Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

സംഘ്പരിവാറിന്റെ സൂഫി സമ്മേളനം

ഹസനുല്‍ ബന്ന

ണ്ടും മൂന്നും മടങ്ങ് സുരക്ഷാ കോട്ട കെട്ടിയും പങ്കെടുക്കുന്നവരുടെ പട്ടിക മുന്‍കൂറായി സമര്‍പ്പിച്ച് അനുമതി വാങ്ങി പാസുകള്‍ തയാറാക്കിയും ഭദ്രമാക്കിയ ന്യൂദല്‍ഹി വിജ്ഞാന്‍ ഭവന്റെ അകത്ത് പരിചിതമല്ലാത്ത ചിട്ടവട്ടങ്ങളായിരുന്നു മാര്‍ച്ച് 17-ലെ ലോക സൂഫി ഫോറം ഉദ്ഘാടന ചടങ്ങില്‍. കര്‍ക്കശമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു ശേഷം ഹാളിലെത്തുന്നവരെ നിരീക്ഷിക്കാനും പതിവില്ലാത്തവിധം മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. പടിപടിയായുള്ള ഹാളിന്റെ ഓരോ നിരയുടെയും ഇടത്തും വലത്തും അറ്റങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിര്‍ത്തിയിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ സ്റ്റേജിനു മുമ്പില്‍നിന്ന് പടമെടുക്കുകയെന്ന പതിവും അന്ന് ലംഘിക്കപ്പെട്ടു. 

പലപ്പോഴും രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിശിഷ്ടാതിഥികളായി എത്താറുള്ള ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ അന്നൊന്നും കാണാത്ത രണ്ട് വിശിഷ്ടാതിഥികളുടെ സാന്നിധ്യമാണ് ശ്രദ്ധേയമായത്. നരേന്ദ്ര മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയരക്ടര്‍ സയ്യിദ് ആസിഫ് ഇബ്‌റാഹീമും. മോദിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 'ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍' പ്രസ്ഥാനമുണ്ടാക്കിയ 'വിവേകാനന്ദ ഫൗണ്ടേഷന്റെ' അമരക്കാരനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഉയര്‍ത്തപ്പെട്ട അജിത് ഡോവല്‍. സംഘ് പരിവാര്‍ പശ്ചാത്തലത്തില്‍നിന്നും കേന്ദ്ര സര്‍ക്കാറിന്റെ നയപരവും ദേശസുരക്ഷാപരവുമായ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന അധികാരസ്ഥാനത്തെത്തിയ ഉന്നത ഉദ്യോഗസ്ഥന്‍. ഇന്റലിജന്‍സ് ബ്യറോയുടെയും 'റോ'യുടെയും തലപ്പത്തുണ്ടായിരുന്ന ആസിഫ് ഇബ്‌റാഹീമിന് സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം നരേന്ദ്ര മോദി നല്‍കിയ ദൗത്യമാണ് മുസ്‌ലിം സമുദായത്തിനകത്തേക്ക് സര്‍ക്കാറിനൊരു പാലം പണിയുകയെന്നത്.

ആരെ എവിടെ ഇരുത്തണമെന്നത് സംബന്ധിച്ചെല്ലാം ഡോവലും ആസിഫും ആള്‍ ഇന്ത്യാ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ്  അശ്‌റഫ് കച്ചോച്ചിക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. 

ഉദ്ഘാടന ചടങ്ങിനത്തെുമെന്നറിയിച്ചിരുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ എത്തിക്കാണാഞ്ഞപ്പോള്‍ അദ്ദേഹത്തിനൊഴിച്ചിട്ട കസേരയില്‍ അവസാന നിമിഷം ആരെ ഇരുത്തണമെന്നത് സംബന്ധിച്ചും കച്ചോച്ചി ഇരുവരുടെയും നിര്‍ദേശം തേടി. ഇരുവരെയും കൂടാതെ മുന്‍നിരയിലെ കസേരയില്‍ ഡോവലിനടുത്ത് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ല. വിവിധ ദര്‍ഗകളുമായും ട്രസ്റ്റുകളുമായും ബന്ധപ്പെട്ട് കഴിയുന്നവര്‍ക്കൊപ്പം പ്രതിനിധികളായി സദസ്സില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തകരും. വിജ്ഞാന്‍ ഭവനിലെ വേദിയിലേക്ക് നരേന്ദ്ര മോദി കടന്നുവന്നപ്പോള്‍ തന്നെ സൂഫി സമ്മേളനം സംഘ്പരിവാറിന്റെ അജണ്ട നടപ്പാക്കാനാണെന്ന് വ്യക്തമായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇടയിലിരുന്ന ഗുജറാത്തില്‍നിന്നുള്ള ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകന്‍ ഗുലാം മുസ്ത്വഫ 'ഭാരത് മാതാ കീ ജയ്' എന്ന് അത്യുച്ചത്തില്‍ വിളിച്ചു. മുസ്ത്വഫയുടെ ഇടതും വലതും ഇരുന്ന ഈരണ്ടു പേര്‍ അതേറ്റ് വിളിക്കുകകൂടി ചെയ്തതോടെ സദസ്സിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒറ്റയും തെറ്റയുമായി ഭാരത് മാതാ കീ ജയ് വിളികളുയര്‍ന്നു. സുരക്ഷാ സന്നാഹത്തില്‍ ശ്വാസം പിടിച്ചുനിര്‍ത്തിയ സദസ്യര്‍ അമ്പരപ്പോടെ നോക്കുന്നതിനിടയില്‍ മോദിക്ക് അഭിമുഖമായി ഇരുന്നിരുന്ന ഗുലാം മുസ്ത്വഫ എഴുന്നേറ്റുനിന്ന് കൈകൂപ്പി. അതിനകം കസേരയിലിരുന്നിരുന്ന മോദി ചിരപരിചിതനായ മുസ്ത്വഫയെ കണ്ട് ചിരിച്ചുകൊണ്ട് എഴുന്നേറ്റുനിന്ന് തിരിച്ചും കൈകൂപ്പി. ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനിന്ന കാന്തപുരത്തിന് പകരമെന്നോണം വന്ന ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിക്ക് സദസ്സിലാണ് ഇടം കിട്ടിയത്. കാന്തപുരമാകട്ടെ പിന്നീട് ഇന്ത്യാ ഇസ്‌ലാമിക് സെന്ററിലും രാംലീല മൈതാനിയിലും സംസാരിക്കുകയും ചെയ്തു.

