Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

ഖാദിയാനിസവും ഇസ്‌ലാമിക സമൂഹവും

മുജീബ്

അഹ്മദിയാക്കളെ (ഖാദിയാനികള്‍) അമുസ്‌ലിംകളാക്കാന്‍ വ്യഗ്രതപ്പെടുന്നതിനു പകരം അവരെ കൂടുതല്‍ ഇസ്‌ലാമീകരിച്ച് സമുദായത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് വേണ്ടത്. ചാപ്പകുത്തി ബഹിഷ്‌കരിക്കാനും ഇവിടെ ആര്‍ക്കും അധികാരമില്ല. അഹ്മദിയാക്കള്‍ എല്ലാവരും ഒരേപോലെയല്ല- നല്ലൊരു വിഭാഗം ആളുകള്‍ മീര്‍സാ സാഹിബ് ഒരു പ്രവാചകനല്ല, കവിഞ്ഞാല്‍ കേവലം ഒരു പരിഷ്‌കര്‍ത്താവ് മാത്രമാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ്. അഹ്മദിയാ ജമാഅത്തിന്റെ കേരള സ്റ്റേറ്റ് നേതാവായിരുന്ന എ.പി കുഞ്ഞാമു സാഹിബ് ഈ നിലപാട് പുലര്‍ത്തിയ വ്യക്തിയായിരുന്നു. ചന്ദ്രിക സബ് എഡിറ്ററായിരുന്ന അബ്ദുല്‍ ഖയ്യൂം സാഹിബ് അഹ്മദിയാ വിഭാഗത്തില്‍ പെട്ട ആളായിരുന്നെങ്കിലും മീര്‍സാ സാഹിബ് ഒരിക്കലും ഒരു പ്രവാചകനല്ലെന്ന ഉറച്ച  അഭിപ്രായക്കാരനായിരുന്നു. ഇത്തരക്കാരെ ഒറ്റയടിക്ക് അമുസ്‌ലിം മുദ്രയടിച്ച് ഭ്രഷ്ട് കല്‍പിക്കാവതല്ല. കടുത്ത ബഹുദൈവത്വ(ശിര്‍ക്)പരമായ വിശ്വാസം പുലര്‍ത്തുന്നവര്‍ സമുദായത്തിന്റെ ഭാഗമായി തുടരുമ്പോള്‍ അഹ്മദിയാക്കളെ (ഖാദിയാനികള്‍) ഭ്രഷ്ട് കല്‍പിച്ച് അകറ്റേണ്ടതില്ല. വല്ല പാളിച്ചയുമുണ്ടെങ്കില്‍ നന്നാക്കി എടുക്കാവുന്നതേയുള്ളൂ.

'സുഊദി അറേബ്യ ഇവര്‍ക്ക് ഹജ്ജ് വിസ അനുവദിക്കാറില്ല' എന്ന പ്രസ്താവന ശുദ്ധ അവാസ്തവമാണ്. നൂറുകണക്കിന് ഖാദിയാനികള്‍ വര്‍ഷം തോറും ഹജ്ജിന് പോകാറുണ്ട്; അല്‍ ഹിന്ദ് ട്രാവല്‍സ് ഉള്‍പ്പെടെ പല ട്രാവല്‍ ഏജന്‍സികള്‍ മുഖേനയും കേരളാ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേനയും ധാരാളം അഹ്മദിയാ ജമാഅത്ത് പ്രവര്‍ത്തകര്‍ ഇക്കാലമത്രയും ഹജ്ജിന് പോയിക്കൊണ്ടിരിക്കുന്നുണ്ട്. കണ്ണൂരിലും കോഴിക്കോടുമുള്‍പ്പെടെ എത്രയോ മുസ്‌ലിം ഗൃഹങ്ങളില്‍ അഹ്മദിയാ ജമാഅത്ത് പ്രവര്‍ത്തകര്‍ വിവാഹബന്ധം സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും മുസ്‌ലിം പള്ളികളില്‍ ജുമുഅക്ക് പങ്കെടുക്കാറുമുണ്ട്. അല്ലാമാ ഇഖ്ബാല്‍ ഖാദിയാനിസത്തെ എതിര്‍ത്തിരുന്നുവെന്നതും ശരിയല്ല. ശുദ്ധ കളവാണ്'' (ടി. ജംഷാദ്, മാത്തോട്ടം- ചന്ദ്രിക ആഴ്ചപ്പതിപ്പ് ജനുവരി 9, 2016). പ്രതികരണം?

