Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

മുഖദ്ദിമ അക്കാദമിക് സമ്മിറ്റ്: സാര്‍ഥകമായ വൈജ്ഞാനിക തീര്‍ഥാടനം

സാലിഹ് കോട്ടപ്പളളി

ക്ഷരാര്‍ഥത്തില്‍ 'മുഖദ്ദിമ' ഒരു തീര്‍ഥാടനം തന്നെയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ കാത്തിരുന്ന്, യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തി, വളരെ മുന്നൊരുക്കങ്ങളോടെ നടത്തിയ തീര്‍ഥാടനം. ദല്‍ഹിയിലെയും ഹൈദരാബാദിലേതുമടക്കമുള്ള ഉന്നത സര്‍വകലാശാലകളിലെ ഗവേഷകരും വിദ്യാര്‍ഥികളുമായവര്‍ വ്രതമെടുത്ത് കാത്തിരുന്നവരെപ്പോലെയാണ് ഈ അക്കാദമിക് സമ്മിറ്റിനെത്തിയത്. അടുത്തെത്തിയ യു.ജി.സി നെറ്റ്പരീക്ഷ പ്രതിനിധികളുടെ എണ്ണം കുറയ്ക്കുമോ എന്ന സംഘാടകരുടെ ആശങ്ക രജിസ്ട്രഷന്റെ ആദ്യദിനങ്ങളില്‍ തന്നെ ഇല്ലാതായി. രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും പങ്കെടുപ്പിക്കാനാവില്ലല്ലോ എന്ന നിരാശയാണ് പിന്നീട് സംഘാടകരെ കുഴക്കിയത്. ഓരോ തീര്‍ഥാടനവും സ്വന്തത്തെ ശുദ്ധമാക്കാനും പുതുക്കാനുമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍, മുഖദ്ദിമ വിജ്ഞാനത്തെ പുതുക്കുമെന്നും കൂടുതല്‍ തെളിച്ചത്തിലേക്ക് നയിക്കുമെന്നുമുള്ള പ്രതീക്ഷയായിരിക്കണം സമ്മിറ്റിലേക്ക് അറിവനുരാഗികളെ ആകര്‍ഷിച്ചത്.

എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സാമൂഹിക ശാസ്ത്രത്തിലെ ഏറ്റവും പുതിയ വായനകളും സിദ്ധാന്തങ്ങളും പരിചയപ്പെടുത്തുന്നതിന് ഒരാമുഖം എന്ന നിലയിലാണ് 'മുഖദ്ദിമ' ആസൂത്രണം ചെയ്തത്. സാമൂഹിക ശാസ്ത്രത്തിലെ ഇസ്‌ലാമിക പക്ഷത്തുനിന്നുള്ള എക്കാലത്തെയും മഹത്തായ സംഭാവനയായ ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയുടെ ഓര്‍മ കൂടിയാണ് പേരിനു പിന്നിലെ പ്രചോദനം. പരിപാടിയുടെ അവസാനഘട്ടം വരെ സാങ്കേതിക കാരണങ്ങളാല്‍ പ്രധാനപ്പെട്ട അതിഥികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും സമ്മിറ്റില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്നതിന് ഒരുത്തരമേയുള്ളൂ. അത് പരിപാടിയില്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളുടെ കരുത്ത് എന്നതാണ്. പ്രധാനമായും മൂന്ന് തലക്കെട്ടുകളാണ് സമ്മിറ്റ് ചര്‍ച്ച ചെയ്തത്. ഇസ്‌ലാമിക് ഡികൊളോണിയാലിറ്റി, ഇസ്‌ലാമിക് ലിബറേഷന്‍ തിയോളജി, സാമൂഹിക സിദ്ധാന്തങ്ങള്‍ എന്നിവ. ഈ മൂന്ന് തലക്കെട്ടുകള്‍ തന്നെയായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം.  ഈ മൂന്ന് തലക്കെട്ടുകളിലും വിഷയാവതരണത്തിനും സംവാദത്തിനും ഏറ്റവും അനുയോജ്യരായ അതിഥികള്‍ തന്നെ എത്തി. അന്താരാഷ്ട്ര തലത്തിലെയും ദേശീയ തലത്തിലെയും അക്കാദമികരംഗത്തെ പ്രഗല്‍ഭരുടെ സാന്നിധ്യം കൂടിയായപ്പോള്‍, ഒരുപക്ഷേ ഇന്ത്യയിലെ വലിയ സര്‍വകലാശാലകള്‍ക്ക് പോലും സാധ്യമാകാത്ത അര്‍ഥത്തിലുള്ള വലിയ വൈഞ്ജാനിക സംഗമമായി മുഖദ്ദിമ മാറുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗ് സര്‍വകലാശാല അധ്യാപകനും ഇസ്‌ലാമിക ചിന്തകനുമായ ഫരീദ് ഇസാക്കും ബ്രിട്ടനിലെ ഓപണ്‍ യൂനിവേഴ്‌സിറ്റി അധ്യാപകന്‍ സയീദ് മുസ്തഫ അലിയുമായിരുന്നു 2015 ഡിസംബര്‍ 23,24 തീയതികളില്‍ കണ്ണൂരില്‍ നടന്ന സമ്മിറ്റിലെ ഏറ്റവും ശ്രദ്ധേയരായ അതിഥികള്‍. രണ്ട് ദിവസവും മുഴുസമയം സമ്മിറ്റില്‍ പങ്കെടുത്ത ഇരുവരും പ്രതിനിധികള്‍ക്ക് ആവേശകരമായ സാന്നിധ്യമായി. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനും ഇസ്‌ലാമിക ചിന്തകനുമായ സആദതുല്ലാ ഹുസൈനിയായിരുന്നു. അക്കാദമിക മേഖലയില്‍ തല്‍പരരായ ഒരു സദസ്സിനോട് പങ്കുവെക്കേണ്ട ഗൗരവപ്പെട്ട വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ഇസ്‌ലാമിന്റെ വിജ്ഞാനശേഷിയെക്കുറിച്ച ഭയമാണ് ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ യൂറോപ്യന്‍ വംശീയത ശ്രമിക്കുന്നതിന്റെ പിന്നിലെന്ന് അദ്ദേഹം ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ സമര്‍ഥിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതാനുഭവങ്ങളെയും മൂല്യങ്ങളെയും വിജ്ഞാനത്തെയും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി. പരിപാടിയില്‍ അധ്യക്ഷ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്  കേരളത്തിലെ ഏറ്റവും പുതിയ സാഹചര്യത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധിയും ചൂണ്ടിക്കാണിക്കുകയും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അറിവിനെ പാകപ്പെടുത്തണമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു. സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ ടി. ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന അധ്യക്ഷന്‍ നഹാസ് മാള എന്നിവരും ഉദ്ഘാടന സെഷനില്‍ സംസാരിച്ചു. 

പിന്നീട് നടന്ന 'റ്റുവാര്‍ഡ്‌സ് എ ഇസ്‌ലാമിക് ഡികൊളോണിയാലിറ്റി' എന്ന സെഷനില്‍ സയീദ് മുസ്ത്വഫ അലി വിഷയാവതരണം നടത്തി. കൊളോണിയല്‍, പോസ്റ്റ് കൊളോണിയല്‍ ഇസ്‌ലാം വായനയിലെ പരിമിതികളെ ഡികൊളോണിയല്‍ ചിന്താപദ്ധതിയിലൂടെ എങ്ങനെ മറികടക്കാം എന്നതിന്റെ വിശദീകരണമായി അദ്ദേഹത്തിന്റെ ക്ലാസ്. വ്യത്യസ്തതകളെ മാനിക്കുന്ന ജനാധിപത്യപരമായ ലോകം എല്ലാവര്‍ക്കുമായി സൃഷ്ടിച്ചെടുക്കുന്നതിന് കൊളോണിയല്‍ വിജ്ഞാനത്തിന്റെ അടിസ്ഥാനങ്ങളെ നിഗ്രഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്   ഷമീര്‍ പ്രസ്തുത സെഷനില്‍ സംസാരിച്ചു. തുടര്‍ന്ന് 'മതവും വിമോചനവും' എന്ന തലക്കെട്ടില്‍ നടന്ന സെഷനില്‍ ഫരീദ് ഇസാക്ക്, ഡോ. എം.ബി മനോജ്, എ.എ ബിനോയ്,  കെ.കെ ബാബുരാജ്, കെ. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. സെഷനിലെ ഫരീദ് ഇസാക്കിന്റെ പ്രഭാഷണം ഇസ്‌ലാമിക വിമോചന സങ്കല്‍പത്തിന് പ്രായോഗികവും ചിന്താപരവുമായ അടിത്തറ നിര്‍ദേശിക്കുന്നതായിരുന്നു. പാര്‍ശ്വവത്കൃതര്‍ക്ക് വേണ്ടത് ഔദാര്യമോ സഹാനുഭൂതിയോ അല്ല, മറിച്ച് നീതിനിഷേധത്തെ നേരിടലാണെന്ന് അദ്ദേഹം പ്രമാണബദ്ധമായി അവതരിപ്പിച്ചു. ഖുര്‍ആനിലെ 'അന്നാസ്', 'മുസ്തദ്ഇഫൂന്‍', 'മുസ്തക്ബിറൂന്‍' തുടങ്ങിയ പദപ്രയോഗങ്ങളുടെ അര്‍ഥതലങ്ങളും വ്യാഖ്യാന സാധ്യതകളും പ്രതിപാദിച്ച സംസാരം ചിന്തോദ്ദീപകമായിരുന്നു. ഒന്നാം ദിനം രാത്രി നടന്ന 'ഐഡിയ ഓഫ് ഇസ്‌ലാം ടുഡെ' എന്ന പാനല്‍ ചര്‍ച്ച സമ്മിറ്റിലെ ഏറ്റവും ശ്രദ്ധേയ പരിപാടിയായിരുന്നു. സമകാലിക ലോകത്ത് ഇസ്‌ലാമിന്റെ പ്രതിനിധാനവും അതിജീവനവും സാധ്യമാകുന്നത് സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സെഷനില്‍ അവതരിപ്പിക്കപ്പെട്ടു. ഫരീദ് ഇസാക്ക്, സയീദ് മുസ്ത്വഫ അലി, എസ്.എസ് ഹുസൈനി, എം.ടി അന്‍സാരി, പ്രഫ. ജി അലോഷ്യസ് തുടങ്ങിയവര്‍ സംസാരിച്ച സെഷനില്‍ കെ. അഷ്‌റഫ് മോഡറേറ്ററായി.