മുസ്‌ലിം മഞ്ചിനു ശേഷം 'സൂഫി'കളിലേക്ക് 

ഇന്ദ്രേഷ് കുമാറിന്റെ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന് നേതാക്കളാകാന്‍ ഏറെ പേരെ കിട്ടിയെങ്കിലും അവരുമായി വ്യക്തിപരമായി ബന്ധപ്പെട്ട വിരലിലെണ്ണാവുന്നവരെ മാത്രമേ സമുദായത്തില്‍നിന്ന് അണികളായി കിട്ടിയിട്ടുള്ളു. ആര്‍.എസ്.എസ് ഏജന്റുമാരെന്ന നിലയില്‍ മുസ്‌ലിം സമുദായത്തിനകത്ത് ആദരവും മതിപ്പും പിടിച്ചുപറ്റാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. മുസ്‌ലിംകളിലേക്കിറങ്ങിചെല്ലാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും ആര്‍.എസ്.എസ്സിന്റെ ഈ മുസ്‌ലിം മഞ്ച് സമുദായത്തില്‍ ഒറ്റപ്പെട്ടുതന്നെ നിന്നു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റമദാനില്‍ പ്രധാനമന്ത്രി മോദിയെ കൊണ്ട് ഇഫ്ത്വാര്‍ നടത്തിക്കാതിരുന്ന ആര്‍.എസ്.എസ്, മുസ്‌ലിം രാഷ്ട്രീയ മഞ്ചിനെയും ഇന്ദ്രേഷ് കുമാറിനെയും അതിനായി ശട്ടം കെട്ടി പാര്‍ലമെന്റ് അനക്‌സ് വിട്ടുകൊടുത്തത് മുസ്‌ലിം ബഹുജനങ്ങളിലേക്ക് ഔദ്യോഗികമായി ഇറങ്ങിച്ചെല്ലുന്നതിനായിരുന്നു. എന്നാല്‍ എം.ആര്‍.എമ്മിന്റെ പ്രവര്‍ത്തനങ്ങളൊന്നും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഫലം ചെയ്യുന്ന തരത്തില്‍ ബി.ജെ.പിവിരുദ്ധ ന്യൂനപക്ഷ വോട്ടുകളില്‍നിന്ന് ഒന്നും അടര്‍ത്തുകയില്ല എന്ന് സംഘ്പരിവാര്‍ തിരിച്ചറിഞ്ഞു. 