അഹ്മദ് നുഅ്മാന്‍, കോഴിക്കോട് (കുറ്റിച്ചിറ)

എത്ര കടുത്ത മതനിഷേധിയുടെ നേരെയും സംവാദത്തിന്റെ വാതില്‍ കൊട്ടിയടക്കുക ഇസ്‌ലാമിന്റെ സംസ്‌കാരമല്ല. മഹാ ഏകാധിപതിയായിരുന്ന ഫറോവയുടെ സന്നിധാനത്തില്‍ ചെന്ന് സത്യപ്രബോധനം നിര്‍വഹിക്കാനായിരുന്നല്ലോ പ്രവാചകന്മാരായ മൂസായോടും ഹാറൂനോ(റ)ടും അല്ലാഹുവിന്റെ പ്രഥമ കല്‍പന. അഹ്മദികള്‍ ഏക ദൈവവിശ്വാസികളും മുഹമ്മദി(സ)നെ നബിയായി അംഗീകരിക്കുന്നവരും ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളില്‍ ചിലത് സ്വീകരിക്കുന്നവരുമാണ്. അവരോട് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുന്ന കേരളത്തിലെ അറിയപ്പെട്ട സംഘടനയാണ് കൊടിയത്തൂരിലെ അഞ്ചുമന്‍ ഇശാഅത്തെ ഇസ്‌ലാം. വിവിധ മത സംഘടനകളുടെ പിന്തുണയുള്ള അഞ്ചുമന്‍ ഇശാഅത്ത് മുഖേന നിരവധി അഹ്മദികള്‍ ഇസ്‌ലാമിലേക്ക് തിരിച്ചുവന്നിട്ടുമുണ്ട്.

