുന്നില്ലേ? എന്നിട്ടുമെന്തേ ഈ വശത്ത് മുസ്‌ലിംകള്‍ പലവഴിക്കു ചിന്തിക്കുകയും അകന്നുപോവുകയും ചെയ്തത്? ഏറ്റവും നല്ല വ്യവസ്ഥ പ്രവാചകവ്യവസ്ഥയായിരുന്നിട്ടും ചിലര്‍ കമ്യൂണിസത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭൗതികവാദത്തിന്റെയും പിന്നാലെ പോകുന്നത് എന്തുകൊണ്ടായിരിക്കും? പ്രവാചകന്‍ പഠിപ്പിച്ച ദര്‍ശനങ്ങളേക്കാളും പ്രധാനം ഇന്ത്യന്‍ ജനാധിപത്യ-മതേതരത്വം പോലുള്ള വ്യവസ്ഥകള്‍ തന്നെയാണെന്ന് ഇവര്‍ ആണയിട്ട് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്? ഇസ്‌ലാമിക പ്രസ്ഥാനങ്ങളും വക്താക്കളും പഠിച്ച പണിയെല്ലാം ചെയ്തിട്ടും ഇന്നും വഞ്ചി തിരുനക്കര തന്നെ. വീണ്ടും ഒരു നവോത്ഥാന നായകന്‍ രംഗപ്രവേശം ചെയ്യാനുള്ള സമയം അതിക്രമിച്ചിരിക്കുകയല്ലേ?
നസ്വീര്‍ പള്ളിക്കല്‍, രിയാദ്
മതം വിശ്വാസികളുടെ സ്വകാര്യജീവിതത്തില്‍ ഒതുങ്ങേണ്ടതാണെന്നും വിശാലമായ ഭൗതിക വ്യവഹാരങ്ങളില്‍ അതിടപെട്ടുകൂടെന്നും ആധുനിക ലോകം ചിന്തിക്കാനും പറയാനും തുടങ്ങിയത് യൂറോപ്പില്‍ മതാധിഷ്ഠിത ഭരണകൂടങ്ങളുടെ പീഡനങ്ങളെത്തുടര്‍ന്നാണെന്ന് ചരിത്രം പറയുന്നു. സെക്യുലരിസത്തിന്റെയും ഡാര്‍വിനിസത്തിന്റെയും ഫ്രോയ്ഡിസത്തിന്റെയും ഒടുവില്‍ മാര്‍ക്‌സിസത്തിന്റെയും രംഗപ്രവേശം മതേതര ചിന്തക്ക് ശക്തിപകര്‍ന്നു. പക്ഷേ ദൈവത്തിനും മതത്തിനും പകരം വന്ന ക്യാപിറ്റലിസം, നാഷ്‌നലിസം, നാസിസം, ഫാഷിസം, മാര്‍ക്‌സിസം എന്നീ കേവല ഭൗതിക ദര്‍ശനങ്ങള്‍ മനുഷ്യലോകത്തിന് പൂര്‍വാധികം ദുരിതങ്ങളും നാശങ്ങളുമാണ് വിതച്ചത്. രണ്ട് ലോകയുദ്ധങ്ങളും ഹിറ്റ്‌ലര്‍, മുസോളിനി, സ്റ്റാലിന്‍, പോള്‍പോട്ട് തുടങ്ങിയവരുടെ അതിക്രൂരമായ സ്വേഛാധിപത്യങ്ങളും സമ്പൂര്‍ണ ഭൗതികത്വത്തിന്റെ അനശ്വര സംഭാവനകളാണ്. മതപുരോഹിതന്മാര്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ എന്തെന്ത് മാര്‍ഗങ്ങള്‍ സ്വീകരിച്ചാലും, ആ ചൂഷണങ്ങള്‍ ഇപ്പോഴും വൃത്തികെട്ട രീതിയില്‍ തുടരുന്നുണ്ടെങ്കിലും യഥാര്‍ഥ ദൈവിക ദര്‍ശനം നല്‍കുന്ന ശാന്തിക്കും സ്‌നേഹത്തിനും കാരുണ്യത്തിനും പകരം നില്‍ക്കാന്‍ മറ്റൊന്നിനും സാധിച്ചിട്ടില്ല എന്ന് ലോകം മനസ്സിലാക്കിക്കഴിഞ്ഞതാണ്. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല എന്നതാണ് സത്യം. നാസ്തികരും കേവല ഭൗതിക വാദികളുമായ ചിന്തകരും ദാര്‍ശനികരും ഭരണാധിപന്മാരും പാര്‍ട്ടികളും മതാതീത ആത്മീയതയെക്കുറിച്ചു പറയുന്നത് തന്നെ ആത്മീയതയില്ലാത്ത മനുഷ്യസമൂഹത്തെ വിഭാവന ചെയ്യാന്‍ പോലും സാധ്യമല്ലെന്നതിന്റെ ദൃഷ്ടാന്തമാണ്. പക്ഷേ, ആത്മാവില്ലാതെ എന്താത്മീയത? ദൈവമില്ലാതെ എന്ത് ആത്മാവ്? ആത്മാവ് നഷ്ടമായ ആധുനിക മനുഷ്യസമൂഹത്തില്‍ മുഹമ്മദ് നബി കാണിച്ച ആത്മീയ-ഭൗതിക സമന്വയത്തിന്റെ ഉദാത്തവും പ്രായോഗികവുമായ പാത മാത്രമാണ് ഏക രക്ഷാമാര്‍ഗം. മുന്‍കഴിഞ്ഞ എല്ലാ സത്യപ്രവാചകന്മാരുടെയും യഥാര്‍ഥാധ്യാപനങ്ങളെ സ്വാംശീകരിക്കുന്നു എന്നതാണതിന്റെ പ്രത്യേകത. ഇത് ലോകത്തോട് പറയാന്‍ കടപ്പെട്ട മുസ്‌ലിംകള്‍ അവരുടെ ദൗത്യം വിസ്മരിച്ചതിന്റെ ശിക്ഷയാണ് അവരും ലോകവും അനുഭവിക്കുന്നത്.