ഇതിനിടയില്‍ മുസ്‌ലിംകള്‍ സംഘടിച്ച് എതിര്‍ത്ത് വോട്ട് ചെയ്തതിനെ തുടര്‍ന്ന് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ഏതെങ്കിലും വിഭാഗത്തെ അടര്‍ത്തണമെന്ന സംഘ്പരിവാര്‍ ചിന്തക്ക് ആക്കം കൂട്ടി. ബിഹാറിനു പിറകെ മുസ്‌ലിംകള്‍ നിര്‍ണായകമായ അസമിലും ബംഗാളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ബി.ജെ.പിയുടെ അസ്വസ്ഥതയേറ്റി. അങ്ങനെയാണ് ദര്‍ഗകളിലേക്കും സൂഫി പാരമ്പര്യക്കാരായ ബറേല്‍വികളിലേക്കും പാലം പണിയാനുള്ള മോദിയുടെ അജണ്ടക്ക് സംഘ്പരിവാര്‍ അംഗീകാരം നല്‍കിയത്. 2011-ല്‍ ഗുജറാത്തില്‍ മോദി നടത്തിയ സദ്ഭാവനാ ഉപവാസത്തിലെ ബറേല്‍വി സാന്നിധ്യവും അജണ്ടക്ക് അംഗീകാരം നല്‍കുന്നതിനുള്ള ന്യായീകരണമായി. ദയൂബന്ദികളും ബറേല്‍വികളും തമ്മിലുള്ള ഭിന്നതയുടെ ചരിത്രവും വര്‍ത്തമാനവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നന്നായറിയുന്ന ആസിഫ് ഇബ്‌റാഹീമിനെ തന്നെയാണ് തന്റെ ദേശീയ ദൗത്യത്തിന് മോദി തെരഞ്ഞെടുത്തത്. വ്യത്യസ്ത ദര്‍ഗകളും താല്‍പര്യങ്ങളുമുള്ള ബറേല്‍വികളെ മോദിക്കായി യോജിപ്പിച്ച് ഒരു കുടക്കീഴിലാക്കാന്‍ ആസിഫ് നന്നായി പരിശ്രമിച്ചു. ദല്‍ഹിയിലെ മതവേദികളില്‍ അത്ര സജീവമല്ലാതിരുന്ന ഉത്തര്‍പ്രദേശിലെ സയ്യിദ് മുഹമ്മദ് അശ്‌റഫ് കച്ചോച്ചിയെയാണ് ഇതിനുപയോഗപ്പെടുത്തിയത്. ചില ഖാന്‍ഗാഹുകളിലുള്ളവരെ ചേര്‍ത്ത് 'അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആദര്‍ശം' ഉയര്‍ത്തിപ്പിടിക്കാനെന്നു പറഞ്ഞ് കച്ചോച്ചി സ്ഥാപിച്ച ആള്‍ ഇന്ത്യാ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡിനെ അതിനുള്ള വേദിയാക്കി മാറ്റുകയും ചെയ്തു. തെളിഞ്ഞും ഒളിഞ്ഞും മോദിയുമായി സഹകരിക്കാന്‍ മനസ്സുള്ളവരെ കച്ചോച്ചിയും തെരഞ്ഞുപിടിച്ചു. ഓഖ്‌ല ജാമിഅ നഗറിലെ ജൗരി ഫാമിലാണ് സംഘടനയുടെ ഓഫീസ്. അങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൂഫി നേതാക്കളുടെ ആദ്യ സമാഗമത്തിന് വഴിയൊരുങ്ങി. 

മശാഇഖുകള്‍, സുന്നി സൂഫി പണ്ഡിതര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ അക്കാദമിക് പണ്ഡിതര്‍, അധ്യാപകര്‍, മതനേതാക്കള്‍ എന്നിവരടങ്ങുന്ന പ്രതിനിധിസംഘവുമായി കച്ചോച്ചി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27-ന് നരേന്ദ്ര മോദിയെ കണ്ടു. അജ്മീര്‍ ദര്‍ഗയിലെ സയ്യിദ് മെഹ്ദി മിയാന്‍ ചിശ്തി, ദല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയിലെ സയ്യിദ് അഹ്മദ് നിസാമി തുടങ്ങിയവര്‍ക്കൊപ്പം മോദിയെ നേരില്‍ കാണാനായി കേരളത്തില്‍നിന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരും അന്ന് ദല്‍ഹിയിലെത്തി. ഓരോ പ്രതിനിധികള്‍ക്കും നേരിട്ട് മോദിയുമായുള്ള ആശയവിനിമയത്തിനും അവസരമൊരുക്കി. 

''പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യം മനസ്സിലാക്കി. 'സൂഫിവര്യന്മാര്‍ മുന്നോട്ടുവെച്ച ആദര്‍ശം ഇന്ത്യന്‍ ധര്‍മചിന്തയുടെ അവിഭാജ്യഘടകമാണെന്നും പക്ഷേ തീവ്രവാദത്തിന്റെ ശക്തികള്‍ ഇതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും' പ്രധാനമന്ത്രി മോദി പറഞ്ഞത് അതുകൊണ്ടാണ്''-  കൂടിക്കാഴ്ചയെക്കുറിച്ച കാന്തപുരത്തിന്റെ ഈ പ്രതികരണം പുറത്തുവിട്ടത് ബോര്‍ഡ് തന്നെയാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അംഗീകരിക്കാത്ത സത്യമാണ് നരേന്ദ്ര മോദി അംഗീകരിച്ചതെന്നും ആള്‍ ഇന്ത്യാ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡ് പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തര ബന്ധം സ്ഥാപിക്കണമെന്നും  നിസാമുദ്ദീന്‍ ദര്‍ഗയിലെ സയ്യിദ് അഹ്മദ് നിസാമി അഭിപ്രായപ്പെട്ടു.