എന്നാല്‍ അഹ്മദികളുടെ മൗലിക വിശ്വാസ പ്രകാരം മുഹമ്മദ് നബി അല്ലാഹുവിന്റെ അന്ത്യ ദൂതനല്ല. മുഹമ്മദ് നബിയെ അന്ത്യപ്രവാചകന്‍ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ അദ്ദേഹത്തെ അപമാനിക്കലാണെന്ന് അവര്‍ വാദിക്കുന്നു. മുഹമ്മദ് നബിക്ക് ശേഷം ക്രിസ്ത്വബ്ദം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇന്ത്യയിലെ പഞ്ചാബില്‍ പിറന്ന മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി അല്ലാഹു നിയോഗിച്ച പ്രവാചകനും വാഗ്ദത്ത മസീഹും മഹ്ദിയും ആണെന്ന് അവര്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ അംഗീകരിക്കാത്തവരും തളളിപ്പറയുന്നവരും ഇസ്‌ലാമിന് പുറത്താണെന്നും മോക്ഷത്തിന് അര്‍ഹരല്ലെന്നും ശക്തിയുക്തം വാദിക്കുകയും ചെയ്യുന്നു. ഇതാണ് അഹ്മദികളും മുസ്‌ലിംകളും തമ്മിലുള്ള ഭിന്നാഭിപ്രായത്തിന്റെ മര്‍മം. മുഹമ്മദ് നബിക്ക് ശേഷം ലോകാവസാനം വരെ ഒരു സത്യപ്രവാചകനും വരില്ലെന്നത് ഈമാനിന്റെ അവിഭാജ്യ ഘടകമാണ്. ആര്‍ പ്രവാചകനാണെന്ന് അവകാശപ്പെട്ടു വന്നാലും അയാള്‍ വ്യാജനായിരിക്കും. വാഗ്ദത്ത മസീഹ് എന്നൊരു പദവി ദീനില്‍ ഇല്ല; അന്ത്യനാളിന് മുമ്പായി പുനരാഗമിക്കുമെന്ന് കരുതപ്പെടുന്ന ഈസാ(അ) മുഹമ്മദ് നബിക്ക് മുമ്പേ പ്രവാചകനായി നിയോഗിക്കപ്പെട്ട ആളാണ്; ചില പ്രത്യേക ദൗത്യങ്ങള്‍ നിറവേറ്റാനാണ് അദ്ദേഹം വീണ്ടും ഭൂമിയിലേക്ക് നിയുക്തനാവുന്നത് എന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ദജ്ജാല്‍, യഅ്ജൂജ്-മഅ്ജൂജ് തുടങ്ങി ഹദീസുകളില്‍ അന്ത്യനാളിന്റെ അടയാളങ്ങളായി വിവരിക്കപ്പെട്ട കാര്യങ്ങളിലും അഹ്മദികളുടെ തലതിരിഞ്ഞ വ്യാഖ്യാനങ്ങളോട് യോജിക്കാന്‍ മുസ്‌ലിം ലോകത്തിന് സാധ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ അഹ്മദികളെ ഒരു വേറിട്ട മത സമുദായമായി അംഗീകരിക്കാന്‍ മുസ്‌ലിംകള്‍ തയാറാണ്. എന്നാല്‍ അവരാണ് യഥാര്‍ഥ മുസ്‌ലിംകള്‍ എന്നോ മുസ്‌ലിംകളില്‍ ഒരു വിഭാഗമാണ് അവരെന്നോ അംഗീകരിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാരോ രാജ്യങ്ങളോ ഭരണകൂടങ്ങളോ ജന സാമാന്യമോ തയാറല്ല. അഹ്മദികളാണെന്നറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും സുഊദി അറേബ്യ അവര്‍ക്ക് ഹജ്ജിന് അവസരം നല്‍കാറില്ല. ഐഡന്റിറ്റി മറച്ചുവെച്ചുകൊണ്ട് അവരില്‍ ചിലര്‍ ഹജ്ജില്‍ പങ്കെടുക്കാറുണ്ടാവാം. ട്രാവല്‍ ഏജന്‍സികള്‍ കച്ചവട സ്ഥാപനങ്ങളാണ്. മതപരമായ സൂക്ഷ്മത അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പാസ്‌പോര്‍ട്ടിലാകട്ടെ മതം രേഖപ്പെടുത്താറുമില്ല.

ഖാദിയാനി ഐഡന്റിറ്റി മറച്ചുവെച്ചുകൊണ്ട് മുസ്‌ലിം സ്ത്രീകളെ വിവാഹം ചെയ്യുന്നവരുടെ സ്ഥിതിയും ഇതുതന്നെ. ബോധപൂര്‍വം പെണ്‍മക്കളെ മുസ്‌ലിം രക്ഷിതാക്കള്‍ ഖാദിയാനികള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാറില്ല. വിവാഹശേഷം ഖാദിയാനിസം സ്വീകരിക്കുന്ന ചിലരുണ്ട്. അവരുമായുള്ള ദാമ്പത്യ ബന്ധം വേര്‍പ്പെടുത്തുന്ന രക്ഷിതാക്കളും ഭാര്യമാരുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ കോടതികള്‍ ഖാദിയാനികളെ മുസ്‌ലിംകളായി അംഗീകരിച്ചതുകൊണ്ട് ഭര്‍ത്താവ് ഖാദിയാനിസം സ്വീകരിച്ചു എന്ന കാരണത്താല്‍ മുസ്‌ലിം ഭാര്യക്ക് കോടതിയെ സമീപിച്ച് വിവാഹമോചനം നേടാനാവില്ല. മറുവശത്ത് ഖാദിയാനികള്‍ തങ്ങളുടെ പെണ്‍മക്കളെ മുസ്‌ലിംകള്‍ക്ക് വിവാഹം ചെയ്തുകൊടുക്കില്ല; മുസ്‌ലിംകളായ മാതാപിതാക്കള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിക്കുക പോലുമില്ല.