ഇന്ത്യന്‍ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ ഈ ദര്‍ശനത്തെ പാടെ നിരാകരിക്കുകയോ നിലനില്‍ക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ നിഷേധിക്കുകയോ ചെയ്യുന്നില്ല. അവസരം ഉപയോഗിക്കാന്‍ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ തെറ്റുതിരുത്തേണ്ടത് അവര്‍ തന്നെയാണ്.
മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതെന്തിന്?
രാജ്യത്ത് ഫാഷിസം ഭീഷണിയുയര്‍ത്തിയ ഘട്ടങ്ങളിലെല്ലാം മതേതര വോട്ടുകള്‍ ഭിന്നിച്ചുപോകാതെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ ഒരുമിച്ചുനിര്‍ത്തുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയ പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്‌ലാമി.
വര്‍ഗീയ ഫാഷിസം അതിന്റെ ബീഭത്സമുഖം പുറത്തെടുത്തുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍, മുസ്‌ലിം സമുദായത്തിനുള്ളില്‍നിന്നു തന്നെ മുസ്‌ലിം ലീഗ്, എ.ഐ.എം.ഐ.എം, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ഐ.എന്‍.എല്‍, പി.ഡി.പി എന്നിങ്ങനെ വേര്‍തിരിഞ്ഞ് തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നതിനെ മുജീബ് എങ്ങനെ വീക്ഷിക്കുന്നു?
മുഹമ്മദ് റാസി അറക്കിലാംകുന്ന്
മതന്യൂനപക്ഷ, ദലിത്, പിന്നാക്ക സമുദായ വോട്ടുകള്‍ ഫാഷിസത്തിനെതിരെ ഏകീകരിക്കുന്നതാണ് സന്ദര്‍ഭത്തിന്റെ താല്‍പര്യവും അനുപേക്ഷ്യതയും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പല സംസ്ഥാനങ്ങളിലും സമുദായങ്ങളിലുമായി ശിഥിലമാണ് ഫാഷിസ്റ്റ്‌വിരുദ്ധ വോട്ടുകള്‍. മതേതരമെന്നവകാശപ്പെടുന്ന മുഖ്യധാരാ പാര്‍ട്ടികളുടെ മതനിരപേക്ഷ ജനാധിപത്യത്തോടുള്ള വിരക്തിയും വിമുഖതയും തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാമെന്ന അബദ്ധധാരണയും കുടുംബവാഴ്ചാ പ്രവണതയും അധികാരത്തിനുവേണ്ടി ഏതു തത്ത്വവും ബലികഴിക്കാമെന്ന മനോഭാവവുമൊക്കെയാണ് ഏകീകരണത്തിന് തടസ്സമായി നില്‍ക്കുന്നത്. സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിതിയും വളരെയൊന്നും വ്യത്യസ്തമല്ല. കേരളത്തില്‍ ആര്‍.എസ്.എസ് പിന്തുണയുള്ള സ്ഥാനാര്‍ഥികള്‍ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സാമുദായിക പാര്‍ട്ടികള്‍ സാമാന്യമായി നിഷ്‌കര്‍ഷിക്കാറുണ്ട്. അതിലപ്പുറം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ മറ്റൊരു പാര്‍ട്ടിയെയും അംഗീകരിക്കാനാവില്ല എന്ന മുസ്‌ലിം ലീഗിന്റെ സമീപനം തുടരുന്നേടത്തോളം കാലം ഏകീകരണം പ്രതീക്ഷിക്കേണ്ടതില്ല. അസ്തിത്വം ബലികഴിച്ച് ലീഗില്‍ ലയിക്കാന്‍ മറ്റു പാര്‍ട്ടികള്‍ തയാറുമല്ല.