ആദര്‍ശമാനത്തിന് 'ആത്മീയ ഇസ്‌ലാം'

ഈ കൂടിക്കാഴ്ച കഴിഞ്ഞതില്‍ പിന്നെ മോദി സര്‍ക്കാറുമായുള്ള ബന്ധം മറച്ചുവെക്കാന്‍ ആള്‍ ഇന്ത്യാ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡ് ഒരിക്കലും ശ്രമിച്ചില്ല. കഴിഞ്ഞ ഒക്‌ടോബറില്‍, ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് നിരപരാധികളെ കൊന്നൊടുക്കുകയും തുറുങ്കിലടക്കുകയും ചെയ്ത അബ്ദുല്‍ ഫത്താഹ് സീസി ഇന്ത്യയിലേക്ക് വന്നപ്പോള്‍ ദല്‍ഹിയില്‍ കരിദിനമാചരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇരു രാജ്യങ്ങളിലെയും സമാനമായ ചില പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിലേക്കുള്ള സീസിയുടെ വരവ് സഹായകമാകുമെന്ന് വ്യക്തമാക്കി അദ്ദേഹത്തെ സ്വാഗതം ചെയ്ത് കച്ചോച്ചി പ്രസ്താവനയിറക്കി. കരിദിനാചരണക്കാരെ വിലക്കിയ മോദി സര്‍ക്കാര്‍ സീസിയെ അഭിവാദ്യം ചെയ്യാന്‍ കച്ചോച്ചിയുടെ ആളുകള്‍ക്ക് അവസരമൊരുക്കി. അതിനു ശേഷമാണ് ഐ.എസ്.ഐ.എസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ വളര്‍ന്നുവരുന്ന സ്വാധീനത്തിന് മറുമരുന്നായി 'ആത്മീയ ഇസ്‌ലാമി'നെ അവതരിപ്പിച്ച് സംഘ്പരിവാര്‍ - സൂഫി ബാന്ധവത്തിന് ആദര്‍ശപരമായ മാനം നല്‍കാനുള്ള ലോക സൂഫി ഫോറം എന്ന സര്‍ക്കാര്‍ അജണ്ട നടപ്പാക്കിയത്. 

ലോക സൂഫി ഫോറത്തിന് കൂടിയാലോചന തുടങ്ങിയപ്പോള്‍  ആസിഫ് ഇബ്‌റാഹീം വഹിക്കുന്ന പങ്ക് സംബന്ധിച്ച് ആള്‍ ഇന്ത്യാ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡ് പ്രസിഡന്റ് മൗലാന അശ്‌റഫ് കച്ചോച്ചിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയും ചെയ്തു. 'ഞങ്ങള്‍ക്ക് സര്‍ക്കാറിന്റെ പിന്തുണയുണ്ട്. പങ്കെടുക്കുന്ന വിദേശ പ്രതിനിധികളുടെ വിസ ശരിയാക്കുന്നതിലും മറ്റും ഈ പിന്തുണ ആവശ്യമാണ്. ഇസ്‌ലാമിന്റെ ശരിയായ അധ്യാപനങ്ങള്‍ പ്രചരിപ്പിച്ച് തീവ്രവാദം ഇല്ലാതാക്കുന്ന വിഷയം സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്' എന്നായിരുന്നു അതിന് കച്ചോച്ചി നല്‍കിയ മറുപടി. വിദേശത്തു നിന്നുള്ള പ്രതിനിധികളെ സര്‍ക്കാര്‍ കണ്ടെത്തിക്കൊടുത്തുവെന്ന് പറയുന്നതാകും കുടുതല്‍ ശരി. അങ്ങനെയാണ് സ്ത്രീസ്വാതന്ത്ര്യവാദികളായ സൂഫി പാരമ്പര്യക്കാരെ പാകിസ്താനില്‍നിന്നും അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും മോദി സര്‍ക്കാര്‍ ഇറക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍, മോദി അനുകൂലികളുടെ ഒരുക്കങ്ങള്‍ക്കിടയില്‍ മോദിവിരുദ്ധരായ  സൂഫി നേതാക്കള്‍ മുന്നറിയിപ്പുമായി രംഗത്തെത്തി. 'ഇത് വ്യക്തമായ രാഷ്ട്രീയമാണെന്നും ജനങ്ങളെ ഒന്നിപ്പിക്കാനല്ല ഭിന്നിപ്പിക്കാനാണെന്നും താന്‍ പങ്കെടുക്കില്ലെന്നും' അജ്മീര്‍ ദര്‍ഗയുമായി ബന്ധപ്പെട്ട ദീവാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ചടങ്ങായതിനാല്‍ താന്‍ പങ്കെടുക്കില്ലെന്ന് ഹസ്രത്ത് സലീം ചിശ്തി മഖ്ബറയിലെ പീര്‍സാദ റഇീസ് മിയാന്‍ ചിശ്തിയും പരസ്യ പ്രഖ്യാപനം നടത്തി. മറ്റു സൂഫി പാരമ്പര്യക്കാരും എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സംഘ്പരിവാറിന്റെ അഭിമാനപ്രശ്‌നമായി മാറിയ സൂഫി ഫോറം വിജയിപ്പിച്ചെടുക്കാന്‍ കോടികള്‍ വാരിയെറിയുന്നതാണ് ദല്‍ഹി കണ്ടത്. 