മീര്‍സാ സാഹിബ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അഹ്മദിയാ ജമാഅത്തില്‍, അദ്ദേഹം പ്രവാചകനോ കേവലം മസീഹും മഹ്ദിയുമോ എന്ന കാര്യത്തില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. 1908 മെയ് 26-നു അദ്ദേഹം മരണപ്പെട്ട ശേഷം ഗുലാം അഹ്മദ് നബിയാണെന്ന് വാദിച്ചവര്‍ ഹകീം നൂറുദ്ദീനെ പ്രഥമ ഖലീഫയും അമീറുല്‍ മുഅ്മിനീനും ആക്കി. 1914-ല്‍ അദ്ദേഹവും മരിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്. മീര്‍സാ ഗുലാം നബിയാണെന്ന് വാദിച്ചവര്‍ അയാളുടെ പുത്രന്‍ ബഷീറുദ്ദീന്‍ മഹ്മൂദ് അഹ്മദിനെ ഖലീഫയാക്കിയപ്പോള്‍, വാഗ്ദത്ത മസീഹും മഹ്ദിയും മാത്രമായി കണ്ടവര്‍ മൗലവി മുഹമ്മദലി ലാഹോരിയെ  നേതാവാക്കി. അതേ തുടര്‍ന്നാണ് അഹ്മദികള്‍ ഖാദിയാനികളും ലാഹോരികളുമായി പിളര്‍ന്നത്. ലാഹോരികള്‍ മീര്‍സാ ഗുലാമിനെ നബിയായി അംഗീകരിക്കുന്നില്ലെന്നത് ശരിയാണ്. പക്ഷേ, മുസ്‌ലിംകളുമായവര്‍ക്ക് കാതലായ ഭിന്നതകളുണ്ട്. കേരളത്തെ സംബന്ധിച്ചേടത്തോളം സംഘടിത ലാഹോരി വിഭാഗം നിലനില്‍ക്കുന്നില്ല. വ്യക്തികള്‍ അങ്ങനെ ചിന്തിക്കുന്നുണ്ടാവാം. അവരെ വെച്ച് മത പണ്ഡിതന്മാര്‍ക്കോ സംഘടനകള്‍ക്കോ ഒരഭിപ്രായം രൂപവത്കരിക്കുക പ്രായോഗികമല്ല. ശീഈ വംശജനായ ജിന്നാ സാഹിബ് നേതൃത്വം നല്‍കിയ മുസ്‌ലിം ലീഗ് തികച്ചും സെക്യുലര്‍ ആയിരുന്നത് കൊണ്ട് തന്റെ സഹ പ്രവര്‍ത്തകരുടെ വിശ്വാസം നോക്കി അകത്താക്കാനോ പുറത്താക്കാനോ അദ്ദേഹം തുനിഞ്ഞില്ല. ഖാദിയാനിസത്തെ ആഗോളതലത്തില്‍ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച സര്‍ മുഹമ്മദ് സഫറുല്ലാ ഖാന്‍ പാകിസ്താന്‍ നിലവില്‍ വന്നശേഷം ജിന്നാ സാഹിബിന്റെ അടുത്ത സഹായിയും ഭരണകൂടത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ച ദേഹവുമായിരുന്നു. 'സുന്നികളുടെ ചെലവില്‍ ശീഈകള്‍ സ്ഥാപിച്ച് ഖാദിയാനികളാല്‍ ഭരിക്കപ്പെടുന്ന രാജ്യം' എന്നൊരു അപഖ്യാതി തന്നെ പാകിസ്താനുണ്ടായിരുന്നിട്ടുണ്ട്. പഴയകാലത്ത് ചന്ദ്രികയില്‍ വി. അബ്ദുല്‍ ഖയ്യൂമിനെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നത് ജിന്നയുടെ പാരമ്പര്യത്തിലാവാം.