മുസ്‌ലിം സ്ഥാനാര്‍ഥി പ്രാതിനിധ്യം
മുസ്‌ലിം സമുദായത്തിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുസ്‌ലിമായെന്ന ഒറ്റക്കാരണത്താല്‍ മുന്നണികള്‍ കഴിവുള്ളവരെ തഴയുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ മുഖ്യധാരാ പാര്‍ട്ടികള്‍ മുസ്‌ലിംകളെ അകറ്റിനിര്‍ത്തുകയാണ് പതിവ്. കാലങ്ങളായി പാര്‍ട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരെപ്പോലും തെരഞ്ഞെടുപ്പുവേളയില്‍ അവഗണിക്കുന്നു. മുസ്‌ലിം വനിതകള്‍ക്ക് അര്‍ഹമായ പരിഗണനയും ലഭിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടിനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ കക്ഷികളുടെ സാന്നിധ്യം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനേ ഉതകൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'മുജീബ്' എന്തുപറയുന്നു?
പി.വി.സി മുഹമ്മദ് പൊന്നാനി
കേരള മുസ്‌ലിംകളില്‍ ഗണ്യമായ ഭാഗം അണിനിരന്നിരിക്കുന്നത് മുസ്‌ലിം ലീഗിന്റെ പിന്നിലാണ്. ലീഗിന്റെ സ്ഥാനാര്‍ഥികളില്‍ 99-100 ശതമാനം മുസ്‌ലിംകളാണുതാനും. ബാക്കിയുള്ളവര്‍ അധികവും സി.പി.എമ്മിലും കോണ്‍ഗ്രസിലുമാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒരേ മുന്നണിയിലായതുകൊണ്ട് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് ജയസാധ്യതയുള്ള മിക്ക മണ്ഡലങ്ങളും ലീഗിന് വിട്ടുകൊടുക്കേണ്ടിവരുന്നു. സ്വാഭാവികമായും കോണ്‍ഗ്രസ് മുസ്‌ലിംകളുടെ സ്ഥാനാര്‍ഥിത്വ സാധ്യതകളെയാണത് പ്രതികൂലമായി ബാധിക്കുന്നത്. സി.പി.എമ്മില്‍ മുസ്‌ലിംകള്‍ കുറേ പേരുണ്ടെങ്കിലും ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകള്‍ പരിമിതമാണ്. പരിമിതിയില്‍ നിന്നുകൊണ്ട് സി.പി.എം മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാറുണ്ട്. ചിലരൊക്കെ ജയിച്ചുകയറുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും യോഗ്യരായ മുസ്‌ലിം സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ എല്‍.ഡി.എഫ് കുഴങ്ങുന്നതായാണ് വിവരം. ഇതിലൊക്കെ ബോധപൂര്‍വമായ അവഗണന ആരോപിക്കാന്‍ സാധ്യത കുറവാണ്.
മതേതര പാര്‍ട്ടികള്‍ രണ്ട് മുന്നണികളിലായി ഭിന്നിച്ച് പരസ്പരം ഏറ്റുമുട്ടുന്ന കേരളത്തില്‍ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ മുസ്‌ലിം സമുദായ പാര്‍ട്ടികള്‍ മാത്രം ഒന്നിക്കണമെന്നാവശ്യപ്പെടുന്നതില്‍ യാഥാര്‍ഥ്യബോധമില്ല. ഫാഷിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ അവര്‍ക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ യുക്തമായ നിലപാട് സ്വീകരിക്കുകയാണ് പ്രായോഗികം.
Comments