ലോക സൂഫി ഫോറത്തിന്റെ സംഘാടകരില്‍ ഒരാളും ആള്‍ ഇന്ത്യാ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡ് നിര്‍വാഹക സമിതി അംഗവുമായ എം.കെ ചിശ്തി ദര്‍ഗാ കമ്മിറ്റികളെ സംഘടിപ്പിച്ചതിന്റെ രീതിയും അനുഭവവും വിവരിച്ചതിങ്ങനെ: 'ഗുജറാത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും ദര്‍ഗകളുമായും സില്‍സിലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഗൗനിക്കാറില്ലായിരുന്നു. അധികാരസ്ഥാനങ്ങളിലേക്കൊന്നും അവര്‍ സൂഫി പാരമ്പര്യമുള്ളവരെ തെരഞ്ഞെടുക്കില്ല. ഇക്കാര്യം പല തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് 2005-ല്‍ ഞാന്‍ മോദിയോടൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് മോദിക്ക് വേണ്ടി ഈ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. മോദിയുമായി സഹകരിക്കാന്‍ തയാറായ സൂഫി പാരമ്പര്യക്കാരെ ഒരുമിച്ചുകൂട്ടിയാണ് 2011-ലെ സദ്ഭാവനാ മിഷന്‍ സംഘടിപ്പിച്ചത്. മുസ്‌ലിം സമുദായത്തോട് അടുക്കാനുള്ള മോദിയുടെ ആദ്യ പരസ്യപരിപാടിയായി മാറിയ സദ്ഭാവനാ ഉപവാസത്തിന്റെ കോ-ഓര്‍ഡിനേറ്ററുടെ ചുമതല എനിക്കാണ് ലഭിച്ചത്.' ഈ ഉപവാസത്തിനെത്തിയ മുസ്‌ലിംകള്‍ തൊപ്പി അണിയിച്ചപ്പോള്‍ മോദി വിസമ്മതിച്ചത് വന്‍ വിവാദമായത് ചിശ്തി അനുസ്മരിച്ചു. മോദിയോടൊപ്പം ഈ ഉപവാസത്തില്‍ പങ്കുകൊണ്ടവര്‍ക്ക് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് സീറ്റ് നല്‍കാന്‍ ബി.ജെ.പി തയാറായി. അങ്ങനെയാണ് ഗുജറാത്തില്‍ 200ഓളം മുസ്‌ലിം കൗണ്‍സിലര്‍മാരെയുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞത്. ഗുജറാത്തിലെ ഈ രീതി ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചതാണ് ഇപ്പോള്‍ കാണുന്നതെന്നും ചിശ്തി പറഞ്ഞു. 

എന്നാല്‍, ചിശ്തി കണ്ടതിനപ്പുറത്തേക്ക് കാര്യങ്ങളെത്തിയെന്ന് പാകിസ്താനിലെയും ഇറാഖിലെയും സിറിയയിലെയും പ്രതിനിധികളുടെ സാന്നിധ്യം തെളിയിച്ചു. ദേശീയ മാനത്തില്‍നിന്നും അന്തര്‍ദേശീയ തലത്തിലെത്തിച്ചതോടെ സംഘ് പരിവാറിന്റെ ആഗോള അജണ്ടക്കുള്ള ലോഞ്ചിംഗ് പാഡായി ലോക സൂഫി ഫോറം മാറുകയാണ്. 

 

വനിതാ സെമിനാറിലെ ഉലമാക്കളും മശാഇഖുകളും!

ലോക സൂഫി ഫോറത്തില്‍ വാര്‍ത്താമാധ്യമങ്ങളുമായുള്ള സമ്പര്‍ക്കത്തിന് നിയുക്തനായ മലയാളി കൂടിയായ സനു നായറിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍ബന്ധിച്ച് ക്ഷണിച്ച പരിപാടിയായിരുന്നു വനിതാ സൂഫി സെമിനാര്‍. ഏതു പരിപാടി വിട്ടുപോയാലും മാധ്യമങ്ങള്‍ ഇത് വിട്ടുകളയരുതെന്ന് അവര്‍ നിരന്തരം ഓര്‍മിപ്പിച്ചതുകൊണ്ടുകൂടിയാണ് ആ പരിപാടി കേള്‍ക്കാന്‍ 19-3-2016-ന് ഉച്ചക്ക് രണ്ട് മണിക്ക് ഇന്ത്യാ ഇസ്‌ലാമിക് സെന്ററിലെ ഒന്നാം നമ്പര്‍ കോണ്‍ഫറന്‍സ് റൂമിലെത്തിയത്. സ്ത്രീകളുടെ നിയന്ത്രണത്തിന് വിട്ടുകൊടുത്ത സെമിനാര്‍ വേദിയുടെ മുമ്പിലിരിക്കുന്ന സൂഫി നേതാക്കളുടെ കൂട്ടത്തില്‍ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡ് പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ് കച്ചോച്ചിയുമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തന മേഖലയില്‍നിന്ന് 'സൂഫി മാര്‍ഗ'ത്തിലെത്തിയ സാദിയ ദഹ്‌ലവിയാണ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചത്. 