ഖാദിയാനിസം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്ന സത്യം ശക്തമായി അനാവരണം ചെയ്ത അല്ലാമാ ഇഖ്ബാല്‍ ഖാദിയാനിസത്തെ എതിര്‍ത്തില്ലെന്ന വാദം ശുദ്ധ അസംബന്ധമാണ്. ഖാദിയാനികള്‍ പോലും അതംഗീകരിച്ചുതരില്ല. ജവഹര്‍ലാല്‍ നെഹ്‌റുവുമായി ഖാദിയാനിസത്തെക്കുറിച്ച് ഇഖ്ബാല്‍ നടത്തിയ കത്തിടപാടുകള്‍ ഇതിന് വ്യക്തമായ സാക്ഷ്യം നല്‍കുന്നു. 'ഖാദിയാനിസം നെഹ്‌റു-ഇഖ്ബാല്‍ സംവാദം' എന്ന ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകം എല്ലാ സംശയങ്ങളും ദൂരീകരിക്കും. ഒരൊറ്റ ഖണ്ഡിക മാത്രം ഉദ്ധരിക്കട്ടെ: ''ഇസ്‌ലാം പൂര്‍വ മാഗിയാനിസത്തിന്റെ ഇരു പുത്തന്‍ രൂപങ്ങളില്‍ ബഹായിസം ഖാദിയാനിസത്തേക്കാള്‍ എത്രയോ മടങ്ങ് സത്യസന്ധമാണ്. കാരണം ഇസ്‌ലാമിനെതിരെ അതിന്റെ കടന്നുകയറ്റം ഒളിമറകള്‍ ഇല്ലാതെയായിരുന്നു. അതേസമയം ഖാദിയാനിസമാകട്ടെ, ഇസ്‌ലാമിന്റെ പരമ പ്രധാന സ്തംഭങ്ങള്‍ ബാഹ്യമായി നിലനിര്‍ത്തുകയും അതിന്റെ ചൈതന്യത്തിനും ആത്മാവിനും ആന്തരികമായി ഹാനി വരുത്തുകയും ചെയ്യുന്നു. പ്രതിയോഗികളെ ഭൂകമ്പങ്ങള്‍ കൊണ്ടും മഹാമാരികള്‍ കൊണ്ടും നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അസൂയാലുവായ ദൈവമെന്ന സങ്കല്‍പം, പ്രവാചകനെ സംബന്ധിച്ചു ജ്യോതിഷിയെന്ന വിഭാവനം, ഈശോ മിശിഹായുടെ ആത്മാവില്‍ അവതാരങ്ങളുണ്ടെന്ന വാദം തുടങ്ങിയവയെല്ലാം തനി ജൂദായിസം കലര്‍ന്ന വിശ്വാസങ്ങളാണ്. എത്രത്തോളമെന്നാല്‍ ആദ്യകാല ജൂദായിസത്തിലേക്കുള്ള മടങ്ങിപ്പോക്കെന്നു പോലും വ്യവഹരിക്കപ്പെടാവുന്നതാണ്'' (പേജ് 16,17). 

അഭിപ്രായ വ്യത്യാസങ്ങള്‍ എന്തുകൊണ്ട്?

ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് അല്ലാഹുതന്നെ വിശദീകരണം നല്‍കിയിട്ടുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു (75:19). പിന്നെ എന്തുകൊണ്ട് പ്രവാചകനില്‍ നിന്ന് നേരിട്ട് ഖുര്‍ആന്‍ പഠിച്ച സ്വഹാബികള്‍ക്കിടയില്‍ ഇത്രയധികം അഭിപ്രായ വ്യത്യാസമുണ്ടായി? പ്രവാചകനില്‍ നിന്ന് നേരിട്ട് ഖുര്‍ആന്‍ പഠിച്ച ആഇശ(റ), അലി(റ), ഇബ്‌നു അബ്ബാസ്(റ) തുടങ്ങിയവര്‍ പോലും ആയത്തുകളുടെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായക്കാരാകാന്‍ കാരണമെന്ത്?