രണ്ടാം ദിനം 'വിജ്ഞാനം, അധികാരം, സാമൂഹികമാറ്റം' എന്ന സെഷനില്‍ ക്രിറ്റിക്കല്‍ ക്വസ്റ്റ് എഡിറ്റര്‍  പ്രഫ. ജി അലോഷ്യസ്, തൊങ്കം ബിപിന്‍, നാരായണ്‍ എം ശങ്കരന്‍, ആബിദ് സേട്ട് സംസാരിച്ചു. 'ഇന്ത്യന്‍ ദേശീയത, ആധുനികത, മതേതരത്വം, ഇസ്‌ലാം' എന്ന സെഷനില്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ എം.ടി അന്‍സാരി മുഖ്യപ്രഭാഷണം നടത്തി. താഹിര്‍ ജമാല്‍, ഇ.എസ് മുഹമ്മദ് അസ്‌ലം, എം.കെ നസീഫ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന 'ലിംഗ സംവാദങ്ങളുടെ പൊളിച്ചെഴുത്ത്' എന്ന സെഷനില്‍ ഡോ. വര്‍ഷ ബഷീര്‍, ഉമ്മുല്‍ ഫായിസ, എ. നജ്ദ, മുഹ്‌സിന അയ്യൂബ്, നാജിയ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന മോഡറേറ്ററായി. അവസാന സെഷനായ 'കീഴാള രാഷ്ട്രീയവും സാമൂഹിക മാറ്റവും' എന്ന സെഷനില്‍ പി.കെ. സാദിഖ്, ജെയിംസ് മൈക്കിള്‍, ശിഹാബ് പൂക്കോട്ടൂര്‍, ടി. മുഹമ്മദ് വേളം, ഒ.കെ സന്തോഷ്, വര്‍ഷ ബഷീര്‍, നഹാസ് മാള പങ്കെടുത്തു.

സമ്മിറ്റിലെ സെഷനുകളില്‍ അവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങള്‍ യൂടൂബില്‍ ലഭ്യമാക്കിയിട്ടുണ്ട്. അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരവും പുറത്തിറക്കുന്നുണ്ട്. എസ്.ഐ.ഒവിന്റെ മുഖപത്രമായ കാമ്പസ് അലൈവിന്റെ വെബ്‌പോര്‍ട്ടല്‍ സമ്മിറ്റില്‍ വെച്ച് ഫരീദ് ഇസാക്ക് പ്രകാശനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ പി.പി ജുമൈല്‍ സമ്മിറ്റിന്റെ ഡയറക്ടറും എ. ആദില്‍ ജനറല്‍ കണ്‍വീനറുമായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