ലോക സൂഫി ഫോറത്തിന്റെ അജണ്ട നിര്‍ണയിച്ചതില്‍ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡിന് ഒരു പങ്കുമില്ലെന്ന് തെളിയിക്കാന്‍ ഇന്ത്യാ ഇസ്‌ലാമിക് സെന്ററിലെ സെമിനാര്‍ ഹാളില്‍ ഒരുക്കിയ വനിതാ സൂഫി സമ്മേളനം തന്നെ മതിയായിരുന്നു. 'നേതാക്കളെന്ന നിലയിലും സമാധാന സന്ദേശകരെന്ന നിലയിലും സ്ത്രീകളുടെ പങ്കും ഇസ്‌ലാമും' എന്ന തലക്കെട്ടില്‍നിന്ന് വ്യക്തമായിരുന്നു വനിതാ സൂഫി സെമിനാര്‍ നല്‍കുന്ന സന്ദേശം. 

ഖാജാ ഗരീബ് നവാസിന്റെയും നിസാമുദ്ദീന്‍ ഔലിയയുടെയും ഭക്തയായി സ്വയം വിശേിപ്പിക്കാറുള്ളതു കൊണ്ടാണ് സൂഫി ഫോറത്തിന്റെ സംഘാടനത്തില്‍ അവരുമുള്‍പ്പെട്ടത്. ഹിജാബ് ധരിക്കാതെയും കാണാറുള്ള സാദിയ പക്ഷേ ഈ പരിപാടിയില്‍ തലഭാഗം മാത്രം മറക്കുന്ന തൊപ്പി ധരിച്ചാണ് അധ്യക്ഷ പദത്തിലിരുന്നത്. അതേസമയം കാനഡയില്‍നിന്നുള്ള അഫ്‌റാ ജലാബിയും പാകിസ്താനിലെ ചിശ്തി സില്‍സിസലക്കാരിയായ സുംബാല്‍ ഇഫ്തിഖാറും ഹിജാബ് ധരിക്കാതെത്തന്നെ സൂഫി നേതാക്കള്‍ക്ക് മുമ്പില്‍ സ്റ്റേജിലിരുന്നു. സദസ്സിലുണ്ടായിരുന്ന സൂഫി പാരമ്പര്യക്കാരായ ഉത്തരേന്ത്യന്‍-പാകിസ്താനി വനിതകളില്‍ പലര്‍ക്കും ഹിജാബില്ലായിരുന്നു. അതുകൊണ്ടാണ് ലകും ദീനുകും വലിയ ദീന്‍ എന്നോതി മുസ്‌ലിം പുരുഷന്മാര്‍ക്ക് താടിയും സ്ത്രീകള്‍ക്ക് ഹിജാബും നിര്‍ബന്ധമില്ലെന്ന വീക്ഷണം സാദിയ ദഹ്‌ലവി അവതരിപ്പിച്ചതും സദസ് അത് കൈയടിച്ച് അംഗീകരിച്ചതും. 

സ്ത്രീകളെ നേതൃനിരയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്ന ഉലമാക്കളും മശാഇഖുകളുമുള്ള ഒരു ബോര്‍ഡ് സ്വന്തം പേരില്‍ അടിച്ചിറക്കിയ പ്രോഗ്രാം നോട്ടീസില്‍ പോലും ഈ തലക്കെട്ട് വന്നത് അവിചാരിതമല്ല, ബോധപൂര്‍വമാണെന്ന് ആര്‍ക്കും മനസ്സിലാകും. മോദി സര്‍ക്കാര്‍ നിര്‍ണയിച്ച അജണ്ട തിരുത്താന്‍ ബോര്‍ഡിലെ ഉലമകള്‍ക്കും മശാഇഖുകള്‍ക്കും അധികാരമില്ലല്ലോ. 

 

ലോക സൂഫി ഫോറം പ്രഖ്യാപനം

കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രഥമ ലോക സൂഫി ഫോറം അംഗീകരിച്ച 25 ഇന പ്രഖ്യാപനം. ലോക സൂഫി ഫോറത്തിനു കീഴില്‍ അഖിലേന്ത്യാ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡ് ഇന്ത്യന്‍ ഭരണകൂടത്തോട് നടത്തുന്ന ആഹ്വാനം എന്ന ആമുഖത്തോടെയാണ് ബോര്‍ഡ് പ്രസിഡന്റ് മൗലാനാ അശ്‌റഫ് കച്ചോച്ചി രാംലീല മൈതാനിയില്‍ ഈ പ്രഖ്യാപനം സമര്‍പ്പിച്ചത്:

1)  മാനവികതയോടുള്ള പൂര്‍ണ ആദരവോടെ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെയും സൂഫികളുടെ മൊഴികളെയും തിളക്കമാര്‍ന്ന ഇന്ത്യന്‍ ഭരണഘടനയെയും ഞങ്ങള്‍ പൂര്‍ണമനസ്സോടെ ബഹുമാനിക്കുന്നു. അവയുടെ പ്രചാരണത്തിനായി വാദിക്കുക മാത്രമല്ല, ഈ അടിത്തറകള്‍ ശക്തമാക്കുന്നതിന് ഞങ്ങളുടെ ഭാഗം സജീവമായി നിര്‍വഹിക്കുമെന്ന് പ്രതിജ്ഞയും ചെയ്യുന്നു. 

