Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

ബ്രസല്‍സിലെ ഭീകരാക്രമണം

മുപ്പതിലധികം പേര്‍ വധിക്കപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബ്രസല്‍സ് സ്‌ഫോടനം അധികൃതര്‍ പ്രതീക്ഷിച്ചതുതന്നെയായിരുന്നു. കാരണം, ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്, കഴിഞ്ഞ നവംബര്‍ 13-ന് നടന്ന പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സ്വലാഹ് അബ്ദുസ്സലാമിനെ ബെല്‍ജിയം പോലീസ് പിടികൂടുന്നത്. ഐ.എസ് ഭീകര സംഘത്തിന്റെ യൂറോപ്പിലെ പ്രധാന കണ്ണികളിലൊന്നാണ് സ്വലാഹ് അബ്ദുസ്സലാമും സംഘവും. ഇയാളുടെ മൂത്ത സഹോദരന്‍ പാരീസ് ആക്രമണത്തില്‍ ചാവേറായി വധിക്കപ്പെട്ടിരുന്നു. സ്വലാഹ് അബ്ദുസ്സലാം ജനിച്ചതും വളര്‍ന്നതും ബ്രസല്‍സിലാണെങ്കിലും ഫ്രഞ്ച് പൗരനാണ്. ഇയാള്‍ കള്ള പാസ്‌പോര്‍ട്ടില്‍ സിറിയയിലേക്കും ബെല്‍ജിയത്തിലേക്കുമൊക്കെ നിര്‍ബാധം സഞ്ചരിക്കാറുണ്ടായിരുന്നുവത്രെ. ഈ സുരക്ഷാ വീഴ്ചയാണ് പാരീസ് ആക്രമണത്തിന് സൗകര്യമൊരുക്കിയതെന്നും വിമര്‍ശനമുയര്‍ന്നു. പാരീസ് ആക്രമണത്തിനു ശേഷം ബ്രസല്‍സിലേക്ക് രക്ഷപ്പെട്ട അബ്ദുസ്സലാമിനെ മാസങ്ങള്‍ക്കു ശേഷമാണ് ബെല്‍ജിയം പോലീസിന് പിടികൂടാനായത്.

അബ്ദുസ്സലാമിന്റെ നജീം ലഅ്ശറാവി, മുഹമ്മദ് അബ്‌റീനി എന്നീ രണ്ട് കൂട്ടാളികളാണ് ബ്രസല്‍സിലെ എയര്‍പോര്‍ട്ടിലും അണ്ടര്‍ഗ്രൗണ്ട് മെട്രോയിലും മാര്‍ച്ച് 22-ന് സ്‌ഫോടനം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. അബ്ദുസ്സലാമിനെ പിടികൂടിയതിനുള്ള പ്രതികാരമായിരിക്കാം ഈ ഭീകരാക്രമണം. അല്ലെങ്കില്‍, മുഖ്യ സൂത്രധാരനെ പിടികൂടിയതിനാല്‍ രഹസ്യ വിവരങ്ങളത്രയും ശേഖരിച്ച് പോലീസ് തങ്ങളുടെ താവളങ്ങള്‍ കണ്ടെത്തുമോ എന്ന ഭീതിയുമാവാം. രണ്ടായാലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും വമ്പിച്ചതായിരിക്കും. അമേരിക്കയിലിപ്പോള്‍ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ ആരെന്ന് കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിന് മത്സരിക്കുന്നവരില്‍ തുടക്കം മുതലേ ഒന്നാം സ്ഥാനത്ത് ഡൊണാള്‍ഡ് ട്രംപ് എന്ന കോടീശ്വരനാണ്. മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും ലാറ്റിനമേരിക്കന്‍ വംശജര്‍ക്കുമെതിരെ വംശീയ വിദ്വേഷം തുപ്പിക്കൊണ്ടാണ് ട്രംപിന്റെ അരങ്ങേറ്റം. മുസ്‌ലിംകളെ അമേരിക്കയില്‍ കടക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇത് റിപ്പബ്ലിക്കന്‍ അണികളില്‍നിന്നുതന്നെ കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. സംസാരം കുറച്ച് മയപ്പെടുത്താന്‍ ട്രംപും കൂട്ടരും തയാറായി.