അബ്ദുല്‍ ഖാദര്‍ കാഞ്ഞിരോട്

മനുഷ്യന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ പ്രഥമ സ്ഥാനത്ത് ബുദ്ധിയും ചിന്താ ശക്തിയുമാണ്. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചതുമാണ്. ബുദ്ധിയുള്ള മനുഷ്യര്‍ ചിന്തിക്കുമ്പോള്‍ ഒരേ വിധത്തിലും ഒരേ നേര്‍രേഖയിലൂടെയും ആവുക സ്വാഭാവികമല്ല. അതുകൊണ്ടുതന്നെ വിശ്വാസികള്‍ ഒരേ മാതിരി ചിന്തിക്കണമെന്ന് അല്ലാഹു നിര്‍ബന്ധിക്കുന്നുമില്ല. ബുദ്ധിയുടെ അളവിലും ചിന്താ രീതിയിലുമുള്ള വ്യക്തികള്‍ക്കിടയിലെ അന്തരം തീര്‍ച്ചയായും അവരുടെ അഭിപ്രായങ്ങളിലും പ്രതിഫലിക്കും. അതേയവസരത്തില്‍ ഒരേ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവരും ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നവരുമായ ആളുകള്‍ അടിസ്ഥാന കാര്യങ്ങളില്‍ ഏകാഭിപ്രായക്കാരായിരിക്കും. മൗലികമായ ഭിന്നതകള്‍ അവര്‍ക്കിടയിലുണ്ടാവില്ല.

തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ തത്ത്വങ്ങളാണ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍. ഇക്കാര്യങ്ങള്‍ നബി(സ)യുടെ ശിഷ്യന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നില്ല. ഇസ്‌ലാമിലെ പഞ്ച സ്തംഭങ്ങളുടെ കാര്യത്തിലും തഥൈവ. മഹാ പാപങ്ങള്‍, വന്‍ ദോഷങ്ങള്‍ എന്നീ വിഷയങ്ങളിലും അവര്‍ ഏകാഭിപ്രായം പുലര്‍ത്തി. ആകപ്പാടെ അനുഷ്ഠാനങ്ങളുടെ വിശദാംശങ്ങളിലും ഭിന്ന വീക്ഷണങ്ങള്‍ക്ക് വേണ്ടത്ര പഴുതുള്ള ഭൗതിക വ്യവഹാരങ്ങളിലും പരിമിതമായിരുന്നു സ്വഹാബികള്‍ക്കിടയിലെ ഭിന്നതകള്‍. അത് നിര്‍ഭയമായി പ്രകടിപ്പിച്ചതോടൊപ്പം അവര്‍ പരസ്പര ബഹുമാനവും, തെറ്റ് ബോധ്യപ്പെട്ട കാര്യങ്ങളില്‍ തിരുത്താനുള്ള സന്നദ്ധതയും പ്രകടമാക്കി. ഇജ്തിഹാദ് ഖുര്‍ആനും സുന്നത്തും ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായി അംഗീകരിച്ചപ്പോള്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ക്കുള്ള പഴുതും സാധ്യതകളും തുറന്നിടുകയായിരുന്നു. ബനൂഖുറൈളയിലേക്കുള്ള യാത്രാ മധ്യേ അസ്വ്ര്‍ നമസ്‌കാരത്തിന് സമയമായപ്പോള്‍ സ്വഹാബികളില്‍ ഒരു വിഭാഗം നമസ്‌കരിച്ചതും മറ്റേ വിഭാഗം നബി(സ)യുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തിലെടുത്ത് നമസ്‌കാരം ബനൂഖുറൈളയിലെത്തുവോളം വൈകിച്ചതും രണ്ടു കൂട്ടരുടെയും പ്രവൃത്തിയെ പ്രവാചകന്‍ അംഗീകരിച്ചതുമായ സംഭവം പ്രസിദ്ധമാണല്ലോ. ഭിന്നിപ്പ് മൂര്‍ഛിച്ച് പരസ്പരം ഏറ്റുമുട്ടലിലേക്ക് നയിക്കാനുള്ള സാധ്യത പോലും വിശുദ്ധ ഖുര്‍ആന്‍ നിരാകരിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ അനുരഞ്ജനമുണ്ടാക്കുകയാണ് മറ്റുള്ളവരുടെ ചുമതല എന്നോര്‍മിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ചുരുക്കത്തില്‍ ആത്മാര്‍ഥവും സത്യസന്ധവുമാണ് ഭിന്നാഭിപ്രായമെങ്കില്‍ അത് പ്രകടിപ്പിക്കാം; അതേയവസരത്തില്‍ അത് പരിഹരിക്കാന്‍ പരമാവധി ശ്രമിക്കണം, ഒരിക്കലും പിളര്‍പ്പിലേക്ക് നയിക്കാന്‍ അവസരം നല്‍കരുത് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