2) ഈ സ്വഭാവ വിശേഷങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന അജയ്യമായ ഇന്ത്യക്ക് മഹത്തായ മൂല്യവും അഭിമാനവുമാണെന്ന് സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരത്തോടും ജനാധിപത്യത്തോടും വൈവിധ്യമാര്‍ന്ന സമൂഹങ്ങളോടുമുള്ള വണക്കത്തോടുകൂടി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അവ ഇനിയും വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളോടും കൂടി ഞങ്ങള്‍ മുന്നോട്ടുപോകുമെന്ന് സമ്മിശ്രമായ ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള ബഹുമാനത്തോടെ  ഞങ്ങള്‍ ആണയിടുന്നു. 

3) ഇന്ത്യയുടെ അഖണ്ഡതക്കായി സമഗ്ര ദേശീയതയിലൂന്നിനിന്ന് വിഭാഗീയതയുടെ എല്ലാ ശക്തികളെയും തള്ളിക്കളയുകയും അവയുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. വര്‍ഗീയ വിദ്വേഷം വമിക്കുന്നവര്‍ ഇന്ത്യന്‍ ഐക്യദാര്‍ഢ്യത്തിന് വലിയ ഭീഷണിയാണ്. അത്തരത്തിലുള്ളവരെ മതവും ജാതിയും പരിഗണിക്കാതെ നീതിക്ക് മുമ്പാകെ കൊണ്ടുവരണം.

4) മുസ്‌ലിംകളിലും ഇതര സമുദായങ്ങളിലും വിഭാഗീയ ചിന്താഗതികള്‍ വളര്‍ന്നുവരുന്ന വര്‍ത്തമാനകാല ശാപം  അഭിമുഖീകരിക്കുകയാണ് നാം. ഇറാഖിലെയും സിറിയയിലെയും പോലെ ഇത് പലപ്പോഴും സാധാരണക്കാരും നിരപരാധികളുമായ മുസ്‌ലിംകളുടെ ക്രൂരവും രക്തദാഹം നിറഞ്ഞതുമായ കൂട്ടക്കുരുതികളിലാണ് കലാശിക്കുന്നത്. ആ തരത്തിലുള്ള എല്ലാ വിഭാഗീയ ആശയങ്ങളെയും ഞങ്ങള്‍ തള്ളിക്കളയുന്നു. 

5) താലിബാന്‍, അല്‍ഖാഇദ, ഐസിസ് തുടങ്ങി എല്ലാ ഭീകര സംഘടനകളും ഇസ്‌ലാംവിരുദ്ധ മനുഷ്യവിരുദ്ധ ഘടകങ്ങളും ആത്മീയ സൂഫി വൃന്ദം സ്ഥാപിച്ച മാനവകുലത്തിന്റെ സാഹോദര്യം നശിപ്പിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെയും മനുഷ്യാവകാശങ്ങളുടെയും നിര്‍ലജ്ജമായ ലംഘനങ്ങളെ അപലപിക്കുന്നതോടൊപ്പം സമുദായത്തിന്റെ സമവായത്തിനെതിരായ അത്തരം തീവ്രവാദ സംഘടനകളില്‍നിന്നും ഖുര്‍ആന്റെയും ഹദീസിന്റെയും ദുര്‍വ്യാഖ്യാനങ്ങളില്‍നിന്നും അകന്നുനില്‍ക്കണമെന്ന് മുസ്‌ലിം യുവാക്കളോട് ശക്തമായി ആവശ്യപ്പെടുന്നു. 

6) സിവിലിയന്മാരെ നീതിരഹിതമായി കൊലപ്പെടുത്തുകയും സ്വത്തുക്കളും സമ്പത്തും നശിപ്പിക്കുകയും സര്‍ക്കാറിനെതിരെ കലഹമുണ്ടാക്കുകയും  മുസ്‌ലിംകളെ കാഫിറാക്കുകയും പ്രാദേശികവും അന്തര്‍ദേശീയവുമായ പുണ്യസ്ഥാനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നതിനെ കടുത്ത ഭാഷയില്‍ ഞങ്ങള്‍ അപലപിക്കുന്നു. ബുദ്ധിപരവും സാമൂഹികവും മതപരവും രാഷ്ട്രീയവും സാമ്പത്തികവും ആദര്‍ശപരവുമായ എല്ലാതരം ഭീകരതകളെയും കൃത്യവും വ്യക്തവുമായ വാക്കുകളില്‍ ഞങ്ങള്‍ അപലപിക്കുന്നു. അതേസമയം ലോകസമാധാനത്തിനും ഐക്യത്തിനും ആര് നടത്തുന്ന പരിശ്രമങ്ങളെയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. 

7) സൂഫിസവും മനുഷ്യകുലത്തിന്റെ ആത്മീയ സാഹോദര്യവും അനുകമ്പയും അംഗീകാരവും സഹിഷ്ണുതയും ദേശീയ ആഗോള സൗഹാര്‍ദവും പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് 'ലോക സമാധാന ദൗത്യം' ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞങ്ങള്‍ പ്രതിജഞ ചെയ്യുന്നു. 