പക്ഷേ, പന്ത് ഇപ്പോള്‍ വീണ്ടും ട്രംപിന്റെ കോര്‍ട്ടില്‍തന്നെ എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്ത് ബ്രസല്‍സ് ഭീകരാക്രമണം ഇസ്‌ലാമോഫോബിയക്ക് വേണ്ടതിലധികം ഇന്ധനം പകര്‍ന്നുനല്‍കുമെന്ന് ഉറപ്പ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ടെഡ് ക്രൂസ് സ്വരം മാറ്റിക്കഴിഞ്ഞു. സിറിയന്‍ അഭയാര്‍ഥികളോടുള്ള പ്രസിഡന്റ് ബറാക് ഒബാമയുടെ മൃദു നിലപാട് ഭീകരാക്രമണങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് ക്രൂസിന്റെ പ്രസ്താവന. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഹിലരി ക്ലിന്റണിനും കുറച്ചൊക്കെ സ്വരം കടുപ്പിക്കാതെ നിര്‍വാഹമുണ്ടാവുകയില്ല. 2001 സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്കയില്‍ അറബികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരിലുള്ള വംശീയ അതിക്രമങ്ങള്‍ 1600 ശതമാനമാണത്രെ കൂടിയത്. പാരീസ് -ബ്രസല്‍സ് പോലുള്ള ഭീകരാക്രമണങ്ങള്‍ ഇത്തരം വംശീയാതിക്രമങ്ങളുടെ ശതമാനം കുത്തനെ ഉയര്‍ത്തിക്കൊണ്ടിരിക്കും. അമേരിക്കന്‍ മുസ്‌ലിംകളുടെ സൈ്വരജീവിതം മാത്രമല്ല, നിലനില്‍പുതന്നെ അപകടത്തിലാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടാം.

യൂറോപ്പില്‍ സ്ഥിതി കുറേക്കൂടി ഗുരുതരമാണ്. അമേരിക്കയില്‍ 2001 സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ല. വിവിധ യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ ഇടക്കിടെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നു. 2004-ല്‍ മാഡ്രിഡിലും 2005-ല്‍ ലണ്ടനിലും ആക്രമണങ്ങളുണ്ടായി. പാരീസ്-ബ്രസല്‍സ് ആക്രമണങ്ങള്‍ക്ക് മാസങ്ങളുടെ ഇടവേളയേയുള്ളൂ. സിറിയന്‍ അഭയാര്‍ഥിപ്രശ്‌നം രൂക്ഷമായതും പാരീസ് ആക്രമണം നടക്കുന്നതും ഏതാണ്ട് ഒരേ സമയത്താണ്. ഇത് ഏറ്റവുമധികം സന്തോഷിപ്പിച്ചത് എല്ലാ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ശക്തിപ്പെട്ടുവരുന്ന തീവ്ര വലതുപക്ഷ കക്ഷികളെയാണ്. അഭയാര്‍ഥി പ്രശ്‌നവും ഭീകരാക്രമണങ്ങളും അവര്‍ നന്നായി മുതലെടുക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്കു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തീവ്ര വലതുപക്ഷ കക്ഷികള്‍ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. പോളണ്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി അവിടത്തെ തീവ്ര വലതുപക്ഷം അധികാരത്തില്‍ വരെ എത്തിയിരിക്കുന്നു. അടുത്ത ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരമ്പരാഗത പാര്‍ട്ടികളെ തീവ്ര വലതുപക്ഷം പിന്നിലാക്കുമോ എന്നു പോലും ആശങ്ക ഉയര്‍ന്നിരിക്കുന്നു. കടുത്ത കുടിയേറ്റവിരുദ്ധരായ ഈ പാര്‍ട്ടികള്‍ അറബ്-മുസ്‌ലിം കുടിയേറ്റത്തെയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്.

ഐ.എസ്, അല്‍ഖാഇദ പോലുള്ള ഭീകര സംഘങ്ങളുടെ അതിജീവനതന്ത്രമായും ഇത്തരം ആക്രമണങ്ങളെ കാണണം. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഐ.എസിന് ഇറാഖിലും സിറിയയിലും വലിയ തിരിച്ചടിയാണ് ഏറ്റുകൊണ്ടിരിക്കുന്നത്. അവരുടെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും എതിരാളികള്‍ പിടിച്ചെടുത്തു. മുസ്‌ലിം പണ്ഡിതന്മാരും സംഘടനകളും വിദ്യാകേന്ദ്രങ്ങളും നടത്തിയ കൂട്ടായ ബോധവത്കരണത്തിന്റെ ഫലമായി ചെറുപ്പക്കാര്‍ അത്തരം ഭീകര സംഘങ്ങളുടെ വലയിലകപ്പെടുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഈ തിരിച്ചടിയുടെ ക്ഷീണം തീര്‍ക്കാനാവാം, യൂറോപ്യന്‍ നഗര പ്രാന്തങ്ങളില്‍ തൊഴിലില്ലാതെയും കടുത്ത വിവേചനങ്ങള്‍ അനുഭവിച്ചും ഗല്ലികളില്‍ കഴിഞ്ഞുകൂടുന്ന അറബ് വംശജരായ ചെറുപ്പക്കാരെ ഐ.എസ് നോട്ടമിടുന്നത്. മുസ്‌ലിം രാഷ്ട്രങ്ങളും പണ്ഡിത നേതൃത്വവും ഈ പുതിയ വെല്ലുവിളി കൂടി ഗൗരവത്തില്‍ കാണുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. 

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