8) ആത്മീയമായും ആരാധനാപരമായും ശരിയായ മുസ്‌ലിംകളുമായി യോജിക്കുന്ന പ്രവാചക പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സൂഫിസത്തെ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് ഞങ്ങള്‍ ഇതിനാല്‍ വ്യക്തമാക്കുന്നു. ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ സൂഫിസം അസാധുവും നിര്‍ഥകവുമാണെന്നും അറിയിക്കുന്നു.

9) സൂഫിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ക്ക് ലോകത്തെ മുഴുവന്‍ സര്‍ക്കാറുകളോട്, വിശേഷിച്ചും ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു. 

10) സൂഫിസത്തിന്റെ പ്രോത്സാഹനത്തിനും സ്‌കൂളുകളിലും മദ്‌റസകളിലും സൂഫി സാഹിത്യം പഠിപ്പിക്കുന്നതിനും പ്രയോഗവത്കരിക്കുന്നതിനും ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു.

11) സൂഫി സര്‍ക്യൂട്ട്, സൂഫി സെന്റര്‍, സൂഫി കോറിഡോര്‍ എന്നിവയിലൂടെ ബന്ധിപ്പിച്ച് എല്ലാ സൂഫിതീര്‍ഥാടന കേന്ദ്രങ്ങളെയും മുഖ്യധാരയിലെത്തിക്കണം.

12) സൂഫിസം ഒരു പാഠ്യപദ്ധതിയാക്കി 'ഗരീബ് നവാസ് യൂനിവേഴ്‌സിറ്റി' സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നു

13) സൂഫിസം പ്രോത്സാഹിപ്പിക്കാന്‍ എല്ലാ പ്രഗത്ഭ സര്‍വകലാശാലകളിലും സൂഫി ചെയറുകള്‍ സ്ഥാപിക്കണമെന്ന് അപേക്ഷിക്കുന്നു. 

14) 70 ശതമാനം സൂഫി സാഹിത്യങ്ങളും പേര്‍ഷ്യന്‍ ഭാഷയിലായതിനാല്‍ ആ ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റില്‍ പ്രത്യേക വിഹിതം വകയിരുത്തണം.

15) സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തണം. സാമൂഹിക വിദ്യാഭ്യാസ വികസനമില്ലാതെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പുരോഗതി സാധ്യമല്ല.

16) കലാപങ്ങള്‍ മൂലം മുസ്‌ലിംകള്‍ക്കിടയില്‍ ഒരുതരം ഭീതിയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെയുണ്ടായ ചെറുതും വലുതുമായ കലാപങ്ങളിലും സംഭവങ്ങളിലും എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും വേണം. 

17) മുസ്‌ലിം ജനസാന്ദ്രത കൂടുതലുള്ള മേഖലകളില്‍ ആധുനിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും സാങ്കേതികവും തൊഴില്‍പരവുമായ പരിശീലനം ലഭ്യമാക്കുകയും ചെയ്യണം. 

18) കേന്ദ്ര മദ്‌റസാ ബോര്‍ഡ് ബില്‍ പാര്‍ലമെന്റ് ഉടന്‍ പാസാക്കണം. 

19) കേന്ദ്ര-വഖ്ഫ് കൗണ്‍സില്‍, സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍, കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍, മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്‍, നാഷ്‌നല്‍ മൈനോറിറ്റി ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തുടങ്ങിയ വേദികളില്‍ സൂഫി പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണം. 

20) യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബില്ലും നവാഡ്‌കോയും പുനഃപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണം. 

21) കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം 'ദര്‍ഗ മാനേജ്‌മെന്റ് കമ്മിറ്റി' ഉണ്ടാക്കണം. 

22) പത്ര, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ എഡിറ്റോറിയലുകളിലും വാര്‍ത്തകളിലും കാഴ്ചപ്പാടുകളിലും തീവ്രവാദ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന തീവ്രവാദ ചിന്തകളും ആശയങ്ങളും വരുന്നത് നോക്കാന്‍ മാനവ വിഭവ ശേഷി, വാര്‍ത്താവിതരണ പ്രക്ഷേപണ, ന്യൂനപക്ഷ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് ഒരു സമിതിയുണ്ടാക്കണം.

23) അലീഗഢിന്റെയും ജാമിഅ തുടങ്ങിയ സ്ഥാപനങ്ങളുടെയും  ന്യൂനപക്ഷ പദവി നിലനിര്‍ത്തണം

24) കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. 

25) 90 ശതമാനം മുസ്‌ലിംകളും പരമ്പരാഗതമായി സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിച്ച് ഖുര്‍ആനിക അധ്യാപനങ്ങള്‍ക്ക് എതിരു പ്രവര്‍ത്തിക്കുന്നതിനെ സൂഫി ഫോറം അപലപിക്കുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹികവും  സാമൂഹികവുമായ അക്രമങ്ങളെ അപലപിക്കുന്നു. അതോടൊപ്പം ആത്യന്തിക സ്വാതന്ത്ര്യവാദത്തിന്റെ പേരില്‍ സ്ത്രീകളോട് കാണിക്കുന്ന അന്തസ്സില്ലായ്മയും അവമതിയും ചൂഷണവും അപലപിക്കുന്നു. 

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